Wednesday, April 30, 2014

ഒരു കുഞ്ഞിന്‍റെ മനസ്സുണ്ടാവുക...!!!
എത്ര പുണ്യമാണത്...
എന്നായിരുന്നു അവസാനമായി നിഷ്കളങ്കമായി നമ്മള്‍ സംസാരിച്ചത്...??
എന്നായിരുന്നു അവസാനമായി നമ്മള്‍ സ്നേഹത്തോടെ കൈചേര്‍ത്തു പിടിച്ചത്...??
എന്നായിരുന്നു നമ്മളവസാനമായി ശുഭയാത്ര പറഞ്ഞത്...??
ഇല്ല ഒന്നും നമ്മള്‍ അവസാനമായി ചെയ്തിരുന്നില്ല..
ഓരോ വട്ടം ചെയ്യുമ്പോഴും അതാദ്യത്തെതായിരുന്നു...
പക്ഷേ ഒരു കുഞ്ഞിന്‍റെ മനസ്സ്.... എവിടെയാണ് നഷ്ടമായത്....????
കളങ്കമില്ലാതെ... തീര്‍ത്തും ദൈവികമായി..... തീര്‍ത്തും കുസൃതിയോടെ പറയാന്‍.... പറയാന്‍ നമുക്കിന്നു കഴിയുമോ....?
സ്വല്പം സ്വാര്‍ത്ഥമല്ലേ നമ്മുടെ, എന്റെയെങ്കിലും, ചിന്തകള്‍...
സ്വല്പം സ്വാര്‍ത്ഥമല്ലേ നമ്മുടെ, എന്റെയെങ്കിലും, പ്രവൃത്തികള്‍...
ചിലപ്പോള്‍ തോന്നാറില്ലേ... തിരിച്ചറിവുകള്‍ ഇല്ലാത്ത ആ ബാല്യം തന്നെയായിരുന്നു നല്ലതെന്ന്...
എനിക്കിപ്പോള്‍ തോന്നുന്നു... തിരിച്ചറിവുകള്‍ ഇല്ലാത്തത് തന്നെയാണ് നല്ലതെന്ന്........!!!
ഒരു സന്ധ്യകൂടി വിട പറയുമ്പോള്‍...
ഒരിക്കല്‍ കൂടി തീരമണഞ്ഞിരുന്നെങ്കില്‍...
തിരയൊന്നുകൂടി തീരത്തെ പുല്‍കിയിരുന്നെങ്കില്‍...
അറിയാതെ, ഒന്നും പറയാതെ....
മനസ്സിലൊരു കുഞ്ഞു നോവ്‌ പോലുമേല്‍പ്പിക്കാതെ...
എന്തേ......? ഇന്നെന്തേ മൗനമായൊരു പിന്‍വാങ്ങല്‍...???
വരുമോ എന്നൊരിക്കല്‍ പോലും ചോദിക്കാതെ....
വരാം എന്നൊരുറപ്പ് കൂടി നല്‍കാതെ...
എങ്ങോ മറയുന്ന മേഘങ്ങള്‍....
എങ്ങോ പിന്‍വലിയുന്ന തിരകള്‍...
തീരം മണല്‍ത്തരികള്‍ എണ്ണിത്തീര്‍ക്കുമ്പോള്‍....
തിരയെയോര്‍ത്തിരിക്കുമ്പോള്‍....
മനസ്സൊരല്‍പം നീറുന്നുണ്ട്...
കാര്യമറിയാതെ... കാരണമറിയാതെ....
കാണാമറയത്ത് പോയാലും....
മൗനം കൊണ്ടകന്നാലും....
സ്നേഹം കൊണ്ട് വെറുത്താലും....... 
മറക്കാനാവില്ല.... മറവിയെന്നാല്‍..................
ഒരിക്കല്‍ കൂടി എനിക്കീ മണ്ണിന്‍റെ ഗന്ധം വാസനിക്കാന്‍ കഴിഞ്ഞെങ്കില്‍....
മഴയൊരിക്കല്‍ കൂടി പെയ്തിരുന്നെങ്കില്‍...
കാറ്റൊരു താരാട്ട് പാടിയെങ്കില്‍.....
ഈ സായാഹ്നം എനിക്ക് നഷ്ടപ്പെടുത്തുന്നത് നിന്നെയാണ്...
എന്തിനെന്നറിയാതെ...!! 
മുറിപ്പെടുന്നുണ്ട് ഹൃദയം നിന്നെയോര്‍ക്കുമ്പോള്‍... 
പതിയെ...... വളരെ പതിയെ ആ വേദനയും തീരും....
ഓരോ രാവും ഇന്ന് മറക്കാന്‍ വേണ്ടി മാത്രമുള്ളതാണ്...
ജീവിതത്തിലെ ഓരോ ഏടുകള്‍... കടന്നു വന്ന മുള്‍വഴികള്‍...
എല്ലാം, എല്ലാം മറക്കുവാന്‍ വേണ്ടി മാത്രമാണ് 
ഇന്നോരോ രാവിനെയും കൂട്ട് പിടിക്കുന്നത്......
ഒരോര്‍മ്മപ്പെയ്ത്തില്‍ ജീവിതം വഴിതെറ്റിയപ്പോള്‍
നീയും  പറഞ്ഞു മറക്കുക.... എല്ലാം മറക്കുക.......
അറിയില്ല മറക്കുമോയെന്നു...!
ഒന്നും അറിയാതെ, ഒന്നും അറിയിക്കാതെ...
അജ്ഞാതമായ വഴികളെ മാത്രം തിരഞ്ഞു പിടിച്ചു 
യാത്രയാവുകയാണ് ഇപ്പോള്‍.....
എന്നും പറഞ്ഞിട്ടും..... ഒരിക്കല്‍ പോലും കടന്നു പോകില്ലെന്ന് നീ കരുതിയ വഴികള്‍....
ശരിയാണ്... 
ഇവിടെ പൂക്കള്‍ വിരിയാറുണ്ട്... 
ഞാനതിന്‍റെ ഗന്ധമറിയാറുമുണ്ട്....
ഇവിടെ മഴ പൊഴിയാറുണ്ട്...
ഞാനതില്‍ നനയാറുമുണ്ട്....
എല്ലാം, എല്ലാമുണ്ട്.... പക്ഷേ നീയില്ലല്ലോ.....
ഇപ്പോഴും ചിന്തിക്കാറുണ്ട്.....
എന്തേ നഷ്ടങ്ങളെ മാത്രം ഇങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കുന്നതെന്ന്...!
ഒരിക്കലും വേദനിക്കാനോ, വേദനിപ്പിക്കാനോ വേണ്ടിയല്ല....
ഇനി ഒരിക്കല്‍ കൂടി സ്വപ്നം കാണാനോ,
മോഹച്ചിറകില്‍ പറക്കാതിരിക്കാനോ വേണ്ടി മാത്രം....
അസ്തമയസൂര്യനെ തഴുകുന്ന അരുണമേഘങ്ങളെ പോലെ...
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സ് നിറയെ കുങ്കുമം വാരിവിതറുന്നു....
ഒരിക്കല്‍ കൂടി എനിക്ക് നിന്നോട് പറയണം....
എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നു നീയെന്നു ഞാനൊരിക്കലും അറിയാതെ പോയിട്ടില്ല....
തിരിച്ചു നല്‍കാനാവാത്ത സ്നേഹം മനസിന്‍റെ നോവ്‌ തന്നെയാണ്...
നന്ദി നീ നല്‍കിയ സ്നേഹത്തിനും കരുതലിനും....
പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും...
എല്ലാം തുറന്നു പറഞ്ഞ മനസ്സിനും....
നന്മകളോടെ...
ഞാനൊരു യാത്ര പോവുന്നു... 
നിലാവിന്‍റെ നാട്ടിലൂടെ...
കുറെ ഓര്‍മ്മകളും... 
കുറച്ചു പുഞ്ചിരികളും...
കൂടെ കൂട്ടുന്നു...

