Sunday, December 23, 2012

ഒരോര്‍മ്മ മാത്രം ഈ ആഘോഷങ്ങള്‍

ഡാ നാളെ നമുക്കൊരു ടൂര്‍ പോയാലോ...
എങ്ങോട്ട്...?
എങ്ങോട്ടെന്ന് നീ പറ....
തല്‍കാലം എങ്ങോട്ടും പോകുന്നില്ല.. നീ മിണ്ടാതിരി...
ഓരോ മാസവും നീ ഇങ്ങനെ പറഞ്ഞു ഇനി പോകാന്‍ എവിടെയാ ബാക്കിയുള്ളത്.. നീ തന്നെ പറ...
അതിനു അതെല്ലാം എല്ലാരും ഒരുമിച്ചല്ലേ പോകുന്നേ.. ഇത് നമുക്ക് രണ്ടു പേര്‍ക്ക് മാത്രം...
ങാ കണക്കായി... ന്നാല്‍ ഇപ്പൊ പോയത് തന്നെ..
എന്തിനാടാ... ഇനി ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല.. നമ്മള്‍ ഒരുമിച്ചുള്ള ആദ്യത്തെയും അവസാനത്തെയും യാത്ര... വെറുതെ, ദൂരേക്കൊന്നും വേണ്ട.. അടുത്തെവിടെയെങ്കിലും...
ഒരല്പനേരമെങ്കിലും നമുക്ക് മാത്രമായി കുറച്ചു നിമിഷങ്ങള്‍...
ശരിയാ ഇനിയൊരുപക്ഷേ നമ്മള്‍ ഒരുമിച്ചൊരു യാത്ര ഉണ്ടാകില്ല... എന്നാലും വേണ്ടെടാ..
എന്നാല്‍ വേണ്ടാ.. ഒരു പക്ഷെ നമ്മള്‍ പോയാല്‍ നാളെ ഒരു കാലത്ത് വെറുതെ മനസ്സിനെ നോവിക്കലാവും... എന്നാല്‍ വേണ്ടല്ലേ..
ഉം.. വേണ്ട..
എന്നാല്‍ ഞാന്‍ ഒന്നും ചോദിച്ചില്ല... അത് പോട്ടെ നാളെ ക്രിസ്തുമസ് അല്ലെ.. എനിക്ക് കേക്ക് വാങ്ങിച്ചു തരില്ലേ...
അതെന്താ നിനക്ക് മാത്രം... എല്ലാര്‍ക്കും.. നീ ഇപ്പൊ നിന്നെ കുറിച്ച് മാത്രേ ചിന്തിക്കുന്നുള്ളൂട്ടോ..
ഇനി കുറച്ചു ദിവസം കൂടിയല്ലെടാ.. പിന്നെ നിനക്ക് കേള്‍ക്കേണ്ടി വരില്ലല്ലോ...
ങാ അതാ ഒരാശ്വാസം...
ഡാ... ആങ്ഹാ.. വേണ്ടാ.. നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ ഞാന്‍ പോകുന്നതില്‍..
എനിക്കെന്തിനു പ്രശ്നം..?
അല്ലാ ഇനി നമ്മള്‍ കാണുമോ..? എന്നെങ്കിലും..? അന്ന് നീയെന്നെ അറിയുമോ..?
നമ്മളെന്തിനാ ഇനി കാണുന്നത്.. ഇനി കാണാന്‍ പാടില്ല.. അറിയാന്‍ പാടില്ല...
ശ്യാമേ നമുക്കൊരല്പം നടക്കാം...
വാ..
നിനക്കോര്‍മ്മയുണ്ടോ കഴിഞ്ഞ ക്രിസ്തുമസിനു നമ്മള്‍ ഒരുമിച്ചു കേക്ക് മുറിച്ചതും.. ആഘോഷിച്ചതും.... എന്ത് വലിയ കേക്ക് ആയിരുന്നു അന്ന് വാങ്ങിയത്.. അല്ലാ, അതിനു മാത്രം ആള്‍ക്കാരും ഉണ്ടായിരുന്നു.. എന്റെയും നിന്റെയും ബന്ധുക്കളും കുടുംബക്കാരും ഒക്കെ ആയി... ഈ വര്‍ഷമോ.. ആരുമില്ല... നമ്മള്‍ മാത്രം... നമ്മുടെ കുടുംബം മാത്രം.. ബന്ധുക്കളെല്ലാം ഇന്ന് എവിടെ.. അതെന്താ ഇപ്രാവശ്യം ആരും വരാതിരുന്നത്...
എനിക്കറിയില്ല സന്ധ്യേ... ഞാനെന്താ പറയേണ്ടത്.. കഴിഞ്ഞ തവണ എല്ലാരെയും വിളിച്ചിരുന്നു... ഇത്തവണ ആരെയും വിളിച്ചില്ല അതാവാം..
നിനക്ക് വിളിച്ചു കൂടായിരുന്നോ.. നല്ല രസമായിരുന്നില്ലേ.. എല്ലാവരും ഒരുമിച്ചു ശബ്ദവും ബഹളവും ഒക്കെയായി..നന്നായിരുന്നേനെ...
നിനക്കറിയില്ലേ എന്താ ഇത്തവണ ആരേം വിളിക്കാഞ്ഞത് എന്ന്..
ങാ ശരിയാ.. വന്നിരുന്നെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍, മറുചോദ്യങ്ങള്‍ എല്ലാം കൂടി...
ആ അത് കൊണ്ടാ വിളിക്കാഞ്ഞേ.. എന്തിനാ വെറുതെ നമ്മളായിട്ട് നമ്മെ വേദനിപ്പിക്കുന്നത്.. ചിലപ്പോള്‍ ബന്ധങ്ങള്‍ അകന്നിരിക്കുന്നതാ നല്ലത്..
നമുക്കിപ്രാവശ്യം ഒരു കൊച്ചു കേക്ക് വാങ്ങിക്കാം, നമ്മളല്ലേ ഉള്ളൂ.. ഇത്തവണ നീ നക്ഷത്രവും വാങ്ങിച്ചില്ല...
ഒന്നും ആഘോഷിക്കാനുള്ള മനസ്സില്ല പെണ്ണെ.. പിന്നെങ്ങനെ...
നീ ഇങ്ങനൊക്കെ പറഞ്ഞാല്‍ ഞാനെങ്ങനാ സമാധാനത്തോടു കൂടി പോവ്വാ..? നീ ചിരിച്ച മുഖത്തോടെ വേണം എന്നോട് യാത്ര പറയാന്‍..
നീ പോകുന്നത് കൊണ്ടാണെന്ന് ആര് പറഞ്ഞു.. ഞാന്‍ പറഞ്ഞോ.. എന്തോ മൂഡില്ല, അത് കൊണ്ട് പറഞ്ഞെന്നു മാത്രം...
എന്നാ ശരി അങ്ങനെയാവട്ടെ.. എന്ത് പറഞ്ഞാലും നിനക്ക് തിരിച്ചു പറയാന്‍ എന്തേലും ഉണ്ടാകും...
എനിക്കോ നിനക്കോ.. ആരാ കൂടുതല്‍ പറയാറുള്ളേ..?
അത്.. ഞാന്‍ തന്നെ.. നീയിങ്ങനെ ഇത്രേം വേഗത്തില്‍ നടന്നാല്‍ ഞാന്‍ പിന്നാലെ ഓടേണ്ടി വരുമല്ലോ.. ഒന്ന് പതുക്കെ നടക്കെന്നെ... എത്രോട്ടം പറഞ്ഞിരിക്കണൂ.. എത്ര പറഞ്ഞാലും മനസ്സിലാവില്ല..
എത്ര പതുക്കെയാ കൊച്ചെ ഞാന്‍ നടക്കുന്നെ.. നിനക്കൊന്നു വേഗത്തില്‍ വരരുതോ..
പോടാ.. ഞാന്‍ എത്ര വേഗത്തിലാ നടക്കുന്നെ..
എന്നാ ശരി നീ വാ...

