Sunday, December 18, 2016

പ്രിയപ്പെട്ടവള്‍ക്ക്...

വര്‍ണ്ണങ്ങള്‍  മങ്ങിപ്പോയപ്പോഴും ചേര്‍ത്തു നിര്‍ത്തിയവള്‍ക്ക്...

നിറക്കൂട്ടുകള്‍ ജീവിതത്തില്‍ നിറച്ചവള്‍ക്ക്....

അക്ഷരങ്ങള്‍ കൊണ്ട് ആത്മാവിനെ സ്പര്‍ശിച്ചവള്‍ക്ക്....

സ്നേഹത്തിന്റെ വിവിധഭാവങ്ങളില്‍ തളച്ചിട്ടവള്‍ക്ക്...

ഇങ്ങകലെ നിന്നും നിനക്കായ് മാത്രം എഴുതുവാനായി ഈ രാവിനെ ഞാന്‍ കടംകൊള്ളട്ടെ....

ഇഷ്ടഗാനങ്ങളുടെ കേള്‍വിക്ക് നടുവില്‍.. 

ഓര്‍മ്മകളുടെ തിരയിളക്കത്തില്‍..., നിനക്കായ്‌...

ഒരു ഭ്രാന്തന്‍ ജല്‍പ്പനമെന്ന പോലെ നീയിത് കേള്‍ക്കുമെന്ന വിശ്വാസത്തില്‍...

എനിക്ക് നിന്നോടുള്ള സ്നേഹത്തിനെ എന്ത് പേരിട്ടു വിളിക്കണം എന്നറിയാതെ....

പ്രണയം അല്ലെന്ന തീര്‍ച്ചയില്‍....... 

നിന്റെ ചിരിയൊച്ചയില്‍ നിറഞ്ഞു പോവുന്ന മനസ്സ്....

നിന്റെ വാക്കുകളില്‍ നിറയുന്ന എന്‍റെ കാതുകള്‍...

നീ നിറയുന്ന നിമിഷങ്ങളില്‍ ധന്യമാവുന്ന ഹൃദയം...

എന്നിട്ടും...

ഒരിക്കലുമൊരിക്കലും സ്നേഹിക്കാന്‍ അറിയാത്തൊരാളാണ്‌ ഞാന്‍...

അല്ലെങ്കിലതിനെയിങ്ങനെ തിരുത്തിയെഴുതട്ടെ... 

സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തൊരാളെന്നു...

പ്രകടനം മാത്രമായി പോവുമോ എന്ന പേടികൊണ്ടാവണമത്....

എനിക്ക് സ്നേഹമെന്നാല്‍  നിന്നോട് പറഞ്ഞു നിന്നെ അറിയിച്ചു അതിന്‍റെ തീവ്രത തീര്‍ക്കേണ്ട ഒന്നല്ല..

എനിക്കത് എന്റെ മനസ്സില്‍ അത്രയും കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ്.. 

കാലങ്ങളോളം... കടലാഴങ്ങളോളം... നീയറിയാതെ നിന്നെ സ്നേഹിക്കുന്നതാണ് എന്റെ ആനന്ദം...

ഇതിനിടയില്‍ പലപ്പോഴും നിന്നെ നോവിച്ചിട്ടുണ്ടാവാം... വേദനിപ്പിച്ചിട്ടുണ്ടാവാം... നീയെന്നെയും!

അതൊന്നും ഇഷ്ടം കുറയാനോ പറഞ്ഞറിയിക്കാനോ ഉള്ള കാരണങ്ങള്‍ അല്ല...

ഇതിനിടയില്‍ പലപ്പോഴും ഞാന്‍ നിന്നെ മറവിയിലേക്ക് തള്ളിയിട്ടെന്നു വരാം..

എന്നാലതൊന്നും നിന്നോട് സ്നേഹമില്ലാതിരുന്നിട്ടല്ല...

ഇതിനിടയില്‍ പലപ്പോഴും നിന്നെ ദൂരെ ദൂരേക്ക് അകറ്റിയെന്നും വരാം...

