Saturday, September 13, 2014

"എന്താണ് തിരയുന്നത്..?" അഖിയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്..
"എന്റെ ഡയറി.."
എത്ര തിരഞ്ഞിട്ടും കാണാത്തതെന്തേ..!
"അഖീ നീയെടുത്തോ..?"
ഉത്തരത്തില്‍ പലപ്പോഴും കാണാറുള്ള കുറ്റം ആരോപിക്കപ്പെടുമ്പോഴുള്ള ദേഷ്യം ഇല്ലായിരുന്നു..
ഒന്നും പറയാതെ "ഇതല്ലേ..?" എന്ന് ചോദിച്ചു കൊണ്ട് അവന്റെ ഷെല്‍ഫില്‍ നിന്നും എടുത്തു കൊണ്ട് വന്നു..
തിരികെ വാങ്ങുമ്പോഴുള്ള നോട്ടത്തില്‍ "ഒന്നും വായിച്ചില്ല, കുറെ നാളായി നീയിതും നോക്കി വെറുതെയിരിക്കുന്നത് കാണുന്നു. അത് കൊണ്ട് എടുത്തു വച്ചതാണ്.."
ഞാനും ഓര്‍ത്തു.... കുറച്ചു ദിവസങ്ങളായി എല്ലാം മറന്നു താളുകള്‍ ദ്രവിച്ചു തുടങ്ങിയ ഈ ഡയറി തന്നെയായിരുന്നു എന്റെ സമയങ്ങളില്‍ ഏറിയ പങ്കും....
മാഞ്ഞു തുടങ്ങുന്ന 2006... എങ്കിലും മായാത്ത വടിവൊത്ത കയ്യക്ഷരങ്ങള്‍ അതലവിടവിടെ..
ആദ്യത്തെ താളില്‍.. 

"ഒരിക്കല്‍ നമ്മളിത് ഒന്നിച്ചു വായിക്കും.. അന്ന് നമ്മുടെ ചുണ്ടില്‍ കുസൃതി നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടാകും.. കണ്ണുകളില്‍ പോയകാലത്തിന്റെ മധുരസ്മരണകള്‍ വിരിയും.. അന്ന് ചുളിവുകള്‍ വീണ എന്റെ മുഖം പരുപരുത്ത നിന്റെ കൈകളില്‍ നീ കോരിയെടുക്കും... ഇന്നെന്ന പോലെ അന്നും എന്റെ നെറുകില്‍ നീ ചുണ്ടുകള്‍ ചേര്‍ത്തു വയ്ക്കും.. എന്നെ മറന്നു ഞാന്‍ നിന്റെ നെഞ്ചോട്‌ ചേരും... ഒരു ചാരുകസേരയില്‍ നീയും അതിന്റെ കൈവരിയില്‍ ഞാനുമിരിക്കും.. എന്റെ വിരലുകളാല്‍ ഞാന്‍ നിന്റെ നരച്ച മുടികളെ തലോടും.. നീ കണ്ണുകളടയ്ക്കും.. ഞാനെന്റെ മുഖം നിന്റെ തോളില്‍ ചായ്ക്കും... ഒരിളം കാറ്റ് നമ്മെ പൊതിയും... അതില്‍ ഈ ഡയറിയുടെ താളുകള്‍ ഓരോന്നായി പാറി ദൂരേക്ക് പോകും... നമ്മളതറിയില്ല... നമ്മള്‍ പിന്നൊന്നും അറിയില്ല.. ഒരുമിച്ച് ഒന്നായി വീണ്ടും നമ്മള്‍ യാത്ര തുടരും..."

