Sunday, May 19, 2013

നീ...... നിനക്കായ്... ഞാന്‍ .... എനിക്കായ്....

സാന്ദ്രമീ മൗനവും, സാഗരം സാക്ഷിയും..
തീരങ്ങളില്‍ നീ എഴുതിയ വാക്കും..
തിരവന്നു മെല്ലെ മായ്ച്ചൊരാ നേരവും...
കടലൊടു നീ പിന്നെ പരിഭവം പൂണ്ടതും...
അറിയാതെ മനസ്സില്‍ നിറയുന്നുവെന്നും...
അകലങ്ങളില്‍ നീ മറഞ്ഞുപോയാലും...
അരികിലായി നീ ചേര്‍ന്നൊന്നുനിന്നാലും...
പ്രിയതരമൊരുവാക്കിന്‍ നോവില്‍ മയങ്ങും...
നിന്നീറന്‍ മിഴികളില്‍ നിറയും കണവും...
ഇന്നലെ പാടിയ പാട്ടിന്‍റെയീണവും...
പരിമളം ചൊരിഞ്ഞോരാ പവിഴമല്ലിപ്പൂവും...
നിറയുന്നൊരോര്‍മ്മയില്‍ പിടയുന്ന നേരം...
നീറുന്ന മാനസം കാണാതെ നീയും...
നോവുന്ന വാക്കുകള്‍ നല്കിയതെന്തേ..?

Thursday, May 9, 2013

ഒരു സ്വപ്നം.... മറ്റൊരു വട്ട്.....


ഓര്‍ക്കുന്നോ നീ ആദ്യമായിവിടെ വായിച്ച വരികള്‍,.... ഇതളൂര്‍ന്നു വീണുപോയ പൂവ് പോലെ, നിറം മങ്ങിയ നിലാവ് പോലെ, അറിയാതെ വന്നത്, അറിയാതെ പറഞ്ഞത്... എല്ലാം നീ മാത്രം കേട്ടു.. നീ മാത്രം അറിഞ്ഞു.. പിന്നീടെപ്പോഴോ ആരൊക്കെയോ അറിയാന്‍ തുടങ്ങി, എന്‍റെ, നിന്‍റെയോ, നോവുകള്‍, ജല്‍പനങ്ങള്‍ എല്ലാം കുത്തിക്കുറിക്കുവാന്‍ എന്തിനീ മാധ്യമം തിരഞ്ഞെടുത്തു എന്ന് ചോദിച്ചു പലരും. അവര്‍ക്കറിയില്ലല്ലോ, ഇനിയറിയുമോ...? ഇല്ല ഒരുനാളും അറിയില്ല..., എനിക്ക് നിന്നോടുള്ളതും, നിനക്ക് എന്നോടുള്ളതും എന്നും നമുക്ക് തന്നെ അജ്ഞാതമായിരുന്നല്ലോ, അപ്പൊ പിന്നെങ്ങനെ അവരറിയാന്‍....?! നീയെന്ന സ്വപ്നവും ഞാനെന്ന മയക്കവും എന്നില്‍ നിറയുമ്പോള്‍ അറിയാതെ വിരലുകളില്‍ വീഴുന്ന വാക്കുകളുടെ അര്‍ത്ഥമറിയാതെ പലപ്പോഴും ഞാനും അലഞ്ഞിട്ടുണ്ട്... രാവില്‍, പാതിമയക്കത്തില്‍ കറുത്ത ഉറുമ്പുകള്‍ വെളുത്ത താളില്‍ ഇഴയുമ്പോഴും, പുലരിയില്‍ എന്നെ നോക്കി പരിഹസിക്കുമ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്, ഇതിന്‍റെ അര്‍ത്ഥം പറഞ്ഞു തരുവാന്‍ എന്‍റെ സ്വപ്നമേ എന്നെങ്കിലും ഒരിക്കലെങ്കിലും നീ ഞാന്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരുമായിരിക്കും, അല്ലേ?