എന്തിനു എന്ന് ചോദിക്കരുത്...
ചോദിച്ചാല്‍ 
അനുസരണയില്ലാത്ത മനസ്സ് 
അറിയാതെ നിന്നോട് പറയും...
എനിക്ക് തനിച്ചാവണംന്നു...

അതെന്തിനാ എന്ന് വീണ്ടും ചോദിക്കരുത്..
ചോദിച്ചാല്‍...
അവന്‍ വീണ്ടും പറയും..
എന്നിലിപ്പോള്‍ ശൂന്യതയാണ്..

ശൂന്യതയിലാണ് സ്നേഹത്തിനു 
ആവേഗം കൂടുതല്‍ എന്ന് നീ പറയരുത്.. 
കാരണം സ്നേഹിക്കാന്‍ എനിക്കറിയില്ല
എന്നാദ്യമായി പറഞ്ഞത് 
ആദ്യമായി സ്നേഹിച്ച നീയായിരുന്നു...

ഇനിയെനിക്ക് ഒരു നിലാവ് മാത്രം മതി..
ഏതു അമാവാസിയിലും തെളിയുന്ന നിലാവ്..
അത് കൊണ്ട് ഞാന്‍ പോകുന്നു നിലാവിന്‍റെ നാട്ടിലേക്ക്...

Sunday, April 27, 2014

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ (2)
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
സ്നേഹം മതീ..

ഇലകളില്‍ പ്രണയമെന്നരുമയായി മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതീ..(2)
കനവിലും നിനവിലും നെഞ്ചോട്‌ ചേരുന്ന 
നിന്റെ പുല്ലാങ്കുഴല്‍ നാദം മതീ..
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതീ..
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതീ..
മുളം കാടിന്‍റെ പാട്ടും കുളിരും മതീ...

പുഴകളില്‍ പാല്‍നുര കൊലുസുകള്‍ ചാര്‍ത്തുന്ന 
അലകള്‍ തന്നാലോല രാഗം മതീ.. (2)
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്‍റെ പ്രേമാര്‍ദ്രമാം ഭാവം മതീ...
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മാത്രം മതീ...

എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
മുളം കാടിന്‍റെ പാട്ടും കുളിരും മതി
ഒരു മണ്‍ചിരാതിന്‍റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതീ....
എനിക്കൊരു നിലാവിന്‍റെ സ്നേഹം മതി..
സ്നേഹം മതി..


Thursday, April 24, 2014

നിനക്ക് നല്കാനുള്ളതില്‍ ഞാനെത്രമാത്രം ദരിദ്രനാണ്....!!

ലാലാ ഇതെനിക്ക് നിന്നോട് പറയാനുള്ളതാണ്... 
ഓര്‍മ്മകളുടെ ഒരേട്‌ മുഴുവനായി നീയെനിക്ക് നല്‍കിയിട്ടുണ്ട്...
നല്ല നിമിഷങ്ങള്‍ ഒരുപാട് നീയെനിക്ക് വേണ്ടി മാത്രം തേടി പിടിച്ചിട്ടുണ്ട്..
എന്നിട്ടും ഒരിക്കല്‍ പോലും ഞാന്‍ നിന്നോട് നന്ദി പറഞ്ഞിട്ടില്ല.. 
കേള്‍ക്കാന്‍ നീ നിന്ന് തന്നിട്ടില്ല എന്നതാണ് സത്യം...
ഓരോ വട്ടം നമ്മള്‍ അറിയുമ്പോള്‍ എനിക്ക് നല്‍കാനായി നീ ഉപഹാരങ്ങള്‍ കരുതാറുണ്ടായിരുന്നു... 
വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും...
ഓരോ വട്ടം പിരിയുമ്പോഴും ഇനിയൊരിക്കല്‍ കാണാം എന്നല്ല..
നമ്മള്‍ പിരിയുന്നില്ല എന്നേ നീ പറയാറുള്ളൂ...
സത്യമാണ്.. നീ അടുത്തില്ലെങ്കിലും, ഒരു വിധത്തിലും നിന്‍റെ സാമീപ്യം ഇല്ലെങ്കിലും.... ഞാനറിഞ്ഞിരുന്നു... ഓരോ നിമിഷവും നീ കൂടെയുണ്ടെന്ന്....
ലാലാ.. നിനക്കറിയുമോ എനിക്ക് നീ എത്രമേല്‍ പ്രിയമെന്ന്....
ഹൃദയത്തോട് നിന്നെ ചേര്‍ത്തു വയ്ക്കുമ്പോള്‍ ഞാന്‍ നേടുന്ന സുരക്ഷിതത്വം.. നിന്‍റെ കരുതല്‍... നിന്‍റെ സ്നേഹം..... 
അതത്ര തന്നെ എന്നെങ്കിലും എനിക്ക് തിരിച്ചു നല്‍കാന്‍ കഴിയുമോ......
എന്തിനാണ് നീയെന്നെ തനിച്ചാകാന്‍ വിടാത്തത്‌...?! 
എന്തിനാണ് നീയെന്നെ ഇത്രയേറെ സ്നേഹിക്കുന്നത്...?!
നിനക്കറിയില്ലേ എന്നെ ഏറെ നോവിച്ചത് ഈ സ്നേഹം തന്നെയാണ്...
ഒരിക്കലും എനിക്ക് നിന്നെ വെറുക്കാനാവില്ല... എങ്ങനെയാണ് നിന്നെ ഞാന്‍ വെറുക്കുക...!!
ലാലാ നിനക്ക് പകരമാവാന്‍ ഒരിക്കലും ആര്‍ക്കും കഴിയില്ല...
അല്ലെങ്കിലും ആരും ഒരിക്കലും ആര്‍ക്കും പകരമാവില്ല... ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ഓരോ വിധത്തില്‍ വ്യത്യസ്തരാണ്... സമാനതകള്‍ ഇല്ലാത്ത സ്നേഹം, സൗഹൃദം... ഓരോരുത്തരും പ്രിയമുള്ളവരാകുന്നത് ആ വ്യത്യാസങ്ങള്‍ കൊണ്ടാണ്..... എന്നിട്ടും ലാലാ ഞാനെന്നെങ്കിലും നിന്നെ നോവിച്ചോ.... ഉണ്ടാവാം അല്ലേ... ഒരിക്കലും നീയത് പറയില്ലെന്ന് എനിക്കറിയാം.. നിനക്കൊരുപാട് നന്ദി.. നിന്നോട് ഒരുപാട് സ്നേഹം... എന്നെക്കാളേറെ...
ഈ സായാഹ്ന മേഘങ്ങള്‍ നീ കാണുന്നുണ്ടോ ലാലാ..  അസ്തമിക്കുന്ന സൂര്യന് അരികില്‍ നില്‍ക്കുമ്പോള്‍ അവയിത്രമാത്രം ചുവപ്പ് നിറം ആകുന്നത് എന്ത് കൊണ്ടാണ്...? വേര്‍പാടിന്‍റെ വേദനയാണോ... അല്ലെങ്കില്‍ നിനക്ക് മുന്നേ ഞാനെന്നു പറഞ്ഞു പെയ്യാതെ പോയതിന്‍റെ നിരാശയോ.....
ലാലാ.. എനിക്ക് നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളില്‍ ഒതുങ്ങുമോ... എന്നെങ്കിലും തീരുമോ... ഒരിക്കലുമില്ല തന്നെ...
നിന്നെ നീയായി മാറ്റുന്നതും എനിക്കിത്രമേല്‍ പ്രിയമുള്ളതുമാക്കുന്ന നിന്‍റെ മനസ്സ്... ആ മനസ്സോളം ഇഷ്ടം നിന്നോട്...
നിനക്ക് ഞാനെന്താണ് നല്‍കുക... നിനക്ക് നല്കാനുള്ളതില്‍ ഞാനെത്രമാത്രം ദരിദ്രനാണ്....!!

