Tuesday, January 29, 2013

മറക്കാനായ് നീ എന്നും ഓര്‍മ്മകളില്‍...പ്രിയപ്പെട്ടവളേ... നാളുകള്‍ അടുത്തടുത്ത് വരുന്നു... ഓര്‍മ്മകളിലും ചിന്തകളിലും എത്ര തന്നെ നിന്നെ മറക്കാന്‍ ശ്രമിച്ചാലും ഈ വരും നാളുകളില്‍ കഴിയുമോ..? ഉദിക്കുന്ന സൂര്യനെ കാണുമ്പോള്‍... കിളികളുടെ കളകളനാദം കേള്‍ക്കുമ്പോള്‍.., ഇളംതെന്നല്‍ വീശുമ്പോള്‍.., മാനത്ത് മഴവില്ല് വിരിയുമ്പോള്‍...., മഴപെയ്യുമ്പോള്‍.., ഉച്ചയ്ക്ക് വേനലില്‍ നടന്നു തളരുമ്പോള്‍, തണല്‍ നല്‍കുന്ന വൃക്ഷത്തെ കാണുമ്പോള്‍.., സായാഹ്ന സൂര്യനെ കാണുമ്പോള്‍.., സന്ധ്യാമേഘങ്ങളേ കാണുമ്പോള്‍.., അസ്തമയച്ചുവപ്പ് കാണുമ്പോള്‍.., കടല്‍ കാണുമ്പോള്‍.., തിരകളെ കാണുമ്പോള്‍.., തീരം കാണുമ്പോള്‍.., രാവിന്റെ മൌനം കേള്‍ക്കുമ്പോള്‍.., രാപ്പാടിയുടെ ഈണം കേള്‍ക്കുമ്പോള്‍..., ഉറക്കം നഷ്ടമാവുമ്പോള്‍..., എപ്പോഴാണ് ഞാന്‍ നിന്നെ ഓര്‍ക്കാതിരിക്കേണ്ടതു...
ഒന്നുചേര്‍ന്ന് ഒന്നായി നമ്മള്‍ നടന്ന വഴികള്‍.. ഒരുമിച്ചു പോയ യാത്രകള്‍.. എല്ലാം ഇന്നൊരു നോവായി അലട്ടുമ്പോഴും നിന്നെ മറക്കാന്‍ ശ്രമിച്ചു കൊണ്ട്... ഈ വര്‍ഷവും ഞാന്‍ യാത്രയാവുന്നു.... വഴികളെല്ലാം ഇന്നുമത് പോലെ... എങ്കിലും കാണുന്നു... ഇലകള്‍ കൊഴിഞ്ഞ മരങ്ങളും.. പൂക്കള്‍ വീണു തീര്‍ന്ന  മുല്ലവള്ളിയും... എന്നിട്ടും അവ കഴിഞ്ഞ നാളുകളിലെ പോലെ ഇന്നും മൌനമായ് ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഇന്നും വന്നില്ലേ..? ദൂരെ പാടുന്ന കുയിലും, ആടുന്ന മയിലും.. ചോദിക്കുന്നു പ്രിയപ്പെട്ടവള്‍ എവിടെ..? ഇനി വരില്ലേ..? ഇന്നാ കുന്നിന്‍ ചെരുവിലോഴുകുന്ന പുഴയിലെ ഓളവും, ഉയരത്തിലെ മലനിരകളും ചോദിക്കുന്നു പ്രിയപ്പെട്ടവളെവിടെ...? ഒന്ന് കണ്ടോട്ടേ...?
ഒന്നായിതീര്‍ന്നൊരുനാള്‍ വരാം എന്ന് പറഞ്ഞവരോടെല്ലാം എന്ത് ഞാന്‍ ചൊല്ലും പ്രിയേ.. എന്ത് കള്ളം പറയും... എങ്ങനെ പറയും..? ഇല്ലെന്നറിയാമെങ്കിലും.. പറഞ്ഞു തരുവാന്‍ ഇന്ന് നീയെന്‍ ചാരെയുണ്ടായിരുന്നെങ്കില്‍...
കുളിര് ചൊരിഞ്ഞു വീശുന്ന കാറ്റും, കാറ്റ് തഴുകുന്ന പുഴയിലെ ഓളങ്ങളും, ഓളങ്ങളില്‍ തുള്ളുന്ന നീലമത്സ്യങ്ങളും, കരയില്‍ ചാഞ്ഞ മരങ്ങളും.. മരങ്ങളിലെ കിളികളും, കിളികളുടെ പാട്ടും, പാട്ടിന്റെ ഈണവും... തൊടിയിലെ പൂക്കളും.. തേന്‍ നുകരുന്ന പൂമ്പാറ്റകളും.. അവയുടെ ചിറകിലെ വര്‍ണ്ണങ്ങളും.. വര്‍ണ്ണങ്ങളില്‍ നിറയുന്ന മഴവില്ലും.. മഴവില്ല് തൊടുന്ന മേഘങ്ങളും, മേഘങ്ങള്‍ മറയ്ക്കുന്ന താരകളും, താരകള്‍ക്ക് കൂട്ടായ രാവും, നീല നിലാവും.... ഇന്നുമത് പോലെ.... നിന്നെ പോലെ... നമുക്കായ് പ്രാര്‍ഥിച്ചുകൊണ്ട്.. നന്മ ചൊരിഞ്ഞു കൊണ്ട്...
പ്രണയം എത്രമേല്‍ തീവ്രമെന്നോ സഖീ.. അന്ന് നിന്നോട്... ഇന്ന് നിന്റെ ഓര്‍മ്മകളോട്... നാളെ നിന്റെ മറവികളോട്... വിരഹവുമത് പോലെ.. പ്രണയം പോലെ..! ചില വാക്കുകള്‍ പോല്‍... അഗ്നിയില്‍ എരിയുന്നപോല്‍....
എന്നില്‍ നിന്നോ നിന്നില്‍ നിന്നോ എന്നറിയാതെ.. മനസ്സിന്നു ദൂരേക്ക് പോകുന്നു സഖീ.. കൈവിട്ടകലേക്ക് പോകുന്നു... ചിന്തകള്‍ക്ക് സ്ഥിരത നഷ്ടപ്പെടുന്നു തോഴീ.. വാക്കുകള്‍ നോവായ്‌ മാറുന്നു.. സാന്ത്വനം പോലും സ്വസ്ഥത നല്കുന്നില്ലല്ലോ പ്രിയേ..
എന്തിനെന്നറിയാതെ നമ്മള്‍ സ്നേഹിച്ചു.. ജീവിതം ഒരാഘോഷമാക്കി... എല്ലാമറിഞ്ഞു നമ്മള്‍ അകന്നു.. ആഘോഷങ്ങളെ പോലെ.. സന്തോഷങ്ങളെ പോലെ എന്നില്‍ നിന്ന് നീയും... നിന്നില്‍ നിന്നും ഞാനും... ചിരിക്കേണ്ട ഓരോ നിമിഷത്തിനു നേരെയും ഇന്ന് മുഖം തിരിക്കുന്നത് ആ നിമിഷങ്ങളില്‍ നീ എന്റെ കൂടെ ഇല്ലെന്ന ചിന്ത ഒന്ന് കൊണ്ട് മാത്രം പ്രിയേ.. എങ്കിലും നിന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഒന്ന് മതി എനിക്കെന്റെ ദുഃഖങ്ങളെ മറക്കാന്‍.. വേദനകളെ മറക്കാന്‍, എന്നെ മറക്കാന്‍... സര്‍വ്വതും മറക്കാന്‍... അപ്പോഴും നിന്നെ മാത്രം ഞാന്‍ ഓര്‍ത്തോട്ടെ... വെറുതെ ഞാന്‍ ഓര്‍ത്തോട്ടെ..... നീ അരുതെന്ന് പറയുന്നത് വരെയെങ്കിലും...

Saturday, January 5, 2013

നിന്നോടൊത്തു ഒരു ദിനം...

ഒരു യാത്രയായിരുന്നു.. എവിടൊക്കെയോ..
അറിയാത്ത വഴികളിലൂടെ...
അറിയുന്ന നിന്റെ കയ്യും പിടിച്ചു കൊണ്ട്..
ഓരോ യാത്രയും മനോഹരം....
ദൂരമേറുമെങ്കില്‍ ഏറെ മനോഹരം..
നീ കൂടെ ഉണ്ടെങ്കില്‍ അതിലേറെ മനോഹരം..
മഞ്ഞു നനഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീണ വഴികളിലൂടെ..
അപ്പൂപ്പന്‍ താടികള്‍ പാറിപ്പറക്കുന്നതും നോക്കി..
മഞ്ചാടിമണികള്‍ വീണുകിടക്കുന്നതും കണ്ടു..
കുറച്ചേറെ പെറുക്കിയെടുത്ത്..
കുറെയേറെ ഉപേക്ഷിച്ചു കൊണ്ട്..
ഒരുമിച്ചുള്ള നിന്നോട് സംസാരിച്ചുകൊണ്ട്..
എത്ര ദൂരം നടന്നു നമ്മള്‍, എന്നിട്ടും മതിവരാതെ..
ഓരോ അപ്പൂപ്പന്‍ താടിയുടെയും പിന്നാലെ എത്ര ഓടി..
ഒരിക്കല്‍ കൂടി പൊയ്പോയ ബാല്യത്തിലൂടെ സഞ്ചരിച്ച പോലെ...
പ്രിയപ്പെട്ടവരുടെ കൈ പിടിച്ചു നടന്ന നാളുകള്‍ ഓര്‍ത്ത്‌ പോയി...
ഇനിയൊരിക്കല്‍ കൂടി വരണം..
ഇവിടെ നിന്നും സൂര്യന്‍ ഉദിക്കുന്നത് കാണണം..
ഉദിക്കുന്നതിന് മുന്നേ ഈ മഞ്ഞില്‍ ഒന്ന് കൂടി നടക്കണം..
കൊഴിഞ്ഞു വീണ ഇലകളെ നോവിക്കാതെ..
പച്ചപിടിച്ചു നില്‍ക്കുന്ന മരങ്ങളോട് കിന്നാരം പറഞ്ഞു കൊണ്ട്..
പാറിനടക്കുന്ന അപ്പൂപ്പന്‍താടികളോട് വഴക്കടിക്കാന്‍..
മഞ്ചാടിമണികള്‍ ഇനിയുമേറെ പെറുക്കിഎടുക്കാന്‍..
ഒരിക്കല്‍ കൂടി..
അന്നും നീ വേണം എന്റെ കൈ പിടിക്കാന്‍.. 
വാതോരാതെയുള്ള നിന്റെ സംസാരം കേള്‍ക്കാന്‍..
ഒരുമിച്ചു കടലകൊറിക്കാന്‍ ഞാനുണ്ടാവും..