Monday, December 31, 2012

നവവത്സരാശംസകള്‍...

എന്തെഴുതണം, എങ്ങനെ എഴുതണം എന്നറിയില്ല.. എങ്കിലും എന്തോ ഇന്ന് എഴുതണം എന്ന് തോന്നി... ഡയറിയുടെ താളുകളില്‍ നിന്നും മാറി ഇന്ന് കുറച്ചധികം എഴുതണം... അല്ല ഇനിയെഴുതാന്‍ അവിടെ സ്ഥലം പോരാ.. പുതിയ ഡയറി വാങ്ങിയതുമില്ല!!
ഒരു വര്‍ഷം കൂടി വിട പറയുന്നു... ഡിസംബര്‍, ഓര്‍മ്മകളില്‍ എന്നും ഒരു നോവ്‌ എന്ന് പറഞ്ഞുകൂടാ.. പുതിയൊരു സുഹൃത്തിനെ നമ്മുടെ കയ്യില്‍ പിടിച്ചേല്പ്പിച്ചു വിടവാങ്ങുന്ന ഒരു സൗഹൃദം പോല്‍...
ഓരോ കൊഴിഞ്ഞു പോക്കിലും നമ്മള്‍ അറിയാതെ വെറുതെ ഒരു തിരിഞ്ഞു നോട്ടം നടത്തും.. ഈ അവസാന വേളയില്‍ അങ്ങനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പറയുവാന്‍ ഏറെയുണ്ട്.. പറയുവാന്‍ വയ്യാത്തതും...
ഇന്നു ജനുവരി അടുത്തും അകലെയുമായി കിടക്കുന്നു.. ഒന്ന് ഓര്‍മ്മകളെങ്കില്‍ മറ്റൊന്ന് പ്രതീക്ഷയും..കഴിഞ്ഞ ജനുവരിയിലും ഒരുപാട് പ്രതീക്ഷകള്‍, തീരുമാനങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.. (എന്ന് കരുതി ഇവയെല്ലാം ജനുവരിയില്‍ തന്നെ വേണം എന്നില്ല, ഓരോന്നും അതിന്റേതായ സമയത്ത് നടത്തപ്പെടും, എങ്കിലും ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങള്‍, ഒരു പക്ഷെ ജീവിതചര്യയില്‍ നിന്നും മാറ്റേണ്ട ചില ദുശ്ശീലങ്ങള്‍, അല്ലെങ്കില്‍ ഉള്‍പ്പെടുത്തേണ്ട നല്ല ശീലങ്ങള്‍ ഇവയെ ഒക്കെ ഒന്ന് ശക്തമായി പ്രാവര്‍ത്തികമാക്കാന്‍ ഒരു ദിനം..)  അവയില്‍ ഒരുപാട് എണ്ണം സാധിച്ചു, നേടി, നല്‍കി, സ്വന്തമാക്കി, വിട്ടുകൊടുത്തു.. അങ്ങനെ സംഭവബഹുലമായി 2012 കടന്നു പോകാന്‍ ഒരുങ്ങുന്നു.. ഈ വേളയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിന്തയില്‍ വരുന്ന ഒരല്പം ചിലത് വെറുതെ..
