Tuesday, July 23, 2013

ഇന്നലെ.... ഇന്ന്.... നാളെ....

ഇന്നലെ:

കാത്തിരിപ്പ് ഏറെ സുഖമുള്ളതാണ്‌., എന്നെങ്കിലും തേടിയെത്തും എന്നുള്ള പ്രതീക്ഷയില്‍ കണ്ണും മനസ്സും കോര്‍ത്തുകൊണ്ടുള്ള കാത്തിരിപ്പ്... ഞാനിന്നും നിന്നെ കാത്തിരുന്നു ഏറെ നേരം... ഒരു വേള വഴിതെറ്റിയെങ്കിലും നീ എത്തുമെന്നുള്ള വെറും പ്രതീക്ഷയില്‍, പക്ഷേ നീ വന്നില്ല... എനിക്കറിയാമായിരുന്നു നീ വരില്ല എന്ന്... എന്നിട്ടും എന്തേ പ്രതീക്ഷിച്ചു എന്ന് ചോദിച്ചാല്‍ ഒന്നേയുള്ളൂ മറുപടി കാലം തെറ്റി പെയ്യുന്ന മഴപോലെയെങ്ങാനും നീയും പെയ്താലോ എന്ന ചിന്ത; അതെന്നെ വിട്ടു പോയിരുന്നില്ല... ബാലിശമായ വാശികള്‍ക്കപ്പുറം നമ്മള്‍ കളയുന്നത് ഒരുമിച്ചുള്ള നല്ല നിമിഷങ്ങളാണ് എന്ന് എനിക്കും നിനക്കും നല്ലത് പോലെ അറിയാം.... എന്നിട്ടും വെറുതേ അകലങ്ങളില്‍ മറയുമ്പോള്‍ ചിലപ്പോഴെങ്കിലും നിന്റെയും കണ്ണുകള്‍ നിറയാറില്ലേ...? എങ്കിലും അകന്നേ മതിയാകൂ... അരികിലണഞ്ഞാല്‍ എല്ലാം ദഹിപ്പിക്കുന്ന അഗ്നിയാണ് ഞാന്‍, സ്നേഹമുള്ള ഒരു നോട്ടം പോലും അര്‍ഹതയില്ലാത്തവന്‍ ... സാന്ത്വനത്തിന്റെ വാക്കുകള്‍ പോലും കേള്‍ക്കാന്‍ നിഷേധിക്കപ്പെട്ടവന്‍ .... വാക്കുകള്‍ കൊണ്ടും മൗനങ്ങള്‍ കൊണ്ടും പരസ്പരം വേദനിപ്പിക്കുമ്പോള്‍ അറിയാതെ പോകരുത്, വേദനിക്കാന്‍ വേണ്ടിയല്ല നമ്മള്‍ ജീവിക്കുന്നത് എന്ന്... 

ഇന്ന്:

സൂര്യനിന്ന് തെളിച്ചമേറെ, മനസ്സും അത് പോലെ.
അനിശ്ചിതത്വത്തില്‍ നിന്നും തീരുമാനത്തിലേക്ക്.
ഇന്നലെ പെയ്ത മഴയില്‍ ഓര്‍മ്മകള്‍ നനഞ്ഞ് കുതിര്‍ന്നപ്പോള്‍ 
മുളച്ചു പൊങ്ങിയതെല്ലാം ചിന്തകളുടെ സ്വാതന്ത്ര്യമായിരുന്നു.
സ്വരതാളങ്ങള്‍ തെറ്റുമ്പോള്‍ അറിയായ്കയല്ല...
സമയമാകുമ്പോള്‍ പോവുക.... എനിക്ക് കൂട്ട് കാലമാണ്.... ഒരിക്കലും എന്നെ വിട്ടുപിരിയാത്ത കാലം... ആ കാലത്തിനൊപ്പം എനിക്കൊഴുകിയേ മതിയാകൂ... എന്‍റെ ലക്ഷ്യങ്ങള്‍, എന്‍റെ മാര്‍ഗ്ഗങ്ങള്‍ ഏറെ വ്യത്യസ്തമാണ്.. എനിക്ക് നേടിയെടുത്തേ മതിയാകൂ... അതിനിടയില്‍ വേദനിക്കാന്‍ സമയമില്ല.. കണ്ണുനീര്‍ പൊഴിക്കാനും... മറവി മരണമെന്നോതി വിട പറയണം... 

നാളെ:

കാലമെന്നെ ഏറെ വേഗത്തില്‍ നിന്നില്‍ നിന്നും മായ്ച്ചു കളയാന്‍ ഞാനും ആത്മാര്‍ത്ഥമായ് ആഗ്രഹിക്കുന്നു... ഒരു പക്ഷേ മായ്ച്ചു കളഞ്ഞിട്ടുണ്ടാകും അല്ലേ..? നാളെ ഒരോര്‍മ്മ കൊണ്ട് പോലും നിന്‍റെ കണ്ണുകള്‍ നിറയരുത് എന്നാഗ്രഹമുണ്ട്, ഒരു നിമിഷമെങ്കിലും ഓര്‍മ്മകളില്‍ നിറയരുത് എന്നും ആഗ്രഹമുണ്ട്... അതെങ്കിലും നീയെനിക്ക് സാധിച്ചു തരിക... വഴികളില്‍ കാണുമ്പോള്‍ അറിയാതെ ചിലപ്പോള്‍ ചോദിച്ചു പോകും... മറുപടി പറയാതിരിക്കുക.... അവഗണിച്ചേക്കുക... നിന്‍റെ തീരുമാനങ്ങള്‍ തന്നെയാണ് നിന്‍റെ ശരികള്‍ ... അകന്നു പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തില്ല, നിര്‍ത്താനാവില്ല... ആ അകല്‍ച്ചയാണ് നിന്‍റെ സന്തോഷം എന്ന എന്‍റെ വിശ്വാസം ഒരിക്കലും തെറ്റാതിരിക്കട്ടെ... 

2 comments: