Tuesday, July 31, 2012

ബാല്യം...

രജനി തന്‍ മടിത്തട്ടില്‍ തല ചായ്ച്ചു ഞാനെന്‍
ഗതകാല സ്മൃതികള്‍ അയവിറക്കുമ്പോള്‍
ബാല്യമാണാദ്യം  ഓര്‍മ്മയില്‍ വരിക
പിന്നെയെന്‍ ജീവിത വീഥികളും
പൂക്കള്‍ പറിച്ചും പൂപ്പന്ത് മെടഞ്ഞും
പാടവരമ്പിലൂടോടിക്കളിച്ചും
പ്രകൃതിയെ കണ്ടും ദേവനെ നമിച്ചും
കൂട്ടരോടോത്താര്‍ത്തുല്ലസിച്ചും
മണ്ണപ്പം ചുട്ടും കളിയോടം തുഴഞ്ഞും
മഴച്ചാറ്റല്‍ കൊണ്ട് പനി പിടിച്ചും
അമ്മതന്‍ കൈവിരല്‍ തുമ്പ് പിടിച്ചു
അച്ഛന്‍റെ വീട്ടില്‍ പോയിരുന്നതും
സ്നേഹം കൊണ്ടെന്‍റെ മനസ്സ് നിറച്ച
ബന്ധങ്ങളൊരുപാടാസ്വദിച്ചതും
നഷ്ടമാമാബാല്യം ഒരുവട്ടം കൂടിയെന്‍
സ്വന്തമായെങ്കിലെന്നാശിച്ചു ഞാന്‍
ഇല്ലെന്നറിയാമെന്നാലുമിന്നെന്‍
മാനസം വിങ്ങുന്നു നൊമ്പരത്താല്‍

ഒരു ചെമ്പകത്തിന്‍റെ ഓര്‍മ്മയ്ക്ക് (മാത്രം).....

നിനക്കോര്‍മ്മയുണ്ടോ ആദ്യമായി നമ്മള്‍ കണ്ടുമുട്ടിയത്? അന്നെന്നോട് പറഞ്ഞത് നീയോര്‍ക്കുന്നോ? പൂത്ത ചെമ്പകത്തിന്‍റെ ചോട്ടില്‍, ആ ഗന്ധവും ആസ്വദിച്ചു നില്‍ക്കുമ്പോഴായിരുന്നു ആദ്യമായി നീയെന്‍റെ മുന്നില്‍ വന്നത്, അന്ന് നിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വെറുതെ ഒരു ജിജ്ഞാസയ്ക്ക് എന്തെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൂക്കൂട കാണിച്ചു കൊണ്ട് നീ പറഞ്ഞു ഇന്നൊന്നും ചിലവായില്ല, കുട്ടന്‍റെ ഫീസ്‌ നാളെ കൊടുക്കണം, അമ്മയെ ഡോക്ടറെ കാണിക്കണം... ചിരപരിചിതയെ പോലെ പരാധീനതകളുടെ കെട്ടഴിച്ചു പറയുമ്പോള്‍ നിറയുന്ന നിന്‍റെ കണ്ണുകള്‍ ഒപ്പി മാറ്റാന്‍ ഞാന്‍ പറഞ്ഞില്ല.. മനസ്സിന്‍റെ ഘനം അല്പം കുറയട്ടെ എന്ന് കരുതി.. പോകാനൊരുങ്ങുമ്പോള്‍ ഒരു ചെമ്പകമാല  വെറുതെയെങ്കിലും ശ്രീരാമന് ചാര്‍ത്താമെന്നു ഞാനും കരുതി.. നിന്‍റെ കണ്ണിലെ തിളക്കം, അതിലെ പ്രത്യാശ, കണ്ടു ഞാന്‍.. മാല ചാര്‍ത്തുമ്പോള്‍ നിന്നെ വീണ്ടും ഓര്‍മ്മ വന്നു, പ്രാര്‍ത്ഥിച്ചത് നിനക്ക് വേണ്ടി മാത്രം.... നിന്‍റെ വാക്കുകള്‍, കണ്ണീര്‍ എന്‍റെ മനസ്സിനെ അന്നേ നീ നൊമ്പരപ്പെടുത്തിയതല്ലേ.. പിന്നീടെന്നും വാങ്ങുമായിരുന്നു നിന്നെ ഓര്‍ക്കാന്‍ വേണ്ടി മാത്രം... ഒരു നാള്‍ നിന്നെ കണ്ടില്ലെങ്കില്‍ എന്തുപറ്റി എന്ന് മനസ്സ് വല്ലാതെ വിങ്ങുമായിരുന്നു.. ഒരിക്കല്‍ നീയെന്നോട് ചോദിച്ചു എന്നും ഈ മാല വാങ്ങാന്‍ ഞാനുണ്ടാകുമോ എന്ന്, ഇല്ലെന്നു പറഞ്ഞപ്പോള്‍ ഒരു മാല കയ്യില്‍ തന്ന്‌ ഒന്നും പറയാതെ നീയകന്നു.. ആ മാല രാമന് ചാര്‍ത്തിയില്ല.. പിന്നെ രണ്ടു ദിവസം നിന്നെ കണ്ടതുമില്ല. അതിനു ശേഷം നിന്നെ കണ്ടപ്പോള്‍ കയ്യില്‍ പൂക്കൂടയുണ്ടായിരുന്നില്ല... അരികിലെത്തി നീ പറഞ്ഞു, പോകയാണ് ഇനിയൊരുപക്ഷേ കണ്ടെന്നു വരില്ല... എന്തായിരുന്നു ഞാന്‍ നിന്നോട് പറയേണ്ടത്, പോയിക്കോളൂ എന്നോ? അല്ല പോയി വരൂ എന്നോ, ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് നീ പറയുമ്പോള്‍ നീയറിഞ്ഞോ എന്‍റെ മനസ്സ് എത്രത്തോളം കരഞ്ഞെന്ന്? നീ കാണാറുണ്ടായിരുന്നോ കരയുന്ന എന്‍റെ മനസ്സിനെ, എവിടെ ! അല്ലെ? തിരിഞ്ഞു നോക്കരുതേ എന്ന് ഞാന്‍ പറഞ്ഞതും നീ കേട്ടില്ല, മറയുന്നതിനു മുന്‍പ്‌ എത്രവട്ടം നീ പിന്തിരിഞ്ഞു! നിന്‍റെ കണ്മുനകള്‍ എത്ര വട്ടം എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തി... ഇന്നെന്‍റെ ഏകാന്തതയില്‍ വാടിയ ചെമ്പകവും ഒരിക്കലും വാടാത്ത നിന്‍റെ ഓര്‍മ്മകളും മാത്രം..

Tuesday, July 24, 2012

വസന്തം

വസന്തം വരുമ്പോഴെല്ലാം ഞാന്‍ നിന്നെ ഓര്‍ക്കും, അടുത്ത വസന്തം വരെ.
നാമൊരുമിച്ചു  നടന്ന വഴികളിലും, പങ്കിട്ട സായാഹ്നങ്ങളിലും ഒരിക്കല്‍ കൂടി വസന്തം വിരിയുന്നിന്ന്.
നിന്‍റെ ഓര്‍മകള്‍ക്ക്‌ മുകളില്‍ വാടിക്കൊഴിഞ്ഞ പൂക്കള്‍....
നീ പൊഴിച്ച കണ്ണുനീര്‍ത്തുള്ളികള്‍ ഓര്‍മകള്‍ മാത്രമായി...
പകരമായി നല്‍കാനുള്ളത്‌ എന്‍റെ ജീവിതം മാത്രം.
അണയാത്ത വേദനകള്‍ക്ക് ആശ്വാസം നിന്‍റെ വാക്കുകളായിരുന്നു.
മനസ്സിന്‍റെ സാന്ത്വനം നിന്‍റെ സാമീപ്യവും..
എല്ലാം മറക്കാമെന്നു പറഞ്ഞെന്‍റെ നെഞ്ചില്‍ നീ തളര്‍ന്നു വീഴുമ്പോള്‍
ബന്ധങ്ങള്‍ക്ക്‌ നല്‍കിയ വിലക്കൂടുതല്‍ പ്രണയത്തിന്‍റെ അതിര്‍വരമ്പായി
മാറിയതറിഞ്ഞില്ല നാം.. എവിടെ പിഴച്ചു എന്നൊന്നുകൂടി ചിന്തിക്കണോ!
ഒരുപക്ഷെ, ഇന്ന് നീ മറ്റൊരു ചില്ലയിലേക്ക് ചേക്കേറിയിരുന്നില്ലെങ്കില്‍...??
മറക്കാം ഞാന്‍ എല്ലാം.... നിന്‍റെ ഓര്‍മ്മകള്‍ക്ക് മുകളില്‍..
വിരിയുന്നതിനു മുമ്പേ അടര്‍ന്നു പോയൊരു ഇതളിനു മുകളില്‍
ഒരിറ്റു കണ്ണീര്‍ പൊഴിച്ച് കൊണ്ട്.....
എന്‍റെ സ്നേഹത്തിനും, കരുതലിനും അപ്പുറം
നിന്നെ സ്നേഹിക്കാനും, താലോലിക്കാനും
ഒരാള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്
നിന്‍റെ.....നിന്‍റെ മാത്രം

നീ...

