Wednesday, September 5, 2012

ഒരു നൊമ്പരം...

കുഞ്ഞേ, ഓര്‍മ്മകള്‍ക്കപ്പുറമുള്ള ഒരു ജന്മത്തില്‍ നിന്‍റെ കൊച്ചരിപ്പല്ലുകള്‍ കാട്ടിയുള്ള ആ പാല്‍പുഞ്ചിരി ഇന്നും ഞാന്‍ തേടാറുണ്ട്... നിന്‍റെ നിഷ്കളങ്കമായ ആ വലിയ കണ്ണുകളില്‍ നിന്‍റെ അമ്മദൈവത്തിന്‍റെ സ്നേഹസാന്നിധ്യം ഞാനറിയാറുണ്ട്‌... താലോലിക്കാന്‍ എന്തേ ഞാനന്ന് മറന്നൂ..? പിഞ്ചുകാലുകള്‍ വച്ച് നീയൊരിക്കല്‍ പിച്ച നടന്ന ആ പൂഴിപ്പരപ്പില്‍ ഞാനിന്നൊറ്റയ്ക്ക് നടന്നു വെറുതെ, കൂട്ടായി നിന്‍റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു ഇന്ന്.   മൃദുവായ കൈവിരല്‍ തുമ്പുകള്‍ കൊണ്ടെന്‍റെ വിരലുകളില്‍ നീ സ്പര്‍ശിക്കുമ്പോള്‍ ഞാനന്നറിഞ്ഞ നിര്‍വൃതി ഇന്നെനിക്കന്ന്യം... ഓര്‍ക്കാറുണ്ട് ചിലപ്പോഴൊക്കെ നിന്നെ, മറ്റു പല ഓര്‍മ്മകളും ഏറെ നോവിക്കുമ്പോള്‍ കവിളു കാണിച്ച് അവിടെ നിന്‍റെ സ്നേഹം വാങ്ങിയ നിമിഷങ്ങളെ മനസ്സില്‍ താലോലിക്കും... ആരുമായിരുന്നില്ല നീയെനിക്ക് എന്നിട്ടും എന്‍റെ മനസ്സില്‍ ഇന്നും നീയെനിക്ക് ആരൊക്കെയോ....  നിസ്സഹായതയുടെ ഒക്കത്തിരുന്നു കുസൃതി കാട്ടി ചിരിക്കാറുള്ള നിന്‍റെ ശൈശവം ഇന്ന് ബാല്യമായി വിടരുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ആകുലതയാണ് കുഞ്ഞേ.. ഒന്നുമറിയാത്ത ഈ ശൈശവവും ബാല്യവും കഴിഞ്ഞ് തിരിച്ചറിവ് നേടുന്ന പ്രായത്തിലേക്കുള്ള നിന്‍റെ പ്രയാണത്തില്‍ ഭയമാണെനിക്ക്.. ദുഃഖങ്ങള്‍ മനസ്സിന്‍റെ മണിച്ചെപ്പില്‍ അടച്ചു വച്ച് മുഖത്ത് ചിരിയുടെ മാറാല പൊതിഞ്ഞ നിന്‍റെ അമ്മ, എന്‍റെ പ്രിയ കൂട്ടുകാരീ നിന്നോട് ഞാനെന്ത് പറയണം.. നിന്‍റെ മനസ്സുറപ്പിനു മുന്നില്‍ പലപ്പോഴും ഞാന്‍ ശൂന്യനായി പോയിട്ടുണ്ട്... "ഓര്‍മ്മകള്‍ നിന്നെ നോവിക്കുന്നില്ലേ സുഹൃത്തെ?" എന്ന് ചോദിക്കുമ്പോള്‍ ഒരു പുഞ്ചിരി തന്നു ഉണ്ടെന്നു തലകുലുക്കുമ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീര്‍ ഞാന്‍ പ്രതീക്ഷിച്ചു.. നിരാശയായിരുന്നു