Tuesday, June 18, 2013

യാത്ര......... നീ........ പിന്നെ ഞാനല്ലാത്ത ഞാന്‍ .........

യാത്രകള്‍, മനസ്സിന്‍റെ വേദനയെ ശമിപ്പിക്കുന്ന യാത്രകള്‍ ... ഓര്‍മ്മകളെ വെടിയാന്‍, സ്വപ്നങ്ങളെ ത്യജിക്കാന്‍, മോഹങ്ങളോട് വിട പറയാന്‍ ... ഇന്നും യാത്രകള്‍ തന്നെ സാന്ത്വനം... അറിയാത്ത വഴികളിലൂടെ, അറിയാത്ത ആള്‍ക്കാരോടൊത്ത് നീണ്ട യാത്രകള്‍ ..... ഇന്നലെകളില്‍ യാത്രകളായിരുന്നു.... മനസ്സില്‍ നിന്നും മനസ്സിലേക്ക്.... എന്നില്‍ നിന്ന് എന്നിലേക്ക്, അതിനു കഴിയാതെ വന്നപ്പോള്‍ മനസ്സില്ലാത്ത എന്നില്‍ നിന്നും മഴയിലേക്ക്.... മഴ നനഞ്ഞൊരു യാത്ര... കുന്നുകള്‍, പുഴകള്‍, തോടുകള്‍, വയലുകള്‍, ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, മരങ്ങളെ നനച്ച മഴയെ വരിച്ച മണ്ണ്... ഒന്നായലിഞ്ഞു ഒഴുകിയ വീഥികള്‍ ..... 

വശത്തെ സീറ്റിലിരുന്നു പിന്നോട്ട് പോകുന്ന മരങ്ങളെ നോക്കി, വീശുന്ന കാറ്റിനെ സ്നേഹിച്ച്, എതിരെ വരുന്ന വാഹനങ്ങളിലെ അപരിചിതരുടെ പുഞ്ചിരി ആസ്വദിച്ചു,  മുഖത്തു വീഴുന്ന മഴത്തുള്ളികളോട് കിന്നാരം പറഞ്ഞ്.... അടുത്തിരിക്കുന്നയാളുടെ മൂളിപ്പാട്ട് കേട്ട് കൊണ്ടൊരു യാത്ര...... 

വീശുന്ന കാറ്റിന്‍റെ തലോടല്‍ പതിയെ ഉറക്കത്തെ ക്ഷണിക്കുമ്പോഴും, പുതിയ വഴികള്‍ ഉറങ്ങാന്‍ അനുവദിച്ചില്ല... 'പുതിയ വഴികള്‍', അതേ പുതിയ വഴികള്‍, ഓര്‍ക്കുന്നുവോ നീ പറഞ്ഞത്.... ജീവിതം ഒരു യാത്രയാണ്.... ഓരോ ഉറക്കത്തില്‍ നിന്നും നമ്മള്‍ ഉണരുന്നത് മറ്റൊരു യാത്രയ്ക്ക് വേണ്ടിയാണ്... ഓരോ ദിനവും, ഓരോ നിമിഷവും  നമുക്ക് നല്‍കുന്ന അനുഭവങ്ങള്‍ പലതാണ്, നിന്‍റെ ജീവിതത്തിലെ ഓരോ പുതിയ വഴികളെയും നീ സ്നേഹിക്കണം... ആ വഴികള്‍ നീ അറിയണം.... എന്നെങ്കിലും തിരിച്ചു നടക്കാന്‍ തോന്നിയാല്‍ ശ്രമിക്കരുത്.... കാരണം ആ നിമിഷങ്ങള്‍ ഒരിക്കല്‍ മാത്രമുള്ളവയാണ്.... കടന്നു പോയാല്‍ പിന്നെ മാഞ്ഞു പോകുന്ന വഴികളാണ് ജീവിതത്തില്‍ .. ഓരോ ചുവടും മുന്നോട്ട് വയ്ക്കുമ്പോള്‍ ഇന്നലെകളെ കുറിച്ച് ഓര്‍ക്കരുത്... നാളെകള്‍; അത് മാത്രമാവണം ചിന്ത... 

