Monday, December 31, 2012

നവവത്സരാശംസകള്‍...

എന്തെഴുതണം, എങ്ങനെ എഴുതണം എന്നറിയില്ല.. എങ്കിലും എന്തോ ഇന്ന് എഴുതണം എന്ന് തോന്നി... ഡയറിയുടെ താളുകളില്‍ നിന്നും മാറി ഇന്ന് കുറച്ചധികം എഴുതണം... അല്ല ഇനിയെഴുതാന്‍ അവിടെ സ്ഥലം പോരാ.. പുതിയ ഡയറി വാങ്ങിയതുമില്ല!!
ഒരു വര്‍ഷം കൂടി വിട പറയുന്നു... ഡിസംബര്‍, ഓര്‍മ്മകളില്‍ എന്നും ഒരു നോവ്‌ എന്ന് പറഞ്ഞുകൂടാ.. പുതിയൊരു സുഹൃത്തിനെ നമ്മുടെ കയ്യില്‍ പിടിച്ചേല്പ്പിച്ചു വിടവാങ്ങുന്ന ഒരു സൗഹൃദം പോല്‍...
ഓരോ കൊഴിഞ്ഞു പോക്കിലും നമ്മള്‍ അറിയാതെ വെറുതെ ഒരു തിരിഞ്ഞു നോട്ടം നടത്തും.. ഈ അവസാന വേളയില്‍ അങ്ങനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ പറയുവാന്‍ ഏറെയുണ്ട്.. പറയുവാന്‍ വയ്യാത്തതും...
ഇന്നു ജനുവരി അടുത്തും അകലെയുമായി കിടക്കുന്നു.. ഒന്ന് ഓര്‍മ്മകളെങ്കില്‍ മറ്റൊന്ന് പ്രതീക്ഷയും..കഴിഞ്ഞ ജനുവരിയിലും ഒരുപാട് പ്രതീക്ഷകള്‍, തീരുമാനങ്ങള്‍, ആഗ്രഹങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.. (എന്ന് കരുതി ഇവയെല്ലാം ജനുവരിയില്‍ തന്നെ വേണം എന്നില്ല, ഓരോന്നും അതിന്റേതായ സമയത്ത് നടത്തപ്പെടും, എങ്കിലും ഒരിക്കലും സാധിക്കാത്ത ചില കാര്യങ്ങള്‍, ഒരു പക്ഷെ ജീവിതചര്യയില്‍ നിന്നും മാറ്റേണ്ട ചില ദുശ്ശീലങ്ങള്‍, അല്ലെങ്കില്‍ ഉള്‍പ്പെടുത്തേണ്ട നല്ല ശീലങ്ങള്‍ ഇവയെ ഒക്കെ ഒന്ന് ശക്തമായി പ്രാവര്‍ത്തികമാക്കാന്‍ ഒരു ദിനം..)  അവയില്‍ ഒരുപാട് എണ്ണം സാധിച്ചു, നേടി, നല്‍കി, സ്വന്തമാക്കി, വിട്ടുകൊടുത്തു.. അങ്ങനെ സംഭവബഹുലമായി 2012 കടന്നു പോകാന്‍ ഒരുങ്ങുന്നു.. ഈ വേളയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ചിന്തയില്‍ വരുന്ന ഒരല്പം ചിലത് വെറുതെ..
