Tuesday, July 3, 2012

ഓര്‍മകളുടെ ബന്ധനം!


ജോലിയൊക്കെ കഴിഞ്ഞു ശ്യാം തന്‍റെ ഏഴു നിലയുള്ള ലോഡ്ജിലെ ഏറ്റവും മുകളിലത്തെ മുറിയിലെത്തി. രാവിലെ മുതല്‍ വൈകീട്ട് വരയുള്ള സമ്മര്‍ദ്ദം നിറഞ്ഞ മണിക്കൂറുകള്‍ക്കിടയില്‍ നിന്നും ആശ്വാസത്തിന്‍റെ മൂന്നോ നാലോ മണിക്കൂറുകള്‍. അതിനിടയില്‍ ഭക്ഷണം പാകം ചെയ്യണം, കുളിക്കണം, താഴത്തെ കുട്ടികള്‍ക്ക്‌ ഒരല്പം ട്യൂഷന്‍ എടുക്കണം,  ഇതെല്ലാം കഴിഞ്ഞിട്ട് വേണം എല്ലാം മറന്നൊന്നുറങ്ങാന്‍...!
    ഇന്ന് വരുമ്പോഴും നല്ല മഴയായിരുന്നു. മുറിയിലെത്തിയപ്പോഴാണ് അതൊരല്‍പ്പം കുറഞ്ഞത്. തനിക്കും മഴ പണ്ടേ ഒരുപാടിഷ്ടമായിരുന്നല്ലോ, മഴയത്ത്‌ ഓടി നടക്കാന്‍, കുളിക്കാന്‍, കടലാസുതോണിയുണ്ടാക്കി നീര്‍ച്ചാലുകളില്‍ ഒഴുക്കാന്‍..... എന്ത് രസമായിരുന്നു ആ ബാല്യം.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത, നിഷ്കളങ്കമായ, വിലമതിക്കാനാവാത്ത.... നഷ്ടം. അല്ലെങ്കിലും തനിക്കെന്നും പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടാനായിരുന്നല്ലോ വിധി. ആ മഴ നനഞ്ഞതിനാലോ എന്തോ മനസ്സിന് വല്ലാത്തൊരു ഘനം. മുറിയിലെത്തി തലതുവര്‍ത്തിയിട്ടും ആ ഘനം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു!
    മഴയത്ത്‌ ഒരു കുളി കഴിഞ്ഞിരുന്നെങ്കിലും പതിവ് തെറ്റിക്കേണ്ട എന്നു കരുതി എണ്ണയും തേച്ച് ഷവറിനു കീഴെ ഒന്നുകൂടി.. അപ്പോഴാണ്‌ ആ ഘനത്തിന്‍റെ കാരണം ഓര്‍മകളായി മനസ്സില്‍ പതുക്കെ ഉരുകിയൊഴുകിയത്‌.
    കുളി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ശ്യാം ടെറസ്സിലേക്ക് പോയി, മഴ കഴിഞ്ഞിരുന്നു.... മാനത്ത്‌ വെളുപ്പും കറുപ്പും മേഘങ്ങള്‍ ചന്ദ്രനെ മറച്ചും പിന്നെ തെളിച്ചും കൊണ്ട് ഒഴുകി നീങ്ങുന്നു... നക്ഷത്രങ്ങളൊന്നും തന്നെയില്ല.. ചീവീടുകളുടെ താളനിബദ്ധമായ നാദം നിലയ്ക്കാതെ പാടിക്കൊണ്ടെയിരിക്കുന്നു... പതുക്കെ കഴിഞ്ഞ ദിവസങ്ങളിലെ ഓര്‍മ്മകള്‍ ശ്യാമിന്‍റെ മനസ്സില്‍ നിറയാന്‍ തുടങ്ങി.
    ആഴ്ചാവസാനമായ അന്ന് വീട്ടില്‍ പോകുമ്പോള്‍ പതിവ് പോലെ വല്ലതും വാങ്ങിക്കണമെന്നു കരുതിയെങ്കിലും രാത്രി ഏറെ വൈകിയെത്തുന്ന തനിക്കായ്‌ തുറന്നിട്ടിരിക്കുന്ന കടകളൊന്നുമില്ലാത്തതിനാല്‍ ഒന്നും വാങ്ങിയില്ല. വീട്ടിലെത്തി ഭക്ഷണം കഴിക്കാനേ നേരമുണ്ടായിരുന്നുള്ളൂ. എല്ലാരും ഉറക്കത്തിന്‍റെ പകുതിയിലായിരുന്നു. ഭക്ഷണം എടുക്കുമ്പോള്‍ പതിവ് പോലെ യാത്ര സുഖമായിരുന്നോ, എന്തേ ഇത്രയും വൈകിയത്‌ എന്ന് ഉറക്കച്ചവടോടെ അമ്മ. സുഖമായിരുന്നു എന്ന മറുപടി. പിന്നീടൊന്നുമില്ല.!