എത്ര വേഗമാ ഒരു വര്‍ഷം പോയത് അല്ലെ..? എല്ലാം ഇന്നലത്തെ പോലെ...
അതങ്ങനെയാ.. മറക്കേണ്ടതെല്ലാം എളുപ്പത്തില്‍ ഓര്‍ക്കും...
അതെന്തിനാ മറക്കുന്നെ...
അതങ്ങനാ.. നിനക്ക് പിന്നെ മനസ്സിലാകും..
എനിക്കറിയാം...., പലരും ഇപ്പോഴേ അകന്നു തുടങ്ങി അല്ലെ..?
അതാണ്‌ ലോകം.. എന്തിനു വേണ്ടി എന്ന് എനിക്കറിയില്ല.. എന്നിട്ടും... പോട്ടെ സാരമില്ല അല്ലെ.. നമ്മളെന്തിനു അവരെ കുറിച്ച് ഓര്‍ക്കണം... കണ്ടില്ലേ നാളെ ഒരിക്കല്‍ നീയും പോകും.. എല്ലാവരും യാത്ര പറയേണ്ടവരാണ് സന്ധ്യേ.. എല്ലാം ഓര്‍മ്മകള്‍ക്കുള്ളില്‍ മറയേണ്ടവ..
ഞാനും നാളെ നിന്നെ വേദനിപ്പിക്കും അല്ലെ...?
ഇല്ല ഒരിക്കലുമില്ല.. നിനക്ക് യാത്ര പറയാന്‍ വ്യക്തമായ കാരണമുണ്ട്.. കാരണങ്ങള്‍ ഇല്ലാതെ പോകുന്നവര്‍.. ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ അവര്‍ക്ക്.. തെറ്റ് എന്റെതാണ് എങ്കില്‍ അത് എന്താണ് എന്നെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ..
സാരമില്ലെടാ.. നീ വെറുതെ ഓരോന്ന് ഓര്‍ക്കേണ്ട.. വിട്ടുകള.. ദെ.. സമയമോരുപാടായി.. നമ്മള്‍ ഏറെ ദൂരം നടന്നു.. വാ തിരിച്ചു പോകാം...
നമുക്ക് അവിടുന്ന് ഒരു കേക്ക് വാങ്ങാം എന്നിട്ട് പോകാം...
ശരി വാ.. വേഗം..
അല്ലാ ഇപ്പൊ നിനക്കെവിടുന്നാ ഈ സ്പീഡ് വന്നേ..?
ഒന്ന് പോടാ.. നീ വേഗം വന്നേ.. സമയം വൈകുന്നു...
ഉം.. വാ...


