Saturday, January 5, 2013

നിന്നോടൊത്തു ഒരു ദിനം...

ഒരു യാത്രയായിരുന്നു.. എവിടൊക്കെയോ..
അറിയാത്ത വഴികളിലൂടെ...
അറിയുന്ന നിന്റെ കയ്യും പിടിച്ചു കൊണ്ട്..
ഓരോ യാത്രയും മനോഹരം....
ദൂരമേറുമെങ്കില്‍ ഏറെ മനോഹരം..
നീ കൂടെ ഉണ്ടെങ്കില്‍ അതിലേറെ മനോഹരം..
മഞ്ഞു നനഞ്ഞ ഇലകള്‍ കൊഴിഞ്ഞു വീണ വഴികളിലൂടെ..
അപ്പൂപ്പന്‍ താടികള്‍ പാറിപ്പറക്കുന്നതും നോക്കി..
മഞ്ചാടിമണികള്‍ വീണുകിടക്കുന്നതും കണ്ടു..
കുറച്ചേറെ പെറുക്കിയെടുത്ത്..
കുറെയേറെ ഉപേക്ഷിച്ചു കൊണ്ട്..
ഒരുമിച്ചുള്ള നിന്നോട് സംസാരിച്ചുകൊണ്ട്..
എത്ര ദൂരം നടന്നു നമ്മള്‍, എന്നിട്ടും മതിവരാതെ..
ഓരോ അപ്പൂപ്പന്‍ താടിയുടെയും പിന്നാലെ എത്ര ഓടി..
ഒരിക്കല്‍ കൂടി പൊയ്പോയ ബാല്യത്തിലൂടെ സഞ്ചരിച്ച പോലെ...
പ്രിയപ്പെട്ടവരുടെ കൈ പിടിച്ചു നടന്ന നാളുകള്‍ ഓര്‍ത്ത്‌ പോയി...
ഇനിയൊരിക്കല്‍ കൂടി വരണം..
ഇവിടെ നിന്നും സൂര്യന്‍ ഉദിക്കുന്നത് കാണണം..
ഉദിക്കുന്നതിന് മുന്നേ ഈ മഞ്ഞില്‍ ഒന്ന് കൂടി നടക്കണം..
കൊഴിഞ്ഞു വീണ ഇലകളെ നോവിക്കാതെ..
പച്ചപിടിച്ചു നില്‍ക്കുന്ന മരങ്ങളോട് കിന്നാരം പറഞ്ഞു കൊണ്ട്..
പാറിനടക്കുന്ന അപ്പൂപ്പന്‍താടികളോട് വഴക്കടിക്കാന്‍..
മഞ്ചാടിമണികള്‍ ഇനിയുമേറെ പെറുക്കിഎടുക്കാന്‍..
ഒരിക്കല്‍ കൂടി..
അന്നും നീ വേണം എന്റെ കൈ പിടിക്കാന്‍.. 
വാതോരാതെയുള്ള നിന്റെ സംസാരം കേള്‍ക്കാന്‍..
ഒരുമിച്ചു കടലകൊറിക്കാന്‍ ഞാനുണ്ടാവും..

23 comments:

 1. എത്ര നടന്നാലും തീരാത്ത വഴികളാണ് നിങ്ങളുടെ മുന്നില്‍
  സ്നേഹം തുടിക്കുന്ന വിരലുകള്‍ നിങ്ങളുടെ വിരലുകളില്‍ കോര്‍ത്തിരിക്കുമ്പോള്‍
  നല്ല വരികള്‍ സ്നേഹിതാ..
  പ്രഭാതത്തില്‍ തന്നെ നല്ല ഒരു വായന തന്നതിന് നന്ദി

  ReplyDelete
  Replies
  1. പ്രിയ നിസാര്‍..
   അതേല്ലോ..
   എത്ര നടന്നാലാണ് തീരുക..
   എത്ര സുന്ദരം ഈ നിമിഷങ്ങള്‍..
   പ്രിയ സൗഹൃദങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട്...
   പ്രകൃതിയുടെ ഈ മനോഹാരിതയില്‍ നടക്കാന്‍..
   മണ്ണിനെ ചുംബിച്ച മഞ്ഞു വീണ വഴികളിലൂടെ..
   കൊഴിഞ്ഞു വീണ ഇലകള്‍ക്ക് പോലും പറയുവാന്‍ ഏറെ..
   നിശ്ശബ്ദമായി അവ എന്തൊക്കെയോ വിളിച്ചു പറയുന്നു..
   കാറ്റില്‍ ഒഴുകുന്ന അപ്പൂപ്പന്‍താടികള്‍ വീണ്ടും വിളിച്ചു കൊണ്ട് പോകുന്നു..
   ഈ ഭൂമിയെത്ര സുന്ദരം എന്ന് കാണിച്ചു തരുവാന്‍...

