Saturday, June 29, 2013

അനന്തരം.....

വന്നു തഴുകിയകലേക്കു നീ മാഞ്ഞു പോകവേ
നിറമിഴിയോടെന്‍ പ്രിയമാമരം യാത്രയോതവേ
തെന്നലേ നീയറിഞ്ഞുവോ വിടയോതുവാന്‍
കൈവീശിയയിലകളിന്നു കൊഴിഞ്ഞുപോയി

വേനല്‍ച്ചൂടിലുണങ്ങിയത് നിന്നോട് കൂടുവാനോ
മഴച്ചാറലിലമര്‍ന്നത് നിന്നേ പിരിഞ്ഞതിനാലോ
ദളപുടങ്ങള്‍ കൂമ്പിവീണൊരാ പുഷ്പനോവ് നീ
കാണാന്‍ മറന്നതോ, കാണാതെ പോയതോ..

നിന്നേ തടഞ്ഞു പുണര്‍ന്ന ശിഖരമിന്നു പ്രജ്ഞയറ്റു 
നിലം പതിക്കാന്‍ വെമ്പവേ ചൊന്നതറിയുമോ നീ,
ഓര്‍ത്തോര്‍ത്തുരുകും നിന്നോര്‍മ്മയിലെന്‍ പ്രിയ- 
തെന്നലേ, മനമശാന്തം, ഭേദം മരണാലിംഗനം; 
ശേഷം സ്വാസ്ഥ്യം!

നോവുമിടനെഞ്ചിലാഴ്ന്നിറങ്ങുമാ വേരുകള്‍ 
പതിയെ പിന്തിരിഞ്ഞീടിലുമറിയാതെ ചേര്‍ത്തു
നിര്‍ത്തുന്നൂ പ്രാണനാം മണ്ണിനെ, നനവൂര്‍ന്ന ജീവനെ
മരണത്തിനു മുന്‍പല്പമാം തെളിനീര് പോലെ;
വിഫലമെന്നറിഞ്ഞിട്ടും!

ഇടറുമാവാക്കുകളില്‍ നോവില്ല, വിരഹമൊട്ടുമില്ല;
ഉള്ളതൊരല്‍പമിഷ്ടം, ഒരിക്കലും തീരാത്തൊരിഷ്ടം 
അന്നൊന്നുചേര്‍ന്നയിഷ്ടമിന്നകലേ പോയയിഷ്ടം 
നാളെയീയോര്‍മ്മകളെയിഷ്ടം, പിന്നെയാ മറവിയെയുമിഷ്ടം!
ഇഷ്ടമല്ലാതൊന്നുമില്ലിന്നും!

No comments:

Post a Comment