Thursday, August 16, 2012

വരവായി പൊന്നിന്‍ ചിങ്ങം....

നന്മയുടെ, അഭിവൃദ്ധിയുടെ, സന്തോഷത്തിന്‍റെ, പങ്കുവയ്ക്കലിന്‍റെ, ഓര്‍മ്മകളുടെ ഒരു പുതു വര്‍ഷം കൂടി

പ്രിയപ്പെട്ടവര്‍ക്ക് പുതുവസ്ത്രങ്ങളെടുത്തും സമ്മാനങ്ങള്‍ നല്‍കിയും ബന്ധങ്ങളെ വിളക്കിചേര്‍ക്കാന്‍ ഒരവസരം കൂടി

ഏവര്‍ക്കും നന്മ നിറഞ്ഞ, സമൃദ്ധമായ, ഒരു വര്‍ഷം കൂടി ആദ്യമേ നേരട്ടെ.... പൊന്നിന്‍ ചിങ്ങം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഓണവും പൂക്കളുമാണ്. അത് കൊണ്ട് ഹൃദ്യമായ ഓണാശംസകളും ഒരുമിച്ചു നല്‍കട്ടെ...

നിറങ്ങള്‍ പൂക്കളായി നൃത്തമാടുമ്പോള്‍, പൂക്കൂടയുമായി കൂട്ടരോടൊത്ത് ആര്‍പ്പുവിളിച്ചു നടന്ന കുട്ടിക്കാലം...

ആരാണ് കൂടുതല്‍ പറിക്കുക എന്ന മത്സരവുമായി പറമ്പിലും, പാടത്തും, അടുത്ത വീടുകളിലും പിന്നെയും പിന്നെയും തളര്‍ച്ചയില്ലാതെ ഓടിയത്.....

തുമ്പയും, തെച്ചിയും, അരിമുല്ലയും, പിന്നെ പേരറിയാവുന്നതും അറിയാത്തതുമായ എത്രയെത്ര പൂവുകള്‍ ഇറുത്തെടുത്തു...

ചെടികള്‍ക്കും സന്തോഷമായിരുന്നു പൂക്കള്‍ തരാന്‍, അതുകൊണ്ടല്ലേ അന്നൊക്കെ കൂടുതല്‍ പൂക്കളെ വിരിയിച്ചു കൊണ്ട് എത്താ കൊമ്പുകള്‍ താഴ്ത്തി തല കുമ്പിട്ടു തന്നത്... എന്ത് രസമായിരുന്നു ആ ദിനങ്ങള്‍... അവധിക്കാലം ഇത് പോലെ ആസ്വദിക്കുന്ന ദിനങ്ങള്‍ ഇനിയുമുണ്ടാവുമെന്ന് വെറുതെയെങ്കിലും ആശിക്കട്ടെ...

പിന്നെ പൂക്കളമിടാനായി മത്സരം.. അത് വീട്ടില്‍ തന്നെ.... ആരിടും, എങ്ങനെയിടും.... നൂറഭിപ്രായങ്ങളാണ്... ഒടുവില്‍ ആദ്യം തീരുമാനിച്ചത് തന്നെ വലിയൊരു കളമായി മുറ്റത്ത് വിരിയും... ആദ്യം തീരുമാനിച്ചത് എന്താണെന്നോ, വേറൊന്നുമല്ല എല്ലാരും കൂടി ഇടണമെന്ന് തന്നെ... പങ്കിടലും പങ്കുവയ്ക്കലും തന്നാണല്ലോ എല്ലാ ആഘോഷങ്ങളുടെയും അന്തസ്സത്ത....

വീട്ടിലെ പൂക്കളമിട്ടു കഴിഞ്ഞാല്‍ പിന്നെ ഒരോട്ടമാണ് അടുത്ത വീട്ടിലേക്ക്... അവിടെ ഒരു അമ്മൂമ്മ മാത്രേ ഉള്ളൂ... അതുകൊണ്ട് അവിടെ പൂക്കളിടുന്നത് ഞങ്ങള്‍ കുട്ടികളെല്ലാരും കൂടിയാണ്... അമ്മൂമ്മയും സഹായിക്കും ഒപ്പം ഒട്ടേറെ കഥ പറഞ്ഞുതരികയും ചെയ്യും... മഹാബലിയും വാമനനും ദാനം കിട്ടിയ മൂന്നടി മണ്ണുമെല്ലാം ഇന്നും ഓര്‍മ്മകളില്‍ നില്‍ക്കുന്നതു ആ അമ്മൂമ്മയുടെ വാക്കുകള്‍ കൊണ്ട് തന്നെ... കഥകള്‍ കേട്ടിരിക്കുമ്പോള്‍ വിശപ്പ്‌ മറന്നുപോകും. പിന്നെ ഓരോരുത്തരുടെയും അമ്മമാര്‍ അമ്മൂമ്മയ്ക്കുള്ള ഭക്ഷണവുമായി ഞങ്ങളെ വിളിക്കാന്‍ എത്തും. അവരെ ഊട്ടിയത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം.....

