Monday, October 29, 2012

നിലാവും നീയും...

അകതാരില്‍ നിറയാന്‍ അനുവാദം വേണ്ട....  സ്നേഹിക്കാന്‍ സ്നേഹിക്കപ്പെടാന്‍, കൂടിച്ചേരാന്‍.. പങ്കുവയ്ക്കാന്‍ ഒന്നും അനുവാദം വേണ്ട.. എല്ലാം കഴിഞ്ഞ് മനസ്സിനെ നോവിച്ച് അകലാനും നീ പറഞ്ഞ അനുവാദം വേണ്ട...

ആരെയോര്‍ത്ത് നീ തേങ്ങുന്നുവോ... അവരൊരിക്കലും നിന്‍റെ കണ്ണുനീര്‍ ആഗ്രഹിക്കാത്തവരാകട്ടെ... ആരോടൊത്ത് നീ സന്തോഷിക്കുന്നുവോ.. അവരെപ്പോഴും നിന്‍റെ സന്തോഷത്തിനായി സ്വന്തം വേദനകളെ മറക്കട്ടെ...

പറയാന്‍ മറന്നതില്‍ പലതും ഇന്നും ഓര്‍മ്മകളില്‍, പറയാനാവാതെ.. അകലുമ്പോഴും നിന്‍റെ മിഴിക്കോണില്‍ പടരുന്ന നനവൊപ്പാന്‍ കഴിയാതെ പോയല്ലോ എന്ന വേദന മാത്രമായിരുന്നു... വിരഹത്തിലെരിയുമ്പോഴും വിതുമ്പുന്ന ചുണ്ടുകള്‍ക്കും, പിടക്കുന്ന മനസ്സിനും ആശ്വാസം നല്‍കാന്‍, ഒരാശ്ലേഷം നല്‍കാന്‍ കഴിയില്ലല്ലോ എന്ന ദുഃഖവും...

ഇന്ന് നീ ചിരിക്കുമ്പോള്‍, ആ ചിരിയില്‍ അഭിനയമില്ലെന്ന്  വിശ്വസിക്കാനിഷ്ടപ്പെടുമ്പോള്‍, എനിക്ക് ദുഃഖങ്ങളില്ല തന്നെ...

ദൂരെ മയങ്ങുന്ന നിലാവിനെ കണ്ടോ നീ... എത്ര ശാന്തം, സൗമ്യം.. ദീപ്തം.. നിന്‍റെ ചിരി പോല്‍, മനം പോല്‍...

ഇന്ന് രാവില്‍ ആ നിലാവ് നിന്നോട് പറയും... നിന്നില്‍ പ്രിയമുള്ള ആരോ ഇന്നേറെ സന്തോഷിക്കുന്നു, നിന്‍റെ ചിരിയില്‍.. സന്തോഷത്തില്‍......
ഇനിയും നീ ചിരിക്കുക.. നിറുത്താതെ.. നിന്‍റെ പുഞ്ചിരിയില്‍ എനിക്ക്, ഇരുളില്‍ ഞാന്‍ നല്‍കുന്ന തണുത്ത വെളിച്ചത്തിന് ഏറെ ഭംഗിയുണ്ട്.. അത് കൊണ്ട് മേഘങ്ങളൊഴിഞ്ഞ തെളിവാനം പോലെ നീ നിന്‍റെ മനസ്സ് നിര്‍മലമാക്കുക... എന്നൊടൊത്ത്‌ ചിരിക്കുക....



Sunday, October 28, 2012

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു
സോപാന സംഗീതം പോലെ   (2)
കന്നിത്തെളിമഴ പെയ്ത നേരം
എന്‍റെ മുന്നില്‍ നീയാകെ കുതിര്‍ന്നു നിന്നൂ
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്ത്‌ സുഗന്ധം......
എന്നാത്മാവിന്‍ നഷ്ടസുഗന്ധം.....(2)

പൂവിനെ തൊട്ടു തഴുകിയുണര്‍ത്തുന്ന
സൂര്യകിരണമായ്‌ വന്നു      (2)
വേനലില്‍ വേവുന്ന മണ്ണിനു
ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ച് കുളിച്ചു കേറും
തിരുവാതിരപ്പെണ്‍ കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...........
എന്നാത്മാവിന്‍ നഷ്ടസുഗന്ധം.......(2)

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തു-
നിന്നൊരാ പ്രേമസ്വരൂപനോ വന്നു   (2)
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ
മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞൂ
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍
ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...
                                                                                   (പൂമകള്‍)


കടപ്പാട്:
*******************************************************************
ചിത്രം: കാറ്റ് വന്ന് വിളിച്ചപ്പോള്‍
പാടിയത്: എം. ജി. ശ്രീകുമാര്‍
സംഗീതം: എം. ജി. രാധാകൃഷ്ണന്‍
രചന: ഒ. എന്‍. വി. കുറുപ്പ്.
*******************************************************************
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ
സൗന്ദര്യ തീര്‍ത്ഥ കടവില്‍                  (2)
നഷ്ട സ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ.... നാം വന്നൂ

ഒന്ന് പിണങ്ങിയിണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും    (2)
പൂംപുലര്‍ക്കണി പോലെയേതോ
പേരറിയാ പൂക്കള്‍....
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം....  (2)
                                                            (പൊന്നുഷസ്സെന്നും)

തീരത്തടിയും ശംഖില്‍ നിന്‍
പേര് കോറി വരച്ചൂ ഞാന്‍       (2)
ശംഖു കോര്‍ത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം    (2)
                                                                (പൊന്നുഷസ്സെന്നും)


 കടപ്പാട്:
*******************************************************************
ചിത്രം:  മേഘമല്‍ഹാര്‍
പാടിയത്:  പി. ജയചന്ദ്രന്‍, കെ. എസ്സ്. ചിത്ര
രചന: ഒ. എന്‍. വി. കുറുപ്പ്.
സംഗീതം: രമേഷ് നാരായണന്‍
*******************************************************************

Friday, October 26, 2012

ടൈറ്റില്‍ മറന്നുപോയി!!

എവിടെ നിന്നോ വന്നു നീ എങ്ങോ പോയി നീ.. മനസ്സിലൊരു മഴ ചൊരിഞ്ഞു,  ഒഴുകും പുഴയായി ഞാന്‍... അലസമായിന്നൊഴുകുമ്പോഴും നിന്‍റെ ശൂന്യതയറിയുന്നു.. എങ്കിലും ഞാനൊഴുകും, ഒഴുകാതിരിക്കാന്‍ വയ്യ..കാരണം എന്‍റെ വീഥികളില്‍ എവിടെയെങ്കിലും എനിക്ക് നിന്‍റെ നിഴല്‍ കാണാന്‍ കഴിയും.. കാലം മായ്ക്കാത്ത മുറിവുകള്‍ ഉണങ്ങാതെ എന്നാല്‍ വൃണമാകാതെ ഇന്നും.. പെയ്തൊഴിയും മഴയുടെ ശബ്ദത്തില്‍ ഇന്നും നിന്നോര്‍മ്മകള്‍ തുള്ളികളായി ചിന്നുന്നു, ചിതറുന്നു.. മഴയുണ്ടോ അവിടെ...? ഇവിടെ പെയ്ത് തോരുന്നു.. ഓരോ മഴയും നിന്നെ ഓര്‍ക്കാനായി മാത്രം പെയ്യുന്നു..