എന്തിനായിരുന്നു നീ എന്നെ പിന്തുടര്‍ന്നത്?
നിന്നോട് പറഞ്ഞതല്ലേ എന്‍റെ വഴികള്‍ ഏറെ ദുര്‍ഘടമെന്നു..
എന്നിട്ടും പിന്തുടര്‍ന്നത് നീ, മോഹിപ്പിച്ചതും നീ..
എന്നിട്ട് അകന്നതും നീ തന്നെ!! എന്തിനു വേണ്ടി?
അന്നെ നിനക്കറിയാമായിരുന്നില്ലേ എന്നെ..

Monday, July 23, 2012

എന്‍റെ പ്രണയമേ...

പറയാന്‍ മറന്നൊരു പ്രണയമേ നീ വിരിയാതെ കൊഴിഞ്ഞ പൂവല്ലയോ
മാനം കാണിക്കാതെ ഞാനീ മയില്‍പ്പീലി ഹൃദയത്തിന്‍ താളിലൊളിപ്പിച്ചു വച്ചു.
സുഖമുള്ളൊരു നീറ്റലായി താലോലിച്ചു.
പറയാതെ മറച്ചതാണീ പ്രണയം, ഒരു ചെറു നൊമ്പരമായ് നിന്നെയോര്‍ക്കാന്‍
കാലമേറെ കൊഴിയുമ്പോഴും, മേഘങ്ങള്‍ ഭൂമിയെയൊരുപാട് ചുംബിച്ചപ്പോഴും, ഋതുക്കള്‍ മാറിമാറി വന്നിട്ടും കഴിഞ്ഞില്ല നിന്നോട് പറയാന്‍
എന്തിനോ വേണ്ടി ഞാന്‍ മറന്നത് ഇന്നെന്‍ ചിതയോടൊപ്പം ഇവിടെരിഞ്ഞടങ്ങട്ടെ.

നീ പഠിപ്പിച്ചത്

എന്നും ഒപ്പമുണ്ടാകുമെന്നു നീ പറഞ്ഞപ്പോഴായിരുന്നു ജീവിതത്തില്‍

വര്‍ണ്ണങ്ങള്‍ എങ്ങനെ കോര്‍ക്കണമെന്നു ഞാന്‍ പഠിക്കാന്‍ തുടങ്ങിയത്.

കാത്തിരിപ്പിന് സുഖമുണ്ടെന്നും ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്ക്‌

സൗന്ദര്യമുണ്ടെന്നും ഞാനറിഞ്ഞത്‌ നിന്നെയും കാത്തീ മണല്‍ത്തരികളില്‍

സന്ധ്യകളെ നോക്കിയിരിക്കുമ്പോഴായിരുന്നു. നിന്‍റെ കൈകള്‍ കോര്‍ത്ത്‌

പിടിച്ചു നടക്കുമ്പോഴായിരുന്നു പൂക്കള്‍ക്ക്‌ നിറമുണ്ടെന്നും കാറ്റിനു

സുഗന്ധമുണ്ടെന്നും ഞാനറിഞ്ഞത്‌. ഒരു കുടക്കീഴില്‍ നിന്നെ ചേര്‍ത്തുപിടിച്ചു

നടന്നപ്പോളായിരുന്നു മഴയ്ക്കും പ്രണയഭാവമെന്നു ഞാനറിഞ്ഞത്‌.

നീയൊരുമിച്ചുള്ള ചെറു യാത്രകളിലായിരുന്നു ഞാനെന്‍റെ ജീവിതയാത്രയെ

കണ്ടത്‌. എന്നോ ഒരിക്കലെന്നോട് പിണങ്ങി നീ അകന്നപ്പോഴായിരുന്നു

അകല്‍ച്ചയുടെ വേദനയും കാത്തിരിപ്പിന്‍റെ വിലയും ഞാനറിഞ്ഞത്‌..

മറ്റൊരു കൈകളെ ചേര്‍ത്തണച്ച നിന്‍റെ കൈകള്‍ കണ്ടപ്പോഴായിരുന്നു

എന്‍റെ  കൈകള്‍ ശൂന്യമെന്നും ജീവിതം ഭ്രമമെന്നും ഞാനറിഞ്ഞത്‌..

വെറുക്കുന്നെന്നു നീ പറഞ്ഞില്ലെങ്കിലും കണ്ണിലൂടെ മനസ്സിനെ വായിക്കാന്‍

പഠിപ്പിച്ചത് വെറുതെയാകില്ലെന്നു അന്ന് നീ പറഞ്ഞത്‌ ഞാനോര്‍ക്കുന്നു.

സ്വപ്‌നങ്ങള്‍

കൂരിരുള്‍ നിറഞ്ഞൊരീ കാരാഗ്രഹത്തില്‍ സ്വപ്‌നങ്ങള്‍ ഏറെ തനിച്ച്.... ബലിഷ്ഠ കരങ്ങളാല്‍ ചതയ്ക്കപ്പെട്ട്, കിനിയുന്ന രക്തത്തില്‍ ഉറുമ്പരിച്ച്. തിരിഞ്ഞുനോക്കാന്‍ ഒരാള്‍ പോലുമില്ലാതെ, ദാഹജലം നല്‍കാന്‍ പോലും വിസമ്മതിച്ചു കൊണ്ട്, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നു..

യാത്ര

യാത്ര തുടങ്ങുന്നു,
ബാധ്യതകളുടെ ഭാണ്ഡക്കെട്ടുകള്‍ നിറഞ്ഞ യൗവനത്തെ മറന്ന്,
എന്നും ഒപ്പമുണ്ടാകണമെന്നു കരുതിയ പലരെയും വഴിയിലുപേക്ഷിച്ച്.
വേദനകളെ ഉള്ളിലൊളിപ്പിച്ച്; ഒരു ഒളിച്ചോട്ടം!!
അവശേഷിച്ച ഓര്‍മകളുടെ താളുകള്‍ ചിതലുകള്‍ക്ക് നല്‍കി,
നിറക്കൂട്ടുകള്‍  വെള്ളത്തിലലിയിച്ച്... എവിടേക്കെന്നറിയാതെ...

പ്രണയം പോലെ വെളുത്ത ഓര്‍മ്മ പ്രതലത്തില്‍ കുറിച്ച അതിലേറെ വെളുപ്പുള്ള നിന്‍റെ പേരിനു ആരാണ് മറ തീര്‍ത്തത്‌?
എന്‍റെ പേര് കാണുന്നില്ലല്ലോ എന്ന നിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ക്ക്‌ ഉപ്പ് പോരെന്ന പരിഭവം ഇന്ന് ചിതലുകള്‍ക്ക്.
വാക്കുകളുടെ മൂര്‍ച്ചയില്‍ മുറിഞ്ഞ മനസ്സില്‍ നിന്നും ഒഴുകുന്ന രക്തത്തിന്
ചുവപ്പ് പോരെന്നു കാലം എന്നും.

അര്‍ത്ഥമില്ലാത്ത എന്‍റെ സ്നേഹം ഇനി നാനാര്‍ത്ഥങ്ങള്‍ തേടുന്നു..
നെയ്തു കൂട്ടിയ സ്വപനങ്ങളില്‍ ഇന്ന് ഞാന്‍ പിടയുന്നു...
വിലക്കേര്‍പ്പെടുത്തിയ നിന്‍റെ ജീവിതത്തിലേക്ക് ഇനിയൊരിക്കലും ഞാനില്ല
ഒരുപിടി കരിവളകള്‍ ചിതറിയെന്‍റെ കൈകള്‍ മുറിച്ചു,
നല്‍കാന്‍ മറന്നൊരു സിന്ദൂരം ചാലിച്ച പോല്‍
ഒഴുകുന്ന രക്തത്തില്‍ ഓര്‍മ്മകള്‍ നിറമില്ലാതെ...

യാത്രയായി.... ദൂരേക്ക്‌,
മുനയൊടിഞ്ഞ തൂലികയും ചിറകൊടിഞ്ഞ കിനാക്കളും
നിനക്കായി ബാക്കി വച്ച്....  ചിന്തകളെന്നെ ഭ്രാന്തനാക്കും മുന്നേ
ഒത്തിരി ദൂരേക്ക്‌!!

Sunday, July 22, 2012

ഇത് നിനക്കായി മാത്രം!

