Thursday, February 21, 2013

വഴികള്‍...!!!

ഇടതും വലതും രണ്ടായി തീരുന്ന വഴികളുടെ
തുടക്കത്തിലായിരുന്നു നമ്മളാദ്യമായി കണ്ടത്...
ഇനിയെങ്ങോട്ട് എന്ന ചോദ്യമായിരുന്നു
നമ്മള്‍ അവസാനമായി പരസ്പരം ചോദിച്ചത്....
ഇരു ദിശകളിലേക്ക് ചൂണ്ടിയ വിരലുകള്‍
മടക്കുന്നതിനു മുന്നേ വെറുതെ പറഞ്ഞോട്ടെ...
എന്റെ വഴികളായിരുന്നു ഞാന്‍ നിനക്കും
നിന്റെ വഴികളായിരുന്നു നീ എനിക്കും
കാണിച്ചു തന്നത് എന്നറിയാതെ പോവരുത്..
അറിയാത്ത വഴികളില്‍ പകച്ചു പോകരുത്...
അറിയുമ്പോള്‍ തളര്‍ന്നു പോകയുമരുത്...
ലക്ഷ്യം ഒന്നാണെങ്കിലും രണ്ടായി തീര്‍ന്ന വഴികള്‍..
ലക്ഷ്യമെത്തും മുന്നേ കാലം എത്താതിരുന്നാല്‍...
ഇനിയുമൊരിക്കല്‍ കൂടി നാം കാണും...
അന്നൊരു ചിരി പോലും മറന്നേക്കാം..
ആ മറവികള്‍ക്കെന്നോര്‍മ്മ കൂട്ടായുണ്ട്...
ഒരിക്കല്‍ പോലും തനിച്ചാക്കാതെ....

Monday, February 18, 2013

ഒരു വ്യത്യാസത്തിനു വേണ്ടി ഒന്നെഴുതി നോക്കട്ടെ.....

ഒരു പാട് ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ന് ഒരല്പം മാറ്റി എഴുതാം എന്ന് കരുതി... എങ്കിലും വലിയ പ്രതീക്ഷകളൊന്നും വേണ്ട... കാരണം മനസ്സില്‍ ഒരിക്കലും വിഷയവൈവിധ്യങ്ങള്‍ കടന്നു വരാറില്ല... നോവും നൊമ്പരവും വിരഹവും മാത്രം..... കൂടുതല്‍ മുഖവുര പറഞ്ഞു വലിച്ചു നീട്ടാതെ നമുക്ക് തുടങ്ങാം.. (നമ്മള്‍... ആരെന്നറിയാത്ത.. ഏതെന്നറിയാത്ത നമ്മള്‍...അല്ലെ...?)

ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ  - ഒരു ബ്ലോഗ്‌ പിന്തുടരുന്നതില്‍ നിന്നും എങ്ങനെ വിടുതല്‍ നേടാം.... How to remove yourself from following a blog

പലപ്പോഴും തോന്നാറുണ്ട്... അറിയാത്തൊരിഷ്ടത്തിന്റെ പേരില്‍ നമ്മള്‍ പിന്തുടര്‍ന്ന് ഒടുവില്‍ കുറെ കഴിയുമ്പോള്‍ കുരിശായി മാറുന്ന ചിലത്... ഒഴിവാക്കാന്‍ അറിയാത്തതിന്റെ പേരില്‍ നിസ്സഹായരായി നമ്മള്‍, അല്ലെ? എത്ര കഷ്ടം....

രണ്ടു വഴികളുണ്ട് ഒരു ബ്ലോഗ്‌ remove ചെയ്യാന്‍.. എളുപ്പമുള്ള വഴി മാത്രം പറയാം അല്ലെ, അതാ നല്ലത് അത് മതി...