ഉം.. ഇല്ല ഇല്ല ആദ്യത്തെ കഷ്ണം എനിക്ക്..., നീ തന്നെ തരണം... വേഗം താ...
നിനക്കില്ല, എന്റെ അമ്മയ്ക്ക്...
അതിനു ഇത് എന്റെ അമ്മയല്ലേ.. നിന്റെ അമ്മ എവിടെ...
ആഹാ നിന്റെ അമ്മയോ... അപ്പൊ എന്റെ അമ്മ എവിടെ എന്നോ... എന്റെ അമ്മ ദാ ഇവിടെ..
ങാ അതും എന്റെ അമ്മയാ.. അത് ഒറിജിനല്‍...
എന്തായാലും ആദ്യത്തെ കഷ്ണം നിനക്കില്ല.. അതുറപ്പാ..
എന്നാല്‍ നമുക്ക് നോക്കാലോ...
ഇന്നാമ്മേ ഇത് പിടി.. അവള്‍ക്ക് കൊടുക്കരുത്ട്ടോ...
വേണ്ട വേണ്ട നീ അവള്‍ക്ക് കൊടുത്തേ.. ഇല്ലെങ്കില്‍ നല്ലൊരു ദിവസമായ ഇന്ന് അവള്‍ കുട്ടിച്ചോറാക്കും...
ങാ അങ്ങനെ വഴിക്ക് വാ... എന്റമ്മയ്ക്കറിയില്ലേ എന്നെ..
മം... നിന്നെ ഞാന്‍... ദാ പിടി...
ആ...
പതുക്കെ കഴിക്ക്.. ആരും പിടിച്ചു പറിക്കാന്‍ വരില്ല... നിന്റെ അച്ഛന്‍ എവിടെ..? ഇത് അച്ഛന് കൊടുക്ക്..
കൊണ്ടാ... അച്ഛാ ആ വായ തുറക്ക്... ആ അങ്ങനെ....  ഡാ കത്തി കൊണ്ടാ..
എന്തിനാ..?
നിനക്ക് വേണ്ടേ..?
അത് ഞാന്‍ എടുത്തോളാം..
അത് വേണ്ടാ ഞാന്‍ മുറിച്ചു തരാം..
കൊണ്ടാ.. കത്തി.. ങാ വേഗം വാ.. ഇന്നാ ചെറിയ കഷ്ണമേ ഉള്ളൂ...
ഏയ്‌..ഡീ കളിക്കല്ലേ മുഖത്ത് ആക്കല്ലെന്നു... നിന്നേ...
എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും...