ജീവന്റെ നനുത്ത സ്പന്ദനങ്ങളില്‍ നിന്നും മരണത്തിന്റെ ശീതളിമയിലേക്ക് ഇത്ര മനോഹരമായൊരു യാത്ര... സഖീ ഞാന്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു..  നിനക്ക് ശേഷമുള്ള എന്റെ പ്രണയിനിയെ...!
ഇന്നും ഞാന്‍ നിന്നെ ഓര്‍ത്തു.. ഇവിടെ മഴ പെയ്യുന്നു.. പതിയെ മാത്രം.. നേര്‍ത്തൊരു താളത്തോടെ... പലപ്പോഴായി ഞാന്‍ അത്ഭുതപ്പെടാറുണ്ട് ഈ മഴപ്പാറ്റകള്‍ എന്തേ ഇങ്ങനെ... മണ്‍പുറ്റുകളില്‍ നിന്ന് വെട്ടത്തിലേക്കു പറക്കുകയും ഒടുവില്‍ ചിറകുകള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവ!! എത്ര സങ്കടകരമാണ് ഇത്രമേല്‍ ചിറക് വച്ചുയര്‍ന്നു പറന്നിട്ടും ഒടുവിലൊരു പുഴുവായി താഴെ മണ്ണില്‍..! നീ പറഞ്ഞത് എനിക്കോര്‍മ്മ വരുന്നു.. നമ്മളും മഴപ്പാറ്റകളെ പോലെയാണ്... ഒരുദയം കണ്ടു ആകര്‍ഷിക്കപ്പെടുകയും തീര്‍ത്തും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ താഴെ പതിക്കുകയും ചെയ്യുന്ന ഈയാംപാറ്റകള്‍.. ഇന്നെനിക്ക് ബോധ്യമുണ്ട് നീ ദീര്‍ഘദര്‍ശിയാണ്.. വരുംവായ്കകള്‍ നിനക്ക് നന്നായി അറിയാമായിരുന്നു.. എങ്കിലും എനിക്കിന്നും ആ വീഴ്ച തന്നെയാണ് ഇഷ്ടവും.. നിന്നിലേക്ക്‌ ഉയര്‍ന്നു.. ഏറെ മുകളിലെത്തി നേരെ താഴേക്ക് എല്ലാം മറന്നൊരു വീഴ്ച...! ഓരോ വട്ടവും നിന്നിലേക്ക്‌ വീഴാനായി മാത്രം ഞാനെത്രമാത്രം കരുത്തോടെ പറന്നിരുന്നെന്നോ...! മോഹങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അതിരുകള്‍ ഇല്ലെന്നു പറഞ്ഞത് എത്ര സത്യമാണ്.. ആ പരിധികള്‍ ഇല്ലായ്മയാണ് എന്റെ ലോകം... അവിടെ വെറുതെ പറക്കുക.. ചിറകുകള്‍ ഇല്ലാതെ... നീ കാണുന്നുണ്ടോ.. ഇപ്പോള്‍ എനിക്ക് ചുറ്റും മഴപ്പാറ്റകളാണ്.. പറക്കുന്ന ചിറകുകള്‍ മാത്രമായി.. ദേഹത്ത് വീഴുന്ന പുഴുക്കള്‍ എന്നില്‍ അറപ്പ് ഉളവാക്കുന്നില്ല... എന്താണ് ഞാനും നീയും തമ്മില്‍ വ്യത്യാസം എന്നോതി അവ പതിയെ മണ്ണിലേക്ക്... ഞാനും കൊതിക്കയാണ് ഒരു ഈയാംപാറ്റയുടെ ജന്മം..
