Saturday, June 1, 2013

ജൂണ്‍, നീയെനിക്ക് എന്നെക്കാള്‍ പ്രിയം.....

ഓര്‍മ്മയുണ്ടോ ...? ഇത് ജൂണ്‍ ..... മഴ നനഞ്ഞു ആദ്യമായി വിദ്യാലയത്തിന്‍റെ പടികള്‍ കയറിയ മാസം.... മഴ പെയ്തു തോരുന്ന പോലെ എത്ര പേരായിരുന്നു അവിടെ കണ്ണീരൊഴുക്കിയത്... എന്തൊരു ബഹളമായിരുന്നു... !ഓരോരുത്തരെയും ബഞ്ചില്‍ ഇരുത്താന്‍ പാടുപെടുന്ന അദ്ധ്യാപികാദ്ധ്യാപകന്‍മാര്‍ .... അമ്മേ.. ഞാനും വരുന്നൂ..... അച്ഛാ.. എന്നേം കൂട്ട്.. എന്ന് വിളിച്ചു ഓടിപ്പോയ നാളുകള്‍, സമാധാനിപ്പിച്ച് തിരിച്ചു കൊണ്ടാക്കുമ്പോള്‍ അടുത്തിരിക്കുന്നവന്‍റെ കരച്ചില്‍ കണ്ടു വീണ്ടും കരഞ്ഞത്... "ദേ ആ കുട്ടീടെ കയ്യിലെ കളര്‍ പെന്‍സില്‍ കണ്ടോ?" എന്ന് ചോദിക്കുമ്പോള്‍ ജിജ്ഞാസ നിറഞ്ഞ കണ്ണുകളോടെ കുറച്ചു നേരം നോക്കിയത്, പിന്നേം കരഞ്ഞത്.... എന്തേ ഇന്നോര്‍ക്കുമ്പോള്‍ ചിരി വരുന്നില്ലേ.....

വേനല്‍ച്ചൂടിന്‍റെയും പൊള്ളുന്ന ദിനങ്ങളുടെയും അവസാനം മഴപെയ്യുന്ന ജൂണ്‍, നീയെനിക്ക് എത്ര പ്രിയം എന്നറിയുമോ... ആദ്യത്തെ വര്‍ണ്ണക്കുട മറക്കുവതെങ്ങനെ.. മഴവെള്ളം തെറുപ്പിച്ച് നടന്ന നാളുകള്‍ ... അഴുക്കു നിറഞ്ഞ വസ്ത്രം കണ്ടു വഴക്ക് പറയുമ്പോഴും, ചേര്‍ത്തു നിര്‍ത്തി സ്നേഹത്തോടെ തലതുവര്‍ത്തി തരുന്ന അമ്മയുടെ സ്നേഹം ഇന്നും അത് പോലെ.... ഒരു പനി വരുമ്പോള്‍ ഉടനെ "വാ നമുക്ക് ഡോക്ടര്‍ടടുത്ത് പോകാല്ലോ" എന്ന് പറയുന്ന അച്ഛന്റെ കരുതല്‍ എങ്ങനെ മറക്കും...

ജൂണ്‍ നീയറിഞ്ഞിരുന്നോ, നിന്നിലെ ഓരോ ദിനവും ഞാന്‍ ആസ്വദിക്കുകയായിരുന്നു... വെറുതെയിരിക്കുമ്പോള്‍, യാത്ര ചെയ്യുമ്പോള്‍ എന്തിനധികം ഉറങ്ങുമ്പോള്‍ പോലും ഞാന്‍ നിന്നേ ആസ്വദിക്കുകയായിരുന്നു... നിന്‍റെ മഴമന്ത്രണങ്ങള്‍, നീ പാടുന്ന പാട്ടിന്‍റെ ഈണങ്ങള്‍, മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന മരങ്ങളെ കണ്ടുണരുന്ന പുലരികള്‍ ... നീയറിഞ്ഞിരുന്നോ പ്രിയപ്പെട്ട ജൂണ്‍ ... നീ നല്‍കിയ സ്നേഹം... നീ നല്‍കിയ ആര്‍ദ്രത .. 

