Tuesday, July 31, 2012

ഒരു ചെമ്പകത്തിന്‍റെ ഓര്‍മ്മയ്ക്ക് (മാത്രം).....

നിനക്കോര്‍മ്മയുണ്ടോ ആദ്യമായി നമ്മള്‍ കണ്ടുമുട്ടിയത്? അന്നെന്നോട് പറഞ്ഞത് നീയോര്‍ക്കുന്നോ? പൂത്ത ചെമ്പകത്തിന്‍റെ ചോട്ടില്‍, ആ ഗന്ധവും ആസ്വദിച്ചു നില്‍ക്കുമ്പോഴായിരുന്നു ആദ്യമായി നീയെന്‍റെ മുന്നില്‍ വന്നത്, അന്ന് നിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. വെറുതെ ഒരു ജിജ്ഞാസയ്ക്ക് എന്തെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പൂക്കൂട കാണിച്ചു കൊണ്ട് നീ പറഞ്ഞു ഇന്നൊന്നും ചിലവായില്ല, കുട്ടന്‍റെ ഫീസ്‌ നാളെ കൊടുക്കണം, അമ്മയെ ഡോക്ടറെ കാണിക്കണം... ചിരപരിചിതയെ പോലെ പരാധീനതകളുടെ കെട്ടഴിച്ചു പറയുമ്പോള്‍ നിറയുന്ന നിന്‍റെ കണ്ണുകള്‍ ഒപ്പി മാറ്റാന്‍ ഞാന്‍ പറഞ്ഞില്ല.. മനസ്സിന്‍റെ ഘനം അല്പം കുറയട്ടെ എന്ന് കരുതി.. പോകാനൊരുങ്ങുമ്പോള്‍ ഒരു ചെമ്പകമാല  വെറുതെയെങ്കിലും ശ്രീരാമന് ചാര്‍ത്താമെന്നു ഞാനും കരുതി.. നിന്‍റെ കണ്ണിലെ തിളക്കം, അതിലെ പ്രത്യാശ, കണ്ടു ഞാന്‍.. മാല ചാര്‍ത്തുമ്പോള്‍ നിന്നെ വീണ്ടും ഓര്‍മ്മ വന്നു, പ്രാര്‍ത്ഥിച്ചത് നിനക്ക് വേണ്ടി മാത്രം.... നിന്‍റെ വാക്കുകള്‍, കണ്ണീര്‍ എന്‍റെ മനസ്സിനെ അന്നേ നീ നൊമ്പരപ്പെടുത്തിയതല്ലേ.. പിന്നീടെന്നും വാങ്ങുമായിരുന്നു നിന്നെ ഓര്‍ക്കാന്‍ വേണ്ടി മാത്രം... ഒരു നാള്‍ നിന്നെ കണ്ടില്ലെങ്കില്‍ എന്തുപറ്റി എന്ന് മനസ്സ് വല്ലാതെ വിങ്ങുമായിരുന്നു.. ഒരിക്കല്‍ നീയെന്നോട് ചോദിച്ചു എന്നും ഈ മാല വാങ്ങാന്‍ ഞാനുണ്ടാകുമോ എന്ന്, ഇല്ലെന്നു പറഞ്ഞപ്പോള്‍ ഒരു മാല കയ്യില്‍ തന്ന്‌ ഒന്നും പറയാതെ നീയകന്നു.. ആ മാല രാമന് ചാര്‍ത്തിയില്ല.. പിന്നെ രണ്ടു ദിവസം നിന്നെ കണ്ടതുമില്ല. അതിനു ശേഷം നിന്നെ കണ്ടപ്പോള്‍ കയ്യില്‍ പൂക്കൂടയുണ്ടായിരുന്നില്ല... അരികിലെത്തി നീ പറഞ്ഞു, പോകയാണ് ഇനിയൊരുപക്ഷേ കണ്ടെന്നു വരില്ല... എന്തായിരുന്നു ഞാന്‍ നിന്നോട് പറയേണ്ടത്, പോയിക്കോളൂ എന്നോ? അല്ല പോയി വരൂ എന്നോ, ഇനിയൊരിക്കലും തിരിച്ചു വരില്ലെന്ന് നീ പറയുമ്പോള്‍ നീയറിഞ്ഞോ എന്‍റെ മനസ്സ് എത്രത്തോളം കരഞ്ഞെന്ന്? നീ കാണാറുണ്ടായിരുന്നോ കരയുന്ന എന്‍റെ മനസ്സിനെ, എവിടെ ! അല്ലെ? തിരിഞ്ഞു നോക്കരുതേ എന്ന് ഞാന്‍ പറഞ്ഞതും നീ കേട്ടില്ല, മറയുന്നതിനു മുന്‍പ്‌ എത്രവട്ടം നീ പിന്തിരിഞ്ഞു! നിന്‍റെ കണ്മുനകള്‍ എത്ര വട്ടം എന്‍റെ ഹൃദയത്തെ മുറിപ്പെടുത്തി... ഇന്നെന്‍റെ ഏകാന്തതയില്‍ വാടിയ ചെമ്പകവും ഒരിക്കലും വാടാത്ത നിന്‍റെ ഓര്‍മ്മകളും മാത്രം..