തിരഞ്ഞെടുക്കലുകളില്‍ ഞാന്‍ പരാജയമായിരുന്നു... ഇന്നും വസ്ത്രവില്പനശാലകളിലേക്ക് ഞാന്‍ പോകാറില്ല..! ആരൊക്കെയോ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് പാകപ്പെടുകയായിരുന്നു.. അതേ, പാകപ്പെടുക.. സ്വയം മറന്നു നിനക്ക് വേണ്ടി പാകപ്പെടുക.. ശീലമായിരിക്കുന്നു.. അല്ലെങ്കിലും എന്നും അങ്ങനെയായിരുന്നു, ഒടുവില്‍ നിന്റെ വാശികള്‍ തന്നെ ജയിക്കണം.. എനിക്കിഷ്ടമുള്ള നീല മറന്നു ചുവപ്പ് തന്നെ ഞാനണിയണം.. അപ്പോള്‍ അതായിരിക്കണം എന്റെയിഷ്ടവും.. ജയിച്ച നിന്റെ മുഖം... വാശിപിടിച്ചു പലപ്പോഴും അകന്നു പോയപ്പോഴും.. കാര്യങ്ങള്‍ക്കതീതമായി കാരണങ്ങള്‍ തിരഞ്ഞ് മറഞ്ഞെങ്കിലും നിന്നെ തനിച്ചാക്കാന്‍ വയ്യായിരുന്നു.. എന്നെ ഞാന്‍ സ്നേഹിക്കുന്നത്രയും നിന്നെ സ്നേഹിച്ചു പോയതിനാല്‍ വഴിയിലുപേക്ഷിക്കാന്‍ വയ്യാതായിരുന്നു.. എന്നിട്ടും വാക്കുകളുടെ, മൗനങ്ങളുടെ ആശയസംവേദനം നമ്മള്‍ മറന്നിരിക്കുന്നു... ഔപചാരികതയുടെ മേലങ്കികള്‍ അണിഞ്ഞിരിക്കുന്നു... ഒറ്റവാക്കുത്തരങ്ങളില്‍ നമ്മള്‍ നമ്മെ ത്യജിച്ചിരിക്കുന്നു.. എന്നിട്ടും, എന്നിട്ടും ഏതൊക്കെയോ നിമിഷങ്ങളില്‍ എവിടെ.. എങ്ങനെ.. എന്നീ ആകുലതകളില്‍ ഞാനും നീയും എല്ലാം മറക്കുന്നു.. വഴികള്‍ തിരയുന്നു നീ എന്നിലേക്കും ഞാന്‍ നിന്നിലേക്കും.. പക്ഷേ മാഞ്ഞു പോയ വഴികള്‍.. കൊഴിഞ്ഞു വീണ ഇലകളാല്‍ മറയപ്പെട്ട വഴിത്താരകള്‍.. നാളമണഞ്ഞ വഴിവിളക്കുകള്‍.. ആള്‍ത്താമാസമില്ലാത്ത സത്രങ്ങള്‍... തുരുമ്പെടുത്ത വഴിയോരചാരുകസേരകള്‍... എല്ലാം എനിക്കും നിനക്കുമിടയില്‍ അകലങ്ങള്‍ തീര്‍ക്കുന്നു.. വിശ്രമമില്ലാതെ വഴികള്‍ വെട്ടുകയാണ്.. നീ ഉത്തരധ്രുവത്തിലേക്കും.. ഞാന്‍ ദക്ഷിണധ്രുവത്തിലേക്കും...! അപ്പോഴും കാലം പറയുന്നുണ്ടായിരുന്നു...."തിരഞ്ഞെടുക്കലുകളില്‍ നീ അമ്പേ പരാജയമാണ്.."!!