ആദ്യം remove ചെയ്യേണ്ട ബ്ലോഗ്ഗിലേക്ക് പോവുക.. ഒരു ഉദാഹരണത്തിന് വേണ്ടി ഞാനിവിടെ ഉമയുടെ "വീണപൂവ്‌" എന്ന ബ്ലോഗ്ഗിനെ എടുക്കുന്നു.  ഒരു സുഹൃത്തായി സ്നേഹിക്കുന്നതിനാല്‍ അനുവാദം ചോദിക്കുന്നില്ലാട്ടോ......ഉമാ..
അവിടെ ആ ബ്ലോഗ്ഗിന്റെ followers list കാണാം.. (ചിത്രം താഴെ കൊടുക്കുന്നു)
ആ ചിത്രത്തില്‍ Join this site എന്ന ഭാഗം കാണുന്നില്ലേ..?
അവിടെ ക്ലിക്ക് ചെയ്ക...


 

അപ്പോള്‍ ഒരു new window open ചെയ്യും... 
 
 
അവിടെ  നിന്നും ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക..
 
 
അപ്പോള്‍ നേരത്തെ കണ്ട Followers list നു മുകളിലായ് നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയും നമുക്ക് വേണ്ട മറ്റ് options ഉം കാണാം..
അവിടെ കാണുന്ന options എന്ന drop down link ഇല്‍ ക്ലിക്ക് ചെയ്യുക...


 
 
അവിടെ site settings എന്ന ഒരു option കൂടി കാണുന്നില്ലേ.. അവിടെയും ക്ലിക്ക് ചെയ്യുക... [ഒരുപാട് ക്ലിക്ക് ആയോ...? ഇല്ല രണ്ടോ മൂന്നോ മാത്രേ ആയുള്ളൂ :)
സാരമില്ല നല്ലൊരു കാര്യത്തിനല്ലേ...ആണോ...? ആണല്ലേ...:( ]


അപ്പോള്‍ താഴെ കാണുന്ന window open ചെയ്യും..

അവിടെ Stop Following this Site എന്ന option കൂടി കാണാം....

തീരാറായി....!!! അവിടെ കൂടി ക്ലിക്ക് ചെയ്യുക...
അപ്പോള്‍ താഴെ കാണുന്ന confirmation message കൂടി വരും...


 

ഇനി ഒരു ക്ലിക്ക് കൂടി വേണംട്ടോ... അതോടെ കഴിഞ്ഞു....
അവിടെ കാണുന്ന Stop Following എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താ മതി....ആ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ പിന്തുടരുന്നതില്‍ നിന്നും ഒഴിവാകും... അടുത്ത ചിത്രം ആഡ് ചെയ്യാന്‍ നിര്‍വ്വാഹമില്ല.. ക്ലിക്ക് ചെയ്തു നോക്കിയുമില്ല...
എന്തായാലും remove ചെയ്യേണ്ട ബ്ലോഗ്ഗില്‍ ആണെങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഹാവൂ, സമാധാനം തിരിച്ചു കിട്ടി...അല്ലേ....???

ഒരിക്കല്‍ ഈ സമാധാനത്തിനായ് ആരോ ചോദിച്ചു... പിന്നെ ഒരിക്കല്‍ വേറാരോ... അപ്പോള്‍ എന്തായാലും ഈയൊരു പോസ്റ്റ്‌ അവശ്യമാണെന്ന് തോന്നി.. കുറഞ്ഞത് ഒരാള്‍ക്കെങ്കിലും ഉപകാരപ്പെടും അല്ലെങ്കില്‍ ഒരുപാട് പേര്‍ക്ക്... ഈയൊരു വിഷയം തന്ന നിന്നോട് എനിക്ക് സ്നേഹം നിറഞ്ഞ നന്ദിയുണ്ട്... നിന്റെ സൗഹൃദത്തിനു എന്റെ സ്നേഹസമ്മാനം...