ഈ വര്‍ഷത്തിന്റെ ആദ്യം എന്നില്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഏതാനും ചില ഓര്‍മ്മകളും.. ആ ഓര്‍മ്മകളെ മറക്കാനുള്ള ശ്രമങ്ങളും ആയിരുന്നു... ആ ശ്രമം ഇന്നും തുടരുന്നു.. കുറച്ചൊക്കെ മറക്കാന്‍ പഠിച്ചു.. ഇനിയും മറക്കാന്‍ ഉണ്ട്.. എന്തിനു വേണ്ടി വേദനിപ്പിക്കുന്ന ഓര്‍മ്മകളെ കൂടെ കൂട്ടുന്നു എന്ന് ചിന്തിക്കാറുണ്ട്, പലരും ചോദിച്ചിട്ടും ഉണ്ട്.. കൃത്യമായ ഉത്തരം എനിക്കറിയില്ല.. പെട്ടെന്ന് മറക്കാന്‍ കഴിയില്ല എന്ന് മാത്രം അറിയാം.. എന്നാല്‍ മറന്നേ പറ്റൂ എന്നും അറിയാം.. ഈയൊരു വേദന അല്ലെങ്കില്‍ ഓര്‍മ്മ എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുത് എന്നെ തകര്‍ത്ത് കളയാന്‍ മാത്രം ശക്തിയുള്ളവ അല്ല.. (ആവുമായിരുന്നു; ഞാന്‍ അത് മാത്രം ആലോചിച്ച് ജീവിക്കുകയായിരുന്നെങ്കില്‍... പക്ഷെ അങ്ങനെയല്ല..) ഓര്‍മ്മകള്‍, വേദന എല്ലാം നൈമിഷികം മാത്രം.. ഒരു നിമിഷം മനസ്സ് വല്ലാതെ ആര്‍ദ്രമാകും. അപ്പോള്‍ വെറുതെ ഓരോന്ന് വാരിക്കുറിച്ചിടും. അതില്‍ ഒരു പക്ഷെ വേദനയുടെ സ്വരം ഉണ്ടാകാം.. പക്ഷെ അതാ നിമിഷത്തേക്ക് മാത്രം... അത് കൊണ്ടാവാം മിക്കവാറും  സന്തോഷത്തിന്റെ വരികള്‍ കുറിക്കാന്‍ ഞാന്‍ പരാജയപ്പെടുന്നത്..
വെറുതെ കുത്തിക്കുറിക്കാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.. കുറേക്കാലം അതിനെ വെറുതെ നിര്‍ത്തി, വേണോ വേണ്ടയോ, എഴുതിയാല്‍ മറ്റാര്‍ക്കെങ്കിലും വിഷമമാകുമോ എന്നറിയാതെ... ഒടുവില്‍ ഇല്ലെന്നു തീര്‍ച്ചപ്പെടുത്തി എഴുതാന്‍ തുടങ്ങി.. ഇവിടെ ഈ ലോകത്തില്‍ ഒരുപാട് പേരെ പരിചയപ്പെട്ടു.. ചിലരോട് കൂട്ടുകൂടി, ചിലര്‍ കൂട്ടുകാരായി.. മറ്റു കുറെ പേരെ വായിച്ചറിഞ്ഞു.. നിശ്ശബ്ദമായി അവരുടെ വാക്കുകള്‍ കേട്ടൂ.. ചിലരോട് മറുപടി പറഞ്ഞു, മറ്റു ചിലര്‍ക്ക് മറുപടി നല്‍കി.. അങ്ങനെ അങ്ങനെ കാലം മുന്നോട്ടു തന്നെ...
ഇവിടെ പരിചയപ്പെട്ട ഏറെ പേരിലും ഒരുപാട് നന്മകള്‍ കാണാന്‍ കഴിഞ്ഞു.. വാക്കുകള്‍ കൊണ്ട് സാന്ത്വനം നല്‍കിയവര്‍.. മനസ്സ് കൊണ്ട് കൂടെ നിന്നവര്‍.. ചിന്തകളില്‍ എന്നോട് സാദൃശ്യം തോന്നിയവര്‍... അഭിപ്രായങ്ങള്‍ കൊണ്ട് ഓരോ കുറിപ്പും മനോഹരമാക്കിയവര്‍..