തനിയാവര്‍ത്തനം...


പ്രിയപ്പെട്ടവരേ, ആദ്യമേ പറയട്ടെ, ഒരു പണിയുമില്ല, സമയം ആവശ്യത്തില്‍ കൂടുതലുണ്ട്, എന്ത് വായിച്ചാലും മുഷിയില്ല എന്ന് ഉറപ്പുള്ളവര്‍ മാത്രം അങ്ങോട്ട്‌ വായിച്ചാ മതി.. കാരണം ഇതില്‍ പുതുതായി ഒന്നുമുണ്ടാകില്ല.. ഒറ്റയ്ക്കൊറ്റയ്ക്കോ, അല്ലെങ്കില്‍ കൂട്ടായോ എന്നും നിങ്ങള്‍ കേട്ടിട്ടുണ്ടാകുന്ന ചില നിമിഷങ്ങള്‍.. പിന്നെ എഴുത്തില്‍ (എന്‍റെ വിഷയമേയല്ല) എന്‍റെ പൊട്ടത്തരങ്ങള്‍...അത് കൊണ്ട് വായിക്കുന്നതിനു മുന്‍പേ ആലോചിക്കണം.. വായിച്ചതിനു ശേഷം ഇവനെ എന്താ വേണ്ടത്... തല്ലണോ... കൊല്ലണോ.. വെട്ടി നുറുക്കണോ.... എന്നൊന്നും ചിന്തിച്ചിട്ട് കാര്യമില്ല.. ഇവനൊന്നും വേറെ പണിയൊന്നുമില്ലേ വെറുതെ കുത്തിക്കുറിച്ചിടാന്‍ എന്ന് ചിന്തിക്കുന്നവരോട്.. ഉം... ശരിയാ കുറച്ചു നേരമായിട്ട്‌ വേറൊരു പണിയും ഉണ്ടായിരുന്നില്ല... ഉള്ള ഒരു പണി ഭംഗിയായി മുഴുവനാക്കി, അടുത്തതിനു മുന്‍പേയുള്ള ഒരു ചെറിയ ഇടവേള.. ആ ഇടവേളയില്‍ പുറത്തൊന്നും പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ട് സിസ്റ്റത്തിനു മുന്നില്‍.. അപ്പോള്‍ ചലിച്ചു തുടങ്ങിയ വിരലുകള്‍ എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടു....(എന്‍റെ കുറ്റമല്ല, വിരലുകളുടേത്) എല്ലാം എഴുതിക്കഴിഞ്ഞപ്പോഴാണ് ഇതിലൊന്നുമില്ലെന്നു എനിക്കും തോന്നുന്നത്.. അത് കൊണ്ട് ഇങ്ങനൊരു ആമുഖം കൂടി വേണമെന്ന് തോന്നി... (ആത്മഹത്യ, കൊലപാതകം രണ്ടും കുറ്റമാണ്, ഇത് വായിച്ചിട്ട് ആരും, എന്തിനിത് വായിച്ചു എന്നോര്‍ത്ത് ആത്മഹത്യ ചെയ്യരുത്, ഇനി ഇതെഴുതിയവനെ കൊന്നിട്ട് തന്നെ ബാക്കി കാര്യം എന്ന് ചിന്തിക്കയുമരുത്...)

2012 ഒക്ടോബര്‍ 24:  

 ശ്യാം... നീയെവിടെയാ... കോഴിക്കോട് തന്നെയാ..? എപ്പോഴാ ഇങ്ങോട്ടേക്ക്...? ഞാനിന്നു വീട്ടിലുണ്ട്... പനി.. രണ്ടുമൂന്നു ദിവസമായി.. അത് കൊണ്ട് ഇങ്ങോട്ടേക്ക് പോന്നു... നീയെന്താ വരാന്നു പറഞ്ഞിട്ട് അങ്ങോട്ടേക്ക് വരാഞ്ഞേ...? ഈയാഴ്ച വരും അടുത്ത ആഴ്ച വരും എന്ന് കരുതി എത്ര നാളായി ഞങ്ങള്‍ കാത്തിരിക്കുന്നു.. നിനക്കിപ്പഴും തിരക്ക് തന്നെയാല്ലേ.. ഞങ്ങളങ്ങോട്ടു താമസം മാറിയിട്ട് എത്രയായി.. നിനക്കൊന്നു വന്നാലെന്താ.. നീയിപ്പോഴും പഴയതെല്ലാം മനസ്സിലിട്ട് എന്നെ ഒഴിവാക്കുകയാ അല്ലെ..?

ദേവീ എന്നെ ഒന്ന് പറയാന്‍ സമ്മതിക്കെന്നു.. കോഴിക്കോട് തന്നെയാ ഉള്ളത്, ജോലി ഇനിയും കഴിഞ്ഞില്ല.. അതാ വരാഞ്ഞെ. നിന്നോട് വരാമെന്ന് പറഞ്ഞിരുന്നു, പക്ഷെ  നിനക്കറീല്ലേ ഞാനെങ്ങും പോകാറില്ലെന്നു... അപ്പോള്‍ പിന്നെ എങ്ങനെ നിന്റടുത്ത് വരും.. നിന്നെ ഞാനെന്തിനാ ദേവി ഒഴിവാക്കുന്നത്.. എല്ലാം നമ്മളെടുത്ത തീരുമാനങ്ങള്‍ തന്നെയായിരുന്നില്ലേ..

എല്ലാരെപ്പോലെയാണോ നിനക്ക് ഞങ്ങള്‍... എന്തിനാ ശ്യാം, എനിക്കും നിനക്കും നമ്മുടെ ബന്ധങ്ങളെക്കാള്‍ വലുത് നമ്മുടെ സൗഹൃദം തന്നെയായിരുന്നില്ലേ.. എപ്പോഴും എന്തെങ്കിലും ആവശ്യങ്ങള്‍ വരുമ്പോള്‍, ദുഃഖങ്ങളോ സന്തോഷങ്ങളോ ഉണ്ടാകുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ പരസ്പരമല്ലേ ആദ്യം പങ്കുവയ്ക്കുന്നത്.. എന്നിട്ടും നീ വരാത്തത് കണ്ടതോണ്ട് ചോദിച്ചതാ, എനിക്ക് നന്നേ വിഷമമായി...