ഒരു കുടയുടെ കീഴില്‍ ഒരു പാട് പേരെ ചേര്‍ത്തു നിര്‍ത്തിയ നീയായിരുന്നില്ലേ ജൂണ്‍ എനിക്ക് സൗഹൃദം എന്തെന്ന് പഠിപ്പിച്ചു തന്നത്... എന്‍റെ ജൂണ്‍, നീയെനിക്ക് നല്‍കിയ സൗഹൃദങ്ങളെല്ലാം ഇന്നും മനസ്സിലുണ്ട്... ഇന്നും അവരോടൊപ്പം പങ്കിടാറുണ്ട്, പങ്ക്  വയ്ക്കാറുണ്ട്... 

ജൂണ്‍, നീയിന്നും എന്‍റെ മനസ്സില്‍ മഴപെയ്യിക്കുന്നല്ലോ... ! പുറത്തു പെയ്യുന്ന മഴത്താരാട്ടില്‍ നീയറിയുന്നുവോ, എനിക്കൊന്നു കൂടി ആ ബാല്യത്തിലേക്ക് പോകാന്‍ തോന്നുന്നു... ഒന്ന് കൂടി.... ആദ്യമായി പടികയറിയ വിദ്യാലയത്തില്‍, ആദ്യം കൈ പിടിച്ച കൂട്ടുകാരന്‍റെയടുത്തേക്ക്... ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തന്ന ഗുരുനാഥന്‍മാരുടെയടുത്തേക്ക്... എന്തേ ജൂണ്‍ നീയും വരില്ലേ എന്‍റെ കൂടെ, ഒരു മാസത്തെ അവധിയില്ലേ നിനക്കും...

നീ നല്‍കിയ, നല്‍കുന്ന ഈ മഴയാണ് ജൂണ്‍ നിന്നെ എനിക്കിത്രമേല്‍ പ്രിയമാക്കുന്നത്,എന്‍റെ സാന്ത്വനം... ഈ മഴ നല്‍കുവാന്‍ നീയില്ലായിരുന്നെങ്കില്‍, എന്‍റെ ജൂണ്‍ ഞാനെന്തു മാത്രം തനിച്ചായേനെ... എങ്കിലും എനിക്കറിയാം പരിഭവങ്ങള്‍ ഉണ്ടെങ്കിലും നീയെത്തും; ഈ മഴയെ എനിക്ക് നല്‍കാനായെങ്കിലും...

എന്‍റെ ജൂണ്‍, നീ കേള്‍ക്കുന്നുണ്ടോ നീ നല്‍കിയ മഴ എനിക്ക് വേണ്ടി കഥകള്‍ പറയുന്നു, പാട്ട് പാടുന്നു.... നീ കാണുന്നുണ്ടോ എന്നെ നനയ്ക്കുന്ന നീ നല്‍കിയ ഈ മഴയെ... 

പ്രിയപ്പെട്ട ജൂണ്‍, 
എത്രമാത്രം നീയെന്‍റെ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു.... 
എത്രമാത്രം നീയെന്‍റെ മനസ്സിനെ താലോലിക്കുന്നു, 
എത്രമാത്രം നീയെന്‍റെ വേദനകള്‍ക്ക് കൂട്ടായിരിക്കുന്നു, 
എത്രമാത്രം നീയെന്‍റെ സന്തോഷങ്ങളില്‍ പൊട്ടിച്ചിരിക്കുന്നു, 
എത്രമാത്രം നീയെന്നെ സ്നേഹിക്കുന്നു...

ജൂണ്‍, നിനക്ക് നല്‍കാന്‍ ഇന്നെനിക്കെന്‍റെ മനസ്സ് മാത്രമല്ലേയുള്ളൂ... എന്‍റെ ജൂണ്‍ നിനക്കറിയോ ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു... പറയാനാവുന്നതിനപ്പുറം... എഴുതാനാവുന്നതിനപ്പുറം... 