Friday, September 12, 2014

നിനക്കറിയാമായിരുന്നോ...? പല പലപ്പോഴായി ഞാന്‍ നിന്നെ തിരഞ്ഞിരുന്നു.. പലേ വഴികളില്‍... അനാഥമായ സന്ദേശങ്ങളില്‍... മറുപടിയില്ലാതെ പോയ ചെറു സംഭാഷണങ്ങളില്‍.. എവിടെയൊക്കെ.. മനസ്സൊരല്പം ഇടറിയിരുന്നു നിന്നെയോര്‍ത്ത്... എവിടെ, എന്തെ എന്നൊക്കെയറിയാത്ത കുറെ നാളുകള്‍... എങ്കിലും കാലം അങ്ങനെയാണ് പതിയെ എല്ലാം മായ്ക്കും.. എങ്കിലും ചിലപ്പോഴൊക്കെ പതിന്‍മടങ്ങായി ഓര്‍മ്മയില്‍ കൊണ്ട് വരും.... ഒന്നറിയാമായിരുന്നു... ഏറെ മുറിപ്പെടുമ്പോള്‍.. എല്ലാ വേദനകളെയും മറക്കാന്‍ തനിച്ചാണ് നല്ലതെന്ന് എന്നോ എപ്പോഴോ ആരൊക്കെയോ പഠിപ്പിച്ചിരുന്നു.. അങ്ങനൊരു തനിച്ചാകല്‍... ആ തനിച്ചാകലുകളില്‍ നീ എല്ലാം മറക്കുകയായിരിക്കും.. നീ നിന്നെ പാകപ്പെടുത്തുകയായിരിക്കും എന്നോര്‍ത്ത് സമാധാനിച്ചിരുന്നു.... ഇന്ന് നിന്റെ മുഖത്ത് വിഷാദച്ഛായ ഇല്ലെന്നു കരുതാനാണ്‌ എനിക്കിഷ്ടം.. അല്ലെങ്കിലും അതെങ്ങനെയാണ്‌ നിന്റെ കണ്ണുകള്‍ കലങ്ങുക.. അല്ലെങ്കിലും എങ്ങനെയാണ് നിന്റെ മനസ്സിടറുക... നിന്നെയോര്‍ത്ത് തപിക്കുന്ന മറ്റൊരു ഹൃദയമുണ്ടെന്നിരിക്കേ നിനക്ക് പുഞ്ചിരിക്കാതിരിക്കാനാവില്ല തന്നെ... കരുത്താര്‍ജ്ജിച്ചിരിക്കുന്നു നീ.. നിന്നോളം.. മുന്നോട്ടു പോകുവാനുള്ള വഴികള്‍ ഏറെയാണ്‌.. ചില വര്‍ണ്ണങ്ങള്‍ മാഞ്ഞുപോയാലും മറ്റു ചിലത് നിനക്കായ് കനവുകള്‍ നെയ്യുന്നു.. പ്രതീക്ഷിക്കുക... കാരണം നാളെകള്‍ നിനക്ക് വേണ്ടിയാണ്.. എന്നും ഒരാള്‍ക്ക് തന്നെ വേദനകള്‍ നല്‍കാതിരിക്കുകയെന്നത് കാലത്തിന്റെ നീതിയാണ്...

Thursday, September 11, 2014

നാളുകളായിരിക്കുന്നു നിനക്കെഴുതിയിട്ട്.. സ്വപ്നങ്ങളുടെ, സങ്കല്‍പ്പങ്ങളുടെ, കാല്‍പനികതയുടെ ലോകത്ത് നിന്ന് തിരിച്ചു പോന്നതില്‍ പിന്നൊരിക്കലും എഴുതാന്‍ കഴിഞ്ഞിരുന്നില്ല.. ഇന്ന് ഞാന്‍ തിരിച്ചു നടക്കുകയാണ്.. ഈ വഴികളെന്തേ ഇങ്ങനെ..? ആശ്ചര്യപ്പെടാറുണ്ട് ചിലപ്പോഴൊക്കെ.. ഇങ്ങോട്ട് വരുമ്പോള്‍ കണ്ടവരെയെല്ലാം തിരിച്ചു പോകുമ്പോള്‍ കാണുന്നില്ല.. എങ്കിലും അന്ന് നമ്മള്‍ ഒന്നിച്ചിരുന്ന ആ വലിയ മാവ്.. അതിപ്പോഴും അവിടെയുണ്ട്.. ഇലകളൊക്കെ കൊഴിഞ്ഞു പ്രായമേറെ ആയിരിക്കുന്നു.. നിനക്കിനി തരാന്‍ തണല്‍ ബാക്കിയില്ല തടി മാത്രം ഉണ്ട് എന്നെന്റെ കാതില്‍ പറഞ്ഞു... ചുവട്ടിലിരുന്നു ഞാന്‍ കേട്ട നെഞ്ചിടിപ്പെല്ലാം പറയുന്നത് നിന്നെ കുറിച്ചായിരുന്നു.. ഒരു പാട് ചോദിച്ചു.. ഉത്തരങ്ങള്‍ പറയാനറിയാതെ ചോദ്യങ്ങള്‍ മാത്രം കേട്ട് ഞാനും.. ഒരു ചില്ല താഴ്ന്നു വന്നെന്നെ പുണര്‍ന്നു... ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞ പോലെ.. അവസാന തളിരിലയും എനിക്കായി പൊഴിച്ചു... തളര്‍ച്ച മാറി വിട പറഞ്ഞു നടക്കുമ്പോള്‍ മനസ്സില്‍ ഇനിയൊരിക്കല്‍ നമ്മള്‍ കാണില്ല എന്ന് ആരോ പറയുന്നുണ്ടായിരുന്നു.. തീരാത്തത്ര വഴികള്‍ നമ്മള്‍ നടന്നിരുന്നു.. അന്നതറിഞ്ഞിരുന്നില്ലല്ലോ.. പക്ഷേ ഇന്ന് തളര്‍ന്നു പോകുന്നു ഓരോ ചുവടിലും.. അന്ന് ഉറപ്പുണ്ടായിരുന്നു നിനക്ക് വേണ്ടി ഏതൊരു ലോകവും കീഴടക്കാമെന്നു.. എന്നാല്‍ ഇന്ന് ഒരുറപ്പും ഇല്ല.. നിന്നരികില്‍ എത്തുമോ എന്ന് പോലും... 