എന്നാലതൊന്നും നിന്നോടുള്ള സ്നേഹഭംഗത്തിനു കാരണമാകുന്നുമില്ല...

എത്ര തന്നെ നീയെന്നെ മറന്നാലും എന്നില്‍ നിന്നകന്നാലുംഎത്ര തന്നെ ഞാനകന്നാലും... 

തനിച്ചാകലുകളില്‍ സ്വസ്ഥത തിരഞ്ഞാലും..

നീയുള്ളിലുണ്ടെന്ന വിശ്വാസത്തിലാണത്.....

ഇലയനക്കങ്ങള്‍ക്ക് കാറ്റ് കൂട്ടുണ്ടെന്ന പോലെ....

ജലം തേടിപ്പോകുന്ന വേരുകളെ പോലെ നിന്റെ ഓര്‍മ്മകള്‍ എന്നിലാഴങ്ങളില്‍....

അതിനാല്‍ എത്രയൊക്കെ നഷ്ടപ്പെട്ടെന്നു ഞാന്‍ കരുതിയാല്‍ പോലും....

എന്നിലതൊന്നും നഷ്ടങ്ങള്‍ ആവുന്നില്ലെന്ന ഉറപ്പുണ്ട്...

അതിനാല്‍ എത്ര തന്നെ വ്യഥയുടെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിയാലും..

എന്നിലതൊക്കെ മുല്ലവള്ളിയുടെ നറുഗന്ധം നല്‍കുമെന്നറിവില്‍....

എനിക്കൊരിക്കലും നിന്നെയോര്‍ത്ത് കണ്ണുനീര്‍ പൊഴിക്കേണ്ടി വരില്ലാ...

അതിപ്പോള്‍ വേര്‍പാടിലായാല്‍ പോലും.....

നിനക്കുമങ്ങനെയായിരിക്കട്ടെയെന്നോര്‍ക്കാന്‍ കഴിയുന്നില്ല....

ഒരിക്കലുമൊരിക്കലും മനസ്സില്‍ നീയെന്നെ കൊണ്ട് നടക്കരുതെന്നയാഗ്രഹം അദമ്യമായിരിക്കേ...

ഒരോര്‍മ്മഭാരം കൊണ്ടൊരിക്കല്‍ പോലും നിന്നെ വേദനിപ്പിക്കാന്‍ വയ്യെന്നിരിക്കേ....

സ്നേഹിക്കാതിരിക്കുക...

സ്നേഹത്തിന്‍റെ നോവുകളില്‍ പോലും നിന്റെ കണ്ണുകള്‍ നിറയുന്നത് കാണാന്‍ വയ്യെന്നിരിക്കേ....

സ്നേഹിക്കാതിരിക്കുക.......

Wednesday, December 14, 2016

ആരാണ് പറഞ്ഞത് നീ അകലെയാണെന്നു...

കാലം നിന്നോട് കള്ളം പറഞ്ഞതല്ലേ..

അന്നും എന്തും വിശ്വസിക്കാന്‍ പോവുന്ന നീയും..

എങ്കിലും..

നിന്നെ സ്നേഹിക്കുമ്പോഴെല്ലാം ഞാന്‍ ഭയപ്പെടുകയായിരുന്നു..

എത്രമേല്‍ നിന്നെ നോവിക്കേണ്ടി വരുമെന്നോര്‍ത്ത്....

എന്റെ തനിച്ചാകലുകളില്‍ ഞാന്‍ ശാന്തമാവുമ്പോഴെല്ലാം പാവം നീ..,

നീ മുറിപ്പെടുകയാണ്, ഞാന്‍ അറിയായ്കയല്ല... 

എന്നിട്ടും..!

സഖീ വരൂ നമുക്കൊരു സ്വപ്നത്തിന്റെ ചിറകേറാം...

മഴവില്ല് തൊട്ടുകൊണ്ട്.. 

മേഘങ്ങളേ തഴുകിക്കൊണ്ട് നമുക്ക് പറക്കാം..

