Saturday, June 1, 2013

ജൂണ്‍, നീയെനിക്ക് എന്നെക്കാള്‍ പ്രിയം.....

ഓര്‍മ്മയുണ്ടോ ...? ഇത് ജൂണ്‍ ..... മഴ നനഞ്ഞു ആദ്യമായി വിദ്യാലയത്തിന്‍റെ പടികള്‍ കയറിയ മാസം.... മഴ പെയ്തു തോരുന്ന പോലെ എത്ര പേരായിരുന്നു അവിടെ കണ്ണീരൊഴുക്കിയത്... എന്തൊരു ബഹളമായിരുന്നു... !ഓരോരുത്തരെയും ബഞ്ചില്‍ ഇരുത്താന്‍ പാടുപെടുന്ന അദ്ധ്യാപികാദ്ധ്യാപകന്‍മാര്‍ .... അമ്മേ.. ഞാനും വരുന്നൂ..... അച്ഛാ.. എന്നേം കൂട്ട്.. എന്ന് വിളിച്ചു ഓടിപ്പോയ നാളുകള്‍, സമാധാനിപ്പിച്ച് തിരിച്ചു കൊണ്ടാക്കുമ്പോള്‍ അടുത്തിരിക്കുന്നവന്‍റെ കരച്ചില്‍ കണ്ടു വീണ്ടും കരഞ്ഞത്... "ദേ ആ കുട്ടീടെ കയ്യിലെ കളര്‍ പെന്‍സില്‍ കണ്ടോ?" എന്ന് ചോദിക്കുമ്പോള്‍ ജിജ്ഞാസ നിറഞ്ഞ കണ്ണുകളോടെ കുറച്ചു നേരം നോക്കിയത്, പിന്നേം കരഞ്ഞത്.... എന്തേ ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്നില്ലേ.....

വേനല്‍ച്ചൂടിന്‍റെയും പൊള്ളുന്ന ദിനങ്ങളുടെയും അവസാനം മഴപെയ്യുന്ന ജൂണ്‍, നീയെനിക്ക് എത്ര പ്രിയം എന്നറിയുമോ... ആദ്യത്തെ വര്‍ണ്ണക്കുട മറക്കുവതെങ്ങനെ.. മഴവെള്ളം തെറുപ്പിച്ച് നടന്ന നാളുകള്‍ ... അഴുക്കു നിറഞ്ഞ വസ്ത്രം കണ്ടു വഴക്ക് പറയുമ്പോഴും, ചേര്‍ത്തു നിര്‍ത്തി സ്നേഹത്തോടെ തലതുവര്‍ത്തി തരുന്ന അമ്മയുടെ സ്നേഹം ഇന്നും അത് പോലെ.... ഒരു പനി വരുമ്പോള്‍ ഉടനെ "വാ നമുക്ക് ഡോക്ടര്‍ടടുത്ത് പോകാല്ലോ" എന്ന് പറയുന്ന അച്ഛന്റെ കരുതല്‍ എങ്ങനെ മറക്കും...

ജൂണ്‍ നീയറിഞ്ഞിരുന്നോ, നിന്നിലെ ഓരോ ദിനവും ഞാന്‍ ആസ്വദിക്കുകയായിരുന്നു... വെറുതെയിരിക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍ എന്തിനധികം ഉറങ്ങുമ്പോള്‍ പോലും ഞാന്‍ നിന്നേ ആസ്വദിക്കുകയായിരുന്നു... നിന്‍റെ മഴമന്ത്രണങ്ങള്‍, നീ പാടുന്ന പാട്ടിന്‍റെ ഈണങ്ങള്‍, മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന മരങ്ങളെ കണ്ടുണരുന്ന പുലരികള്‍ ... നീയറിഞ്ഞിരുന്നോ പ്രിയപ്പെട്ട ജൂണ്‍ ... നീ നല്‍കിയ സ്നേഹം... നീ നല്‍കിയ ആര്‍ദ്രത .. 

ഒരു കുടയുടെ കീഴില്‍ ഒരു പാട് പേരെ ചേര്‍ത്തു നിര്‍ത്തിയ നീയായിരുന്നില്ലേ ജൂണ്‍ എനിക്ക് സൗഹൃദം എന്തെന്ന് പഠിപ്പിച്ചു തന്നത്... എന്‍റെ ജൂണ്‍, നീയെനിക്ക് നല്‍കിയ സൗഹൃദങ്ങളെല്ലാം ഇന്നും മനസ്സിലുണ്ട്... ഇന്നും അവരോടൊപ്പം പങ്കിടാറുണ്ട്, പങ്ക്  വയ്ക്കാറുണ്ട്... 

