Saturday, April 19, 2014

പെയ്തൊഴിയുന്ന മഴത്തുള്ളികള്‍.. വാനം വീണ്ടും തെളിയുന്നു... വഴികള്‍ ശൂന്യം... ഒരു പട്ടം കണക്കെ കാറ്റിനോടൊപ്പം ഞാനും... നക്ഷത്രങ്ങള്‍ പറയുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കുന്നു.. എത്ര വലുതാണ്‌.. എന്നിട്ടും എത്ര ചെറുതാണ് നക്ഷത്രങ്ങള്‍... ഒരു വിരല്‍ വച്ച് മറയ്ക്കുമ്പോള്‍ എല്ലാം മറയുന്നു... കാരണങ്ങള്‍ ഇല്ലാതാവുന്നു കാഴ്ചയ്ക്ക്... ഇന്ദ്രിയങ്ങള്‍ അനുഭൂതി വേണ്ടെന്നു വയ്ക്കുമ്പോള്‍ ഭാരം കുറയുന്നു, ഒട്ടുമില്ലാതാകുന്നു.. ശരീരത്തിന്‍റെയും മനസ്സിന്‍റെയും... ഒടുവില്‍ പതിയെ മുകളിലോട്ടു പറന്നു പറന്നു..... അനിര്‍വചനീയം... ശാന്തി.. ശാന്തി മാത്രം... ഈ ഭൂമിയുടെ അങ്ങേയറ്റത്തു നിന്ന് ഏവരെയും അവസാനമായി കണ്‍നിറയെ കണ്ടുകൊണ്ട് ആകാശത്തിന്‍റെ അനന്തതയിലേക്ക് ഒരു പിന്‍മറിച്ചില്‍.... ആകര്‍ഷണശക്തിയില്‍ നിന്നും മോചിക്കപ്പെട്ടു അനന്തതയിലേക്ക്.. നിത്യതയിലേക്ക് പതിയെ, വളരെ പതിയെ, ചിറകുകള്‍ ഇല്ലാതെ പാറി പാറി.... മേഘങ്ങള്‍ക്കിടയിലൂടെ.. പൂര്‍ണ്ണചന്ദ്രനെ തലോടി വീണ്ടും ദൂരേക്ക്... ദൂരെ.. ദൂരേക്ക്..... നക്ഷത്രങ്ങളുടെ ലോകത്തേക്ക്... എന്നും എന്നെ നോക്കി കണ്‍ചിമ്മാറുള്ള ആ നക്ഷത്രത്തിന്‍റെ അടുക്കലേക്ക്... അവിടം വരെ ആ യാത്ര... അവിടിരുന്നു എനിക്ക് നിന്നെ ഒരിക്കല്‍ കൂടി കാണണം... നിന്നെ നോക്കി പുഞ്ചിരിക്കണം.. ആദ്യമെത്തിയത്‌ ഞാനാണ്.., ഞാനാണ് ജയിച്ചതെന്ന് പറയണം.. നിനക്ക് വേണ്ടി കാത്തിരിക്കില്ല എന്ന് ഉറപ്പു നല്‍കണം... എവിടെയാണ് ഞാന്‍ എന്നറിയാതെ ഒരു വിരല്‍ കൊണ്ട് നീ കാഴ്ച മറയ്ക്കും.. അപ്പോള്‍ തെളിയുന്ന ആ ഒറ്റ നക്ഷത്രം, അത് ഞാനല്ലെന്നു നീ നിന്നെ വിശ്വസിപ്പിക്കും.... അവിടെയും ഞാന്‍ നിന്നെ ജയിക്കും... ആദ്യം മറന്നത് ഞാനാണെന്ന കള്ളം പറഞ്ഞു കൊണ്ട്... ഒരിക്കല്‍ എന്നെ തേടി നീ നക്ഷത്രലോകത്ത് എത്തുമ്പോള്‍ തമോഗര്‍ത്തമായി ഞാന്‍ രൂപാന്തരം പ്രാപിച്ചിട്ടുണ്ടാവും... എത്ര തിരഞ്ഞാലും നിനക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍, കണ്ടെത്തിയാല്‍ പിന്നെ നിനക്ക് എന്നില്‍ നിന്ന് മോചനമില്ലാതെ.. എല്ലാ ആകര്‍ഷണങ്ങളില്‍ നിന്നും മോചനം നേടി സ്വയം പുറപ്പെടുവിക്കുന്ന പ്രകാശത്തെ പോലും തന്നിലേക്ക് വലിച്ചടുപ്പിച്ചു നിന്നില്‍ നിന്ന് മറഞ്ഞ ഞാനെന്ന തമോഗര്‍ത്തത്തില്‍ നീ ഒരിക്കലും എത്തിപ്പെടാതിരിക്കട്ടെ....

8 comments:

  1. "ഞാന്‍കണ്ടേ,ഞാന്‍ കണ്ടേ..............."
    ഒളിച്ചുകളി പ്രയോഗം
    ഈസ്റ്റര്‍ ആശംസകള്‍

    ReplyDelete
    Replies
    1. ഒരല്‍പം വൈകിയ ഈസ്റ്റര്‍ ആശംസകള്‍ തങ്കപ്പന്‍ ചേട്ടാ...

      Delete
  2. ഭാവനയുടെ ചിറകുകളില്‍ സഞ്ചരിക്കാനെന്തു രസം.. ല്ലേ?....
    കൊള്ളാം........

    ReplyDelete
    Replies
    1. മനസ്സ് ഒരു നിമിഷം കൊണ്ട് സഞ്ചരിക്കുന്നത്.... എത്ര ലോകങ്ങള്‍.. എത്ര ദൂരങ്ങള്‍... വിവിധ ഭാവങ്ങളില്‍... ഭാവനകളില്‍... നല്ല ദിനം അക്കാകുക്ക...

      Delete
  3. മനസ്സിന്‍റെ സഞ്ചാരം നേർവഴിക്ക്തന്നെയാണ്. നന്നായി എഴുതുന്നുണ്ട്. ദൂരങ്ങൾ ഇനിയും താണ്ടുവാൻ ആശംസകൾ !

    ReplyDelete
    Replies
    1. ചിലപ്പോഴൊക്കെ താളം തെറ്റാത്ത മനസ്സുകള്‍ ഉണ്ടോ.... ഉണ്ടാവാംല്ലേ... റീഡ് ദിസ്‌ ബൈ ക്ലിക്കിംഗ് ഹിയര്‍
      26000 പ്രകാശവര്‍ഷമകലെ ആകാശഗംഗയുടെ മദ്ധ്യത്തിലായി സജിറ്റാറിയസ് എ എന്ന ഒരു തമോഗര്‍ത്തം ഭീമന്‍ വാതകമേഘത്തെ വിഴുങ്ങിയ കാഴ്ച...
      ഇനിയെന്നാണാവോ ഞാന്‍......! ;)

      എഴുത്ത് നന്നാവാന്‍ എത്രയോ ദൂരം പോകേണം... പിന്നൊരു സമാധാനം സമാധാനത്തിനു വേണ്ടി മാത്രം എഴുതുന്നതല്ലേന്നാണ്....
      സുഖമല്ലേ ഗിരീ...?

      Delete
    2. സുഖം ബനി .

      സജിറ്റാറിയസ് കൊള്ളാം. :)

      Delete
    3. ശാസ്ത്രവും സാങ്കേതികതയും പലപ്പോഴും മനസ്സില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.... :)
      സുസായാഹ്നം സഖേ...

      Delete