    പിറ്റേന്ന് ഞായറാഴ്ച, യാത്രാക്ഷീണം കൊണ്ട് അല്പമേറെ ഉറങ്ങിപ്പോയിരുന്നു. എഴുന്നേറ്റപ്പോഴേക്കും അച്ഛനും ചിന്നുവും പോയിരുന്നു. ജിത്തു ഒരു മാസത്തിലേറെയായി വന്നിട്ട്, ഈ ആഴ്ചയും ഉണ്ടാവില്ലെന്ന് ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു, അവനു കമ്പനിയില്‍ ജോലി ഒഴിഞ്ഞിട്ടു നേരമില്ല. അമ്മയാവട്ടെ എന്നത്തെയും പോലെ പതിവ് പണികളില്‍ മുഴുകി. ശ്യാം വീണ്ടും തനിച്ച്.. കുറച്ചുനേരം പത്രം വായിച്ചു, പിന്നെ കുറച്ച് ടി വി കണ്ടു. അത് മടുത്തപ്പോള്‍ അല്‍പനേരം അടുക്കളയില്‍ അമ്മയെ സഹായിച്ചു, പണിക്കിടയില്‍ നാട്ടിലെയും കുടുംബത്തിലെയും വിശേഷങ്ങളോരോന്നായ്‌ അമ്മ പറയും, ഇത് മാത്രമാണ് നാടും വീടും കുടുംബവുമായ് തന്നെ ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം എന്ന് ശ്യാമിന് നന്നായറിയാം. അതുകൊണ്ട് അതൊരിക്കലും മുടക്കാറില്ല, ആ സംഭാഷണ ശകലങ്ങല്‍ക്കിടയിലാണറിഞ്ഞത് സൂര്യ ആശുപത്രിയിലാണ്, അവളുടെ കുഞ്ഞ് പുറംലോകം കാണാതെ യാത്രയായെന്നു. എന്തിനെന്നറിയാതെ മനസ്സോരുപാട് നൊന്തു. അവിടെ നിന്നും എഴുന്നേറ്റ് മുറിയിലേക്ക്‌ പോയി. കതകടച്ചു കിടന്നു, ഓര്‍മ്മകള്‍ ഓരോന്നായ്‌ ചിറകു വിടര്‍ത്തി പറക്കാന്‍ തുടങ്ങി, പക്ഷെ അവയ്ക്ക് പൂമ്പാറ്റകളുടെ ഭംഗിയില്ലായിരുന്നു!
    എന്നായിരുന്നു തനിക്കവളെ നഷ്ടപ്പെട്ടു തുടങ്ങിയത്? കൈകോര്‍ത്തു നടന്ന കുട്ടിക്കാലം, അന്ന് പ്രണയമെന്തെന്നറിയില്ല, എങ്കിലും എന്‍റെ സ്വന്തമെന്നു അഹങ്കരിച്ചിരുന്നു. പിന്നെ കൗമാരം, അന്നവളെ ആരും നോക്കുന്നതു പോലും എനിക്കിഷ്ടമാല്ലായിരുന്നു, കാരണം അവളുടെ മൃദുവായ വിരലുകള്‍ എന്‍റെ കൈത്തണ്ട വിട്ടിരുന്നില്ല. തമ്മില്‍ ഒന്നു കാണാത്ത ഒരു ദിവസം പോലുമില്ല.. കാലം മുന്നോട്ടോഴുകിയപ്പോഴും ഞാനവള്‍ക്കാരെന്നോ, അവളെനിക്കാരെന്നോ ഞാനറിഞ്ഞിരുന്നില്ല, കാരണം ഞാനൊരിക്കലും അവളെ മറ്റൊരാളായ് കണ്ടിരുന്നില്ല, എന്‍റെ ആത്മാവിന്‍റെ ഒരു ഭാഗം തന്നെയായിരുന്നു എനിക്കവള്‍.
    ഒടുവില്‍ ഒരിക്കല്‍ ഞാനറിഞ്ഞു ആലോചനകള്‍ ഓരോന്നായ്‌ വരുന്നു, അവള്‍ എന്നില്‍ നിന്നും അകലുന്നു, ഒരിക്കല്‍ എന്നോട് പറഞ്ഞു, ശ്യാം ഞാന്‍ നിനക്കൊരു ഫോട്ടോ മെയില്‍ ചെയ്തിട്ടുണ്ട്, നടക്കുമോ എന്നുറപ്പോന്നുമില്ല. അവളുടെ വാക്കുകളിലെ പതര്‍ച്ച ഞാനറിഞ്ഞു, കാരണം അവളുടെ വകയിലോരനിയത്തി പതിനെട്ടാം വയസ്സില്‍ വിവാഹിതയായി, അവള്‍ക്ക് പത്തൊന്‍പത്‌, അച്ഛനും അമ്മയും വിവാഹത്തിനു നിര്‍ബന്ധിക്കുന്നു, എതിര്‍ക്കാന്‍ അവള്‍ക്ക് വയ്യ. ശ്യാമില്‍ നിന്നും അവളെ അടര്‍ത്തിയെടുക്കാന്‍ കാലം ഒരുക്കിയ ചതിക്കുഴിയായിരുന്നു അവരുടെ പ്രായം. അന്ന് രണ്ടുപേരും ഡിഗ്രിയ്ക്ക് പഠിക്കുന്നു. പെണ്ണിന് പതിനെട്ടും ആണിനു ഇരുപത്തിഒന്നും വിവാഹപ്രായം. അല്ലെങ്കില്‍ തന്നെ ജീവിക്കാനുള്ള വഴികളൊന്നുമില്ലാതെ അവളെ എങ്ങനെ സ്വന്തമാക്കും, അവള്‍ക്കും അത് മനസ്സിലായി. പിന്നെ മറക്കാനൊരു പാഴ് ശ്രമം! രണ്ടു പേരും നന്നായഭിനയിച്ചു... ഞാന്‍ നിന്നെയും നീ എന്നെയും മറന്നെന്നു രണ്ടുപേരും വെറുതെയെങ്കിലും വിശ്വസിപ്പിച്ചു,