അല്ലെടാ, ഞാന്‍ വരാം തീര്‍ച്ചയായും, എപ്പോഴെന്നു ചോദിക്കല്ലേ... ഒരിക്കല്‍.. അല്ലാ പനി കുറവുണ്ടോ..?

കുറച്ച്, അവിടെ തണുപ്പ് കൂടുതലാ, അത് പിടിക്കില്ല.. എന്‍റെ പനി മാറുമ്പോള്‍ ഹരിയേട്ടനും വരും, ഹരിയേട്ടന് പണ്ടൊന്നും വരാറില്ലായിരുന്നു.. ഇപ്പൊ എനിക്ക് വന്നു കഴിഞ്ഞാല്‍ പിന്നെ ഏട്ടനും.. അത് കൊണ്ട് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ലീവ് ആയിരിക്കും ഓഫീസില്‍.. പാവം, പിടിപ്പത് പണിയുണ്ടായിട്ടും നാട്ടില്‍ വരാന്‍ എനിക്ക് വേണ്ടി പിന്നെയും ലീവ് എടുക്കും..

അല്ലാ ഇപ്പോഴും പഴേ പോലെ തന്നെയാ അല്ലെ... നിനക്കൊരു മാറ്റവുമില്ലല്ലോ... വെറുതെയല്ല പനി.. മര്യാദയ്ക്ക് ഭക്ഷണം കഴിക്കണം, ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമല്ല, രോഗങ്ങളെ പ്രതിരോധിക്കാനും കൂടി വേണ്ട ആഹാരം കഴിക്കണം...

ഇനി നീ കൂടിയേ ഉള്ളൂ, ദേ ഇപ്പൊ മരുന്ന് തരുമ്പോള്‍ അമ്മ ഇത് തന്നെ പറഞ്ഞതേയുള്ളൂ.. ഞാനെന്ത് ചെയ്യാനാ.. അത്രേ വേണ്ടൂ, പിന്നെയും കഴിച്ചാല്‍ കഴിച്ചത് കൂടി ഇങ്ങോട്ട് പോരും...

ഞാന്‍ പറഞ്ഞെന്നേയുള്ളൂ..  നീ ദേഷ്യപ്പെടേണ്ട.. പണ്ടത്തെപോലെയല്ല ഇപ്പോള്‍, നിനക്കറിയാലോ..

ഉം.. ഇപ്പൊ കഴിക്കുന്നുണ്ടെടാ, പക്ഷെ ഒന്ന് നന്നായി വരുമ്പോഴേക്കും അപ്പോള്‍ വരും ഒരു പനി, തീര്‍ന്നു അതുവരെ നന്നായത് മുഴുവന്‍ പോയിക്കിട്ടും..

ഹരിയെവിടെ.. അവിടെയുണ്ടോ...

ഇല്ല എന്നെ ഇവിടെ കൊണ്ടാക്കിയിട്ട്‌ തിരിച്ചു പോയി, ഞാനും കൂടി അവിടേക്ക് പോയതില്‍ പിന്നെ ഏട്ടന് ലീവ് എടുക്കാനേ നേരംള്ളൂ.. എന്നാലും ദേഷ്യം വരില്ല.. പാവമാ..

ഹരിയോട് ചോദിച്ചതായി പറയണം.. അമ്മയോടും അച്ഛനോടുമെല്ലാം അന്വേഷണം പറ, അമ്മയെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു..

ഞാന്‍ പറയാം.. പിന്നെ ദേ നീ വന്നേക്കണം.. ഇപ്പൊ വേണ്ടിനി, ഞാന്‍ അങ്ങോട്ട്‌ പോയതിനു ശേഷം വന്നാല്‍ മതി... വരുന്നതിനു മുന്നേ വിളിക്കണേ, പനിയാണെങ്കില്‍ ഞാനിവിടെ തന്നെയാ ഉണ്ടാവുക..

ഞാന്‍ വരാം, നീ ഫോണ്‍ വയ്ക്ക്, ടേക്ക് കെയര്‍

സീ യൂ, ബൈ ബൈ..

ദേവിയുടെ കാള്‍ വന്നാല്‍ പിന്നെ ശ്യാമിന് മനസ്സ് നിയന്ത്രണം വിടും, ചിന്തകള്‍, ഓര്‍മ്മകള്‍ എല്ലാം കാലത്തിനു പിന്നിലേക്ക് കൊണ്ടുപോകും.. കാള്‍ കഴിയുന്നത് വരെ വാക്കുകള്‍ പതറാതിരിക്കാന്‍ പാടുപെടുകയാവും മിക്കവാറും.. അത് കൊണ്ട് തന്നെ അങ്ങോട്ടേക്കുള്ള വിളികള്‍ കുറവാണ്.. ആ കുറവും അവളുടെ പരാതികളായിരുന്നു ആദ്യമാദ്യം.. പിന്നെ അവള്‍ക്ക് മനസ്സിലായി അത്യാവശ്യമില്ലാതെ ഇനി വിളിക്കില്ലെന്നു..

ശ്യാം വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പോയി, ദേവിയെ ആദ്യം കണ്ട നാള്‍, ഓര്‍മ്മയില്‍ കൃത്യമായൊരു തിയ്യതി കുറിച്ചു വച്ചിട്ടില്ല.. വീട്ടില്‍ നിന്നകന്നു നിന്ന ബാല്യത്തിന്‍റെ അവധി ദിനങ്ങളില്‍ എപ്പോഴൊക്കെയോ സ്വന്തം വീട്ടിലെത്തുന്ന നാളുകള്‍.. ആ ദിനങ്ങളിലെപ്പോഴോ കാണാറുണ്ടായിരുന്നു.. പിന്നെ പിന്നെ എല്ലാ ആഴ്ചയും എല്ലാവരും  കാണാന്‍ അവിടേക്ക് വന്നു പോകാറുള്ളത് കൊണ്ട് ദൂരങ്ങളില്‍ തന്നെ..  അന്നേ ഏകാന്തത ഇഷ്ടമായത് കൊണ്ട് ദേവിയെയോ അല്ലെങ്കില്‍ മറ്റാരെയെങ്കിലുമോ കുറിച്ചു ഓര്‍ക്കേണ്ട കാര്യമില്ലായിരുന്നു..വീട്ടില്‍ നിന്നകന്ന്, പ്രിയപ്പെട്ടവര്‍ വിരുന്നുകാരായി മാത്രം എത്തുന്ന ലോകത്തില്‍, തനിച്ചാക്കപെട്ട മൗനത്തിന്റെയും ഏകാന്തതയുടെയും കൂട്ടില്‍... ജീവിതത്തിലെ ആദ്യത്തെ പതിനേഴ് വര്‍ഷങ്ങള്‍.. ശൈശവം, ബാല്യം, കൗമാരം എല്ലാം കറുത്ത ഏടുകളായിരുന്നു... മൗനം, ഏകാന്തത, അപകര്‍ഷത, അവഗണിക്കപ്പെടല്‍ പതിനേഴ് വര്‍ഷത്തെ ഇവയോടുള്ള കൂട്ട് ഉപേക്ഷിക്കാനാവുമോ.. ജീവിതത്തില്‍ ആവശ്യമുള്ളത് പലതും കിട്ടേണ്ട സമയത്ത് കിട്ടാതെ പിന്നെപ്പോഴൊക്കെയോ കിട്ടിയത് കൊണ്ട് ഒരു കാര്യവുമില്ലെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നെ...