ഒരു മഴ പൊഴിയുന്നുണ്ട്‌ വഴിയില്‍.. പതിയെ ജലമുയരുന്നുണ്ട്.. നീന്താന്‍ അറിയാത്ത ഞാന്‍ നടക്കുകയാണ്... നിന്നെ ഓര്‍ക്കുകയാണ്.. നിര്‍ബന്ധമുണ്ട്.. അവസാനശ്വാസത്തിലും നിന്റെ പേരെഴുതി വച്ചു വേണം യാത്ര പറയാന്‍.. യാത്ര..! എനിക്കെന്നും യാത്ര തന്നെയായിരുന്നു... ഓരോ നിമിഷവും, ഓരോ നിമിഷവും... ഒത്തു ചേരലുകളില്‍ നിന്ന്.. സന്തോഷങ്ങളില്‍ നിന്ന്.. കൂട്ടായ്മകളില്‍ നിന്ന്... തീര്‍ത്തും തനിച്ചാകലിന്റെ, ഒറ്റപ്പെടലിന്റെ ലോകത്തേക്കുള്ള യാത്ര... ഒരിക്കലും നീ കരുതരുത്.. ഞാന്‍ തനിച്ചാണ് എന്ന്.. നിന്റെ അറിവില്‍ ഞാനൊരിക്കലും തനിച്ചല്ല... എങ്ങനെയാണ് ഞാന്‍ തനിച്ചാവുക... നീ ഓര്‍മ്മകളില്‍ നിറയുവോളം കാലം ഞാന്‍ തനിച്ചല്ല തന്നെ.. നീ വിഷമിക്കരുത്... ഒരു വേള നിന്റെ കണ്ണുകള്‍ നിറയുമ്പോള്‍ മാത്രമാണ് ഞാനൊന്നുമല്ല എന്ന ബോധം വീണ്ടും ഉരുവാകുന്നത്.. അതിനാല്‍, അതിനാലെങ്കിലും നീ നിന്റെ കണ്ണുകള്‍ നിറയ്ക്കാതിരിക്കുക... ചുണ്ടിലൊരു ചിരി വെറുതെയെങ്കിലും അണിയുക...

ഇന്നത്തെ രാവില്‍.. എനിക്ക് കൂട്ടിനു നിലാവുണ്ട്.. നിലാവിനെ നിനക്കും ഏറെ പ്രിയമാണെന്ന് എനിക്കറിയാം.. നിലാവ് പോലെയാവുക... അന്ധകാരത്തില്‍ നീ വെളിച്ചമാവുക... ഞാന്‍ പോവുകയാണ്.. നിന്നിലേക്കുള്ള വഴികളിലൂടെ... എന്നാല്‍ നിന്നിലേക്കല്ലാതെ... നിന്നെ കടന്നു പോകുമ്പോഴും ഒരു നോട്ടം കൊണ്ട് പോലും എന്നെ നീ വിളിക്കരുത്.. നീയെന്നെ കണ്ടില്ലെന്ന തെറ്റായ ധാരണ നീയെനിക്ക് നല്‍കണം..

Sunday, September 7, 2014

ഹാര്‍ദ്ദമായ തിരുവോണാശംസകള്‍...