 
വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു..
ഓര്‍മ്മകള്‍ തിരിച്ചും...!!!
ഇന്നലെ എന്നത് പോലെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്നെ...
നിന്റെ കൊച്ചു വര്‍ത്തമാനങ്ങളെ.. കുസൃതികളെ...
നീ പോയതിനു ശേഷം എത്ര ഓണം, വിഷു, ക്രിസ്തുമസ് ഇവയൊക്കെ വന്നു പോയ്‌...
ഒന്നും അറിഞ്ഞതില്ല ഞാന്‍..
അല്ല മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു...
ഓരോ ആഘോഷവും ഒരു സാധാരണ ദിനം പോലെ കടന്നു പോയ്ക്കഴിയുമ്പോള്‍ ആശ്വാസമായിരുന്നു...
നിന്നെ ഓര്‍മ്മിപ്പിക്കാതെ പോയല്ലോ എന്ന്...
മറന്നു മറന്നു എന്ന് ഞാന്‍ കരുതുന്ന ഓരോ നിമിഷവും നീ എന്റെ ഓര്‍മ്മകളില്‍ ഉണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിരുന്നു..
പക്ഷെ ഓര്‍ക്കാനും മറക്കാനും പറ്റാത്ത ഒരവസ്ഥയില്‍ ഞാന്‍...


 
 
ദൂരെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണുന്നുണ്ടോ നീ...?
നക്ഷത്രങ്ങള്‍ കാട്ടുന്ന വഴിയെ സഞ്ചരിക്കാറുണ്ടോ..?
ക്രിസ്തുമസ് മരം ഒരുക്കിയോ നീ...?
പുല്‍ക്കൂടുകള്‍ അലങ്കരിച്ചുവോ?
ഏറെ നീ കേള്‍ക്കണം എന്നാഗ്രഹിച്ച കരോള്‍ ഗാനം കേള്‍ക്കുന്നുണ്ടോ...?
ഉണ്ണിയേശുവിനെ വരവേല്‍ക്കാറുണ്ടോ?

 
 
 
അറിയുന്നുവോ നീ മറ്റന്നാള്‍ ക്രിസ്തുമസ്...
അയക്കാനോരുങ്ങിയ കാര്‍ഡുകള്‍ ചിലതിന്നും ചില്ല്കൂട്ടിനുള്ളില്‍...
മുറിക്കാന്‍ ഒരു ചെറുകേക്ക് പോലും വാങ്ങീല...
ഒരു കുഞ്ഞു നക്ഷത്രം പോലും തെളിച്ചീല...
ഇടയന്റെ പാട്ട് കേട്ടുമില്ല..
ഒന്നിച്ചു നടന്ന വഴികള്‍ തിരഞ്ഞുമില്ല...
കുസൃതി കാണിക്കാന്‍ നീയില്ലാതെ വിഷമിച്ചവളെ മാത്രം കണ്ടു ഞാന്‍..

 
 
 
അറിയുന്നുവോ നീ മനസ്സില്‍ ഇന്ന് സന്തോഷമുണ്ട്...
നീയവിടെ ആദ്യത്തെ കേക്ക് മുറിച്ച നിമിഷത്തെ ഓര്‍ത്തു ഞാന്‍..
പങ്കിടാന്‍ ഒരുപാട് പേര്‍ ഉണ്ടെന്നറിഞ്ഞ് മനസ്സ് നിറഞ്ഞു..
ഒരു കുഞ്ഞു നക്ഷത്രത്തിന്റെ ചിരി കണ്ടുണരുന്ന നിന്നെ കാണുന്നു ഞാന്‍..
അപ്പോള്‍ ഞാന്‍ വേദനിക്കുന്നതെങ്ങനെ...


 



***....ഹാര്‍ദ്ദവമായ ക്രിസ്തുമസ് ആശംസകള്‍....***

9 comments:

  1. മനസ്സില്‍ നന്മയുള്ള എല്ലാ കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍...

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    സുപ്രഭാതം !

    നക്ഷത്രങ്ങള്‍ തെളിയുമ്പോള്‍, ക്രിസ്തുമസ് ആഘോഷമാക്കുന്നവരുടെ നാട്ടിലേക്ക് ഒരു യാത്ര !

    പുല്‍ക്കൂടും ഉണ്ണിയേശുവും, നക്ഷത്രങ്ങളും ചിന്തകളില്‍ നിറയുമ്പോള്‍,

    ഹൃദ്യമായി ആശംസിക്കട്ടെ...............?

    സമാധാനത്തിന്റെ,ശാന്തിയുടെ,സന്തോഷത്തിന്റെ ക്രിസ്തുമസ് ..........!

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ..

      സുപ്രഭാതം....

      മഞ്ഞു പെയ്യുന്ന പുലരിയില്‍..

      സ്നേഹത്തിന്റെയും, സമാധാനത്തിന്റെയും നുറുങ്ങുകള്‍ ആസ്വദിക്കേണ്ട നിമിഷങ്ങളില്‍..