പ്രിയമുള്ളവര്‍ക്കായി....

സ്വന്തമായി നില്‍ക്കുന്ന ജന്മബന്ധങ്ങള്‍....
കര്‍മ്മവീഥികളില്‍ ഒന്നിച്ചു നടന്നവര്‍... 
ജീവിതത്തിന്‍റെ വഴിത്താരയില്‍ കണ്ടുമുട്ടിയ സൗഹൃദങ്ങള്‍...
ഒരിക്കലും കാണാതെ ഹൃദയം സ്പര്‍ശിച്ചവര്‍...
ഒരു വാക്കില്‍ എല്ലാം പറയുന്നവര്‍...
ഒരു നിമിഷത്തെ കാത്തിരിപ്പിന് ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്നു അറിയിച്ചു തന്നവര്‍..
സ്നേഹം കൊണ്ട് പരാജയപ്പെടുത്തിയവര്‍..
വിരഹം കൊണ്ട് കരുത്തു നല്‍കിയവര്‍...
വിശ്വാസം കൊണ്ട് കൂടെ നിന്നവര്‍...
ഒരിക്കലും അടുക്കാനാവാത്ത വിധം അകന്നു പോയവര്‍...
വേണ്ടെന്നു പറഞ്ഞിട്ടും ചേര്‍ത്തു നിര്‍ത്തിയവര്‍..
കൂടെ ചിരിച്ചും വേദനകളില്‍ പങ്കു ചേര്‍ന്നും ഒരുമിച്ച നിമിഷങ്ങള്‍..
ഇവിടെ ഈ ജീവിതത്തില്‍ എവിടെല്ലാം കടപ്പാടുകള്‍ ഇനിയും 
ബാക്കി കിടക്കുന്നു എന്നറിയാതെ.....
ആരോടൊക്കെ നന്ദിയോതേണ്ടൂ എന്നറിയാതെ...
ആരോടൊക്കെ മാപ്പ് പറയേണ്ടൂ എന്നറിയാതെ...
അറിയാതെ അറിഞ്ഞും, പറയാതെ കൂടെ നിന്നും 
ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍ വിട്ടകന്നും പോയവര്‍...
അടുത്ത നിമിഷം എന്തെന്നറിയാത്ത ഈ യാത്രയില്‍ ഇനിയും വൈകിക്കരുത് എന്നറിയുന്നു...
പറയാന്‍ മറന്ന നന്ദി വാക്കുകളും, ചോദിക്കാതെ പോയ ക്ഷമാപണവും ഇന്നിവിടെ ഹൃദയം കൊണ്ട് രേഖപ്പെടുത്തുന്നു...