   മനോഹരമായ ഒരു ദിനം നേര്‍ന്നു കൊണ്ട്...

   Delete
 2. പ്രിയപ്പെട്ട സ്നേഹിതാ,


  സുപ്രഭാതം !നടന്നു പോകാനുള്ള വഴിത്താരയില്‍, കൈകോര്‍ത്തു പിടിക്കുവാന്‍ ''നീ'' മാത്രം എന്ന ചിന്ത ഉപേക്ഷിക്കുക......

  വഴിത്താരകളിലെ തിരിവുകളില്‍,ഈശ്വരന്‍ ഒരുക്കിയ സൌഹൃദവും സ്നേഹവും തിരിച്ചറിയുക .ഒരു പൂ പോലെ മൃദുലം,വരികള്‍ !

  ശുഭചിന്തകളും, പ്രതീക്ഷകളും, മുന്നോട്ടു നയിക്കട്ടെ !

  ശുഭദിനം !

  സസ്നേഹം,

  അനു  ReplyDelete
  Replies
  1. പ്രിയപ്പെട്ട അനൂ,

   സുപ്രഭാതം... ശുഭദിനം...

   "നീ" നിങ്ങള്‍ തന്നെ.. എന്നെ അറിയുന്ന എനിക്കറിയുന്ന എന്റെ പ്രിയ സൗഹൃദങ്ങള്‍...
   മറ്റൊരു "നീ" ഇനിയിവിടില്ല.. ഒരു പക്ഷെ ഇനിയൊരിക്കലും...

   ഈശ്വരന്‍ കാത്തുവച്ച സ്നേഹവും സൗഹൃദവും കാണാതെ പോകാന്‍ കഴിയില്ല.. കൂടെയുണ്ട് എന്നും എന്നറിയാം.. ഓരോ നിമിഷവും.. ഓരോ മാത്രയും

   ചിന്തകളില്‍ പ്രതീക്ഷകളില്‍ നന്മകള്‍ മാത്രം...

   മനോഹരമായ നിമിഷങ്ങള്‍ നിറയാന്‍ ഒരിക്കല്‍ കൂടി ഹൃദ്യമായ് നേരട്ടെ ശുഭദിനം...

   സ്നേഹപൂര്‍വ്വം...

   Delete
 3. പ്രിയപ്പെട്ട കൂട്ടുകാരാ,

  മഞ്ചാടി മണികളും മഞ്ഞു തുള്ളികളും പോലെ മനോഹരമായ വരികള്‍
  മനസ്സിന് കുളിരായ്.
  സന്തോഷം നിറഞ്ഞ ഒരു ദിനം ആശംസിക്കുന്നു ഇന്നും എന്നും

  സ്നേഹത്തോടെ,
  ഗിരീഷ്‌

  ReplyDelete
  Replies
  1. പ്രിയ ഗിരീഷ്‌..

   കൈകളില്‍ കോരിയെടുത്ത് മുകളിലേക്കെറിഞ്ഞു മുഖത്തേക്ക് വീഴുന്ന മഞ്ചാടിമണികള്‍..

   പുലരിയുടെ ആദ്യയാമങ്ങളില്‍ വീഴുന്ന മഞ്ഞുതുള്ളികള്‍..

   മനസ്സിനെ ആര്‍ദ്രമാക്കുന്ന സൗഹൃദങ്ങള്‍, സ്നേഹം..

   ദിനങ്ങള്‍ സന്തോഷമാകാതിരിക്കുന്നതെങ്ങനെ..

   മനസ്സിലൊരു മഴ പെയ്യാന്‍...

   ആ മഴ കണ്ടു ആമോദിച്ചു കൊണ്ടൊരു മയില്‍ നൃത്തമാടാന്‍...

   നേരട്ടെ ഹൃദയം കൊണ്ട് മനോഹരമായ ഒരു ദിനം..

   ശുഭദിനം...

