Sunday, March 10, 2013

ഒരേട്‌, ജീവിതത്തില്‍ നിന്നും...


ഇന്നലെ മഴയായിരുന്നു...
ആര്‍ത്തലച്ചു കൊണ്ട് ഒരല്പനേരം... 
മുറ്റത്ത് കെട്ടി നില്‍ക്കുന്ന മഴവെള്ളത്തിലേക്ക് വീണ്ടും മഴത്തുള്ളികള്‍ പതിക്കുമ്പോള്‍ 
ഒരു വൃത്തം തീര്‍ത്ത്‌ കൊണ്ട് അവ ഓരോന്നും പരസ്പരം ഒന്ന് ചേരുന്നത് കണ്ടു കൊണ്ടൊരല്പനേരം.. 
വേനല്‍ ചൂടിനിടയ്ക്ക് ശരീരത്തിനെ, മനസ്സിനെ തണുപ്പിക്കാന്‍ ഒരു മഴ... 
മനസ്സ് തണുക്കുമ്പോള്‍ കഴിഞ്ഞു പോയ കാലങ്ങള്‍ ഓര്‍മ്മകളില്‍ അറിയാതെ തെളിഞ്ഞു വരും.. 
ഇന്നും അത് പോലെ..  
വ്യക്തതയില്ലാതെ, പരസ്പരബന്ധങ്ങളില്ലാതെ കുറെ ഓര്‍മ്മകള്‍..
മഴ കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ബാല്യമാണ്...
വല്ലപ്പോഴും കാണുന്ന വയലും തോടുകളും കുളങ്ങളും കനാലുമുള്ള... 
കൂടെ കൂടാന്‍ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്ന... 
സ്നേഹത്തിന്റെ നിമിഷങ്ങള്‍ മാത്രം പങ്കു വയ്ക്കുന്ന.. 
ഒരല്പം വികൃതിയും അതിനു പിന്നാലെത്തുന്ന ശിക്ഷയ്ക്കും കാത്തിരുന്ന... 
കപടതയോ, മുഖംമൂടികളോ ഇല്ലാത്ത.... നിഷ്കളങ്കമായ ബാല്യം.. 
ഇന്നും ഓര്‍ക്കുമ്പോള്‍ നഷ്ടമാണോ, നേട്ടമാണോ എന്നറിയാത്ത.. 
നഷ്ടമല്ലെന്നു പറയാവുന്ന.... എന്നാല്‍ 
ഓര്‍ത്തുവയ്ക്കാന്‍ ഒത്തിരിയൊന്നും ഇല്ലാത്ത ഒരു നരച്ച ബാല്യം.. 
എങ്കിലും ഉണ്ടായിരുന്നു ചിലതൊക്കെ.. 
ഏറെ വിലപിടിച്ചത്.. മറ്റേതു ഇല്ലായ്മകളെയും ഇല്ലാതാക്കുന്ന ചിലത്... 
അറിയാതെ എത്തിയ സ്നേഹവാത്സല്യങ്ങള്‍... , 
നിധിയായ്‌ കിട്ടിയ സൗഹൃദങ്ങള്‍..... 
പുണ്യമായ് നേടിയ ശിഷ്യത്വം..

ജീവിതത്തില്‍ വിരുന്നുകാരായ് എത്തുന്ന അച്ഛനമ്മമാര്‍,.......
എത്തുമ്പോള്‍ അതുവരെ കരുതിവച്ചിരുന്ന സ്നേഹം മുഴുവന്‍ പകര്‍ന്നു തന്നുകൊണ്ട്... 
ഒരായിരം ജന്മത്തിന്റെ പുണ്യമായി എനിക്ക് (ഞങ്ങള്‍ക്ക്)   സ്വന്തമായ എന്റെ അച്ഛനും അമ്മയും...
അടുപ്പങ്ങളില്‍ അകലങ്ങളില്‍ എന്നും സ്നേഹമായ്, സാന്ത്വനമായ് മാറുന്ന അമ്മ, 
നാളെകള്‍ എങ്ങനെയെന്നു പറഞ്ഞു തരുന്ന അച്ഛന്‍,...... 
ഓമനിക്കാന്‍ അവരുടെ കൈകളില്‍ എന്റെ കുഞ്ഞനുജത്തി...
ഒരു ദിവസത്തെ സന്തോഷങ്ങള്‍ക്ക് ശേഷം.... 
അനുജനെ നന്നായി നോക്കണം എന്ന് പറഞ്ഞു കൊണ്ട്,.... 
വീണ്ടും തനിച്ചാക്കി പോകുമ്പോള്‍,...
പടിവാതിലില്‍, വരാന്തയില്‍, ഒടുവില്‍ മുറ്റത്തോളമെത്തി കണ്ണില്‍ നിന്ന് മറയുന്നത് വരെ കൈവീശിക്കാണിച്ചു കൊണ്ട്.. 
അനുജന്റെ കൈ പിടിച്ചു കൊണ്ട് പിന്നെയും ഒരുപാട് അമ്മമാരുടെ അടുത്തേക്ക്...