ജൂണ്‍, നീ കേള്‍ക്കുന്നുണ്ടോ...? എനിക്ക് നിന്നേ വിളിച്ചു മതിയാകുന്നില്ല... ജൂണ്‍, അറിയുമോ നിനക്ക്,നീയെനിക്ക് ഇത്രമേല്‍ പ്രിയമായത് എന്ത് കൊണ്ടാണെന്ന്... നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ....? നമുക്കിടയിലെ രഹസ്യം നമുക്ക് മാത്രം സ്വന്തം... അല്ലേ ജൂണ്‍ .. നീ പറഞ്ഞുവോ ആരോടെങ്കിലും...? രഹസ്യങ്ങള്‍ രഹസ്യങ്ങളായിരിക്കണം എന്ന് നീ പറഞ്ഞത് മറന്നു പോയിരുന്നു ഞാന്‍, പക്ഷേ ഇന്ന് നീ വന്നില്ലേ എന്നെ ഓര്‍മ്മപ്പെടുത്താന്‍ ....

ജൂണ്‍, ഞാനുറങ്ങട്ടെ.... നിന്‍റെ സ്നേഹത്തില്‍ മതിമറന്നു കൊണ്ട്, നിന്നോടുള്ള സ്നേഹത്തില്‍ മനസ്സ് നിറഞ്ഞു ഞാനുറങ്ങട്ടെ.... നീ നല്‍കിയ മഴ ഇപ്പോഴും പെയ്യുന്നു, എനിക്ക് താരാട്ടായി....





#ഒരോര്‍മ്മത്തെറ്റിനു സ്വന്തം 

23 comments:

  1. മറക്കാൻ കഴിയുമോ ജൂണിനെ...
    അറിവിലേക്ക് കൈപിടിച്ചുനയിച്ച ആദ്യ അധ്യാപകൻ
    ആദ്യത്തെ സുഹൃത്തുക്കൾ
    കാണുന്നതിലെല്ലാം കൗതുകം...
    എനിക്കുകിട്ടിയ ആദ്യത്തെ കുടയ്ക്ക് മഴവില്ലിന്റെ നിറമായിരുന്നു. പക്ഷേ പല ദിവസങ്ങളിലും മഴയത്ത് കുട തുറക്കുമായിരുന്നില്ല. തണുപ്പിന്റെ വിരൽ വസ്ത്രത്തിലൂടെ ശരീരത്തിലേക്ക് പടരുന്ന സുഖകരമായ അനുഭവം.
    മൂർദ്ധാവിലും മൂക്കിൻ തുമ്പിലും പതിച്ച് ചിതറിപ്പോകുന്ന ജലകണങ്ങൾ... അതിനെ വാരിപ്പുണർന്നു കൊണ്ട് നടന്നുപോകുമ്പോൾ മറ്റൊരാൾക്കും മനസ്സിലാകാത്ത ഒരാനന്ദം...
    മഴയിൽ കുതിർന്ന് വീട്ടിലെത്തിയാൽ അമ്മയുടെ സ്നേഹത്തിൽ കുതിർന്ന ശകാരം...
    ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യം...

    ReplyDelete
    Replies
    1. ജൂണ്‍ നല്കിയതെല്ലാം ജൂണിനു മാത്രം സ്വന്തമായത്...
      പ്രകൃതിയുടെ മഴ, പ്രണയിനിയുടെ സ്നേഹം, അമ്മയുടെ വാത്സല്യം, കൂട്ടുകാരുടെ സൗഹൃദം, പിന്നെയും പലതും....
      അപ്പോള്‍ പിന്നെ ജൂണിനെ മറക്കാന്‍ കഴിയില്ല...
      നന്ദി കൊച്ചനിയാ വായനയ്ക്ക്... ആദ്യ വരവില്‍ ഒരുപാട് സ്നേഹം...

