Wednesday, September 19, 2012

രാത്രി

പേടിയായിരുന്നെനിക്ക് നിന്നെ പണ്ട്
നിന്നിലൊരു നിഴലിളകുന്നത് കണ്ടാല്‍
നിലവിളിച്ചോടിയെന്നമ്മതന്‍  മടിയില്‍
കണ്ണടച്ചൊളിക്കുമായിരുന്നു ഞാനന്ന്..

ഇന്ന് നിന്നിലൊരു നിഴലായി ഞാനും
ഒപ്പം തന്നെ ചരിക്കുന്നു നിര്‍ഭയം!!
ഒരു തിരിവെട്ടത്തെക്കാളേറെ നിന്നെ
ഞാന്‍ പുണരുന്നു പൂര്‍ണ്ണതയ്ക്കായി

Wednesday, September 5, 2012

ഒരു നൊമ്പരം...

കുഞ്ഞേ, ഓര്‍മ്മകള്‍ക്കപ്പുറമുള്ള ഒരു ജന്മത്തില്‍ നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ആ പാല്‍പുഞ്ചിരി ഇന്നും ഞാന്‍ തേടാറുണ്ട്... നിന്‍റെ നിഷ്കളങ്കമായ ആ വലിയ കണ്ണുകളില്‍ നിന്‍റെ അമ്മദൈവത്തിന്‍റെ സ്നേഹസാന്നിധ്യം ഞാനറിയാറുണ്ട്‌... താലോലിക്കാന്‍ എന്തേ ഞാനന്ന് മറന്നൂ..? പിഞ്ചുകാലുകള്‍ വച്ച് നീയൊരിക്കല്‍ പിച്ച നടന്ന ആ പൂഴിപ്പരപ്പില്‍ ഞാനിന്നൊറ്റയ്ക്ക് നടന്നു വെറുതെ, കൂട്ടായി നിന്‍റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു ഇന്ന്.   മൃദുവായ കൈവിരല്‍ തുമ്പുകള്‍ കൊണ്ടെന്‍റെ വിരലുകളില്‍ നീ സ്പര്‍ശിക്കുമ്പോള്‍ ഞാനന്നറിഞ്ഞ നിര്‍വൃതി ഇന്നെനിക്കന്ന്യം... ഓര്‍ക്കാറുണ്ട് ചിലപ്പോഴൊക്കെ നിന്നെ, മറ്റു പല ഓര്‍മ്മകളും ഏറെ നോവിക്കുമ്പോള്‍ കവിളു കാണിച്ച് അവിടെ നിന്‍റെ സ്നേഹം വാങ്ങിയ നിമിഷങ്ങളെ മനസ്സില്‍ താലോലിക്കും... ആരുമായിരുന്നില്ല നീയെനിക്ക് എന്നിട്ടും എന്‍റെ മനസ്സില്‍ ഇന്നും നീയെനിക്ക് ആരൊക്കെയോ....  നിസ്സഹായതയുടെ ഒക്കത്തിരുന്നു കുസൃതി കാട്ടി ചിരിക്കാറുള്ള നിന്‍റെ ശൈശവം ഇന്ന് ബാല്യമായി വിടരുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആകുലതയാണ് കുഞ്ഞേ.. ഒന്നുമറിയാത്ത ഈ ശൈശവവും ബാല്യവും കഴിഞ്ഞ് തിരിച്ചറിവ് നേടുന്ന പ്രായത്തിലേക്കുള്ള നിന്‍റെ പ്രയാണത്തില്‍ ഭയമാണെനിക്ക്.. ദുഃഖങ്ങള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ അടച്ചു വച്ച് മുഖത്ത് ചിരിയുടെ മാറാല പൊതിഞ്ഞ നിന്‍റെ അമ്മ, എന്‍റെ പ്രിയ കൂട്ടുകാരീ നിന്നോട് ഞാനെന്ത് പറയണം.. നിന്‍റെ മനസ്സുറപ്പിനു മുന്നില്‍ പലപ്പോഴും ഞാന്‍ ശൂന്യനായി പോയിട്ടുണ്ട്... "ഓര്‍മ്മകള്‍ നിന്നെ നോവിക്കുന്നില്ലേ സുഹൃത്തെ?" എന്ന് ചോദിക്കുമ്പോള്‍ ഒരു പുഞ്ചിരി തന്നു ഉണ്ടെന്നു തലകുലുക്കുമ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ പ്രതീക്ഷിച്ചു.. നിരാശയായിരുന്നു ഫലം.. "ആ നൊമ്പരങ്ങള്‍ പോലും കണ്ണുനീരായി ഒഴുക്കി കളയാന്‍ തയ്യാറല്ല" എന്ന് നീ പറയുമ്പോള്‍ ഞാനറിയുന്നു നീയേറെ വിലമതിക്കുന്ന നിന്‍റെ സ്നേഹത്തെ... ഒരു തുള്ളി കണ്ണുനീര്‍ കൊണ്ട് പോലും പ്രിയപ്പെട്ടവന്‍റെ ആത്മശാന്തി കളയാന്‍ ആഗ്രഹിക്കാത്ത നിന്നോട് എനിക്ക് തോന്നുന്ന വികാരത്തെ എങ്ങിനെ വര്‍ണ്ണിക്കണമെന്നെനിക്കറിയില്ല.. ഏത് മുജ്ജന്മ പാപത്തിന്‍റെ പേരിലായാലും, അല്ലെങ്കില്‍ ജീവിത പരീക്ഷണങ്ങളുടെ പേരിലായാലും നിനക്കീ വിധി തന്ന ദൈവങ്ങളെ എങ്ങിനെ ഞാന്‍ നമിക്കും..? എന്തിനും ഏതിനും നീ വിളിക്കാറുള്ള ആ ദൈവമല്ലേ ആരതിയും അനുഗ്രഹവുമില്ലാത്ത ഒരു വിവാഹം നിനക്ക് സമ്മാനിച്ചത്.. അതേ ദൈവം തന്നല്ലേ ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളില്‍ നിന്‍റെ നിറുകയില്‍ സിന്ദൂരമണിഞ്ഞവനെ നിന്നില്‍ നിന്നും തട്ടിയെടുത്ത് നിന്നെ എകയാക്കിയത്... ഒന്ന് നല്‍കി മറ്റൊന്ന് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ചതുരംഗക്കളിയില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന നിന്നെ കണ്ട്, നിന്‍റെ പരാജയത്തില്‍ ഗര്‍വ്വം കൊണ്ട്  ആ ദൈവങ്ങള്‍ നിന്നെ പരിഹസിച്ചതാണോ...? ഇന്നീ ലോകത്തില്‍ നിനക്ക് സ്വന്തമായതിനെ നീ പരിപാലിക്കുമ്പോള്‍ പേടിയാണെനിക്ക്, അവനവിടിരുന്നു അടുത്ത കരുനീക്കം നടത്തുകയാവാം....
നിന്‍റെതായ  ഒരു ലോകം തീര്‍ക്കാന്‍ പോയ നീ ഇന്നെവിടെയെന്നെനിക്കറിയില്ല, എങ്കിലും നിന്‍റെ മനസ്സ് നുറുങ്ങാതിരിക്കാന്‍, ഇനിയെങ്കിലും നിന്‍റെ പുഞ്ചിരിയില്‍ കണ്ണീരിന്‍റെ മറയില്ലാതിരിക്കാന്‍ ഞാനാരോട് പ്രാര്‍ഥിക്കണം...?? നീ പറയൂ.. ദൈവങ്ങളോടോ അല്ല ചെകുത്താന്‍മാരോടോ..??
ഈ ലോകത്തിന്‍റെ ഏത് കോണിലായാലും എന്‍റെ കുഞ്ഞേ നിന്‍റെ നാളെകളില്‍ എന്നെങ്കിലും ഒരിക്കലെങ്കില്‍ പോലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ നീ നിന്‍റെ അമ്മയെ നോവിക്കല്ലേ... വിധിയെ ഇനിയും ജയിക്കാനനുവദിക്കല്ലേ....