Saturday, March 23, 2013

ഓര്‍മ്മകള്‍.... മനസ്സും...

നിലാവ് മറഞ്ഞ രാവിനെ നോക്കി നിശ്ശബ്ദമായ്‌ പറയുവാനിന്ന് കഥകളേറെയൊന്നുമില്ലെങ്കിലും പഴയൊരു കാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ചിന്തകളില്‍ നിറയുമ്പോള്‍ അറിയാതെ നിറയുന്ന കണ്ണുകളിലെ ഓളങ്ങള്‍ക്ക് ഇനിയുമേറെ ഒഴുകണമെന്നു... ഇനിയും സഹിക്കവയ്യെന്നു ആരൊക്കെയോ  പരാതിപ്പെടുമ്പോഴും, ഇനിയില്ലെന്ന് ഞാന്‍ ഉറപ്പു തരുമ്പോഴും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകള്‍ക്ക് ആദ്യമേ ക്ഷമ... 

എല്ലാം മറക്കണം എന്ന് നീ പറയുമ്പോഴും എങ്ങിനെ എന്നറിയാതെ ഞാന്‍,..... തീരം തേടുന്ന തിരകളെ പോല്‍ ഓര്‍മ്മകള്‍ മനസ്സിനെ തേടിയെത്തുമ്പോള്‍ മറക്കുവതെങ്ങനെ?! മറക്കാന്‍ കഴിയുവതെങ്ങനെ?!! 
ഒന്നിച്ചു നടന്ന വഴിവീഥികള്‍, ഒരുമിച്ചു കണ്ട അസ്തമയങ്ങള്‍, 
ദിവസങ്ങള്‍ നിമിഷങ്ങള്‍ പോലെന്നോതിയ നാളുകള്‍.. 
ഇറ്റ്‌ വീഴുന്ന മഴത്തുള്ളികളോട് നീയോതിയ കിന്നാരങ്ങള്‍ മനസ്സില്‍ നിറയുമ്പോള്‍.... 

മഴയ്ക്ക് എന്തൊരഴകാണെന്ന്  പറയുമ്പോള്‍ നിന്റത്രയും ഉണ്ടോ എന്ന ചോദ്യത്തില്‍ കണ്ണുകളടച്ച് പുഞ്ചിരിക്കുന്ന നിന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ  കയ്യിലെ മഴത്തുള്ളികള്‍ നിറുകയില്‍ പകര്‍ന്ന നാളുകള്‍..
എത്രമാത്രം സ്നേഹം നിനക്കെന്നോടുണ്ടെന്നു ചോദിക്കുമ്പോള്‍ നീലവാനം കാണിച്ച് അതിനെക്കാള്‍ ഏറെയെന്ന് പറയുമ്പോള്‍ കണ്ട നിന്റെ കണ്ണുകളിലെ തിളക്കം ഇന്നും മനസ്സില്‍...
എന്നാണ് നമ്മളൊന്നായി ഒരു യാത്ര പോവുക എന്ന് ചോദിക്കുമ്പോള്‍ പോകാം എന്ന ഉത്തരത്തിനു, എന്നാല്‍ ഇന്ന് തന്നെ എന്ന മറുപടി കുസൃതിയില്‍...

നിനക്കോര്‍മ്മയുണ്ടോ നീ പറഞ്ഞ വാക്കുകള്‍... നിനക്ക് മാത്രം പറയാന്‍ അവകാശം നല്‍കിയ ആ വാക്കുകള്‍...മറക്കണം ഇന്ന്നീയും എല്ലാം.... എല്ലാം...!
ഒടുവിലായ് നമ്മള്‍ ഒന്നിച്ചു നടന്ന ഡിസംബറിലെ ആ തണുത്ത പ്രഭാതം നീ മറന്നാലും.......മറക്കാനാവാതെ ഞാന്‍... അറിയാത്ത വഴികളിലൂടെ അപരിചിതരായ് നമ്മള്‍ നടന്നു തുടങ്ങാന്‍ വേണ്ടിയുള്ള സമയമായ് എന്ന് പറയാന്‍... ആദ്യമായ് നിന്റെ മിഴികള്‍ നിറയുന്നത് കാണേണ്ടി വന്നത്.. നിന്റെ വാക്കുകളിലെ കുസൃതിയും ചടുലതയും മാഞ്ഞത്... മൌനം കൊണ്ട് മണിക്കൂറുകളോളം സംസാരിച്ചത്.. മനസ്സിലെ വിതുമ്പലും തേങ്ങലും താങ്ങാനാവാതെ നീ, നിന്നോട് എന്ത് പറയണം എന്നറിയാതെ ഞാന്‍.. ഈ ലോകം നമ്മളില്‍ മാത്രമായി ഒതുങ്ങിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ച നിമിഷങ്ങള്‍.. തിരിച്ചുള്ള യാത്രയില്‍ ഒന്നും പറയാതെ... പതിവായ്‌ പിരിയുന്ന വഴികളില്‍, നിന്നോട് വിട പറയുമ്പോള്‍ നാളെ കാണാം എന്ന പ്രതീക്ഷയുടെ ഒരു കണിക പോലും കണ്ണുകളില്‍ നിറയാതിരിക്കാന്‍ ഞാനും നീയും പണിപ്പെട്ടത്... ഒരു നൂറു വട്ടം തിരിഞ്ഞു നോക്കിക്കൊണ്ട് നീ യാത്രയായത്... കണ്‍വെട്ടത്തില്‍ നിന്ന് മറഞ്ഞതിനു ശേഷവും തിരിച്ചു നടക്കാനാവാതെ പിന്നെയുമല്പനിമിഷങ്ങള്‍.... അന്യമായ വഴികളില്‍ ഏകനായത്... പിന്നെയാ വഴികള്‍ പോലും അന്യമായത്...
ഓര്‍ക്കുന്നുവോ നീ, പിന്നെ നിന്നെ കണ്ടനാള്‍... അറുപതു ദിവസങ്ങള്‍ക്കൊടുവില്‍... അറിയുമോ ആ ദിനമായിരുന്നു ഏതു നഷ്ടത്തിനെയും നേര്‍ക്ക്നേരെ നിന്ന് നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചത്....  ആ ദിനങ്ങളില്‍ മനസ്സിനെ പഠിപ്പിക്കുകയായിരുന്നു... മറക്കാനും, മറന്നില്ലെങ്കില്‍ മറന്നതായി അഭിനയിക്കാനും... ഏതായിരുന്നു ഞാന്‍ പഠിച്ചത്...?!!! ഇന്നും അറിയില്ല!!

