Friday, March 28, 2014

മനസ്സിന്‍റെ അപഥസഞ്ചാരങ്ങള്‍

കാലം, കാലമാണ് പ്രധാനം..
കാലമാണ് കളിത്തോഴന്‍...
കാലമാണ് കൂട്ടുകാരന്‍...
കാലമാണ് സൗഹൃദം....
സമയത്തെ മാനിക്കുക....

എന്നും അങ്ങനെ ആയിരുന്നു, എന്‍റെ സന്തോഷങ്ങള്‍, പൊട്ടിച്ചിരികള്‍, ആഹ്ലാദങ്ങള്‍, കൂടിച്ചേരലുകള്‍ എല്ലാം നല്‍കിയത് കാലമായിരുന്നു..... കൂടെ നോവുകള്‍, വേദനകള്‍, വേര്‍പാടുകള്‍, നൊമ്പരങ്ങള്‍ ഇവ നല്കിയതും കാലമായിരുന്നു.. അത് മായ്ക്കാന്‍ കുറച്ചു സൗഹൃദങ്ങളും, ഒരിക്കലും വേര്‍പെടാത്ത ബന്ധങ്ങളും നല്‍കി... അത് കൊണ്ട് കാലം തന്നെയാണ് പ്രധാനം..... 

ഇതെന്‍റെ ലോകം, എന്‍റെ സങ്കല്‍പങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും സമ്മിശ്രണം.... 
വരികള്‍ക്കിടയില്‍ എന്നെ വായിക്കാതിരിക്കാന്‍ ശ്രമിക്കുക.... 
നിങ്ങള്‍ പരാജയപ്പെട്ടേക്കാം എന്നല്ല, പരാജയപ്പെടും.... 
കാരണം നിങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഞാന്‍ സഞ്ചരിച്ച വഴികള്‍ എന്ന് എല്ലാവരും പറയും, 
പക്ഷേ എനിക്കൊരിക്കലും പറയാനാവില്ല... 
എങ്കിലും ഒന്ന് പറയാന്‍ കഴിയും നിങ്ങള്‍ സഞ്ചരിക്കാത്ത വഴികളിലൂടെയും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്.... 
എന്ത് കൊണ്ടെന്നാല്‍...... 
പൂജ്യം മുതല്‍ ഒന്‍പതു വരെയുള്ള പത്തക്കങ്ങള്‍ കൊണ്ട് എണ്ണിയാല്‍ ഒടുങ്ങാത്ത സംഖ്യകള്‍ സൃഷ്ടിക്കുന്ന ഗണിതം പോലെ...., 
ഇരുപത്തിമൂന്നു ജോഡി ക്രോമോസോമുകളുടെ ഘടനയിലെ വ്യത്യാസം കൊണ്ട് മാത്രം കോടാനുകോടി മനുഷ്യരില്‍ ഓരോ മനുഷ്യനും വ്യത്യാസപ്പെടുന്നത് പോലെ..... 
അതേ, നമുക്കിടയിലും മുഴുവന്‍ സമാനതകള്‍ തന്നെയാണ്... 
എന്നിട്ടും നമ്മളോരോരുത്തരും വ്യത്യസ്തരാണ്.... 
അത് പോലെയാണ് നമ്മുടെ വഴികളും.... 
ഞാനും നീയും ഒരേ വഴികളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകാം... 
അതൊരിക്കലും ഒരു യാത്രയുടെ മുഴുനീളത്തോളം ആകില്ല... 
ചില ഇടവഴികളില്‍ നീയോ ഞാനോ വേര്‍പിരിഞ്ഞിട്ടുണ്ടാകാം... 
അവിടങ്ങളില്‍, അവിടങ്ങളില്‍ മാത്രം നമ്മള്‍ അന്യരായി പോകുന്നു....
അതിലെനിക്ക് നിന്നോടോ, നിനക്കെന്നോടോ പരിഭവം തോന്നേണ്ട കാര്യമില്ല.... 
നമുക്കൊരിക്കലും പരസ്പരം മനസ്സിലാക്കാന്‍ കഴിയില്ല... 
പരസ്പരം മറച്ചു വയ്ക്കുന്ന കാര്യങ്ങള്‍ ഉള്ളെടത്തോളം കാലം മാത്രം.... 
അതേ, വീണ്ടും പറയെട്ടെ.... 
കാലമാണ് പ്രധാനം..... 
നിനക്കെന്നെയും, എനിക്ക് നിന്നെയും മനസ്സിലാക്കാന്‍ കാലം തന്നെയാണ് പ്രധാനം.... 
മറച്ചു വയ്ക്കപ്പെടുന്ന കാലത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് നമ്മള്‍ അറിയാനുള്ള ദൈര്‍ഘ്യം വ്യത്യാസപ്പെടുന്നു.....

