Wednesday, December 25, 2013

പ്രിയപ്പെട്ട നിനക്ക്......



പ്രിയപ്പെട്ട നിനക്ക്,


                                                                  സുഖം എന്ന് കരുതുന്നു.. ഒരുപാട് നാളായി എഴുതണം എന്ന് കരുതുന്നു.. ഓരോ തിരക്കുകള്‍ കാരണം വൈകും.. ഒടുവില്‍ ഇന്ന് എഴുതാം എന്ന് കരുതി... ഈ ക്രിസ്ത്മസിന് മുന്‍പായി എങ്കിലും നിനക്ക് കിട്ടണം... പേനയും എടുത്ത് ഇരുന്നപ്പോഴാണ് പഴയത് പോലെ എഴുതാനൊന്നും കഴിയുന്നില്ല എന്ന് മനസ്സിലാകുന്നത്... ഒരുപാട് നേരം ആലോചിച്ചിട്ടാണ് ഇത്രയെങ്കിലും എഴുതിയത്.. ഈ എഴുതിയതില്‍ തന്നെ എത്രയോ തിരുത്തുകള്‍... എഴുതാന്‍ തന്നെ മറന്നു പോയത് പോലെ.. അക്ഷരങ്ങള്‍ അന്നെന്ന പോലെ ഇന്ന് വിരലില്‍ എത്തുന്നില്ല... തൂലിക കൊണ്ട് വിപ്ലവം സൃഷ്ടിച്ചവന് എന്ത് പറ്റി...!!! മുദ്രാവാക്യങ്ങളും വാചകങ്ങളും, കവിതകളും, കഥയും വിരിഞ്ഞ മനസ്സും കൈവിരലുകളും കാലത്തിന്റെ ഓട്ടപ്പാച്ചിലില്‍ എവിടെയോ മറഞ്ഞു... ഇന്ന് മുദ്രാവാക്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ലജ്ജയാണ്.. വിളിക്കുന്നവരോട് സഹതാപവും... കവിതകളും കഥകളും കോളേജ് മാഗസിനുകളില്‍ മാത്രം ഒതുങ്ങിയാല്‍ പോര കൂടുതല്‍ ഉയരങ്ങളില്‍ എത്തണം എന്ന് പറഞ്ഞ സത്യന്‍ മാഷും കഥകളും കവിതകളും കാലത്തിന്റെ യവനികയ്ക്കുള്ളില്‍... അറിയാത്തൊരു വേദന തന്നു സത്യന്‍ മാഷിന്റെ വിയോഗം, വളരെ വൈകിയായിരുന്നു അറിഞ്ഞത്.. എത്ര മനോഹരമായി കവിത ചൊല്ലുമായിരുന്നു അദ്ദേഹം... ഓര്‍ക്കുന്നുണ്ടോ നീ..? എത്ര സുന്ദരമായിരുന്നു ആ കാലം... പിന്നീടെപ്പോഴെങ്കിലും പോയിട്ടുണ്ടോ കോളേജിലേക്ക്...?

                                                              നിന്റെ കത്ത് കിട്ടിയപ്പോള്‍ വല്ലാത്ത അത്ഭുതം ആയിരുന്നു... ഇതാരാ ഇപ്പോള്‍ കത്തയക്കാന്‍ എന്ന്...!! ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലല്ലോ, ചാറ്റും, മെയിലും മറ്റുമെല്ലാമായി മിക്കവാറും  കാണുന്നുവെങ്കിലും ഇതൊരു സര്‍പ്രൈസ് ആയിരുന്നു... കുറച്ചു വാക്കുകളില്‍ നീ നന്നായി പറഞ്ഞിരിക്കുന്നു.. നമ്മള്‍ പറയാത്തതെല്ലാം, പറയാമെന്നു പറഞ്ഞു നീ ഒഴിവാക്കിയവയെല്ലാം ഇതിനു വേണ്ടിയായിരുന്നു അല്ലേ...? അത് കൊണ്ടാ എനിക്കൊന്നും എഴുതാനില്ലാത്തെ... എന്താ എഴുതേണ്ടത്.. എല്ലാം അറിയുന്നില്ലേ... പക്ഷേ ആ കത്ത് വായിക്കുന്ന സുഖം ഒന്ന് വേറെ തന്നെ, എല്ലാവര്ക്കും  അയച്ചോ...? എന്റെ  കയ്യില്‍ ആരുടേയും അഡ്രസ്‌ ഇല്ല.. നിന്റെ ഫ്രം അഡ്രസ്‌ കണ്ടത് കൊണ്ട് മനസ്സിലായി... പിന്നെ ശരത്തിന്‍റെ മെയിലുകളില്‍ സിഗ്നേചര്‍ ആയി അവന്‍റെ അഡ്രസ്‌ ഉണ്ട്... അത് കൊണ്ട് നിങ്ങള്‍ക്ക് രണ്ടു പേര്ക്കും  എഴുതാം എന്ന് കരുതി... ഒരല്പം സമയം ചിലവായാലും സാരമില്ല.. പഴയതെല്ലാം ഓര്‍ക്കാന്‍ ഈ കത്ത് തന്നെയാണ് നല്ലത്.... ഈ വായനയുടെ സുഖം ഇ-വായനയ്ക്ക് കിട്ടില്ല.. 