Saturday, April 19, 2014

പെയ്തൊഴിയുന്ന മഴത്തുള്ളികള്‍.. വാനം വീണ്ടും തെളിയുന്നു... വഴികള്‍ ശൂന്യം... ഒരു പട്ടം കണക്കെ കാറ്റിനോടൊപ്പം ഞാനും... നക്ഷത്രങ്ങള്‍ പറയുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കുന്നു.. എത്ര വലുതാണ്‌.. എന്നിട്ടും എത്ര ചെറുതാണ് നക്ഷത്രങ്ങള്‍... ഒരു വിരല്‍ വച്ച് മറയ്ക്കുമ്പോള്‍ എല്ലാം മറയുന്നു... കാരണങ്ങള്‍ ഇല്ലാതാവുന്നു കാഴ്ചയ്ക്ക്... ഇന്ദ്രിയങ്ങള്‍ അനുഭൂതി വേണ്ടെന്നു വയ്ക്കുമ്പോള്‍ ഭാരം കുറയുന്നു, ഒട്ടുമില്ലാതാകുന്നു.. ശരീരത്തിന്‍റെയും മനസ്സിന്‍റെയും... ഒടുവില്‍ പതിയെ മുകളിലോട്ടു പറന്നു പറന്നു..... അനിര്‍വചനീയം... ശാന്തി.. ശാന്തി മാത്രം... ഈ ഭൂമിയുടെ അങ്ങേയറ്റത്തു നിന്ന് ഏവരെയും അവസാനമായി കണ്‍നിറയെ കണ്ടുകൊണ്ട് ആകാശത്തിന്‍റെ അനന്തതയിലേക്ക് ഒരു പിന്‍മറിച്ചില്‍.... ആകര്‍ഷണശക്തിയില്‍ നിന്നും മോചിക്കപ്പെട്ടു അനന്തതയിലേക്ക്.. നിത്യതയിലേക്ക് പതിയെ, വളരെ പതിയെ, ചിറകുകള്‍ ഇല്ലാതെ പാറി പാറി.... മേഘങ്ങള്‍ക്കിടയിലൂടെ.. പൂര്‍ണ്ണചന്ദ്രനെ തലോടി വീണ്ടും ദൂരേക്ക്... ദൂരെ.. ദൂരേക്ക്..... നക്ഷത്രങ്ങളുടെ ലോകത്തേക്ക്... എന്നും എന്നെ നോക്കി കണ്‍ചിമ്മാറുള്ള ആ നക്ഷത്രത്തിന്‍റെ അടുക്കലേക്ക്... അവിടം വരെ ആ യാത്ര... അവിടിരുന്നു എനിക്ക് നിന്നെ ഒരിക്കല്‍ കൂടി കാണണം... നിന്നെ നോക്കി പുഞ്ചിരിക്കണം.. ആദ്യമെത്തിയത്‌ ഞാനാണ്.., ഞാനാണ് ജയിച്ചതെന്ന് പറയണം.. നിനക്ക് വേണ്ടി കാത്തിരിക്കില്ല എന്ന് ഉറപ്പു നല്‍കണം... എവിടെയാണ് ഞാന്‍ എന്നറിയാതെ ഒരു വിരല്‍ കൊണ്ട് നീ കാഴ്ച മറയ്ക്കും.. അപ്പോള്‍ തെളിയുന്ന ആ ഒറ്റ നക്ഷത്രം, അത് ഞാനല്ലെന്നു നീ നിന്നെ വിശ്വസിപ്പിക്കും.... അവിടെയും ഞാന്‍ നിന്നെ ജയിക്കും... ആദ്യം മറന്നത് ഞാനാണെന്ന കള്ളം പറഞ്ഞു കൊണ്ട്... ഒരിക്കല്‍ എന്നെ തേടി നീ നക്ഷത്രലോകത്ത് എത്തുമ്പോള്‍ തമോഗര്‍ത്തമായി ഞാന്‍ രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും... എത്ര തിരഞ്ഞാലും നിനക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍, കണ്ടെത്തിയാല്‍ പിന്നെ നിനക്ക് എന്നില്‍ നിന്ന് മോചനമില്ലാതെ.. എല്ലാ ആകര്‍ഷണങ്ങളില്‍ നിന്നും മോചനം നേടി സ്വയം പുറപ്പെടുവിക്കുന്ന പ്രകാശത്തെ പോലും തന്നിലേക്ക് വലിച്ചടുപ്പിച്ചു നിന്നില്‍ നിന്ന് മറഞ്ഞ ഞാനെന്ന തമോഗര്‍ത്തത്തില്‍ നീ ഒരിക്കലും എത്തിപ്പെടാതിരിക്കട്ടെ....
ഒരു മഴ പെയ്യുന്നുണ്ട്... നിര്‍ത്താതെ, തോരാതെ.. എന്നോ കൂടെ കൂടിയിരുന്ന ഓര്‍മ്മകളെല്ലാം എന്നില്‍ നിന്നും പൊഴിഞ്ഞകലേക്ക് മറയുന്നുണ്ട്‌... എല്ലാ ഓര്‍മ്മകളും മറവിയിലേക്ക് വഴിമാറുമ്പോള്‍... കര്‍മ്മങ്ങള്‍ ഓരോന്നായി തീര്‍ന്നു കഴിയുമ്പോള്‍... സമയമാകുന്നുണ്ട്...; സമയമാകുന്നുണ്ട് പോകുവാന്‍.... വെണ്‍മേഘച്ചിറകില്‍ നീലാകാശത്തില്‍ പറന്നു നടക്കുവാന്‍.. അവിടെ നിന്ന് നക്ഷത്ര കണ്ണുള്ള നിന്നെ നോക്കി കാണുവാന്‍ വല്ലാതെ തുടിക്കുന്നുണ്ട് മനം... എത്രമേല്‍ അകന്നു പോയിരിക്കുന്നു നമ്മള്‍... ഇത്ര വേഗം!, ഇത്രയും വേഗത്തില്‍ എങ്ങനെ...?! എങ്ങനെ എന്ന ചോദ്യം അനാവശ്യമാണ്.... നമുക്കിടയില്‍ എന്നും ആവശ്യമില്ലാത്തതായിരുന്നു ചോദ്യങ്ങള്‍...!! ഉത്തരങ്ങള്‍ പോലും ഇല്ലായിരുന്നു നമുക്ക്... "അടരുവാന്‍ വയ്യ... അടരുവാന്‍ വയ്യ.... നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും.... ഉരുകി നിന്നാത്മാവിന്നാഴങ്ങളില്‍ വീണു പൊലിയുമ്പോഴാണെന്‍റെ സ്വര്‍ഗ്ഗം..." എത്ര പ്രിയമായിരുന്നു ആ വരികള്‍... എന്നിട്ടും.. എന്നിട്ടും ഇന്ന്......! 

ദൂരെ എന്‍റെ നിഴലുകള്‍ ഉണ്ട്... ഓരോ വട്ടം ഞാന്‍ ഉപേക്ഷിച്ച എന്‍റെ നിഴലുകള്‍.. രൂപം നഷ്ടപ്പെട്ട... ശബ്ദം നഷ്ടപ്പെട്ട... നിറം പോലും നഷ്ടമായ എന്‍റെ നിഴല്‍... നിനക്കൊരിക്കലും ഇനി കാണാന്‍ കഴിയില്ല... അത്ര മേല്‍... അത്രമേല്‍ നീയതിനെ മറന്നു കഴിഞ്ഞു....... ഓരോ മറവിയും ഓരോ മരണമാണ്.. "നിന്നെ മറക്കുകയെന്നാല്‍ മൃതിയാണെന്ന്; ഞാന്‍, നീ മാത്രമാണെന്ന്" 

വഴി കാണുന്നുണ്ട്... ഇരു വശവും മഞ്ഞനിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞ വഴി... ഒന്നായി സഞ്ചരിക്കാം എന്ന് ഒരിക്കല്‍ നമ്മള്‍ പറഞ്ഞ വഴി... ദിശയും, ദിക്കുകളുമില്ലാതെ വെറും വഴി മാത്രം.... അനന്തമായ ആ വഴിയുടെ അവസാനവും ഞാന്‍ താണ്ടിയിരിക്കുന്നു, കൂടെ നീയില്ലാതെ!!!! ഇപ്പോള്‍ എനിക്ക് ചുറ്റും ശലഭങ്ങളാണ്... വര്‍ണ്ണച്ചിറകുകള്‍ വീശി വീശി നൃത്തം വയ്ക്കുന്ന ശലഭങ്ങള്‍.... 

എത്ര മനോഹരമായി നീയെന്നെ പരാജയപ്പെടുത്തിയിരിക്കുന്നു... വെറുതെ, വെറുതെയെങ്കിലും ഒരു വട്ടം പറഞ്ഞിരുന്നെങ്കില്‍ എന്നോ തകര്‍ന്ന ഹൃദയത്തിലെ അവസാന തുള്ളി രക്തവും ഞാനന്നേ നിനക്ക് തന്നേനെ... നിന്നോടുള്ള ഓരോ പരാജയവും..., നീ നല്‍കുന്ന ഓരോ മുറിവും എനിക്ക് എത്രമേല്‍ പ്രിയമാണ്.. എന്തെന്നാല്‍ നിനക്കേ അത് നല്‍കാന്‍ കഴിയൂ... അത്രമേല്‍ പ്രിയമുള്ള നിനക്ക് മാത്രം...!