സ്നേഹത്തിന്റെ നിമിഷങ്ങള്‍ മാത്രം നല്‍കിയ അമ്മമാര്‍.. 
ഇന്നും ആ സ്നേഹത്തിനു, വാത്സല്യത്തിന്. കരുതലിന്, ലാളനയ്ക്ക് പകരമായ് ഒന്നും നല്കാനില്ലാതെ, 
പകരമായ് നല്കുന്നതെന്തും ഒന്നുമാകില്ലെന്ന തിരിച്ചറിവില്‍, പകരമായ് ഒന്നും ആഗ്രഹിച്ചായിരുന്നില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്...

ആദ്യമായെത്തിയ വിദ്യാലയം.. സ്നേഹം നിറഞ്ഞ മനസ്സുമായ് രണ്ടു അധ്യാപികമാര്‍...... ഇന്നും ഓര്‍മ്മയില്‍ ഒരിക്കലും മറക്കാനാവാതെ.. സ്വന്തം മക്കളെ പോലെ എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിച്ച രണ്ടു പേര്‍...... എല്ലാവരും അവരെ വിളിച്ചത് വനജാമ്മ, രമാമ്മ എന്നായിരുന്നു... എല്ലാവര്ക്കും അവരും അമ്മമാര്‍ തന്നെയായിരുന്നു... ഇന്നും കാണുമ്പോള്‍ അമ്മേ എന്നല്ലാതെ വേറൊന്നും വിളിക്കാന്‍ കഴിയില്ല... എത്രയോ കുട്ടികള്‍ അവരുടെ ജീവിതത്തില്‍ കടന്നു പോയിട്ടും ഇന്നും ഒരാളുടെ പേര് പോലും മറക്കാതെ അവര്‍ ഓര്‍മ്മിച്ചു വച്ചിരിക്കുന്നു!! അത്രമേല്‍ ആത്മാര്‍ഥമായി ഞങ്ങളെ സ്നേഹിച്ച ആ അമ്മമാര്‍ക്കും പകരമായ് നല്‍കാന്‍ ഇന്നും ഒന്നുമില്ല.. അവര്‍ പഠിപ്പിച്ചു തന്നത്, പറഞ്ഞു തന്നത് ജീവിതത്തില്‍ അനുസരിക്കുക എന്നല്ലാതെ, എന്ത് നല്കിയാലാണ് മതിയാവുക.... മറ്റൊന്നും അവരും കാംക്ഷിച്ചിരുന്നില്ല.. 

രണ്ടാമതെത്തിയ വിദ്യാലയം, ഒരുപാട് വലിയ, ഒരുപാട് കുട്ടികളുള്ള സരസ്വതീക്ഷേത്രം.. എന്നും രാവിലെ പോകുന്നത് വത്സല ടീച്ചറും അവരുടെ മക്കളോടുമൊപ്പം.. മക്കള്‍ എന്ന് പറഞ്ഞാല്‍ അന്നും ഇന്നും എന്റെ ചേച്ചീം അനുജനും. പേര് പോലെ തന്നെ വാത്സല്യത്തിന്റെ ആള്‍രൂപമായിരുന്നു ടീച്ചര്‍... ഒരിക്കല്‍ കളിക്കുന്നതിനിടെ വീണു മുറിവ്പറ്റി.. ചേച്ചീനേം കുട്ടനേം മറ്റൊരു ടീച്ചറുടെ കൂടെ പറഞ്ഞു വിട്ടിട്ടു രണ്ടു ദിവസം ആശുപത്രിയില്‍ എനിക്ക് കൂട്ടിരുന്ന അവരെ അമ്മയായല്ലാതെ മറ്റെങ്ങനെ സ്നേഹിക്കാന്‍...