വാക്കുകള്‍ നഷ്ടപ്പെടുന്നു, നിനക്ക് മുന്നില്‍,
നിന്‍റെ ദുഃഖങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ മൗനിയാവുന്നു.
നിന്‍റെ ദുഃഖങ്ങളറിയാതെ പോയത്‌ എന്‍റെ തെറ്റ് തന്നെ...
ദുഖങ്ങളെ പങ്കുവയ്ക്കാനും പങ്കുവയ്ക്കപ്പെടാനും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല,
"സന്തോഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കൂടുമെന്നും
ദുഃഖങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുറയു"മെന്നും നീ പറഞ്ഞിരുന്നത് ഞാന്‍ മറന്നതല്ല,
പക്ഷെ എനിക്കാവില്ലായിരുന്നു.. "എന്തെ, ഞാനിങ്ങനെ?" എന്ന് ചിന്തിക്കായ്കയല്ല.
ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന് നീ പറഞ്ഞപ്പോള്‍,
നീയില്ലാതെ എങ്ങനെ ആഘോഷിക്കും എന്നെന്തേ നീയറിയാതെ പോയത്‌...?
ഇന്ന് നിന്നെ ഞാനറിഞ്ഞു വരുമ്പോഴേക്കും നീയെന്നില്‍ നിന്നും ഏറെ അകലെയാണ്...
ഒരുപാട്, എനിക്കെത്തിപ്പിടിക്കാന്‍ കഴിയാത്തത്രയും അകലെ...
അകലങ്ങളുടെ ആരംഭത്തില്‍ നിന്‍റെ കണ്ണില്‍ നിന്നും പൊഴിഞ്ഞ കണ്ണുനീര്‍ത്തുള്ളികളെ ഞാന്‍ അവഗണിച്ചതല്ല...
അകലങ്ങളുടെ അവസാനത്തിലും നിന്‍റെ കണ്ണുനീര്‍ മാത്രമാണ്
എന്നെ നൊമ്പരപ്പെടുത്തിയത്..
എത്ര അകലെയായാലും നീ എന്‍റെ മനസ്സില്‍ തന്നെ...
ആ മനസ്സിനോടിന്നു ഞാനെല്ലാം പങ്കുവയ്ക്കുന്നു...
ഉദയം കഴിയാറായി,
ഇനിയെനിക്കസ്തമയത്തിന്‍റെ നാളുകള്‍,
പിന്നെ ഇരുളില്‍ ഞാന്‍ മാത്രം,
അവിടെ നിന്നോട് കൂട്ടുവരാന്‍ പറയാനെനിക്കാവില്ലായിരുന്നു...
എന്‍റെ ആ ശരികള്‍ നിന്നെ നോവിക്കാതിരിക്കാന്‍
വേണ്ടി മാത്രമായിരുന്നില്ലേ??
അല്ലെന്നറിയാന്‍ ഇന്ന് ഞാനേറെ വൈകിയിരിക്കുന്നു....
ഇനിയൊരുദയം കാത്തിരിക്കുന്നോ എന്നെ?? അറിയില്ല!!
ഇന്ന് നിന്‍റെ അസാനിധ്യമായിരുന്നു
നിന്നെ ഓര്‍മ്മിക്കാനുള്ള കാരണം,
അപ്പോള്‍ പിന്നെ നീയെങ്ങനെ എന്നില്‍ നിന്നും അകലെയാകും..??
ഞാന്‍ തനിച്ചല്ല!! നിന്‍റെ ഓര്‍മ്മകളുണ്ട് കൂട്ടായി...
പിന്നെ.... വെറുതെയെങ്കിലും നീയെത്തുമെന്ന പ്രതീക്ഷയും...

Friday, July 13, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 7

മെല്ലെ മിഴി ചേര്‍ത്തുറങ്ങു നീ.......-
യെന്‍ മുത്തെ..
ആരാ...രിരോ..
താലോലം താരാട്ടാ...യ്‌.....
രാരീരം.. പാടാം ഞാന്‍....
പൊന്നിന്‍ തേ..രിലാകാശം
പോയി വരാം..



കടപ്പാട്

Thursday, July 12, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 6

ഓടും മേഘങ്ങളേ.. ഒരു ദൂത് പോകാമോ..
പോകും വഴിയല്ലയോ.. ദേവതാരു പൂക്കുമിടം..

ശ്യാമ മേഘമേ... കാണുമോ ശശിബിംബം...
കണ്ടുവെന്നാല്‍.... ചൊല്ലുമോ സന്ദേശം...

സുഖമല്ലയോ.... സുഖമല്ലയോ......
കൂട്  വിട്ടു പറന്നുപോയൊരു കൂട്ടുകാരന്
സുഖം തന്നെയോ.......???


കടപ്പാട്‌

Wednesday, July 11, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 5

മനം നൊന്തു പാടും ഇളം രാക്കിളീ....
നിനക്കിന്നു കൂട്ടില്‍ ഉറക്കമില്ലേ....

ഉറങ്ങാതെ ഞാനും വിളിപ്പാടു ദൂരത്ത്...
നടപ്പാത നോക്കി നിലാവിന്‍റെ വെട്ടത്ത്.....

ജനിക്കാതെ പോയൊരോമനയ്ക്കായി....
കാത്തു നില്പു ഞാന്‍.....