പലതിനോടും ദേഷ്യം തോന്നിയ നാളുകള്‍, തന്‍റെ ലോകത്ത് കുറെയേറെ പേര്‍ കടന്നു വന്നിരിക്കുന്നു... പ്രിയപ്പെട്ടവരാണെങ്കിലും തന്‍റെ ഇഷ്ടങ്ങളറിയാത്ത, ശീലങ്ങളറിയാത്ത, തന്നെയറിയാത്ത അവരുടെ  ആ കടന്നു കയറ്റം തനിക്ക് ആലോസരമായിരുന്നു... അതിന്‍റെ പേരില്‍ പലപ്പോഴും വഴക്കുകള്‍, വേദനിപ്പിക്കലുകള്‍.. ജീവിതം ഒന്നുമല്ലെന്ന തോന്നലില്‍ കുറെ നാളുകള്‍..

ഇതിനിടയില്‍ ഒരാശ്വാസം ദേവിയായിരുന്നു.. അതുവരെ കണ്ടിരുന്നവരില്‍ നിന്നും ഒരു വ്യത്യാസവും കാഴ്ചയില്‍ അവള്‍ക്കില്ലായിരുന്നു.. പക്ഷെ മനസ്സ് കൊണ്ട് അവള്‍ അവരില്‍ നിന്നെല്ലാം ഒരുപാട് ദൂരത്ത്, തന്‍റെ ചാരത്ത്, ആയിരുന്നു.. പ്രിയപ്പെട്ടവരെന്നു കരുതിയവരെയെല്ലാം മറികടന്നു എത്ര പെട്ടെന്നാണ് തന്‍റെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍ എല്ലാം അവള്‍ മനസ്സിലാക്കിയത്!

കോളേജില്‍ പോക്ക് ഒരുമിച്ചായിരുന്നു, രണ്ടിടത്താണെങ്കിലും അരമണിക്കൂറോളമുള്ള നടത്തത്തില്‍ ഒരുമിച്ച്, പരസ്പരം പലതും പറഞ്ഞ്, മനസ്സ് തുറന്നു ചിരിച്ച നിമിഷങ്ങള്‍.. എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ദേവി ഒരു തുളസിക്കതിര്‍ നുള്ളി കയ്യില്‍ വയ്ക്കും, പാതി വഴിയെത്തുമ്പോള്‍ തന്‍റെ കയ്യില്‍ തന്നു മുടിയിഴയില്‍ വയ്ക്കാന്‍ പറയും.. പോകുന്ന വഴിയില്‍ ചിലപ്പോള്‍ അടുത്തുള്ള അമ്പലത്തില്‍ കയറും, തന്നെയും നിര്‍ബന്ധിക്കും.. ഇല്ലെന്നു കണ്ടാല്‍ പുസ്തകം തന്‍റെ കയ്യില്‍ തന്നു ഒറ്റയ്ക്ക് പോകും.  ശ്രീകോവിലില്‍ നിന്നും പ്രസാദം വാങ്ങി മടങ്ങി വരുമ്പോള്‍ വെറുതെ അവളുടെ കണ്ണുകളിലേക്ക് നോക്കി വിളിക്കും ദേവീ.., പോ അവിടുന്ന്, കളിയാക്കാതെ ഈ ചന്ദനം തൊട്ടുതാ.. അവളുടെ നെറ്റിയില്‍ തണുത്ത തൊടുകുറി ചാര്‍ത്തുമ്പോള്‍ ചോദിക്കും എപ്പോഴാ ഈ വിരലുകള്‍ കൊണ്ടൊരു സിന്ദൂരം എനിക്ക് അണിഞ്ഞു തരിക....

മൂന്നു വര്‍ഷങ്ങള്‍ നിമിഷങ്ങള്‍ പോലെ കടന്നു പോയി.. പരസ്പരം കാണാതെ ഒരു ദിവസം പോയിട്ട് ഒരു നിമിഷം പോലും നില്‍ക്കാന്‍ കഴിയാത്ത നാളുകള്‍... ഒരുമിച്ചുള്ള പഠിത്തം എന്ന് പറഞ്ഞ് പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി മണിക്കൂറുകളെ നിമിഷങ്ങളാക്കിയ ദിനങ്ങള്‍... എല്ലാം എത്ര പെട്ടെന്നാണ് കഴിഞ്ഞത്!

മനസ്സില്ലാമനസ്സോടെ ഉന്നത പഠനത്തിനായി ശ്യാം ബാംഗ്ലൂരിലേക്ക് പോകാന്‍ തീരുമാനിച്ചു.. പോകുന്ന ദിവസം രാവിലെ ദേവിയോടൊപ്പം അമ്പലത്തിലേക്ക് പോയി.. ദേവി ഏറെ നേരം പ്രാര്‍ത്ഥിച്ചു, ശ്രീകോവിലിനു മുന്നില്‍ വച്ച് ചന്ദനം അവളുടെ നെറ്റിയില്‍ തൊടുമ്പോള്‍ ബാഗില്‍ നിന്നും ഒരു കുങ്കുമച്ചെപ്പ് എടുത്ത് തുറന്നിട്ട്‌ പറഞ്ഞു ഇതിലൊരുനുള്ള് എന്‍റെ നിറുകയില്‍ ചാര്‍ത്തൂ.. ശരിയോ തെറ്റോ എന്നറിയാതെ ആ നെറ്റിയില്‍ ചാര്‍ത്തിയ സിന്ദൂരത്തിന്‍റെ ചുവപ്പ് ഇന്നും ശ്യാമിന്‍റെ ഹൃദയത്തില്‍.. അന്നാ ചുവപ്പിനു നൂറില്‍ നൂറ് മാര്‍ക്കും നേടിയ ശരിയുടെ നിറമായിരുന്നു. അന്നത്തെ ഊണ് ഒരു വിളിപ്പാടകലെയുള്ള അവളുടെ വീട്ടില്‍ വച്ച്, അവള്‍ വിളമ്പി, അവള്‍ ഊട്ടി, അവളെ ഊട്ടിയ ആദ്യത്തെ, അവസാനത്തെയും, ദിനം...