പിന്നീടെത്തിയതു കളികളെക്കാളുപരി പഠനത്തിനു ഗൌരവം കൊടുത്തിരുന്ന സ്കൂളില്‍.. അവിടെ ഒരു പാട് വിഷയങ്ങള്‍.. ഒരുപാട് അധ്യാപകര്‍.. ഒരുപാട് കുട്ടികള്‍...ആദ്യമായ് തല്ലു വാങ്ങിയത് ഇവിടെ നിന്നായിരുന്നു... എന്നും ഏറെ ഇഷ്ടമായിരുന്നിട്ടും കണക്ക് പറ്റിച്ചു.. ഹോംവര്‍ക്ക്‌ തന്നത് ചെയ്യാന്‍ മറന്നു പോയി.. പിറ്റേന്ന് ആദ്യത്തെ വിഷയം കണക്ക്.. ചൂരലുമായ് സുരേഷ് മാഷ്‌ ക്ലാസ്സില്‍ എത്തിയപ്പോഴാണ് ഓര്‍മ്മവന്നത്.. വന്നപാടെ ചെയ്യാത്തവരോട് എഴുന്നേറ്റു നില്‍ക്കാന്‍ പറഞ്ഞു.. നില്‍ക്കാന്‍ കൂട്ടായി രാകേഷും ഉണ്ടായിരുന്നു.. ഡയറി എടുത്ത് കൊണ്ട്  രണ്ടാളും ഇവിടെ വാ എന്ന സുരേഷ് മാഷിന്റെ ശബ്ദം ചുവരുകളില്‍ തട്ടി പ്രതിധ്വനിക്കുന്നതു കേള്‍ക്കാമായിരുന്നു.. നീട്ടിപ്പിടിച്ച കയ്യില്‍ രണ്ടു വട്ടം ചൂരല്‍ കൊണ്ടപ്പോള്‍ വേദനിച്ചതിനേക്കാള്‍ പോ ക്ലാസ്സിനു പുറത്ത്, ഇന്നിനി ഇവിടെ ഇരിക്കേണ്ട എന്ന വാക്കുകള്‍ കേട്ടപ്പോള്‍ തോന്നി... ആദ്യമായാണ്‌ ഹോം വര്‍ക്ക്‌ ചെയ്യാത്തതിന് ഒരു ദിവസം മുഴുവന്‍ സ്കൂളില്‍ നിന്ന് തന്നെ ഒരാളെ പുറത്താക്കുന്നത്.. ഞങ്ങള്‍ രണ്ടു പേരും ഇറങ്ങേണ്ടി വന്നു.. വീട്ടിലേക്ക് പോയാല്‍ എന്താ എന്ന ചോദ്യം വരും, അത് കൂടി വേണ്ട എന്ന് കരുതി ഞങ്ങള്‍ അടുത്തുള്ള പബ്ലിക്‌ ലൈബ്രറിയില്‍ പോയി ഇരുന്നു.. അന്നത്തെ ദിവസമായിരുന്നു ജീവിതത്തിലെ ഏറ്റവും നീളമേറിയ ദിനം എന്ന് തോന്നുന്നു... ഈ കഥയുടെ ക്ലൈമാക്സ്‌ കഴിഞ്ഞില്ല... വൈകീട്ട് പതിവ് പോലെ വീട്ടിലെത്തി.. കുറച്ചു കഴിഞ്ഞപ്പോള്‍ കാണാം ഏട്ടന്‍ വന്നു ചോദിക്കുന്നു എന്തൊക്കെയാണ് ഇന്ന് സ്കൂളിലെ വിശേഷങ്ങള്‍ന്നു.. പതിവില്ലാത്ത ചോദ്യത്തിന്, പ്രത്യേകിച്ച് ഒന്നുമില്ല എന്ന് പറഞ്ഞപ്പോള്‍ വിടാനുള്ള ഭാവമില്ല.. ഇന്നെന്തോക്കെ പഠിപ്പിച്ചു എന്നായി അടുത്ത ചോദ്യം... എന്തൊക്കെയോ കുറെ പഠിപ്പിച്ചു എന്ന് പറഞ്ഞപ്പോള്‍ നിന്റെ ഡയറി എടുത്തേ എന്ന് പറഞ്ഞു.. പതുക്കെ ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടായിരുന്നു.. സ്കൂള്‍ ഡയറിയില്‍ മാഷ് വിശദമായി എഴുതീട്ടുണ്ടായിരുന്നു...
എന്നാലും കാണില്ലെന്ന് കരുതി അതും എടുത്തു കൊടുത്തു... ഇത്രയും കോലാഹലം കേട്ടപ്പോള്‍ തന്നെ വീട്ടിലെ എല്ലാവരും എത്തിയിരുന്നു.. എന്താ നീയിങ്ങനെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതും എന്ന് ചോദിച്ച് എല്ലാരും ഏട്ടനെ ആയിരുന്നു വഴക്ക പറയുന്നത്.. അപ്പൊ കാണാം ഏട്ടന്‍ പറയുന്നു നിങ്ങള്‍ക്കറിയാമോ ഇവനിന്ന് മുഴുവന്‍ ലൈബ്രറിയില്‍ ആയിരുന്നു, സ്കൂളില്‍ നിന്നും പുറത്താക്കി എന്ന്.. ഒരു ഞെട്ടലോടെ ആയിരുന്നു കേട്ടത്.. ഇതെങ്ങനെ ഈ ദുഷ്ടന്‍ അറിഞ്ഞു എന്നായിരുന്നു മനസ്സില്‍.. വള്ളിപുള്ളി വിടാതെ സ്കൂളില്‍ നടന്ന കാര്യം മുഴുവന്‍ അത് പോലെ പറഞ്ഞപ്പോള്‍ വീണ്ടും ഞെട്ടി.. പിന്നീടാണ് അറിഞ്ഞതു ഇവര് തമ്മില്‍ നേരത്തെ പരിചയം ഉണ്ടായിരുന്നു.. ഏട്ടന്‍ മറ്റൊരു സ്കൂളില്‍ ആയിരുന്നു പഠിപ്പിക്കുന്നത്.. ഏട്ടനെ പണ്ട് കണക്ക് പഠിപ്പിച്ചതും  ഈ സുരേഷ് മാഷ്‌ തന്നെയായിരുന്നു... ഇവര് തമ്മില്‍ മിക്കവാറും വൈകീട്ട് കാണാറുമുണ്ടായിരുന്നു... നേരത്തെ ഇതറിഞ്ഞിരുന്നെങ്കില്‍ നേരെ വീട്ടിലേക്ക് പോയാല്‍ മതിയായിരുന്നു... പുറത്താക്കിയതിനു ശേഷം ഞങ്ങള്‍ എങ്ങോട്ട് പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നറിയാന്‍ മാഷ്‌ തന്നെ ഞങ്ങളറിയാതെ പുറകെ ഉണ്ടായിരുന്നു.. ഏട്ടനോടുള്ള മാഷിന്റെ വാത്സല്യം, ആ ഏട്ടനെ പോലെ തന്നെ എന്നെയും കണ്ടപ്പോള്‍, ഈയൊരു തെറ്റ് മാഷിനെ വല്ലാതെ വേദനിപ്പിച്ചു, അത്കൊണ്ടാണ് സ്കൂളില്‍ നിന്നേ പുറത്താക്കിയത് എന്ന് ഏട്ടനോട് പറഞ്ഞു... പിന്നീടെപ്പോഴോ ഏട്ടന്‍ തന്നെ പറഞ്ഞതായിരുന്നു ഇത്.. പറയുന്ന അന്ന് വരെ മാഷോട് ഉണ്ടായിരുന്ന നീരസം ചെറിയൊരു കുറ്റബോധമായി ഇന്നും മനസ്സില്‍.. അന്ന് മാഷ്‌ പറഞ്ഞത് ഇന്നും മായാതെ... ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് തന്നെ ചെയ്യണം... അതില്‍ പിന്നെ എല്ലാം കൃത്യമായ് ചെയ്തിരുന്നു.. കള്ളം പറയുവാനും പിന്നെ പേടിയായിരുന്നു.... എന്നാലും ചിലപ്പോഴൊക്കെ പറയാറുണ്ട്.. അല്ലേ...? 

