Friday, September 21, 2012

യാത്ര...

ജന്മ ബന്ധങ്ങളേ നിങ്ങള്‍ക്ക് വിട
കര്‍മബന്ധങ്ങളേ കൂട്ടില്ല നിങ്ങളെ

യാത്രപറയും നേരങ്ങളില്‍
ശുഭയാത്ര വേണ്ടെനിക്കാരില്‍ നിന്നും
ഒരു ചിരി പോലും നിനക്കില്ല ഞാന്‍
കരച്ചിലില്ലെന്നെനിക്കെന്നേയറിയാം

ഇനി യാത്ര, നിതാന്തമായ യാത്ര
ലക്ഷ്യമേതെന്നോ കര്‍മ്മമെന്തെന്നോ
അറിയാത്ത യാത്ര...

ഒഴുകുന്ന പുഴയന്നറിഞ്ഞിരുന്നോ
തന്‍റെ ലക്ഷ്യം കടലായിരുന്നെന്നു
വീശുന്ന കാറ്ററിഞ്ഞിരുന്നോ
തിരകള്‍ക്ക് കൂട്ടായിരിക്കണമെന്നു

ഇല്ലെന്നിരിക്കില്‍ ഞാനെന്തിനറിയുന്നു
എങ്ങോട്ട് പോകണം എന്ത് നേടണമെന്ന്..
എന്‍റെ ലക്ഷ്യങ്ങളെന്നേ കുറിക്കപ്പെട്ടു..
മാര്‍ഗ്ഗങ്ങള്‍ പലതാകിലും നേടുമൊരുനാള്‍

എങ്കിലും കൂട്ടായെനിക്ക് നീ വേണ്ട,
നിന്‍ നിഴല്‍ പോലുമെനിക്കന്ന്യം ..
എന്‍റെ യാത്രകളില്‍ എന്നും ഞാനൊറ്റയ്ക്ക്
ഇന്നും, ഇനിയെന്നും.. എന്നുമെന്നും..

വിട ചൊല്ലാന്‍ നിനക്കവകാശമില്ല
നീയെനിക്കാരുമായിരുന്നില്ല ഇന്നേവരെ
ഇനിയൊരിക്കലും നീയെനിക്കാരുമാകില്ല
ഈയൊരു ജന്മത്തിന്റെ പുറംതോടുകള്‍
ഇവിടെയുപേക്ഷിച്ച് ഞാനെന്നാത്മാവിനെ
തിരയട്ടെ, നഷ്ടപ്പെട്ടുവോയെന്തോ..!!

18 comments:

  1. നിത്യഹരിത,

    എന്‍റെ ലെക്ഷ്യങ്ങളെന്നേ കുറിക്കപ്പെട്ടു...മാര്‍ഗ്ഗങ്ങള്‍ പലതാകിലും നേടുമൊരു നാള്‍....

    യാത്രയിലെ വരികള്‍ ഇഷ്ട്ടായി....

    ReplyDelete
    Replies
    1. ആഭി..
      വരികളിഷ്ടായതില്‍ സന്തോഷം...

      Delete
  2. കവിത നന്നായി.

    ReplyDelete
  3. ഇഷ്ടമായി കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടായതില്‍ സന്തോഷം ഗോപാ...
      [ഇതിനെ കവിത എന്ന് വിളിക്കുമ്പോള്‍ ഞാനാലോചിക്കുവാ ഗോപന്‍റെയും വിജയേട്ടന്‍റെയുമൊക്കെ മറ്റ് പലരുടെയും വരികളെ ഞാനെന്തു വിളിക്കണംന്ന്...:)]

      Delete
  4. പ്രിയപ്പെട്ട സ്നേഹിതാ,

    ഏതു യാത്രയിലും, നിറഞ്ഞ ഹൃദയത്തോടെ,

    യാത്ര സുഖകരമാകണേ എന്ന് പ്രാര്‍ഥിക്കാന്‍,

    ഒരു സൗഹൃദം വേണ്ട എന്ന് പറയാനുള്ള അഹങ്കാരം

    ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു.

    ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ജീവിതം സന്തോഷിക്കാനും,

    കൂടെയുള്ളവരുടെ മുഖത്തു പുഞ്ചിരി സമ്മാനിക്കാനും ആണെന്ന് ഓര്‍ക്കുക.

    ചിത്രം, മനോഹരം !അഭിനന്ദനങ്ങള്‍ !

