Saturday, September 13, 2014

"എന്താണ് തിരയുന്നത്..?" അഖിയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്..
"എന്റെ ഡയറി.."
എത്ര തിരഞ്ഞിട്ടും കാണാത്തതെന്തേ..!
"അഖീ നീയെടുത്തോ..?"
ഉത്തരത്തില്‍ പലപ്പോഴും കാണാറുള്ള കുറ്റം ആരോപിക്കപ്പെടുമ്പോഴുള്ള ദേഷ്യം ഇല്ലായിരുന്നു..
ഒന്നും പറയാതെ "ഇതല്ലേ..?" എന്ന് ചോദിച്ചു കൊണ്ട് അവന്റെ ഷെല്‍ഫില്‍ നിന്നും എടുത്തു കൊണ്ട് വന്നു..
തിരികെ വാങ്ങുമ്പോഴുള്ള നോട്ടത്തില്‍ "ഒന്നും വായിച്ചില്ല, കുറെ നാളായി നീയിതും നോക്കി വെറുതെയിരിക്കുന്നത് കാണുന്നു. അത് കൊണ്ട് എടുത്തു വച്ചതാണ്.."
ഞാനും ഓര്‍ത്തു.... കുറച്ചു ദിവസങ്ങളായി എല്ലാം മറന്നു താളുകള്‍ ദ്രവിച്ചു തുടങ്ങിയ ഈ ഡയറി തന്നെയായിരുന്നു എന്റെ സമയങ്ങളില്‍ ഏറിയ പങ്കും....
മാഞ്ഞു തുടങ്ങുന്ന 2006... എങ്കിലും മായാത്ത വടിവൊത്ത കയ്യക്ഷരങ്ങള്‍ അതലവിടവിടെ..
ആദ്യത്തെ താളില്‍.. 

"ഒരിക്കല്‍ നമ്മളിത് ഒന്നിച്ചു വായിക്കും.. അന്ന് നമ്മുടെ ചുണ്ടില്‍ കുസൃതി നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടാകും.. കണ്ണുകളില്‍ പോയകാലത്തിന്റെ മധുരസ്മരണകള്‍ വിരിയും.. അന്ന് ചുളിവുകള്‍ വീണ എന്റെ മുഖം പരുപരുത്ത നിന്റെ കൈകളില്‍ നീ കോരിയെടുക്കും... ഇന്നെന്ന പോലെ അന്നും എന്റെ നെറുകില്‍ നീ ചുണ്ടുകള്‍ ചേര്‍ത്തു വയ്ക്കും.. എന്നെ മറന്നു ഞാന്‍ നിന്റെ നെഞ്ചോട്‌ ചേരും... ഒരു ചാരുകസേരയില്‍ നീയും അതിന്റെ കൈവരിയില്‍ ഞാനുമിരിക്കും.. എന്റെ വിരലുകളാല്‍ ഞാന്‍ നിന്റെ നരച്ച മുടികളെ തലോടും.. നീ കണ്ണുകളടയ്ക്കും.. ഞാനെന്റെ മുഖം നിന്റെ തോളില്‍ ചായ്ക്കും... ഒരിളം കാറ്റ് നമ്മെ പൊതിയും... അതില്‍ ഈ ഡയറിയുടെ താളുകള്‍ ഓരോന്നായി പാറി ദൂരേക്ക് പോകും... നമ്മളതറിയില്ല... നമ്മള്‍ പിന്നൊന്നും അറിയില്ല.. ഒരുമിച്ച് ഒന്നായി വീണ്ടും നമ്മള്‍ യാത്ര തുടരും..."

ജീവന്റെ നനുത്ത സ്പന്ദനങ്ങളില്‍ നിന്നും മരണത്തിന്റെ ശീതളിമയിലേക്ക് ഇത്ര മനോഹരമായൊരു യാത്ര... സഖീ ഞാന്‍ വീണ്ടും സ്വപ്നം കാണാന്‍ തുടങ്ങിയിരിക്കുന്നു..  നിനക്ക് ശേഷമുള്ള എന്റെ പ്രണയിനിയെ...!

8 comments:

  1. കവിത്വം തുളുമ്പുന്നൊരു പ്രണയവിശേഷം!

    ReplyDelete
    Replies
    1. എന്നേക്കുമായി എന്നോ കുറിക്കപ്പെട്ട വാക്കുകള്‍...
      കൈമോശം വന്ന ഓര്‍മ്മപ്പൊട്ടുകളെ പോലെ..

      Delete
  2. ആര്‍ദ്രമായ വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ആര്‍ദ്രമായ നിമിഷങ്ങളില്‍ എഴുതപ്പെട്ടവ....

      Delete
  3. എത്ര സുന്ദരമായി പറഞ്ഞു..

    ReplyDelete
    Replies
    1. പറഞ്ഞത് അവളാകുമ്പോള്‍ സുന്ദരമാകാതെ വയ്യ..!

      Delete
  4. അത് നന്നായി ....
    നിനക്ക് ശേഷം പ്രളയം എന്ന ക്ലിഷേ പറയാതെ, നാംബെടുക്കുന്ന സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞു വച്ചത്.

    ഉള്ളിൽ തൊടുന്നതാണ് അവളുടെ വരികൾ ...

    ReplyDelete
    Replies
    1. ഉള്ളത്തില്‍ തൊട്ടു പോയവളല്ലേ... അല്ലെങ്കിലും എങ്ങനെയാണ് നിനക്ക് ശേഷം പ്രളയമെന്നു ഞാന്‍ പറയുക..... നിനക്ക് ശേഷം ഞാന്‍ തന്നല്ലേ...

      Delete