Thursday, August 16, 2012

നീ കേള്‍ക്കുവാനായ് മാത്രം...

ഇവിടെ ഞാനിത്തിരി നേരം എകനായിരിക്കട്ടെ...
ഈ കല്ലോലിനിയുടെ തീരത്ത്...
ജന്മങ്ങളായി നീ വിധിച്ചോരെന്‍റെ കല്‍ത്തുറുങ്കില്‍...
ഉറഞ്ഞുകൂടിയ മഞ്ഞുമലകള്‍ക്ക് താഴെ
നിര്‍ബാധം ഒഴുകുന്ന നിന്‍റെ സ്നേഹത്തിനു വേണ്ടി

ഓര്‍ക്കുന്നോ നീ...
സ്നേഹിച്ചു തീരാത്ത പൂവും ശലഭവും നമ്മെ നോക്കി നിന്നത്..
നിന്നെ തഴുകിയ കാറ്റില്‍ പിന്നെ നാണിച്ചു പോയത്...
മൗനത്തിന്‍റെ ഭാഷയില്‍ മരങ്ങള്‍ കുശുമ്പോതിയത്
നമ്മള്‍ കേട്ടോ എന്നോര്‍ത്ത് ചില്ലകളുലച്ചത്...
പുല്‍ക്കൊടി തുമ്പില്‍ നിന്നിറ്റു വീഴുന്ന മഞ്ഞുതുള്ളിയെ
കണ്ണുനീരോടെ നീ യാത്രയാക്കിയത്..
പിരിയുന്ന നേരം പിരിയാനാവില്ലെന്നു നീ പറയുമ്പോള്‍
അതിലേറെ കണ്ണീരോടെ ആ പുല്‍ക്കൊടിയും നിന്‍ വഴികളില്‍..

ഈ ഘോരാന്ധകാരത്തില്‍ പാടുന്ന രാപ്പാടിയുടെ
പാട്ടില്‍ അലിഞ്ഞു ചേര്‍ന്നത് നിന്‍റെ ഹൃദയതാളമായിരുന്നോ
മൗനത്തിന്റെ ഈ കൂട്ടില്‍, ഋതു കൊണ്ടുവന്ന മഴനൊമ്പരവും
പിന്നെ നിന്‍റെ പ്രണയ തീഷ്ണതയും, കണ്ണിലെ നനവും..
അറിഞ്ഞോ അറിയാതെയോ ഞാന്‍ നിനക്ക് നല്‍കിയ നോവുകള്‍
ഏറ്റു വാങ്ങുന്നു തിരിച്ച് ഞാനെന്‍ ഹൃദയത്തിലേക്ക്...

ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല ഒരു മയക്കം മാത്രം
എന്ന് നീ പറഞ്ഞപ്പോള്‍ ദുഃഖിക്കാനുള്ള ജന്മവാസന
എനിക്ക് നിന്നെ ഓര്‍ക്കാനുള്ള ഹേതുവായി...
സ്വപ്‌നങ്ങള്‍ തന്നതിന്, മോഹങ്ങള്‍ക്ക് ചിറക് നല്‍കിയതിനു
സ്നേഹത്തിന്‍റെ നിലവിളക്കില്‍ തിരി തെളിച്ചത്തിനു
ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍ കരയാന്‍ ഒരിറ്റു
കണ്ണുനീര്‍ നല്‍കിയതിനു.... നിന്നോടെനിക്ക് നന്ദിയുണ്ട്

എന്‍റെ മൗനവും കണ്ണീരും നിന്‍റെ സന്തോഷമെങ്കില്‍ കഴിഞ്ഞ കാലങ്ങളെ ശപിക്കാതെ
ഏറെ സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാനേല്‍ക്കുന്നു ആ നിമിഷങ്ങളെ
ഒരിക്കല്‍ നിനക്കെല്ലാമായിരുന്ന, പിന്നീടൊന്നുമല്ലാതായ എനിക്ക്
കരയാതിരിക്കാന്‍ കാരണങ്ങളിന്നേറെ.... ശീലിച്ചിരിക്കുന്നു കരയുമ്പോഴും ചിരിക്കാന്‍