നക്ഷത്രങ്ങള്‍ കൊണ്ടമ്മാനമാടാം.. 

അമ്പിളിക്കലയില്‍ ഊഞ്ഞാലിടാം...

ഒരു കണ്‍ചിമ്മലില്‍ കടലേഴും കരയേഴും പോയി വരാം...

ഈണവും താളവും മറന്നു നമുക്ക് പാടാം... 

നൃത്തം ചെയ്യാം...

വിരല്‍ത്തുമ്പില്‍ സ്നേഹമുണ്ടെന്ന് നമുക്കനുഭവിക്കാം...

നെറുകയില്‍ കരുതലോടുമ്മ വയ്ക്കാം.. 

താരാട്ട് പാടാം..

വിളുകള്‍ കയ്യിലെടുത്ത് സ്നേഹവും..

ചുമലോട് ചുമല്‍ ചേര്‍ന്ന് പരിഗണനയും അറിയിക്കാം..

മിഴിനീര്‍ത്തുള്ളികളെ മോതിരവിരലുകള്‍ കൊണ്ട് തൂത്തു കളയാം..

നിശ്ശബ്ദതയെ നമുക്ക് മൗനം കൊണ്ട് തോല്‍പ്പിക്കാം..

കണ്ണോടു കണ്ണ് നോക്കിയിരിക്കാം..

വളപ്പൊട്ടുകള്‍ എണ്ണി തീര്‍ക്കാം..

ഇപ്പോഴും നിനക്ക് തോന്നുന്നുണ്ടോ നീ അകലെയാണെന്നു..

നീയടുത്തല്ലേ.. ഇവിടല്ലേ..

മഴത്തുള്ളികള്‍ പെയ്തൊഴിയുന്ന വാക്കുകളുമായി നീയും

നിന്നില്‍ പെയ്യാന്‍ മറന്ന ഞാനും.

കാലത്തിന്റെ പേമാരിയില്‍ കടപുഴകി വീണ മരങ്ങള്‍, 

ഞാനും നീയും.

നമുക്കിടയില്‍ ദൂരം കുറയുന്നു. 

മഴത്തുള്ളികളുടെ ശബ്ദം എനിക്കിപ്പോള്‍ നന്നായി കേള്‍ക്കാം.

മേഘങ്ങളെ വിരലുകള്‍ കൊണ്ട് തൊടാം; 

നക്ഷത്രങ്ങളെയും, പിന്നെ നിന്നെയും!

സ്നേഹത്തിന്റെ, കരുതലിന്റെ മുഖങ്ങള്‍ വേദനായാവുന്നുണ്ട്, 

എങ്കിലും പെയ്തു തോരാത്ത മഴയുണ്ടോ!

വായിച്ചു തീരാത്ത പുസ്തകങ്ങളുണ്ടോ!

ഓര്‍ക്കുകയാണ്, 

ആദ്യമായി നമ്മള്‍ നനഞ്ഞ മഴയും, ഒന്നിച്ചു ചൂടിയ വാഴയിലക്കുടയും.

ഓര്‍മ്മകള്‍ക്ക് എന്നും പുതുമണ്ണിന്റെ ഗന്ധമാണ്, 

മഴ നനഞ്ഞ മണ്ണിന്റെ!

വാക്കുകള്‍ തീരുകയാണ്, 

അല്ലെങ്കിലും തീരാത്തവയായി എന്താണ് ഉള്ളത്?!

അല്ലെങ്കിലും സ്ഥായിയായി എന്താണ് എന്നും ഇവിടങ്ങളില്‍ കാണാനുള്ളത്!

എല്ലാം മാറ്റത്തിന് വിധേയമാണ്.

ഒരിക്കല്‍ ഒരു സഞ്ചാരി നിന്നോട് പറഞ്ഞത് 

നീയെന്നോട്‌ പറഞ്ഞത് ഇങ്ങനെയായിരുന്നു - 

"ജീവിതം ഒരു യാത്രയാണ്. ഒരിക്കലും തുടങ്ങാത്തതും അവസാനിക്കാത്തതും."