ഈ വര്‍ഷത്തിന്റെ ആദ്യം എന്നില്‍ കൂടുതല്‍ ഉണ്ടായിരുന്നത് ഏതാനും ചില ഓര്‍മ്മകളും.. ആ ഓര്‍മ്മകളെ മറക്കാനുള്ള ശ്രമങ്ങളും ആയിരുന്നു... ആ ശ്രമം ഇന്നും തുടരുന്നു.. കുറച്ചൊക്കെ മറക്കാന്‍ പഠിച്ചു.. ഇനിയും മറക്കാന്‍ ഉണ്ട്.. എന്തിനു വേണ്ടി വേദനിപ്പിക്കുന്ന ഓര്‍മ്മകളെ കൂടെ കൂട്ടുന്നു എന്ന് ചിന്തിക്കാറുണ്ട്, പലരും ചോദിച്ചിട്ടും ഉണ്ട്.. കൃത്യമായ ഉത്തരം എനിക്കറിയില്ല.. പെട്ടെന്ന് മറക്കാന്‍ കഴിയില്ല എന്ന് മാത്രം അറിയാം.. എന്നാല്‍ മറന്നേ പറ്റൂ എന്നും അറിയാം.. ഈയൊരു വേദന അല്ലെങ്കില്‍ ഓര്‍മ്മ എന്ന് പറഞ്ഞാല്‍ തെറ്റിദ്ധരിക്കരുത് എന്നെ തകര്‍ത്ത് കളയാന്‍ മാത്രം ശക്തിയുള്ളവ അല്ല.. (ആവുമായിരുന്നു; ഞാന്‍ അത് മാത്രം ആലോചിച്ച് ജീവിക്കുകയായിരുന്നെങ്കില്‍... പക്ഷെ അങ്ങനെയല്ല..) ഓര്‍മ്മകള്‍, വേദന എല്ലാം നൈമിഷികം മാത്രം.. ഒരു നിമിഷം മനസ്സ് വല്ലാതെ ആര്‍ദ്രമാകും. അപ്പോള്‍ വെറുതെ ഓരോന്ന് വാരിക്കുറിച്ചിടും. അതില്‍ ഒരു പക്ഷെ വേദനയുടെ സ്വരം ഉണ്ടാകാം.. പക്ഷെ അതാ നിമിഷത്തേക്ക് മാത്രം... അത് കൊണ്ടാവാം മിക്കവാറും  സന്തോഷത്തിന്റെ വരികള്‍ കുറിക്കാന്‍ ഞാന്‍ പരാജയപ്പെടുന്നത്..
വെറുതെ കുത്തിക്കുറിക്കാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.. കുറേക്കാലം അതിനെ വെറുതെ നിര്‍ത്തി, വേണോ വേണ്ടയോ, എഴുതിയാല്‍ മറ്റാര്‍ക്കെങ്കിലും വിഷമമാകുമോ എന്നറിയാതെ... ഒടുവില്‍ ഇല്ലെന്നു തീര്‍ച്ചപ്പെടുത്തി എഴുതാന്‍ തുടങ്ങി.. ഇവിടെ ഈ ലോകത്തില്‍ ഒരുപാട് പേരെ പരിചയപ്പെട്ടു.. ചിലരോട് കൂട്ടുകൂടി, ചിലര്‍ കൂട്ടുകാരായി.. മറ്റു കുറെ പേരെ വായിച്ചറിഞ്ഞു.. നിശ്ശബ്ദമായി അവരുടെ വാക്കുകള്‍ കേട്ടൂ.. ചിലരോട് മറുപടി പറഞ്ഞു, മറ്റു ചിലര്‍ക്ക് മറുപടി നല്‍കി.. അങ്ങനെ അങ്ങനെ കാലം മുന്നോട്ടു തന്നെ...
ഇവിടെ പരിചയപ്പെട്ട ഏറെ പേരിലും ഒരുപാട് നന്മകള്‍ കാണാന്‍ കഴിഞ്ഞു.. വാക്കുകള്‍ കൊണ്ട് സാന്ത്വനം നല്‍കിയവര്‍.. മനസ്സ് കൊണ്ട് കൂടെ നിന്നവര്‍.. ചിന്തകളില്‍ എന്നോട് സാദൃശ്യം തോന്നിയവര്‍... അഭിപ്രായങ്ങള്‍ കൊണ്ട് ഓരോ കുറിപ്പും മനോഹരമാക്കിയവര്‍..