കടപ്പാട്

Tuesday, July 10, 2012

രാവിന്‍റെ കണ്ണീര്‍


“ശ്യാം, നിനക്കൊരു കാള്‍... 
ഇതാരാണിത്ര രാവിലെ?! “ആരാണെന്ന്  നോക്ക് ഹരീ, ഞാന്‍ അയേണ്‍ ചെയ്യുകയാ... നീ സംസാരിക്ക് ഞാനിപ്പോള്‍ തന്നെ വൈകി, ഇന്ന് എട്ടുമണിക്ക് എത്തണമെന്നാ ഓര്‍ഡര്‍! വൈകിയാല്‍ പിന്നെ അവന്‍റെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കണം...”
“ആര്‍ടെ?”
“വേറെയാരുടെയാ.. സന്തോയുടെ...”, ഇപ്പൊ തന്നെ സമയം ഏഴു കഴിഞ്ഞു ഇവിടെ നിന്നും ഓഫീസിലേക്ക്‌ അന്‍പതു മിനുറ്റ് വേണം. ബൈക്ക് പണിമുടക്കി ശേഖരേട്ടന്‍റെ വര്‍ക്ക്‌ഷോപ്പിലും. അല്ലെങ്കിലും ഒന്നും ആവശ്യത്തിന് ഉപകാരപ്പെടില്ലല്ലോ!!!
ധൃതിയില്‍ ഇറങ്ങാനൊരുങ്ങുമ്പോഴാണ് ഹരി ഫോണുമായി വന്നത്... ഇതാ, ഇത് പിടി. ബാറ്ററി കുറവാ. എന്‍റെ രൂക്ഷമായ നോട്ടത്തെ വകവയ്ക്കാതെ അവന്‍ പറഞ്ഞു ഏതോ ഒരു നമ്പറാണ് പേര് അഭിയാണെന്ന് പറഞ്ഞു, നീയല്ലെന്നറിഞ്ഞപ്പോള്‍ പിന്നീട് വിളിക്കാം എന്ന് പറഞ്ഞു..
അഭി, എന്‍റെ അഭിയായിരുന്നോ, എടുത്താല്‍ മതിയായിരുന്നു എന്ന് റോഡിലേക്ക് ഇറങ്ങുമ്പോള്‍ ചിന്തിച്ചു. അവനെന്തിനായിരിക്കാം ഇപ്പൊ വിളിച്ചത്‌? നമ്പര്‍ എവിടുന്നു കിട്ടി, ജോസഫ്‌ മാഷ്‌ നല്‍കിയതായിരിക്കും. കുറേക്കാലമായി തമ്മില്‍ സംസാരിച്ചിട്ട്! അപ്പോഴാണ്‌ ഒരു ഓട്ടോ വരുന്നത്, കൈ കാണിച്ചു. “ടൌണിലേക്ക്.”
അഭിയെ തിരിച്ച് വിളിക്കാനായ്‌ ഫോണെടുത്തപ്പോള്‍ അത് ചത്തിരിക്കുന്നു, ഹരിയോട് ദേഷ്യം വന്നു, അഞ്ച് മണിക്ക് തുടങ്ങിയ പണിയാ, മെസ്സേജ് അയക്കലും ഗെയിമും! ഇന്നിനി ഇതു ഓണ്‍ ആവണമെങ്കില്‍ തിരിച്ച് റൂമിലെത്തണം!!
ഓട്ടോയിലിരുന്നു അഭിയെ കുറിച്ചു ചിന്തിച്ചു. ക്യാമ്പസ്സില്‍ വളരെ സജീവമായിരുന്നു... നൃത്തവും പാട്ടുകളും നാടകവും എന്നുവേണ്ട ഒരുവിധം കലാവാസനകളെല്ലാം ഉണ്ടായിരുന്നു... കൂടാതെ, കഴിയില്ലെന്ന് ഉറപ്പുള്ള കാര്യം ചെയ്തെ അടങ്ങൂ എന്ന വാശിയും... പത്തു ദിവസത്തെ എന്‍ എസ്സ് എസ്സ് ക്യാമ്പില്‍ വച്ചാണ് അഭിയെ കൂടുതലറിഞ്ഞത്. ക്യാമ്പില്‍ അവന്‍ സജീവമായിരുന്നു. മടുപ്പുളവാക്കുന്ന പല ജോലികളും അവന്‍ ആവേശത്തോടെ ചെയ്യുന്നത് പൊതുവേ മടിയനായ ഞാന്‍ സാകൂതം നോക്കി നില്‍ക്കുകയാണ് പതിവ്‌, അത് കണ്ടു ജോസഫ്‌ മാഷ്‌ പറഞ്ഞു “ഇങ്ങനെ നോക്കി നില്ക്കാന്‍ അവനെന്താ നിന്‍റെ കേട്ടിയോളോ” എന്ന്. അല്ലെങ്കിലും ഞങ്ങള്‍ വിദ്യാര്‍ഥികളെ ഊതാന്‍ കിട്ടുന്ന ഒരവസരവും അങ്ങേരു പാഴാക്കാറില്ല. ‘ഈ മാഷിന്‍റെ ഒരു കാര്യം.... ഞാന്‍ അവന്‍ ചെയ്യുന്നത് നോക്കി പഠിക്കുകയാണ് അല്ലാതെ കെട്ടണോ വേണ്ടയോ എന്ന തീരുമാനമെടുക്കുകയല്ലെ’ന്നു പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും കേട്ട് മറുപടി പറയേണ്ടത്‌ ജോസഫ്‌ മാഷാണെന്നതിനാല്‍ ഞാന്‍ മൗനം വിദ്വാനു ഭൂഷണം എന്ന് ചിന്തിച്ചു. ഇങ്ങനെയൊക്കെ പറയുമെങ്കിലും സാറിന്‍റെ സാമ്പത്തിക ശാസ്ത്ര ക്ലാസ്സുകളെ ഞങ്ങള്‍ ആരും തന്നെ മിസ്സ്‌ ചെയ്യാറില്ല, അത്ര തന്മയത്വത്തോടെ, ആത്മാര്‍ഥമായി ക്ലാസ് എടുക്കുന്നവര്‍ കോളേജില്‍ കുറവാണ്. മാത്രവുമല്ല എന്ത് സംശയവും കാര്യകാരണസഹിതം വിശദീകരിച്ച് ദൂരീകരിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവ്‌ മാനിക്കാതെ വയ്യ.
കോളേജിന്‍റെ മുകളിലത്തെ നിലയിലായിരുന്നു ഞങ്ങളെല്ലാം രാത്രി വിശ്രമിച്ചത്‌. ഞങ്ങള്‍ കൊതുകുകടി കൊള്ളുമ്പോള്‍ സാറ് താഴെ സ്റ്റാഫ്‌റൂമില്‍ സുഖനിദ്രയിലായിരിക്കും. കൊതുക് കടിയേറ്റ് ഉറക്കം പോയ ഒരു രാത്രിയില്‍ അഭി എന്നോട് പറഞ്ഞു.... “ശ്യാം ആ നക്ഷത്രങ്ങളെ നോക്കൂ”, ഞാനും അത് നോക്കിയിരിക്കുകയായിരുന്നു, കാരണം മേഘങ്ങളില്ലാതെ തെളിഞ്ഞ ആകാശത്ത്‌ നക്ഷത്രങ്ങള്‍ മിന്നിക്കളിക്കുന്നത് കാണാന്‍ വല്ലാത്ത ഭംഗിയാണ്, പ്രത്യേകിച്ച് ആ കാലത്ത്‌.... ഞാന്‍ ചോദിച്ചു “ഓരോ നക്ഷത്രങ്ങളും ഓരോ മുഖങ്ങള്‍ അല്ലെ അഭീ....?” അഭി ഒന്നും പറഞ്ഞില്ല..... “അഭീ...” ഞാന്‍ വീണ്ടും അവനെ വിളിച്ചു. വീണ്ടും മൗനം തന്നെ മറുപടി..
ഞാന്‍ പതിയെ അവന്‍റെ അടുത്തേക്ക്‌ ചെന്ന് നോക്കി. അവന്‍ കിടന്നുകൊണ്ട് നക്ഷത്രങ്ങളെ എണ്ണുകയായിരുന്നു.... സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവന്‍റെ കവിളിലും നക്ഷത്രങ്ങളുടെ പ്രതിബിംബം ഞാന്‍ കണ്ടത്‌.... മടിച്ച് കൊണ്ട് ഞാന്‍ ചോദിച്ചു “അഭീ.. നീ കരയുകയാണോ....” “ഏയ്‌ അല്ല, കണ്ണടയ്ക്കാതെ എണ്ണിയത് കൊണ്ടാ...” എന്തോ എനിക്കതത്ര ദഹിച്ചില്ല. പിന്നീടൊന്നും പറയാതെ ഞാനവിടെ തന്നെ നിന്നു.
“ശ്യാം.. നിനക്കറിയോ. എനിക്കാരുമില്ല” ഒരു നിമിഷം ഞാന്‍ സ്തബ്ധനായി.. എന്നും ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള എന്‍റെ അഭി തന്നെയാണോ ഇത്?! “എന്താ അഭീ, നീയെന്താ ഈ പറയുന്നത്. ആരുമില്ലെന്നോ?”. “അതെ ശ്യാം, എല്ലാരുമുണ്ട് പക്ഷെ ആരുമില്ല” അന്നാണ് അത് വരെ വലിയ ദുഖങ്ങളോന്നും ഇല്ലാതിരുന്ന ഞാനറിഞ്ഞത്‌ പകല്‍ ചിരിക്കുന്ന പലരും ആരും കാണാതെ കരയുന്നത് രാവിലാണെന്ന്.! അഭി വീണ്ടും പറഞ്ഞു, നിലയ്ക്കാത്ത മഴ പോലെ വീണ്ടും വീണ്ടും.... കണ്ണിണ ചിമ്മുന്ന നക്ഷത്രങ്ങള്‍ ഓരോന്നായി പൊഴിഞ്ഞു, ആകാശത്തില്‍ ഇപ്പോള്‍ കാര്‍മേഘം നിറഞ്ഞിരിക്കുന്നു.
ഒരാക്സിഡന്റില്‍ കാലു തകര്‍ന്ന ഡ്രൈവറായിരുന്ന അച്ഛന്‍, കുടുംബം പോറ്റാനായി അന്യവീടുകളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ജോലി ചെയ്യുന്ന രോഗിണിയായ അമ്മ, അമ്മയുടെ അഭാവത്തില്‍ അച്ഛനെ ശുശ്രൂഷിക്കാന്‍ നല്ല മാര്‍ക്കോടെ ഡിഗ്രി പാസ്സായിട്ടും തുടര്‍ പഠനം വേണ്ടെന്നു വച്ച വിവാഹ പ്രായമായ ചേച്ചി... എന്‍റെ കണ്ണില്‍ ഇരുട്ട് കയറുകയായിരുന്നു, കേട്ടറിഞ്ഞിരുന്നു ഇതുപോലുള്ള അനുഭവസ്തരെ പറ്റി.. പക്ഷെ എന്‍റെ അഭിയും അങ്ങനെയാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല....
“ചേട്ടാ നമ്മളിനി വായനശാല വഴി പോകേണം ഇവിടെ റോഡ്‌ പണി നടക്കുകയാ” ഓട്ടോക്കാരന്‍റെ വാക്കുകള്‍ എന്നെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി. ഞാന്‍ വാച്ച് നോക്കി, സമയം എട്ടു മണിക്ക് അഞ്ച് മിനുറ്റ്. വായനശാല വഴി ടൌണില്‍ എത്തണമെങ്കില്‍ ഇനിയും നാല്‍പത്‌ മിനുട്ടെങ്കിലും വേണം, അവിടെ റോഡ്‌ ഉണ്ടോ എന്ന് തന്നെ സംശയമാ.. സന്തോ വിളിച്ചിട്ടുണ്ടാകാം, ഫോണ്‍ ഓഫായിരുന്നല്ലോ! ഹരിയോട് നന്ദി തോന്നി... ഇല്ലെങ്കില്‍ ഓരോ അഞ്ച് മിനുറ്റ് കൂടുമ്പോഴും ഞാന്‍ തെറി കേള്‍ക്കേണ്ടി വന്നേനെ. “വായനശാലയെങ്കില്‍ വായനശാല, വണ്ടി വിട്” ഓട്ടോക്കാരന്റെ മുഖത്തെ പുഞ്ചിരി ഞാന്‍ കണ്ടില്ലെന്നു വച്ചു...
ഞാന്‍ വീണ്ടും ഓര്‍മ്മകളിലേക്ക്.... ഒരു മഴക്കാലത്ത് ഡിഗ്രിയുടെ അവസാന വര്‍ഷത്തിന്‍റെ ആദ്യനാളുകളില്‍ ആയിരുന്നു അഭിയുടെ അച്ഛന്‍റെ അസുഖം മൂര്‍ച്ചിക്കുന്നത്. കാലിലെ ഉണങ്ങാത്ത മുറിവിനൊപ്പം ഷുഗര്‍ കൂടി ആയപ്പോള്‍ നന്നേ കഷ്ടപ്പെട്ടു. മരുന്നിനു പണമില്ലാതെ വന്നപ്പോള്‍ രാവിലത്തെ പാലിനും, പത്രത്തിനും പുറമേ ലോട്ടറി ടിക്കറ്റ്‌ വില്‍ക്കാനും അത്യാവശ്യം കൂലിപ്പണിക്കും പോയിത്തുടങ്ങി അഭി... കോളേജില്‍ വല്ലപ്പോഴുമായി വരവ്... ഇടയ്ക്കെപ്പോഴോ അവന്‍റെ വീട്ടില്‍ പോയിരുന്നു... എന്തോ അവനു അതത്ര ഇഷ്ടപ്പെട്ടതായി തോന്നിയില്ല.... തന്‍റെ വേദന മറ്റാരും അറിയരുതെന്ന് കരുതിട്ടാവാം, അല്ലെങ്കില്‍ എനിക്ക് അവനോടു സഹതാപമായിരിക്കാം എന്ന് കരുതിയിട്ടാവാം. അശേഷം സഹതാപമില്ലായിരുന്നു, ബഹുമാനമായിരുന്നു എനിക്കവനോട്. ഓണം കഴിഞ്ഞതിന്‍റെ അടുത്ത ആഴ്ചയാണ് അഭിയുടെ അച്ഛന്‍ മരിച്ച വിവരം ജോസഫ്‌ മാഷ്‌ വഴി അറിയുന്നത്... ഒരു നിമിഷം മനസ്സൊന്നു തേങ്ങിയോ.. ജോസഫ്‌ മാഷോടൊപ്പം അവിടേക്ക് പോകുമ്പോള്‍ നിറയുകയായിരുന്നു കണ്ണുകള്‍... വീട്ടിലേക്ക്‌ കയറിയപ്പോള്‍ കണ്ടു ജനാലയ്ക്കരികില്‍ ആകാശത്തേക്ക്‌ കണ്ണും നട്ടിരിക്കുന്ന എന്‍റെ അഭിയെ... ജോസഫ്‌ മാഷെ കണ്ടതും എഴുന്നേറ്റ്‌ വന്നു “വെറുതെയായി പോയല്ലോ മാഷെ ഞാന്‍ കഷ്ടപ്പെട്ടത്” എന്ന് പറയുമ്പോഴും അവന്‍റെ കണ്ണുകളില്‍ നീര്‍ പൊടിഞ്ഞിരുന്നില്ല!! “ഒന്നും ഒരവസാനമല്ല മോനേ.. ഇവിടെയാണ്‌ തുടക്കം” മാഷ്‌ പറഞ്ഞതിന്‍റെ പൊരുള്‍ എനിക്കന്നു മനസ്സിലായില്ല. അഭിയോടൊപ്പം ഞാനും ജനാലയ്ക്കരികിലെ കട്ടിലിലേക്ക് നടന്നു. എന്താ ഞാന്‍ നിന്നോട് പറയേണ്ടത്‌, സമാധാനിപ്പിക്കാന്‍ വാക്കുകളില്ലല്ലോ തോഴാ.... എന്ന് മനസ്സില്‍ കരുതി ഞാനവന്‍റെ ഇടത്‌ കൈപ്പത്തിയെടുത്ത് എന്‍റെ കൈകള്‍ക്കുള്ളില്‍ ഭദ്രമായി ചേര്‍ത്തുവച്ചു.. അവന്‍ പതുക്കെ എന്‍റെ തോളിലേക്ക് ചാഞ്ഞു.
