Sunday, November 30, 2014

താഴ്വാരങ്ങളില്‍ വസന്തം വീണ്ടും വിരുന്നു വരുന്നു..
സ്വപ്നസഞ്ചാരങ്ങളില്‍ ഞാന്‍ മറന്നു വച്ച താളുകള്‍ക്കിടയിലൂടെ..
വരികളിലൂടെ, വാക്കുകളിലൂടെ..
ഓരോ വായനയ്ക്ക് ശേഷവും വീണ്ടും വീണ്ടും തോന്നുകയാണ്..
ഓരോ മനുഷ്യനും ഒരു പുസ്തകമാണ്..
അക്ഷരങ്ങളുടെ, ആശയങ്ങളുടെ, നന്മയുടെ, വഴിവിളക്കുകളുടെ ഖനി..
കരുതിയിരിക്കുക, ഒരു വാക്ക് പോലും തെറ്റാതിരിക്കാനും പാഴാവാതിരിക്കാനും!
ആരൊക്കെയാലോ നമ്മളൊക്കെ വായിക്കപ്പെടുന്നു..
ആരെയൊക്കെയോ നമ്മളും വായിക്കുന്നു..
വരികള്‍ക്കിടയില്‍, വാക്കുകള്‍ക്കിടയില്‍ 
വ്യക്തമായും അവ്യക്തമായും കുറെ ശൂന്യനിശൂന്യതകള്‍..
ചിലരുണ്ട്, വാക്കുകള്‍ കൊണ്ട് മായാജാലം കാണിക്കുന്നവര്‍..
ഒരൊറ്റ വാക്ക് കൊണ്ട് എല്ലാം മാറ്റിമറിക്കുന്നവര്‍..
ഞാന്‍ പ്രണയത്തിലാവുകയാണ്, വാക്കുകളോട്.. ജീവിതത്തോടും...
പ്രണയത്തിലാവുക എന്ന് പറഞ്ഞാല്‍ മറ്റെല്ലാം മറക്കുക എന്ന് തന്നെയാണ്..
ഉപാധികള്‍ ഇല്ലാതെ ഞാന്‍ സ്നേഹിക്കുകയാണ്.. അനുവാദം പോലുമില്ലാതെ..
മറിച്ചിടുന്ന താളുകള്‍ നല്കുന്നതെല്ലാം നീയെന്ന സത്യത്തെയാണ്..
എത്ര മായ്ച്ചാലും സത്യം അതല്ലാതാവുന്നില്ലല്ലോ..
എവിടെയോ വായിച്ചു.. "എല്ലാവരും പുസ്തകങ്ങളാകുന്ന കാലത്ത്,
ഒരാളിൽ മാത്രം അടയാളമായ് ശേഷിക്കുന്ന അക്ഷരമായി ഞാൻ മാറും. "
അങ്ങനെ ചിലതുണ്ട്, മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ചില വാക്കുകള്‍..
പരിചയപ്പെടാതെ ഹൃദയം കവര്‍ന്ന സൗഹൃദം പോലെ..
പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന പ്രണയം പോലെ...
ഉപേക്ഷിച്ചിട്ടും കുശലം പറയുന്ന സ്നേഹം പോലെ...
എത്ര വായിച്ചാലും മതിയാവാത്ത ചില പുസ്തകങ്ങള്‍ ഉണ്ട്... നിന്നേപോലെ..
നിന്നെ ഞാന്‍ എന്റെ താളുകളില്‍ എഴുതിച്ചേര്‍ക്കുകയാണ്, സുവര്‍ണ്ണലിപികളാല്‍..

6 comments:

  1. " ഒരു വാക്ക് പോലും തെറ്റാതിരിക്കട്ടെ.... പാഴാവാതെയും......."

    ReplyDelete
    Replies
    1. നന്ദി മുബി, വായനയ്ക്ക്..

      Delete
  2. വസന്തം വീണ്ടും വിരുന്ന് വരട്ടെ

    ReplyDelete
    Replies
    1. ഋതുക്കളില്‍ ഒന്നല്ലേ... തീര്‍ച്ചയല്ലേ..
      ശുഭരാത്രി, അജിത്തേട്ടാ..

      Delete
  3. വാക്കുകളുടെ മാധുര്യം അക്ഷരങ്ങളായ്‌ തിളങ്ങുന്നു!
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പന്‍ ചേട്ടാ..
      ശുഭരാത്രി..

      Delete