ഇപ്പോള്‍ ശാന്തമാണ് മനസ്സ്... തിരകളടങ്ങിയ കടല്‍ പോലെ... ഒരു കൊടുങ്കാറ്റിനും ഇനിയൊരു കൊച്ചോളങ്ങളെ പോലും ഉണ്ടാക്കാന്‍ കഴിയാത്ത വിധം ശാന്തം... തീവ്രമായ ഈ ശാന്തത..... ചിന്തകള്‍ നിലച്ച ഈ ശാന്തത... തീര്‍ത്തും നിശ്ശബ്ദമായ ഈ അന്തരീക്ഷത്തില്‍ ഒന്നും അറിയാതെ... ഒരു ഹൃദയസ്പന്ദനം പോലും കേള്‍ക്കാതെ.. അതേ നിലച്ചിരിക്കുന്നു അന്ന് നീ നല്‍കിയ താളങ്ങള്‍ എല്ലാം... നീ പറഞ്ഞ നിന്‍റെ ഹൃദയത്തിന്‍റെ ഭാഷ... എല്ലാം മാഞ്ഞു പോയിരിക്കുന്നു.. അത്രയും നമ്മള്‍ അകന്നിരിക്കുന്നു.... ശരിക്കും ഞാന്‍ വല്ലാതെ മോഹിക്കുന്നുണ്ട്... നീയില്ലാതിരുന്നിട്ടുമുള്ള ഈ ശാന്തത എന്നും  നിലനിന്നിരുന്നുവെങ്കില്‍.. ഒരു പക്ഷേ മരണത്തിനു മാത്രമേ ഇത്ര ശാന്തത നല്‍കാന്‍ കഴിയൂ എന്ന് നീ പറഞ്ഞേക്കാം... സത്യമാണ്... മരിച്ചിരിക്കുന്നു ഞാന്‍..., നിന്‍റെ മനസ്സില്‍... ചിതയൊരുക്കിയിരിക്കുന്നു നീ ഞാന്‍ പോലുമറിയാതെ...! 

അന്ത്യവിധിയെഴുതി കാലം... ചിറകറ്റ ശലഭങ്ങള്‍... എനിക്ക് ചുറ്റും പിടയുന്നു.. കണ്ണുകള്‍ ഇറുകെയടച്ചിട്ടും കാണാതിരിക്കുവാന്‍ ആവുന്നില്ല.. ആ ശലഭങ്ങളുടെ നിലവിളി, പെരുമ്പറയുടെ ശബ്ദത്തേക്കാള്‍ ഉറക്കെ എന്‍റെ ചെവിയില്‍.. കാതുകള്‍ എത്രയമര്‍ത്തി മൂടിയിട്ടും കേള്‍ക്കാതിരിക്കുവാന്‍ ആവുന്നില്ല! എന്നിട്ടും ഞാന്‍ തിരിഞ്ഞു നടക്കുന്നു.. ഒന്നും കാണാതെ, കേള്‍ക്കാതെ... അതേ, അത്രമേല്‍ ക്രൂരനാവേണ്ടി വരുന്നു... മുറിപ്പെട്ട മനസ്സ്.. ഓരോ വട്ടവും പ്രിയമുള്ളവര്‍ ഇനിയും വേദന ബാക്കിയുണ്ടോ എന്നറിയാന്‍ വേണ്ടി മുറിപ്പെടുത്തിയ ഹൃദയം.. എങ്ങനെ പറയും അവരെന്‍റെ വേദന അളന്നതല്ലെന്ന്.. എങ്ങനെ പറയും അവര്‍ എനിക്ക് പ്രിയമുള്ളവര്‍ അല്ലെന്നു... അപ്പോള്‍, അപ്പോള്‍ ഞാന്‍ മാത്രമാണ് തെറ്റുകാരന്‍...! വേദനയില്ലാത്ത ഹൃദയമാണ് എന്ന് കള്ളം പറഞ്ഞ ഞാന്‍ തന്നെ തെറ്റുകാരന്‍... 

ആവര്‍ത്തനങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക്... എല്ലാ വികാരങ്ങളും ഒന്നാണ് എന്ന തിരിച്ചറിവില്‍.. നോവെന്നോ, വേവെന്നോ, സുഖമോ, സന്തോഷമോ, വ്യഥയോ, വേദനയോ, സ്നേഹമോ, ദ്വേഷമോ, വേര്‍തിരിവുകള്‍ ഒന്നുമില്ലാത്ത ലോകം... 

നമുക്കിടയില്‍ ഞാന്‍, നീ.. എന്ന വാക്കുകള്‍ കടന്നു വന്നിരിക്കുന്നു... പരസ്പരം പഴിചാരുന്നു..... വഴി രണ്ടാവുന്നു... ഒന്നില്‍ ഞാനും, അടുത്തതില്‍ നീയും.. യാത്ര തുടങ്ങുന്നു നമ്മള്‍ തീര്‍ന്നിടത്തു നിന്നും എന്നിലേക്കും നിന്നിലേക്കും...... ദൂരം ഏറെയുണ്ട്, വഴിയില്‍, കഴിഞ്ഞതൊന്നും ഇഴകീറി പരിശോധിച്ചില്ലെങ്കില്‍ ഇനിയൊരിക്കല്‍ പരസ്പരം കാണാന്‍ കഴിയാത്ത സഞ്ചാരികളാകുന്നു ഞാനും നീയും..... നമ്മളറിഞ്ഞ ഒരുപാട് നിമിഷങ്ങളെക്കാള്‍ അറിയാതെ പോയ ഒരു നിമിഷത്തിനു വേണ്ടിയാണ് ഈ വേര്‍പിരിയല്‍.... തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നറിഞ്ഞിട്ടും തീര്‍ക്കാതെ പോകുമ്പോള്‍.. അനിവാര്യതയാകുന്നു.. നിനക്ക് വേണ്ടി എനിക്കിനിയും എന്നെ കുറ്റപ്പെടുത്താന്‍ ആവില്ല... ഞാന്‍ സ്വാര്‍ത്ഥനാവുന്നു.... എനിക്ക് വേണ്ടി നീയും ഇനി നിന്നെ കുറ്റപ്പെടുത്തരുത്.... വേദനിക്കുമ്പോള്‍ എനിക്ക് സമാധാനിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.. കാലം.. സമയം.. മനസ്സ്.. ഇതൊക്കെ പറഞ്ഞു ഞാന്‍ സമാധാനിക്കും... അപ്പോഴും എനിക്ക് നിന്നോട് പറയാനുള്ളത് ഒന്ന് മാത്രം, വേദനിക്കാതിരിക്കുക.... മനസ്സാക്ഷിയെ അംഗീകരിക്കുക.. നീയും ഞാനും ശരിയെന്നു ചിന്തിക്കുന്നത് തെറ്റല്ല എന്ന് ബോധ്യമുള്ളെടത്തോളം കാലം, അത് വരെ മാത്രം, നീ/ഞാന്‍ തന്നെയാണ് ശരിയെന്നു വിശ്വസിക്കുക.. അതില്‍ ഞാന്‍ നിന്നെയോ, നീ എന്നെയോ കുറ്റം പറയരുത്... തിരുത്താന്‍ നമുക്കിടയില്‍ വാക്കുകള്‍ ഇല്ല, വാക്കുകള്‍ നഷ്ടപ്പെട്ടവരാണ് നമ്മള്‍ (അല്ല ഞാന്‍....).. മനസ്സും...!!!! 

