Thursday, April 24, 2014

പ്രിയമുള്ളവര്‍ക്കായി....

സ്വന്തമായി നില്‍ക്കുന്ന ജന്മബന്ധങ്ങള്‍....
കര്‍മ്മവീഥികളില്‍ ഒന്നിച്ചു നടന്നവര്‍... 
ജീവിതത്തിന്‍റെ വഴിത്താരയില്‍ കണ്ടുമുട്ടിയ സൗഹൃദങ്ങള്‍...
ഒരിക്കലും കാണാതെ ഹൃദയം സ്പര്‍ശിച്ചവര്‍...
ഒരു വാക്കില്‍ എല്ലാം പറയുന്നവര്‍...
ഒരു നിമിഷത്തെ കാത്തിരിപ്പിന് ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്നു അറിയിച്ചു തന്നവര്‍..
സ്നേഹം കൊണ്ട് പരാജയപ്പെടുത്തിയവര്‍..
വിരഹം കൊണ്ട് കരുത്തു നല്‍കിയവര്‍...
വിശ്വാസം കൊണ്ട് കൂടെ നിന്നവര്‍...
ഒരിക്കലും അടുക്കാനാവാത്ത വിധം അകന്നു പോയവര്‍...
വേണ്ടെന്നു പറഞ്ഞിട്ടും ചേര്‍ത്തു നിര്‍ത്തിയവര്‍..
കൂടെ ചിരിച്ചും വേദനകളില്‍ പങ്കു ചേര്‍ന്നും ഒരുമിച്ച നിമിഷങ്ങള്‍..
ഇവിടെ ഈ ജീവിതത്തില്‍ എവിടെല്ലാം കടപ്പാടുകള്‍ ഇനിയും 
ബാക്കി കിടക്കുന്നു എന്നറിയാതെ.....
ആരോടൊക്കെ നന്ദിയോതേണ്ടൂ എന്നറിയാതെ...
ആരോടൊക്കെ മാപ്പ് പറയേണ്ടൂ എന്നറിയാതെ...
അറിയാതെ അറിഞ്ഞും, പറയാതെ കൂടെ നിന്നും 
ഒരിക്കലും പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍ വിട്ടകന്നും പോയവര്‍...
അടുത്ത നിമിഷം എന്തെന്നറിയാത്ത ഈ യാത്രയില്‍ ഇനിയും വൈകിക്കരുത് എന്നറിയുന്നു...
പറയാന്‍ മറന്ന നന്ദി വാക്കുകളും, ചോദിക്കാതെ പോയ ക്ഷമാപണവും ഇന്നിവിടെ ഹൃദയം കൊണ്ട് രേഖപ്പെടുത്തുന്നു...

8 comments:

  1. നന്ദി പറയുന്നതും, ക്ഷമിക്കുന്നതും, ക്ഷമ ചോദിക്കുന്നതുമൊക്കെ ഹൃദയം കൊണ്ടാവുമ്പോൾ ആ ജീവിതനിമിഷങ്ങളും കൂടുതൽ സൗന്ദര്യമുള്ളതാവുന്നു...

    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം...

    സമാധാനം നേരുന്നു.

    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. ജീവിതം എന്നും സൗന്ദര്യമുള്ളത് തന്നെ... അല്ലെന്നു തോന്നുമ്പോള്‍ കാഴ്ചപ്പാടുകള്‍ മാത്രം മാറ്റിയാല്‍ മതിയാകും... നന്മകളെ മാത്രം തേടിപ്പിടിച്ചാല്‍ മതിയാകും...

      ഇന്നിവിടെ വോട്ടിംഗ് മെഷീനിന്‍റെ നീല ബട്ടണ്‍ അമര്‍ത്തി ചുവപ്പ് ലൈറ്റ് തെളിഞ്ഞപ്പോള്‍ സൗഗന്ധികത്തെ ഓര്‍ത്തു.. 'നിസ്സഹായ പ്രബുദ്ധനായി' അവകാശം വിനിയോഗിച്ചു... :)
      നീല ആത്മാര്‍ത്ഥതയെയും ചുവപ്പ് കാലുഷ്യത്തെയും ഓര്‍മ്മിപ്പിച്ചു.. ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും സംഘര്‍ഷം...! മൂല്യച്യുതി സംഭവിച്ച ആശയങ്ങള്‍, വ്യക്തിഹത്യ ചെയ്യപ്പെട്ട ആദര്‍ശങ്ങള്‍..!

      അപ്പോള്‍ സമാധാനത്തിനായി സന്മനസ്സുണ്ടാവട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഈ രാവ് വിടപറയും മുന്നേ.. ശുഭരാത്രി....

      Delete
    2. :) ശുഭരാത്രി സൗഗന്ധികം.......

      Delete
  2. ഇതെന്താ പറഞ്ഞ് കണക്ക് തീർക്കുന്നത് പോലെ...? ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ടല്ലോ... :)

    ReplyDelete
    Replies
    1. പറയാന്‍ മറന്നു പോകുന്നവ.. എന്നെങ്കിലും പറയേണ്ടേ വിനുവേട്ടാ... :)
      ശുഭരാത്രി... നല്ല സ്വപ്‌നങ്ങള്‍....

      Delete
  3. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം....
    നന്മയുടെ പ്രകാശം പരക്കട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. ഇവിടെയെന്തോര്‍മ്മകളെന്നോ....
      നന്മ പ്രകാശിക്കട്ടെ... എന്നും... എന്നെന്നും...

      Delete