അറിഞ്ഞോ നീ ഇന്നലത്തെ യാത്രയില്‍ ഞാനെത്തിയത് ഒരുപാട് ഉയരമുള്ള ഒരു കുന്നിന്‍റെ മുകളിലായിരുന്നു, അവിടെ നിന്ന് നോക്കിയപ്പോള്‍ എന്‍റെ കണ്ണുകളിലൂടെ  നീ കണ്ടിരുന്നോ നമ്മള്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ ... ജീവിതം വിശാലമാണ്... കയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നു ജീവിതവും ഇത് പോലെ അടുത്തറിയുമ്പോള്‍ ഒരുപാട് വിഷമതകള്‍ ഉള്ളതാണ്... പക്ഷേ മുകളില്‍ എത്തിയപ്പോള്‍ വീണ്ടും ഞാനറിഞ്ഞു നീ പറഞ്ഞത്.. ഒരുപാട് കഷ്ടങ്ങള്‍ക്ക് അപ്പുറം നിനക്കായി ഒരു വലിയ നേട്ടം ഉണ്ട്... അത് പോലെ, അവിടെ നിന്ന് നോക്കിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ചകള്‍ നീയറിഞ്ഞോ സഖീ എത്ര സുന്ദരമെന്നു..... എത്രയോ കാതം അകലെയുള്ള മലകളും, പുഴകളും, വഴികളും, മരങ്ങളും, കടലും, കടല്‍ക്കരയും, കണ്ണിനു, മനസ്സിന് നല്‍കിയ സ്വാസ്ഥ്യം നിനക്കറിയാവുന്നതല്ലേ.... പിന്നെയും ഞാനോര്‍ത്തു പ്രിയേ... ദൂരക്കാഴ്ചകള്‍ സുന്ദരമാകുമ്പോള്‍ അവിടേക്ക് എത്തിപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ദുഷ്കരമാണ്.... അത് തന്നല്ലേ നീയന്നു പാതി പറഞ്ഞു നിര്‍ത്തിയത്.... ജീവിതം സുന്ദരമാണ്, പക്ഷേ......

പിന്നെയും പ്രിയേ, തിരികെയിറങ്ങുമ്പോള്‍ ഞാനോര്‍ത്തു, എത്രയെളുപ്പം ഇറങ്ങാന്‍ കഴിയുന്നു, പക്ഷേ ഒരു ചെറിയ അശ്രദ്ധ മതി എല്ലാം തീരാന്‍ ....അതേ തോഴീ കഷ്ടപ്പെട്ട് നേടിയത് ഏറെ ഇഷ്ടപ്പെടുമ്പോഴും നഷ്ടപ്പെടാന്‍ ഒരു നിമിഷത്തെ അശ്രദ്ധ മതി, ഇന്നെനിക്കറിയാം.... നീ പറഞ്ഞു തന്നതല്ലേ... പഠിപ്പിച്ചതല്ലേ....

കാറ്റ് കാതിലോതിയത് നീ കേട്ടുവോ.... 
മഴത്തുള്ളിക്കള്‍ കണ്ണിനെ പുല്‍കിയത് നീ കണ്ടുവോ.... 
മരങ്ങള്‍ കിളികളോട് കുശലം പറയുന്നത് പോലെ....
തിരകള്‍ തീരത്തിന്‍റെ കാതില്‍ മന്ത്രിക്കും പോലെ....
ഞാന്‍ നിന്നോട് ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ...
ഞാന്‍ നിന്നേ സ്നേഹിക്കുന്നു... 
മഴ മണ്ണിനെ സ്നേഹിക്കുംപോലെ...
മണ്ണ് മഴയെ സ്നേഹിക്കുംപോലെ...
പ്രിയപ്പെട്ടവളേ, നിനക്കറിയുമോ പ്രണയവും സ്നേഹവും ഒന്നല്ലെന്ന്...
നിന്നില്‍ ഞാനും, എന്നില്‍ നീയും മാത്രമല്ലിന്ന് ...
നിന്നിലൂടെ ഞാനും എന്നിലൂടെ നീയും മാത്രം...
നമുക്കായി നാമൊന്നും തീര്‍ക്കാത്തിടത്തോളം കാലം എനിക്ക് നിന്നോട് പ്രണയമല്ല, സ്നേഹം മാത്രമാണ്.....
അറിയുമോ സഖീ, ജീവിതം സുന്ദരമാണ്, നീ പറഞ്ഞ പോലെ...
പറയുമോ പ്രിയേ, നിനക്കുമത് പോലെ, ഒരു മഴ പോലെയാണ് ജീവിതമെന്ന്....

നീ അറിഞ്ഞുവോ മഴ പെയ്യുകയാണ് എനിക്ക് കൂട്ടായി... 
മഴ പാടുന്ന പാട്ട് കേള്‍ക്കാറുണ്ടോ നീ....
ഇന്നലെ പെയ്ത മഴ ആരുടെയോ ഒരുപാട് സങ്കടങ്ങള്‍ പറഞ്ഞു എന്നോട്...
നിനക്കറിയാമോ ആരുടേതാണെന്ന്....? ഓര്‍ത്ത്‌ നോക്കൂ....

ഈ മഴപ്പെയ്ത്തില്‍ എനിക്ക് നിന്നോട് പറയാന്‍ ഇത്രമാത്രം സഖീ....
അകമഴിഞ്ഞ് സ്നേഹിക്കുമ്പോള്‍ വേദന നല്‍കില്ല എന്ന് ഉറപ്പുണ്ടാകണം....
ആ ഉറപ്പില്ലെങ്കില്‍ തിരികെ നേടാന്‍ കഴിയാത്ത സ്നേഹത്തെ മാത്രം പ്രതീക്ഷിക്കണം...