ഫലം.. "ആ നൊമ്പരങ്ങള്‍ പോലും കണ്ണുനീരായി ഒഴുക്കി കളയാന്‍ തയ്യാറല്ല" എന്ന് നീ പറയുമ്പോള്‍ ഞാനറിയുന്നു നീയേറെ വിലമതിക്കുന്ന നിന്‍റെ സ്നേഹത്തെ... ഒരു തുള്ളി കണ്ണുനീര്‍ കൊണ്ട് പോലും പ്രിയപ്പെട്ടവന്‍റെ ആത്മശാന്തി കളയാന്‍ ആഗ്രഹിക്കാത്ത നിന്നോട് എനിക്ക് തോന്നുന്ന വികാരത്തെ എങ്ങിനെ വര്‍ണ്ണിക്കണമെന്നെനിക്കറിയില്ല.. ഏത് മുജ്ജന്മ പാപത്തിന്‍റെ പേരിലായാലും, അല്ലെങ്കില്‍ ജീവിത പരീക്ഷണങ്ങളുടെ പേരിലായാലും നിനക്കീ വിധി തന്ന ദൈവങ്ങളെ എങ്ങിനെ ഞാന്‍ നമിക്കും..? എന്തിനും ഏതിനും നീ വിളിക്കാറുള്ള ആ ദൈവമല്ലേ ആരതിയും അനുഗ്രഹവുമില്ലാത്ത ഒരു വിവാഹം നിനക്ക് സമ്മാനിച്ചത്.. അതേ ദൈവം തന്നല്ലേ ഏറെ സന്തോഷിക്കേണ്ട നിമിഷങ്ങളില്‍ നിന്‍റെ നിറുകയില്‍ സിന്ദൂരമണിഞ്ഞവനെ നിന്നില്‍ നിന്നും തട്ടിയെടുത്ത് നിന്നെ എകയാക്കിയത്... ഒന്ന് നല്‍കി മറ്റൊന്ന് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ചതുരംഗക്കളിയില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന നിന്നെ കണ്ട്, നിന്‍റെ പരാജയത്തില്‍ ഗര്‍വ്വം കൊണ്ട്  ആ ദൈവങ്ങള്‍ നിന്നെ പരിഹസിച്ചതാണോ...? ഇന്നീ ലോകത്തില്‍ നിനക്ക് സ്വന്തമായതിനെ നീ പരിപാലിക്കുമ്പോള്‍ പേടിയാണെനിക്ക്, അവനവിടിരുന്നു അടുത്ത കരുനീക്കം നടത്തുകയാവാം....
നിന്‍റെതായ  ഒരു ലോകം തീര്‍ക്കാന്‍ പോയ നീ ഇന്നെവിടെയെന്നെനിക്കറിയില്ല, എങ്കിലും നിന്‍റെ മനസ്സ് നുറുങ്ങാതിരിക്കാന്‍, ഇനിയെങ്കിലും നിന്‍റെ പുഞ്ചിരിയില്‍ കണ്ണീരിന്‍റെ മറയില്ലാതിരിക്കാന്‍ ഞാനാരോട് പ്രാര്‍ഥിക്കണം...?? നീ പറയൂ.. ദൈവങ്ങളോടോ അല്ല ചെകുത്താന്‍മാരോടോ..??
ഈ ലോകത്തിന്‍റെ ഏത് കോണിലായാലും എന്‍റെ കുഞ്ഞേ നിന്‍റെ നാളെകളില്‍ എന്നെങ്കിലും ഒരിക്കലെങ്കില്‍ പോലും ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പ്രവൃത്തി കൊണ്ടോ നീ നിന്‍റെ അമ്മയെ നോവിക്കല്ലേ... വിധിയെ ഇനിയും ജയിക്കാനനുവദിക്കല്ലേ....