മഴ പെയ്തു തോരുന്നു.... തീരാതെ, പെയ്തു തോരാതെ ബാല്യത്തിന്റെ ഓര്‍മ്മകളും... ഓര്‍മ്മകള്‍ക്ക് മണ്ണിന്റെ ഗന്ധമുണ്ട്... മനസ്സിനെ മഥിക്കുന്ന ഗന്ധം... മിന്നിമായുന്ന മുഖങ്ങള്‍ ഓരോന്നും നല്‍കിയ, ഇന്നും  നല്‍കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ആഴം ഈ മഴവെള്ളം എത്തിച്ചേരുന്ന കടലിന്റെത് പോലെ... പേരെടുത്തു പറഞ്ഞാല്‍ തീരാത്തത്ര സൗഹൃദങ്ങള്‍, ഓര്‍മ്മകളില്‍ ഇന്നും നില്ക്കുന്നവ, ഓര്‍മ്മകളില്‍ മറയപ്പെട്ടവ... അന്നത്തെ ഓര്‍മ്മകളില്‍ മനസ്സ് കൊരുത്തു കഴിഞ്ഞപ്പോള്‍ ഇന്നിന്റെ ചില നോവുകള്‍ ഇപ്പോഴും ബാക്കി... നാളെ ഇന്നും ഒരോര്‍മ്മയാകും... അന്നേക്ക് വേണ്ടി രണ്ടു വരികള്‍ കടം കൊള്ളട്ടെ..... ഓര്‍മ്മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം.... ഓര്‍മ്മിക്കണം എന്ന വാക്ക് മാത്രം....

ഇത് ജീവിതത്തിന്റെ ഒരേട്‌ മാത്രം.. ഒരു മഴയില്‍ കിളിര്‍ത്ത വാക്കുകള്‍....., ഇത്രയും നേരം സഹിച്ചതിന്, ക്ഷമയോടെ വായിച്ചതിനു.. നന്ദി....
നാളെ ഒരു നാളില്‍ അന്യരായ് മാറാതിരിക്കുക... അങ്ങനെയെങ്കില്‍ സ്നേഹം കൊണ്ടെന്നെ നീ ഇന്ന് നോവിക്കാതിരിക്കുക...
വാക്കുകള്‍ക്കപ്പുറം മനസ്സ് കൊണ്ട് നീ സംസാരിക്കുക... എന്റെ മനസ്സിലെന്നും നീയുണ്ട്... 

