Thursday, July 25, 2013

ഋതു....

ഇലകള്‍ പൊഴിക്കണം.... വേരുകളും ശാഖകളും മാത്രം അവശേഷിക്കണം.. പതിയെ ശാഖകള്‍ ഓരോന്നായി ഉണങ്ങണം.. അടര്‍ന്നു വീണു വളമാകുമ്പോള്‍ വലിച്ചെടുക്കാന്‍ വേരുകള്‍ക്ക് ശേഷിയില്ലാതാവണം.....ഒടുവില്‍ ആദ്യമെന്തായിരുന്നുവോ അത് തന്നെയാണവസാനവും എന്നറിയണം... ഞാന്‍ പോലുമറിയാതെ എനിക്ക് ഞാനായി മാറണം.. എന്‍റെ ജന്മം, എന്‍റെ ജീവിതം, എന്‍റെ നിമിഷങ്ങള്‍, എന്‍റെ സ്വപ്‌നങ്ങള്‍, എന്‍റെ മോഹങ്ങള്‍,  എന്‍റെ സന്തോഷങ്ങള്‍, എന്‍റെ വേദനകള്‍, എന്‍റെ പ്രണയം, എന്‍റെ സ്നേഹം, എന്‍റെ നഷ്ടം,  എന്‍റെ സൗഹൃദം.... എല്ലാം നമ്മളില്‍ നിന്ന് മാറി എന്‍റെ എന്ന സ്വാര്‍ത്ഥതയില്‍ തീര്‍ക്കണം... അതോടെ തീരണം എല്ലാം...

കാലത്തിന്‍റെ കണക്കുപുസ്തകത്തില്‍ എനിക്കെഴുതിത്തീര്‍ക്കാന്‍ ഇനി ഒരല്‍പ മാത്രകള്‍ കൂടി...
ഒരു ജന്മത്തിന്‍റെ സൗന്ദര്യം മുഴുവന്‍ ഒരു മാത്ര കണ്ട നിന്‍റെ പുഞ്ചിരിയില്‍ പൊലിമ കൂടുന്നു...
വിണ്ണിലെ താരകങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നു.... ചില രാവുകളില്‍ വിളിക്കാറുണ്ട്,  മേഘങ്ങളുടെ ചിറകിലേറി ഞാന്‍ യാത്രയാകാറുമുണ്ട്... അകലേ നിറനിലാവ്, പെയ്തൊഴിഞ്ഞ മഴയില്‍, കുളിര്കോരുന്നു തനുവും മനസ്സും.... ചേര്‍ത്തു പിടിച്ച നിന്‍റെ കൈകള്‍ക്കും ഏറെ തണുപ്പ്....

ഓര്‍മ്മയിലിപ്പോള്‍ നന്ദിത... അറിയാത്ത ഒരെഴുത്തുകാരി... വിക്ടര്‍ ജോര്‍ജ്ജ്, അറിയാത്ത ഒരു ഫോട്ടോഗ്രാഫര്‍ ...  ചിലരങ്ങനെയാണ്, അറിയാതെ മനസ്സില്‍ കയറിപ്പറ്റും... ഒരു പരിചയവുമില്ലാതെ...! ഒരിക്കലും ഇറങ്ങി പോകാത്തവിധം..... പിന്നെയും ഓടിയെത്തുന്ന മുഖങ്ങള്‍ ഒരുപാട്... ഒരിക്കലും എന്നെ തേടിയെത്താത്തവ.... 

മനസ്സ് പായുകയാണ്, ഏറെ വേഗതയില്‍ !  കൂടെ ഓടിയെത്തുവാന്‍ ഞാന്‍ നന്നേ പാട്പെടേണ്ടി വരുന്നു! അത് കൊണ്ട് തന്നെ കൂട്ടുവരുവാന്‍ പറയുന്നില്ല ആരോടും...

അകലേ മറയുന്നതിനു മുന്നേ എന്‍റെ സ്നേഹം ഇവിടെ സമര്‍പ്പിച്ച് കൊണ്ട്, എന്‍റെ ഓര്‍മ്മകളെ എന്‍റെ കൂടെ കൂട്ടിക്കൊണ്ട്.. കാലത്തിനപ്പുറം ഓടിയത്താന്‍ വെമ്പുന്ന എന്‍റെ മനസ്സിനോടൊപ്പം ഞാനും.......

വസന്തവും ഗ്രീഷ്മവും വര്‍ഷവും ശരദ്ഉം ഹേമന്തവും ശിശിരവും കഴിഞ്ഞു..... ഇനിയുള്ളത് ആവര്‍ത്തനങ്ങളാണ്.... 