              പ്രവാസത്തിലെ ഗൃഹാതുരത ഒഴിവാക്കിയാല്‍ സുഖമായിരിക്കുന്നു... ആശ്വാസത്തിന് ഇവിടെ ആലപ്പുഴയില്‍ നിന്നും തലസ്ഥാനനഗരിയില്‍ നിന്നുമായി ഓരോ മലയാളികള്‍ ഉണ്ട്.. പിന്നെ മൂന്നു ബംഗാളികള്‍, രണ്ടു തമിഴര്‍.. തമിള്‍മക്കള്‍ എന്നെ തമിഴ് പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്.. കുറച്ചൊക്കെ പഠിച്ചു, അവര്‍ക്ക് മലയാളം മനസ്സിലാകാഞ്ഞിട്ടല്ല.. എന്നാലും തമിഴ് പഠിപ്പിച്ചേ വിടൂ എന്ന്...! ബംഗാളികള്‍, പാവങ്ങള്‍, അവര്‍ അവസാനം മലയാളം പഠിച്ചു...  എല്ലാവരും ഏതാണ്ട് ഒരേ പ്രായക്കാര്‍ ആയത് കൊണ്ട് നന്നായി പോകുന്നു... നിയന്ത്രിക്കാന്‍ ആരുമില്ല..  ജോലി, വിശ്രമം, ഭക്ഷണം, നെറ്റ്, വായന, ചാറ്റിംഗ്, ഫോണ്കാ്ള്‍, പിന്നെ കുറെ വര്‍ത്തമാനം പറഞ്ഞിരിക്കലും... ഓരോ ദിവസവും അങ്ങനെ കഴിയും.. വിരസമാകാതിരിക്കാന്‍ ഞങ്ങള്‍ ഓരോരുത്തരും എന്തെങ്കിലും വഴികള്‍ കണ്ട് പിടിക്കും.. പുതിയ പാചകം, അല്ലെങ്കില്‍ പുതിയ ബുക്ക്‌ വാങ്ങി അത് വായിച്ചു അങ്ങോട്ടും ഇങ്ങോട്ടും കഥ പറഞ്ഞു കൊടുക്കും.. ഇതാണ് ചെന്നൈ ഫ്രണ്ട്സിന്‍റെ പ്രധാന വിനോദം... ഞങ്ങളും കൂടും... അത് കൊണ്ടാ ഭാഷ കുറച്ചു പഠിച്ചു...

         പിന്നെ, വേറെ എന്തൊക്കെയാണ് വിശേഷങ്ങള്‍...? വീട്ടിലെല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു.. ശാരിയുടെ വിവാഹം കഴിഞ്ഞു അല്ലേ... ഇന്‍വിറ്റേഷന്‍ കിട്ടിയിരുന്നു... കൂടണം എന്നുണ്ടായിരുന്നു... എന്ത് ചെയ്യാന്‍ മടുപ്പിക്കുന്ന, മരവിപ്പിക്കുന്ന ഈ യന്ത്രങ്ങളുടെ ശബ്ദങ്ങള്‍ക്കിടയില്‍ നിന്ന് ഇനി എന്നാണു മോചനം...! അടുത്ത മാര്‍ച്ചില്‍ നാട്ടില്‍ വരണം എന്നുണ്ട്.. ലീവ് മിക്കവാറും ശരിയാകും.. വന്നാല്‍ പിന്നെ തിരിച്ചു ഇങ്ങോട്ട് വരണമോ എന്ന് രണ്ടു വട്ടം ചിന്തിക്കണം.. ഒരു പക്ഷേ എല്ലാം നിര്‍ത്തി  നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാനും മതി.. നമ്മുടെ നാടിന്‍റെ  സുഖം വേറെ എവിടെ കിട്ടാനാ... ഒരുപാട് കാര്യങ്ങള്‍ മിസ്സ്‌ ചെയ്യാറുണ്ട്.. 
അപ്പൊ പിന്നെ നിര്‍ത്തട്ടെ... എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ ഒരുപാട് ഉണ്ടാകും... പ്രത്യേകിച്ച് ഇവിടെയായിരിക്കുമ്പോള്‍.... പതിയെ എഴുതാന്‍ തുടങ്ങണം, അന്നെന്ന പോലെ... മുദ്രാവാക്യങ്ങള്‍ വേണ്ട.... കഥയും കവിതയും മതി അല്ലേ... 
എല്ലാവരോടും അന്വേഷണം പറയൂ... പിന്നെ മറ്റുള്ളവരുടെ അഡ്രസ്‌ കൂടി നീ അയക്കൂട്ടോ.... ഇത് പോലെ വല്ലപ്പോഴും അവര്ക്കും  ഒരു സര്‍പ്രൈസ് കൊടുക്കാലോ...

എല്ലാവര്‍ക്കും  ക്രിസ്തുമസ് പുതുവത്സരാശംസകള്‍......


                                                                                                                        സ്നേഹത്തോടെ......

                                                                                                                             ..പ്രബി..

Sunday, December 22, 2013

അവശേഷിപ്പിച്ച നിമിഷങ്ങളെല്ലാം ഇന്നേക്ക് വേണ്ടിയായിരുന്നു..
ഓര്‍മ്മകള്‍ക്കും മറവികള്‍ക്കുമിടയില്‍ നീ നിറഞ്ഞും മറഞ്ഞും..
ഒടുവിലൊരേകാന്ത ദിനത്തിന്‍റെ സായന്തനത്തില്‍ 
പുഴയിലെയോളങ്ങള്‍ പതിയെ കാതില്‍ ചൊല്ലിയ 
കളകളാരാവങ്ങള്‍ക്ക് നിന്‍റെ മന്ത്രണത്തിന്‍റെ
ഈണമുണ്ടായിരുന്നു... നിന്‍റെ മനസ്സിന്‍റെ തണുപ്പും...
അറിയാതെ, ഞാന്‍ പോലുമറിയാതെ അകലുകയായിരുന്നു..
എന്നില്‍ നിന്ന്, നിന്നില്‍ നിന്ന്, എന്നെ മോഹിപ്പിച്ച എല്ലാത്തില്‍ നിന്നും.... 
പക്ഷേ കാലത്തിന്‍റെ കയ്യൊപ്പ് വച്ച ആ സ്നേഹത്തില്‍ നിന്ന് ഞാനെവിടെയൊളിക്കാനാണ്...?!!!
തിര മായ്ച്ചു കളഞ്ഞ വാക്കുകള്‍, തീരത്തിന്‍റെ ഓര്‍മ്മകള്‍...
ശില്പിയാല്‍ മനോഹരമാക്കപ്പെട്ട ശിലകള്‍, കാലത്തിന്‍റെ നോവുകള്‍..
ഈ തണുത്ത പ്രഭാതങ്ങളിലും മനസ്സിലെ താപാഗ്നിയണയ്ക്കാന്‍ 
ഇഷ്ട ഗാനങ്ങള്‍, ഇഷ്ട വായനകള്‍...
മൗനം സംവേദിക്കാന്‍ തുടങ്ങുന്ന നാളുകള്‍ ഒരുപാട് അകലെയാണ്..
കയ്യെത്തുന്ന ദൂരത്തിനും, കണ്ണെത്തുന്ന ദൂരത്തിനും അപ്പുറം.!
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന രാവുകളില്‍, നിലാവ് പെയ്യുന്ന നിമിഷങ്ങളില്‍, ഓര്‍മ്മകളില്‍ നീ നിറയാറുണ്ട്... എന്നും അങ്ങനെ ആയിരുന്നു.. 
നിനക്കപ്പുറം നീ മാത്രം... നിന്നില്‍ തുടങ്ങി നിന്നിലൊടുങ്ങിയ ഞാന്‍..
കാലമേ  എന്ന് മുതലാണ്‌ നിന്നെ ഞാനിത്രമാത്രം സ്നേഹിച്ചു പോയത്...?!! ആദ്യത്തെ നോവ്‌ മുതലോ...?!!
ഇന്ന് നീ നല്‍കുന്ന നിമിഷങ്ങള്‍ മാത്രം മതി.. അതിലപ്പുറം ഒന്നുമില്ല... ഒന്നും വേണ്ട... നിനക്ക് നന്ദി.. നിനക്കപ്പുറം കൂട്ടായിരിക്കാന്‍ ആര്‍ക്കുമാവില്ല... നിനക്ക് പകരം നീ മാത്രം... തിരിച്ചറിവിന്‍റെ ഈ നാളുകളില്‍ ഞാന്‍ നിന്നില്‍ അലിഞ്ഞോട്ടേ...

Friday, December 20, 2013

പത്ത് അക്കങ്ങളും അന്‍പത്തൊന്ന് അക്ഷരങ്ങളും....

അക്കങ്ങള്‍ക്കിടയിലാണ് ജീവിതം, പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള പത്ത് അക്കങ്ങള്‍, സ്ഥാനങ്ങള്‍ മാറുമ്പോള്‍ മൂല്യവും വിലയും മാറുന്ന അക്കങ്ങള്‍, കൂട്ടിയും കുറച്ചും, ഗുണിച്ചും, ഹരിച്ചും ഉത്തരങ്ങള്‍ തേടുന്നു. ചിലത് തെറ്റുന്നു, മറ്റുചിലത് ഒരിക്കലും തിരുത്താനാവാത്ത വിധം ശരിയുമായി മാറുന്നു.... വിരലിലെണ്ണാവുന്ന ചില അക്കങ്ങളുണ്ട്‌, സൗഹൃദങ്ങളെ പോലെ, എണ്ണിത്തിട്ടപ്പെടുത്താന്‍ പറ്റാത്ത അക്കങ്ങളുണ്ട്‌ ചില അഴിമതികള്‍ പോലെ.. എങ്കിലും എല്ലാം അക്കങ്ങള്‍ തന്നെ...  അക്കങ്ങളില്‍ ബന്ധങ്ങളെ തിരയുന്നവരെ കണ്ടിട്ടുണ്ട്.. അക്കങ്ങള്‍ കുറഞ്ഞു വരുമ്പോള്‍ ബന്ധങ്ങളില്‍ നിന്നകലുന്നവരെയും കണ്ടു...! രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം നോക്കുന്ന സമയം, അവിടെ തുടങ്ങി രാത്രി ഉറങ്ങാറാകുമ്പോള്‍ എഴുതുന്ന ഡയറിയിലെ തിയ്യതി വരെ അക്കങ്ങള്‍.. കൂടെയില്ലാത്ത നിമിഷങ്ങളെ എണ്ണാന്‍ പഠിപ്പിച്ചതും ഈ അക്കങ്ങള്‍ തന്നെ.. 

എന്നിട്ടും അക്ഷരങ്ങളോടാണ് ഏറെ പ്രിയം, ചിലപ്പോഴവ മായാജാലം കാണിക്കാറുണ്ട്!! ഒത്തിരി കുറച്ചു വാക്കുകളില്‍ ഏതു വലിയ മൂല്യമുള്ള അക്കങ്ങളെയും നിഷ്പ്രഭമാക്കുന്ന അക്ഷരങ്ങള്‍.. എണ്ണിത്തീര്‍ത്ത കൂടെയില്ലാത്ത നിമിഷങ്ങളെ ഒരു വാക്ക് കൊണ്ട് ഒന്നുമല്ലാതാക്കി തീര്‍ത്ത അക്ഷരങ്ങള്‍... അക്കങ്ങള്‍ അക്കങ്ങളായി മാത്രമിരിക്കുമ്പോള്‍ അക്ഷരങ്ങള്‍ വളരുന്നു.. വാക്കുകളായി, വാക്യങ്ങളായി, വാചകങ്ങളായി... എണ്ണിത്തിട്ടപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ അവ മനസ്സില്‍ പതിയുന്നു.... ആത്മാവിന്‍റെ ഭാഷ അക്കങ്ങളിളല്ല അക്ഷരങ്ങളിലാണ്, നീ പറഞ്ഞത് മറന്നിട്ടില്ലൊരിക്കലും.... 

അക്കങ്ങളും അക്ഷരങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കാറുണ്ട് ചിലപ്പോഴൊക്കെ, അപ്പോഴൊക്കെ അംഗബലമുണ്ടായിട്ടും അക്ഷരങ്ങള്‍ ചോരചിന്തി താഴെ പതിക്കുന്നത് വേദനയോടെ കണ്ടിട്ടുണ്ട്... വീണിടത്ത് നിന്നും പറയാനാവാതെ, എന്നിട്ടും പറയാനെന്തോ തുനിയുന്നതിനു മുന്നേ അക്കങ്ങള്‍ വിജയഭേരി മുഴക്കി കടന്നു കളയാറുണ്ട്..! നൈമിഷിക വിജയം കടന്നു പോകുന്ന ആ വഴികളില്‍ അക്ഷരങ്ങള്‍ നിസ്സഹായതയോടെ മിഴികള്‍ പായിക്കാറുമുണ്ട്..

അക്ഷരങ്ങളെ സ്നേഹിക്കുക, അക്കങ്ങളെക്കാളേറെ... ജീവിതം മനോഹരമാകാന്‍ ആശംസിക്കുമ്പോഴും അക്ഷരങ്ങള്‍ തന്നെ പറയുന്നു... ഒരു വാക്ക് കൊണ്ട് നീ തീര്‍ത്ത ബന്ധം, മറ്റൊരു വാക്ക് കൊണ്ട് നീ തന്ന ഉറപ്പ്.. പിന്നൊരു വാക്ക് കൊണ്ട് നീ തന്ന സ്നേഹം.. ഇനിയൊരു വാക്കില്‍ നിന്‍റെ കരുതല്‍.. എന്നില്‍ നീ നിറയുന്ന വാക്കുകള്‍ ഇനിയുമേറെ... നിനക്ക് സുഖമാണോ...? മഞ്ഞു പെയ്യാറുണ്ടിവിടെ ഈ പുലരികളില്‍, തണുത്ത കാറ്റ് വീശാറുണ്ട്.. ഓര്‍മ്മകളില്‍ നീ നിറയാറുണ്ട്.. നീ പാടാറുണ്ടോ ഇപ്പോള്‍? ഇന്നലെ യാത്രയില്‍ അസ്തമയസൂര്യനെ കണ്ടു, കടലിലേക്ക് താഴുന്നതിനു മുന്നേ, കുങ്കുമവര്‍ണ്ണത്തില്‍ മേഘങ്ങളില്‍ ശോണിമ പടര്‍ത്തിക്കൊണ്ട്.... നീ ഓര്‍ക്കാറുണ്ടോ...? ഇന്നലെ നിലാവ് പെയ്തു.. രാവില്‍ തണുപ്പുള്ള നിലാവിന്‍റെ തലോടല്‍ മനസ്സിനെ ശാന്തമാക്കിയിരുന്നു... നീ അറിയാറുണ്ടോ..? വീശുന്ന കാറ്റ് പതിയെ എന്‍റെ താളുകള്‍ മറിക്കുമ്പോള്‍ ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്... ഇനിയെന്നാണ് നീ വരിക.. ഒരു കരസ്പര്‍ശം കൊണ്ട്, ഒരു ആലിംഗനം കൊണ്ട്, പ്രിയനേ എന്നൊരു  വിളികൊണ്ട് ഒരിക്കല്‍ കൂടി മനസ്സടുക്കുവാന്‍... നിന്‍റെ മിഴികള്‍ നിറയാറുണ്ടോ...? ഓര്‍മ്മകള്‍ക്കപ്പുറം തിരയടിക്കാറുണ്ടോ..? എന്‍റെ മനസ്സ് മുഴുവന്‍ നിനക്കായി നല്‍കിയില്ലേ, ഇനിയും നിന്‍റെ മിഴികള്‍ നിറയരുത്... എന്നെ നീ എന്നേ സ്വന്തമാക്കിയില്ലേ.. ഓര്‍മ്മകള്‍ വെടിയണം... ചുണ്ടിലൊരു പുഞ്ചിരി വിരിയണം എപ്പോഴും... കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കം എന്നുമുണ്ടാകണം, ഒരിക്കല്‍ പോലും നിറയരുത്..

ഒരു ജന്മമുണ്ട്.. നമ്മളൊന്നാകുന്ന, നമുക്ക് മാത്രമായി ഉദിക്കുന്ന സൂര്യനുള്ള, നമുക്ക് മാത്രമായി വീശുന്ന ഇളംകാറ്റുള്ള, നമുക്കായി പൊഴിയുന്ന നിലാവുള്ള, എനിക്ക് കാത്തിരിക്കാന്‍ നീയും, നിനക്ക് കാത്തിരിക്കാന്‍ ഞാനും മാത്രമുള്ള ഒരു ജന്മം..... അവിടെ, അവിടെ മാത്രം നമ്മളൊന്നാകും.... അക്കങ്ങളും അക്ഷരങ്ങളും ഒന്നുമില്ലാതെ നമ്മള്‍ മാത്രം....!!

വരാനിരിക്കുന്ന പുതുവര്‍ഷം നിന്നില്‍ നന്മകള്‍ മാത്രം നിറയ്ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്... 
നിന്നിലേറെ പ്രിയമോടെ....

Tuesday, December 17, 2013

ആശംസകളോടെ.......

ജീവിതത്തിന്‍റെ നാള്‍വഴികളില്‍ നിങ്ങള്‍ക്കായി എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്...
സ്നേഹിച്ചവര്‍ക്കും, സ്നേഹം നല്‍കിയവര്‍ക്കും ഹൃദയം കൊണ്ട് നന്ദി പറഞ്ഞ്..
വേദനിപ്പിച്ചവരോട് മാപ്പ് പറഞ്ഞു കൊണ്ട്, 
ക്ഷമിച്ചവരോടുള്ള കടപ്പാട് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്....
ഇത് "നിത്യഹരിത", 
ഹരിതാഭമായ ഭൂമിയെ സ്നേഹിച്ചു  കൊണ്ടേയിരിക്കുന്നവന്‍...
കൊഴിഞ്ഞു പോകുന്ന ഓരോ ഇലകളെയും പ്രണയിക്കുന്നവന്‍...
ഓര്‍മ്മകളില്‍ ജീവിക്കുന്നവന്‍....
നാളെകളുടെ പ്രതീക്ഷ ഇന്നിന്‍റെ കര്‍മ്മങ്ങളില്‍ എന്ന് വിശ്വസിക്കുന്നവന്‍...
പ്രതീക്ഷകള്‍ ആഗ്രഹങ്ങള്‍ക്ക് വഴിമാറുന്നതിന് മുന്നേ സ്വന്തം ലോകത്തില്‍ തിരിച്ചെത്തുന്നവന്‍....
ഒത്തിരി അഹങ്കാരി...
ഒരല്‍പം സ്വാര്‍ത്ഥന്‍....

ഡിസംബര്‍, 
വിടപറയുന്ന ഈ വേളയില്‍....
പ്രിയരേ നിങ്ങള്‍ക്കായി നല്‍കാന്‍...
വരാനിരിക്കുന്ന ആഘോഷങ്ങളുടെ ആശംസകളും....
നല്ലനിമിഷങ്ങളും മാത്രം...

ഒരല്‍പം നേരത്തെയാണെങ്കിലും.....
ക്രിസ്തുമസ് പുതുവത്സരാശംസകളോടെ......

Sunday, December 15, 2013

പ്രണയത്തിനപ്പുറം.....