                അപ്പോഴും ആലോചനകള്‍ വരുന്നതല്ലാതെ ഒന്നും ഉറക്കുന്നുണ്ടായിരുന്നില്ല, അതായിരുന്നു ഏക ആശ്വാസം. ഡിഗ്രി കഴിഞ്ഞു, ശ്യാം പോസ്റ്റ്‌ ഗ്രാജ്വേഷന്‍ നു ചേര്‍ന്നു. അതിനിടയ്ക്ക് അല്ലറ ചില്ലറ പാര്‍ട്ട്‌ ടൈം ജോലികളും ചെയ്തു, എങ്കിലും ഒരു സ്ഥിര വരുമാനം ഉണ്ടായിരുന്നില്ല. സൂര്യ വീട്ടിലിരുന്നു വിദൂരമായ്‌ എം. എസ് സി ചെയ്തു. ആലോചനകള്‍ പലതും നടന്നു നടന്നില്ല എന്ന മട്ടില്‍ പോയിക്കൊണ്ടിരുന്നു. പലതും പല കാരണങ്ങള്‍ പറഞ്ഞ് സൂര്യ ഒഴിവാക്കുമായിരുന്നു.
    പക്ഷെ അനിവാര്യമായ വിധി, ഒരു എഞ്ചിനീയര്‍ എന്ന രൂപത്തില്‍ വന്നു, എന്തുകൊണ്ടും മോശമല്ലാത്ത ആലോചന. സുന്ദരന്‍, സുമുഖന്‍, സുശീലന്‍, ഇനിയെന്ത് വേണം...! ശ്യാം കോഴ്സ് കഴിഞ്ഞു അടുത്തുള്ള ഒരു ചെറിയ സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെയുള്ളൂ.... എന്ജിനീയരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് ദൂരത്താണ്.
    അങ്ങനെ ഒരു ജൂലൈ 4, സൂര്യയുടെ വിവാഹം. മനസ്സ് നുറുങ്ങുന്ന വേദനയുണ്ടായിട്ടും പോകാതിരിക്കാന്‍ ശ്യാമിനാവില്ലല്ലോ.... ഒരു സഹോദരനെപ്പോലെ നിന്ന് എല്ലാ കാര്യങ്ങളും നോക്കണമെന്ന് സൂര്യയുടെ അച്ഛനും അമ്മയും, അവരെ ധിക്കരിക്കുവതെങ്ങനെ?!
    സൂര്യയുടെ വിവാഹം കഴിഞ്ഞ തൊട്ടടുത്ത ആഴ്ച ശ്യാമിന് ഒരല്പം ദൂരെയുള്ള കമ്പനിയില്‍ ജോലി കിട്ടി. വീട്ടില്‍ നിന്നും ആറേഴു മണിക്കൂറിന്‍റെ ഓട്ടം കാണും കമ്പനിയിലേക്ക്. മറ്റൊന്നുമാലോചിക്കാതെ ആ ജോലി ഏറ്റെടുത്തു, ശമ്പളത്തെക്കാളുപരി ഈ നാടും ഓര്‍മകളും വിട്ട് തിരക്കേറിയ ഒരു ജോലി, അത് മാത്രമായിരുന്നു ഉള്ളില്‍.
    സൂര്യയ്ക്ക് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമായിരുന്നു. കുഞ്ഞുങ്ങളെ ലാളിക്കാനും കൊഞ്ചിക്കാനും അവള്‍ എത്രയേറെ ആഗ്രഹിച്ചിരുന്നു. ആ അവള്‍ക്കാണ് ആദ്യത്തെ കുഞ്ഞ് നഷ്ടപ്പെട്ടത്‌. അവള്‍ ഒരുപാട് സങ്കടപ്പെട്ടു എന്ന് അമ്മ പറഞ്ഞു, അവളെ കാണാനുള്ള കരുത്ത്‌ ശ്യാമിനുണ്ടായിരുന്നില്ല. പിറ്റേന്നുതന്നെ ആ തിരക്കും തേടി വീണ്ടും ജോലിസ്ഥലത്തേക്ക്.
    വീണ്ടും മഴ പെയ്തു.. തോരാതെ... ആരുടെയോ കഥകള്‍ പറഞ്ഞുകൊണ്ട്. ടെറസ്സില്‍ നിന്നും ശ്യാം താഴേക്കു പോയില്ല. മഴയുടെ ആ തണുപ്പിനിടയില്‍ കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചുടു നീര്‍കണം തുടച്ചു മാറ്റാതെ ഓര്‍മകളുടെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട്.....