19 comments:

  1. എല്ലാം മായയാണ് നിത്യ..എവിടേം പോകാതെ ,എവിടേക്കും വിടാതെ കൂടെ ഉണ്ടെന്നു കരുതും .
    ഒക്കെ വെറുതെ. അവസാനം നിന്റെ സ്നേഹത്തിനു വിലയില്ലാതെ ,നിന്നെ തനിച്ചാക്കി കളഞ്ഞില്ലേ എന്ന ചിന്ത മരണത്തോളം പോന്നതാണ്.
    അവഗണനയുടെ നീറ്റല്‍ മാറാന്‍ ജന്മങ്ങള്‍ ഇനിയും വേണ്ടി വരും.

    ReplyDelete
    Replies
    1. ഒക്കെ വെറുതെ... അല്ല നീലിമാ.. ഒന്നും വെറുതെയല്ല.. എന്തിനും അതിന്‍റെതായ ലക്ഷ്യങ്ങളുണ്ട്‌....വേദന നല്‍കുമ്പോള്‍ അതിനെ തരണം ചെയ്യാന്‍ നാം പഠിക്കുന്നു... അവഗണിക്കപ്പെട്ടപ്പോള്‍ ആ വേദന മനസ്സിലാക്കി മറ്റാര്‍ക്കും അത് നല്‍കാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കാറില്ലേ..

      Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    നൊമ്പരങ്ങള്‍ നിറഞ്ഞ ഈ ജീവിതത്തില്‍, പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കരുത്.

    പലേ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. കൂട്ടുകാരിയുടെ കുഞ്ഞു ആ ജീവിതത്തില്‍ നക്ഷത്രത്തിളക്കം നല്‍കട്ടെ.

    മൌനം മിഴിനീരിന് തട്ടമിടുന്നു. പ്രതിസന്ധികളില്‍ ഈശ്വരന്‍, ശക്തി നല്‍കും;പിടിച്ചു നില്‍ക്കാന്‍.

    എനിക്ക് ലഭിച്ച ഒരു എസ്.എം.എസ്. ഇവിടെ പങ്കു വെക്കുന്നു.

    When God takes away something from your hands,
    Don't think He is punishing you.
    But He is merely emptying your hands,
    For your hands to receive something better.

    കാലം മായ്ച്ചു കളയാത്ത സങ്കടങ്ങളില്ല...............

    കൂട്ടുകാരിക്ക് ശക്തിയായി, പ്രചോദനം നല്‍കുന്ന പോസ്റ്റ്‌ എഴുതാമായിരുന്നു.

    ഈ വരികള്‍ വായിച്ചാല്‍, നോവിന്റെ അലകള്‍ ഉയര്‍ന്നു വരും......!

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ ജീവിതത്തില്‍ എന്നും എരിയുന്ന കനലുകള്‍ തന്നെ..!!
      അറിയില്ല കൈകള്‍ ശൂന്യമാക്കുന്നത് അതിനേക്കാള്‍ നല്ലതിനെ നല്‍കാനെന്നു...
      പ്രിയപ്പെട്ടവനെ നല്‍കിയപ്പോള്‍ ബന്ധുക്കളെ നഷ്ടപ്പെടുത്തി..
      കുഞ്ഞിനെ നല്‍കിയപ്പോള്‍ പ്രിയപ്പെട്ടവനെയും..
      ഇന്ന് ബന്ധുക്കള്‍ ശത്രുക്കള്‍..
      പ്രിയപ്പെട്ടവന്‍ കരയാന്‍ പോലും അനുവദിക്കാതെ ഓര്‍മ്മകളില്‍ മാത്രം...
      നോക്ക് അനൂ എത്ര വേദനാജനകമാണ് ആ അവസ്ഥ..
      എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെ..!!
      കാലം മായ്ച്ചുകളയുന്ന മുറിവുകളാണോ ഇത്??
      സമാധാനിപ്പിക്കുമ്പോഴും എന്നോട് സങ്കടപ്പെടല്ലേ എന്ന് പറയുന്ന
      ആ കൂട്ടുകാരിയ്ക്ക് ഞാനെങ്ങനെ പ്രചോദനം നല്‍കാന്‍!!
      നല്‍കേണ്ട ആവശ്യം ഇല്ല തന്നെ.. മനസ്സെന്നും അവളോടോപ്പമുണ്ട്..