തെറ്റുകള്‍ക്കപ്പുറമുള്ള ശരികളിലായിരുന്നു ജീവിതം കൊരുത്തത്. ഒരിക്കല്‍ നിന്നെ സ്നേഹിച്ച തെറ്റ് ഇന്ന് മറവികള്‍ കൊണ്ട് ഞാന്‍ പരിഹരിക്കുന്നു, കാലമെന്നെ പരിഹസിക്കുമ്പോഴും, മറക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുമ്പോഴും ഞാന്‍ നിന്നെ മറന്നുകൊണ്ടേയിരിക്കുകയായിരുന്നു. പരിധികളില്ലാത്ത സ്നേഹത്തിനു പറ്റിക്കപ്പെടല്‍ എന്നര്‍ത്ഥം  കൂടി ആരൊക്കെയോ പഠിപ്പിച്ചു തന്നപ്പോള്‍ പൂര്‍ണ്ണമായി. നല്‍കാന്‍ മാത്രമുള്ളതാണ് സ്നേഹം എന്നറിഞ്ഞ നാള്‍ മുതല്‍ നല്കുകയായിരുന്നു, എന്നും നല്കുന്നവര്‍ അത് നല്കിക്കൊണ്ടേയിരിക്കും, സ്വീകരിക്കുന്നവരൊട്ട് അറിയുകയുമില്ല. അറിയാന്‍ പാടില്ല. വഴികളില്‍ പൂക്കള്‍ വിതറി കാത്തിരുന്നിട്ടും, മനസ്സ് കൊണ്ടൊരു മണിമാളിക പണിതിട്ടും ഒന്ന് വരാതിരുന്നത് അറിയാതെ പോയത് കൊണ്ട് മാത്രമാണ് എന്ന് വിശ്വസിച്ച് ഞാന്‍ ആശ്വസിക്കാം. എന്തെന്നറിയാത്ത ആകുലതകളില്‍ എന്റെ മനസ്സ് പിടയുമ്പോഴും നീ ചിരിക്കുകയായിരുന്നു, എന്നെ വിഡ്ഢിയാക്കിക്കൊണ്ടുള്ള ചിരി. സ്വയം വിഡ്ഢിയാവുകയാണെന്നറിഞ്ഞിട്ടും ആ വേഷം കെട്ടിയാടിയത് നിന്‍റെ ചുണ്ടിലെ ചിരി മായാതിരിക്കാന്‍ വേണ്ടി മാത്രം. അതും നീയറിയാന്‍ വൈകും, എന്നത്തെയും പോലെ. എല്ലാത്തിനുമൊടുവില്‍ കണ്ണീരു കൊണ്ട് നീയെന്നെ വീണ്ടും ജയിക്കും, അപ്പോഴും നീയറിയുന്നില്ല തോറ്റ് തരികയാണെന്ന്, ഇല്ല അതൊരിക്കലും നീയറിയാന്‍ പാടില്ല, നീ ജയിക്കുന്നതാണെനിക്കിഷ്ടം. എല്ലാ ജയത്തിന്‍റെയും ഉന്മാദത്തിനൊടുവില്‍ ഒരിക്കല്‍ നീ വരും, നിന്‍റെ തിരിച്ചറിവിന്‍റെ  കാലങ്ങളില്‍. എന്‍റെ വാശിയോ പ്രവചനമോ അല്ല, അനിഷേധ്യമായ ഒരു സത്യം മാത്രം. കാലങ്ങളായി ആവര്‍ത്തിച്ചു വരുന്നതൊന്ന്. അന്ന്, അന്നൊരിക്കല്‍ മാത്രം നീ ചോദിക്കുന്നത് നല്കാന്‍ എനിക്ക് കഴിയാതെയാവുകയും ചെയ്യും. എങ്കിലും ഞാനറിയും നിന്റെ മനസ്സിലെ കനല്‍, ആ കനല്‍ മാത്രമാണ് നിന്നെ പിരിയാതെ നില്ക്കുന്ന എന്റെ ആത്മാവിനെ ദഹിപ്പിക്കാന്‍ പാകത്തിലുള്ളത്. അവിടെ ഞാന്‍ ജയിക്കും, അവിടെങ്കിലും എനിക്ക് ജയിച്ചേ മതിയാകൂ. 

ഒരിക്കലും പങ്കിടരുത് എന്ന് കരുതിയതില്‍ ചിലതെല്ലാം അറിയാതെ ഇന്ന് പകര്‍ത്തപ്പെട്ടപ്പോള്‍ ഓര്‍മ്മകളില്‍ ഇന്നലെകള്‍ അതിക്രമിച്ചു കടന്നപ്പോള്‍, അറിയാതെ വീണ്ടുമെഴുതി പോകുന്നു, അരുതെന്ന് മനസ്സ് വിലക്കിയിട്ടും. വെറുമൊരു പ്രണയവിരഹത്തിന്റെ  പരിധി നല്‍കി  ഞാനെന്നെ പകര്‍ത്തുമ്പോള്‍  അതിലപ്പുറം കടക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും അടച്ചിട്ട മനസ്സിന്റെ ചില വാതിലുകള്‍ പാതി തുറന്നപ്പോള്‍ പുറത്തു വന്നതെല്ലാം എന്നെ മുറിക്കാന്‍ പാകത്തില്‍ ഏറെ മൂര്‍ച്ചയുള്ളവയായിരുന്നു. ഇനിയൊരിക്കലും തുറക്കില്ലെന്ന് കരുതി അടച്ചു വച്ച അദ്ധ്യായങ്ങള്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ഞാനിവിടെ ജീവിച്ചിരിക്കുന്നു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ് (എന്നെ മാത്രം*). *ആ നോവിലൊന്നും ഒരു കാര്യവുമില്ലെന്ന് അതിനേക്കാള്‍ വലിയ നോവുള്ളവര്‍ പറയാതെ പറഞ്ഞു തന്നത് പിന്നൊരു കാലം.