      Delete
  2. നിത്യാ..
    പണ്ട് ജൂണിനെ എനിക്കും ഒരുപാടു ഇഷ്ടമായിരുന്നു ...
    ആ ഓര്‍മ്മകള്‍ തരുന്നതുകൊണ്ട്‌ ഇന്നും ജൂണിനെ ഞാന്‍ സ്നേഹിക്കുന്നു...
    പുതിയ ഭാവത്തില്‍ നിത്യയെ കണ്ടതില്‍ സന്തോഷം...
    എഴുത്ത് നന്നായി .. തുടരൂ

    ReplyDelete
    Replies
    1. അശ്വതീ, പണ്ട് മാത്രമല്ല ഇന്നും ജൂണിനെ ഇഷ്ടമാകണംട്ടോ..
      ഓര്‍മ്മകള്‍, ഇന്നുകളില്‍ അത് മാത്രമാണ് പലപ്പോഴും സാന്ത്വനം...
      ഇന്നുകള്‍ നാളെ ഓര്‍മ്മകളായി മാറുമ്പോള്‍ ഈ വേദനയും ഓര്‍ക്കാന്‍ സുഖം...
      നന്ദി ഈ വായനയ്ക്ക്... അഭിപ്രായത്തിന്...

      Delete
  3. സുഖല്ലേ നിത്യ????

    ReplyDelete
    Replies
    1. സുഖാണല്ലോ ഉമേ... ഉമയ്ക്ക് സുഖമല്ലേ...?
      ഒരുപാടിഷ്ടം ഈ കുശലാന്വേഷണത്തിനു...
      ഈ ചോദ്യം കേള്‍ക്കുന്നതിനേക്കാള്‍ ചോദിക്കാനിഷ്ടം...
      ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി കേള്‍ക്കുന്നതും ഇഷ്ടം...
      മറുപടി മൗനമാകുമ്പോള്‍ മനസ്സ് പിടയും..
      പ്രിയമുള്ളവരുടെ മൗനമല്ലേ.. അവര്‍ നല്കിയതല്ലേ..
      അപ്പോള്‍ ആ വേദനയും ഇഷ്ടം...
      എത്ര ചോദ്യങ്ങള്‍ അല്ലേ... ഉത്തരമില്ലാതെ... മറുപടിയില്ലാതെ...

      Delete
  4. പ്രിയപ്പെട്ട ബനി ,

    മനോഹരമായ ജൂണ്‍ മാസം -മഴ മാസം ആശംസിക്കുന്നു

    മഴയുടെ താരാട്ടും ഓർമകളിൽ ഉയര്ന്ന ഓളങ്ങളും, ഹൃദയത്തിന്റെ വേവുകളും വേവലാതികളും വിങ്ങലുകളും ഈ മഴപ്പെയ്ത്തിൽ ,അക്ഷരങ്ങളായി പെയ്തിറിങ്ങുന്നു !

    ഈ മഴയിൽ തളിർത്ത ഓർമ്മകൾ വീണ്ടും പോസ്റ്റുകൾ എഴുതാൻ പ്രചോദനമാകട്ടെ !

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ..

      തിരികെ നേരാന്‍ മഴയുടെ താരാട്ടും മഴ നല്‍കുന്ന സാന്ത്വനവും മാത്രം....

      മഴപ്പെയ്ത്തില്‍ ഹൃദയത്തില്‍ നിറഞ്ഞതെല്ലാം അക്ഷരങ്ങളാക്കാന്‍ പറ്റുമോ... അറിയില്ല...

      എങ്കിലും പെയ്യുവാന്‍ മടിച്ച ഒരുപാട് കാര്യങ്ങള്‍ ഉണ്ട്... പെയ്തോഴിയാനാവാതെ മനസ്സില്‍ അതങ്ങനെ നില്‍ക്കണം... മൂടിക്കെട്ടിയ വാനം പോലെ...

      ഓര്‍മ്മകള്‍, ചിലപ്പോള്‍ ഇന്നുകളും എഴുത്തുകള്‍ക്ക് പ്രചോദനം... അതിലേറെ മനസ്സിന്‍റെ സമാധാനത്തിനും.....

      ആശംസകള്‍ക്ക് ഹാര്‍ദ്ദമായ നന്ദി....