Wednesday, April 16, 2014

എത്ര പറഞ്ഞാലാണ് മതിയാവുക....?! ഒരു കുന്നോളം, ഒരു കടലോളം.....? വാക്കുകള്‍ എപ്പോഴാണ് തീരുക... എല്ലാം എന്നാണു പറഞ്ഞു തീരുക... ഒരിക്കലും തീരാത്ത വാക്കുകള്‍... മഴപോലെ, പുഴപോലെ... ഒരിക്കലും വറ്റാത്ത കടല്‍ പോലെ... ഇനിയും പറയാന്‍ ഏറെ ബാക്കി കിടക്കുന്നു...... ഒന്നും പറഞ്ഞില്ലെങ്കിലും..!

എന്‍റെ സ്നേഹം സ്വാര്‍ത്ഥമാവുന്നു എന്ന് തോന്നുമ്പോള്‍ എനിക്ക് നിശ്ശബ്ദനാവേണ്ടി വരുന്നു... മൗനം അകലങ്ങള്‍ തീര്‍ക്കുന്നു എന്ന് പറഞ്ഞ സുഹൃത്തിനോട്... മൗനം മനസ്സിന്‍റെ ഭാഷയാണ്‌.. ഏറെ നന്നായി ആസ്വദിക്കുമ്പോഴും, അഭിനന്ദിക്കണം, ആശംസിക്കണം എന്ന് തോന്നുമ്പോള്‍ പറയാതെ പറയുന്നത് ഹൃദയത്തിന്‍റെ ഭാഷ തന്നെയാണ്... അതില്‍ സ്നേഹമുണ്ട്, ബഹുമാനമുണ്ട്, കരുതലുണ്ട്, ചിലപ്പോഴൊക്കെ വാത്സല്യവും! 

ഒരിക്കല്‍ ഹൃദയത്തോട് ചേര്‍ന്ന് നിന്നവര്‍ എത്ര അകലെ പോയാലും, വെറുത്തെന്നു പറഞ്ഞാലും മറക്കാനോ വെറുക്കാനോ ആവില്ല... ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അവര്‍ എന്‍റെ ജീവിതത്തെ.., എന്‍റെ ആ നിമിഷങ്ങളെ സ്വാധീനിച്ചവര്‍ തന്നെയാണ്... കഴിഞ്ഞു പോയ കാലങ്ങള്‍ മറക്കാതിരിക്കാനുള്ള മനസ്സ് തന്നത് അനുഗ്രഹമോ, ശാപമോ എന്ന് പലവട്ടം ചോദിച്ചു പോകുന്നു..!

Monday, April 14, 2014

വിഷുദിനാശംസകള്‍....

മേടസംക്രമപ്പുലരിയെ സ്വാഗതം ചെയ്യുവാന്‍...... പ്രതീക്ഷകളുടെയും, സന്തോഷത്തിന്‍റെയും നല്ല നാളെകളെ വരവേല്‍ക്കാന്‍.... വിളവെടുപ്പ് കഴിഞ്ഞുള്ള ആഘോഷങ്ങളെ ഹൃദ്യമായി സ്വീകരിക്കാന്‍.... ഒരിക്കല്‍ കൂടി വരവായി നില്‍ക്കുന്ന വിഷു... പലതും, ആഘോഷങ്ങളും, ഓര്‍മ്മകളായി കൂടെയുള്ളപ്പോള്‍ ഗൃഹാതുരത നിറയുന്ന മനസ്സുകള്‍ക്ക് ഹാര്‍ദ്ദമായ വിഷു ആശംസകള്‍....കണികാണാനും, കൈനീട്ടം വാങ്ങാനും ഒരവസരം കൂടി.... പടക്കം പൊട്ടിച്ചും മത്താപ്പുകള്‍ കത്തിച്ചും ആഘോഷിക്കാന്‍ ആ ദിനങ്ങള്‍ വീണ്ടും.... 
കണിവെള്ളരിയും കണിക്കൊന്നയും, പറയും നെല്ലും, കോടിമുണ്ടും, പൊന്‍പണവും, നിലവിളക്കും കൃഷ്ണവിഗ്രഹവും, ധാന്യങ്ങളും ഫലങ്ങളും.. പുലരിയുടെ പൊന്‍പ്രഭയില്‍... കത്തിച്ചു വച്ച നിലവിളക്കിനു മുന്‍പില്‍ കണികാണുമ്പോള്‍ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും നല്ല നാളെകള്‍ നിങ്ങള്‍ക്കേവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്.....

കര്‍ണ്ണികാരം പൂത്ത വഴികളില്‍, 
നന്മയുടെ വെയില്‍നാളം മനോഹരമാക്കുന്ന മനസ്സുകളില്‍..,
സ്നേഹത്തിന്‍റെ ആര്‍ദ്രത സൂക്ഷിക്കുന്ന വാക്കുകളില്‍... 
മൗനം മനോഹരമാക്കിയ സൗഹൃദങ്ങളില്‍...  
സന്തോഷം നിറയുന്ന നിമിഷങ്ങളില്‍... 
കൂടെ ഞാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുകളില്‍... 
നിനക്കും, സ്നേഹസൗഹൃദങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ വിഷുആശംസകള്‍.... 
ഐശ്വര്യവും, സമൃദ്ധിയും ഒരു കൊന്നപ്പൂ പോലെ തലയുയര്‍ത്തി നില്‍ക്കട്ടെ....
നാളെകള്‍ മനോഹരമാകട്ടെ....

Friday, April 11, 2014

09/04/2014; Wednesday:

ഇന്നലെ മഴയായിരുന്നു... പടിഞ്ഞാറ് നിന്നും വീശുന്ന കാറ്റില്‍ ശിഖരങ്ങള്‍ ഉലഞ്ഞാടുന്ന മരങ്ങള്‍.... ഇപ്പോള്‍ പൊട്ടും എന്ന തോന്നലുളവാക്കിയ കവുങ്ങുകള്‍.... എത്രയോ നാളുകള്‍ക്ക് ശേഷം തറവാട്ടില്‍ വരാന്തയിലെ അരഭിത്തിയില്‍ വീണ്ടും... ഓര്‍മ്മകളുടെ കൂടാരമാണ് തറവാട്... ഇന്നാരും ഇല്ലാതെ, വല്ലപ്പോഴും മാത്രം ആരെങ്കിലും വന്നാലായി... തനിച്ചിരിക്കണം എന്ന് തോന്നുമ്പോള്‍ ആരുമില്ലാതെ അടച്ചിട്ട അങ്ങോട്ട്‌ പോവുക  പതിവായിരിക്കുന്നു.....! വരാന്തയിലിരുന്നു മതിയാവോളം സ്വപ്നം കാണുക... :) പിന്നെ ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിടുക.... ആരുടേയും തടസ്സപ്പെടുത്തലുകള്‍ ഇല്ലാതെ... ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട് കൊണ്ട്... 