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് യാത്രയാവുമ്പോഴും, സ്വന്തമായി ഒരു ലോകം കെട്ടിപ്പടുത്തപ്പോഴും, ചില നിമിഷങ്ങളുണ്ട്, തനിച്ചാകുന്ന ഏതാനും ചില നിമിഷങ്ങള്‍, ആ നിമിഷങ്ങളില്‍ എന്ത് നേടി എന്ന് ചിന്തിക്കുമ്പോള്‍ ഒന്നും നേടിയില്ലെന്ന തിരിച്ചറിവ് (അതാണ്‌ സത്യം ആരും ഒന്നും നേടുന്നില്ല, നേടി എന്നത് തോന്നല്‍ മാത്രമാണ്), ഇല്ല അതൊരിക്കലും എന്നെ പിന്തിരിപ്പിച്ചിട്ടില്ല, കാരണം നേടാനല്ല നല്‍കാന്‍ മാത്രമുള്ളതാണ് ജീവിതം. സ്വന്തമായത് ഒന്നും നമ്മള്‍ കൊണ്ട് വന്നിട്ടില്ല, ഇനിയൊട്ടു കൊണ്ട് പോവുകയുമില്ല, ഇതിനിടയ്ക്ക് കൈവരുന്നതെല്ലാം കൈമാറാന്‍ വേണ്ടി മാത്രമുള്ളതാണ്, ഒരിക്കല്‍ ആരുടെയൊക്കെയോ ആയിരുന്നവ, ഇനിയൊരിക്കല്‍ ആര്‍ക്കൊക്കെയോ ആകേണ്ടവ.

അപ്പോള്‍ പിന്നെ ഇനി യാത്രയില്ല, വഴികളില്‍ നിനക്കായി വിടരുന്ന പൂവുകളെത്ര, നിനക്കായി പാടുന്ന കിളികളെത്ര, ഉദയം നിനക്കായി പ്രഭചൊരിയുന്നു. മുഖമുയര്‍ത്തുക, നേരെ നോക്കുക, ലക്ഷ്യത്തിലേക്ക് നടക്കുക.

സ്നേഹത്തോടെ, ആശംസകളോടെ.....

പ്രിയപ്പെട്ടവളേ നിനക്കായി ഒരു വാക്ക് കുറിക്കാതെ പോവതെങ്ങനെ.. ഓര്‍മ്മകളില്‍ നീയുണ്ട്, നിന്നെ നല്‍കിയ നിമിഷങ്ങളുണ്ട്... നിന്നെ അകറ്റിയ നിമിഷങ്ങളുമുണ്ട്, മറവിയുടെ അരികിലായി.... നീയവളോട്‌ കാട്ടിയ കരുതല്‍ കണ്ടപ്പോള്‍ അറിയാതെ മനസ്സ് നിറഞ്ഞിരുന്നു. എത്ര ഭാവഭേദങ്ങളില്‍ നീയെന്നില്‍ നിറഞ്ഞു നില്ക്കുന്നെന്നോ സഖീ, ജീവിതത്തിന്‍റെ വഴികളില്‍ പ്രണയമായി, സൗഹൃദമായി, സഹോദരിയായി....... കാലം ഇനിയും നിന്നെ പരിവര്‍ത്തനം ചെയ്തേക്കാം, എന്നെ ഞാനായി നിര്‍ത്തിക്കൊണ്ട് തന്നെ... പ്രിയമുള്ളവളെ നിനക്ക് സുഖമല്ലേ......? ഈ രാവില്‍ പൊഴിയുന്ന മഞ്ഞുതുള്ളികള്‍ നിന്‍റെ  മനസ്സ് പോലെ പരിശുദ്ധം.................... കുറിക്കാതെ പോകുന്ന വരികളാണ് പ്രിയേ നല്ലത്....... നിനക്ക് നല്‍കാന്‍ ഇന്ന് മൗനം മാത്രം...... ഈ മൗനം പോലും കടംകൊള്ളേണ്ടി വരുന്നല്ലോ......

Monday, December 9, 2013

ഇന്ന് ഡിസംബര്‍  9, മറക്കുവതെങ്ങനെ.. വാത്സല്യത്തിന്‍റെ മാറോടൊട്ടിയ നിന്‍റെ മൃദുവായ കൈവിരല്‍ തുമ്പില്‍ തൊട്ട ആദ്യത്തെ ദിനം..  നിറുകയില്‍ ഉമ്മവച്ച് എന്‍റെ സ്വന്തം എന്ന് പറയാന്‍ പിറന്ന നിന്നെ കണ്‍കുളിരെ കണ്ട ആദ്യ ദിനം. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും എന്നോളം വളര്‍ന്നിട്ടും ഇന്നും നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ആ കൊച്ചുകുഞ്ഞു തന്നല്ലേ നീ... പ്രിയ അനുജാ ഈ ദിനം മനസ്സ് നിന്നോട് കൂടെ മാത്രം... ഓര്‍മ്മയില്‍ നമ്മുടെ ജീവിതം മാത്രം... നീ ഞങ്ങള്‍ക്ക് നല്‍കിയ ചിരിയും, കുസൃതി നിറഞ്ഞ നിമിഷങ്ങളും ഇന്നുമോര്‍ക്കുമ്പോള്‍ ചുണ്ടിലൊരു ചിരി വിടരും. നിനക്കായി നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍..
എത്ര അകലെയായാലും ഏതു ആള്‍ക്കൂട്ടത്തിലും ആരവങ്ങള്‍ക്കിടയിലുമായാലും നിന്‍റെ മുഖത്ത് വിരിയുന്ന പുഞ്ചിരി..  അത് മതി... അത് മാത്രം...

Thursday, December 5, 2013

ഒരു ഡിസംബറിന്‍റെ ഓര്‍മ്മയ്ക്ക്.... നിനക്ക്.....

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ ഓരോ നിമിഷവും നല്‍കുന്ന കാലത്തിനോട് ഇന്നും നന്ദി..... നോവാതിരിക്കാനുള്ള കരുത്തു നല്‍കിയതിനു... ഏതു നോവിലും ചിരിക്കാനുള്ള മനസ്സ് നല്‍കുന്നതിനു.... വേദനകള്‍ ജീവിതത്തിന്‍റെ ഒരു ഭാഗമല്ല, ജീവിതത്തിലെ ഓരോ പാഠങ്ങളാണ് എന്നറിയിച്ചതിന്..... വേദനിപ്പിച്ചതിന്... ആശ്വസിപ്പിച്ചതിനു.....

എന്നും ഓര്‍ക്കാറുണ്ടെങ്കിലും, ഡിസംബര്‍!! ഓര്‍മ്മകള്‍ക്കായി ഒരു മാസം.... ക്രൂശിതനായ യേശുവിനെ ഓര്‍ത്തുകൊണ്ട്..... വരാനിരിക്കുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനു മുന്നേ.... അത് വരെ നല്‍കിയ സ്നേഹത്തിനും, കരുതലിനും, നന്മകള്‍ക്കും..... ഒപ്പം നിന്നവരോട്.... കൂടെ കൂടിയവരോടു.... അകന്നു പോയവരോട്.... വേദനകള്‍ പങ്കുവച്ച് കുറച്ചവരോട്... സന്തോഷങ്ങള്‍ ഇരട്ടിയാക്കിത്തന്നവരോട്.... നിന്നോട്..... നിന്നെയെനിക്ക് നല്‍കിയ കാലത്തിനോട്.... നന്ദി....