ഓരോ എഴുത്തും മനസ്സില്‍ നിന്ന് വരുന്നതാണ്.. അതില്‍ വേദനിപ്പിക്കുന്നത് മാത്രമാണ് ഉള്ളതെങ്കില്‍, ആ വേദനകളെ നിനക്കിഷ്ടമല്ലെങ്കില്‍, എനിക്ക് നിന്നോട് പറയുവാന്‍ ഒന്നേയുള്ളൂ.. നിന്റെ നല്ലതിന് ആണെങ്കില്‍ എന്നില്‍ നിന്നും അകലണം എന്ന് നിനക്ക് തോന്നുമ്പോള്‍ നിറഞ്ഞ സ്നേഹത്തോടെ സന്തോഷത്തോടെ പൊയ്ക്കോള്ളൂ എന്ന് പറയാന്‍ മാത്രമേ എനിക്കറിയൂ... എന്റെ "ജാഡ" അല്ലെ ചങ്ങാതീ..? ഈ "ജാഡ" ഇല്ലാതെ ഞാനില്ല.... :(

Thursday, February 14, 2013

അന്നൊരുനാള്‍..... ഇന്നും.....ജീവിതം....!!! അനുസ്യൂതമായ അതിന്റെ പ്രവാഹം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു... നിമിഷങ്ങളില്‍ നിന്നും മിനുട്ടുകളിലേക്കും, മിനുട്ടുകളില്‍ നിന്നും മണിക്കൂറുകളിലേക്കും, മണിക്കൂറുകളില്‍ നിന്നും ദിവസങ്ങളിലേക്കും, ദിവസങ്ങളില്‍ നിന്നും ആഴ്ചകളിലേക്കും, മാസങ്ങളിലേക്കും, വര്‍ഷങ്ങളിലേക്കും... ഒടുവില്‍ നിന്നിലേക്കും.... അതെ! നിന്നിലേക്ക്‌ തന്നെ... നിത്യസത്യമായ നിന്നിലേക്ക്‌... അനിവാര്യമായ നിന്നിലേക്ക്‌..... എന്നെ ത്യജിക്കാത്ത, ഒരു പൊടിയോളം പോലും വെറുപ്പ് കാണിക്കാതെ എന്നെ പുണരുന്ന നിന്നിലേക്ക്‌...

ആ ഒഴുക്കിന്റെ ഓളങ്ങളില്‍, ഞാനും നീയും കല്പാന്തകാലത്തോളം നമ്മളാഗ്രഹിച്ച പലതും ഒരു കളിയോടം പോലെ... തുഴയാനാരുമില്ലാതെ... കാറ്റിന്റെ ദിശയ്ക്കനുസരിച്ച് ഒഴുകിക്കൊണ്ടേയിരിക്കുന്നു... ഇന്നലെകളെ ത്യജിച്ച്, ഇന്നിനെ പുണര്‍ന്നു, നാളെകളെ ആഗ്രഹിക്കാത്ത നമ്മുടെ ജീവിതത്തില്‍ ഇനിയൊരു തുള്ളി മിഴിനീരിന് പോലും സ്ഥാനമില്ലെന്ന് പറഞ്ഞ നാളുകള്‍... അന്നും ഇന്നും ഞാനും നീയും നിലനില്‍ക്കുന്നു.. അകന്നു പോയത് ആ നിമിഷങ്ങള്‍ മാത്രം.. പറഞ്ഞതും കേട്ടതും അറിഞ്ഞതുമായ ആ നിമിഷങ്ങള്‍... ഇന്നതെല്ലാം വെറുമൊരോര്‍മ്മ.. തിരിഞ്ഞു നോക്കുമ്പോള്‍ പുഞ്ചിരി തൂകാനും ഒരല്പം കണ്ണുനീര്‍ വാര്‍ക്കാനും സുഖമുള്ള ഒരു നീറ്റല്‍ നല്‍കുന്ന വെറും ഒരോര്‍മ്മ!