      ആദ്യമെത്തിയതില്‍ ഏറെ പ്രിയമോടെ...

      ക്രിസ്തുമസ്.. ത്യാഗത്തിന്റെ, സഹനത്തിന്റെ ആഘോഷമെന്നു പറഞ്ഞതാരോ.. എന്നോ...

      ഓര്‍മ്മകള്‍..... മറ്റു ചിലപ്പോള്‍ സ്നേഹവും ഇന്നും കുരിശായി ചുമക്കുന്നു.. താഴെ ഇറക്കി വയ്ക്കാനാവാതെ... ഒരിക്കലും ഒരു ഭാരമായ് തോന്നാതെ...

      ചിന്തകളില്‍.. കണ്ട മുഖങ്ങളില്‍.... അറിഞ്ഞ മനസ്സുകളില്‍ പലതും ഇത് പോലെ ഓരോ കുരിശു ചുമക്കുന്നു...ങാ അതൊക്കെ പോട്ടെ..

      ശാന്തിയും സമാധാനവും നന്മയും സ്നേഹവും നിറഞ്ഞ ഒരു ക്രിസ്തുമസ് രാവിനെ വരവേല്‍ക്കാന്‍...

      ബൈബിള്‍ വചനങ്ങള്‍ ഉരുവിട്ട് ഉണ്ണിയേശുവിന്റെ മുഖം കാണാന്‍...

      ഒരു ക്രിസ്തുമസ് കൂടി...

      പ്രിയപ്പെട്ടവരോടൊപ്പം, നിറഞ്ഞ സ്നേഹത്തില്‍.. വാത്സല്യത്തില്‍.. ഈയൊരു അവധിക്കാലം മനോഹരമാകാന്‍...

      ഹൃദയം കൊണ്ട് ക്രിസ്തുമസ് ആശംസകള്‍...

      നല്ല നിമിഷങ്ങള്‍ നേര്‍ന്നു കൊണ്ട്..

      സ്നേഹപൂര്‍വ്വം...

      Delete
  3. പ്രിയ കൂട്ടുകാരാ,

    സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും മാധുര്യവും തിളക്കവും നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍. !!
    ശുഭദിനം !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌...

      തിരിച്ചും നേരുന്നു ഹാര്‍ദ്ദവമായ ക്രിസ്തുമസ് ആശംസകള്‍...

      നന്മനിറഞ്ഞവന്റെ സ്നേഹത്തിന്റെയും, സഹനത്തിന്റെയും, ത്യാഗത്തിന്റെയും കഥകള്‍ സ്മരിക്കാം...

      ആഘോഷിക്കാന്‍, ആഘോഷങ്ങള്‍ മനോഹരമാക്കാന്‍ നിറഞ്ഞ പ്രാര്‍ത്ഥനകളോടെ...

      നിന്നിലേറെ പ്രിയമോടെ....

      Delete
  4. ആശംസകളോടെ ഈ ഞാനും!

    ReplyDelete
    Replies
    1. ഹാര്‍ദ്ദവമായ ക്രിസ്തുമസ് പുതുവത്സര ആശംസകള്‍... ഈ ഞാന്‍ നും...

      Delete
  5. ഡിസംബറിലെ ഡയറിക്കുറിപ്പ്‌ .കൃസ്തുമസ്സ് ആശംസകള്‍ നേരുന്നു .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
    Replies
    1. താളുകള്‍ തീരാറായിരിക്കുന്നു.. ഇനി വെറും 8 താളുകള്‍ മാത്രം..
      കഴിഞ്ഞു പോയ ഓരോ താളിനും പറയുവാന്‍ ഏറെ ഉണ്ടായിരുന്നു...
      പോയ കാലത്തിന്നോര്‍മ്മകള്‍ ചിന്തകളില്‍ മേഞ്ഞു നടക്കുന്നു...
      ഇന്നിതാ ഡിസംബറും വിട പറയാന്‍ ഒരുങ്ങുന്നു..
      ഓരോ വേര്‍പാടും ഒരായിരം ഓര്‍മ്മകളുടെ കൂമ്പാരമാണ്...
      ആ ഓര്‍മ്മകളില്‍ നിറം പകരാന്‍ ഒരു കുഞ്ഞു മയില്പീലിയായി നീയും...
      ഒത്തിരി സ്നേഹത്തിനു പകരം നല്‍കാന്‍ അതിലേറെ സ്നേഹം എന്നും സൂക്ഷിക്കുന്നു..

      Delete