കര്‍മങ്ങളെല്ലാം കഴിഞ്ഞു ഞങ്ങള്‍ യാത്ര പറയുമ്പോഴും അവന്‍റെ കണ്ണുകളില്‍ ഒരു നീര്കണം പോലും ഞാന്‍ കണ്ടില്ല. എനിക്കറിയാമായിരുന്നു അവന്‍ കരയില്ല.. ഞാനും യാത്ര പറഞ്ഞു...അവനെ തനിച്ചാക്കിയത്തില്‍ ദുഖമുണ്ടായിരുന്നു, പക്ഷെ തനിച്ചിരിക്കുന്നതാണ് നല്ലതെന്നു തോന്നി, ഒരല്പമെങ്കില്‍ അത്രയും നേരത്തെ അവനൊന്നു പൊട്ടിക്കരഞ്ഞോട്ടെ എന്ന് ഞാനും ആഗ്രഹിച്ചു..
പിന്നെ അവനെ കണ്ടത്‌ ഡിഗ്രി എക്സാം ഹാളിലായിരുന്നു.... എന്നത്തേയും പോലുള്ള ഉത്സാഹം ഇല്ലായിരുന്നെങ്കിലും വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു ആ മുഖത്ത്. ഞങ്ങള്‍ രണ്ടും രണ്ടു ഹാളിലായത് കൊണ്ട് പരസ്പരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
എക്സാം കഴിഞ്ഞതിന്‍റെ അടുത്ത ആഴ്ച മടിയോടെയാണെങ്കിലും ഞാനവന്റെ വീട്ടിലേക്ക്‌ പോയി.. അത് അടച്ചിട്ടിരിക്കുന്നു... അടുത്ത വീട്ടിലെ ശാരദ ചേച്ചി പറഞ്ഞു “കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി അവര്‍ വീട് വിറ്റിട്ട് പോയി...”
വല്ലാത്തൊരു ശൂന്യതായിരുന്നു മനസ്സില്‍ തോന്നിയത്‌... പ്രിയപ്പെട്ടത്‌ എന്തോ നഷ്ടപ്പെട്ടത്‌ പോലെ.... പക്ഷെ ഞാനും പഠിച്ചിരിക്കുന്നു കണ്ണു നിറയാതിരിക്കാന്‍!! രാവില്‍ മാത്രം കരയാന്‍... ആണായി പോയില്ലേ, പകലെങ്ങനെ കരയാന്‍!
“സര്‍, നൂറ്റി അറുപതു രൂപ” ഓട്ടോക്കാരന്‍റെ അധികാരത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക്‌ വേണ്ടി മാത്രമാണ് ഓടിയത്‌ എന്‍റെ എത്രമാത്രം ഓട്ടം നിങ്ങള്‍ കാരണം നഷ്ടപ്പെട്ടെന്നോ’ എന്ന ഭാവത്തിലുള്ള അവന്‍റെ നില്പ് കണ്ടിട്ട് എനിക്കെന്നെ തന്നെയാണ് ഓര്‍മ്മ വന്നത്. ജീവിക്കാന്‍ എന്തെല്ലാം ജോലികള്‍.... എന്‍റെ അഭിയും പോയിരുന്നല്ലോ ഇത് പോലൊരു ശകടവുമെടുത്ത് രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും മറ്റും...
ഒരല്പം  ജാഗ്രതയോടെയാണ് ഓഫീസിലേക്ക് കയറിയത്.
“എവിടെടാ നിന്‍റെ ഫോണ്‍, അതിങ്ങേട് ഞാന്‍ വലിച്ചെറിയട്ടെ” എന്നും പറഞ്ഞു സന്തോ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത്‌ വലിച്ചോരേറു..! ദാ കിടക്കുന്നു എന്‍റെ ആറു വര്‍ഷത്തെ സന്തത സഹചാരിയായിരുന്ന നോക്കിയ.....
ദേഷ്യം വന്നു ഞാന്‍ കയ്യോങ്ങുന്നതിനു മുന്നേ അവന്‍ ബാഗില്‍ നിന്നും ഒരു പാക്കറ്റ് എടുത്തു എന്‍റെ നേര്‍ക്ക് നീട്ടി.. “ദാ ഇത് പിടി, ഇനി നീ പറയില്ലല്ലോ ഫോണില്‍ ചാര്‍ജ്ജ് ഇല്ലെന്നു” എന്നും പറഞ്ഞു നോക്കിയയുടെ തന്നെ ഒരു പുതിയ മോഡല്‍ ഫോണ്‍ എന്‍റെ നേര്‍ക്ക്‌ നീട്ടി. അവന്‍ തന്നെ പൊട്ടിച്ചിതറിയ എന്‍റെ ഫോണില്‍ നിന്നും സിം ഊരിയെടുത്തു പുതിയതില്‍ ഇന്‍സേര്‍ട്ട് ചെയ്തു.
അപ്പോഴാണ്‌ ഓര്‍മ്മ വന്നത്, അഭി.. അഭിയുടെ നമ്പര്‍ ആ ഫോണിലാണല്ലോ എന്ന്, പെട്ടെന്ന്‍ എന്‍റെ മുഖം മ്ലാനമായി... അത് കണ്ടു സന്തോ പറഞ്ഞു “നീ കരുതേണ്ട ഇത് ഫ്രീ ആണെന്ന്, മാസാമാസം ശമ്പളത്തില്‍ നിന്ന് കട്ട്‌ ചെയ്തിട്ട് ബാക്കിയുള്ളതെ നിനക്ക് തരൂ”. ഞാന്‍ എന്‍റെ പഴയ ഫോണ്‍ വാങ്ങി റിസീവ്ഡ് നമ്പര്‍സ് നോക്കി... ശൂന്യം!!!
“എന്തെ, ആരെങ്കിലും വിളിച്ചോ?” ഞാന്‍ പതുക്കെ തലയാട്ടി. എന്നിട്ട് അഭിയുടെ കഥ അവരോടു പറഞ്ഞു. ഒരല്‍പം ആലോചിച്ച ശേഷം അവന്‍ പറഞ്ഞു “വഴിയുണ്ടാക്കാം, നിന്നെ അവസാനം വിളിച്ച നമ്പര്‍ അല്ലെ, ഇപ്പൊ രണ്ടു മണിക്കൂര്‍ കഴിഞ്ഞില്ലേ?” അവന്‍ ഫോണെടുത്ത് കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഡയല്‍ ചെയ്തു, ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അങ്ങേ തലയ്ക്കല്‍ നിന്നും മനുഷ്യ ശബ്ദം ഒഴുകിയെത്തി,
welcome to idea, I am Remya. How can I help you sir?”
വിനീത വിധേയനായി സന്തോ തിരിച്ചു ചോദിച്ചു “മാഡം എന്നെ ഒന്ന് സഹായിക്കാവോ?”
that is what I said already man, come on tell me how? Oh! Sorry dear, പറയൂ ഞാന്‍ എങ്ങനെയാണ് താങ്കളെ സഹായിക്കേണ്ടത്?”
ഇംഗ്ലീഷ് അറിയില്ലെന്ന പുച്ഛം നിറഞ്ഞ ആ കിളിമൊഴിയുടെ സംസാരം സന്തോയെ ചൊടിപ്പിച്ചെങ്കിലും, ആവശ്യക്കാര്‍ ഞങ്ങളായത് കൊണ്ടോ ആ ഡിയര്‍ വിളി കേട്ടത് കൊണ്ടോ അവന്‍ സ്വന്തം പല്ലില്‍ തന്നെ ദേഷ്യം തീര്‍ത്തു. അവന്‍റെ മുഖഭാവം ഞങ്ങളെ ഭയപ്പെടുത്തി. എങ്കിലും ഭാവ്യമായി അവന്‍ ചോദിച്ചു “മാഡം, എനിക്ക് ഈ നമ്പറില്‍ വന്ന ലാസ്റ്റ്‌ ഇന്‍കമിംഗ് കാള്‍ ഡീറ്റയില്‍സ് ഒന്ന് തരാമോ?”
please tell me your name please… oh! Again I am sorry താങ്കളുടെ പേര് പറയൂ?
പല്ലിറുമ്മി കൊണ്ട് സന്തോ പറഞ്ഞു “സന്തോ”
അവന്‍റെ പള്ളിറുമ്മല്‍ കേട്ടിട്ടോ അല്ല സ്റ്റോക്ക്‌ തീര്‍ന്നിട്ടോ എന്തോ പിന്നെ രമ്യ ഇംഗ്ലീഷ് പറഞ്ഞില്ല.
“ക്ഷമിക്കൂ സന്തോ ഈ കണക്ഷന്‍ നിങ്ങളുടെ പേരിലല്ലല്ലോ?”
“കണക്ഷന്‍ ശ്യാമിന്‍റെ പേരിലാ, എന്‍റെ പേര് ചോദിച്ചത്‌ കൊണ്ടല്ലേ ഞാന്‍ സന്തോ എന്ന് പറഞ്ഞത്‌.”
“എങ്കില്‍ മൊബൈല്‍ നമ്പര്‍ ഒന്ന് കണ്‍ഫേം ചെയ്യൂ”
“ഒന്‍പതു, എട്ടു, നാല് ഏഴു,.........”
“ഓ കെ സന്തോ, ഇതില്‍ രാവിലെ 7:02 നു ഒരു കാള്‍ വന്നിട്ടുണ്ട്, അതല്ലേ”
“അ. അതെ, അത് തന്നെ, എനിക്കാ നമ്പര്‍ മാത്രം അറിഞ്ഞാല്‍ മതി”
“കുറിച്ചോളൂ, ഒന്‍പതു, നാല്, നാല്, ഏഴു......”
“OK Remya, thanks a lot… I never see such a co-operative customer care executive in my life. It is nice to speak you. Have a nice time” തന്‍റെ അരിശം മുഴുവന്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞു തീര്‍ത്തതിന്‍റെ നിര്‍വൃതിയില്‍ ഫോണ്‍ കട്ട്‌ ചെയ്യുമ്പോഴും അങ്ങേ തലയ്ക്കല്‍ പ്രതികരണമൊന്നും കേട്ടില്ല... അതോ പ്രതികരിക്കുന്നതിനു മുന്നേ സന്തോ കട്ട്‌ ചെയ്തതോ?!
“എങ്ങനുണ്ട്, നിനക്ക് നമ്പര്‍ കിട്ടിയില്ലേ?”
“ഉം... കിട്ടി കിട്ടി എന്നാലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല”
“എന്തെ നിനക്ക് നമ്പര്‍ വേണ്ടായിരുന്നോ?”
“നമ്പര്‍ അല്ല, ആ പെണ്ണിനോട്‌ നീയിങ്ങനെ പ്രതികാരം ചെയ്യാന്‍ പാടില്ലായിരുന്നു.”
“അല്ല പിന്നെ അവള്‍ക്കെന്താ മലയാളത്തില്‍ പറഞ്ഞാല്‍, ഞാന്‍ US ല്‍ നിന്നൊന്നുമല്ലല്ലോ വിളിച്ചത്‌! നീ വാദിച്ചു നില്‍ക്കാതെ അഭിയെ വിളിക്ക്”
ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അഭിയെ കുറിച്ചറിയാനുള്ള ആകാംക്ഷ അവര്‍ക്കാണ്.!
ഞാന്‍ ആ നമ്പറില്‍ വിളിച്ചു. അല്പസമയത്തിനൊടുവില്‍ അപ്പുറത്ത് നിന്നും മറുപടി കിട്ടി. “ഹലോ ശ്യാം, എന്തുണ്ട് വിശേഷം?", എനെര്‍ജെറ്റിക്‌ ആയുള്ള അവന്‍റെ ശബ്ദം എന്‍റെ സമ്മര്‍ദ്ദം നന്നേ കുറച്ചു. “നന്നായിരിക്കുന്നു, ഇപ്പോള്‍ ഇവിടെ നമ്മുടെ പഴയ സ്കൂളില്‍ നിന്നും ഒരുപാട് മാറി ടൌണില്‍ ഒരു ഓഫീസ് തുടങ്ങിയിരിക്കുന്നു.... നിന്‍റെ വിശേഷങ്ങള്‍ പറ, എത്ര നാളായി കണ്ടിട്ട്, സംസാരിച്ചിട്ട്! ഇപ്പൊ എവിടെയാ”
“ശ്യാം, ഞാന്‍ അടുത്താഴ്ച അമേരിക്കയിലേക്ക് പോകുകയാണ് ഒരു ജോലി ശരിയായിട്ടുണ്ട്, പോകുന്നതിനു മുന്‍പേ നിന്നെ ഒന്ന് കാണണമെന്ന് തോന്നി, കഴിഞ്ഞ ദിവസം ജോസഫ്‌ സാറിനെ കണ്ടിരുന്നു അപ്പോഴാ നിന്‍റെ നമ്പര്‍ കിട്ടിയത്‌. നാളെ നീ ഫ്രീയാണോ. നമുക്ക്‌ വിശദമായോന്നു കാണാം”
“ശരിയെടാ, നാളെ കാണാം” മറ്റൊന്നും പറയാന്‍ തോന്നിയില്ല കാരണം അവന്‍റെ ശബ്ദം മനോഹരമായിരുന്നു. അത് കൊണ്ട് തന്നെ സന്തോഷം തോന്നി.
പിറ്റേന്ന് അഭിയെ കാണാന്‍ എല്ലാരുമുണ്ടായിരുന്നു, ഹരിയും, സന്തോയും എല്ലാവരും.
അഭി ഒരുപാടു മാറിയിരിക്കുന്നു, എന്തും നേരിടാനുള്ള അവന്‍റെ തന്റേടം വീണ്ടും കൂടിയിരിക്കുന്നു...അനുഭവങ്ങള്‍ അവനെ ഇന്നൊരു ഉരുക്കുകായനാക്കിയിരിക്കുന്നു.  ഒന്ന് കൂടി അവന്‍റെ പഴയ പാട്ടും കവിതയും ഞാനിന്നു ആസ്വദിച്ചു. അമ്മയും ചേച്ചിയും ഇപ്പോള്‍ സുഖമായിരിക്കുന്നു... ചേച്ചിയുടെ വിവാഹം അടുത്ത വര്‍ഷം ഉണ്ടാകും, അപ്പോഴേക്കും അവന്‍ ലീവിന് തിരിച്ചു വരികയും ചെയ്യും. വീണ്ടും ആ പഴയ അഭിയെ തിരിച്ചു കിട്ടിയ സന്തോഷത്തിലായിരുന്നു ഞാന്‍, ഒരു പുതിയ സൗഹൃദം കിട്ടിയ സന്തോഷത്തില്‍ ഹരിയും സന്തോയും അവനെ നന്നായി ട്രീറ്റ്‌ ചെയ്തു...
യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ വരാം എന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഏറെ കുറഞ്ഞ സംഭാഷണം കൊണ്ട് മനസ്സില്‍ ഒരുപാടിടം നേടിയ കൂട്ടുകാരനെ നിറഞ്ഞ മനസ്സോടെ യാത്രയയക്കാന്‍ അടുത്ത ശനിയാഴ്ച ഞങ്ങള്‍ എയര്‍പോര്‍ട്ടിലെത്തി...
“അവിടെത്തിയിട്ട് വിളിക്കാമെടാ” എന്നും പറഞ്ഞു അവന്‍ പോകുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുവോ ഈ പകലിലും!!!