ഇന്നെന്തേ നിന്നെ ഓര്‍മ്മ വന്നത്! ഈ നിറഞ്ഞ തിരക്കിനിടയിലും.... സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കിടയിലും.. അറിയുമോ മനസ്സ് ഇടയ്ക്കൊന്നു ചഞ്ചലപ്പെട്ടു.. അറിയാത്തൊരു നോവ്‌ നല്‍കി ഇന്നലെകളില്‍ ആരോ... പ്രിയമുള്ള ആരോ ഒരാള്‍... പറഞ്ഞിട്ടും അറിയാതെ, കേള്‍ക്കാതെ, അറിഞ്ഞിട്ടും പിന്നെയും പിന്നെയും അറിയാത്ത പോലെ.. കുറ്റപ്പെടുത്തലുകള്‍, കുത്തുവാക്കുകള്‍!! അതാവാം നിന്നെ ഓര്‍മ്മ വന്നത്.. എങ്കിലും സന്തോഷം നല്‍കുന്ന ഏറെ ചിലതുണ്ട്, അറിയുമോ നിനക്ക്... എന്നും പറയാറുണ്ടായിരുന്നില്ലേ എന്റെ ഒരാഗ്രഹം... ആ സ്ഥാനത്ത് ഇന്നൊരാള്‍, നേര്‍വഴി കാട്ടാന്‍.. ഏറെ പ്രിയതരം... പിന്നെയും കുറെ പേര്‍... നീ കണ്ടിട്ടുണ്ടായിരുന്നില്ലേ... അന്ന് ചോദിച്ചില്ലേ... ഓര്‍ക്കുന്നുവോ.. പേരെടുത്തു നീ ചോദിച്ചയാളെ...

സുഖമല്ലേ നിനക്ക്... എന്നും സുഖമായിരിക്കുക....
കേട്ടില്ലേ നീ.... ദൂരെ ഒരു വാനമ്പാടി പാടുന്നുണ്ട്.. നിനക്കായ്‌.. ഇന്നും കാതോര്‍ക്കാറുണ്ടോ  നീ... 
പെയ്യാന്‍ വെമ്പുന്ന ഒരു മഴമേഘമുണ്ടവിടെ നീലവാനില്‍.. മഴ നനയാറുണ്ടോ നീ... ഇന്നും... പനിപിടിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍...
വേനല്‍ചൂടിലും നേര്‍ത്ത തണുത്ത കാറ്റുണ്ട് ആ പുഴയോരത്ത്... ഓളങ്ങളുടെ താരാട്ട് അറിയാറുണ്ടോ നീ.. അന്നത്തെ പോലെ...

നിമിഷങ്ങളില്‍ പോലും വേദനിക്കാതെ എന്നും സന്തോഷമായിരിക്കണം നീ...

മനസ്സിലെ നന്മകള്‍ മുഴുവന്‍ നിനക്കായ് നല്‍കിക്കൊണ്ട്.. പോയ്ക്കോട്ടേ ഞാന്‍ എന്റെ ലോകത്തേക്ക്.... തിരക്കുകളില്‍, സമ്മര്‍ദ്ദങ്ങളില്‍, നിന്നെ ഓര്‍ക്കാതെ, മറന്നുകൊണ്ട്, മറന്നെന്നു അഭിനയിച്ചുകൊണ്ട്... എന്റെ മാത്രം ലോകത്തിലേക്ക്.... ഇനിയടുത്തയാളുടെ നോവേറ്റുവാങ്ങുന്നത് വരെ...