നിന്നെ മറക്കാന്‍ വേണ്ടി മാത്രമായിരുന്നു തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് ജീവിതത്തെ വലിച്ചിട്ടത്... ഒരു നിമിഷം പോലും നിന്റെ ചിന്തകളെ മനസ്സിലേറ്റാതിരിക്കാന്‍ ആയിരുന്നു പലതും ഏറ്റെടുത്തത്.. എന്നിട്ടും ഇന്നലത്തെ യാത്രകളില്‍ ഞാന്‍ നിന്നെ ഓര്‍ത്തു.. എന്തിനെന്നു അറിയാതെ.. അരുതെന്ന് വിലക്കിയിട്ടും.. ഏറെ സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളില്‍ മനസ്സറിയാതെ നിന്റെ മുഖം കടന്നു വന്നു.... അരുതെന്ന് എന്നോട് പറഞ്ഞവരോടൊക്കെ ഞാനെന്ത്‌ മറുപടി പറയും.. എങ്ങനെ ഞാന്‍ അവരോടൊക്കെ...... പറഞ്ഞ വാക്കുകള്‍ പാലിക്കാതെ വരുമ്പോള്‍ എന്നോട് തന്നെ ദേഷ്യം വന്ന നിമിഷങ്ങള്‍.. എന്നോടുള്ള ദേഷ്യം ഞാന്‍ നിന്നോട് തീര്‍ക്കുന്ന നിമിഷങ്ങളില്‍ നീയെന്നെ വെറുത്തുകൊള്‍ക... വേദനിപ്പിക്കരുത് എന്ന് മനസ്സ് കൊണ്ട് പറഞ്ഞു വേദനിപ്പിക്കുക തന്നെ ചെയ്യുന്ന എന്നെ സ്നേഹിക്കാന്‍ നീയെന്തിനു വീണ്ടും... വയ്യ ഈ ആവര്‍ത്തനങ്ങള്‍... എന്നെ വെറുക്കാന്‍, വേദനിപ്പിക്കാന്‍ മാത്രമേ എനിക്കറിയൂ.. നിന്നെ വേദനിപ്പിക്കാനാവില്ല.. ആരെയും.. എന്നിട്ടും ചിലപ്പോള്‍... പലപ്പോള്‍.... വേദനിപ്പിക്കുന്നു.... ഇനി നിന്നോടുള്ള വാക്കുകള്‍ ഉണ്ടാവില്ല എന്ന് പറഞ്ഞതായിരുന്നു.. എന്നിട്ടും വീണ്ടും വീണ്ടും നീ മാത്രം മനസ്സില്‍, വാക്കുകളില്‍.. അത് കൊണ്ട്.. ഇനിയും പറയുവാന്‍ എനിക്ക് വാക്കുകളില്ല... വാക്കുകളില്‍ നീ മാത്രമാകുമ്പോള്‍, ഞാന്‍ ഞാനല്ലാതാവുന്നു.. എന്റെ ചര്യകള്‍ തെറ്റുമ്പോള്‍ ഞാനെന്ന സത്യം മരിക്കുന്നു....

ഇന്ന് നീയറിയുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്... അത് കൊണ്ട് തന്നെ സമാധാനവുമുണ്ട്... നിന്നെ വേദനിപ്പിക്കാതിരിക്കാന്‍ നീ പഠിച്ചു എന്ന് അറിയുന്നതില്‍.... അകന്നേ മതിയാകൂ എന്ന നിന്റെ തിരിച്ചറിവില്‍ ഞാന്‍ സന്തുഷ്ടനാണ്... എന്തെന്നാല്‍ നഷ്ടങ്ങളെ പ്രണയിക്കാന്‍ മാത്രമായിരുന്നു ഞാന്‍ പഠിച്ചത്....

ഇന്ന് പ്രണയദിനം... കണ്ണുകള്‍ കഥ പറഞ്ഞ നാളുകള്‍... മനസ്സ് മന്ത്രിച്ച നിമിഷങ്ങള്‍.. ഓരോ ശ്വാസഗതിക്കും ഒരായിരം അര്‍ത്ഥങ്ങള്‍ നിറഞ്ഞ നിമിഷങ്ങളെ ഓര്‍ക്കാന്‍... എത്ര അകലെ ആയാലും മനസ്സ് കൊണ്ട് അടുത്തിരിക്കുന്ന പ്രിയപ്പെട്ടവളെ/നെ ഒന്ന് വിളിക്കാന്‍, ആ സ്വരമൊന്നു കേള്‍ക്കാന്‍, ഒരു വാക്ക് പറയാന്‍... എന്നും കൂടെയുണ്ട് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്താന്‍, ധൈര്യപ്പെടുത്താന്‍... ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാന്‍ നിന്നെ അനുവദിക്കില്ല എന്ന സ്നേഹം നല്‍കാന്‍.. പ്രിയമുള്ളവരേ... നിങ്ങള്‍ക്കേവര്‍ക്കും, നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കേവര്‍ക്കും ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍...