അന്നത്തെ ശരികള്‍ പിന്നീട് തെറ്റുകളായി മാറ്റി കാലം ശ്യാമിനെ നോക്കി പല്ലിളിച്ചു കാട്ടി.. ബാംഗ്ലൂരില്‍ വീണ്ടും ഒറ്റപ്പെടലിന്‍റെ നാളുകള്‍.. ഇടയ്ക്കെപ്പോഴെങ്കിലും വീട്ടില്‍ നിന്നെത്തുന്ന വിളികള്‍, നനായിരിക്കുന്നോ? നന്നായിരിക്കുന്നു.. പതിവ് ചോദ്യങ്ങള്‍ ഉത്തരങ്ങള്‍.. ദേവിയുടെ വിളികള്‍ മാത്രമായിരുന്നു എന്നത്തെപോലെ അന്നും ആശ്വാസം.. അവള്‍ക്കൊരിക്കലും ചോദ്യങ്ങളില്ല ഉത്തരങ്ങള്‍ മാത്രം.. വിഷമിക്കരുത്, മറ്റൊന്നും ചിന്തിക്കരുത്, ഞാനുണ്ട് എന്നും എന്നൊക്കെ അവള്‍ പറയുമ്പോള്‍ ജീവിതത്തിന് എന്തൊക്കെയോ ലക്ഷ്യങ്ങളുണ്ടെന്ന ചിന്ത ശക്തമാവുകയായിരുന്നു...

രണ്ട് വര്‍ഷങ്ങള്‍ യുഗങ്ങള്‍ പോലെ കടന്നുപോയി... ഇതിനിടയില്‍ എപ്പോഴൊക്കെയോ ദേവിയുടെ വിളികള്‍ കേള്‍വിക്കും അപ്പുറമായിരുന്നു.. അങ്ങോട്ട്‌ വിളിച്ചാല്‍ അറ്റന്‍ഡ് ചെയ്യാത്ത ദിവസങ്ങള്‍.. അപ്പോഴൊന്നും ഒന്നും അറിയാതെ അവള്‍ അവസാനം അയച്ച മെസ്സേജ് വായിച്ചു സമാധാനിക്കും.. ഇനി ഞാന്‍ വിളിക്കില്ല നിന്‍റെ പഠനത്തിലെ ശ്രദ്ധ കുറയും.. ഇപ്പൊ നീ നന്നായി പഠിക്കണം, നല്ല മാര്‍ക്കില്‍ പാസ്സാവണം... ആ സമാധാനത്തില്‍ ഒരു വര്‍ഷം കൂടി കടന്നു... എക്സാം കഴിഞ്ഞു, റിസള്‍ട്ട്‌ വന്നു... ഒട്ടും മോശമല്ലാത്ത രീതിയില്‍ വിജയം... അവിടെ മൂന്നു വര്‍ഷങ്ങളോളം താമസിച്ചിട്ടും തിരിച്ചു പോരുമ്പോള്‍ വിടപറയാനോ, യാത്രയയക്കാനോ ആരും ഉണ്ടായിരുന്നില്ല.. താമസിച്ച റൂമിന്‍റെ ഉടമസ്ഥന്‍ മാത്രം ഇന്ന് പോവുകയാണോ എന്ന ഒരു ചോദ്യം.. മൂന്നു വര്‍ഷത്തെ ഏകാന്ത ജീവിതത്തിന്‍റെ ബാക്കിപത്രം പോലെ അവസാന മാസത്തെ വാടക വേണ്ടെന്നു പറഞ്ഞപ്പോള്‍ ബാക്കിയായ അഞ്ഞൂറിന്‍റെ ഏതാനും നോട്ടുകള്‍..! ഓര്‍ത്തുവയ്ക്കാനൊന്നുമില്ലാത്ത ജീവിതത്തില്‍ ഈ നോട്ടുകള്‍ക്ക് എന്ത് പ്രാധാന്യം... അടുത്തു കാണുന്ന ഏതെങ്കിലും അമ്പലത്തിലോ പള്ളിയിലോ നേര്‍ച്ചയായിടാം എന്ന് കരുതി തിരിച്ചു നടന്നു... അമ്പലത്തിനും പള്ളിക്കും മുന്നേ ഒരു വൃദ്ധയായ സ്ത്രീ തന്‍റെ ചലനശേഷി നഷ്ടപ്പെട്ട മുതിര്‍ന്ന മകനെയും കൊണ്ട് റോഡരികില്‍ തളര്‍ന്നു നില്‍ക്കുന്നത് കണ്ടു... പോക്കറ്റില്‍ നിന്നും ഒരു പത്ത് രൂപയെടുത്ത്‌ ആ സ്ത്രീയുടെ കയ്യില്‍ കൊടുക്കുമ്പോള്‍ ചുരുട്ടിപിടിച്ച വാടകപ്പണം അവരറിയാതെ അവരുടെ പാത്രത്തിലും ഇട്ടു... ജീവിതത്തിലെ ആദ്യത്തെ പുണ്യം, അല്ലെങ്കില്‍ ഒരുത്തന്‍റെയും ഔദാര്യം തനിക്ക് വേണ്ടെന്ന ദുരഭിമാനം...

അന്ന് രാത്രി അവിടെ നിന്നും ബസ്‌ കയറി, പന്ത്രണ്ടു മണിക്കൂറുകളോളമുള്ള യാത്ര രാത്രിയില്‍ തന്നെയാവട്ടെ എന്ന് കരുതിയത് ഉറങ്ങുമ്പോള്‍ ആരും സംസാരിക്കില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു... എന്നിട്ടും അടുത്തിരുന്ന കാസര്‍ക്കോടുകാരന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... വ്യക്തമല്ലാത്ത മറുപടികളില്‍ അയാളെ നിശ്ശബ്ദനാക്കിയപ്പോള്‍ എന്തോ ജയിച്ച പ്രതീതിയായിരുന്നു മനസ്സില്‍...