ഓരോ പാട്ടും ഓരോ ലോകത്തേക്ക് കൊണ്ട് പോകും... അങ്ങനെ പല ലോകങ്ങളിലായി എന്നെ ഞാന്‍ തന്നെ മറന്നു പോകും... നിശ്ശബ്ദമായ ആ മറവിയിലായിരുന്നു വീശിയടിച്ച കാറ്റും... പിന്നാലെ ഇടിമിന്നലും മഴയും... പുതുമണ്ണിന്‍റെ ഗന്ധം, തറവാടിലെ വലിയ മുറ്റത്തെ മണല്‍ തരികള്‍ മഴവെള്ളത്തെ പുണര്‍ന്നു സ്നേഹം അറിയിച്ചു... മഴയോടൊപ്പം ഇടിമിന്നല്‍ കൂടി ഉണ്ടെങ്കില്‍ വളരെ നന്നാവും ആ നിമിഷങ്ങള്‍...  ഓരോ മിന്നല്‍പിണരും മാനത്തു വിരിയുന്നത് കാണുമ്പോള്‍, ഓരോ ഇടിനാദവും കാതില്‍ പതിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്.... എല്ലാം മറന്നു മഴയെ സ്നേഹിക്കുന്നതിന്റെയോ... മഴയെ പുണര്‍ന്നു എല്ലാം ഓര്‍ക്കുന്നതിന്റെയോ, ഏതെന്നറിയാത്ത സന്തോഷം....ആകാശം മേഘാവൃതമാകുമ്പോള്‍, മണ്ണിലൊരു തുള്ളി മഴ പതിക്കുമ്പോള്‍ മനസ്സും വല്ലാതെ തണുക്കും... അത് വരെയുള്ള എല്ലാ ദ്വേഷവിദ്വേഷങ്ങളെയും, വേദനകളെയും കഴുകിക്കളഞ്ഞാണ് ഓരോ മഴയും വിടവാങ്ങുക... മുറ്റത്ത് കൂടി നീര്‍ച്ചാലുകള്‍ ഒഴുകുമ്പോള്‍ ബാല്യം ഓര്‍മ്മവരും.. പ്രത്യേകിച്ചു, അമ്മയെ പോലെ അല്ലെങ്കില്‍ അമ്മയേക്കാള്‍ ഏറെ, സ്നേഹിച്ച അച്ഛന്‍പെങ്ങളുടെ സാന്നിധ്യം ഓര്‍മ്മയില്‍ നിറയുമ്പോള്‍ ബാല്യം ഒരിക്കലും മറക്കാത്ത അനുഭവമാകും... എല്ലാവരില്‍ നിന്നും അകലുന്ന കൂട്ടത്തില്‍ എപ്പോഴൊക്കെയോ അവരില്‍ നിന്നും... എങ്കിലും സ്നേഹിച്ചിട്ടേയുള്ളൂ എന്നും...


(ഇനിയും മുഴുവനാക്കാതെ... ഇനി മുഴുവനാക്കാന്‍ കഴിയാതെ...)

Saturday, April 5, 2014

ഇവിടെ മഴയാണ്.... എന്നും...

ഇവിടെ മഴയാണ്....
നീ കൂടെയുള്ളപ്പോള്‍ എന്നും മഴയാണ് ഇവിടെ...
മഴ നനഞ്ഞ് നടക്കാന്‍ എന്തിഷ്ടമെന്നോ..
ഓര്‍മ്മയുണ്ടോ ഒരിക്കല്‍ നമ്മള്‍ കണ്ടത്...
മഴ നനഞ്ഞോടിയെത്തിയ ട്രെയിനില്‍ നിന്നും 
നീയിറങ്ങുന്നതും കാത്ത്...
ഉറങ്ങിപ്പോയ മുഖത്തു മഴത്തുള്ളികള്‍ വീഴ്ത്തി...
ഞാനെത്തി എന്ന് പറഞ്ഞ ആ നാള്‍....
ഒരുപാട് പറയാനുണ്ടായിട്ടും...
ഒന്നും പറയാതെ... 
എന്നാല്‍ എല്ലാം അറിഞ്ഞു കൊണ്ട്...
നനയാന്‍ വേണ്ടി മാത്രം ഒരു കുടക്കീഴില്‍ 
ഒരുമിച്ചു നടന്ന ആ നിമിഷങ്ങള്‍....
ഒന്നുചേരലുകള്‍ പച്ചനിറത്തില്‍ എഴുതിയ ആ ഡയറി...
ഇന്നെന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു....
ഇന്നലെ ആര്‍ക്കു വേണ്ടിയായിരുന്നു 
ചുവന്ന നിറത്തില്‍ ഞാനെഴുതിയത്.....

നിന്നോട്...

എങ്ങനെ പറയാന്‍ കഴിയുന്നു 
ഇത്രമേല്‍ ആര്‍ദ്രമായി...
ഇത്രമേല്‍ സൗമ്യമായി....
പ്രണയത്തെ നീ പറയുമ്പോള്‍
അറിയാതെ ഞാന്‍ പ്രണയിച്ചു പോകുന്നു 
നിന്‍റെ വാക്കുകളെ...
സ്നേഹിച്ചു പോകുന്നു..
വാക്കുകളേക്കാള്‍
പ്രണയത്തെ കുടിയിരുത്തിയ നിന്‍റെ മനസ്സിനെ...
ഇഷ്ടപ്പെട്ടു പോകുന്നു...
നിന്നെ മുഴുവനായി...
കടലാഴവും ഗഗനാതിര്‍ത്തിയും
നീ പറഞ്ഞു കഴിഞ്ഞു..
അതിര് തീര്‍ന്ന വഴിയും...
പിന്നൊരു പകലിരവും നീ നടന്നു കഴിഞ്ഞു...