      സ്നേഹപൂര്‍വ്വം...

      Delete
    2. പ്രിയപ്പെട്ട സ്നേഹിതാ,

      എന്ത് പറയണം എന്നറിയില്ല........!

      ഇപ്പോള്‍ എന്റെ കൂട്ടുകാരിക്കും സ്വാന്തനത്തിന്റെ ശബ്ദം വേണം.........!പക്ഷെ, ഇപ്പോള്‍ എന്ത് പറയണം എന്നറിയാതെ,

      ഞാന്‍ വിഷമിക്കുന്നു.

      ബന്ധുക്കള്‍ ശത്രുക്കള്‍ ആകുമ്പോള്‍, പ്രിയന്റെ വേര്‍പാടും കുഞ്ഞിന്റെ സാമീപ്യവും, ആ ജീവിതം എന്തായിരിക്കും എന്ന് ഊഹിക്കാം.

      എന്നാലും, ഒരു പിടിവള്ളി,ഒരു കച്ചിതുരുമ്പ് ഈശ്വരന്‍ കാണിച്ചു തരും. പ്രതീക്ഷ കൈവിടരുത്.

      നമുക്ക് ചുറ്റും നിറയെ വേദനകളുണ്ട്. പ്രതിസന്ധിയില്‍ തുഴഞ്ഞു നീന്തി അക്കര കടക്കുന്നവരുണ്ട്.

      അറിയാത്ത വേദനകള്‍ തീവ്രതയുള്ളതാണ്. അറിയിക്കാത്തവര്‍ അനുഭവിക്കുന്നത്, ഒരു കൂട്ടില്ലാതെയും !

      മനസ്സറിഞ്ഞു പ്രാര്‍ത്ഥിക്കാം......! ആ മാലാഖയുടെ അമ്മക്ക് ധൈര്യം നല്‍കാന്‍..............!

      സസ്നേഹം,

      അനു




      Delete
    3. അനൂ,
      പലേ ചോദ്യങ്ങളും ചോദിക്കുന്നില്ലേട്ടോ... ചിലതിനു ഉത്തരമില്ല തന്നെ..
      അവളുടെ ജീവിതത്തിലെ കച്ചിത്തുരുമ്പാണ് ആ കുഞ്ഞ്.. അവളുടെ പ്രതീക്ഷയും.. അതില്‍ കൂടി അവളെ പരീക്ഷിക്കാന്‍ ദൈവങ്ങള്‍ മുതിരാതിരിക്കട്ടെ..

      അറിയാത്ത വേദനകള്‍ തീവ്രം തന്നെ, അകലെ നിന്ന് കാണുമ്പോള്‍ ചിരിക്കുന്ന പല മുഖങ്ങളും ഉള്ളില്‍ ഏറെ കരയുകയാണെന്ന് കൂടുതലറിയുമ്പോള്‍ മനസ്സിലാകാറുണ്ട്..
      അതുകൊണ്ട് തന്നെ സ്നേഹിക്കാന്‍ ചിലപ്പോള്‍ ഭയമാണ്.. എന്നാലും സ്നേഹിക്കാതിരിക്കാന്‍ കഴിയില്ല തന്നെ..

      അനൂന്‍റെ കൂട്ടുകാരിക്കും സാന്ത്വനത്തിനായി പ്രാര്‍ഥിക്കുന്നൂട്ടോ.. ചിലതങ്ങനെ തന്നെ വാക്കുകളുണ്ടാവില്ല... എന്നാല്‍ സാമീപ്യം ഏറെ ആശ്വാസം നല്‍കും.. കൂടെയൊരാളുണ്ടെന്നുള്ള അറിവ് മറ്റെന്തിനെക്കാളും ധൈര്യം തരും.. കൂടെയുണ്ടാവുക ആ കൂട്ടുകാരിക്കൊപ്പം... ഇന്നും എന്നും..