എല്ലാ ജയത്തിനുമൊടുവില്‍ പിറ്റേന്ന് പുലര്‍ച്ചെ വീട്ടിലെത്തി... യാത്ര സുഖമായിരുന്നോ.. ഉറക്കച്ചവടോടെയുള്ള ചോദ്യം.. അതെ..! തീര്‍ന്നു സംഭാഷണശകലങ്ങള്‍!! ഒരുപാട് നാളുകള്‍ക്ക് ശേഷം സ്വന്തം മുറിയില്‍.. എരിയുന്ന ഓര്‍മ്മകള്‍ നിറയുന്ന തടവറയില്‍ വീണ്ടും... ജനലഴികള്‍ക്കുള്ളിലൂടെ കണ്ണുകള്‍ പരക്കം പാഞ്ഞു, ഒരു പാദസരക്കിലുക്കത്തിനു കാതോര്‍ത്തു, കണ്ടില്ല കേട്ടില്ല... മനസ്സില്‍ വല്ലാത്തൊരു ശൂന്യത തോന്നിയ നിമിഷങ്ങളില്‍ വീട്ടിനു പുറത്തിറങ്ങി... പോകാനൊരുങ്ങുമ്പോള്‍ നിനക്ക് ഭക്ഷണം വേണ്ടേ എന്ന ചോദ്യം കേട്ടു, കേള്‍ക്കാത്ത ഭാവത്തില്‍ ഇറങ്ങി അമ്പലത്തിന്‍റെ വഴിയിലേക്ക് നടന്നു.. ദേവിയെയും കാത്തുനില്‍ക്കാറുള്ള ആല്‍മരത്തിന്‍റെ ചുവട്ടില്‍ കുറച്ചു നേരം ഇരുന്നു...

പ്രതീക്ഷിച്ചപോലെ ദാ ദേവി വരുന്നു.. കണ്ടിട്ടും കാണാത്ത ഭാവത്തില്‍ ചെരുപ്പ് മരത്തിന്‍റെ ചുവട്ടിലഴിച്ചു വച്ച് നേരെ അമ്പലത്തിനുള്ളിലേക്ക്... ഒന്ന് നോക്കാതെ, ഒന്നും ഉരിയാടാതെയുള്ള ആ പോക്കില്‍ സ്തബ്ദനായ ശ്യാം അനങ്ങാനാവാതെ, ദേവീ എന്ന് വിളിക്കാന്‍ പോലുമാവാതെ അവിടെയിരുന്നു പോയി.. എങ്കിലും സമാധാനിച്ചു അവളുടെ നെറ്റിയില്‍ അന്ന് താനണിഞ്ഞ സിന്ദൂരം അവള്‍ ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ടല്ലോ... പ്രാര്‍ത്ഥനയ്ക്ക് ശേഷം സംസാരിക്കാം എന്ന് കരുതിയാവും ഒന്നും മിണ്ടാതെ പോയത്... ഏറെ നേരത്തിനു ശേഷം തിരിച്ചു വരുന്ന ദേവിയുടെ കണ്ണുകള്‍ നിറഞ്ഞു കലങ്ങിയിട്ടുണ്ടായിരുന്നു..

അഴിച്ചു വച്ച പാദരക്ഷകള്‍ ചവിട്ടാതെ നേരെ ശ്യാമിനരികിലേക്ക് വന്ന ദേവി അവന്‍റെ കണ്ണുകളില്‍ നോക്കി കുറച്ചു നേരം നിശ്ശബ്ദയായി.. ദേവി എന്താ പറ്റിയെ നിനക്ക്...? എന്താ നിന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്...? നീയെന്തിനാ എന്നെയിങ്ങനെ വിഷമിപ്പിച്ചത്.. നിനക്കറിയില്ലേ ഈ ലോകത്ത് എനിക്ക് ചിരിക്കാനും, പറയാനും, പങ്കുവയ്ക്കാനും നീയല്ലാതെ മറ്റാരും ഇല്ലെന്ന്.. അത് അവളുടെ കണ്ണുകള്‍ വീണ്ടും സജലങ്ങളായി...

ശ്യാം.. ഞാന്‍ പറയുന്നത് മുഴുവനും നീ കേള്‍ക്കുമോ.. ഇടയ്ക്ക് ഒന്നും പറയരുത്... എതിര്‍ത്തും പറയരുത്...

എന്താ ദേവി ഇത് എന്നോട് എന്തെങ്കിലും പറയാന്‍ ദേവിക്ക് ഇത്രയും മുഖവുരയുടെ ആവശ്യമുണ്ടോ...?

ഉണ്ട് ശ്യാം, കാരണം ദേവി ശ്യാമിന്‍റെതല്ലായിരിക്കുന്നു....

ദേവീ...

ശ്യാം, പ്ലീസ്‌ ഞാനൊന്ന് പറഞ്ഞോട്ടെ.... വരുന്ന ആലോചനകളെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുമ്പോഴും നീയായിരുന്നു മനസ്സില്‍... നിന്നോടുള്ള സ്നേഹമായിരുന്നു.. പക്ഷെ സമയം കഴിയുന്തോറും ഞാന്‍ കാത്തിരിക്കുന്നത് നിനക്ക് വേണ്ടിയാണെന്ന് അച്ഛന് അറിയാമെങ്കിലും, സോനയെക്കുറിച്ചുള്ള ആധി അച്ഛനെ അലട്ടുന്നുണ്ടായിരുന്നു... അവള്‍ക്ക് എന്തുകൊണ്ടും യോജിച്ച ജയന്‍റെ ആലോചന വന്നപ്പോള്‍ അച്ഛന്‍ പിന്നെ വേറെ ഒന്നും ആലോചിച്ചില്ല... സോനയുടെ വിവാഹത്തോടൊപ്പം എന്‍റെ വിവാഹവും നിശ്ചയിച്ചു.. ജയന്‍റെ ഏട്ടന്‍ തന്നെയായിരുന്നു വരന്‍.. ഒരു മാറ്റകല്ല്യാണം... ഹരിയേട്ടന് ജന്മനാ സംസാരശേഷിയില്ല, നമ്മുടെ സോനയെ പോലെ തന്നെ.. പിന്നെ ഇടയ്ക്ക് വരുന്ന അപസ്മാരവും. ജയന് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.. എനിക്ക് അച്ഛനെ എതിര്‍ക്കാന്‍ വയ്യായിരുന്നു ശ്യാം.. സോനയെ കുറിച്ച് ഓര്‍ത്തപ്പോള്‍ പിന്നെ ഞാനെന്ത് ചെയ്യും.... അന്ന് ഞാനിത് നിന്നോട് പറഞ്ഞാല്‍ നീ നിന്‍റെ പഠിപ്പ്, ഭാവി എല്ലാം വലിച്ചെറിഞ്ഞു ഇങ്ങോട്ട് ഓടിവരും, എനിക്കറിയാം.. അപ്പോഴും എനിക്ക് നിന്‍റെ സ്വന്തമാകാന്‍ കഴിയില്ലെങ്കില്‍ പിന്നെ നീ ഒന്നുമല്ലതായ് പോകും ശ്യാം... അത് കൊണ്ടാ ഞാന്‍ ഒന്നും പറയാഞ്ഞേ...

ദേവീ, ഹരിയാളെങ്ങനെ..?