പ്രണയം അത് പ്രകൃതിയോടാവാം... പ്രകൃതിയിലെ സുന്ദരമായതും അല്ലാത്തതുമായ മറ്റേതൊരു സൃഷ്ടിയോടുമാവാം.... ചിലര്‍ക്ക് പ്രണയം പൂക്കളോടാവാം.. മറ്റുചിലര്‍ക്ക് മഴയോടാവാം.. നിലാവിനോടാവാം.. നീല വാനിനോടാവാം... ഇളംകാറ്റിനോടാവാം.... പുഴയോടാവാം.. ഋതുക്കളോടാവാം... അങ്ങനെ എന്തിനോടും ആവാം..... അത് കൊണ്ട് തന്നെ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഇല്ലെന്നു തന്നെ പറയാം..
തെറ്റുകള്‍ക്കും ശരികള്‍ക്കും എനിക്ക് നിന്നോട് ക്ഷമ ചോദിക്കണം എന്ന് തോന്നി.... ചോദിക്കുന്നു... നല്‍കരുത് എന്ന് ആഗ്രഹിക്കുന്നു... നല്‍കാതിരിക്കുക...

എന്നെങ്കിലും അറിയും എന്ന് നീ പറഞ്ഞതും... എന്നെങ്കിലും അറിയും എന്ന് ഞാനറിഞ്ഞതും സത്യമാണ്... അന്നും ഇന്നും ഒരു പോലെ ഞാനറിഞ്ഞ സത്യം.... ഇന്നറിയുന്നു നീയെന്നെ....!! ഞാന്‍ നിന്നെയും..??
ഓര്‍മ്മകളില്‍ നീ ചിരിക്കുക.. അത് കൊണ്ട് എന്നെ കുറിച്ചുള്ള ഓര്‍മ്മകളെ നീ മറക്കുക... 

പ്രണയം ഇന്നതോരോര്‍മ്മ മാത്രം... എങ്കിലും ഇന്നും പ്രണയിക്കുന്നു.... അന്ന് നിന്നെ എന്ന പോലെ.... ഇന്ന് മറ്റു പലതിനെയും.... നഷ്ടങ്ങളെ.... കണ്ണുനീരിനെ.... നോവിനെ... നൊമ്പരത്തെ... പൂവിനെ പുലരിയെ, പുഴയെ, സൂര്യനെ.... എല്ലാം പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. അത് കൊണ്ട് ഈ പ്രണയദിനവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്... ഞാനും പ്രണയിക്കുന്നുണ്ടല്ലോ....

പ്രിയപ്പെട്ട സുഹൃത്തെ നിന്റെ ഉള്ളിലും ഒരു പ്രണയം ഇല്ലേ... കള്ളം പറയേണ്ട ഉണ്ട്... ഓരോ നിമിഷവും നീ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.. നീയറിയാതെ... ആരെയും അറിയിക്കാതെ.... അത് കൊണ്ട് നിനക്കും ഈ പ്രണയദിനം മനോഹരമാകട്ടെ എന്നാശംസിച്ചുകൊണ്ട്....