      സ്നേഹപൂര്‍വ്വം...

      Delete
  3. ജീവിതം ഇതൊക്കെയാണ് കൂട്ടുകാര ....
    നാളേയുടെ മഴയേ ഒരു ചെറു കാറ്റാകും കൊണ്ടു പൊകുക ..
    നോമ്പ് നോറ്റ് കാത്തിരിന്നിട്ട് , ഒരു തുള്ളി നനക്കാതെ
    അകലുന്ന മഴയേ നോക്കി മൂകം വിതുമ്പും നാം ..
    പക്ഷേ മഴക്കാലം ഇല്ലാതായി പൊകുമോ ?
    വരും വീണ്ടും നമ്മുടെ ആത്മാവിലേക്ക് കുളിര്‍ കോരിയിടാന്‍ ..
    പ്രതിസന്ധികള്‍ , പരീക്ഷണമാണ്... ജീവിക്കുവാന്‍ മനസ്സിനേ
    പ്രാപ്തമാക്കുന്ന പരീക്ഷണങ്ങള്‍ ........
    നോക്ക് അവളപ്പൊഴും നിന്റെ മനസ്സ് വേവരുതെന്ന് കരുതുന്നു
    കണ്ണുനീരിന്റെ ചാലുകള്‍ക്ക് അവധി കൊടുത്ത് , ജീവിതത്തിലേക്ക്
    തിരിച്ചു വരുവാനുള്ള കോപ്പ് കൂട്ടുന്നു .. കൂടേ നില്‍ക്കുക ..
    കാലത്തിന്‍ കൂടെ മാത്രമേ നമ്മുക്ക് സഞ്ചരിക്കാനാകൂ ..
    കാലത്തിന് അധീനമായവര്‍ ഏറുമെങ്കിലും .............

    ReplyDelete
    Replies
    1. പ്രിയ കൂട്ടുകാരാ..
      ഒരു ചെറുകാറ്റില്‍ അണഞ്ഞു പോയ പ്രിയപ്പെട്ടതെല്ലാം മറ്റൊരു മഴയില്‍ കിളിര്‍ത്തുവെങ്കില്‍...
      മനസ്സിനെ പ്രാപ്തമാക്കുവാന്‍ പഠിച്ചിരിക്കുന്നവള്‍... അത്രയേറെ പരീക്ഷിക്കപ്പെട്ടിരിക്കുന്നു..
      സത്യം തന്നത്... കാലത്തിന്‍റെ കൂടെ മാത്രമേ നമുക്ക് സഞ്ചരിക്കാനാവൂ...

      സ്നേഹപൂര്‍വ്വം..

      Delete
  4. നിത്യെനോട് എനിക്ക് ദേഷ്യം വരണുണ്ടേ..

    സിന്ദൂരം മാഞ്ഞ നെറ്റിയില്‍ നിനക്കൊരു തിലകം ചാര്‍ത്തി വിധിയെ തോല്പ്പിചൂടെ...ആ കുഞ്ഞി വവയോടു ആവശ്യപ്പെടുന്നതിന് പകരം?

    ReplyDelete
    Replies
    1. കീയക്കുട്ട്യെ,

      എന്നോ എങ്ങോ ഒലിച്ചുപോയോരെന്‍റെ സ്നേഹത്തെ പുണരാന്‍ എന്നും കാത്തിരിക്കുന്ന ഒരു പുഴയുണ്ടെന്നിരിക്കേ, എങ്ങിനെ ഞാന്‍....?

      അവള്‍ മനസ്സ് പങ്കുവച്ചത് എല്ലാ അര്‍ത്ഥത്തിലും ഒരു സുഹൃത്തെന്ന നിലയില്‍ മാത്രം, ഞാനുമതെ.. പിന്നെങ്ങനെ...