ചിലപ്പോഴൊക്കെ മനസ്സ് വല്ലാതെ സന്തോഷിക്കും...
വിവരണങ്ങള്‍ക്ക് അതീതമായ കാരണങ്ങള്‍ കൊണ്ട്..
എങ്കിലും അവിടെ ചിലയിടങ്ങളില്‍ ചില ഓര്‍മ്മകള്‍..
മറ്റു ചിലയിടങ്ങളില്‍ ചില കൂടിച്ചേരലുകള്‍..
പിന്നെ അപൂര്‍വ്വം ചില നേരറിഞ്ഞ വേര്‍പാടുകളും..
എന്തായാലും ഇന്നീ നിമിഷം ഓര്‍മ്മകളും ചിന്തകളും നീയും
നല്‍കുന്നതെല്ലാം സന്തോഷമാണെന്ന് പറയാതെ വയ്യ..
​എത്രമേല്‍ പ്രിയമാണ് ഓരോ നിമിഷവും..
എത്രമേല്‍ ഹൃദ്യമാണ് ഈ ദിവസങ്ങള്‍..
എന്ത് കൊണ്ടാണ് ഇന്നിങ്ങനെ എഴുതുന്നത് എന്നറിയുന്നില്ല..
ഒരു പക്ഷേ നിന്റെ സാന്നിധ്യം നല്‍കിയ സന്തോഷമാവാം..
ഓണം.. ഓര്‍മ്മകള്‍... പൂക്കളം.. ആഘോഷങ്ങള്‍.. 
ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്..!
എങ്കിലും ആഘോഷങ്ങള്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് 
പ്രിയമുള്ളവരുടെ ചിരിയോടെയുള്ള സാന്നിധ്യം കാണുമ്പോഴാണ്..
ഈ നിമിഷങ്ങള്‍ എനിക്ക് നല്‍കിയ നിനക്ക് ഹാര്‍ദ്ദമായ നന്ദി..
ഒട്ടും മടിയില്ലാതെ എനിക്ക് പറയാന്‍ കഴിയുന്നുണ്ട്
നീയെനിക്ക് എത്രമേല്‍ പ്രിയമെന്ന്..
എങ്കിലും അതൊരിക്കലും നിന്നെ അറിയിക്കാനല്ല..
എന്റെ ഇഷ്ടങ്ങള്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍..
തീര്‍ച്ചയായും അറിയാതെയും അറിഞ്ഞും നീയതില്‍ ഭാഗമായിരുന്നു.
ഇന്ന്... തിരുവോണം..  ഒരു പൂക്കാലം പോലെ ഗൃഹാതുരമായ ഓര്‍മ്മകള്‍..
പൂപ്പറിച്ചതും പൂക്കളമൊരുക്കിയതും  ഹൃദയത്തില്‍ നിറയുമ്പോള്‍ 
അറിയാതെ സ്വപ്നലോകത്തില്‍ എത്തിയ പ്രതീതി..
ഇന്നും പൂക്കളമുണ്ട്.. എങ്കിലും ചില ഇല്ലായ്മകള്‍ അതിനെ ഹൃദ്യമാക്കാതെ പോകുന്നു..
ഓണമല്ലേ.. ഇല്ലായ്മകളെ നമുക്ക് മറക്കാം...
ആ ഇല്ലായ്മകളില്‍ ഇന്നില്ലാതെ പോകുന്ന അന്നത്തെ ബാല്യമുണ്ട്...
നിഷ്കളങ്കമായ ഒരുപാട് മനസ്സുകളുണ്ട്‌.. നിര്‍മ്മലമായ പുഞ്ചിരിയുണ്ട്..
എങ്കിലും അതൊക്കെ മറക്കാം.. ശാന്തമായ ഈ ലോകത്തെ മാത്രം ഓര്‍ക്കാം..