അറിയാതെ, അറിയപ്പെടാതെ ആരെയും അറിയിക്കാതെ കുറെ നാള്‍.. പിന്നെപ്പോഴോ അങ്ങനെ തന്നെ തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പറഞ്ഞ ചില വാക്കുകള്‍, വാഗ്ദാനങ്ങള്‍ തെറ്റിക്കേണ്ടി വന്ന നിമിഷങ്ങള്‍.. ഒരുവേള അന്ന് മാത്രം ഒരല്പം വേദന തോന്നി.. കാരണം പറഞ്ഞ വാക്കുകള്‍ പാലിക്കാതെ പോയതിലുള്ള വിഷമം.. പിന്നത് പറഞ്ഞു പരിഹരിക്കുന്നത് വരെ സമാധാനം ഉണ്ടായിരുന്നില്ല...
അല്ലാ ഇതെന്താപ്പോ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്.. ഒരു പുതുവര്‍ഷം ആശംസിക്കാം എന്ന് കരുതി വന്നപ്പോള്‍ വീണ്ടും ഓര്‍മ്മകളും മറ്റുമായി ബോറടിപ്പിക്കുന്നു അല്ലെ?! എന്തായാലും ബോറടിച്ചു, എങ്കില്‍ ഒരല്പം കൂടി ആവാം..
സ്നേഹത്തിനും സൌഹൃദത്തിനും എന്നും ജീവിതത്തില്‍ പ്രാധാന്യം നല്കാറുണ്ട് നമ്മളെല്ലാവരും.. ഞാനുമതെ.. എന്നിട്ടും പലരെയും നോവിച്ചിട്ടുണ്ട് അറിഞ്ഞും അറിയാതെയും.. അതിനെല്ലാം മാപ്പ് ചോദിച്ചോട്ടെ ഈ അവസരത്തില്‍.. ചിലപ്പോള്‍ ആരെങ്കിലും കൂടുതലായി സ്നേഹിക്കുന്നു എന്ന് തോന്നിയാല്‍ അവരെ വേദനിപ്പിക്കും.. എന്തിനേക്കാളും വലിയ സാന്ത്വനം സ്നേഹമാണ്.. അത് പോലെ എന്തിനേക്കാളും വലിയ ദുഃഖവും ഈ സ്നേഹം തന്നെയാണ്.. അത് കൊണ്ട് ചിലപ്പോള്‍ വേദനിപ്പിച്ചു എന്ന് വരാം.. വേദനിപ്പിക്കാന്‍ വേണ്ടിയല്ല കൂടുതല്‍ സ്നേഹിക്കാതിരിക്കാന്‍ വേണ്ടി മാത്രം... ഒരുനാള്‍ നാമെല്ലാവരും പിരിയേണ്ടവരാണ്, അന്ന് കൂടുതല്‍ വേദനിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഒരല്പം ഞാനിന്നു വേദനിപ്പിച്ചു എന്ന് വരാം (എന്റെ മാത്രം തോന്നലാണ് കേട്ടോ ശരിയാകണം എന്നില്ല.!) നിനക്കന്നു എന്നെ വെറുത്തു കൂടായിരുന്നോ, വേദനിപ്പിച്ചു കൂടായിരുന്നോ, എന്നാല്‍ ഞാനിത്ര നോവില്ലായിരുന്നു എന്ന് കേള്‍ക്കുന്നു പലപ്പോഴും മറക്കേണ്ട ആളില്‍ നിന്നും..
പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറെയേറെ നല്ല സൌഹൃദങ്ങള്‍ ഉണ്ട് കൂടെ.. ഓരോ സൌഹൃദവും ജീവന്റെ, മനസ്സിന്റെ ഒരു ഭാഗം തന്നെയാണ്.. എന്നില്‍ നിന്ന് പിരിഞ്ഞു പോയാലും പിണങ്ങി പോയാലും എന്നും മനസ്സില്‍ ഉണ്ടാകും.. മറക്കാന്‍ കഴിയില്ല.. അത്രയേറെ ഇഷ്ടം.. എന്നും വിടരുന്ന ഒരു പുഞ്ചിരിയുണ്ട് ആ സാമീപ്യത്തില്‍..