Monday, July 9, 2012

എനിക്കേറെയിഷ്ടം ഈ വരികള്‍ - 4

കുസൃതികളൊളിപ്പിച്ച മിഴിയിണയില്‍
കരിമഷി ചാലേ വരച്ചുതരാം....

കവിള്‍ത്തടത്തില്‍ ഞാന്‍ തന്നൊരുമ്മ നീ
കൈത്തലത്തിലെനിക്കായി തിരിച്ചുതരാന്‍...

ആശവച്ചിരിക്കവേയെന്നാത്മവേദിയില്‍
എങ്ങുനിന്നു വന്നു നീ ദത്തുപെങ്ങളായി...

പിന്നെയെന്‍റെ ജീവിതത്തിന്‍ സാന്ത്വനമായി നീ
പിന്നെയെന്‍റെ നഷ്ടബോധമേറ്റുവാങ്ങി നീ.....

ഇനിയുമുള്ള സന്ധ്യകളില്‍ ആടി മേഘമായി
പെയ്തൊഴിയുക സോദരീ ഹൃദയവാടിയില്‍....


കടപ്പാട്

എനിക്കേറെയിഷ്ടം ഈ വരികള്‍ - 3

വാക്കുകള്‍ക്കറിവീല മൂര്‍ച്ച, നിന്‍റെ
വാള്‍ത്തലയ്ക്കറിവീല വേദനാ..
നീ തന്നെ ശ്രുതി ചേര്‍ത്തൊരെന്‍റെ
കളിവീണ മൂകമായി പണ്ടേ...