8 comments:

  1. ഇന്നെന്‍റെ ഏകാന്തതയില്‍ വാടിയ ചെമ്പകവും ഒരിക്കലും വാടാത്ത നിന്‍റെ ഓര്‍മ്മകളും മാത്രം..കഥ ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  2. പൂക്കാരി അങ്ങനെ സ്കൂട്ട് ആയി അല്ലേ

    ReplyDelete
    Replies
    1. എവിടേക്ക് പോകാന്‍, ഒടുവിലെന്നടുത്ത് തന്നെ... കാലമിനിയെത്ര കിടക്കുന്നു... ഒരുമിച്ചിനിയുമെത്രകാലം......

      Delete
  3. പ്രിയപ്പെട്ട സ്നേഹിതാ,

    തൃശൂരിലെ വീട്ടിലെ മതിലിന്നരികിലെ ചമ്പകമരം ഓര്‍മ വന്നു. അങ്ങ് ഉയരത്തില്‍ വളര്‍ന്ന ചമ്പകമരത്തിലെ പൊട്ടിക്കാന്‍ പറ്റാത്ത പൂക്കള്‍ മോഹത്തോടെ നോക്കി നില്‍ക്കുന്ന പ്രഭാതങ്ങള്‍...!

    ചമ്പകപൂക്കളുടെ കൊതിപ്പിക്കുന്ന മണം അനശ്വരമായ സമ്മാനമായി നല്‍കിയ ആ പൂക്കാരി,എന്റെ മനസ്സിലും നോവാകുന്നു.

    ആ സുഗന്ധം നല്ലൊരു നാളെ നല്‍കട്ടെ !

    ശ്രീരാമ സ്വാമിക്ക് ചമ്പകപൂക്കളുടെ മാല ചാര്‍ത്തി എന്ന് വായിച്ചു ഒത്തിരി സന്തോഷിച്ചു.

    മനോഹരമായ രാത്രി മഴ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഓര്‍മ്മയുണര്‍ത്തിയെന്നറിഞ്ഞതില്‍ ഏറെ സന്തോഷം (ഞാനെഴുതിയത് തന്നെയോ??!!! എന്ന് ഇപ്പോഴെനിക്ക്‌ സംശയം!!)...

      ഇനി പൂക്കുമ്പോള്‍ ശ്രീ രാമസ്വാമിക്ക് ഒരു മാലകോര്‍ക്കാന്‍ മാത്രം ചമ്പകം പറിക്കാന്‍ കഴിയട്ടെ..

      നോവ്‌ പകുത്തെടുത്തതില്‍ ഏറെ സന്തോഷം സോദരീ.. ഇന്നും ഇനിയെന്നുമാ സുഗന്ധം നിറഞ്ഞു നില്‍ക്കും മനസ്സിലും ജീവിതത്തിലും...