പ്രിയപ്പെട്ടവളേ..... 
എന്നെങ്കിലും നീ തനിച്ചാണ് എന്ന് തോന്നുന്ന നിമിഷങ്ങളില്‍ മാത്രം എനിക്കായി തിരയുക.... 
എങ്കിലും ഒരുവട്ടമെങ്കിലും നിന്നെ വേദനിപ്പിച്ചുവെങ്കില്‍ എന്നില്‍ നിന്നകന്ന് കൊള്ളുക...
നിന്നില്‍ നിന്നകന്നാലും നിന്നോടടുത്താലും നിന്‍റെ ചുണ്ടിലെ പുഞ്ചിരി മാത്രമാണ് എന്‍റെ സന്തോഷം....
നിനക്കായി നല്‍കാന്‍ ഇനി പ്രതിജ്ഞകള്‍ ഒന്നുമില്ല...

നീ നല്‍കിയതിനു, നിന്നോട് പറയാന്‍ നന്ദി മാത്രം....
നിനക്ക് നല്‍കിയതിനു നിന്നോട് പറയാന്‍ ക്ഷമയും...

നാളെ ഒരു പക്ഷേ അടുത്ത യാത്ര തുടങ്ങും... ചിറകറ്റു വീണ ഒരു മാലാഖയെ തേടി... നെഞ്ചോട്‌ ചേര്‍ത്തു സ്നേഹം അറിയിക്കണം, നിറുകയില്‍ ചുംബിച്ച് കരുതല്‍ അറിയിക്കണം, കവിളില്‍ തട്ടി സാന്ത്വനിപ്പിക്കണം, കണ്ണുകളില്‍ നോക്കി സംസാരിക്കണം...കൈ പിടിച്ചു കൂടെ നടത്തണം, ഒറ്റയ്ക്ക് നടക്കാന്‍ പഠിക്കുമ്പോള്‍ എനിക്ക് തിരിച്ചു വരണം.....

അപ്പോള്‍ പോകട്ടെ.....
രാവ് വൈകുന്നു.... 
രാപ്പാടികള്‍ ഇപ്പോള്‍ പാടാറില്ല....
മഴ നനയുന്നത് കൊണ്ടാവാം....
നിലാവ് കാണാറില്ല...
മേഘങ്ങള്‍ മറച്ചതാവാം...
എങ്കിലും എവിടെയോ വിരിയുന്ന നിശാഗന്ധിയുടെ 
സുഗന്ധം കാറ്റില്‍ ഒഴുകിയെത്താറുണ്ട്...!

നിനക്കായി നന്മകള്‍ നേര്‍ന്നു കൊണ്ട്...
നിന്‍റെ പുഞ്ചിരിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്....
അതിനു മാത്രമായി ആഗ്രഹിച്ചു കൊണ്ട്.....
ശുഭരാത്രി......

2 comments:

  1. നാളെ ഒരു പക്ഷേ അടുത്ത യാത്ര തുടങ്ങും... ചിറകറ്റു വീണ ഒരു മാലാഖയെ തേടി... നെഞ്ചോട്‌ ചേര്‍ത്തു സ്നേഹം അറിയിക്കണം, നിറുകയില്‍ ചുംബിച്ച് കരുതല്‍ അറിയിക്കണം, കവിളില്‍ തട്ടി സാന്ത്വനിപ്പിക്കണം, കണ്ണുകളില്‍ നോക്കി സംസാരിക്കണം...കൈ പിടിച്ചു കൂടെ നടത്തണം, ഒറ്റയ്ക്ക് നടക്കാന്‍ പഠിക്കുമ്പോള്‍ കൈകൊരുത്ത് ഓടണം ... ചക്രവാളത്തിലേക്ക്!

    ReplyDelete
    Replies
    1. ഒറ്റയ്ക്ക് നടക്കാന്‍ പഠിക്കുമ്പോള്‍ വിട്ടുകളയണം... സ്വാതന്ത്ര്യത്തിന്‍റെ ലോകത്തിലേക്ക്... എന്തിനെന്നെ നിന്നില്‍ തടഞ്ഞുവച്ചൂ എന്ന ചോദ്യം എന്നെ വേദനിപ്പിക്കുന്നതിനു മുന്നേ.. വാക്കുകള്‍ക്ക്, മൗനത്തിനും, മൂര്‍ച്ചവയ്ക്കുന്നതിനു മുന്നേ... അകലാന്‍ അനുവദിക്കണം... ചക്രവാളത്തിലേക്ക് ഒറ്റയ്ക്ക്, അണയാന്‍ ഒരുങ്ങുന്ന സൂര്യനില്‍ എരിഞ്ഞടങ്ങാന്‍ വേണ്ടി മാത്രം.....

      Delete