ഒരിക്കല്‍ കൂടി ജനിച്ച് ഒന്നുറക്കെ കരഞ്ഞു നിന്‍റെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കണം..... നിന്‍റെ മാറോടൊട്ടി സ്നേഹാമൃതം നുകരണം.... നിന്‍റെ കൈപിടിച്ച് ഒരിക്കല്‍ കൂടി നടക്കണം, അന്നാ വഴികളില്‍ കണ്ട അപ്പൂപ്പന്‍താടികളെയും, മഞ്ചാടിമണികളെയും ഒരിക്കല്‍ കൂടി സ്വന്തമാക്കണം..... ഓരോ വര്‍ഷം കഴിയുമ്പോഴും നിന്‍റെ കണ്ണുകളില്‍ കാണുന്ന പ്രതീക്ഷകള്‍ സഫലമാക്കിത്തരണം.. നരവീണ നിന്‍റെ തലമുടി തഴുകിത്തലോടി കൈക്കുമ്പിളില്‍ ആ മുഖം കോരിയെടുത്ത് എന്‍റെ നെഞ്ചോട്‌ ചേര്‍ക്കണം, നിന്‍റെ ആകുലതകള്‍ മുഴുവന്‍ അകറ്റണം... ഒരിക്കല്‍ കൂടി തണല്‍വിരിക്കണം.. 

4 comments:

  1. നാം അറിയാതെ പന്തലിച്ച സ്വത്വത്തെ വീണ്ടും ബീജാവസ്ഥയിലെത്തിക്കാൻ..ഇലപൊഴിച്ചു ശാഖി ഉണക്കി വേരുകൾ മടക്കി ഒരു മടക്കം.!!!

    ഞാൻ അറിയുന്നുണ്ട് നിന്റെയീ ത്വരകൾ .. പക്ഷെ ഒരു പുലരിയിൽ നീ പഴയപോലെ ഉല്ലാസവാനായി തിരികെ എത്തും എന്ന പ്രതീക്ഷയിലാണ് മിണ്ടാതിരുന്നത്. ഇനി മതി നിർത്തുക ...

    നമുക്ക് മുൻപേ യവനികയില്ലേക്ക് നടന്നവരുടെ പാതയിലൂടെ..... പുറകെ വരുന്നവർക്ക് മാർഗദർശി ! മാർഗ മദ്ധ്യേ കണ്ടതും നേടിയതും പൊഴിഞ്ഞു വീണതുമൊന്നും നമ്മുടെതല്ല തന്നെ..നടത്തത്തിനിടയിൽ നാം കാണുന്ന ദിവാസ്വപ്‌നങ്ങൾ ...!

    ഓർമ്മകൾ ഓർമ്മിക്കാൻ ഉള്ളതുമാത്രമാണ് നിത്യ ..അതിൽ ജീവിക്കരുത്...!
    സുഖമായി ഇരിക്കണം, ഇഷ്ടമുള്ള എന്തെങ്കിലും കാര്യങ്ങളിൽ മനസ്സ് കൊരുക്കണം !

    ReplyDelete
    Replies
    1. അനിവാര്യതയാണ് കീ.... ഒരിക്കല്‍ എന്നെ തേടിയെത്തുന്നതിനു മുന്നേ തേടി ചെല്ലുവാന്‍ വെറുതേ ഒരു മോഹം....
      നീയറിയാതെയും, നിന്നെ അറിയാതെയും പോകുന്ന ചില നിമിഷങ്ങളുണ്ട്‌.... എനിക്കെന്നെ നഷ്ടപ്പെടുന്ന വേളകള്‍...
      കാലമല്ലേ കീ.... ഒഴുകാതിരിക്കില്ലല്ലോ... യവനികയ്ക്ക് പിന്നില്‍ മറഞ്ഞവര്‍ മറയേണ്ടവരായിരുന്നില്ല... എന്നിട്ടും....!
      ഓര്‍മ്മകള്‍ മറക്കാനുള്ളതാണ് എന്ന് പഠിപ്പിക്കുന്നു ചിലര്‍.... എന്നിട്ടുമെന്തേ കീ, നീയിങ്ങനെ പറയുന്നത്....
      മനസ്സ് കൊണ്ട് കൊരുക്കുന്നതെല്ലാം ഒരിക്കലും സ്വന്തമാകില്ല... അത് കൊണ്ടിന്നു മോഹങ്ങളും, പ്രതീക്ഷകളും വഴിയില്‍ എവിടെയോ ഉപേക്ഷിച്ചു.... ലക്‌ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് ഇനിയുള്ള യാത്രകള്‍...
      സ്വാര്‍ത്ഥമാകാം... എങ്കിലും ആ വഴി തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിതനാവുന്നു...

      Delete
  2. ഓർമ്മകൾ ഓർമ്മിക്കാൻ ഉള്ളതുമാത്രമാണ് നിത്യ ..അതിൽ ജീവിക്കരുത്...! കീയയുടെ ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു..ഇടക്കെടുത്തു പൊടി തട്ടി നോക്കാൻ, ആവർത്തനവിരസമായ ജീവിതത്തിൽ നിന്നും ഒന്നോടിയൊളിക്കാൻ അതിനു വേണ്ടി മാത്രം ആണ് ഓർമ്മകൾ..മനസ്സിൽ മങ്ങാതെ സൂക്ഷിച്ചു വെക്കുക..അടി പതറാതെ മുന്നോട്ടു നടക്കുക..ഇനിയേറെ ദൂരം പോകാനുള്ളതാണ് ..മറക്കരുത് ..:)

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍....! അതെ സുമേച്ചി... പൊടിതട്ടിയെടുക്കുമ്പോള്‍ കണ്ണില്‍ തൂവാതെ നോക്കണം എന്നറിയുന്നു ഇന്ന്.... കാലം ഒഴുകുക തന്നെ ചെയ്യും... മറക്കാതെ ഞാനും... :)

      Delete