      ചില പ്രണയങ്ങള്‍ പോലെ, വേനലും മഴയും ഒരുമിച്ചായിരുന്നു ഇന്ന്... ഏറെ നേരം നോക്കി നിന്നു... പിന്നെ യാത്ര.... ദാ ഇപ്പോഴും ചാറുന്നു...

      സ്നേഹപൂര്‍വ്വം....

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      മഴ പെയ്യുന്ന ദിനരാത്രങ്ങള്‍...........ഇന്നിവിടെ അമ്പലത്തില്‍ നിറപുത്തിരി ആയിരുന്നു. പുന്നെല്ലിന്റെ പായസം കുടിച്ചു.....എന്തൊരു സ്വാദ് !

      കടലില്‍ മഴ പെയ്യുന്നത് കണ്ടു ഹൃദയം നിറയുമ്പോള്‍, ഓര്‍ത്തു ,എന്തെ പുതിയ പോസ്റ്റ്‌ കണ്ടില്ലല്ലോ?അവധിയല്ലേ?

      മനോഹരമായ ഒരു സൌഹൃദദിനം ആശംസിക്കുന്നു. പരിചയപ്പെട്ടതില്‍,കണ്ടുമുട്ടിയതില് ഒത്തിരി സന്തോഷം. ;)

      പുതിയ പോസ്ടിടുമ്പോള്‍ അറിയിക്കുമല്ലോ.

      ഈ സന്ധ്യയില്‍ മനസ്സില്‍ സൌന്ദര്യം നിറയട്ടെ !

      സസ്നേഹം,

      അനു

      Delete
    3. അനൂ,

      കൊതിപ്പിക്കല്ലേ... സ്വന്തം പാചകത്തില്‍ ഏറെ ആത്മവിശ്വാസമുള്ളത് കൊണ്ട് പായസം വയ്ക്കാറില്ല... പുണ്ണ്യമാസം തുടങ്ങിയതോടെ ഇടയ്ക്ക് ചിലപ്പോള്‍ കൂട്ടുകാരോടൊപ്പം നോമ്പ് എടുക്കാറുണ്ട്.. അല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ തന്നെ പാചകം!! ഹോട്ടല്‍ ഭക്ഷണത്തേക്കാള്‍ സ്വാദ് തന്നെ.. ഇന്ന് വീട്ടിലായത് കൊണ്ട് അമ്മേടെ ഭക്ഷണമായിരുന്നു... അതിനോളം സ്വാദ് വേറെവിടെ കിട്ടാന്‍??

      രാവിലെ അയയില്‍ ഉണക്കാനിട്ടത് എടുപ്പിക്കാനായി മാത്രം മഴ പോലെന്തോ വന്നു.. അപ്പൊ തന്നെ പോവുകയും ചെയ്തു... ഇപ്പോഴും ആരോടോ ഉള്ള പരിഭവം പോലെ ആകാശം മൂടിക്കെട്ടി നില്‍ക്കുന്നു... എന്തെ പെയ്യാത്തെ?

      സൗഹൃദ ദിനമല്ലേ, കുറെ കൂട്ടുകാരെ വിളിച്ചു സമയമേറെ ചിലവഴിച്ചു, അതിലേറെ പേര്‍ ഇങ്ങോട്ടും വിളിച്ചു... കൂട്ടുകാരിക്കുമുണ്ട് സ്നേഹം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍...

      ഇതുപോലൊരു സൗഹൃദം പങ്കുവയ്ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെനിക്കും...

      പുതുത് എന്തേലും പോസ്റ്റ്‌ ചെയ്യുമ്പോള്‍ അറിയിക്കാന്‍ മറന്നാലും അനു ഇവിടെത്തുമെന്ന് കരുതാനാണെനിക്കിഷ്ടം.. എന്തായാലും അവിടെ കമന്റുമായി ഞാനുണ്ടാകും...

      സ്നേഹപൂര്‍വ്വം....

      Delete