"എന്ത് കൊണ്ടാണ് ചിലരെ നഷ്ടപ്പെടുന്നത്..?"
നീ ചോദിക്കുമ്പോള്‍ അറിയാതെ ഇടറുന്നുണ്ട് ഹൃദയം!
"ചിലരെന്തേ ഇങ്ങനെ..? 
അടുക്കുന്തോറും അകലാനൊരു കാരണം തേടുന്നു...?"
നീ ആത്മഗതമോതുമ്പോള്‍ കേട്ടില്ലെന്നു 
നടിക്കേണ്ടി വരുന്നെനിക്ക്..!
"മൗനം കൊണ്ട് മനസ്സ് മുറിയില്ലെങ്കില്‍ പിന്നെ
നമ്മള്‍ ഇത്രയും സംസാരിച്ചത് എന്തിനായിരുന്നു...?"
ഉത്തരമില്ല, എനിക്കിന്നും ഉത്തരമില്ല... 
നിന്നോട് പറയാന്‍ എന്നേ വാക്കുകള്‍ നഷ്ടപ്പെട്ടവനാണ്‌ ഞാന്‍!
"നിന്‍റെ ആരുമാല്ലാതാവാനും, നിന്റേത് മാത്രമാവാനും എനിക്ക് കഴിയില്ല.."
നീ പറയുമ്പോള്‍ ഞാനോര്‍ത്തത് ഞാന്‍ മറന്നതെല്ലാമായിരുന്നു!!!
"നീ" എന്ന വാക്കിനെ വ്യഖ്യാനിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം പരാജയപ്പെടുന്നു.... "ഞാന്‍" എന്ന വാക്കിന്‍റെ പോലും അര്‍ത്ഥമറിയാത്ത ഞാന്‍!!!
ജനിമൃതികള്‍ക്കിടയില്‍ ഒരിക്കലും ഞാന്‍ നിന്നെ അറിയില്ല...
അതിനു മുന്നേ... അല്ലെങ്കില്‍ അതിനു ശേഷം എന്നെങ്കിലുമൊരിക്കല്‍ സൂര്യചന്ദ്രന്മാരും, നവഗ്രഹങ്ങളും നേര്‍രേഖയില്‍ വരുന്നൊരു ദിനം... ഉദയത്തിന് മുന്നേയും, അസ്തമയത്തിനു ശേഷവുമല്ലാത്ത സമയത്ത്.... അങ്ങനൊരു സമയത്ത് മാത്രം ഞാന്‍ നിന്നെ അറിയും....

Tuesday, April 1, 2014

ചോദിക്കാന്‍ ഞാനായിരുന്നു മറന്നു പോയത്..!

പെയ്തൊഴിഞ്ഞ മഴയില്‍ 
നനയാതെ പോയ നിമിഷങ്ങളെ 
വീണ്ടും ഓര്‍ക്കാതെ...
ഓര്‍മ്മയുടെ നെരിപ്പോടില്‍ ഒരിക്കല്‍ കൂടി 
മനസ്സിനെ നീറാന്‍ അനുവദിക്കാതെ...
പിന്‍വിളികള്‍ക്കായി കാതോര്‍ക്കാതെ...

നീ എന്ന ഒരക്ഷരത്തില്‍ തുടങ്ങി...
സ്നേഹം എന്ന മൂന്നക്ഷരങ്ങളില്‍ കൂടി...
നന്ദി എന്ന രണ്ടക്ഷരങ്ങളില്‍ അവസാനിച്ച്... 
പരസ്പരം അറിഞ്ഞും അറിയാതെയും നമ്മള്‍...

നാടകമാണ് ജീവിതം....
നല്ല വേഷങ്ങളെക്കാള്‍ 
വേഷമില്ലാത്ത ഒരു കാണിയാവാന്‍ 
മാത്രമായിരുന്നു എന്നുമിഷ്ടം...
തിരശ്ശീല താഴുന്നതിനു മുന്നേ ഉറങ്ങാറില്ല....
ഉയരുന്നതിന് മുന്നേ ഉണരാറുമുണ്ടായിരുന്നു...

എവിടെയോ മഴപെയ്യാന്‍ മോഹിച്ചു കൊണ്ട്...
ഒരു വേഴാമ്പല്‍ ഇന്നും വേനലിനെ തേടുന്നു....
മാനത്തു കറുക്കുന്ന മേഘങ്ങളെ കണ്ടു..
ദൂരേക്ക് ഓടി മറയുന്ന മയിലുകള്‍...
മഴവില്ല് കണ്ടു കണ്ണ് പൊത്തുന്ന ബാല്യം..

പാടുന്നുണ്ട് ഒരു ഗാനം... 
കാറ്റ് പതിയെ.... മൂളുന്നുണ്ട് ഏതോ ഒരീണം...
മഴത്തുള്ളികളുടെ ആര്‍ദ്രതയില്‍ നനയുന്നുണ്ട്... 
ചിറകു പോയ ഒരു പക്ഷി എവിടെയോ...

കാണാമറയത്ത് മറയുമ്പോള്‍...
വീണ്ടും മനസ്സില്‍ വ്യഥകള്‍ ഉരുവാകുന്നുണ്ട് വെറുതേ..
സ്വന്താവകാശം നഷ്ടപ്പെടുത്തുമ്പോള്‍ വേദനയുടെ ആഴം
അറിയാതെ പോയിട്ടില്ല ഒരിക്കലും...
എന്നെയോര്‍ത്തല്ല നിന്നെയോര്‍ത്തെന്നു മൗനമായി 
ഒരിക്കല്‍ കൂടി പറയട്ടെ....

ഇടവഴികളിലെ പതിഞ്ഞ കാലൊച്ചകള്‍
തിരിഞ്ഞു നോക്കാനായിന്നെന്നെ പ്രേരിപ്പിക്കുന്നില്ല..
എങ്കിലും എന്നെങ്കിലും ഞാനറിയും അത് നീയായിരുന്നെന്ന്...
അന്നും മനസ്സ് പറയും ഞാന്‍ അറിയാതെ പോയല്ലോ...

ഈ രാവില്‍, വേനലിന്‍റെ ഈ വേവില്‍..
ദൂരെയേതോ നിലാപക്ഷി പാടുന്നുണ്ട്, ആര്‍ദ്രമായി...
നമ്മുടെ ചിന്തകള്‍ക്കും, 
പ്രവൃത്തികള്‍ക്കും അപ്പുറം ചിലതുണ്ട്..
നീ പറയാറുള്ളത് പോലെ... 
ശരിയെന്നു തോന്നുന്നത് ചെയ്യുക...
എന്നിട്ട് നീ ഓര്‍മ്മപ്പെടുത്തും...
ശരിയെന്നു നിനക്കല്ല, മറ്റെല്ലാവര്‍ക്കും തോന്നുന്നതെന്ന്...

എന്തായിരുന്നു നീ പറയാന്‍ മറന്നത്...?
ഒന്നുമില്ല...! 
ചോദിക്കാന്‍ ഞാനായിരുന്നു മറന്നു പോയത്..!

അസ്തമിച്ച സൂര്യന്‍ പറഞ്ഞതെല്ലാം നിന്നെ കുറിച്ചായിരുന്നു... 
കണ്ണുകള്‍ അടച്ചു ഞാന്‍ കേട്ടതെല്ലാം അത് മാത്രമായിരുന്നു... 
ഒരിക്കല്‍ കൂടി ഈ രാവ് പുലരും... 
ഉദയം മനോഹരമാകട്ടെ.....