10 comments:

  1. ഓര്‍മ്മകള്‍...
    അസാധാരണമായി ഒന്നുമില്ല, എങ്കിലും എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. ഉം.. എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കും തോന്നി... പിന്നെ കരുതി ഡിലീറ്റ്‌ ചെയ്യേണ്ട എന്ന്... കാരണം മനസ്സില്‍ അപ്പോള്‍ തോന്നിയത്‌ കുത്തി കുറിച്ചുവെന്നേ ഉള്ളൂ..
      നന്ദി സോണി ചേച്ചീ ഈ തുറന്ന അഭിപ്രായത്തിന്..

      Delete
  2. കഥ കൊള്ളാട്ടോ...

    ReplyDelete
    Replies
    1. ഇല്ല അജിത്തേട്ടാ, മനസ്സിലുള്ളത് മുഴുവനായി അവിടെയെത്തിയോ എന്ന് സംശയമാണ്... ഒരു അപൂര്‍ണ്ണത എനിക്കനുഭവപ്പെട്ടു, എഴുതിക്കഴിഞ്ഞപ്പോള്‍.... എങ്കിലും മനസ്സിന്റെസ ഭാരം ഒരല്പം കുറഞ്ഞു...!

      Delete
  3. മനസ്സിലേ മഴകെട്ടുകള്‍, കെട്ടഴിച്ച്
    പതിയേ പകര്‍ത്തുമ്പൊള്‍ ഒരാശ്വാസ്സമാണ് ..
    നിന്നില്‍ ജീവിക്കുമെന്‍ ഓര്‍മകള്‍ , മുന്നില്‍ പെയ്ത്ത്
    തുടരുന്ന മഴയിലൂടെ, മിഴികളില്‍ നിന്നും ഒലിച്ചിറങ്ങുമ്പൊള്‍ ..
    നമ്മുടെ മനസ്സില്‍ ഒരിക്കലും മായാതെ കിടക്കുന്ന ചിലതുണ്ട്
    ചില നിമിഷങ്ങളില്‍ ഹൃത്തിലേക്ക് ചേക്കേറുന്നവ
    അവ കൊണ്ട് നീറുമ്പൊള്‍ ഒരു നിറവുണ്ട് ..
    നഷ്ടപെടുമ്പൊഴും നാം കാലത്തേ അതിജീവിക്കുന്നു
    എന്നുള്ളൊരു സുഖം .. അല്ലേ സ്നേഹിതാ ?
    ചില പകര്‍ത്തലുകള്‍ സ്വന്തം മനസ്സിനൊരു കുളിര്‍മ നല്‍കും ..
    എഴുത്ത് കൊണ്ട് നാം നേടുന്നതും അതു തന്നെ ..
    താല്‍ക്കാലികമായ മഴ കുളിരെങ്കിലും അതിന് നല്‍കനായാല്‍ ..
    ഇനിയുമെഴുതുക , വെട്ടി തിരുത്തലുകള്‍ ഇല്ലാതെ
    മനസ്സിന്റെ നേര്‍ പകര്‍ത്തലുകള്‍ ..