മഞ്ഞുമലകള്‍ ഉരുകുന്നു... ഈ നദിയിലെ ജലമുയരുന്നു
നിന്‍റെ ഓര്‍മ്മകളില്‍ നിശ്ചേതനായിരിക്കുന്ന എന്‍റെ ശ്വാസനാളിയില്‍
ഞാനറിയാതെ പുഴയൊഴുകുന്നു...
കണ്ണീരും തെളിനീരും പരസ്പരമലിഞ്ഞൊന്നായൊഴുകിടുന്നൂ... 
ദുഃഖങ്ങളില്ലാതെ, വേദന വെടിഞ്ഞ ഞാനും... സ്വച്ഛന്ദമൃത്യു വരമായി നേടാതെയിവിടെ...

7 comments:

  1. എന്നെ ഞാനാക്കി തീര്‍ത്ത
    സ്വപ്നങ്ങളല്ല ജീവിതം എന്നെന്നെ പഠിപ്പിച്ച
    കണ്ണുനീരിലും പുഞ്ചിരിക്കാന്‍ നല്ല നിമിഷങ്ങള്‍ തന്ന
    പ്രതീക്ഷകളില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറഞ്ഞ്
    വരും ഞാനൊരുനാളിലെന്നു പ്രതീക്ഷയും നല്‍കി അകലേക്ക് പോയ
    നിനക്കായി മാത്രം........

    ReplyDelete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    ഈ രാവു പുലരുമ്പോള്‍, ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുടെയും സന്തോഷത്തിന്റെയും പൊന്നിന്‍ ചിങ്ങമാസം പുലരുകയായി.

    ചുറ്റും പൂക്കള്‍ പുഞ്ചിരിച്ചു പുതുവര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍, സന്തോഷത്തിന്റെ നാലു വരി കുറിക്കാമായിരുന്നു.

    ഹൃദയത്തില്‍ പ്രണയാര്‍ദ്രമായ ഓര്‍മ്മകള്‍ ഉണരുമെങ്കിലും, പ്രിയയോടു അല്പമെങ്കിലും നന്ദിയുന്ടെങ്കില്‍, കുറ്റബോധവും സങ്കടവും ആ മനസ്സില്‍ ഉണര്‍ത്താതിരിക്കുക,

    പ്രിയ ഈ പോസ്റ്റുകള്‍ വായിക്കുന്ന്ടെങ്കില്‍, ആ ഹൃദയം പിടയുന്നുണ്ടാകും.

    മോഹങ്ങള്‍ എല്ലാം പൂക്കണമെന്നില്ല. നഷ്ടബോധങ്ങളില്‍ നിന്നും അകലെ, പ്രകാശത്തിന്റെ ഒരു കൈത്തിരി കാണണം.

    ചുറ്റുമുള്ള ലോകം വിസ്മരിച്ചു,കരയാന്‍ തുടങ്ങിയാല്‍,കാലം മാപ്പ് തരില്ല.

    ആ സ്നേഹം സത്യമായിരുന്നു എങ്കില്‍, ഈ വിലാപഗാഥ നിര്‍ത്തുക.

    ഒരിക്കലും നമ്മുടെ സന്തോഷം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചാകരുത്‌. പ്രണയം ജീവിതത്തില്‍ ഊര്‍ജവും ശക്തിയും സമാധാനവും നല്‍കണം. മറ്റുള്ളവര്‍ക്ക് ,ഒരുപാട് പേര്‍ക്ക് സ്നേഹത്തിന്റെ തണലായി ജീവിക്കുക.

    മറക്കാന്‍ പറ്റാത്ത നൊമ്പരങ്ങള്‍ ശ്രീ ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുക.

    മനോഹരമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഒരു പുതു വര്‍ഷം കൂടി അല്ലെ, ഓര്‍മകളില്‍ മറയുന്ന ഇന്നലെകളെ ഓര്‍ത്തെടുക്കാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ കൂടി.... ചിരിക്കുന്ന പൂക്കളാണ് അവളെ ഓര്‍മ്മപ്പെടുത്തിയത്‌... ആ ഓര്‍മ്മകളാണ് വിരഹത്തിന്‍റെ വരികളായി പോകുന്നത്, മനപൂര്‍വ്വമല്ല.....

      മനസ്സും ആത്മാവും ഇന്നും ഒന്ന് തന്നെ, അത് കൊണ്ട് തന്നെ സങ്കടവും നഷ്ടബോധവുമില്ല...

      എന്നും ഏറെ പിടഞ്ഞിരിക്കുന്നു ആ മനസ്സ്... എനിക്കൊരിക്കലും സാന്ത്വനിപ്പിക്കാനാവാത്ത വിധം... എങ്കിലും അന്നും ഇന്നും എന്നും പരസ്പരമറിയുന്നു...

      പുലരികള്‍ എന്നും ഓരോ ലക്ഷ്യങ്ങള്‍ നല്‍കാറുണ്ട്... സന്ധ്യകള്‍ അവയുടെ സാക്ഷാത്കരണവും..

      കാലം എന്നേ ശിക്ഷിച്ചു കഴിഞ്ഞിരിക്കുന്നു... ഇനിയൊരിക്കല്‍ കൂടി ശിക്ഷിക്കാനാവില്ല വിധിക്ക്...

      " ആ സ്നേഹം സത്യമായിരുന്നു എങ്കില്‍, ഈ വിലാപഗാഥ നിര്‍ത്തുക."
      അനൂ ധര്‍മ്മസങ്കടത്തിലാക്കല്ലേ... ആ സ്നേഹം സത്യം തന്നെ... പക്ഷെ എനിക്ക് നിര്‍ത്താന്‍ കഴിയുമോ എന്നറിയില്ല ... ശ്രമിക്കാം...:)

      അന്നവള്‍ക്ക് (ഇന്നും) നല്‍കിയതിലേറെ സ്നേഹം ആര്‍ക്കൊക്കെയോ ഇന്ന് നല്‍കുന്നു... അന്ന് പക്ഷെ തിരിച്ചു പ്രതീക്ഷിച്ചിരുന്നു... ഇന്നതില്ല തന്നെ...

      സുഖങ്ങളില്‍ നന്ദി പറയാന്‍ മറക്കാറുള്ളത് കൊണ്ട് ദുഃഖങ്ങള്‍ ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കാറില്ല... എങ്കിലും എന്നെ അറിയാറുണ്ട് ആ ദൈവങ്ങള്‍...

      ഐശ്വര്യവും, സമാധാനവും, സന്തോഷവും, അഭിവൃദ്ധിയും നിറഞ്ഞ മറ്റൊരു സംവത്സരം അനുവിനും ഹാര്‍ദ്ദവമായി നേരുന്നു..

      സ്നേഹപൂര്‍വ്വം....

      Delete
  3. നിത്യഹരിതത്തിലെ പോസ്റ്റുകള്‍ എന്റെ ഡാഷ് ബോര്‍ഡില്‍ വരുന്നില്ല
    അതുകൊണ്ട് മിസ് ആയിപ്പോകുന്നു
    ജാലകത്തില്‍ കണ്ട് വന്നതാണിപ്പോള്‍

    ReplyDelete
    Replies
    1. അറിയില്ല എന്ത് കൊണ്ടെന്നു [ഗൂഗിള്‍ നു മടുത്തു കാണണം അതായിരിക്കാം :)]
      ഉം... ജാലകത്തില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടായിരുന്നു...

      Delete
    2. സ്വാഗതം.. മുഹമ്മദിക്ക...

      നന്ദി വായനയ്ക്ക്...

      സത്യായിട്ടും കേട്ടോ??!! :):)

      പുതുവത്സരാശംസകളോടൊപ്പം ഹാര്‍ദ്ദവമായ പെരുന്നാള്‍ ആശംസകള്‍ കൂടി...

      Delete