അറിയാതെ, അറിയപ്പെടാതെ ആരെയും അറിയിക്കാതെ കുറെ നാള്‍.. പിന്നെപ്പോഴോ അങ്ങനെ തന്നെ തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പറഞ്ഞ ചില വാക്കുകള്‍, വാഗ്ദാനങ്ങള്‍ തെറ്റിക്കേണ്ടി വന്ന നിമിഷങ്ങള്‍.. ഒരുവേള അന്ന് മാത്രം ഒരല്പം വേദന തോന്നി.. കാരണം പറഞ്ഞ വാക്കുകള്‍ പാലിക്കാതെ പോയതിലുള്ള വിഷമം.. പിന്നത് പറഞ്ഞു പരിഹരിക്കുന്നത് വരെ സമാധാനം ഉണ്ടായിരുന്നില്ല...
അല്ലാ ഇതെന്താപ്പോ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്.. ഒരു പുതുവര്‍ഷം ആശംസിക്കാം എന്ന് കരുതി വന്നപ്പോള്‍ വീണ്ടും ഓര്‍മ്മകളും മറ്റുമായി ബോറടിപ്പിക്കുന്നു അല്ലെ?! എന്തായാലും ബോറടിച്ചു, എങ്കില്‍ ഒരല്പം കൂടി ആവാം..
സ്നേഹത്തിനും സൌഹൃദത്തിനും എന്നും ജീവിതത്തില്‍ പ്രാധാന്യം നല്കാറുണ്ട് നമ്മളെല്ലാവരും.. ഞാനുമതെ.. എന്നിട്ടും പലരെയും നോവിച്ചിട്ടുണ്ട് അറിഞ്ഞും അറിയാതെയും.. അതിനെല്ലാം മാപ്പ് ചോദിച്ചോട്ടെ ഈ അവസരത്തില്‍.. ചിലപ്പോള്‍ ആരെങ്കിലും കൂടുതലായി സ്നേഹിക്കുന്നു എന്ന് തോന്നിയാല്‍ അവരെ വേദനിപ്പിക്കും.. എന്തിനേക്കാളും വലിയ സാന്ത്വനം സ്നേഹമാണ്.. അത് പോലെ എന്തിനേക്കാളും വലിയ ദുഃഖവും ഈ സ്നേഹം തന്നെയാണ്.. അത് കൊണ്ട് ചിലപ്പോള്‍ വേദനിപ്പിച്ചു എന്ന് വരാം.. വേദനിപ്പിക്കാന്‍ വേണ്ടിയല്ല കൂടുതല്‍ സ്നേഹിക്കാതിരിക്കാന്‍ വേണ്ടി മാത്രം... ഒരുനാള്‍ നാമെല്ലാവരും പിരിയേണ്ടവരാണ്, അന്ന് കൂടുതല്‍ വേദനിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഒരല്പം ഞാനിന്നു വേദനിപ്പിച്ചു എന്ന് വരാം (എന്റെ മാത്രം തോന്നലാണ് കേട്ടോ ശരിയാകണം എന്നില്ല.!) നിനക്കന്നു എന്നെ വെറുത്തു കൂടായിരുന്നോ, വേദനിപ്പിച്ചു കൂടായിരുന്നോ, എന്നാല്‍ ഞാനിത്ര നോവില്ലായിരുന്നു എന്ന് കേള്‍ക്കുന്നു പലപ്പോഴും മറക്കേണ്ട ആളില്‍ നിന്നും..
പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ നല്ല സൌഹൃദങ്ങള്‍ ഉണ്ട് കൂടെ.. ഓരോ സൌഹൃദവും ജീവന്റെ, മനസ്സിന്റെ ഒരു ഭാഗം തന്നെയാണ്.. എന്നില്‍ നിന്ന് പിരിഞ്ഞു പോയാലും പിണങ്ങി പോയാലും എന്നും മനസ്സില്‍ ഉണ്ടാകും.. മറക്കാന്‍ കഴിയില്ല.. അത്രയേറെ ഇഷ്ടം.. എന്നും വിടരുന്ന ഒരു പുഞ്ചിരിയുണ്ട് ആ സാമീപ്യത്തില്‍..