18 comments:

  1. പ്രിയപ്പെട്ട ബനി,

    ജീവിതത്തില്‍ നിന്നും ഉള്ള ഈ ഒരേടിനു വേനല്‍ ചൂടില്‍ വരണ്ടു പോയ മുറ്റത്തെ പൊടി മണ്ണ് ഒരു ചാറ്റല്‍ മഴ നനയുമ്പോള്‍ ഉള്ള സുഗന്ധമുണ്ട്. ഇന്നലെ ഇവിടെയും മഴ പെയ്തു. കത്തുന്ന വെയിലേറ്റു മനസ്സും പൊള്ളിയപോള്‍ ആശ്വാസമായി അപ്രതീക്ഷിതമായി വിരുന്നു വന്ന ഒരു മഴയുടെ അനുഭൂതി അവിടെയും അനുഭവിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞു സന്തോഷിക്കുന്നു .ബാല്യകാലത്തിന്റെ മാധുര്യവും കൂട്ടുകാരും കുസൃതികളും സ്നേഹവാത്സല്ല്യം നിറഞ്ഞു തുളുമ്പുന്ന മുഖങ്ങളും ഇന്നലെ എന്നോ തകര്‍ത്ത് പെയ്തു തോര്‍ന്നു പോയ ഒരു മഴപോലെ. ആ ഓര്‍മകളുടെ കുളിരും നൊമ്പരവും എല്ലാം ഇന്നും എന്നും ഹൃദയത്തോട് ചേര്‍ക്കുന്നു. ആര്‍ക്കറിയാം ഇന്നിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ മുഖങ്ങള്‍ നാളെയും ഉണ്ടാകുമോ എന്ന്. എങ്കിലും മനസ്സ് നിറഞ്ഞു സ്നേഹിക്കാം, ഓര്‍മിക്കണം എന്ന് പറയാതെ ഓര്‍മിക്കുവാന്‍ കഴിയും എന്ന് പ്രത്യാശിക്കാം, വാക്കുകള്‍ക്കപ്പുറം മനസ്സ്കൊണ്ടെഴുതിയ മഴയില്‍ കിളിര്‍ത്ത വാക്കുകള്‍ ആസ്വദിച്ചു വായിച്ചു. ആരും നാളെ അന്യരാവതിരിക്കട്ടെ. സ്നേഹംകൊണ്ട് ആരും ഇന്ന് നോവിക്കാതിരിക്കട്ടെ.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഗിരീ..,
      ഓരോ മഴയും ഒരു ഓര്‍മ്മപ്പെയ്ത്താണ്..
      പ്രിയമുള്ളത്, ചിലപ്പോള്‍ കയ്പ്പേറിയതു, ഓര്‍മ്മകളില്‍ നിറയും..
      ഏതു വേനലിലും വാടാത്തൊരു മനസ്സ് തന്നു.. അല്ലെങ്കില്‍ വാടാതിരിക്കാന്‍ കാലം പഠിപ്പിച്ചതോ... ഓര്‍ക്കുന്നില്ല... ഇനി അങ്ങനെ ഒരു മനസ്സുണ്ടോ.. അല്ലെങ്കില്‍ മനസ്സ് തന്നെ ഉണ്ടോ... അറിയില്ലല്ലോ!!!
      ബാല്യം.., പിന്നെ ജീവിതത്തിലെ ഓരോ നിമിഷവും, നല്ലതായാലും ചീത്തയായാലും, മനസ്സില്‍ സൂക്ഷിക്കാനിഷ്ടം, എങ്കിലും മറക്കില്ല എന്ന അഹങ്കാരം വെറുതെ.. മറക്കാം.. മറന്നിട്ടുമുണ്ട്.. അകന്നു പോയാലും അകലേക്ക് പോയാലും ബന്ധങ്ങളില്‍ ഉണ്ടാവുന്ന വിടവുകള്‍ നികത്താന്‍ മറ്റൊന്ന് ആ സ്ഥാനത്തേക്ക് വരാറില്ല.. ഒഴിവായിടം എന്നും ഒഴിവായി തന്നെ... തിരികെ വന്നു ചേരും വരെ.. ഇല്ലെങ്കില്‍ അതൊരു മുറിവായ്‌ എന്നും വേണം മനസ്സില്‍.....,,, ആ മുറിവിനെയും സ്നേഹിക്കാം.. പ്രിയമുള്ളവര്‍ നല്‍കുന്നതല്ലേ.. അല്ലെങ്കില്‍ പ്രിയമുള്ളവരോട് ചോദിച്ചു വാങ്ങുന്നതല്ലേ..
      ഇന്നിലേ സ്നേഹവും സൗഹൃദവും എന്നുമുണ്ടാകും, മനസ്സില്‍ ഒന്നും ഒരിക്കലും മറയപ്പെടുന്നില്ല .. നല്‍കുവാന്‍ വേറൊന്നും ഇല്ലെങ്കില്‍ ഓര്‍മ്മിക്കണം എന്ന വാക്കെങ്കിലും നല്‍കേണ്ടെ വെറുതെയെങ്കിലും..! ആരും ആര്‍ക്കും സ്വന്തമല്ല, പിന്നെങ്ങനെ അന്യരാവും സഖേ..? നാളെകളില്‍ സ്നേഹം നോവായ്‌ മാറും.. അങ്ങനെയായിരുന്നു.. ഇനിയുമങ്ങനെയാവാം ആവാതിരിക്കാം...