ഞാന്‍ വസന്തം തേടുന്നു. 

നിന്റെ തത്ത്വങ്ങള്‍ നീയിനി കാലത്തിന്റെ കാതിലോതുക. 

കാലമതെന്നില്‍ എത്തിക്കും വരേയ്ക്കും 

എനിക്കും നിനക്കുമിടയില്‍ മൗനം പറയും.

എനിക്ക് നിന്നോട് പറയാന്‍ വാക്കുകളുടെ ആവശ്യവുമില്ലെന്നറിയുക.

എല്ലാം പറഞ്ഞു കഴിഞ്ഞവരാണ് നാം.

പറയാമൊഴികള്‍ ഹൃദയത്തില്‍ ഒരു മേഘമായി, പിന്നെ മഴയായി.

ജീവിതം ഒരു യാത്രയാണ്.. 

പ്രശാന്തസുന്ദരമായ വഴികളിലൂടെ.

യാത്രയിലെ കാഴ്ചകള്‍ മനോഹരമാകും.

ചില കാഴ്ചകള്‍ കണ്ണില്‍ നിന്ന് മറയും.

മറയുന്ന കാഴ്ചകള്‍ മറവിയില്‍ സൂക്ഷിക്കുക. 

ചിലപ്പോഴെങ്കിലും ഓര്‍ത്തെടുക്കാന്‍!

Monday, December 12, 2016

വരണ്ടുണങ്ങിയ മണ്ണില്‍ പൊടുന്നനേ ഒരു മഴ പെയ്ത പോലെ... 

മണ്ണിനടിയില്‍ ഏതോ പുരാതനകാലത്ത് 

എവിടെനിന്നോ പാറിവന്നു ഉറങ്ങിപ്പോയ ഒരു വിത്ത്‌, 

ജീവന്റെ അംശം ഇനിയും നഷ്ടപ്പെടാത്ത അതിനെ ചുംബിച്ചുണര്‍ത്താന്‍ മഴത്തുള്ളികള്‍... 

പ്രണയവും അത് പോലെയായിരിക്കണം.. 

എന്നോ ഉറങ്ങിപ്പോയ മണ്‍മനസ്സിനെ 

ഏതോ അകലങ്ങളില്‍ നിന്നും വന്ന മറ്റൊരു മഴമനസ്സ് നനയിച്ചു കടന്നു പോകുന്ന പോലെ.... 

നിരന്തരം നിരന്തരം സംസാരിച്ചു കൊണ്ടേ.... 

മഴ പോലെ പെയ്തു കൊണ്ടേ.. 

വാക്കുകളില്‍ ഒന്ന് കൊണ്ട് പോലും നോവിക്കാതെ അത്രയേറെ കരുതലോടെ.... 

ഓരോ വാക്ക് കൊണ്ടും മനസ്സിലെ ഓരോ നോവിനേയും കളഞ്ഞു കൊണ്ട്..

മൗനവാത്മീകത്തില്‍ നിന്നും വാക്കുകളുടെ ഹര്‍ഷഘോഷങ്ങളിലേക്ക് പതിയെ കൈപിടിച്ച് നടത്തിക്കൊണ്ട്... 

ഇന്നലെ മഴയായിരുന്നു... 

ഇനിയും നിര്‍ത്താതെ പെയ്തു കൊണ്ടേയിരിക്കുന്ന മഴ.....

കണ്ടിരിക്കേ... കേട്ട് കേട്ടിരിക്കേ... മഴയുടെ താളം, മനസ്സിന്റെ താളമായി... മനസ്സും പെയ്ത്...

പ്രണയത്തിലായിരിക്കുമ്പോള്‍ നാമൊരു മഴ നനയുകയാണ്‌.... :)

ഏറെ നിശ്ശബ്ദമായി...അത്രയാഴത്തില്‍ എന്നിലെ നിന്നോട്....... ഒരിക്കല്‍ക്കൂടി.