പ്രണയക്കിളീ........
പ്രാണനെ ചുംബിച്ചെടുക്കാന്‍ വരുന്നൊരു
മരണത്തോടന്നു ഞാന്‍ ചൊല്ലും...
ഒരു മാത്ര മുന്നില്‍ തരാന്‍.....
കടപ്പാട്

എനിക്കേറെയിഷ്ടംഈ വരികള്‍ - 2

ഇനിയെന്തിനീ മഴവില്ലുകള്‍
ഇഴ  പോയോരീ വീണകള്‍
വിട ചൊല്ലുമീ വഴി യാത്രയില്‍
മിഴിനീര്‍ക്കണം മാത്രമായി

പ്രേമഗീതകം പാടി വന്നൊരെന്‍
ശാരികേ നീ മറന്നുവോ
നീറുമെന്‍ കരള്‍ ചില്ലയില്‍ ഒരു
കൂട് കൂട്ടുമെന്നോര്‍ത്തു ഞാന്‍

വിറയാര്‍ന്നുവോ ഹൃദയ രഞ്ജിനി
ഇടറുന്നുവോ പൊന്‍തുടീ....

കടപ്പാട്

എനിക്കേറെയിഷ്ടംഈ വരികള്‍ - 1

ഒരു നുള്ളു കുങ്കുമം നിറുകയില്‍ ചാര്‍ത്തീ....
അരികിലായണയുമ്പോള്‍....., സന്ധ്യേ
വിരഹവിഷാദമോ പരിഭവമോ എന്‍....
സഖിയുടെയാ...ര്‍ദ്ര നയനങ്ങളില്‍......

കടപ്പാട്

Saturday, July 7, 2012

ജന്മം..

മുജ്ജന്മ സുകൃതങ്ങളൊന്നു മാത്രമെന്‍ 
ജന്മത്തിന്നു നിദാനമായെന്നു വരാം 
ഇജ്ജന്മ പാപങ്ങള്‍ ഞാനനുഭവിക്കാം 
പക്ഷേ 
പുണ്ണ്യത്തിന്‍ കണക്കുകള്‍ മറക്കുന്നു ദൈവം 
ദുഖത്തെ ഞാന്‍ ഭയക്കില്ല, പക്ഷേ 
കുറ്റപ്പെടുത്തലുകള്‍ സഹിക്കാന്‍ വയ്യ 
കണ്ണുനീരെന്നെ തളര്‍ത്തില്ല പക്ഷെ 
മുഖം മറച്ച മനസ്സെന്നെ തകര്‍ക്കുന്നുവെന്നും 
അഭിമാനമെന്നെ നയിക്കുന്നുവെന്നും പക്ഷേ 
ദുരഭിമാനമെന്നെ നശിപ്പിക്കുമെന്നും 
മുറിയില്ല മാനസമൊരുനാളും  പക്ഷെ 
മറക്കുന്നു മറവിയുമെന്നേക്കുമെന്നെ 
ശത്രുക്കളോട് ക്ഷമിക്കാം പക്ഷേ 
മിത്രങ്ങളായ് നടിക്കുന്നവരോടോ???
ബന്ധങ്ങളെത്ര ധന്യമാണെന്നാല്‍ 
ബന്ധുക്കളെത്ര ഹീനരെന്നു!!
അറിയില്ലെനിക്കീ ലോകത്തെയൊരുനാളും 
കപടത കൊണ്ട് വാര്‍ത്തതോ 
അഭിനയം കൊണ്ട് തീര്‍ത്തതോ??!
മറക്കില്ലൊരുനാളുമീമണ്ണിനെ 
മനസ്സെരിഞ്ഞു തീര്‍ന്നതിവിടെ!!

Tuesday, July 3, 2012

ഓര്‍മകളുടെ ബന്ധനം!