      പ്രിയമോടെ..

      Delete
  2. ജീവിത്തിലെ ഏറ്റവും വലിയ സമ്പാദ്യം പലപ്പോഴും ഓര്‍മ്മകളാണ്.. ഒരു തരത്തില്‍ ജീവിതം തന്നെയാണ് പിന്നീട് ഓര്‍മ്മകള്‍ ആയി മാറുന്നത്. ഒരുകാലത്ത് ഇതെന്റെ ജീവിതമായിരുന്നു എന്ന ചിന്തയാകാം ഓര്‍മ്മകളെ നാം ഇത്ര മേല്‍ സ്നേഹിക്കുന്നതിന്റെ കാരണം. പിന്നൊന്നു . ഓര്‍മ്മകള്‍ മാറില്ല.. ആ അനുഭവങ്ങള്‍ ഇനി നമുക്ക് തിരുത്താനാകില്ല. അതിനാല്‍ അതിന്റെ നൊമ്പരവും സന്തോഷവും വേദനയും എല്ലാം എന്നേക്കും എന്നേക്കും നമുക്ക് സ്വന്തമാണ്. അതു കൊണ്ട് തന്നെ ഓര്‍മ്മക്കുറിപ്പുകളും ഏറെ ഹൃദ്യമായിരിക്കും.. സമാനമായ അനുഭവങ്ങളെ വായനക്കാരുടെ മനസ്സില്‍ തട്ടിയുണര്‍ത്താന്‍ അവക്കാകും
    ഹൃദ്യം ബാനി

    ReplyDelete
    Replies
    1. പ്രിയ നിസാര്‍,....
      ഓര്‍മ്മകള്‍ എന്നും നമുക്ക് മാത്രം സ്വന്തമായ ഓര്‍മ്മകള്‍,...
      ജീവിതത്തില്‍ നാം കണ്ടത്, അനുഭവിച്ചത്, അറിഞ്ഞതു, എല്ലാം ഓര്‍മ്മകള്‍ തന്നെ..
      ഇന്നും നാളെ ഒരോര്‍മ്മയായി മാറും.. നാളെകള്‍ ഇന്നുകളായി മാറുമ്പോള്‍ വീണ്ടും ഓര്‍മ്മകള്‍ തന്നെ...
      അപ്പോള്‍ ജീവിതം തന്നെ ഓര്‍മ്മകള്‍.,... അല്ലെങ്കില്‍ ഓര്‍മ്മകള്‍ തന്നെ ജീവിതമോ..?
      നന്ദി നിസാര്‍..

      Delete
  3. മഴ മനസ്സിനേ തണുപ്പിക്കുമ്പൊള്‍ , ഓര്‍മകള്‍ ഉണരും ..
    ബാല്യമുണരും , ഇന്നും നാട്ടിലേ മഴ പെയ്ത്തില്‍
    എന്റെ മക്കള്‍സൊപ്പൊം ഞാന്‍ ഇറങ്ങി പൊകും മഴയിലേക്ക്
    കുഞ്ഞൂസിന് നനഞ്ഞിട്ട് പനി പിടിക്കുമെന്ന അമ്മയുടെ ശകാരം
    തുടങ്ങുന്നതിന് തൊട്ട് മുന്നേ തിരികേ വരാറുള്ളു ...
    ഇവിടെ നിത്യയുടെ ഓര്‍മകളേ തൊട്ടൊരു മഴ പൊഴിഞ്ഞിരിക്കുന്നു ....
    ബാല്യത്തിലൂടെ , സ്കൂളിലൂടേ , ഗുരുശിക്ഷ്യ ബന്ധത്തിലൂടെ
    അവസ്സാനം ഇന്നിന്റെ മുഖത്തേക്ക് ചെന്നു നില്‍ക്കുന്നു ..........
    ഉമ്മറപടിയിരുന്ന് മഴ ഒറ്റക്ക് കാണണം , അവളേ മനസ്സിലേക്ക്-
    കൂട്ടീ വെറുതേ കണ്ണ് നിറച്ച് , ഓര്‍മകളുടെ മഴ നനയണം ...
    രാവിന്റെ മഴയിലേക്ക് , ഒരു നിയത്രണവുമില്ലാതെ ഇറങ്ങി പൊകണം
    മനസ്സ് തണുക്കും വരെ നനയണം , നിന്നിലേ എന്നിലേ ഓര്‍മകളേ
    മഴയിലേക്കൊഴുകി വിടണം , അവശേഷിച്ച തുള്ളികള്‍ കൊണ്ടൊരു
    ഓര്‍മകളുടെ കൊട്ടാരം പണിയണം , എനിക്കും നിനക്കും മാത്രമായീ ..
    ഈ ഓര്‍മ മഴയില്‍ , ഞാനും കൂടേ സഖേ .........!