      സ്നേഹപൂര്‍വ്വം....

      Delete
  5. ജൂണ്‍ എന്നും പ്രിയം നിറഞ്ഞൊരു മാസം

    ReplyDelete
    Replies
    1. ജൂണും പ്രിയം തന്നെ... ഒരല്പം കൂടുതലെന്ന് മാത്രം....
      നന്ദി അജിത്തേട്ടാ.. ഈ വായനയ്ക്ക്...

      Delete
  6. ജൂണ്‍ എനിക്കും പ്രീയപ്പെട്ടത്‌

    ReplyDelete
    Replies
    1. അതേല്ലോ നീലിമാ... ഏവര്‍ക്കും...

      Delete
  7. ഇഷ്ട്ടായി :)

    ReplyDelete
    Replies
    1. ആ പറഞ്ഞത് എനിക്കും ഇഷ്ടായീ.... :)

      Delete
  8. "നിത്യാ , എവിടെയാണ് ..?
    എന്താണ് മനസ്സ് ഇങ്ങനെ കൈവിട്ട് പോകുന്നത് ഇടക്കിടക്ക് ..
    ഇത്തിരി നാള്‍ മുന്നേ ഞാന്‍ നോക്കുമ്പൊള്‍
    ബ്ലൊഗ് പൂട്ടിയിരിക്കുന്നു ........ ഇടക്ക് ഈ സൂക്കേട് ഇനി വേണ്ടേട്ടൊ .."

    ജൂണ് എനിക്കേറെ പ്രീയമായത് .. അവളെ പൊലെ ..
    വിക്ടര്‍ ജോര്‍ജ്ജിന്റെ ചില ചിത്രങ്ങളില്‍
    നിറഞ്ഞ് നില്‍ക്കുന്നു അവളുടെ ലാസ്യ ഭാവം ..
    ജൂണ്‍ , ഒരു വികാരം തന്നെയാണ് ..
    മനസ്സില്‍ തള്ളി കേറുന്ന കാലവര്‍ഷത്തിന്റെ കുളിര്‍ ...

    സുഖമെന്ന് കരുതുന്നു , അതിനായ് പ്രാര്‍ത്ഥിക്കുന്നു ..
    മഴരാത്രീ . സഖേ ...!

    ReplyDelete
    Replies
    1. ഇവിടെയുണ്ടല്ലോ സഖേ...
      മനസ്സല്ലേ... :) ചിലപ്പോള്‍ എങ്ങോട്ടെങ്കിലും പറത്തി വിട്ടേക്കണം...
      അതങ്ങനെ ഒരു നിലയുമില്ലാതെ ഒഴുകി പോകുന്നത് കാണാന്‍ ...
      നൂല് പൊട്ടിയ പട്ടം പോലെ...
      കുറെ പറന്നു ഒടുവില്‍ കീറിപ്പറിഞ്ഞു താഴെ വീഴണം...
      സംവദിക്കാന്‍, സംവേദിക്കാന്‍ ഒന്നുമില്ലാത്തപ്പോള്‍ മനസ്സ് പോലെ ബ്ലോഗും അടച്ചിടണം..

      ജൂണ്‍, അതേ സഖേ... ഓരോ മഴപ്പെയ്ത്തും, വീശിയടിക്കുന്ന വലിയ കാറ്റും, മരച്ചില്ലകള്‍ പൊട്ടിവീഴുന്ന ശബ്ദവും, ചില വാര്‍ത്തകളും ഇന്നും വിക്ടറിനെ ഓര്‍മ്മിപ്പിക്കും... ഒരു പരിചയവും ഇല്ലാത്ത ചിലര്‍, ഒരു നക്ഷത്രം പോലെ പൊലിയുമ്പോള്‍, അറിയാതെ മനസ്സ് വല്ലാതെ വേദനിക്കും, അവര്‍ക്ക് വേണ്ടി അറിയാതെ മനസ്സ് കരയും..
      ഓരോ മഴയും അവളുടെ ഓര്‍മ്മകളെ നല്‍കുമ്പോഴും ഇന്ന് മനസ്സടച്ചിടുന്നു... ഓര്‍മ്മകളെ മഴയ്ക്ക് തന്നെ നല്‍കിക്കൊണ്ട് ഇന്ന്മ ഴയെ പ്രണയിക്കുന്നു...

