Monday, October 31, 2016

മഴ പെയ്യുന്നുണ്ട് ഇവിടെ. എന്തേ ഇന്ന് പ്രതീക്ഷിക്കാതെ പെയ്തതെന്നോര്‍ത്തു. എത്രയോ കാലത്തിനൊടുവിലായിട്ടു പോലും അന്നെന്ന പോലെ മഴയെന്നെ നിന്നെയിന്നോര്‍മ്മപ്പെടുത്തുന്നില്ലയെന്നു വിഷമത്തോടെ പറയട്ടെ. ജാലകവാതിലുകള്‍ തുറന്നിട്ടും, പുറത്തെ ഇരുളില്‍ പോയിരുന്നിട്ടും ഓര്‍മ്മകളെങ്ങാണ് മറഞ്ഞു പോയത്! അറിയുന്നുണ്ട്, മനസ്സ് ശൂന്യമാണ്. നിന്നോട് പറയാന്‍ ഒന്നുമില്ലാതാവുകയെന്നാല്‍ ഞാനില്ലാതാവുകയെന്നു തന്നെയല്ലേ! ആയിരിക്കണം എനിക്കെന്നെ തന്നെ മറക്കാന്‍ തോന്നുന്നു. ജീവിതത്തിന്റെ നിസ്സാരത എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അത്രയും ചഞ്ചലമായ മനസ്സ് പോലും ഇന്നെത്രയോ നിസ്സംഗമായി പോയിരിക്കുന്നു. വേണമെങ്കിലെനിക്ക് തിരക്കുകള്‍ എന്ന് കള്ളം പറഞ്ഞെന്റെ മനസ്സിനെയും കബളിപ്പിക്കാമായിരുന്നു. പക്ഷേ എത്ര കാലം? എന്തിനു വേണ്ടി?! ഈ നിസ്സംഗത എന്നെ പൊതിയാതെ പോകാനുള്ളതല്ല. ഈ അവസ്ഥ ഏതെന്ന് നിനക്കറിയുമോ? അത്രയും സ്വതന്ത്രമായ, മരണത്തിന്റെയത്രയും സ്വതന്ത്രമായ വഴികളാണ്. എന്റെ ചുറ്റിലും നടക്കുന്നത്, അത്രയും ശബ്ദങ്ങള്‍, അത്രയും കാഴ്ചകള്‍, അത്രയും സ്പര്‍ശങ്ങള്‍ പോലും ഞാനറിയുന്നില്ല!! ഏതൊരാള്‍ക്കൂട്ടത്തിനിടയിലും അവനവനോട് തന്നെ സൗഹൃദത്തിലാവുക, അവനെയും മറന്നു മറന്നേ പോവുക! ഹാ!! എത്ര സമാധാനമാണ്. അത്രമേല്‍ ഒറ്റപ്പെട്ടു പോയെന്നു നീ പറഞ്ഞേക്കാം, പക്ഷേ ഏറ്റവും ആനന്ദം ഇവിടെയാണ്‌; ഒരുപക്ഷേ നിനക്കതിപ്പോള്‍ മനസ്സിലാവില്ലായിരിക്കാം, മനസ്സിലാവാതിരിക്കട്ടെ!! ഈയൊരാനന്ദത്തിലെത്തുവാന്‍, ഇത്രയും സമാധാനം ഞാനറിയുവാന്‍ കടന്നുവന്ന കഠിന വഴികള്‍ താണ്ടിയത് അവിടെ നീയുണ്ടല്ലോയെന്ന പ്രതീക്ഷയാലാണ്; ഇല്ലെങ്കിലെന്നേ!! അതിനാലിന്നു തിരിച്ചറിയുന്നുണ്ട്, ഏതൊരു ദുഃഖവും ദുഃഖമല്ലെന്നും, ഏതൊരു മുറിവും വേദനയല്ലെന്നും, ഏതൊരു നോവും ഒന്നുമല്ലെന്നും. ജീവിതമിങ്ങനെത്തന്നെയാണ്, ഇങ്ങനെയല്ലാതെ മറ്റൊരുതരത്തിലാവാനതിനു കഴിയില്ലയെന്നും അറിയുക. നോവുകളോര്‍ത്തു തളര്‍ന്നിരിരിക്കുന്നതും സന്തോഷങ്ങളില്‍ അതിയായാഹ്ലാദിക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്. ഓരോ നിമിഷവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് മാറ്റത്തിനൊപ്പം മാറാതെ മോചിക്കപ്പെട്ടിട്ടും ഏതൊന്നിലാണോ ബന്ധിക്കപ്പെട്ടത് ആ ബന്ധനത്തെ തന്നെ അഗാധമായി സ്നേഹിച്ചു കൊണ്ടൊരു കാലം, മാറുവാന്‍ മറ്റൊരു കാലം. മാറ്റത്തിനൊടുവില്‍ എന്തായിരുന്നോ ഞാന്‍ അതല്ലാതെയായി പോയല്ലോയെന്നോര്‍ത്തു ആധികൊള്ളാന്‍ പിന്നെയും. പാകപ്പെടുകയാവണം മനസ്സ്, സാഹചര്യങ്ങളെ അതായി സ്വീകരിക്കാന്‍ ജീവിതത്തിന്റെ പ്രായോഗികത പഠിപ്പിക്കുകയാവണം. പക്ഷേ നീ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ എല്ലാ പാഠങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, ശേഷം നാം നേടുന്നതെന്താണ്. അനിവാര്യമായ മരണമല്ലാതെ മറ്റെന്താണ്!