    ReplyDelete
    Replies
    1. മഴ വല്ലാത്തൊരു അനുഭൂതിയാണ്...
      സന്തോഷിക്കുമ്പോഴും വേദനിക്കുമ്പോഴും കൂട്ടായി ഒരു മഴയെ ആഗ്രഹിക്കാത്ത മനസ്സുണ്ടോ..
      ജീവിതത്തിലെ നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം ഓര്‍ക്കാന്‍, ഓര്‍മ്മയുടെ ആ വേനല്‍ ചൂടിനെ ആറ്റാന്‍ കൂട്ടിനൊരു മഴ അത്യാവശ്യം..
      ശരിക്കും ഇന്നലെ ഞാനോര്‍ത്തു.. നഷ്ടമായ ബാല്യം ഇനിയൊരിക്കലും തിരിച്ചു കിട്ടില്ല, എങ്കിലും ആ മഴവെള്ളത്തില്‍ കളിക്കാന്‍ ഒരു കൊച്ചു ബാല്യം കൂടെ ഉണ്ടായിരുന്നെങ്കില്‍,..
      ആ കുസൃതികള്‍ കണ്ടു മനസ്സില്‍ ആനന്ദം കൊള്ളാന്‍.,..

      പെയ്തൊഴിയുന്ന ഓരോ മഴത്തുള്ളിയും നമ്മില്‍ പെയ്തു നിറയുന്ന സ്നേഹത്തിന്റെ പ്രതീകങ്ങളല്ലേ... മനസ്സിനെ തണുപ്പിക്കുന്ന സ്നേഹത്തിന്റെ മഴ.. പരിധികളും, പരിമിതികളുമില്ലാതെ നല്‍കാനും നേടാനും, എന്നും ആ സ്നേഹമഴ പൊഴിയാന്‍,... ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കാന്‍, നല്‍കട്ടെ ഹൃദയം നിറഞ്ഞ സ്നേഹം..

      ഒരു മഴയോര്‍മ്മയില്‍ കൂടെ കൂടിയതിനു, കൂട്ടായി വരുന്നതിനു പകരം നല്‍കാന്‍ സ്നേഹം മാത്രം സഖേ..

      Delete
  4. മഴയോര്‍മ്മകള്‍ നന്നായി നിത്യാ . പെരുമഴയത്തു സ്കൂളില്‍ന്നു വരുമ്പോള്‍ സ്വന്തം കുട വിടര്‍ത്താതെ ആരുടെയെങ്കിലും കുടയില്‍ മൂന്നും നാലും പേര് ചേര്‍ന്ന് നനഞ്ഞും നനയാതെയും പോയിരുന്ന നല്ല കാലത്തിലെക്കൊരു മടക്ക യാത്രയായിരുന്നു ഇത് വായിച്ചപ്പോള്‍ . ഇപ്പോള്‍ മുന്നില്‍ പെയ്യുന്ന മഴയ്ക്ക് അന്നത്തെ സൗന്ദര്യമില്ല . മറന്നു കിടക്കുന്ന ഒരുപാട് ഓര്‍മകളുടെ തള്ളിക്കയറ്റമാണു ഓരോ മഴയിലും . അതൊക്കെ ഓര്‍ത്ത്‌ വെറുതെ ഇരിക്കുമ്പോഴും ഉണ്ടൊരു സുഖം .

    ReplyDelete
    Replies
    1. ഒരായിരം ഓര്‍മ്മപ്പെടുത്തലുകളുമായി ഓരോ മഴയും പെയ്തു തോരുന്നു..
      ബാല്യവും, കൌമാരവും, പിന്നെ ഇന്നുകളും ഓര്‍മ്മയില്‍ അറിയാതെ നിറയും..
      ഓരോ ഓര്‍മ്മയും ചുണ്ടിലൊരു പുഞ്ചിരിയും, കവിളിലൊരു നേര്‍ത്ത നനവും നല്‍കും..
      വരാന്തയിലിരുന്നു പെയ്തൊഴിയുന്ന മഴത്തുള്ളികളെ നോക്കാന്‍,.....
      മുറ്റത്തിറങ്ങി മഴ നനയാന്‍ ഇന്നും ഇഷ്ടമാണ്..
      മഴ എന്നും സൌന്ദര്യമുള്ളതായിരുന്നു, മാറിയത് നമ്മുടെ മനസായിരുന്നു..
      ഒന്ന് കൂടി ആ മനസ്സ് തിരികെ നേടാന്‍ കഴിഞ്ഞുവെങ്കില്‍.,...
      നല്ല ഓര്‍മ്മകള്‍ എന്നും ഒരു മഴയായ് മനസ്സില്‍ പെയ്യട്ടെ നീലിമാ...