    ഈ യാത്ര കഴിഞ്ഞു തിരിച്ചു വരുമ്പോള്‍,

    മനസ്സ് നിറയെ സന്തോഷം ഉണ്ടാകട്ടെ !

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,
      ലക്ഷ്യങ്ങളില്ലാത്ത യാത്ര.. എന്നോ കുറിക്കപ്പെട്ട ലക്ഷ്യം തേടിയുള്ള ജീവിത യാത്രയില്‍ മാത്രമേ ആരെയും കൂട്ടാതെയും, വിട പറയലിന് കാത്തു നില്‍ക്കാതെയും യാത്രയാവുകയുള്ളൂ.. ആ യാത്ര കൂടെയുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കില്ല, അത് കൊണ്ടാന്നെ..
      ഈ ഏകാന്തതയില്‍, പുലരിയുടെ ആദ്യ യാമങ്ങളില്‍, പ്രകൃതിയുടെ നിശ്ശബ്ദമായ താരാട്ടില്‍ മനസ്സില്‍ നിറയെ ശാന്തിയും അറിയാത്ത ഏതോ ഒരു സന്തോഷവും മാത്രം...

      സുപ്രഭാതം...
      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ, !

      സുപ്രഭാതം !

      പുലരിയുടെ നിശബ്ദത എത്ര മനോഹരം.ഒത്തിരി ഇഷ്ടമാണ്.

      കണ്ണന്‍ അറിയാതെ, ഒരു യാത്രയും, നടക്കില്ല.

      വേവലാതികളും, ഹൃദയത്തിന്റെ വിങ്ങലും മറന്നു,

      ഈ യാത്ര ആസ്വദിക്കൂ.മഴമേഘങ്ങള്‍ കനിയട്ടെ .

      അനുവും,നീലക്കടലും, കുഞ്ഞുകിളികളും ആശംസിക്കുന്നു, മനോഹരമായ ഒരവധി ദിനം !

      യാത്രയെക്കുറിച്ച് എഴുതുമല്ലോ.

      സസ്നേഹം,

      അനു

      Delete
    3. അനൂ,

      വേവലാതികളും വിങ്ങലുകളുമൊന്നും മനസ്സില്‍ നിറച്ച് പോകേണ്ട യാത്രയായിരുന്നില്ല..
      യാത്ര എപ്പോഴും ആസ്വദിക്കാറുണ്ട്... പ്രത്യേകിച്ച് പുതിയ സ്ഥലങ്ങളില്‍....

      നീലക്കടലിനും കുഞ്ഞിക്കിളികളോടുമൊപ്പം അനു അവധി ദിനം ആഘോഷിച്ചില്ലേ...?

      സുസായാഹ്നം...

      സ്നേഹപൂര്‍വ്വം...

      Delete
    4. പ്രിയപ്പെട്ട സ്നേഹിതാ,

      കടലും കിളികളും കൂട്ടിരുന്ന ഒരവധി ദിനം !

      വീണ്ടും,തിരക്കിലേക്ക് കുതിക്കാന്‍, ഊര്‍ജം നേടാന്‍ ഈ ദിവസം ഉപകരിച്ചു. :)

      മഴമേഘങ്ങള്‍ വിട്ടു നിന്ന ദിവസം...!സാരമില്ല. തണുത്ത കടല്‍കാറ്റു താരാട്ട് പാടുന്നു.

      ഈ ഈണത്തില്‍ എല്ലാം മറന്നു,ശുഭരാത്രി !

      സസ്നേഹം,

      അനു

      Delete
    5. അനൂ,
      കടലിനോടും കിളികളോടും കിന്നാരം പറയാന്‍ കിട്ടുന്ന നിമിഷങ്ങള്‍..
      സന്തോഷവും, സങ്കടവും, വേദനകളും പങ്കുവയ്ക്കാന്‍ ചിലപ്പോള്‍ മനുഷ്യരേക്കാള്‍ നല്ലത് പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ തന്നെ..
      മഴയില്ലിവിടെ... കാറ്റ് കൊള്ളാന്‍ കടലുമില്ലാട്ടോ:)
      കൂട്ടിനു ചീവീടുകളുടെ ശബ്ദമുണ്ട്..

      പ്രിയ കൂട്ടുകാര്‍ക്കെല്ലാം, അനുവിനും ഈ രാത്രി മനോഹരമാകാന്‍ പ്രാര്‍ഥിച്ചുകൊണ്ട്...