Thursday, October 27, 2016

ഇന്ന് ഞാനറിയുന്നുണ്ട്, എനിക്ക് നിന്നെ വല്ലാതെ നഷ്ടപ്പെടുന്നുണ്ട്. ഒരുപക്ഷേ ഈ നഷ്ടപ്പെടല്‍ തന്നെയാണ് വേണ്ടിയിരുന്നത്. അതാണ്‌ അനിവാര്യമായതും ഞാന്‍ അര്‍ഹിക്കുന്നതും. എനിക്കതില്‍ ദുഃഖമൊട്ടും തന്നെയില്ല. ഇങ്ങനെയൊക്കെയല്ലാതെ മറ്റെങ്ങനെയാണ് നമുക്കുള്ളിലെ സ്നേഹം  പരുവപ്പെടുക. കൂടെ നീയുണ്ടായിരുന്ന നാളുകളില്‍ ഞാന്‍ നിന്നെ ആലോസരപ്പെടുത്തിയത്തിന്റെ നൂറിലൊന്നു പോലുമാകില്ല എന്റെ നഷ്ടപ്പെടലില്‍ ഞാനനുഭവിക്കുന്നത്. അഭാവം കൊണ്ട് നീ നല്‍കുന്ന വേദന സാന്നിധ്യം കൊണ്ട് ഞാന്‍ നിനക്കേകുന്ന നോവിന്റെ അത്രയുമില്ലല്ലോ എന്നാണു സമാധാനം. പ്രിയപ്പെട്ടവളെ, ഇന്നൊരു വിദൂരയാത്ര കഴിഞ്ഞെത്തിയ വേളയില്‍ എന്റെ മുറിക്കുള്ളില്‍ വാരിവലിച്ചിട്ടയെല്ലാത്തിനും മുകളിലായി അന്നത്തെ ദിനക്കുറിപ്പുകളടങ്ങിയ പുസ്തകം. ആമുഖമായി ജീവിതം എന്നെഴുതിയ പുസ്തകം! അതിലെ താളുകളൊക്കെ ഇന്നത്തെ എന്റെ ജീവിതം പോലെ നരച്ചിരിക്കുന്നു. നനവാര്‍ന്നതായത് കൊണ്ടായിരിക്കണം അവസാനതാളുകളില്‍ കുറെയൊക്കെ ചിതലരിച്ചിട്ടുമുണ്ട്! പ്രണയം എന്നെഴുതിയ താള്‍ മുഴുവനായി ചിതലുകള്‍ തീര്‍ത്തിരിക്കുന്നു. നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ ആദ്യത്തെ താളുകള്‍ ഇന്നും അതേപടിയുണ്ട്. കാണാനാഗ്രഹിച്ച സ്ഥലങ്ങള്‍, ഒന്നിച്ചു പോകാനാഗ്രഹിച്ചയിടങ്ങള്‍, വായിക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍, കേള്‍ക്കാനാഗ്രഹിച്ച പാട്ടുകള്‍, അങ്ങനെയങ്ങനെ അവയൊക്കെയും ഇന്നും പച്ചയായി നില്‍ക്കുന്നു! പക്ഷേ എല്ലാ  ആഗ്രഹങ്ങളും തീര്‍ന്നു പോയിരിക്കുന്നു, നീയില്ലാതാവുമ്പോള്‍ പിന്നെ ആഗ്രഹങ്ങള്‍ ഉണ്ടായാലെന്ത്‌ ഇല്ലെങ്കിലെന്ത്‌! വിരഹം അത്രമേല്‍ തീവ്രമാണ്, അത്രത്ര മേല്‍ നമ്മെ പൊള്ളിക്കും എന്നൊക്കെ അറിയുന്നുണ്ട്, അനുഭവിച്ചിട്ടുമുണ്ട്, പക്ഷേ എല്ലാ നോവിനും അപ്പുറം പിന്നെയും ജീവന്‍ നിലനിന്നാലെന്തു ചെയ്യാനാണ്! ഉരുകിത്തീരുമെന്നൊക്കെയെത്ര പറഞ്ഞാലും ചിലപ്പോഴൊക്കെ കരിന്തിരിപോലെരിയും ജീവിതം. മരണമെന്നെത്ര തിരുത്തിയാലും എരിഞ്ഞുകൊണ്ടേയിരിക്കും, ഓരോ താളുകളും എരിയിച്ചു കളയട്ടെ. ജീവിതം കൊണ്ട് നിന്റെ ഓര്‍മ്മകള്‍ക്ക് തിരി കൊളുത്തട്ടെ, ആളിക്കത്തുമ്പോള്‍ എന്റെ ചേതന നിശ്ചലമായെങ്കില്‍!!