      പിന്നെയും പ്രിയന്‍റെ ഓര്‍മ്മയില്‍ അവന്‍റെ ആത്മാവിനെ പോലും നോവിക്കാതിരിക്കാന്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാത്തവളുടെ സ്നേഹത്തിനു മുന്നില്‍ ഞാനെങ്ങനെ സഹതാപം കാണിക്കും, സഹതാപത്തെ അവള്‍ക്കും അവജ്ഞ തന്നെ..

      അവളുടെ ജീവിതം ആ കുഞ്ഞ് തന്നെ, മറ്റൊന്നും മുന്നിലില്ലെന്ന് എത്രവട്ടം പറഞ്ഞിരിക്കുന്നവള്‍...

      Delete
  5. മിഴികള്‍ നിറഞ്ഞു തുളുമ്പുന്ന കണ്ണ്നീരും
    ഹൃദയത്തില്‍ നിന്നും ഉയരുന്ന പ്രാര്‍ഥനയും
    നിനക്കായി എന്നില്‍ നിറയുന്നു
    അതുകൊണ്ട് എന്ത് ഫലം എന്ന് എനിക്കറിയില്ല സുഹൃത്തെ എങ്കിലും.......

    ReplyDelete
    Replies
    1. ഹൃദയത്തില്‍ നിന്നാത്മാര്‍ത്ഥമായുയരുന്ന പ്രാര്‍ത്ഥന ഫലം ചെയ്ക തന്നെ ചെയ്യും ഗിരീഷേ..

      Delete
  6. പ്രിയപ്പെട്ട സ്നേഹിതാ,

    ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ,

    നമുക്ക് നൊമ്പരങ്ങള്‍ക്കു അവധി നല്‍കാം.......!

    മഴനൂലുകള്‍ കുളിര് നിറച്ച ഈ പുണ്യ രാവില്‍, മനസ്സിലും ചുണ്ടിലും ഒരു മന്ത്രം മാത്രം ..............എന്റെ കൃഷ്ണാ..............!

    പാല്‍പായസവും അപ്പവും മനസ്സ് കൊണ്ടെങ്കിലും നിവേദിക്കുമ്പോള്‍,

    അനു ആശംസിക്കട്ടെ, ഹൃദ്യമായ അഷ്ടമിരോഹിണി ആശംസകള്‍ !

    ദേ, ഇപ്പോള്‍ സ്നേഹിതന്റെ കമന്റ് ഇവിടെയെത്തി ! :)

    നൂറായുസ്സ് !

    പണ്ടാണെങ്കില്‍ പേര് ചോദിച്ചേനെ.......!പറയില്ല എന്നറിയാം....!അപ്പോള്‍ എപ്പോഴെങ്കിലും, പറയണം എന്ന് തോന്നുമ്പോള്‍ പറഞ്ഞാല്‍ മതി ! :)

    സന്തോഷത്തിന്റെ വരികള്‍ എഴുതുമല്ലോ.

    ശുഭരാത്രി !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഭക്തിനിര്‍ഭരമായ അഷ്ടമിരോഹിണി ആശംസകള്‍...
      മനസ്സില്‍ കൃഷ്ണന്‍ മാത്രായിരിക്കൂലോല്ലേ...

      ജന്മം തന്നെ നിവേദ്യമായി നല്‍കാം, കണ്ണനെ അത്രയ്ക്കിഷ്ടമാണെ.. ന്‍റെ മനസ്സറിയുന്നവള്‍ക്ക്..

      ആ കമന്റ് ബോക്സ്‌ എന്തേ ഇത്രേം താഴെ പോയത്... ആദ്യം കരുതി കമന്റ്‌ ബോക്സ്‌ ഇല്ലെന്നു... പിന്നെ സൈഡ് ബാര്‍ കണ്ടപ്പോഴാ മനസ്സിലായത്... പോസ്റ്റ്‌ കഴിഞ്ഞു ഒരുപാട് സ്പേസ് വെറുതെ കിടക്കുന്നു..