    ReplyDelete
    Replies
    1. എപ്പോഴൊക്കെയോ കളഞ്ഞു പോയ സ്നേഹവും, പ്രണയവും പിന്നെയും പലതും, ഏകാന്തതകളില്‍ കുത്തി നോവിക്കുമ്പോള്‍.. ഒരു സാന്ത്വനമായെത്തുന്ന, കവിളില്‍ തലോടി ആശ്വസിപ്പിക്കുന്ന മഴയോട് എന്നും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്... രാത്രികളില്‍ മാത്രമല്ല ഇനി നിനക്ക് പകലിലും കരയാമെന്നോതുന്ന അവളോട്‌ അവളുടെ കാവല്‍ക്കാരനായ ഇടിമിന്നലുകളോട് പ്രണയമായിരുന്നെനിക്കെന്നും. നഷ്ടമാവില്ലെന്നു ഉറപ്പുള്ളത് കൊണ്ടാവാം...
      നന്ദി റിനീ അലസമായൊഴുകുന്ന പുഴ പോലുള്ള വാക്കുകള്‍ക്ക്...

      Delete
  4. ഓര്‍മകള്‍ക്ക് മരണമില്ലനല്ലേ.
    പ്രണയം അത് മഴപോലാണ്.ചിലരുടെ ജീവിതത്തില്‍ ഒരു നീണ്ട ഇടവപാതിപോലെ.
    മറ്റു ചിലര്‍ക്ക് ചിലപ്പോള്‍ ഒരു ചാറ്റല്‍ മഴ പോലെ....
    എങ്കിലും അതും ഒരു കുളിര്‍ ഒളിപ്പികുന്നുണ്ട് മനസ്സില്‍.
    എന്നും എന്നും എടുത്തു താലോലിക്കാന്‍...
    സുഹൃത്തേ നന്നായിരിക്കുന്നു ഈ എഴുത്ത്.
    ആശംസകളോടെ....

    ReplyDelete
    Replies
    1. അനിര്‍വചനീയമായ അനുഭൂതി... എന്തോ മഴയ്ക്കും പ്രണയത്തിനും തമ്മില്‍ ശക്തമായ ബന്ധമുണ്ട്... മഴ പ്രണയത്തെ പ്രണയിക്കുകയാവാം, അല്ലെങ്കില്‍ പ്രണയം മഴയെ പ്രണയിക്കയാവാം... അതും അല്ലെങ്കില്‍ നഷ്ടപ്രണയങ്ങള്‍ എല്ലാം മഴയെ പ്രണയിച്ച് നിര്‍വൃതി കൊള്ളുന്നുണ്ടാവാം... അല്ലെ മനു/മാനസീ....

      നന്ദി കേട്ടോ, ഈയൊരു വരവിനും, അഭിപ്രായത്തിനും... പക്ഷെ നന്നായിരിക്കുന്നു എന്ന് വേണ്ടിയിരുന്നില്ല...!

      Delete
    2. :) എനിക്കിഷ്ട്ടപെട്ടത്‌ കൊണ്ടല്ലേ സുഹൃത്തേ ഞാന്‍ അങ്ങിനെ പറഞ്ഞത്...

      Delete
    3. മാനസീ (നല്ല പേരാണ് കേട്ടോ, മറക്കാനാകില്ല) അപ്പൊ അവസാനത്തെ നാല് വാക്കുകള്‍ ഞാന്‍ പിന്‍വലിച്ചൂട്ടോ...:)
      ഈ മടങ്ങി വരവില്‍ ഏറെ സന്തോഷമുണ്ട് കേട്ടോ...

      Delete