പ്രിയരേ.. സ്നേഹിതരേ.. ഈ തിരുവോണനാളില്‍ ഇന്നത്തെ സൂര്യോദയം എനിക്ക് കണ്‍നിറയെ കാണണം..
ഇപ്പോള്‍ അകലെ ഒരിടത്ത്.. ഒരു യാത്രയുടെ അവസാനത്തില്‍ തീര്‍ത്തും സൗമ്യമായ ഒരന്തരീക്ഷത്തില്‍..
പൂക്കളുടെ മനംകവരുന്ന ഗന്ധം വാസനിച്ച്.. ഒരു പാട് ഓര്‍മ്മകളാല്‍ ഒരു പൂക്കളമൊരുക്കുന്നു..
ഇവിടെ എനിക്ക് പ്രിയപ്പെട്ടവര്‍ എല്ലാവരുമുണ്ട്‌... തീര്‍ത്തും തനിച്ചെന്നു മൂന്നാമതൊരാള്‍ക്ക് തോന്നാമെങ്കിലും
എനിക്കും നിനക്കുമറിയാം.. തനിച്ചല്ലെന്ന്... എങ്ങനെയാണ് തനിച്ചാവുക.. ഇത്രമാത്രം ഓര്‍മ്മകളാല്‍ എത്രയോ പേര്‍ ചുറ്റിലും..
ഈ യാത്രയുടെ തുടക്കത്തില്‍ ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു.. നീയതറിഞ്ഞിരുന്നു.. ഇല്ലെങ്കില്‍ ഇപ്പോള്‍ അറിഞ്ഞു കാണും..
ഇപ്പോഴും ഞാന്‍ നിന്നെ ഓര്‍ക്കുന്നു.. കാരണം നീയെനിക്കത്രമേല്‍ പ്രിയമാണ്.. നീ മറന്നാലും ഇല്ലെങ്കിലും..
ഒരു പക്ഷേ, അല്ല തീര്‍ച്ചയായും, ഈ ഓണനാള്‍ എന്റെ ജീവിതത്തില്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം നല്‍കും..
ഏറ്റവും അകലത്തിരിക്കുക.. എങ്കിലും അടുത്തിരുന്നു നോക്കിക്കാണുക.. എനിക്ക് കാണാന്‍ കഴിയുന്നുണ്ട്.. ഏതൊരു ദൂരവും ദൂരമാല്ലാതാവുന്നത്... 
സ്നേഹത്തിനു അങ്ങനെ ചില സവിശേഷതകള്‍ ഉണ്ട്..
നിന്നിലെ നന്മകളാല്‍, സ്നേഹിക്കാനറിയാവുന്ന നിന്റെ മനസ്സിനാല്‍ നീ എത്രയോ അടുത്താണ്..
ഈ ദിനവും തിരക്ക് പിടിച്ചതാണ്.. ഓര്‍മ്മകള്‍ കൊണ്ടും.. കാഴ്ചകള്‍ കൊണ്ടും...
സങ്കല്‍പ്പങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും അതിര് നല്‍കുന്നത് ഒരു ശലഭത്തിന്‍റെ ചിറകുപോല്‍ മൃദുവായ സ്തരം കൊണ്ടാണ്..
അത് പോലെയാണ് വേദനകളും സന്തോഷവും.... അത്രമേല്‍ നേര്‍ത്തൊരാ സ്തരം കടന്നു സന്തോഷത്തിലെത്താന്‍ ഒരു നിമിഷം മതി..
നീ അറിയുന്നുണ്ടോ ഇന്ന് ലോകത്തിലെ ഏറ്റവും സന്തോഷവാനായ/സന്തോഷവതിയായ വ്യക്തി നീയാണ്...
നിന്റെ ചുണ്ടിലെ പുഞ്ചിരിയും, മനസ്സില്‍ നിറയുന്ന സന്തോഷവും എന്നെ എത്രമേല്‍ സന്തുഷ്ടനാക്കുന്നെന്നോ..
ആ ചിരിയും ഈ സന്തോഷവും ആഘോഷവും എന്നും നിലനില്‍ക്കട്ടെ...

ഉദയത്തിനായി.. പിന്നൊരു യാത്രയ്ക്കായ് കാത്തിരിക്കുന്ന ഈ ഓണനാളില്‍... 
ഈ വര്‍ഷത്തെ ഈ തിരുവോണനാളില്‍ നിങ്ങള്‍ക്കേവര്‍ക്കും നന്മയും ഐശ്വര്യവും സമൃദ്ധിയും സമാധാനവും ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട്...
ഹാര്‍ദ്ദമായ തിരുവോണദിനാശംസകള്‍ നേര്‍ന്നു കൊണ്ട്....