ഒരുവേള അറിയാതിരുന്നാല്‍ നിനക്കും എനിക്കും ഇടയിലെ അകലം കൂടുമായിരുന്നില്ല.. നീയെനിക്കും ഞാന്‍ നിനക്കും അന്നത്തെ പോലെ ഇന്നും പ്രിയമുള്ളതാകുമായിരുന്നു.... എങ്കിലും അറിഞ്ഞതില്‍, അടുത്തതില്‍, അകന്നതില്‍, പറഞ്ഞതില്‍, പറയാത്തവയില്‍... എല്ലാം സന്തോഷം... നിനക്കായ് നല്‍കുവാന്‍ നന്മകള്‍ മാത്രം... വാക്കുകളില്ല... ഹൃദയത്തിന്റെ നേര് മാത്രം.. സ്വീകരിച്ചാലും ഇല്ലെങ്കിലും നല്‍കിക്കഴിഞ്ഞു...

ഞാനെന്ന മറവിയില്‍ നീ നിന്റെ മനസ്സിനെ കൊരുക്കുക... എന്നെ മറക്കുക... എന്നെ മാത്രം... നീയായി തന്നെയിരിക്കുക... ഞാനാവാതെയാവുക... നല്ലത് അകലുമ്പോള്‍ മാത്രമാണ് നഷ്ടം... അല്ലെങ്കില്‍ നേട്ടവും... നിന്റെ നേട്ടമാണ് എന്റെ സന്തോഷം...... അത് കൊണ്ട് ഞാന്‍ അകലുന്നു... നീ നേടുന്നു... ഞാന്‍ സന്തോഷിക്കുന്നു.. നീയും സന്തോഷിക്കുക....

ഓരോ ചിരിയിലും ഞാന്‍ നിന്നെ ഓര്‍ത്തുപോകാം പ്രണയമേ... നിന്റെ മാസ്മരികത നിറഞ്ഞ ലോകത്ത് കാലത്തിനു എന്തൊരൊഴുക്കായിരുന്നെന്നോ... അറിയുവാനാകില്ല വര്‍ഷങ്ങള്‍ മറയുന്നത്.... സുഹൃത്തെ പ്രണയത്തെ പോല്‍ തീവ്രമായ വികാരമില്ല.... (അമ്മയുടെ സ്നേഹം മാറ്റി വച്ചോട്ടെ...) അത് കൊണ്ട് ആത്മാര്‍ഥമായി പ്രണയിക്കുക... സ്വന്തമെന്നത് പോലെ... അകലങ്ങള്‍ക്കോ പിണക്കങ്ങള്‍ക്കോ അകറ്റാനാവാത്ത വിധം പ്രണയിക്കുക.... പ്രണയത്തെ അതിന്റെ മുഴുവന്‍ വിശുദ്ധിയോടെയും സ്നേഹിക്കുക.... കാപട്യമില്ലാതെ, വഞ്ചനയുടെ മുഖംമൂടികളില്ലാതെ ജീവിതാവസാനം വരെ പ്രണയിക്കുക.... പ്രണയം ത്യാഗമാണ്.. എന്ന് കരുതി പ്രിയമുള്ളവരെ അകാരണമായി ത്യജിക്കാതിരിക്കുക... പ്രണയത്തിനായി ഒരു ദിവസം എന്നത് (പ്രണയത്തിനു മാത്രമല്ല മറ്റു പലതിനും) നല്ലത് എന്ന അഭിപ്രായം ഇല്ലെങ്കിലും എന്നും പ്രണയിക്കുക ആത്മാര്‍ത്ഥമായി (ഓരോ ദിനത്തിന് പിന്നിലും ഓരോ കഥകള്‍, കാര്യങ്ങള്‍ ഉണ്ടെന്ന വസ്തുത മറക്കുന്നില്ല..)

പ്രണയം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്നവര്‍ക്ക് (എത്രയും പെട്ടെന്ന് പറയെട്ടോ..), തുറന്നു പറഞ്ഞവര്‍ക്ക് (ആത്മാര്‍ഥമായി തുടരുക..), സ്വന്തമാക്കിയവര്‍ക്ക് (കൈവിടാതിരിക്കുക...), നഷ്ടപ്പെട്ടവര്‍ക്ക് (ഓര്‍മ്മകളില്‍ ജീവിക്കാതിരിക്കുക...) ഏവര്‍ക്കും ഹൃദ്യമായ പ്രണയദിനാശംസകള്‍....