ഒരു മനസ്സുണ്ടായിരുന്നു നീ നിറഞ്ഞ, 

നന്മകള്‍ നിറഞ്ഞ ഒരു മനസ്സ്...!

എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിച്ചിരുന്ന...

ഏതൊന്നിനെയും ഉള്ളിന്റെയുള്ളില്‍ കൊണ്ട് നടന്ന...

നിര്‍മ്മലമായൊരു മനസ്സ്....!പലപലപ്പോഴായി ഓര്‍മ്മകള്‍ മഴയായി പെയ്യാറുണ്ടായിരുന്ന....

ഒരു വാക്കിലെ പോലും സ്നേഹത്തെ ഏറെ വിലമതിക്കുന്ന...

എപ്പോഴുമെപ്പോഴും സ്വന്തമായതിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന..

പളുങ്ക് പോലെ തെളിഞ്ഞൊരു മനസ്സ്.......

കാലം എന്നും ഒരുപോലെയല്ലല്ലോ....

ഓരോ നിമിഷവും, ഓരോ നിമിഷവും കടന്നു പോകുമ്പോള്‍ പതിയെ പതിയെ മറയുന്ന പലതും...

സ്വന്തങ്ങള്‍, ബന്ധങ്ങള്‍, സ്നേഹങ്ങള്‍, ഇഷ്ടങ്ങള്‍, ഓര്‍മ്മകള്‍....

അങ്ങനെയങ്ങനെ ഓരോന്നായി ഓരോന്നായി മറയുന്ന കാലത്തില്‍.....

നിറം നഷ്ടപ്പെട്ട, നന്മകള്‍ നഷ്ടപ്പെട്ട മനസ്സ്....

നീ ഇല്ലാതാവുക എന്നാല്‍ നന്മകളും ഇല്ലാതാവുക എന്നല്ലേ..

മറക്കാന്‍ പറയുമ്പോള്‍ എന്തെ നീ ഓര്‍ത്തില്ല..

മറവിയും മരണമാണെന്ന്..

Sunday, December 11, 2016

ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ വീണ്ടും എന്റേത് മാത്രമായ ഈ ലോകത്തില്‍ ഒതുങ്ങിക്കൂടാന്‍ വല്ലാത്ത ആഗ്രഹം.. ഞാന്‍ മാത്രമായിരുന്ന കാലത്തിലേക്ക് വീണ്ടും.. എന്തിനായിരുന്നു ഇടയ്ക്കുള്ള പ്രഹസനങ്ങള്‍ (ഇപ്പോഴങ്ങനെ തോന്നുന്നു, ക്ഷമിക്കുക) എന്നോര്‍ത്തു പോകുന്നു! ഉവ്വ്, ഒരുപക്ഷേ നീ പറഞ്ഞ പോലെയായിരിക്കാം... കൂടിച്ചേരാനൊരു കാലം വിടപറയാന്‍ മറ്റൊന്നും.. അങ്ങനെയായിരിക്കണം, സ്നേഹം എപ്പോഴും അങ്ങനെയായിരിക്കണം..! ഒരിക്കല്‍ എന്നെ നോവിച്ചത് നിന്റെ മൗനം മാത്രമായിരുന്നു, അത്രമേല്‍ സംവേദിച്ചിട്ടു പോലും..! അഭാവങ്ങളെ അവഗണിക്കാന്‍ നീ പഠിപ്പിച്ചിരുന്നു, ഞാന്‍ മറന്നിരുന്നു അതും, വീണ്ടും ശീലിക്കേണ്ടിയിരിക്കുന്നു.. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്റേത് മാത്രമാണ്; എന്റേത് മാത്രമാണ് തെറ്റുകളൊക്കെയും... നിന്നില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഒരു വശത്ത്‌ നീയും നീ നല്‍കിയ സന്തോഷങ്ങളും നോവുകളും വിരഹങ്ങളും മറുവശത്ത്‌ ഇന്നിന്റെ ലോകവും ആയിരുന്നു.. പക്ഷേ സ്നേഹത്തിന്റെ പേരില്‍ പിന്നെയും ആരെയൊക്കെയോ കൂടെ കൂട്ടിയപ്പോള്‍ വേര്‍പാടുകളുടെ ഭാരം കൂടുന്നല്ലോ... 