പിന്നീട് ഊണൊരുക്കുവാനുള്ള തിരക്ക്.... പുന്നെല്ലു കൊണ്ടുള്ള ചോറ്, സാമ്പാര്‍, പച്ചടി, കാളന്‍, ഓലന്‍, അവിയല്‍, അച്ചാര്‍, പപ്പടം, ഉപ്പേരി, ഹാ... വിഭവസമൃദ്ധമായ ഊണ് ഒരുങ്ങി വരുമ്പോഴേക്കും വയറ്റില്‍ തായമ്പക തുടങ്ങിയിരിക്കും.... ഊണും കഴിഞ്ഞ് പായസവും കുടിച്ചു കഴിഞ്ഞാല്‍ പിന്നെ നല്ല ക്ഷീണമാണ്, പൂ പറിക്കാനും, പൂക്കളമിടാനും ഓടിയതിന്‍റെതാണോ, അല്ല  മത്സരിച്ചു ഭക്ഷണം കഴിച്ചതിന്‍റെതാണോ എന്നറിയില്ല...

ഇന്ന് ഓണം ഓര്‍മ്മകളില്‍ മാത്രം ആയിപ്പോകുന്നോ എന്ന് സംശയം... പൂക്കള്‍ പറിക്കാന്‍ പോകാതെ കമ്പോളത്തില്‍ ലഭ്യമായ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പൂക്കള്‍ വിലകൊടുത്തു വാങ്ങി വയ്ക്കും തലേന്ന് തന്നെ... ഉച്ചഭക്ഷണം പഞ്ചനക്ഷത്ര ഭക്ഷണശാലകളില്‍... ബന്ധങ്ങളുടെ ഒത്തൊരുമിക്കല്‍ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മാത്രം....

നഷ്ടപ്പെട്ട ആ നല്ല ഇന്നലെകള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ലെങ്കിലും ഒരിക്കല്‍ കൂടി അതുപോലൊന്ന് സത്യമായെങ്കില്‍...

ഒരിക്കല്‍ കൂടി ഏവര്‍ക്കും ഹാര്‍ദ്ദവമായ പുതുവര്‍ഷം...... നേരിന്‍റെയും നന്മയുടെയും സമൃദ്ധിയുടെയും തുമ്പ പൂക്കള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി നേര്‍ന്നുകൊണ്ട്....

സ്നേഹപൂര്‍വ്വം....

12 comments:

  1. പ്രിയപ്പെട്ട സ്നേഹിതാ,

    വളരെ മനോഹരമായി പൊന്നിന്‍ മാസത്തെ വരവേല്‍ക്കുന്ന ഹൃദ്യമായ വരികള്‍,വായനക്കാരുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കളം തീര്‍ക്കുന്നു.

    ഓര്‍മകളില്‍ ഊഞ്ഞാലാടുന്ന എത്രയോ അനുഭവങ്ങള്‍ .........! ആ ഓര്‍മകളില്‍ വീണ്ടും പൂക്കുന്ന മനസ്സ്. അപ്പോള്‍, ഈ പോസ്റ്റ്‌ എങ്ങിനെ ഓര്‍മകളിലെ നഷ്ടമാകും? ഓര്‍മകളിലെ പൂക്കാലം............! :)

    മലയാളത്തിന്റെ, മണ്ണിന്റെ, ഐശ്വര്യത്തിന്റെ,സന്തോഷത്തിന്റെ സുഗന്ധം പരത്തുന്ന ഈ പോസ്റ്റ്‌ ഒത്തിരി ഇഷ്ടായി !