      ശുഭരാത്രി!!

      സ്നേഹപൂര്‍വ്വം..

      Delete
    6. പ്രിയപ്പെട്ട സ്നേഹിതാ,

      സുപ്രഭാതം !

      ഈ പുലരി എത്ര മനോഹരം !സൂര്യോദയത്തിനു മുന്‍പുള്ള ശാന്തിയുടെ നിമിഷങ്ങള്‍ !

      ശ്രീ ഉദിത് ചൈതന്യയുടെ പ്രഭാഷണം കേട്ടു കൊണ്ടു, കുഞ്ഞിക്കിളികളുടെ കലപില ആസ്വദിച്ചു, ഈ വരികള്‍ കുറിക്കുമ്പോള്‍, ഹൃദയം നിറയെ ആഹ്ലാദമുണ്ട്.

      കുരുവികളും പ്രാവുകളും കാക്കകളും, ഇപ്പോള്‍ ടെറസ്സില്‍ വരും;അരി മണികളും,റൊട്ടിക്കഷ്ണങ്ങളും കഴിക്കാന്‍.

      ഉദ്യാന നഗരത്തില്‍ കടലില്ല എന്നറിയാം. മഴമേഘങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കനിയാം.

      പുതിയ പോസ്റ്റിനുള്ള സമയമായി,കേട്ടോ.
      ഈ ദിവസം സുന്ദരമാകട്ടെ !ശുഭദിനം.

      സസ്നേഹം,

      അനു

      Delete
    7. അനൂ,
      ഹൃദയത്തില്‍ നിറയെ ആഹ്ലാദം നിറച്ച് പറവകളെയൂട്ടുമ്പോള്‍, അവയുടെ കലപില ശബ്ദത്തില്‍ നന്ദി വാക്കുകള്‍ ഒഴുകുമ്പോള്‍ മനസ്സില്‍ സമാധാനം നിറയുമെന്നു..

      ഉദ്യാനനഗരിയിലല്ല, സ്വന്തം നാട്ടില്‍..... മറ്റൊരു സ്ഥലത്ത്.. മഴ വിട്ടൊഴിഞ്ഞ ദിനങ്ങളോടൊപ്പം..

      മനസ്സില്‍ സന്തോഷമോ വേദനയോ ഏതെങ്കിലും ഒന്ന്, അല്ലെങ്കില്‍ രണ്ടും അധികരിക്കുമ്പോള്‍ ലഘുവാക്കാന്‍ വേണ്ടി മാത്രം എഴുത്ത്.. ബാക്കി വായന..

      നല്ല നിമിഷങ്ങള്‍ നേര്‍ന്നുകൊണ്ട്...
      സ്നേഹപൂര്‍വ്വം..

      Delete
  5. പ്രിയ സുഹൃത്തെ,

    നന്നായ് എഴുതി കേട്ടോ.

    പ്രിയപെട്ടവര്‍ ഹൃദയം നിറയെ സ്നേഹം പകര്‍ന്നു തരാന്‍ വരുമ്പോള്‍. വേണ്ട എന്ന് പറയരുതേ.

    ഒരുമിച്ച് ഒരു പുഴയായ് ഒഴുകാം. സ്നേഹമായി കടലില്‍ നിറയാം. തിരകളാകാം. തീരത്തെ തഴുകി ഒഴുകി തിരികെ പോയ്‌ വീണ്ടും തിരയായ്‌ തിരിച്ചു വരാം.

    മനസ്സില്‍ എന്നും സന്തോഷം നിറഞ്ഞു കവിയട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നു.

    സ്നേഹത്തോടെ,
    ഗിരീഷ്‌.

    ReplyDelete
    Replies
    1. പ്രിയ സൗഹൃദമേ..

      സ്നേഹം നിറഞ്ഞ അഭിപ്രായത്തിന് ഹാര്‍ദ്ദവമായ നന്ദി..
      തിരയ്ക്ക് തീരമെന്നത് പോലെ..
      പുഴയ്ക്ക് കടലെന്നപോലെ ..
      സ്നേഹിക്കാം നമുക്ക്...
      പങ്കുവയ്ക്കാം...

      സസ്നേഹം...

      Delete
  6. ഇഷ്ടമായി കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി നിധീഷ്..

      Delete