ജോലിയൊക്കെ കഴിഞ്ഞു ശ്യാം തന്‍റെ ഏഴു നിലയുള്ള ലോഡ്ജിലെ ഏറ്റവും മുകളിലത്തെ മുറിയിലെത്തി. രാവിലെ മുതല്‍ വൈകീട്ട് വരയുള്ള സമ്മര്‍ദ്ദം നിറഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ നിന്നും ആശ്വാസത്തിന്‍റെ മൂന്നോ നാലോ മണിക്കൂറുകള്‍. അതിനിടയില്‍ ഭക്ഷണം പാകം ചെയ്യണം, കുളിക്കണം, താഴത്തെ കുട്ടികള്‍ക്ക്‌ ഒരല്പം ട്യൂഷന്‍ എടുക്കണം,  ഇതെല്ലാം കഴിഞ്ഞിട്ട് വേണം എല്ലാം മറന്നൊന്നുറങ്ങാന്‍...!
    ഇന്ന് വരുമ്പോഴും നല്ല മഴയായിരുന്നു. മുറിയിലെത്തിയപ്പോഴാണ് അതൊരല്‍പ്പം കുറഞ്ഞത്. തനിക്കും മഴ പണ്ടേ ഒരുപാടിഷ്ടമായിരുന്നല്ലോ, മഴയത്ത്‌ ഓടി നടക്കാന്‍, കുളിക്കാന്‍, കടലാസുതോണിയുണ്ടാക്കി നീര്‍ച്ചാലുകളില്‍ ഒഴുക്കാന്‍..... എന്ത് രസമായിരുന്നു ആ ബാല്യം.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത, നിഷ്കളങ്കമായ, വിലമതിക്കാനാവാത്ത.... നഷ്ടം. അല്ലെങ്കിലും തനിക്കെന്നും പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടാനായിരുന്നല്ലോ വിധി. ആ മഴ നനഞ്ഞതിനാലോ എന്തോ മനസ്സിന് വല്ലാത്തൊരു ഘനം. മുറിയിലെത്തി തലതുവര്‍ത്തിയിട്ടും ആ ഘനം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു!
    മഴയത്ത്‌ ഒരു കുളി കഴിഞ്ഞിരുന്നെങ്കിലും പതിവ് തെറ്റിക്കേണ്ട എന്നു കരുതി എണ്ണയും തേച്ച് ഷവറിനു കീഴെ ഒന്നുകൂടി.. അപ്പോഴാണ്‌ ആ ഘനത്തിന്‍റെ കാരണം ഓര്‍മകളായി മനസ്സില്‍ പതുക്കെ ഉരുകിയൊഴുകിയത്‌.
    കുളി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ശ്യാം ടെറസ്സിലേക്ക് പോയി, മഴ കഴിഞ്ഞിരുന്നു.... മാനത്ത്‌ വെളുപ്പും കറുപ്പും മേഘങ്ങള്‍ ചന്ദ്രനെ മറച്ചും പിന്നെ തെളിച്ചും കൊണ്ട് ഒഴുകി നീങ്ങുന്നു... നക്ഷത്രങ്ങളൊന്നും തന്നെയില്ല.. ചീവീടുകളുടെ താളനിബദ്ധമായ നാദം നിലയ്ക്കാതെ പാടിക്കൊണ്ടെയിരിക്കുന്നു... പതുക്കെ കഴിഞ്ഞ ദിവസങ്ങളിലെ ഓര്‍മ്മകള്‍ ശ്യാമിന്‍റെ മനസ്സില്‍ നിറയാന്‍ തുടങ്ങി.
    ആഴ്ചാവസാനമായ അന്ന് വീട്ടില്‍ പോകുമ്പോള്‍ പതിവ് പോലെ വല്ലതും വാങ്ങിക്കണമെന്നു കരുതിയെങ്കിലും രാത്രി ഏറെ വൈകിയെത്തുന്ന തനിക്കായ്‌ തുറന്നിട്ടിരിക്കുന്ന കടകളൊന്നുമില്ലാത്തതിനാല്‍ ഒന്നും വാങ്ങിയില്ല. വീട്ടിലെത്തി ഭക്ഷണം കഴിക്കാനേ നേരമുണ്ടായിരുന്നുള്ളൂ. എല്ലാരും ഉറക്കത്തിന്‍റെ പകുതിയിലായിരുന്നു. ഭക്ഷണം എടുക്കുമ്പോള്‍ പതിവ് പോലെ യാത്ര സുഖമായിരുന്നോ, എന്തേ ഇത്രയും വൈകിയത്‌ എന്ന് ഉറക്കച്ചവടോടെ അമ്മ. സുഖമായിരുന്നു എന്ന മറുപടി. പിന്നീടൊന്നുമില്ല.!
    പിറ്റേന്ന് ഞായറാഴ്ച, യാത്രാക്ഷീണം കൊണ്ട് അല്പമേറെ ഉറങ്ങിപ്പോയിരുന്നു. എഴുന്നേറ്റപ്പോഴേക്കും അച്ഛനും ചിന്നുവും പോയിരുന്നു. ജിത്തു ഒരു മാസത്തിലേറെയായി വന്നിട്ട്, ഈ ആഴ്ചയും ഉണ്ടാവില്ലെന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനു കമ്പനിയില്‍ ജോലി ഒഴിഞ്ഞിട്ടു നേരമില്ല. അമ്മയാവട്ടെ എന്നത്തെയും പോലെ പതിവ് പണികളില്‍ മുഴുകി. ശ്യാം വീണ്ടും തനിച്ച്.. കുറച്ചുനേരം പത്രം വായിച്ചു, പിന്നെ കുറച്ച് ടി വി കണ്ടു. അത് മടുത്തപ്പോള്‍ അല്‍പനേരം അടുക്കളയില്‍ അമ്മയെ സഹായിച്ചു, പണിക്കിടയില്‍ നാട്ടിലെയും കുടുംബത്തിലെയും വിശേഷങ്ങളോരോന്നായ്‌ അമ്മ പറയും, ഇത് മാത്രമാണ് നാടും വീടും കുടുംബവുമായ് തന്നെ ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം എന്ന് ശ്യാമിന് നന്നായറിയാം. അതുകൊണ്ട് അതൊരിക്കലും മുടക്കാറില്ല, ആ സംഭാഷണ ശകലങ്ങല്‍ക്കിടയിലാണറിഞ്ഞത് സൂര്യ ആശുപത്രിയിലാണ്, അവളുടെ കുഞ്ഞ് പുറംലോകം കാണാതെ യാത്രയായെന്നു. എന്തിനെന്നറിയാതെ മനസ്സോരുപാട് നൊന്തു. അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക്‌ പോയി. കതകടച്ചു കിടന്നു, ഓര്‍മ്മകള്‍ ഓരോന്നായ്‌ ചിറകു വിടര്‍ത്തി പറക്കാന്‍ തുടങ്ങി, പക്ഷെ അവയ്ക്ക് പൂമ്പാറ്റകളുടെ ഭംഗിയില്ലായിരുന്നു!
    എന്നായിരുന്നു തനിക്കവളെ നഷ്ടപ്പെട്ടു തുടങ്ങിയത്? കൈകോര്‍ത്തു നടന്ന കുട്ടിക്കാലം, അന്ന് പ്രണയമെന്തെന്നറിയില്ല, എങ്കിലും എന്‍റെ സ്വന്തമെന്നു അഹങ്കരിച്ചിരുന്നു. പിന്നെ കൗമാരം, അന്നവളെ ആരും നോക്കുന്നതു പോലും എനിക്കിഷ്ടമാല്ലായിരുന്നു, കാരണം അവളുടെ മൃദുവായ വിരലുകള്‍ എന്‍റെ കൈത്തണ്ട വിട്ടിരുന്നില്ല. തമ്മില്‍ ഒന്നു കാണാത്ത ഒരു ദിവസം പോലുമില്ല.. കാലം മുന്നോട്ടോഴുകിയപ്പോഴും ഞാനവള്‍ക്കാരെന്നോ, അവളെനിക്കാരെന്നോ ഞാനറിഞ്ഞിരുന്നില്ല, കാരണം ഞാനൊരിക്കലും അവളെ മറ്റൊരാളായ് കണ്ടിരുന്നില്ല, എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു എനിക്കവള്‍.
    ഒടുവില്‍ ഒരിക്കല്‍ ഞാനറിഞ്ഞു ആലോചനകള്‍ ഓരോന്നായ്‌ വരുന്നു, അവള്‍ എന്നില്‍ നിന്നും അകലുന്നു, ഒരിക്കല്‍ എന്നോട് പറഞ്ഞു, ശ്യാം ഞാന്‍ നിനക്കൊരു ഫോട്ടോ മെയില്‍ ചെയ്തിട്ടുണ്ട്, നടക്കുമോ എന്നുറപ്പോന്നുമില്ല. അവളുടെ വാക്കുകളിലെ പതര്‍ച്ച ഞാനറിഞ്ഞു, കാരണം അവളുടെ വകയിലോരനിയത്തി പതിനെട്ടാം വയസ്സില്‍ വിവാഹിതയായി, അവള്‍ക്ക് പത്തൊന്‍പത്‌, അച്ഛനും അമ്മയും വിവാഹത്തിനു നിര്‍ബന്ധിക്കുന്നു, എതിര്‍ക്കാന്‍ അവള്‍ക്ക് വയ്യ. ശ്യാമില്‍ നിന്നും അവളെ അടര്‍ത്തിയെടുക്കാന്‍ കാലം ഒരുക്കിയ ചതിക്കുഴിയായിരുന്നു അവരുടെ പ്രായം. അന്ന് രണ്ടുപേരും ഡിഗ്രിയ്ക്ക് പഠിക്കുന്നു. പെണ്ണിന് പതിനെട്ടും ആണിനു ഇരുപത്തിഒന്നും വിവാഹപ്രായം. അല്ലെങ്കില്‍ തന്നെ ജീവിക്കാനുള്ള വഴികളൊന്നുമില്ലാതെ അവളെ എങ്ങനെ സ്വന്തമാക്കും, അവള്‍ക്കും അത് മനസ്സിലായി. പിന്നെ മറക്കാനൊരു പാഴ് ശ്രമം! രണ്ടു പേരും നന്നായഭിനയിച്ചു... ഞാന്‍ നിന്നെയും നീ എന്നെയും മറന്നെന്നു രണ്ടുപേരും വെറുതെയെങ്കിലും വിശ്വസിപ്പിച്ചു,
                അപ്പോഴും ആലോചനകള്‍ വരുന്നതല്ലാതെ ഒന്നും ഉറക്കുന്നുണ്ടായിരുന്നില്ല, അതായിരുന്നു ഏക ആശ്വാസം. ഡിഗ്രി കഴിഞ്ഞു, ശ്യാം പോസ്റ്റ്‌ ഗ്രാജ്വേഷന്‍ നു ചേര്‍ന്നു. അതിനിടയ്ക്ക് അല്ലറ ചില്ലറ പാര്‍ട്ട്‌ ടൈം ജോലികളും ചെയ്തു, എങ്കിലും ഒരു സ്ഥിര വരുമാനം ഉണ്ടായിരുന്നില്ല. സൂര്യ വീട്ടിലിരുന്നു വിദൂരമായ്‌ എം. എസ് സി ചെയ്തു. ആലോചനകള്‍ പലതും നടന്നു നടന്നില്ല എന്ന മട്ടില്‍ പോയിക്കൊണ്ടിരുന്നു. പലതും പല കാരണങ്ങള്‍ പറഞ്ഞ് സൂര്യ ഒഴിവാക്കുമായിരുന്നു.
    പക്ഷെ അനിവാര്യമായ വിധി, ഒരു എഞ്ചിനീയര്‍ എന്ന രൂപത്തില്‍ വന്നു, എന്തുകൊണ്ടും മോശമല്ലാത്ത ആലോചന. സുന്ദരന്‍, സുമുഖന്‍, സുശീലന്‍, ഇനിയെന്ത് വേണം...! ശ്യാം കോഴ്സ് കഴിഞ്ഞു അടുത്തുള്ള ഒരു ചെറിയ സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെയുള്ളൂ.... എന്ജിനീയരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് ദൂരത്താണ്.
    അങ്ങനെ ഒരു ജൂലൈ 4, സൂര്യയുടെ വിവാഹം. മനസ്സ് നുറുങ്ങുന്ന വേദനയുണ്ടായിട്ടും പോകാതിരിക്കാന്‍ ശ്യാമിനാവില്ലല്ലോ.... ഒരു സഹോദരനെപ്പോലെ നിന്ന് എല്ലാ കാര്യങ്ങളും നോക്കണമെന്ന് സൂര്യയുടെ അച്ഛനും അമ്മയും, അവരെ ധിക്കരിക്കുവതെങ്ങനെ?!
    സൂര്യയുടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ആഴ്ച ശ്യാമിന് ഒരല്പം ദൂരെയുള്ള കമ്പനിയില്‍ ജോലി കിട്ടി. വീട്ടില്‍ നിന്നും ആറേഴു മണിക്കൂറിന്‍റെ ഓട്ടം കാണും കമ്പനിയിലേക്ക്. മറ്റൊന്നുമാലോചിക്കാതെ ആ ജോലി ഏറ്റെടുത്തു, ശമ്പളത്തെക്കാളുപരി ഈ നാടും ഓര്‍മകളും വിട്ട് തിരക്കേറിയ ഒരു ജോലി, അത് മാത്രമായിരുന്നു ഉള്ളില്‍.
    സൂര്യയ്ക്ക് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമായിരുന്നു. കുഞ്ഞുങ്ങളെ ലാളിക്കാനും കൊഞ്ചിക്കാനും അവള്‍ എത്രയേറെ ആഗ്രഹിച്ചിരുന്നു. ആ അവള്‍ക്കാണ് ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത്‌. അവള്‍ ഒരുപാട് സങ്കടപ്പെട്ടു എന്ന് അമ്മ പറഞ്ഞു, അവളെ കാണാനുള്ള കരുത്ത്‌ ശ്യാമിനുണ്ടായിരുന്നില്ല. പിറ്റേന്നുതന്നെ ആ തിരക്കും തേടി വീണ്ടും ജോലിസ്ഥലത്തേക്ക്.
    വീണ്ടും മഴ പെയ്തു.. തോരാതെ... ആരുടെയോ കഥകള്‍ പറഞ്ഞുകൊണ്ട്. ടെറസ്സില്‍ നിന്നും ശ്യാം താഴേക്കു പോയില്ല. മഴയുടെ ആ തണുപ്പിനിടയില്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചുടു നീര്‍കണം തുടച്ചു മാറ്റാതെ ഓര്‍മകളുടെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട്.....