   Delete
 4. നിന്റെ കൈപിടിച്ച് അറിയാത്ത വഴികളിലും ഒരുപാട് ദൂരം നടന്നിട്ടും മതിവരാതെ...മരങ്ങളോട് കിന്നാരം പറഞ്ഞും....അപ്പൂപ്പന്‍ താടികളെ താലോലിച്ചും മഞ്ചാടിമണികള്‍ കൈക്കുമ്പിള്‍ നിറച്ചും ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര...ഇനിയും കൊതി തീരാത്ത ആ യാത്രകളില്‍ കൊഴിഞ്ഞു വീണ ഇലകളെ പോലും നോവിക്കാതെ നീ...മനസ്സില്‍ വിരിയുന്നു ഈ യാത്രയുടെ കുഞ്ഞുവസന്തം... നിത്യേ...ഈ മനോഹര വരികളില്‍ ഈ യാത്രയില്‍ ഞാനും ഒപ്പം കൂടിട്ടോ..:)

  ReplyDelete
  Replies
  1. യാത്രകള്‍ എന്നും മനോഹരം.. ദൂരമേറെയുണ്ടെങ്കില്‍, കൂടെ നീയുണ്ടെങ്കില്‍..
   നിന്റെ കരംഗ്രഹിച്ചു നടക്കുന്ന നിമിഷങ്ങളേക്കാള്‍ വിലപ്പെട്ടതെന്തുണ്ട് ജീവനില്‍...
   ആരെയും നോവിക്കാതെ, ആരുടേയും പരിഭവങ്ങള്‍ ഏറ്റുവാങ്ങാതെ നമുക്ക് നടക്കാം..
   ഈ വഴികളിലൂടെ..
   മഞ്ഞു വീണ... മഞ്ചാടിമണികള്‍ നിറഞ്ഞ.. അപ്പൂപ്പന്‍താടികള്‍ പാറിനടക്കുന്ന..
   സുന്ദരമായ ഈ വഴികളിലൂടെ.. കൈകള്‍ ചേര്‍ത്ത്.. മനസ്സ് ചേര്‍ത്ത്.. നിര്‍ത്താതെ സംസാരിച്ചു കൊണ്ട്, നേര്‍ത്ത മഞ്ഞുകണങ്ങളാല്‍ നനഞ്ഞുകൊണ്ട് നമുക്ക് നടക്കാം...

   ആശാ, ഒരു കുഞ്ഞു യാത്രാവസന്തം മനസ്സില്‍ വിരിഞ്ഞതിനു... ഈ യാത്രയില്‍ ഒപ്പം കൂടിയതിനു... ഏറെ സന്തോഷം...

   മനോഹരമായ ഒരു സായാഹ്നം... പിന്നൊരു രാവും.. അത് കഴിഞ്ഞെത്തുന്ന പുലരികളും നന്മ നിറഞ്ഞതാകാന്‍ ഹൃദ്യമായ് ആശംസിച്ചു കൊണ്ട്...

   Delete
 5. പുതുവത്സരാശംസകള്‍ നിത്യ ...
  വിഷ്വലൈസ് ചെയ്യാൻ പറ്റുന്ന രീതിയിൽ വായിക്കാന്‍ സാധിച്ചു .
  മനോഹരം :-)

  ReplyDelete
  Replies
  1. ഒരല്പം വൈകിപ്പോയ പുതുവത്സരാശംസകള്‍ അമ്മാച്ചു...
   ബാല്യം അതൊരു ഓര്‍മ്മ...
   ആ ഓര്‍മ്മയെ ഒന്ന് കൂടി മറവികളുടെ കൂമ്പാരത്തില്‍ നിന്നും പുറത്തെടുക്കാന്‍ ഈയൊരു യാത്ര..
   നാളെകളില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ ഒരേട്‌ കൂടി..

   മനസ്സ് മനസ്സിനോട് താദാത്മ്യം പ്രാപിക്കുമ്പോള്‍...
   ഒരുവേള ഒരുമിച്ചു സഞ്ചരിക്കുന്നുവെങ്കില്‍...
   എഴുത്തിനെ വിഷ്വലൈസ് ചെയ്യാന്‍ കഴിയും..
   ഒരായിരം മയില്‍പീലികള്‍ പകരം നല്‍കാം... അതിന്റെ നീലിമയും നല്‍കാം..

   ശുഭസായാഹ്നം.. സുന്ദരനിമിഷങ്ങള്‍ നിറയട്ടെ ഈ പുതുവര്‍ഷത്തിലും.. അമ്മാച്ചുവിനും പ്രിയപ്പെട്ടവര്‍ക്കും....