കടന്നു പോകുന്ന ഒരു വര്‍ഷം... നല്‍കിയതെല്ലാം ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങള്‍.....കണ്ടുമുട്ടിയ മുഖങ്ങള്‍... പരിചയപ്പെട്ട സൗഹൃദങ്ങള്‍.... ഹൃദയത്തോട് ചേര്‍ന്ന് നിന്നവര്‍... ഹൃദയത്തില്‍ നിന്നടര്‍ത്തിമാറ്റിയവര്‍..... നല്‍കിയത്... നേടിയത്... നഷ്ടപ്പെട്ടത്.... ഇനിയാ നിമിഷങ്ങള്‍ കാലത്തിന്‍റെ യവനികയ്ക്ക് പിന്നില്‍ മറയുമ്പോള്‍.... ഈ ഒരു നിമിഷമെങ്കിലും ഓര്‍ക്കാതിരിക്കുവതെങ്ങനെ..... ഒരുമിച്ചുണ്ടായിരുന്നത്.... ഒന്നായി തീര്‍ന്നത്..... ഒടുവിലകന്നത്... മറവിയില്‍ മറഞ്ഞത്.... പിന്നെയുമോര്‍ത്തത്.... ഇനിയും നിമിഷങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന കാലത്തിനു ഒരിക്കല്‍ കൂടി നന്ദി.... ഇന്നില്‍ ജീവിക്കാന്‍ പഠിപ്പിച്ച നിനക്കും.....


ഇന്നലെകളുടെ ഓര്‍മ്മപ്പെയ്ത്തില്‍ നിറം മങ്ങിപ്പോകുന്ന ഓര്‍മ്മകള്‍ ഉണ്ടാകരുതേ എന്നായിരുന്നു ആഗ്രഹം.... എല്ലാ ആഗ്രഹങ്ങളും സഫലമാകില്ല, ആകാന്‍ പാടില്ല എന്ന് കാതില്‍ പതിയെ ഓതിയതും സമാധാനിപ്പിച്ചതും ആ കാലം തന്നെ....! മറക്കാന്‍ കഴിയുമോ.... മറക്കാന്‍ ആവുമോ എന്നൊക്കെ സംശയമായിരുന്നു അന്നുകളില്‍..... ഇന്ന് മറന്നോ എന്ന് നീ ചോദിക്കുമ്പോള്‍  നീ നല്‍കിയതും നിനക്ക് നല്‍കിയതും എല്ലാം ഞാന്‍ മറന്നു.... പക്ഷേ നിന്നെ മറക്കുവതെങ്ങനെ.... മറക്കാന്‍ കഴിയുവതെങ്ങനെ....

രക്തബന്ധങ്ങളെക്കാള്‍ വലുതാണ്‌ ചിലപ്പോള്‍ മറ്റു ബന്ധങ്ങള്‍ എന്ന് പഠിപ്പിച്ചു തരുന്നു നീ നിന്‍റെ വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ.... ആള്‍ക്കൂട്ടത്തിലും തനിയെ പെടുന്ന അവസ്ഥയില്‍ അരികില്‍ വന്നു എന്തേ, എന്ത് പറ്റി എന്നൊക്കെയുള്ള നിന്‍റെ ചോദ്യങ്ങള്‍... കണ്ണുകളില്‍ നീ സൂക്ഷിക്കുന്ന സ്നേഹം... വാക്കുകളില്‍ പ്രകടമാകുന്ന ആത്മാര്‍ത്ഥത.... എന്‍റെ സ്വന്തമായതിനെ നിന്‍റെ സ്വന്തമെന്നപോലെ ശ്രദ്ധയോടെ... കരുതലോടെ പരിചരിക്കുന്ന നിന്‍റെ മനസ്സ്... എന്‍റെ അസാന്നിധ്യത്തില്‍ എനിക്ക് പകരം നില്‍ക്കാന്‍ നീ സ്വന്തമാക്കിയ സ്വാതന്ത്ര്യം.... നിനക്ക് മാത്രമല്ലാതെ വേറെ ആര്‍ക്ക് കഴിയും.... പ്രണയം സ്നേഹത്തിനു വഴിമാറിയ നാള്‍ മുതല്‍ ഏതാണ് തീവ്രം എന്നറിയാതെ....... സ്നേഹത്തെക്കാള്‍ തീവ്രമായ പ്രണയം കൊണ്ടൊരു കാലം.... പ്രണയത്തേക്കാള്‍ തീവ്രമായ സ്നേഹം കൊണ്ടിന്നു മറ്റൊരു കാലം...... എന്നും എനിക്ക് നിന്നോടും നിനക്ക് എന്നോടുമുണ്ടായിരുന്നത് സ്നേഹം മാത്രമാണ്.... സ്നേഹിക്കാന്‍ മാത്രമേ കാലം നമ്മെ പഠിപ്പിച്ചിരുന്നുള്ളൂ.... ഇന്നും അകന്നു പോകുന്ന ഓരോ സ്നേഹവും ഓര്‍മ്മകളില്‍ ആര്‍ത്തിരമ്പുന്നത് അത് കൊണ്ട് മാത്രമാണ്....

മോഹങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും ഇന്ന് അവധി കൊടുത്തിരിക്കയാണ്... അത്കൊണ്ടാവാം നീയെത്ര മോഹിപ്പിച്ചിട്ടും എനിക്ക് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയാത്തത്... ആഗ്രഹങ്ങള്‍ തീര്‍ന്ന ജീവിതം...ആഗ്രഹിച്ചു തീര്‍ന്ന നിമിഷങ്ങള്‍.... അതില്‍ നിന്നെയും ഞാന്‍ ആഗ്രഹിച്ചിരുന്നോ..... അറിയില്ല... അകന്നു പോയത് നീയാണെങ്കിലും തേടിയെത്തുമായിരുന്നു ഞാന്‍..... പക്ഷേ സ്വന്തമായതെല്ലാം പകുത്തു നല്‍കി, ഇന്നിനി നിനക്കായി നല്‍കാന്‍ ഒന്നും അവശേഷിച്ചിട്ടില്ലാത്ത ഈ വേളയില്‍ നിന്നെ തേടിയെത്താന്‍ വയ്യെനിക്ക്.... ഇന്നലെകളുടെ യാഥാര്‍ത്ഥ്യങ്ങളിലും ഇന്നിന്‍റെ സങ്കല്‍പങ്ങളിലും ഇനിയില്ലാത്ത നാളെകള്‍ക്കും വേണ്ടി ഞാന്‍ കാത്തു വച്ച എന്‍റെ വാക്കുകള്‍ എനിക്ക് നഷ്ടപ്പെടുന്നു.... നിന്നോട് ഇനിയെന്ത് പറയേണ്ടൂ എന്നറിയാതെ ഞാന്‍ തിരികെ മടങ്ങുന്നു.... ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ ഇനിയും ചിലപ്പോള്‍ നോവിച്ചേക്കാം എന്നെയും നിന്നെയും.... എങ്കിലും നോവാതിരിക്കുക... 

മഴപെയ്യുന്നുണ്ടെവിടെയോ... മഞ്ഞുപെയ്യുന്ന പുലരികളാണിവിടെ.... ഉറഞ്ഞു കൂടിയ സ്വപ്നങ്ങളും, ദ്രവിച്ച മോഹങ്ങളും, ചിതലരിച്ച ചിന്തകളും....!! ആഗ്രഹിക്കുന്നുണ്ട് മനസ്സ്.... ഇന്നലെകളുടെ തടവറയില്‍ നിന്നും ഒരു മോചനം.... ആ ആഗ്രഹം നിന്‍റെ തിരസ്കാരം ആയിരുന്നോ...? അറിഞ്ഞും അറിയാതെയും നീ നല്‍കിയതെല്ലാം ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്തിരുന്നു... നീയറിഞ്ഞിരുന്നോ...? അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചിരുന്നോ...? അറിയാതെ പോയിരുന്നോ....? ജീവിതം ഉത്തരമില്ലാത്ത ചോദ്യമാണ്.... അത് കൊണ്ട് ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിപ്പിക്കണം...ഹൃദയം മുറിക്കാന്‍  മൗനത്തിനു വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ട്‌ എന്ന് നീ പറയുമ്പോഴും ഞാനറിയുമ്പോഴും നീയറിഞ്ഞിരുന്നില്ലേ ഞാനും മുറിപ്പെടുകയായിരുന്നു... നിന്നെയോര്‍ത്ത്... നിന്നെ വേദനിപ്പിച്ചോ എന്നോര്‍ത്ത്...

നാളെകള്‍ നീളുന്നുണ്ട്... എന്തിനെന്നറിയാതെ.... !!അവസാനിച്ചിട്ടും തിരശ്ശീല താഴ്ത്താത്ത ഈ നാടകത്തിലെ ഏതു കഥാപാത്രത്തിന്‍റെ വേഷമാണ് ഇനിയും ആടിത്തീര്‍ക്കേണ്ടത് എന്നറിയാതെ കാത്തിരിക്കുന്നു കാണികളുടെ മദ്ധ്യത്തില്‍...

കൈവിട്ടു പോകുന്ന മുജ്ജന്മസുകൃതങ്ങളെ തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോഴും കര്‍മ്മദോഷങ്ങളുടെ ആധിക്യമാവാം അല്ലെങ്കില്‍ ജീവിത പരീക്ഷണങ്ങളാവാം അവയെ ഇന്നുമകറ്റുന്നത്... ഏതായാലും ജീവിച്ചു തീര്‍ക്കാനുള്ള ഈ ജീവിതത്തില്‍ നേടിയതെല്ലാം കൂട്ടിവയ്ക്കുമ്പോള്‍ അത്രപോലും നേടാത്ത ഒരുപാട് പേരെ കാണുന്നു... അര്‍ഹതയുണ്ടായിട്ടും അവര്‍ക്കില്ലാത്ത ഈ നേട്ടം കാണുമ്പോള്‍ സ്വയമറിയുന്നു.... കനിഞ്ഞു നല്‍കിയ സൗഭാഗ്യങ്ങളറിയാതെ ഇടയ്ക്ക് വന്ന ദുഃഖങ്ങളെക്കുറിച്ചോര്‍ത്ത് വിലപിക്കുന്നതിലെ മൂഢത....

മഴപെയ്യുന്നുണ്ടോ അവിടെ.... പുലരിയിലെ മഞ്ഞും.... തണുത്ത കാറ്റും കാതിലോതാറുണ്ടോ എനിക്ക് നിന്നെ പ്രിയമാണെന്ന്.... പിരിയുവാന്‍ ആവില്ലെന്ന്.....

അടര്‍ത്തി മാറ്റിയിട്ടും അടരാതെ ചേര്‍ന്ന് നില്‍ക്കുന്ന നിനക്ക്... അടര്‍ത്തി മാറ്റിയിട്ടും അകലെ മറഞ്ഞിട്ടും ഇന്നുമോര്‍ക്കുന്ന നിനക്ക്... നന്മകള്‍ മാത്രം നേര്‍ന്നു കൊണ്ട്...

ചുവന്ന സൂര്യനും, നിലാവുദിക്കുന്ന സന്ധ്യകളും, താരാഗണങ്ങളും, ഇളംകാറ്റും, മഴപ്പെയ്ത്തും, മഞ്ഞുകണങ്ങളും, ഉദയ കിരണങ്ങളും, നീല വാനവും, വെണ്‍മേഘങ്ങളും നിനക്കായി നല്‍കി വിടപറയുന്ന ഈ വേളയില്‍ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞോട്ടെ... കവിതകള്‍ വിരിയുന്ന നിന്‍റെ മനസ്സിനെ കലുഷിതമാക്കാതിരിക്കുക... കണ്ണുകളില്‍ നീര്‍ പൊടിയാതിരിക്കുക.... ചുണ്ടിലെ പുഞ്ചിരി മായാതിരിക്കുക.... സുഖമായിരിക്കുക.... ഭാവുകങ്ങള്‍ ഭാവി ജീവിതത്തിനു... നല്ല നിമിഷങ്ങള്‍ക്ക്......