Friday, June 21, 2013

ഇന്നലെ.. ഇന്ന്... നാളെ...

ഇന്നലെ പെയതൊരോര്‍മ്മയായിരുന്നോ നീ...
ഇന്നിന്‍റെ മാറിലമര്‍ന്നെങ്ങോ മറഞ്ഞതെന്തേ..

നാളെ നീയാം മറവിയിലിരുള്‍ തേടി ഞാനും..
അലയുമൊരിളം കാറ്റിനൊപ്പമകലാതെയകലും..

സന്ധ്യകള്‍ക്കിന്നു ഭംഗി പോരാ.. രാവിന്നു വര്‍ണ്ണവുമില്ല...
നിഴലായി പിന്തുടര്‍ന്നീടുമീ പകല്‍ അസ്തമിച്ചതെന്തേ..

ഋതുമോഹങ്ങള്‍ക്കപ്പുറമൊരു ഹിമശൈത്യമുണ്ട-
തിലെന്‍റെ ജീവന്‍റെ തുടിപ്പുമുണ്ട്, മരണവിത്തുമുണ്ട്..

തെന്നിവീഴാതെന്‍റെ മനസ്സതിലൊരഗാധഗര്‍ത്തമുണ്ടി-
രുളിന്‍ കയങ്ങളുണ്ടപ്പുറം കാണാത്ത ചില്ലുജാലമുണ്ട്..

ഇടറിവീഴാതെന്‍ സ്വപ്നങ്ങളില്‍ നീ, നിന്‍റെ പാദങ്ങളില്‍-
മുള്ളുകൊള്ളും, മുറിപ്പാടുകളില്‍ ഹൃദയം നീറും..

കണ്ണടയ്ക്കുക നീ, നിന്‍ മിഴിക്കോണിലേക്ക് നീളുമെന്‍ -
കണ്‍കറുപ്പിന് നേരെ, നിനക്കറിയാത്ത കള്ളമുണ്ടതില്‍ 

വേര്‍പെടുത്തുകെന്നെ നിന്‍ മനസ്സാം കോവിലില്‍ നിന്നു-
മൊരുകാലവുമടുക്കാതെ കണ്ണികള്‍ വേര്‍പെടുത്തിയെറിയുക..

നല്കാത്തൊരു സ്നേഹമോ, നേടാത്തൊരു വേദനയോ ഇന്നില്ല
നാളെകളില്‍ നല്‍കാനും നേടാനും ഞാനുമില്ല!

2 comments:

  1. ഇന്നലയും നാളെയും മനോഹരം ..'ഇന്ന്' ഒരു ഭീകരം..

    ReplyDelete
    Replies
    1. ഇന്നിനൊരു മനോഹാരിതയുണ്ട്... ആരുമറിയാതെ പോകുന്നതൊന്നു.... നാളെ തിരിഞ്ഞു നോക്കുമ്പോഴറിയാം ഇന്നുകള്‍ (ആ പറഞ്ഞ ഇന്നലെകള്‍ ) എത്ര മനോഹരമെന്നു...

      നന്ദി ശരത്തെ വായനയ്ക്ക്...

      Delete