   Delete
 6. നിത്യയും പ്രിയയും സംസാരിച്ചു, ചിരിച്ച് , സന്തോഷിച്ചു നടക്കുന്നത് കാണാന്‍ എന്ത് രസം!!!!!.. അത് കാണുമ്പോള്‍ എനിക്കുള്ള സന്തോഷം എത്രയെന്നറിയുമോ? നിത്യാ....ഈ പുതു വര്‍ഷത്തില്‍ ആ വിരലില്‍ പിടിക്കാന്‍ ഒരാള്‍...... ആഗ്രഹിച്ചോട്ടേ

  ReplyDelete
  Replies
  1. പുതുവര്‍ഷത്തിന്റെ ഈ വൈകിയ വേളയില്‍ (എങ്കിലും പൊലിമ നഷടപ്പെടാത്ത ഈ വേളയില്‍) പ്രിയമുള്ള ഒരാളുടെ (പലരുടെയും) വിരലുകള്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എന്റെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എന്നും സ്വാഗതം അശ്വതീ.. എന്റെ വിരലുകള്‍ ഒരിക്കലും എനിക്ക് സ്വന്തമായിരുന്നില്ല.. ചേര്‍ത്ത് പിടിക്കാന്‍ ഒരുപാട് സൗഹൃദങ്ങള്‍.. അതിലൊന്ന് നിന്റെയും.. ആഗ്രഹിച്ചോട്ടെ...? :)

   Delete
 7. നിത്യ, തിരിച്ചുവരവില്‍ ആദ്യ വായന, നിന്റെതാ..
  നന്നായിട്ടോ

  ReplyDelete
  Replies
  1. തിരിച്ചു വരവില്‍ ഏറെ സന്തോഷം പല്ലവീ.. തിരിച്ചു വരവിനായി ഇനിയുമൊരു യാത്ര വേണ്ടാട്ടോ.. നന്നായോ..?!

   Delete
 8. Ayyo kai pidikkan njaan vaikiya ethiye..sorrytto... kshamicho illayo..athu para :/...Ee pallim rinim enne kuttam parayuva nitya... :(

  ReplyDelete
  Replies
  1. വൈകിയെത്തിയതും ആദ്യമെത്തിയതും കീ നീയായിരുന്നല്ലോ... എങ്ങനെ ക്ഷമിക്കാന്‍ കഴിയുമെനിക്ക്..?
   കണ്ടു.. അതിലൊരല്പം സത്യമില്ലേ കീ.. ഉണ്ടെട്ടോ... ഇന്‍ബോണ്‍ ടാലെന്റ്റ്‌ ഇല്ലെന്നെവിടെയോ പറഞ്ഞതോണ്ട്, എന്നെക്കാള്‍ നന്നായ് എഴുതുന്നോണ്ടും ഞാന്‍ പറഞ്ഞില്ല എന്നെ ഉള്ളൂട്ടോ... എന്നാലും അറിയുന്നുണ്ട് വാക്കുകള്‍ക്കുള്ളില്‍ നീ ഒളിപ്പിച്ചു വയ്ക്കുന്ന എന്തോ ഒന്ന് അതിനെ മനോഹരമാക്കുന്നുണ്ട്...

   Delete
  2. അതാണോ കീീയക്കുട്ടി ഇപ്പൊ എന്റെ ഒറ്റ പോസ്റ്റും വായിക്കാതെ?? ഞാന്‍ പിണക്കമാ..

   Delete
 9. വളരെ ഇഷ്ടം ഈ വാങ്മയചിത്രം

  ReplyDelete
  Replies
  1. ഇഷ്ടായോ അജിത്തേട്ടാ... വാക്കുകളെ ചിത്രങ്ങളായ് കാണാന്‍ കഴിഞ്ഞുവെങ്കില്‍ ഏറെ സന്തോഷം...

   Delete
 10. ഒരു യാത്രയായിരുന്നു.. എവിടൊക്കെയോ..
  അറിയാത്ത വഴികളിലൂടെ...
  അറിയുന്ന നിന്റെ കയ്യും പിടിച്ചു കൊണ്ട്..
  ഓരോ യാത്രയും മനോഹരം........
  മനോഹരം .ഈ വരികള്

  ReplyDelete
  Replies
  1. അറിയാത്ത വഴികളില്‍ അറിയാന്‍ എത്തിയതില്‍ ഏറെ സന്തോഷം ഏയ്‌ഞ്ചല്‍..

   Delete
 11. ഒരു യാത്രയായിരുന്നു.. എവിടൊക്കെയോ..
  അറിയാത്ത വഴികളിലൂടെ...
  അറിയുന്ന നിന്റെ കയ്യും പിടിച്ചു കൊണ്ട്..
  ഓരോ യാത്രയും മനോഹരം........
  മനോഹരം .ഈ വരികള്

  ReplyDelete
  Replies
  1. വരികളേക്കാള്‍ മനോഹരമായിരുന്നു ആ യാത്രകള്‍... ഏയ്‌ഞ്ചല്‍
   എന്നും മനോഹരമായവ.... ഓര്‍മ്മകളിലും മറവികളിലും.... മനോഹരമായവ...

   Delete