      നൂറായുസ്സെന്നു പറഞ്ഞിരിക്കുന്നല്ലോ അനൂ...! ന്‍റെ കൃഷ്ണാ, നിക്ക് അത്രോന്നും വേണ്ടേ... [എനിക്കറിയാം അനു എന്താ പറയാന്‍ പോകുന്നേന്നു..:):) അതൊന്നും കേള്‍ക്കെണ്ടാട്ടോ:)]

      ന്നെ പേര് ചൊല്ലി വിളിച്ചവരെല്ലാം ഒരിക്കലെങ്കില്‍ മറ്റൊരിക്കല്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്.. അനൂനറിയില്ലേ സ്നേഹം വലിയൊരു വേദനയാണ്..
      സ്നേഹമുള്ളത് കൊണ്ട് മാത്രാ ഇവരെല്ലാരും ന്നെ നോവിച്ചതെന്നോര്‍ത്താ നിക്ക് സങ്കടം..

      പിന്നെ എനിക്കേറെ പ്രിയപ്പെട്ട ഒരു കൂട്ടുകാരീണ്ട്, എന്നെ അറിയുന്ന, ചിലപ്പോള്‍ എന്നെ വഴക്ക് പറയുന്ന, ചിലപ്പോള്‍ ഉപദേശിക്കുകയല്ലെന്ന് പറഞ്ഞ് ഉപദേശിക്കുന്ന, മറ്റ് ചിലപ്പോള്‍ അവളുടെ സങ്കടങ്ങള്‍ മുഴുവന്‍ എന്‍റെ മനസ്സിലേക്ക് തന്നു സമാധാനായീന്നു പറഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നവള്‍... ചിലപ്പോള്‍ ഞാനും എന്‍റെ സങ്കടങ്ങള്‍ അവള്‍ക്ക് കടമായി നല്കാറുണ്ടേട്ടോ... എന്നെ നന്നായറീന്ന ആ കൂട്ടുകാരീടെ പേര് നിത്യാന്നാ.. അതോണ്ട് വിളിക്കാന്‍ ഒരു പേര് മാത്രേ വേണ്ടുള്ളൂവെങ്കില്‍ ആ പേര് വിളിച്ചോളൂ.. നിക്കാ കൂട്ടുകാരിയെ ഓര്‍ക്കേം ചെയ്യാലോ..:)

      ശിവരാത്രി പോലെ അഷ്ടമിരോഹിണി നാളിലും ഉറക്കമൊഴിച്ച് ഈശ്വര ഭജന നടത്തുന്നത് കൃഷ്ണ പ്രീതിക്ക് നല്ലതാണത്രേ..

      തൃശ്ശൂരിലെല്ലാരും നാളെ ഗുരുവായൂരില്‍ പോകൂല്ലേ...

      സ്നേഹപൂര്‍വ്വം.. ഒരിക്കല്‍ കൂടി ഹാര്‍ദ്ദവമായ ജന്മാഷ്ടമി ദിനാശംസകള്‍..

      ശുഭരാത്രി...

      Delete
  7. പ്രിയപ്പെട്ട സ്നേഹിതാ,

    ഇന്നലെ രണ്ടു അമ്പലത്തില്‍ തൊഴുതു.രാത്രി കൃഷ്ണപൂജ തൊഴുതു വന്നു അഷ്ടമി രോഹിണി പോസ്റ്റ്‌ മലയാളത്തില്‍ എഴുതാന്‍ തുടങ്ങി. പകുതി എഴുതിക്കഴിഞ്ഞപ്പോള്‍ ഉറങ്ങിപ്പോയി.:)

    കണ്ണന് നിവേദിച്ച വെണ്ണയും അവിലും പായസവും കഴിച്ചു. മനോഹരമായൊരു അഷ്ടമിരോഹിണി നാള്‍.