      എല്ലാ കരുതലുകളും ശരിയാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു... സുഖമാണെന്നു പറയുന്നതിഷ്ടം.... പ്രിയ സ്നേഹിതാ സുഖമായിരിക്കുക... അതിനായി ഞാനും...

      Delete
  9. നിത്യ എവിടെയാണ് നീ?
    അന്നത്തെ യാത്രയ്ക്ക് ശേഷം പിന്നെ പിടി തരുന്നതെയില്ലല്ലോ....

    ജൂണ്‍ .ys..ജൂണ്‍ !!!

    ReplyDelete
    Replies
    1. അവിടില്ലേ കീ നിന്‍റെ മനസ്സില്‍ ... എവിടുണ്ടാകാന്‍ അല്ലേ.. :(
      ആ യാത്രയോടൊപ്പം, ആ ഓര്‍മ്മകളോടൊപ്പം എങ്ങോട്ടോ ഒഴുകിപ്പോയി....
      നിലതെറ്റി വീഴുന്നതിനു മുന്നേ കൈപിടിക്കാന്‍ പ്രിയമുള്ളവളുടെ ഓര്‍മ്മകള്‍ തന്നെ വേണം എന്ന് തോന്നി... വീണ്ടും ഇപ്പോള്‍ ഓര്‍മ്മകളില്‍ വെറുതേ...

      അതേ ജൂണ്‍ ... മഴമാസം...

      ആമിക്കുട്ടി സ്കൂളില്‍ പോയില്ലേ...?

      Delete
  10. ജൂണിനെ എനിക്കും ഇഷ്ടമാണ് ....കുടയും ചൂടി സ്കൂളിലേക്ക് പോകുന്ന ചിത്രം ഇപ്പോഴും മനസ്സിൽ തെളിയുന്നു ..ഈ അക്ഷരങ്ങൾ വീണ്ടും ജൂണിനെ പ്രണയിക്കാൻ പഠിപ്പിക്കുന്നു . എഴുത്ത് നിർത്തരുത് തുടരുക

    ReplyDelete
    Replies
    1. ജൂണിനെ ഇഷ്ടപ്പെടുക ഷാ... മനസ്സില്‍ തെളിയുന്ന ആ ചിത്രങ്ങള്‍ ഇന്നൊരിക്കല്‍ കൂടി സ്വന്തമായെങ്കില്‍ ... നിഷ്കളങ്കമായ ആ ബാല്യം ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയെങ്കില്‍ അല്ലേ...?
      മനസ്സെഴുതാറുണ്ട്... മറ്റൊരു മനസ്സ് അത് വായിക്കാറുമുണ്ട്.... ആ വായന നില്‍ക്കുമ്പോള്‍ .......

      Delete
  11. ആർത്തലച്ചെത്തുന്ന കടൽത്തിരമാലകൾ പോലെയാണ് ജൂൺ നൽകുന്ന ഓർമ്മകൾ ഇടയ്ക്ക് കര കവർന്ന് തിരിച്ചു പോവുന്നെന്നു മാത്രം

    ReplyDelete
  12. ആർത്തലച്ചെത്തുന്ന കടൽത്തിരമാലകൾ പോലെയാണ് ജൂൺ നൽകുന്ന ഓർമ്മകൾ ഇടയ്ക്ക് കര കവർന്ന് തിരിച്ചു പോവുന്നെന്നു മാത്രം

    ReplyDelete
  13. പുഴയുടെ തീരത്ത് ഇരുന്നുകൊണ്ട് കാണുമ്പോൾ വീണ മഴത്തുള്ളികളുടെ പുഴയിലലിയും മുമ്പുള്ള ചാഞ്ചാട്ടം പോലെ.... മനസ്സും പലപ്പോഴും....

    ReplyDelete