നല്ലയാളാ ശ്യാം, സംസാരിക്കാന്‍ കഴിയില്ലെങ്കിലും നന്നായി മനസ്സിലാക്കും, പറയുന്നത് വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയും ഏട്ടന്.. ഞാന്‍ നമ്മുടെ കാര്യവും പറഞ്ഞിരുന്നു.. വിവാഹത്തിനു മുന്നേ.. അന്നെന്നോട് പറഞ്ഞതാ ശ്യാമിനെ കാത്തിരുന്നു കൊള്ളൂ, സോനയുടെ വിവാഹം നമുക്ക് നടത്താം, ഇത് അതിനു തടസ്സമാകാതെ ശരിയാക്കാം എന്നൊക്കെ... പക്ഷെ ഒരു അപസ്മാരരോഗിക്ക് പെണ്ണ് കിട്ടാനുള്ള വിഷമവുമായി ഏട്ടന്‍റെ അച്ഛനും അമ്മയും ഏട്ടനറിയാതെ ഞങ്ങളോട് പറഞ്ഞിരുന്നു.. അത് കൊണ്ട് ആ നല്ല മനുഷ്യനെ തീര്‍ത്തും അവഗണിക്കാനും എനിക്ക് കഴിഞ്ഞില്ല ശ്യാം.. ശ്യാം നീ കേള്‍ക്കുന്നുണ്ടോ...

ആ ദേവി, നീ പറയൂ....

ഇല്ല ശ്യാം ഇനി നീ പറ, ഞാന്‍ നിന്നോട് തെറ്റ് ചെയ്തു, പക്ഷെ ഞാന്‍ തെറ്റുകാരിയാണോ ശ്യാം..?

ദേവീ.. സാരമില്ല... എനിക്ക് മനസ്സിലാകും നിന്നെ.. നിന്‍റെ നിസ്സഹായതയെ... നമ്മള്‍ രണ്ടുപേരും സ്നേഹിച്ചു, മോഹിച്ചു... അതൊരു സ്വപ്നം പോലെ നീ മറന്നു കളയണം.. ഇപ്പൊ നിനക്ക് കിട്ടിയ ഈ ജീവിതം മനോഹരമാക്കണം... എന്നെ കുറിച്ച് ചിന്തിക്കരുത്... ആ താളുകള്‍ പറിച്ചു കളയുക.. ഇനി നിന്‍റെ ജീവിതത്തില്‍ ആ ഓര്‍മ്മകള്‍ പോലും ഉണ്ടാകരുത്.. ഹരി നല്ലവനാണെന്ന് നീ പറഞ്ഞു, അവനെ വേദനിപ്പിക്കരുത്.. ജീവിതം പലപ്പോഴും അലങ്കോലമാകുന്നത് തെറ്റിദ്ധാരണകളുടെ പുറത്താണ്, നന്നായി നീയാദ്യമേ ഹരിയോട് പറഞ്ഞത്.. എനിക്ക് വിഷമമില്ല ദേവീ.. നമ്മുടെ സോനയ്ക്ക് വേണ്ടിയല്ലേ... ഒരു പക്ഷെ എന്നോടൊപ്പമുള്ള നിന്‍റെ ജീവിതത്തില്‍ എനിക്ക് നല്‍കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം ഹരിക്ക് നല്‍കാന്‍ കഴിയും.. അത് കൊണ്ട് നിന്‍റെ ഓര്‍മ്മകളില്‍ പോലും ആ പഴയ ശ്യാം ഉണ്ടാകാന്‍ പാടില്ല...

ഇല്ല ശ്യാം തെറ്റിദ്ധാരണയുടെ പുറത്ത് ജീവിതം നഷ്ടമാവില്ല, തെറ്റിദ്ധരിക്കാനറിയാത്ത മനസ്സാ ഹരിയേട്ടന്‍റെത്.. ഇപ്പോഴെന്നെ ഇങ്ങോട്ട് പറഞ്ഞയച്ചതും ഏട്ടനാണ്.. ഏട്ടന്‍ വീട്ടിലുണ്ട്...

എങ്കില്‍ ദേവീ, നീ വാ ഞാന്‍ ഹരിയെ പരിചയപ്പെടട്ടെ... ഹരിയെ കണ്ടപ്പോള്‍ തന്നെ അറിഞ്ഞു നിഷ്കളങ്കത നിറഞ്ഞ മുഖം, എപ്പോഴും പുഞ്ചിരിച്ചു കൊണ്ട്, ഒരിക്കലും ദേഷ്യപ്പെടാനറിയില്ലെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലാകും..

ഹരീ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍, സുഖം തന്നെയല്ലേ, ഞങ്ങള്‍ ഹരിയെക്കുറിച്ചു പറയുകയായിരുന്നു, ഹരിയെ പറ്റി പറയുമ്പോള്‍ ദേവിക്ക് നൂറ് നാക്കാ.. അത്രയ്ക്കിഷ്ടമാ ഹരിയോട്... അല്ലെ ഹരി..?

ഒന്നും പറയാതെ ഇരു കയ്യും നീട്ടി ഹാര്‍ദ്ദവമായ ഒരാലിംഗനം നല്‍കിയ ഹരിയുടെ ഹൃദയമിടിപ്പുകള്‍ എല്ലാം പറയുന്നുണ്ടായിരുന്നു... തോളത്തു നനവ് പടര്‍ന്നപ്പോള്‍ മാറ്റിനിര്‍ത്തി, ഹരിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. അയ്യേ ഹരീ എന്താ ഇത് കൊച്ചു കുട്ടികളെ പോലെ കണ്ണ് തുടയ്ക്ക്... ചുണ്ടുകളുടെ ചലനത്തില്‍ ഹരി സോറി സോറി എന്ന് പറയുകയാണെന്ന് ശ്യാമിന് മനസ്സിലായി... എന്താ ഹരീ ഇത് എനിക്കൊരു വിഷമവുമില്ല, സന്തോഷമേയുള്ളൂ.. അത് കേട്ടപ്പോഴാണ് ഹരിയൊന്നു ശാന്തനായത്..

കൈപിടിച്ച് അകത്ത് കൊണ്ടുപോയ ഹരി ഒരുപാട് കാര്യങ്ങള്‍ ആംഗ്യങ്ങളിലൂടെ പറഞ്ഞു.. ദേവി അത് അത് പോലെ തന്നെ തര്‍ജ്ജമ ചെയ്തു തരികയും ചെയ്തു... അപ്പോള്‍ ശ്യാമിന് മനസ്സിലായി ഒരു വര്‍ഷം കൊണ്ട് ദേവിക്ക് ഹരിയെ ഇത്രയ്ക്കും മനസ്സിലാകണമെങ്കില്‍ ഒട്ടും കളങ്കമില്ലാതെ സ്നേഹിക്കുന്നത് കൊണ്ടാകാം... തിരിച്ച് ഇറങ്ങുമ്പോള്‍ ദേവി പറഞ്ഞു ഞങ്ങള്‍ അടുത്ത മാസം ഏട്ടന്‍റെ ജോലിസ്ഥലത്തേക്ക് താമസം മാറും.. നീ വരണം വീട് കാണാന്‍.. ഹരിയും കൈകൊണ്ട് പറയുന്നുണ്ടായിരുന്നു ചെല്ലാന്‍...