കുനുകുനെ നീയെഴുതിയ വരികളല്ലാതെ ഞാനറിഞ്ഞ കഥകള്‍ എന്തുണ്ട് വേറെ...; പക്ഷേ എന്നിട്ടും ഇല്ല, ഇന്നും എനിക്കതിന്‍റെ അര്‍ത്ഥം മനസ്സിലായില്ല!! വരികളില്‍ വാക്കുകള്‍ക്കിടയില്‍ നാം ഒളിപ്പിച്ചു വച്ചതൊന്നും നമ്മള്‍ പോലും അറിഞ്ഞില്ല, അപ്പോള്‍ പിന്നെ നമ്മെ അറിയാത്തവരെങ്ങനെയറിയാന്‍!! വാക്കുകള്‍ക്ക് ഒരായിരം അര്‍ത്ഥം ഉണ്ടായിരുന്നെന്നും, കണ്ണുകള്‍ അതിനെക്കാളേറെ സംവേദിക്കുമെന്നും നീ പറഞ്ഞത് ഞാനിന്നും മറന്നില്ല, നിനക്കോര്‍മ്മയുണ്ടോ..? പറയുന്ന ആയിരം വാക്കുകള്‍ക്കിടയില്‍ ഒരു വാക്ക് മാത്രം തിരഞ്ഞു, നീയും ഞാനും. വക്ക് പൊട്ടിയ ആകാശത്തിലെ മേഘക്കീറുകള്‍ പോലെ താഴെ വീഴാന്‍ വെമ്പി നില്‍ക്കുന്ന നിന്‍റെ കണ്ണുകളിലെ മഴത്തുള്ളികള്‍ ആ ഒരു വാക്കില്‍ പിന്‍വലിയുന്നത് അകലെ നിന്ന് കാണുമ്പോള്‍ അറിഞ്ഞിരുന്നുവോ നീ എന്‍റെ മനസ്സും ശാന്തമാകുന്നത്.... ആഴിയിലാഴുന്ന അര്‍ക്കന്‍റെ ശോണിമയില്‍ എന്‍റെയും നിന്‍റെയും ദുഃഖങ്ങളെ, വേദനകളെ തിരകള്‍ക്ക് നല്‍കി ഇരു തീരങ്ങളില്‍ ഇരുന്നുകൊണ്ട് കാണാതെ കഥകള്‍ പറഞ്ഞു നമ്മള്‍,... കാലം അണിയിച്ചൊരുക്കിയ കോമാളികള്‍,....! ഇനിയും അവിടിരുന്നു ചിരിക്കണമെനിക്ക്.. ഒരു കടലിനെ മുഴുവന്‍ മനസ്സ് കൊണ്ട് വലിച്ചു കുടിച്ച് പൊട്ടിച്ചിരിക്കണമെനിക്ക്.... മനസ്സിലെ ചങ്ങല പൊട്ടുന്നത് വരെ.... പൊട്ടിയകലുന്ന മനസ്സിനെ നോക്കി പിന്നെയും ചിരിക്കണം, ഭ്രാന്തമായ ആ ചിരി തന്നെ!!

ഹാ, എന്‍റെ സ്വപ്നമേ നീയറിയുന്നുവോ കാല്പനികതയുടെ തേരിലേറി നീ പറന്ന വഴികള്‍..., പോകുന്ന വഴിയില്‍ നീ കണ്ടിരുന്നോ അശ്വവും ചക്രവും നഷ്ടപ്പെട്ട് രഥത്തില്‍ തളര്‍ന്നു കിടക്കുന്ന എന്‍റെ ലോകത്തെ രാജാവിനെ...? എനിക്കറിയാം നീ കണ്ടുകാണില്ലെന്ന്.... ഉറങ്ങുമ്പോള്‍ മാത്രം ഉണരുന്ന നിന്നേ എനിക്ക് വെറുക്കാനും ആവുന്നില്ലല്ലോ, ഉറക്കത്തില്‍ എനിക്ക് കൂട്ടായിരിക്കാന്‍ നീ മാത്രമേയുള്ളൂ എന്ന സത്യം; എങ്കിലും എന്‍റെ സ്വപ്നമേ നീ കാണാതെ പോകരുത് ഞാന്‍ വലിച്ചെറിഞ്ഞ എന്‍റെ മോഹങ്ങളെ, ഒരു നാള്‍ അവയും നിന്നേ പോലെ എന്‍റെ സ്വപ്‌നങ്ങള്‍ ആയിരുന്നു.....

പ്രിയപ്പെട്ടവളേ, നീയെന്‍റെ സ്വപ്നമായിരുന്നോ...? മോഹമായിരുന്നോ....? അതോ മോഹഭംഗമായിരുന്നോ....? എവിടെയാണെങ്കിലും ഉറക്കത്തില്‍ ഞാനെന്നും ഒരു താരാട്ട് പാടാറുണ്ട് നിനക്കായി.... സ്വപ്നവും മോഹവും മോഹഭംഗവുമല്ല നിന്‍റെ ജീവനായിരുന്നു എന്ന് നീയവിടെ നിന്‍റെ മനസ്സില്‍ പറയുമ്പോള്‍ അറിഞ്ഞിരുന്നുവോ പാടിയ താരാട്ടില്‍ ഞാന്‍ തന്നെ ഉറങ്ങുകയായിരുന്നു നിന്നേ സ്വപ്നവും കണ്ടുകൊണ്ട്... നീയുറങ്ങിയോ....? ഉറങ്ങിയിട്ടുണ്ടാകും അല്ലേ.....? എനിക്കറിയാം നിനക്ക് മാത്രം മനസ്സിലാകുന്ന ചിലതുണ്ട്... എനിക്ക് പോലും മനസ്സിലാകാത്തത്...! എനിക്ക് മനസ്സിലാകാത്തത് കൊണ്ട് തന്നെ എനിക്കുറക്കം വരുന്നു.... ശുഭരാത്രി!!!