അപ്പോള്‍ ഈ വര്‍ഷത്തിന്റെ അവസാന ദിനമായ ഇന്ന് മനസ്സില്‍ സന്തോഷം നിറഞ്ഞു കൊണ്ട്, സമാധാനം കാംക്ഷിച്ചുകൊണ്ട്, സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഈ ലോകത്തെ നെഞ്ചോട് ചേര്‍ത്തു കൊണ്ട്.. പ്രിയ സ്നേഹിതരെ നിങ്ങള്‍ക്കേവര്‍ക്കും ഹാര്‍ദ്ദവമായി ആശംസിക്കട്ടെ നവവത്സരാശംസകള്‍....
വരാനിരിക്കുന്ന വര്‍ഷം നിങ്ങളേവരുടെയും ജീവിതത്തില്‍ സന്തോഷവും, സമാധാനവും, സ്നേഹവും, ദൈവകൃപയും ഉള്ളതാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്

സ്നേഹപൂര്‍വ്വം....

22 comments:

 1. ഈ വരികള്‍ ബോറടിപ്പിച്ചില്ല കേട്ടോ...വരികള്‍ മനസ്സില്‍ തട്ടി കടന്നു പോയി... ഓരോ കൊഴിഞ്ഞുപോക്കുകളും എന്നും നോവ്‌ തന്നെയാണ്... എങ്കിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ ഉള്ളപ്പോള്‍ ഈ നൊമ്പരങ്ങളെ അതിജീവിച്ചേ മതിയാവൂ...പിരിയാന്‍ പോകുന്ന 2012 അണയാന്‍ പോകുന്ന 2013നോട് എന്തോ മൊഴിയുന്നുണ്ട്.... ഇവനുള്ള കരുതലും സ്നേഹവും ഞാന്‍ നിനക്ക് കൈമാറുന്നു എന്ന് തന്നെയാ ആ സ്വകാര്യം... അതൊകൊണ്ട് പെയ്തൊഴിഞ്ഞ സ്വപ്നങ്ങളെയും ഓര്‍മകളെയും കൂടെ കൂട്ടാതെ ഇനിയും ഈ ലോകത്ത് ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യുക... സ്നേഹവും സന്തോഷവും നന്മയും സൌഹൃദവും ഒക്കെ ആ ഹൃദയത്തില്‍ പുഴയായി ഒഴുകാന്‍ ഈ 2013നു കഴിയട്ടെ നിത്യാ....... WISHING YOU A HAPPY 2013......

  ReplyDelete
  Replies
  1. ആശാ, വാക്കുകള്‍ വിരസത നല്‍കിയില്ല എന്നറിയുന്നത് ഏറെ സന്തോഷം.. എഴുതാന്‍ തുടങ്ങുമ്പോള്‍ സംശയം ഉണ്ടായിരുന്നു.. അത് കൊണ്ടാ മുന്‍‌കൂര്‍ജാമ്യം എടുത്തത്..:)
   ശരി തന്നെയാണ് ഓരോ കൊഴിഞ്ഞു പോക്കും ഒരു നോവ്‌ തന്നെയാണ്.. എങ്കിലും ആ നോവിനെ അതിജീവിച്ചേ മതിയാകൂ..
   ഒരു നല്ല സുഹൃത്തിന്റെ കടമ, അല്ലെങ്കില്‍ നിറഞ്ഞ സ്നേഹം.. വിട പറയുമ്പോള്‍ അവനോളം, അല്ലെങ്കില്‍ അവനെക്കാള്‍ സ്നേഹമുള്ള മറ്റൊരു സുഹൃത്തിനെ നേടിക്കൊടുക്കുക എന്നത്... 2012 ഒരു നല്ല ഓര്‍മ്മ 2013 നെ നേടിത്തരുന്ന സൗഹൃദം...
   ജീവിതം പഠിക്കുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ച.. ഒരു വര്‍ഷം കഴിയുകയല്ലേ.. അവസാനത്തെ രണ്ടാഴ്ച ഒരു പുനര്‍ചിന്തനം നടത്തുകയായിരുന്നു... അത് കൊണ്ട് ഒഴുകിയകന്ന നീര്‍ച്ചാലുകളെ പോല്‍ സ്വപ്നങ്ങളെയും ഓര്‍മ്മകളെയും കടലില്‍ കളയാന്‍ തീരുമാനിച്ചു.. ആശയ്ക്കും അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു...
   ജീവിതത്തില്‍ എന്നും നന്മയും സ്നേഹവും സൌഹൃദവും സന്തോഷം നല്‍കട്ടെ..
   Wishing you and your beloved ones the same happy and prosperous New Year..
   Be happy in each and every day in 2013, enjoy each and every moment in each day.

   Delete
 2. അപരനു ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ ! :)