ഞാന്‍ നിന്നില്‍ നിന്നും നീ എന്നില്‍ നിന്നും അകലുന്നു... 
എല്ലാം ഉപേക്ഷിച്ചു ഞാന്‍ നിന്നിലേക്ക്‌ വന്നപ്പോള്‍ ഒരു ലോകം വെട്ടിപ്പിടിക്കാനുള്ള നിന്‍റെ ത്വരയില്‍ നീയെന്നെ കണ്ടില്ല... 
എല്ലാ ലോകവും വെട്ടിപ്പിടിച്ചു നീ തിരിച്ചു വരുമ്പോഴേക്കും കാത്തിരുന്നു മുഷിഞ്ഞു ഞാന്‍ മടങ്ങി പോയിട്ടുണ്ടാകും... 
അല്ലെങ്കില്‍ നീയെത്തുമ്പോള്‍ ഞാന്‍ ലോകം കീഴടക്കാനുള്ള യാത്രയിലായിരിക്കും...
അതേ ഒരിക്കല്‍ കൂടി ഞാന്‍ പറഞ്ഞോട്ടേ... 
കാലം തന്നെയാണ് പ്രധാനം.... 
ഒരു മാത്ര വൈകിയാല്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുത്തുന്ന..... 
കാലം തന്നെയാണ് പ്രധാനം.....

എനിക്ക് നിന്നെയും നിനക്ക് എന്നെയും നല്‍കിയ കാലം....
എനിക്ക് സ്നേഹവും നിനക്ക് അനുഭവങ്ങളും നല്‍കി...
നിനക്ക് കരുതലും എനിക്ക് വേദനയും നല്‍കി....
എന്നെ നിന്നിലേക്ക്‌ അടുപ്പിച്ച്, നിന്നെ എന്നില്‍ നിന്നകറ്റി...
പിന്നൊരിക്കല്‍ 
നിന്നെ എന്നിലേക്ക് അടുപ്പിച്ചു, എന്നെ നിന്നില്‍ നിന്നകറ്റി....
വേദനിക്കാതിരിക്കാന്‍ പഠിപ്പിച്ച കാലം.....
അതേ, ആവര്‍ത്തിക്കുന്നൂ... കാലം തന്നെയാണ് പ്രധാനം......

ഒരാവര്‍ത്തി കൂടി വായിച്ചപ്പോള്‍ എഴുതിയത് ഒന്നും ഒന്നുമല്ല എന്ന് തിരിച്ചറിയുന്നു.... ജീവിതം പോലെ......... 
എല്ലാം കഴിഞ്ഞു, അവസാന നിമിഷങ്ങളില്‍ വെറുതെ ഒരു പിന്തിരിഞ്ഞു നോട്ടം നടത്തുമ്പോള്‍ അറിയും കഴിഞ്ഞുപോയത്‌ നമ്മുടെ ജീവിതമായിരുന്നു... 
അവിടെ നമ്മള്‍ ചെയ്തതായി ഒന്നുമില്ല.... 
രണ്ടു വിധത്തില്‍ വ്യാഖ്യാനിക്കാം.... 
ഒന്ന് - ഒന്നും നമ്മള്‍ ചെയ്യേണ്ടതായിരുന്നില്ല... എല്ലാം മുന്നേ നിശ്ചയിക്കപ്പെട്ടതായിരുന്നു..... 
രണ്ട്- നമുക്ക് ചെയ്യാമായിരുന്നിട്ടും നമ്മള്‍ ചെയ്യാതെ പോയ പലതും തിരിച്ചറിയുക അവസാന നിമിഷങ്ങളിലാണ്... 
രണ്ടാമത്തെതിനോട് യോജിക്കുന്നു.... 
അത് കൊണ്ട് അവസരങ്ങള്‍ നന്നായി വിനിയോഗിക്കുക... 
കഴിഞ്ഞു പോയ കാലത്തെ തിരിച്ചു കൊണ്ട് വരാനാകില്ല.. 
അപ്പോഴും കാലം തന്നെയാണ് താരം.... 
ജീവിക്കുക ഓരോ നിമിഷവും....

വീണ്ടും വായിക്കുമ്പോള്‍, മുഷിയുമ്പോള്‍ ഓര്‍ക്കുന്നു... 
കാലം- സമയം- ആണ് പ്രധാനം.... 
സമയത്തെ മാനിക്കുക..... 
വിലപ്പെട്ട സമയം അപഹരിച്ചു എന്ന് തോന്നുന്നെങ്കില്‍ സദയം ക്ഷമിക്കുക....

ഇന്നീ പൂക്കളോടും, ശലഭങ്ങളോടും, പുല്ലുകളോടും, പുല്‍ത്തുമ്പില്‍ കാണാതെ പോയ മഞ്ഞുതുള്ളികളോടും, പുഴകളോടും മധ്യാഹ്ന സൂര്യനോടും വിട പറയുമ്പോള്‍ മനസ്സില്‍ കാലം അറുത്തുമാറ്റിയ ബന്ധങ്ങളെയും, സൗഹൃദങ്ങളെയും സ്മരിക്കുന്നു.... കടന്നു പോയ നിമിഷങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്......

4 comments:


  1. സാധാരണ അപഥസഞ്ചാരങ്ങളൊന്നും ശരിയല്ല. പക്ഷെ, ഈ അപഥസഞ്ചാരം നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...
      ശുഭരാത്രി.....

      Delete
  2. അതെ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് നഷ്ടബോധം തോന്നും!
    കാലം മുന്നോട്ടാണ്;പിന്നോട്ടില്ലല്ലോ!!!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടബോധം തോന്നാത്തവര്‍... പുണ്യം ചെയ്തവര്‍...
      കാലത്തിനൊപ്പം നമ്മളും....
      നന്ദി, നല്ല നമസ്കാരം, തങ്കപ്പന്‍ ചേട്ടാ...

      Delete