അപ്പോള്‍ ഈ വര്‍ഷത്തിന്റെ അവസാന ദിനമായ ഇന്ന് മനസ്സില്‍ സന്തോഷം നിറഞ്ഞു കൊണ്ട്, സമാധാനം കാംക്ഷിച്ചുകൊണ്ട്, സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഈ ലോകത്തെ നെഞ്ചോട് ചേര്‍ത്തു കൊണ്ട്.. പ്രിയ സ്നേഹിതരെ നിങ്ങള്‍ക്കേവര്‍ക്കും ഹാര്‍ദ്ദവമായി ആശംസിക്കട്ടെ നവവത്സരാശംസകള്‍....
വരാനിരിക്കുന്ന വര്‍ഷം നിങ്ങളേവരുടെയും ജീവിതത്തില്‍ സന്തോഷവും, സമാധാനവും, സ്നേഹവും, ദൈവകൃപയും ഉള്ളതാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്

സ്നേഹപൂര്‍വ്വം....

Thursday, December 13, 2012

പ്രിയ സുഹൃത്തെ നിനക്കായി...

സ്നേഹം..
ആഗ്രഹിക്കാത്ത മനസ്സുകള്‍ ഉണ്ടോ..
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, പങ്കിടാനും പങ്കുവയ്ക്കപ്പെടാനും ആഗ്രഹിക്കാത്ത ഹൃദയങ്ങളുണ്ടോ..
നേര്‍ത്തൊരു സൌഹൃദത്തിന്റെ കണ്ണികള്‍ പോലും പൊട്ടിച്ചെറിയാന്‍ വയ്യാതെ..
ഒരുവേള ഒരു നിമിഷമെങ്കിലും പിരിയാനാവാതെ...
എന്നും എന്നേക്കുമെന്നേക്കും ബന്ധിക്കപ്പെടാന്‍,
സ്വയം ബന്ധനസ്ഥനാവാന്‍ കൊതിക്കുമ്പോഴും
കാരണങ്ങളില്ലാതെ ഒരു വാക്ക് പോലും പറയാതെ
അകന്നുപോയ നീ ഇന്നും ഓര്‍മ്മകളില്‍ ഒരു നൊമ്പരമാണ്...
അകലെ മായുമ്പോഴും മനസ്സില്‍ നീയായിരുന്നു..
നിന്നോടോത്തുള്ള നിമിഷങ്ങളായിരുന്നു..
അറിയാന്‍ നീ വൈകുന്ന ഓരോ നിമിഷവും ഉരുകുകയായിരുന്നു.. മനസ്സ് നീറുകയായിരുന്നു..
അറിയില്ലായിരുന്നു നീ അകലുമെന്ന്... ദൂരെ മറയുമെന്ന്...
കാരണം പോലും പറയാതെ നീ മറഞ്ഞപ്പോള്‍ തെറ്റുകള്‍ ആരുടെ ഭാഗത്തെന്നറിയാതെ വീര്‍പ്പുമുട്ടിയ നിമിഷങ്ങള്‍...


ഇന്നൊരു വിളികൊണ്ട് പോലും ഞാന്‍ നിനക്കന്ന്യനെന്നു നീ..
കാതങ്ങള്‍ക്കകലെ നീ പറയാതെ പോയപ്പോഴും..
മൌനം കൊണ്ടേറെ നോവിച്ചുവെങ്കിലും ഇന്നും മറക്കാന്‍ കഴിയാത്ത നിന്റെ ഓര്‍മ്മകള്‍...
എന്തിനീ രാവില്‍ എന്റെ ചിന്തകളില്‍ നീ നിറഞ്ഞു.. അറിയില്ല.. മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചിട്ടും മറക്കാനാവാതെ..
ചിന്തിക്കരുതെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും ചിന്തിക്കാതിരിക്കാന്‍ ആവാതെ...

സൌഹൃദത്തിനും സ്നേഹത്തിനും പരിധികള്‍ വയ്ക്കാന്‍ നീയെന്നെ പഠിപ്പിച്ചു.. നിനക്ക് നന്ദി..
ഓര്‍മ്മകളെയും ചിന്തകളെയും ഒഴിവാക്കാന്‍ നീ പറയാതെ പറഞ്ഞു.. പഠിച്ചുകൊണ്ടിരിക്കുന്നു ഞാന്‍..
എങ്കിലും എനിക്ക് നിന്നെ കാത്തിരിക്കാതെ വയ്യ..
കാരണം എനിക്ക് നീ സുഹൃത്തായിരുന്നു, ഇന്നും ആണ്.. നാളെയുമതെ...

എന്നില്‍ നിന്നകലങ്ങളിലേക്ക് മറഞ്ഞത് നിന്റെ സന്തോഷമെങ്കില്‍ ആ സന്തോഷം തല്ലിക്കെടുത്താന്‍ ഞാന്‍ വരില്ലോരിക്കലും.. ഒരു വിളി കൊണ്ട് പോലും നിന്നെ ശല്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. 

നീ കടന്നു വരാതിരിക്കാന്‍ വേണ്ടി ഒരിക്കലും എന്റെ മനസ്സ് ഞാന്‍ അടച്ചു വച്ചിട്ടില്ലെന്ന് മാത്രം അറിയുക.. എന്ന് നീ വന്നാലും അന്ന് നീയെനിക്കാരായിരുന്നോ അത് തന്നെ എന്നും..

വേര്‍പെടാനും വേര്‍പെടുത്താനും നിനക്കവകാശമുണ്ട്.. എങ്കിലും അറിയുക വെറുതെയെങ്കിലും, പിരിഞ്ഞു പോകുന്ന ഓരോ സൌഹൃദവും കൊണ്ട് പോകുന്നത് ആത്മാവിന്റെ ഒരു ഭാഗമാണ്.. നിനക്ക് പകരം വയ്ക്കാന്‍ നീ മാത്രമേ ഉള്ളൂ.. ആരും ആര്‍ക്കും പകരമാവില്ല.. ആവാന്‍ കഴിയില്ല...