Sunday, December 15, 2013

പ്രണയത്തിനപ്പുറം.....

തെറ്റുകള്‍ക്കപ്പുറമുള്ള ശരികളിലായിരുന്നു ജീവിതം കൊരുത്തത്. ഒരിക്കല്‍ നിന്നെ സ്നേഹിച്ച തെറ്റ് ഇന്ന് മറവികള്‍ കൊണ്ട് ഞാന്‍ പരിഹരിക്കുന്നു, കാലമെന്നെ പരിഹസിക്കുമ്പോഴും, മറക്കാന്‍ കഴിയില്ലെന്ന് വിധിയെഴുതുമ്പോഴും ഞാന്‍ നിന്നെ മറന്നുകൊണ്ടേയിരിക്കുകയായിരുന്നു. പരിധികളില്ലാത്ത സ്നേഹത്തിനു പറ്റിക്കപ്പെടല്‍ എന്നര്‍ത്ഥം  കൂടി ആരൊക്കെയോ പഠിപ്പിച്ചു തന്നപ്പോള്‍ പൂര്‍ണ്ണമായി. നല്‍കാന്‍ മാത്രമുള്ളതാണ് സ്നേഹം എന്നറിഞ്ഞ നാള്‍ മുതല്‍ നല്കുകയായിരുന്നു, എന്നും നല്കുന്നവര്‍ അത് നല്കിക്കൊണ്ടേയിരിക്കും, സ്വീകരിക്കുന്നവരൊട്ട് അറിയുകയുമില്ല. അറിയാന്‍ പാടില്ല. വഴികളില്‍ പൂക്കള്‍ വിതറി കാത്തിരുന്നിട്ടും, മനസ്സ് കൊണ്ടൊരു മണിമാളിക പണിതിട്ടും ഒന്ന് വരാതിരുന്നത് അറിയാതെ പോയത് കൊണ്ട് മാത്രമാണ് എന്ന് വിശ്വസിച്ച് ഞാന്‍ ആശ്വസിക്കാം. എന്തെന്നറിയാത്ത ആകുലതകളില്‍ എന്റെ മനസ്സ് പിടയുമ്പോഴും നീ ചിരിക്കുകയായിരുന്നു, എന്നെ വിഡ്ഢിയാക്കിക്കൊണ്ടുള്ള ചിരി. സ്വയം വിഡ്ഢിയാവുകയാണെന്നറിഞ്ഞിട്ടും ആ വേഷം കെട്ടിയാടിയത് നിന്‍റെ ചുണ്ടിലെ ചിരി മായാതിരിക്കാന്‍ വേണ്ടി മാത്രം. അതും നീയറിയാന്‍ വൈകും, എന്നത്തെയും പോലെ. എല്ലാത്തിനുമൊടുവില്‍ കണ്ണീരു കൊണ്ട് നീയെന്നെ വീണ്ടും ജയിക്കും, അപ്പോഴും നീയറിയുന്നില്ല തോറ്റ് തരികയാണെന്ന്, ഇല്ല അതൊരിക്കലും നീയറിയാന്‍ പാടില്ല, നീ ജയിക്കുന്നതാണെനിക്കിഷ്ടം. എല്ലാ ജയത്തിന്‍റെയും ഉന്മാദത്തിനൊടുവില്‍ ഒരിക്കല്‍ നീ വരും, നിന്‍റെ തിരിച്ചറിവിന്‍റെ  കാലങ്ങളില്‍. എന്‍റെ വാശിയോ പ്രവചനമോ അല്ല, അനിഷേധ്യമായ ഒരു സത്യം മാത്രം. കാലങ്ങളായി ആവര്‍ത്തിച്ചു വരുന്നതൊന്ന്. അന്ന്, അന്നൊരിക്കല്‍ മാത്രം നീ ചോദിക്കുന്നത് നല്കാന്‍ എനിക്ക് കഴിയാതെയാവുകയും ചെയ്യും. എങ്കിലും ഞാനറിയും നിന്റെ മനസ്സിലെ കനല്‍, ആ കനല്‍ മാത്രമാണ് നിന്നെ പിരിയാതെ നില്ക്കുന്ന എന്റെ ആത്മാവിനെ ദഹിപ്പിക്കാന്‍ പാകത്തിലുള്ളത്. അവിടെ ഞാന്‍ ജയിക്കും, അവിടെങ്കിലും എനിക്ക് ജയിച്ചേ മതിയാകൂ. 

ഒരിക്കലും പങ്കിടരുത് എന്ന് കരുതിയതില്‍ ചിലതെല്ലാം അറിയാതെ ഇന്ന് പകര്‍ത്തപ്പെട്ടപ്പോള്‍ ഓര്‍മ്മകളില്‍ ഇന്നലെകള്‍ അതിക്രമിച്ചു കടന്നപ്പോള്‍, അറിയാതെ വീണ്ടുമെഴുതി പോകുന്നു, അരുതെന്ന് മനസ്സ് വിലക്കിയിട്ടും. വെറുമൊരു പ്രണയവിരഹത്തിന്റെ  പരിധി നല്‍കി  ഞാനെന്നെ പകര്‍ത്തുമ്പോള്‍  അതിലപ്പുറം കടക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും അടച്ചിട്ട മനസ്സിന്റെ ചില വാതിലുകള്‍ പാതി തുറന്നപ്പോള്‍ പുറത്തു വന്നതെല്ലാം എന്നെ മുറിക്കാന്‍ പാകത്തില്‍ ഏറെ മൂര്‍ച്ചയുള്ളവയായിരുന്നു. ഇനിയൊരിക്കലും തുറക്കില്ലെന്ന് കരുതി അടച്ചു വച്ച അദ്ധ്യായങ്ങള്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ഞാനിവിടെ ജീവിച്ചിരിക്കുന്നു എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ് (എന്നെ മാത്രം*). *ആ നോവിലൊന്നും ഒരു കാര്യവുമില്ലെന്ന് അതിനേക്കാള്‍ വലിയ നോവുള്ളവര്‍ പറയാതെ പറഞ്ഞു തന്നത് പിന്നൊരു കാലം.

തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് യാത്രയാവുമ്പോഴും, സ്വന്തമായി ഒരു ലോകം കെട്ടിപ്പടുത്തപ്പോഴും, ചില നിമിഷങ്ങളുണ്ട്, തനിച്ചാകുന്ന ഏതാനും ചില നിമിഷങ്ങള്‍, ആ നിമിഷങ്ങളില്‍ എന്ത് നേടി എന്ന് ചിന്തിക്കുമ്പോള്‍ ഒന്നും നേടിയില്ലെന്ന തിരിച്ചറിവ് (അതാണ്‌ സത്യം ആരും ഒന്നും നേടുന്നില്ല, നേടി എന്നത് തോന്നല്‍ മാത്രമാണ്), ഇല്ല അതൊരിക്കലും എന്നെ പിന്തിരിപ്പിച്ചിട്ടില്ല, കാരണം നേടാനല്ല നല്‍കാന്‍ മാത്രമുള്ളതാണ് ജീവിതം. സ്വന്തമായത് ഒന്നും നമ്മള്‍ കൊണ്ട് വന്നിട്ടില്ല, ഇനിയൊട്ടു കൊണ്ട് പോവുകയുമില്ല, ഇതിനിടയ്ക്ക് കൈവരുന്നതെല്ലാം കൈമാറാന്‍ വേണ്ടി മാത്രമുള്ളതാണ്, ഒരിക്കല്‍ ആരുടെയൊക്കെയോ ആയിരുന്നവ, ഇനിയൊരിക്കല്‍ ആര്‍ക്കൊക്കെയോ ആകേണ്ടവ.

അപ്പോള്‍ പിന്നെ ഇനി യാത്രയില്ല, വഴികളില്‍ നിനക്കായി വിടരുന്ന പൂവുകളെത്ര, നിനക്കായി പാടുന്ന കിളികളെത്ര, ഉദയം നിനക്കായി പ്രഭചൊരിയുന്നു. മുഖമുയര്‍ത്തുക, നേരെ നോക്കുക, ലക്ഷ്യത്തിലേക്ക് നടക്കുക.

സ്നേഹത്തോടെ, ആശംസകളോടെ.....

പ്രിയപ്പെട്ടവളേ നിനക്കായി ഒരു വാക്ക് കുറിക്കാതെ പോവതെങ്ങനെ.. ഓര്‍മ്മകളില്‍ നീയുണ്ട്, നിന്നെ നല്‍കിയ നിമിഷങ്ങളുണ്ട്... നിന്നെ അകറ്റിയ നിമിഷങ്ങളുമുണ്ട്, മറവിയുടെ അരികിലായി.... നീയവളോട്‌ കാട്ടിയ കരുതല്‍ കണ്ടപ്പോള്‍ അറിയാതെ മനസ്സ് നിറഞ്ഞിരുന്നു. എത്ര ഭാവഭേദങ്ങളില്‍ നീയെന്നില്‍ നിറഞ്ഞു നില്ക്കുന്നെന്നോ സഖീ, ജീവിതത്തിന്‍റെ വഴികളില്‍ പ്രണയമായി, സൗഹൃദമായി, സഹോദരിയായി....... കാലം ഇനിയും നിന്നെ പരിവര്‍ത്തനം ചെയ്തേക്കാം, എന്നെ ഞാനായി നിര്‍ത്തിക്കൊണ്ട് തന്നെ... പ്രിയമുള്ളവളെ നിനക്ക് സുഖമല്ലേ......? ഈ രാവില്‍ പൊഴിയുന്ന മഞ്ഞുതുള്ളികള്‍ നിന്‍റെ  മനസ്സ് പോലെ പരിശുദ്ധം.................... കുറിക്കാതെ പോകുന്ന വരികളാണ് പ്രിയേ നല്ലത്....... നിനക്ക് നല്‍കാന്‍ ഇന്ന് മൗനം മാത്രം...... ഈ മൗനം പോലും കടംകൊള്ളേണ്ടി വരുന്നല്ലോ......

4 comments:

  1. ആരും ഒന്നും നേടുന്നില്ല, നേടി എന്നത് തോന്നല്‍ മാത്രമാണ്....അനിഷേധ്യമായ സത്യം

    ReplyDelete
    Replies
    1. എന്നിട്ടും നേട്ടങ്ങള്‍ക്കായി പരക്കം പായുന്നു ചിലര്‍, ചിലപ്പോഴൊക്കെ, അല്ല മിക്കപ്പോഴും, ഞാനും!

      Delete
  2. പ്രണയ നൊമ്പരങ്ങളിലൂടെ.....

    ReplyDelete