    മനോഹരമായ പൊന്നിന്‍ ചിങ്ങ പുലരി നേര്‍ന്നു കൊണ്ടു,

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      സന്തോഷം തരുന്നു ഈ അഭിപ്രായം... (സന്തോഷം പങ്കു വയ്ക്കുമ്പോള്‍ കൂടുമല്ലോ)

      പൊന്നിന്‍ ചിങ്ങത്തിന്‍റെ ഊഷ്മളത ഇന്ന് നഷ്ടപ്പെടുന്നു... അന്നത്തെ കളിചിരികള്‍, ആഘോഷം എല്ലാം ഇന്ന് വെറുതെ ഒരു പ്രഹസനത്തിനു വേണ്ടി മാത്രം കാഴ്ച്ചവയ്ക്കുന്നോ എന്ന് തോന്നിപ്പോകുന്നു ചിലപ്പോള്‍, നിഷ്കളങ്കമായ ആ ബാല്യം മാത്രം മതിയായിരുന്നു....(സത്യം തന്നെ ഓര്‍മ്മകളിലെ നഷ്ടമല്ല, ഇന്നത്തെ നഷ്ടം മാത്രം....ഓര്‍മകളിലെ പൂക്കാലം തന്നെ...തിരുത്തുന്നുണ്ട് കേട്ടോ:))

      ചിങ്ങം ഒന്ന് - കര്‍ഷകദിനം -- ഈ മറുപടി കുറിക്കുമ്പോള്‍ ആരവങ്ങളില്ലാതെ.... ആഡംഭരങ്ങളില്ലാതെ... പടക്കങ്ങളുടെ ഘോര ശബ്ദങ്ങളില്ലാതെ.... നേര്‍ത്തൊരു മഴയുടെ സംഗീതത്തോടെ ഇവിടെ പൊന്നിന്‍ ചിങ്ങം പിറന്നിരിക്കുന്നു...
      ഉദിക്കാനിരിക്കുന്ന സൂര്യന് തിളക്കം കൂടുതലുണ്ട്... പുഷ്പിണിയായി നില്‍ക്കുന്ന ഈ പ്രകൃതിയോട് എന്തൊക്കെയോ അവനു വിളിച്ചു പറയാനുണ്ട്.... അത് കേട്ടുണരാനായി.... പുതുവത്സരത്തിന്‍റെ പുലരിയില്‍ പുല്‍ക്കൊടിത്തുമ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഴത്തുള്ളികള്‍ പോലെ ആര്‍ദ്രമായ ആശംസകള്‍ നേര്‍ന്നു കൊണ്ട്....

      ശുഭരാത്രി....

      Delete
  2. മറക്കാതിരിക്കാനുള്ളതെല്ലാം ഓര്‍മ്മിപ്പിക്കാനല്ലേ ഓണം?

    ReplyDelete
    Replies
    1. രമേഷേട്ടാ സ്വാഗതം...
      പുതുവത്സരാശംസകള്‍ നേരട്ടെ ആദ്യം...
      പുതുവര്‍ഷത്തിലെ ആദ്യത്തെ അതിഥിക്ക് വേണ്ടി (മറുപടിക്ക് വേണ്ടി) ഒരു നാല് വരി കവിത കടമെടുക്കട്ടെ ഞാന്‍:

      ഓര്‍മ്മയ്ക്ക് പേരാണിതോണം..
      ഓര്‍മ്മയ്ക്ക് പേരാണിതോണം..

      പൂര്‍വ്വ നേരിന്‍റെ നിനവാണിതോണം
      ഓര്‍ക്കുവാന്‍ എന്തെങ്കിലും വേണമെന്നുള്ള
      വാക്കിന്‍റെ നിറവാണിതോണം..
      ഓര്‍മ്മയ്ക്ക് പേരാണിതോണം...

      ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍
      മുറ്റത്തെ മുക്കുറ്റി മുത്തകങ്ങള്‍
      മുഷ്ടിക്കരുത്താല്‍ മുഖം ചതഞ്ഞാത്മാവ്
      നഷ്ടപ്പെടാ ഗോത്രസഞ്ചയങ്ങള്‍

      ഓര്‍മ്മയ്ക്ക് പേരാണിതോണം..
      ഓര്‍മ്മയ്ക്ക് പേരാണിതോണം...

      നാല് വരിയെന്നു പറഞ്ഞിട്ട് എട്ടു വരികളായല്ലോ...
      അപ്പൊ ഹാര്‍ദ്ദവമായ ആശംസകള്‍ ഒരിക്കല്‍ കൂടി...