ജൂണ്‍, നീയിന്നും എന്‍റെ മനസ്സില്‍ മഴപെയ്യിക്കുന്നല്ലോ... ! പുറത്തു പെയ്യുന്ന മഴത്താരാട്ടില്‍ നീയറിയുന്നുവോ, എനിക്കൊന്നു കൂടി ആ ബാല്യത്തിലേക്ക് പോകാന്‍ തോന്നുന്നു... ഒന്ന് കൂടി.... ആദ്യമായി പടികയറിയ വിദ്യാലയത്തില്‍, ആദ്യം കൈ പിടിച്ച കൂട്ടുകാരന്‍റെയടുത്തേക്ക്... ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ഗുരുനാഥന്‍മാരുടെയടുത്തേക്ക്... എന്തേ ജൂണ്‍ നീയും വരില്ലേ എന്‍റെ കൂടെ, ഒരു മാസത്തെ അവധിയില്ലേ നിനക്കും...

നീ നല്‍കിയ, നല്‍കുന്ന ഈ മഴയാണ് ജൂണ്‍ നിന്നെ എനിക്കിത്രമേല്‍ പ്രിയമാക്കുന്നത്,എന്‍റെ സാന്ത്വനം... ഈ മഴ നല്‍കുവാന്‍ നീയില്ലായിരുന്നെങ്കില്‍, എന്‍റെ ജൂണ്‍ ഞാനെന്തു മാത്രം തനിച്ചായേനെ... എങ്കിലും എനിക്കറിയാം പരിഭവങ്ങള്‍ ഉണ്ടെങ്കിലും നീയെത്തും; ഈ മഴയെ എനിക്ക് നല്‍കാനായെങ്കിലും...

എന്‍റെ ജൂണ്‍, നീ കേള്‍ക്കുന്നുണ്ടോ നീ നല്‍കിയ മഴ എനിക്ക് വേണ്ടി കഥകള്‍ പറയുന്നു, പാട്ട് പാടുന്നു.... നീ കാണുന്നുണ്ടോ എന്നെ നനയ്ക്കുന്ന നീ നല്‍കിയ ഈ മഴയെ... 

പ്രിയപ്പെട്ട ജൂണ്‍, 
എത്രമാത്രം നീയെന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു.... 
എത്രമാത്രം നീയെന്‍റെ മനസ്സിനെ താലോലിക്കുന്നു, 
എത്രമാത്രം നീയെന്‍റെ വേദനകള്‍ക്ക് കൂട്ടായിരിക്കുന്നു, 
എത്രമാത്രം നീയെന്‍റെ സന്തോഷങ്ങളില്‍ പൊട്ടിച്ചിരിക്കുന്നു, 
എത്രമാത്രം നീയെന്നെ സ്നേഹിക്കുന്നു...

ജൂണ്‍, നിനക്ക് നല്‍കാന്‍ ഇന്നെനിക്കെന്‍റെ മനസ്സ് മാത്രമല്ലേയുള്ളൂ... എന്‍റെ ജൂണ്‍ നിനക്കറിയോ ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു... പറയാനാവുന്നതിനപ്പുറം... എഴുതാനാവുന്നതിനപ്പുറം... 

ജൂണ്‍, നീ കേള്‍ക്കുന്നുണ്ടോ...? എനിക്ക് നിന്നേ വിളിച്ചു മതിയാകുന്നില്ല... ജൂണ്‍, അറിയുമോ നിനക്ക്,നീയെനിക്ക് ഇത്രമേല്‍ പ്രിയമായത് എന്ത് കൊണ്ടാണെന്ന്... നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ....? നമുക്കിടയിലെ രഹസ്യം നമുക്ക് മാത്രം സ്വന്തം... അല്ലേ ജൂണ്‍ .. നീ പറഞ്ഞുവോ ആരോടെങ്കിലും...? രഹസ്യങ്ങള്‍ രഹസ്യങ്ങളായിരിക്കണം എന്ന് നീ പറഞ്ഞത് മറന്നു പോയിരുന്നു ഞാന്‍, പക്ഷേ ഇന്ന് നീ വന്നില്ലേ എന്നെ ഓര്‍മ്മപ്പെടുത്താന്‍ ....

ജൂണ്‍, ഞാനുറങ്ങട്ടെ.... നിന്‍റെ സ്നേഹത്തില്‍ മതിമറന്നു കൊണ്ട്, നിന്നോടുള്ള സ്നേഹത്തില്‍ മനസ്സ് നിറഞ്ഞു ഞാനുറങ്ങട്ടെ.... നീ നല്‍കിയ മഴ ഇപ്പോഴും പെയ്യുന്നു, എനിക്ക് താരാട്ടായി....

#ഒരോര്‍മ്മത്തെറ്റിനു സ്വന്തം