Tuesday, March 5, 2013

ഒരു താളിലെ ഒരല്പം വാക്കുകള്‍ നിനക്കായ്..

ഒരു നിലാവിന്റെ വെട്ടം മനസ്സില്‍ തെളിയിച്ച നിന്റെ മനസ്സിന് ഒരായിരം നന്ദി ആദ്യമേ പറഞ്ഞോട്ടെ... ഇന്നലത്തെ യാത്രയില്‍ നിന്നെ കുറിച്ച് ഓര്‍ത്തിരുന്നു.. അല്ലെങ്കിലും എന്നും എന്തും ഓര്‍ക്കാന്‍ വേണ്ടി മാത്രമല്ലേ യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്... സ്വയം ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍; അധികം തിരക്കില്ലാത്ത ബസ്സില്‍, ട്രെയിനില്‍, ടാക്സി കാറുകളില്‍ യാത്ര ചെയ്യാനിഷ്ടം... മറ്റൊന്നും ശ്രദ്ധിക്കാതെ സ്വന്തമായ ഓര്‍മ്മകളില്‍, കഴിഞ്ഞുപോയ കാലങ്ങളില്‍ ഒക്കെ വെറുതെ ഒരു പിന്തിരിഞ്ഞു നോട്ടം... ഇടയ്ക്ക് വെറുതെ ചുറ്റും നോക്കി  കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട്, വീണ്ടും ഓര്‍മ്മകളെ പുല്‍കാന്‍ കണ്ണടച്ച് കൊണ്ട് ഒരു യാത്ര... [ഓര്‍മ്മയുണ്ട് ചങ്ങാതീ നീ പറഞ്ഞ വാക്കുകള്‍.. എങ്കിലും ഇന്ന് എഴുതാതെ വയ്യ...]

എന്തായിരുന്നു ഓര്‍ക്കുവാന്‍ മാത്രം നീയെനിക്ക് നല്‍കിയത് എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ പറയുവാന്‍ ഒന്നും ഉണ്ടാകില്ല... കാരണം നീ നല്കിയതെല്ലാം കണ്ണ് കൊണ്ട് കാണാന്‍ കഴിയാത്തതും, സ്പര്‍ശം കൊണ്ട് അറിയാന്‍ പറ്റാത്തതും ആയിരുന്നു... എങ്കിലും ഉണ്ടെവിടെയോ ഒരോര്‍മ്മ പോലെ... നല്‍കിയ നിനക്ക് പോലും അറിയാതെ എനിക്ക് മാത്രം അറിയാന്‍ പാകത്തില്‍..

ഏറെ പ്രിയമുള്ളതാണ് നീ.... അത് കൊണ്ട് തന്നെ നീ നല്കുന്നതെന്തും, എന്തും എനിക്കേറെ പ്രിയം... സ്നേഹമായാലും, വേദനയായാലും, അവഗണനയായാലും, അധിക്ഷേപമായാലും, പരിഹാസമായാലും.. എന്തും പ്രിയം തന്നെ.. അത് പോലെ തന്നെ നിനക്കും ആവും എന്ന് വെറുതെ വിശ്വസിച്ചോട്ടേ... നിന്നെ ഇഷ്ടപ്പെടുവാന്‍ മാത്രമേ എനിക്കറിയൂ.. ഓരോ സ്നേഹവും അത്രമേല്‍ പ്രിയമാണ്.. പക്ഷേ എന്നിട്ടും അറിഞ്ഞും അറിയാതെയും വേദനിപ്പിക്കും.... അത് കൊണ്ടാണ് പലപ്പോഴും നിന്നോട് പറയുന്നത് എന്നെ സ്നേഹിക്കല്ലേന്നു... അതാണ്‌ ഇന്നലെ നിന്നെ ഓര്‍ക്കാനുള്ള കാരണം... ഞാനേറെ നോവിച്ചു അല്ലേ.. ക്ഷമിക്കുക... വാക്കുകളിലെ ഇടര്‍ച്ചയും, മനസ്സിന്റെ തേങ്ങലും അറിയുമ്പോഴും ഒരു തരി പോലും ദേഷ്യം കാണാന്‍ കഴിഞ്ഞില്ലല്ലോ സുഹൃത്തെ നിന്റെ വാക്കുകളില്‍.....!!

എന്റെ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു... വേദനിപ്പിച്ചുവെങ്കില്‍ നിന്നെക്കാള്‍ ഏറെ ഞാന്‍ വേദനിച്ചിരുന്നു എന്നറിക... അരുതെന്ന് പറഞ്ഞത്  മറന്നത് നിനക്ക് വേണ്ടിയെന്നും അറിയുക....