  ReplyDelete
  Replies
  1. കാത്തീ നിനക്ക്, നിന്നില്‍ നിറഞ്ഞ എനിക്ക്; അല്ല!! അല്ലല്ല!!! എന്നില്‍ നിറഞ്ഞ നിനക്ക്, ഞാനെങ്ങനെ ആശംസകള്‍ പറയും,, നീ ഞാനും ഞാന്‍ നീയുമായി മാറുമ്പോള്‍, ആരുടെയൊക്കെയോ മനസ്സുകളില്‍ അങ്ങനെ താദാത്മ്യം പ്രാപിക്കുമ്പോള്‍, എന്റെയും നിന്റെയും വിജനവീഥികളില്‍ വെളിച്ചം നല്‍കാനെത്തിയ നമ്മുടെ ആ സൌഹൃദങ്ങള്‍ക്ക് നേരാം നമുക്കൊരുമിച്ച്. ഹാര്‍ദ്ദവമായ പുതുവത്സരാശംസകള്‍... [ഇരു ഹൃദയങ്ങള്‍ ഒന്നായി നേര്‍ന്നു.... നവവത്സരാശംസകള്‍]
   എങ്കിലും കാത്തീ ഈ വര്‍ഷമെങ്കിലും സ്വതന്ത്രമാകുമെന്നു കരുതിയത് തെറ്റുന്നു... :( :) ചിരിക്കണോ കരയണോ..? എന്തായാലും കരയില്ല എന്ന തീരുമാനം എടുത്തുപോയി.. അത് കൊണ്ട് ചിരിക്കാം അല്ലെ? ഇനിയൊട്ട് പറയുവാന്‍ വയ്യെനിക്ക്.. നീ പറഞ്ഞുകൊള്ളൂ..
   ഞാന്‍ നിറുത്തി!!
   എന്തായാലും നമുക്ക് ചിരിച്ചു കൊണ്ട് 2013 നെ വരവേല്‍ക്കാം.. വരും നല്ല നാളുകളിലെ ഓരോ നിമിഷവും മനോഹരമാകാന്‍ കാത്തിക്കും കാത്തീടെ പ്രിയമുള്ളവര്‍ക്കും ഹാര്‍ദ്ദവമായ പുതുവത്സരാശംസകളോടെ മറ്റൊരു ....... :)

   Delete
 3. ഹൃദയം നിറഞ്ഞ നവര്‍ഷ ആശംസകള്‍.

  ReplyDelete
  Replies
  1. ഉമാ, മഴപെയ്തൊഴിഞ്ഞ വാനം പോലെ
   മനസ്സ് തെളിഞ്ഞു നിറഞ്ഞ ചിരിയോടെ
   ആശംസകള്‍ പറയുമ്പോള്‍
   തിരികെ നേരട്ടെ ഹാര്‍ദ്ദവമായ ആശംസകള്‍
   അച്ചുവിനും അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും...

   Delete
 4. സ്വപ്നങ്ങളും ,പ്രതീക്ഷകളും പൂവണിയുന്ന സന്തോഷം മാത്രം നല്‍കുന്ന ഒരു വര്‍ഷമാകട്ടെ കടന്നു വരുന്നത് , ആശംസകള്‍

  ReplyDelete
  Replies
  1. വിനീതാ... പുതു വര്‍ഷം പുതു പ്രതീക്ഷകളും പുതിയ ഉത്തരവാദിത്തങ്ങളുമായി ജീവിതം തിരക്ക് നിറഞ്ഞതാവട്ടെ..
   ആ തിരക്കുകളില്‍ ഓര്‍മ്മകളും നോവും നൊമ്പരവും മറക്കാന്‍, പുതുവര്‍ഷം ഏറെ മനോഹരമാകാന്‍..
   നേരട്ടെ ഹൃദ്യമായ നവവത്സരാശംസകള്‍ വിനീതയ്ക്കും പ്രിയപ്പെട്ടവര്‍ക്കും...

   Delete
 5. പ്രിയ കൂട്ടുകാരാ,
  ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. പ്രിയ ഗിരീ...

   സ്നേഹത്തിന്റെ
   സമാധാനത്തിന്റെ
   ശാന്തിയുടെ
   മനോഹരമായ നല്ല നാളെകള്‍
   ഗിരിക്കും കുടുംബത്തിനും
   പ്രിയമുള്ളവര്‍ക്കും നേരട്ടെ...

   നിന്നിലേറെ പ്രിയമോടെ...

   Delete
 6. Replies
  1. ഒരു വര്‍ഷത്തിന്റെ അവസാനം ആദ്യമായെത്തിയ പ്രവീണ്‍...!! :) :)
   പ്രവീണിനും കുടുംബത്തിനും പുതു വര്‍ഷത്തില്‍ നന്മ നിറഞ്ഞ ദിനങ്ങള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ഹൃദ്യമായി ആശംസിക്കുന്നു...