ഞാന്‍ മറന്നു പോകുന്നു, പ്രിയപ്പെട്ടവരേ ഞാന്‍ നിങ്ങളെയൊക്കെ മറന്നേ പോവുന്നു.. കാലം വല്ലാതെ മാറ്റുന്നുണ്ട്... എവിടെയോ എത്തിക്കുന്നുണ്ട്, അപരിചിതമായ ഏതോ ലോകത്തില്‍.. അവിടെ എനിക്ക് നിങ്ങളെ ഓര്‍ക്കാന്‍ ആവുന്നില്ല.. എന്നാല്‍ ആ സ്നേഹത്തിന്നാഴവും ആര്‍ദ്രതയും എന്റെ മനസ്സില്‍ അത്രയും അഭാവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരിക്കലും നികത്താനാവാത്ത ചിലതുകള്‍... ഒരു പക്ഷേ സ്നേഹത്തിന്റെ സ്വഭാവം ആയിരിക്കാം, പകരം വയ്ക്കാനൊന്നില്ലാത്ത പോലെ ആയിടങ്ങള്‍ മനസ്സില്‍ അങ്ങനേ അവശേഷിപ്പിക്കും.... ഇനിയൊരിക്കല്‍ നാം തമ്മില്‍ കാണുമ്പോള്‍ എനിക്ക് നീ തന്ന മൗനത്തിന്റെ ഭാഷയ്ക്ക് ഞാനില്ലെങ്കില്‍ കൂടിയും എന്റെ സ്നേഹം പകരം വയ്ക്കുന്നു.. വേര്‍പാടുകള്‍, വിടപറയലുകള്‍ എന്നൊന്നില്ല ഇന്നുകളില്‍..... ഓരോ ജീവിതവും ഓരോ കഥയാണ്, കേട്ട് കേട്ടിരിക്കേ തീര്‍ന്നു പോയേക്കാവുന്ന കഥ...


നമ്മള്‍ എന്നതില്‍ നിന്നും ഞാനെന്നും നീയെന്നും ആവുന്ന അവസ്ഥ! മറവികള്‍ കൊണ്ട് മരണം തീര്‍ക്കുന്നവര്‍. സ്നേഹത്തിനു, ഇഷ്ടങ്ങള്‍ക്ക് അതിരുവയ്ക്കുമ്പോള്‍ ഇന്ന് ഞാന്‍ അറിയുന്നു അതിരുകള്‍ക്കിടയില്‍ ഒരിക്കലും സ്നേഹമുണ്ടാകുന്നില്ല, തീര്‍ത്തും സ്വതന്ത്രമാവുമ്പോള്‍ മാത്രമേ സ്നേഹം പൂര്‍ണ്ണമാവുകയുള്ളൂ.. നീ മറന്നതും അതായിരുന്നു! പലപ്പോഴും ഞാനും! എന്നിട്ടും ഞാനെന്ന നാല് ചുവരുകള്‍ക്കപ്പുറം ഇനിയെന്റെ സ്നേഹമില്ല; സ്വാര്‍ത്ഥനാവുന്നു അത്രമേല്‍! ഇനിയൊരിക്കല്‍ പോലും എന്നില്‍ നിന്നും ആത്മാര്‍ത്ഥത പ്രതീക്ഷിക്കാതിരിക്കുക. ദൂഷ്യമായ ഒന്നാണെങ്കില്‍ കൂടിയും നീ പഠിപ്പിക്കുന്നു അങ്ങനെയാവാന്‍.. അവനവനോടുള്ളതിനപ്പുറം രണ്ടാമതൊരാളോട്, അത് നിന്നോടായാല്‍ പോലും, വേണ്ടെന്നു നീ പഠിപ്പിക്കുന്നു. ഇനിയും കടന്നു വരാതിരിക്കുക, സ്നേഹം നിഷേധിക്കുന്നതിനേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റെന്തുണ്ട് എന്നാണെങ്കില്‍ കൂടിയും, വരികയാണെങ്കില്‍ നിന്നെ വേദനിപ്പിക്കേണ്ടി വന്നേക്കാം എന്നുള്ളതിനാല്‍ വരാതിരിക്കുക.