      Delete
  5. പ്രിയ നിത്യാ ..
    നാളെ ഒരു നാളില്‍ അന്യരായ് മാറാതിരിക്കുക...
    അങ്ങനെയെങ്കില്‍ സ്നേഹം കൊണ്ടെന്നെ നീ ഇന്ന് നോവിക്കാതിരിക്കുക...
    വാക്കുകള്‍ക്കപ്പുറം മനസ്സ് കൊണ്ട് നീ സംസാരിക്കുക...
    എന്റെ മനസ്സിലെന്നും നീയുണ്ട്... !!!!

    ..എന്നെയും കൈപിടിച്ച് നീ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി..

    ഒരുപാടൊരുപാട് സ്നേഹത്തോടെ
    കീ

    ReplyDelete
    Replies
    1. കീ എത്രമേല്‍ പ്രിയം നീയെനിക്ക്..
      എന്റെ മനസ്സില്‍ നീയും, നിന്റെ മനസ്സില്‍ ഞാനും ഉള്ളിടത്തോളം കാലം നമ്മളെങ്ങനെ അന്യരാകും..
      ഒരിക്കല്‍ ഞാനുമൊരു കുട്ടിക്കാലത്തിലേക്ക് പോയിരുന്നൂട്ടോ... എന്നെ കൈ പിടിച്ചു നടത്തിയത് കീയും... അന്ന് ഞാനും തേടിയിരുന്നു ഒരു മഷിപ്പച്ചയ്ക്കായ്, ഓരോ ദിനവും മായ്ക്കാന്‍.,... പക്ഷേ കണ്ടില്ലല്ലോ കീ എവിടെയും!!
      ഒത്തിരി ഇഷ്ടത്തോടെ...

      Delete
    2. ഓര്‍ക്കാതെ മറക്കാതെ ദിനങ്ങള്‍.....

      Delete
  6. തീരാതെ, പെയ്തു തോരാതെ ബാല്യത്തിന്റെ ഓര്‍മ്മകളും............:)

    ReplyDelete
    Replies
    1. എങ്ങനെ പെയ്തു തോരും നിധീ.. ബാല്യം ഓര്‍മ്മകളില്‍ മായാതേ... പെയ്തു തോരാതെ..
      ഏറെ സ്നേഹം..

      Delete
  7. നിത്യയുടെ ബാല്യകാലത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയതില്‍ നന്ദി.. നല്ല ഓര്‍മ്മകള്‍..

    " മഴ പെയ്തു തോരുന്നു.... തീരാതെ, പെയ്തു തോരാതെ ബാല്യത്തിന്റെ ഓര്‍മ്മകളും.." ആ മഴയ്ക്ക് നന്ദി ..

    ReplyDelete
    Replies
    1. അമ്മൂന്റെ ബാല്യം പോലെയാണോ അശ്വതീ.. എനിക്ക് അമ്മൂനെ ആണിഷ്ടംട്ടോ..
      മഴപോലെ ഓര്‍മ്മകള്‍... പെയ്തു തോരാതിരുന്നെങ്കില്‍ എന്ന് മോഹിപ്പിച്ചു കൊണ്ട്...
      ഓരോ മഴയ്ക്കും നന്ദി....

      Delete
  8. പ്രിയപ്പെട്ട ബനീ ,

    സുപ്രഭാതം !

    മനോഹരമായ ബാല്യകാല സ്മരണകളില്‍ ഒഴുകിപൊയി.

    അനുഭവങ്ങള്‍ ഹൃദ്യമായി പങ്കു വെച്ചു .അഭിനന്ദനങ്ങള്‍ !

    ഇപ്പോഴും ചെയ്യേണ്ട കാര്യങ്ങള്‍ സമയത്ത് ചെയ്യുന്നില്ല,ബനി !

    അത് കൊണ്ടാണ്, ഇടക്കൊക്കെ മനസ്സിന്റെ പുറത്തു പറഞ്ഞയക്കുന്നത് .:)

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,

      ബാല്യം ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലം...
      ഹൃദയം കൊണ്ടെഴുതിയ വാക്കുകള്‍... ഒരു മഴ എഴുതിച്ചത്... വെറുതെ ഓരോ ഓര്‍മ്മകള്‍..
      അതെന്താണ് അനുവേ...... അല്ലെങ്കിലും ഞാനെപ്പോഴും എല്ലാത്തിലും വൈകിയാ... :) അങ്ങനെയായിരുന്നു എന്നും.. :(
      അത് കൊണ്ടല്ലേ പരിധിക്ക് പുറത്ത് പോകുന്നത്... സാരമില്ല.... പക്ഷേ വൈകിയാണെങ്കിലും അറിയുംട്ടോ... അപ്പോള്‍ പരിധിക്ക് ഉള്ളിലായാല്‍ മതീ... :)

      ശുഭരാത്രി..

      സ്നേഹപൂര്‍വ്വം...

      Delete