   Delete
 7. പ്രിയപ്പെട്ട സ്നേഹിതാ,

  ധനുമാസത്തിലെ ഈ രാവു കഴിയുമ്പോള്‍,

  പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്‍പുലരി കാത്തു നില്‍ക്കുന്നു എന്നറിയുക !

  മനോഹരമായ ദിനങ്ങളില്‍, പൂക്കളുടെ സൗന്ദര്യവും സൌരഭ്യവും നിറയട്ടെ !

  കണ്ണന്റെ കാരുണ്യം കൊണ്ട്, വരും ദിനങ്ങളില്‍ ,സന്തോഷവും സമാധാനവും ലഭിക്കട്ടെ !

  ജീവിതയാത്രയില്‍, പരിചയപ്പെട്ടതില്‍ സന്തോഷം !

  ഐശ്വര്യപൂര്‍ണമായ നവവര്‍ഷം ആശംസിച്ചു കൊണ്ട്,

  സസ്നേഹം,

  അനു


  .

  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനൂ,

   ഓരോ രാവും ഓരോ ഓര്‍മകളെ മയക്കി..
   പുലരിക്കായ്‌ ഒരു പുതുപ്രതീക്ഷയെ നല്‍കുന്നു...

   മനസ്സില്‍ നിറയുന്ന പൂക്കളും.. ആ സുഗന്ധവും..
   ഓരോ ദിവസവും മനോഹരമാകാന്‍..

   ഒരിക്കലും മതിവരാത്ത ദര്‍ശനങ്ങളില്‍ എന്നും കണ്ണന്‍ നിറയാന്‍..
   ആ നിറവില്‍ മനസ്സില്‍ സമാധാനം ലഭിക്കാന്‍..

   പുതുവര്‍ഷം സ്നേഹത്താല്‍ സന്തോഷത്താല്‍ സമാധാനത്താല്‍
   പുലരട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്...

   അനുവിനും അമ്മയ്ക്കും ജ്യേഷ്ഠന്മാര്‍ക്കും
   മാധവിനും നന്ദയ്ക്കും.. തൃശൂരിനും :)
   ഹൃദ്യമായ പുതുവത്സരാശംസകള്‍...

   സ്നേഹപൂര്‍വ്വം..

   Delete
 8. നിത്യവും ഹരിതമായിരിയ്ക്കട്ടെ

  ഹൃദയംഗമമായ പുതുവര്‍ഷാശംസകള്‍

  ReplyDelete
  Replies
  1. അജിത്തേട്ടനും കുടുംബത്തിനും ഹൃദയം കൊണ്ട് നേരട്ടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍...

   Delete
 9. നിത്യക്കും കുടുംബാംഗങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
  പുതുവത്സരാശംസകള്‍ !!!

  ReplyDelete
  Replies
  1. അശ്വതിക്കും പ്രിയപ്പെട്ടവര്‍ക്കും പുതുവര്‍ഷത്തിലെ ഓരോ ദിനവും മനോഹരമാകാന്‍, ഓരോ നിമിഷവും സന്തോഷം നിറഞ്ഞതാവാന്‍ ഹൃദയം കൊണ്ട് ഹൃദയത്തോട് പറയട്ടെ.. ഒരായിരം പുതുവത്സരാശംസകള്‍...

   Delete
 10. നല്ല പ്രതീക്ഷകളുടെ പുതുവര്‍ഷം.. ആശംസിക്കുന്നു.

  ReplyDelete
  Replies
  1. രാജീവേ വൈകിയ വേളയില്‍ നന്മനിറഞ്ഞ ഒരു പുതുവര്‍ഷം ഹൃദ്യമായി ആശംസിക്കട്ടെ...
   മുന്തിരിമണികള്‍ വായിക്കാറുണ്ട്ട്ടോ... പലപ്പോഴും മറുപടി പറയാന്‍ കഴിയാത്ത വിധം മനോഹരമാകുന്നത് കൊണ്ട് തിരിച്ചു പോരുന്നു എന്നേയുള്ളൂട്ടോ..

   Delete
 11. എല്ലാവർക്കും ഹൃദയമ്നിറഞ്ഞ പുതുവൽസരാശംസകൾ
  Happy New Year 2014

  ReplyDelete
  Replies
  1. പുതുവര്‍ഷം (.....2014......) നന്മകള്‍ നല്‍കട്ടെ ഹരി....
   ഭാവി ജീവിതം മനോഹരമാകട്ടെ....

   Delete