    പിന്നെ, മനസ്സിലെ ചിന്തകള്‍ കണ്ണന് ചുറ്റും.

    മനസ്സറിയുന്നവള്‍ക്കും മനസ്സ് കൊടുത്തവനും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ !:)

    തൃശൂരില്‍ നിന്നും ഒത്തിരി ഭക്തര്‍ ഗുരുവായൂര്‍ അമ്പലത്തില്‍ പോയി കണ്ണനെ തൊഴും,ഗുരുപവനപുരിയില്‍ പോകാന്‍ പറ്റാത്തവര്‍ തിരുവമ്പാടി അമ്പലത്തിലോ മറ്റു കൃഷ്ണ ക്ഷേത്രങ്ങളിലോ പോകും.അമ്പാടി കണ്ണന്റെ ദര്‍ശനം ആത്മാവിനു പുണ്യം.

    കൂട്ടുകാരിയെ ഓര്‍ക്കാന്‍ അനുവിന്റെ സഹായം വേണ്ട. അതുകൊണ്ട്, പേര് വേണ്ട. ഒരു സ്ത്രീയുടെ പേരില്‍ ഒരു പുരുഷനെ വിളിക്കാന്‍ ഇഷ്ടമല്ല. അതാര് ആര് തന്നെയാണെങ്കിലും.
    ആയുസ്സും ആഹ്ലാദവും ഐശ്വര്യവും സൌഹൃദവും സ്നേഹവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      അപ്പൊ നല്ലൊരു പോസ്റ്റ്‌ മിസ്സാക്കില്ലേ :( ഉറങ്ങാതെ പോസ്റ്റ്‌ എഴുതീരുന്നില്ലേല്‍ അല്പം കൂടി കൃഷ്ണപ്രീതി കിട്ടിയേനെ...:) മനസ്സെപ്പോഴും കണ്ണനൊപ്പമല്ലേ.. അത് കൊണ്ട് സാരമില്ല...

      സുഹൃത്തെ എന്ന് വിളിക്കുന്നതോളം സ്നേഹം മറ്റൊരിക്കലും കിട്ടില്ലെന്ന് വിശ്വസിക്കുന്നു... അതുകൊണ്ട് സുഹൃത്തെന്നു തന്നെ മതീട്ടോ... ചെയ്യും എന്ന് ഉറപ്പില്ലാത്ത കാര്യം ഒരിക്കലും വാഗ്ദാനമായി നല്‍കാറില്ല.. അത് കൊണ്ട് പേര് പിന്നൊരിക്കല്‍ പറയാം എന്ന് പറയുന്നില്ലാട്ടോ...

      പ്രിയസോദരിക്ക് സ്നേഹപൂര്‍വ്വം...

      Delete
  8. And to be honest I thought of them too ! :) My Fb status message !

    In this lovely evening,I think of my classmate ,
    The lovely girl whose name is Krishna...........
    Another friend whose name is Krishna
    And who sings Ashtapadi so beautifully............
    And a very close friend who is the third Krishna,
    Who is a thorough gentleman...........! :)
    Sasneham,
    Anu

    ReplyDelete
  9. പ്രിയപ്പെട്ട സ്നേഹിതാ,

    അഷ്ടമിരോഹിണി പോസ്റ്റ്‌ മുഴുവനാക്കും. കൃഷ്ണപ്രീതി ഒരു പാട് നഷ്ട്ടപ്പെടുത്തിയിട്ടുണ്ട്.

    ഇനിയൊരിക്കലും പേര് പറയരുതേ ............!

    ശുഭരാത്രി !

    സസ്നേഹം,

    അനു


    ReplyDelete
    Replies
    1. അനൂ,

      ന്നെ കളിയാക്കിയതാണോ....:):( ??

      ശുഭരാത്രി...

      സ്നേഹപൂര്‍വ്വം...

      Delete