Friday, September 5, 2014

ചില പിന്തിരിഞ്ഞു നോട്ടങ്ങള്‍ ചിലപ്പോഴെങ്കിലും മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കും... അതൊരിക്കലും നോവിന്റെതല്ല മറിച്ചു ഈ സൗഭാഗ്യങ്ങള്‍ സ്വന്തമായിരുന്നല്ലോ എന്ന ചിന്തയുടേത് മാത്രം.. ആയിരുന്നല്ലോ എന്നത് ഇന്ന് നഷ്ടപ്പെട്ടു എന്നല്ല.. ചിലതങ്ങനെയാണ്.. എന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കുറച്ചു നാള്‍ സ്വന്തമാവുക.. തീര്‍ച്ചയായും പിന്നൊരിക്കല്‍ അത് അകന്നു പോകണം.. മറ്റെവിടെയോ മറ്റാര്‍ക്കോ ആവശ്യമുള്ളതാണ്, സ്വന്തമാകാനുള്ളതാണ്... വിട്ടു കൊടുക്കാതിരിക്കുകയെന്നത് സാധ്യമല്ല, കഴിയുകയുമില്ല.. ഇന്നെന്റെ ഓര്‍മ്മകളില്‍ നീ നിറയുമ്പോഴും.. അകലെയെവിടെയോ നീയുണ്ടെന്ന യാഥാര്‍ത്ഥ്യമറിയുമ്പോഴും... എന്റെ ഹൃദയത്തില്‍ എത്രയാഴത്തില്‍ നീയുണ്ടോ അത്രയും അളവില്‍ നിന്റെ ഹൃദയത്തില്‍ ഞാനും ഉണ്ടെന്നത് ഒരിക്കലും തിരുത്താനാവാത്ത സത്യമാണ്.. ചിലതങ്ങനെയാണ്, സ്നേഹം പോലെ.. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ എന്നാല്‍ ചില സ്ഥാനമാറ്റങ്ങള്‍ കൊണ്ട് നിലനിന്നു പോകുന്നവ! അല്ലെങ്കിലെങ്ങനെ നീയറിയും നിന്നെ ഞാനറിയുന്ന പോലെ?! 
ഓര്‍മ്മയോരമ്മയെ പോല്‍ വന്നെന്‍ 
നെറുകില്‍ തലോടി മാഞ്ഞു പോകേ..
കണ്ടു ഞാന്‍ നിന്നിലെ പുഞ്ചിരിപ്പൂവുകള്‍
നറുതുമ്പയെ പോലെ വിടര്‍ന്നു നില്‍ക്കേ.
ഹൃദയത്തിലായിരം പൂക്കളമിട്ട പോല്‍
ഒന്നിച്ചിരുന്നത് കണ്ട നാള്‍ പോല്‍
ഇന്നും കടന്നു പോകുന്ന നിമിഷങ്ങളില്‍
എത്തുന്നു നീയൊരു പൂവാം കുരുന്നായി

കളിചിരികള്‍, കിളിമൊഴികളെല്ലാം കേട്ട്
ഒന്നായി തീര്‍ന്നൊരാ നല്ല നാളുകള്‍
മറവിയില്‍ മറയുവാനനുവാദമില്ലാതെ
നിറയുന്നയോര്‍മ്മയില്‍ തെളിയുന്ന നാളുകള്‍
ഇനി നിനക്കെന്തുണ്ട് നല്‍കുവാന്‍ ശേഷിച്ച്
കേവലമൊരു വാക്കും ചിരിയും ഒരുപിടിയോര്‍മ്മയും

പറയുവാനെന്തുണ്ട് ബാക്കിയെന്നോര്‍ത്ത്
വഴിയിലേകാകിയായി നാം നില്‍ക്കേ
വിട പറഞ്ഞകലും പൂക്കാലം പോലെ..
പൂവിളി മായുന്നോരോണക്കാലം പോലെ..
ഒരു നോക്കിലൊരു വാക്കിലെല്ലാം പറഞ്ഞു
ഒരു ജന്മതീരം ഒന്നായി നടന്നും..
ഇനിയൊരു സന്ധ്യയില്‍ പിന്നൊരുഷസ്സില്‍
കാണാതെ കാണാന്‍ അറിയാതെ അറിയാന്‍!