Friday, April 11, 2014

09/04/2014; Wednesday:

ഇന്നലെ മഴയായിരുന്നു... പടിഞ്ഞാറ് നിന്നും വീശുന്ന കാറ്റില്‍ ശിഖരങ്ങള്‍ ഉലഞ്ഞാടുന്ന മരങ്ങള്‍.... ഇപ്പോള്‍ പൊട്ടും എന്ന തോന്നലുളവാക്കിയ കവുങ്ങുകള്‍.... എത്രയോ നാളുകള്‍ക്ക് ശേഷം തറവാട്ടില്‍ വരാന്തയിലെ അരഭിത്തിയില്‍ വീണ്ടും... ഓര്‍മ്മകളുടെ കൂടാരമാണ് തറവാട്... ഇന്നാരും ഇല്ലാതെ, വല്ലപ്പോഴും മാത്രം ആരെങ്കിലും വന്നാലായി... തനിച്ചിരിക്കണം എന്ന് തോന്നുമ്പോള്‍ ആരുമില്ലാതെ അടച്ചിട്ട അങ്ങോട്ട്‌ പോവുക  പതിവായിരിക്കുന്നു.....! വരാന്തയിലിരുന്നു മതിയാവോളം സ്വപ്നം കാണുക... :) പിന്നെ ഓര്‍മ്മകളില്‍ മുങ്ങാംകുഴിയിടുക.... ആരുടേയും തടസ്സപ്പെടുത്തലുകള്‍ ഇല്ലാതെ... ഇഷ്ടമുള്ള പാട്ടുകള്‍ കേട്ട് കൊണ്ട്... 

ഓരോ പാട്ടും ഓരോ ലോകത്തേക്ക് കൊണ്ട് പോകും... അങ്ങനെ പല ലോകങ്ങളിലായി എന്നെ ഞാന്‍ തന്നെ മറന്നു പോകും... നിശ്ശബ്ദമായ ആ മറവിയിലായിരുന്നു വീശിയടിച്ച കാറ്റും... പിന്നാലെ ഇടിമിന്നലും മഴയും... പുതുമണ്ണിന്‍റെ ഗന്ധം, തറവാടിലെ വലിയ മുറ്റത്തെ മണല്‍ തരികള്‍ മഴവെള്ളത്തെ പുണര്‍ന്നു സ്നേഹം അറിയിച്ചു... മഴയോടൊപ്പം ഇടിമിന്നല്‍ കൂടി ഉണ്ടെങ്കില്‍ വളരെ നന്നാവും ആ നിമിഷങ്ങള്‍...  ഓരോ മിന്നല്‍പിണരും മാനത്തു വിരിയുന്നത് കാണുമ്പോള്‍, ഓരോ ഇടിനാദവും കാതില്‍ പതിക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമാണ്.... എല്ലാം മറന്നു മഴയെ സ്നേഹിക്കുന്നതിന്റെയോ... മഴയെ പുണര്‍ന്നു എല്ലാം ഓര്‍ക്കുന്നതിന്റെയോ, ഏതെന്നറിയാത്ത സന്തോഷം....ആകാശം മേഘാവൃതമാകുമ്പോള്‍, മണ്ണിലൊരു തുള്ളി മഴ പതിക്കുമ്പോള്‍ മനസ്സും വല്ലാതെ തണുക്കും... അത് വരെയുള്ള എല്ലാ ദ്വേഷവിദ്വേഷങ്ങളെയും, വേദനകളെയും കഴുകിക്കളഞ്ഞാണ് ഓരോ മഴയും വിടവാങ്ങുക... മുറ്റത്ത് കൂടി നീര്‍ച്ചാലുകള്‍ ഒഴുകുമ്പോള്‍ ബാല്യം ഓര്‍മ്മവരും.. പ്രത്യേകിച്ചു, അമ്മയെ പോലെ അല്ലെങ്കില്‍ അമ്മയേക്കാള്‍ ഏറെ, സ്നേഹിച്ച അച്ഛന്‍പെങ്ങളുടെ സാന്നിധ്യം ഓര്‍മ്മയില്‍ നിറയുമ്പോള്‍ ബാല്യം ഒരിക്കലും മറക്കാത്ത അനുഭവമാകും... എല്ലാവരില്‍ നിന്നും അകലുന്ന കൂട്ടത്തില്‍ എപ്പോഴൊക്കെയോ അവരില്‍ നിന്നും... എങ്കിലും സ്നേഹിച്ചിട്ടേയുള്ളൂ എന്നും...


(ഇനിയും മുഴുവനാക്കാതെ... ഇനി മുഴുവനാക്കാന്‍ കഴിയാതെ...)

6 comments:

  1. പുതുമഴ ഓര്‍മ്മകളെ ഉണര്‍ത്തുന്നു...............
    ആശംസകള്‍

    ReplyDelete
    Replies
    1. മഴത്തുള്ളികളുടെ ഈണം മനസ്സില്‍ ഓര്‍മ്മകള്‍ പെയ്യിക്കുന്നു...
      നന്ദി തങ്കപ്പന്‍ ചേട്ടാ... ശുഭരാത്രി....

      Delete
  2. ഓര്‍മ്മപ്പാതകളിലൂടെ സഞ്ചാരമാണല്ലെ

    ReplyDelete
    Replies
    1. എത്ര സഞ്ചരിച്ചാലാണ് തീരുക അജിത്തേട്ടാ....
      ഓരോ നിമിഷവും, ഓരോ യാത്ര തന്നെ...
      നല്ല നിമിഷങ്ങള്‍....

      Delete
  3. വേനൽ മഴയെ ഓർമ്മകളുടെ അകമ്പടിയോടെ വരവേറ്റുവല്ലേ? പക്ഷേ, മിന്നൽപ്പിണരും ഇടിനാദവും എങ്ങനെ സന്തോഷം പകരുന്നു? ഒരു മാതിരിപ്പെട്ടവർക്കൊക്കെ അത് ഭയാനകം തന്നെയാണ് കേട്ടോ...

    ReplyDelete
    Replies
    1. ഓരോ മഴയും ഓര്‍മ്മപ്പെയ്ത്താണ്....
      അത് കൊണ്ട് തന്നെ എന്നും മഴയാണ്....
      മിന്നല്‍പ്പിണരുകള്‍ മാനത്ത് വരച്ചിടുന്ന ചിത്രങ്ങള്‍.. അതൊരു അനുഭൂതിയാണ്...
      എന്താ എന്നറിയില്ല, വളരെ ചെറുപ്പത്തില്‍ പേടിയുണ്ടായിരുന്നതിനെയൊക്കെ എപ്പോഴൊക്കെയോ കൂടുതല്‍ ഇഷ്ടമായി മാറുകയായിരുന്നു, അറിയാതെ... (തിരിച്ചോട്ടു സംഭവിച്ചിട്ടുമില്ല...)

      Delete