തിരിച്ച് വീട്ടിലെത്തി കിടക്കയില്‍ കമിഴ്ന്നു വീണപ്പോള്‍ മാത്രമായിരുന്നു കണ്ണുകള്‍ നിറഞ്ഞത്‌... കുറച്ചു നേരം കഴിഞ്ഞപ്പോള്‍ മൃദുവായ നീണ്ട വിരലുകള്‍ മുടിയിഴയിലൂടെ തഴുകുന്നത് അറിഞ്ഞു, നിറഞ്ഞ കണ്ണുകള്‍ കാണാതെ ഒപ്പി തിരിഞ്ഞു നോക്കുമ്പോള്‍ അമ്മ... എന്തെ എന്ന് ചോദിക്കുമ്പോള്‍ എനിക്കറിയാം നീ കരയുകയാണെന്ന്, സാരമില്ല മോനെ അവളെ നിനക്ക് വിധിച്ചിട്ടില്ലെന്നു കരുതിയാല്‍ മതി.... നീയെന്നും പറയാറുണ്ട് നിന്നെ ഞങ്ങള്‍ക്ക് മനസ്സിലാവില്ലെന്ന്.. മോനെ നിന്നില്‍ നിന്നും അകന്നു നിന്ന ഓരോ നിമിഷവും പിടഞ്ഞ ഞങ്ങളുടെ മനസ്സ് നിനക്കിപ്പോള്‍ അറിയാന്‍ കഴിയില്ല... പക്ഷെ ഞങ്ങള്‍ എന്നും എപ്പോഴും നിന്നെ അറിയുന്നുണ്ടായിരുന്നു... ദേവിയോടോപ്പമുള്ള നിന്‍റെ ജീവിതം ഞങ്ങളെല്ലാവരും തീരുമാനിച്ചതായിരുന്നു.. നിന്‍റെ ഓരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവളറിഞ്ഞത് ഞങ്ങളില്‍ നിന്നായിരുന്നു. അവളതറിഞ്ഞത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞങ്ങള്‍ക്കും അറിയാമായിരുന്നു.. പക്ഷെ അന്നത്തെ ആ സാഹചര്യത്തില്‍ ഹരിയുടെയും ദേവിയുടെയും  വിവാഹമായിരുന്നു നല്ലത്, ദേവിയുടെ അച്ഛനും അമ്മയ്ക്കും നല്ല വിഷമമുണ്ട്.. സോനയുടെ വിവാഹ നിശ്ചയത്തിനു മുന്‍പ് മാറ്റക്കല്ല്യാണമാണെങ്കില്‍ വേണ്ടെന്നു വയ്ക്കട്ടെ എന്ന് വരെ അവര്‍ പറഞ്ഞതാ.. വേണ്ടെന്നു പറഞ്ഞത് ഞങ്ങളാ.. നീ കാരണം സോനയുടെ ജീവിതം കൈവിട്ടുപോകാതിരിക്കാന്‍.. ആ ശാപം മോന് കിട്ടാതിരിക്കാന്‍...
നീ ഞങ്ങളോട് ദേഷ്യപ്പെടുന്ന ഓരോ നിമിഷവും, അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ മനസ്സിലാക്കുന്നില്ലെന്ന നിന്‍റെ ഓരോ ചിന്തയിലും നീ ദേവിയെ കൂടുതലിഷ്ടപ്പെടാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ നിന്നെ തിരുത്താതിരുന്നത്... നീ ചിന്തിച്ചത് പോലെ നിന്‍റെ ജീവിതത്തില്‍ അവള്‍ തന്നെ മതിയെന്നായിരുന്നു ഞങ്ങളും കരുതിയത്.. പക്ഷെ കാലം, അനിവാര്യത അത് മറ്റൊന്നായിരുന്നു നിശ്ചയിച്ചത്.. സാരമില്ല നിനക്ക് ഞങ്ങളുണ്ട് നിന്നെ മനസ്സിലാക്കുന്നില്ലെന്നു നീ പറയുന്ന നിന്‍റെ അച്ഛനും അമ്മയും..

“അമ്മക്കുയിലേ ഒന്ന് പാടൂ അമ്മിഞ്ഞപ്പാലില്‍ ഒന്ന് നീരാടിക്കോട്ടേ....” മൊബൈലിന്‍റെ റിംഗ്ടോണ്‍ കേട്ടാണ് ശ്യാം ചിന്തയില്‍ നിന്നുണര്‍ന്നത്...

ആ..അമ്മേ..
എന്താ മോനെ, നീ ഇന്നും അവളെ ഓര്‍ത്തു അല്ലെ..?
ഇല്ലമ്മേ..
എന്തിനാ നീ കള്ളം പറയുന്നേ.. നീ എത്ര മറച്ചു വച്ചാലും നിന്‍റെ ഹൃദയത്തിന്‍റെ താളം എനിക്കിവിടെ കേള്‍ക്കാം മോനേ..
ആമ്മേ.. ശരിയാ കുറച്ചു മുന്നേ അവള്‍ വിളിച്ചിരുന്നു...
അവളിന്ന് വിളിക്കും... അതും എനിക്കറിയാമായിരുന്നു..
അതെങ്ങനെ...
ഇന്ന് നിന്‍റെ പിറന്നാളാ...
ആ... ശരിയാണല്ലോ ഇന്ന് ഒക്ടോബര്‍ 24.... ഞാന്‍ മറന്നു, അമ്മേ...
ഞങ്ങളിന്നു രാവിലെ അമ്പലത്തില്‍ പോയി നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു..
നന്നായി, എനിക്ക് വേണ്ടി നിങ്ങള്‍ പോയത്.. ഞാനൊരിക്കലും പോവില്ലല്ലോ...
എന്നാ ശരി, അച്ഛന് ഭക്ഷണം കൊടുക്കട്ടെ, നീയും കഴിച്ച് വേഗം കിടന്നുറങ്ങാന്‍ നോക്ക്...
ശരിയമ്മേ... ഗുഡ്നൈറ്റ്‌..
ഗുഡ്നൈറ്റ്‌..

ഫോണ്‍ വച്ചപ്പോഴാണ് ചിന്തിച്ചത് അവള്‍ വിളിച്ചപ്പോള്‍ ഒരു ആശംസ പോലും പറഞ്ഞില്ലല്ലോ... അന്നും അവള്‍ അങ്ങനെത്തന്നെയായിരുന്നല്ലോ...