Sunday, December 4, 2016

കൂട്!

സായാഹ്നം.. ചുവന്ന മേഘങ്ങള്‍ നിറഞ്ഞ വാനം.. മേഘങ്ങളിലേക്ക്, കൂടുകളിലേക്ക്, വിട വാങ്ങുന്ന പറവകള്‍... ഒരു ദിനാന്ത്യത്തിന്റെ ഹര്‍ഷാരവങ്ങളോടെ പലവഴികളില്‍ പിരിഞ്ഞവര്‍ ഒരു കൂടിലേക്ക്... ഒരുമയുടെ നിമിഷങ്ങളിലേക്ക്.. സന്തോഷങ്ങളിലേക്ക്.. കൂടുകള്‍, കൂടിച്ചേരലുകള്‍ക്ക് ഇടമൊരുക്കുന്ന കൂടുകള്‍! പറവകള്‍ എത്രമേല്‍ ഭാഗ്യവാന്‍മാരാണല്ലേ.. അവയ്ക്ക് കൂടുകളാണ്.. നമുക്കോ... നമുക്ക് വീടുകള്‍...! വിടപറയലുകള്‍ക്കവസരമൊരുക്കുന്ന വെറും വീടുകള്‍!! പറവകളെ പോലെ സ്വതന്ത്രരാവണം.. ആകാശത്തിലേക്ക് മാത്രമല്ല... സ്വന്തം സമ്മര്‍ദ്ദങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും... ഓരോ വീടുകളും കൂടുകളാകുന്ന കാലമുണ്ട്.. പലയിടങ്ങളിലാണ് നാമെങ്കിലും ഒന്ന് പിടയുമ്പോള്‍ ലോകത്തിന്റെ ഏതു കോണിലായാലും പരസ്പരമറിയുന്ന മനസ്സുകള്‍ ഒന്ന് ചേരുന്നിടങ്ങള്‍.. എനിക്കറിയാം ഒരു പക്ഷേ നാമിരുധ്രുവങ്ങളില്‍ ആയിരിക്കാം.. എങ്കിലും മനസ്സൊന്നു തളരുമ്പോള്‍, വഴികളറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ പരസ്പരമൊരു താങ്ങാവാന്‍ ഒരു വാക്കിന്റെയെങ്കിലും കരുത്തു നാം പങ്കു വയ്ക്കുമെന്ന്... ഉയിര്‍പ്പിലേക്ക്, വീണ്ടും ഉണര്‍വ്വിലേക്ക്... പരസ്പരമിങ്ങനേ തളര്‍ന്നും താങ്ങിയും നാം കൂടൊരുക്കുന്നതെവിടെയാണ്... നമുക്കായി മാത്രമെന്നെങ്ങനെ പറയും... നമ്മിലുറ്റു നോക്കുന്ന മറ്റൊരു ലോകമുണ്ടെന്നിരിക്കേ നമുക്കായി മാത്രമെന്നെങ്ങനെ പറയും.. അത്രമേല്‍ നിസ്വാര്‍ത്ഥരാവാന്‍ പഠിക്കേണ്ടിയിരിക്കുന്നു നാം.. കൂടുകളിലേക്ക് ചേക്കേറുമ്പോള്‍ അത്രമേല്‍ നിസ്വാര്‍ത്ഥരാവേണ്ടിയിരിക്കുന്നു നാം.. വരൂ, നമുക്ക് വീടുകള്‍ ഉപേക്ഷിക്കാം....