      Delete
  3. പുതുവര്‍ഷം
    പുതുപ്രതീക്ഷകള്‍
    പുത്തന്‍ പ്രത്യാശകള്‍
    പുത്തന്‍ തീരുമാനങ്ങള്‍
    പുതിയ അനുഭവങ്ങള്‍
    പുത്തനനുഗ്രഹങ്ങള്‍
    പുതിയ ഉണര്‍വ്
    പുതുചിന്ത

    എല്ലാം നിത്യഹരിതാഭം
    സര്‍വമംഗളം

    ReplyDelete
    Replies
    1. പുതുമ തന്നെ... എല്ലാം...
      വര്‍ണ്ണങ്ങളേഴും ചൊരിഞ്ഞു പ്രകൃതി പ്രഭാമയിയായിരിക്കുന്നു...
      ഇനി കൊയ്ത്തുത്സവങ്ങള്‍... സന്തോഷത്തിന്‍റെ സമൃദ്ധിയുടെ ദിനങ്ങള്‍....
      അജിത്തേട്ടനും കുടുംബത്തിനും ഹാര്‍ദ്ദവമായ പുതുവത്സരാശംസകള്‍...

      Delete
  4. ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ .....
    ഇന്ന് ഓണം ഓര്‍മ്മകളിലല്ല; പൂക്കളവും ഓണക്കളികളും എല്ലാം ടി.വി ചാന്നലില്‍ ആണ്..
    ഓണ സദ്യ പാഴ്സല്‍ ആയി വീട്ടില്‍ എത്തും പോരെ പൂരം...
    ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഓണം ആഘോഷിക്കുന്നത് ബിവറേജസ് കോര്‍പറേഷന്‍ ആണ്...
    പുലികളി ഇല്ലേല്‍ എന്താ പാമ്പ് കളി ഇല്ലേ, പിന്നെന്ത് വേണം മലയാളിക്ക് ..?

    ReplyDelete
    Replies
    1. നന്ദി മഹേഷ്‌ ഭായ്...
      സത്യം തന്നെ അത്... ടി വി യില്‍ മാത്രം ഒതുങ്ങിപ്പോകുന്നു മലയാളികളുടെ ഓണം... (അവിടെയും പുതിയ പടങ്ങളുടെ പരമ്പര തന്നെ, ഉള്ള ഓര്‍മ്മകളെ പോലും മറക്കാന്‍ പറഞ്ഞുകൊണ്ട്!)
      ശരിതന്നെ ഓരോ ആഘോഷത്തിനും മദ്യശാലകള്‍ വരുമാനത്തില്‍ സ്വന്തം റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു..

      Delete
  5. ഓണം എന്നും ഒരു അനുഭവം തന്നെയാണ്... എത്ര കാലമായാലും അതൊക്കെ ഓര്‍മ്മകളില്‍ മറയാതെ നില്‍ക്കും... ആ ഓര്‍മ്മകളില്‍ മാത്രം ഓണമൊതുങ്ങിപ്പോകാതിരുന്നാല്‍ മതി..... അത്തം തുടങ്ങി തിരുവോണത്തിലേക്കടുത്തു കൊണ്ടിരിയ്ക്കുന്നു... പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു കുളിര്‍...മ്മ... വളരെ നല്ല അവതരണം.... ഈ ഓണക്കാലത്തെ ഓണത്തെക്കുറിച്ചുള്ള ആദ്യവായന.... ഈ ബ്ലോഗിലും ഇത് ആദ്യ വായന..... നന്നായിട്ടുണ്ട്... സ്നേഹാശംസകള്‍ ....

    ReplyDelete
    Replies
    1. സ്വാഗതം അസിന്‍, ഓണം ഒരനുഭവം തന്നെ പ്രത്യേകിച്ച് കുട്ടിക്കാലത്ത്, ആഘോഷങ്ങള്‍ കൌതുകമായിരുന്ന ആ കാലത്ത്.. ഇവിടുത്തെ ആദ്യ വായനയും ഓണത്തെ കുറിച്ചുള്ള ആദ്യ വായനയും സന്തോഷം നല്‍കുന്നു...

      മനോഹരമായ അഭിപ്രായത്തിനും ആദ്യവരവിനും നന്ദി...

      Delete