Saturday, August 25, 2012

ഓണം ഓര്‍മ്മകളില്‍

ഓണം...
പൂക്കളായി ഓര്‍മ്മകള്‍ നിറമണിഞ്ഞു വിരിയുന്ന വസന്തം....
ആ ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളമൊരുക്കാന്‍, ആ കളങ്ങളില്‍ നിറമേഴും പകരാന്‍...
ആ നിറങ്ങളില്‍ മനസ്സിനെ കൊരുക്കാന്‍... ഓര്‍മ്മകളില്‍ ഗൃഹാതുരത നിറയ്ക്കാന്‍...
ഒരു പൊന്നോണം കൂടി....

ഓണവെയില്‍ ഓര്‍മ്മകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കുന്നു...
പൂക്കള്‍ ചിരിക്കുന്നു, കിന്നാരം പറയുന്നു, പരസ്പരം തല്ലുകൂടുന്നു...
പ്രഹ്ലാദപൗത്രനെ വരവേല്‍ക്കേണ്ടതോര്‍ത്ത് ഇടയ്ക്ക് ലജ്ജയോടെ തല താഴ്ത്തുന്നു...
അതിനായി  ഓരോ ചെടിയും പുഷ്പങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു..
ഹരിതാഭമായ  വയലേലകള്‍ നിറയെ പേരറിയുന്നതും അറിയാത്തതുമായ എത്രെത്ര കിളികള്‍....
മണ്ണിലെ പച്ചയും വിണ്ണിലെ നീലയും ചേര്‍ന്ന് പകലില്‍ മനസ്സ്  കുളിര്‍കോരുന്നു...
ഓണനിലാവിന്‍റെ നിര്‍മ്മലത രാവില്‍ മനസ്സിനെ ആര്‍ദ്രമാക്കുന്നു....
ഒരിക്കല്‍ കൂടി ആ ബാല്യം തിരിച്ചു കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കാത്തവരാരുണ്ട്...

വയലും, തെളിനീരൊഴുകുന്ന തോടുകളും, ചെറിയ ചെറിയ കുളങ്ങളും...
തുമ്പയും, തുമ്പിയും, കൊറ്റിയും, പിന്നെ ചിറകടിച്ചുയരുന്ന പ്രാവുകളും
ഓര്‍മ്മകളില്‍ കൂടുകൂട്ടുമ്പോള്‍ ആ നഷ്ടങ്ങള്‍ ഇനി തിരിച്ചു കിട്ടുമോ...

കൂട്ടം കൂടി നടന്ന കൂട്ടുകാരും, കുസൃതിയാല്‍ പരസ്പരം ചെളിവാരിയെറിഞ്ഞ നാളുകളും...

അതിനു കിട്ടുന്ന തല്ലിന്‍റെ വേദന പങ്കു വച്ച നിമിഷങ്ങളും...
ഓര്‍മ്മകളിലിന്നു നിറയുമ്പോള്‍ അറിയാതൊരു ചെറു പുഞ്ചിരി ചുണ്ടില്‍ ഒരു ഓണപൂ പോലെ....

ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നില്ലേ... പൂക്കള്‍ പറിക്കാനായി വേലികള്‍ ചാടിക്കടന്ന്, കുറ്റിക്കാടുകള്‍

അരിച്ചുപെറുക്കി, പൂക്കൂടയുമായി ഓടിയ നാളുകള്‍....
എനിക്കേറെ, എനിക്കേറെ എന്ന് മത്സരിക്കുമ്പോഴും അവസാനം എല്ലാം കൂടി പങ്കിട്ടതും...
ഒരുമിച്ച് പൂക്കളമിട്ടതും, നീയാ നന്നായിടുന്നത് നീയിട്ടാല്‍ മതിയെന്ന് പറഞ്ഞതും... കേട്ടതും... ഒരുമിച്ചിട്ടതും...
അതിലെ സ്നേഹവും നിഷ്കളങ്കതയും ഇന്നും മറക്കാനാകുമോ...  ഒന്ന് കൂടി തിരിച്ചു കിട്ടിയെങ്കില്‍....

ഇറുത്തെടുത്തിട്ടും, ഇതളുകളായി വേര്‍പെടുത്തിയിട്ടും ഇന്നുമാ പൂക്കള്‍ ചിരിക്കുന്നു...
ജീവന്‍ വേര്‍പെടുമ്പോഴും നിന്‍റെ കണ്ണുകള്‍ക്ക് ആനന്ദം പകരുമെങ്കില്‍...
ആ ആനന്ദം ഈ മുറ്റത്തേക്ക് പ്രജാതത്പരനെ എത്തിക്കുമെങ്കില്‍ പുഞ്ചിരിച്ചു
നില്‍ക്കുന്ന ഞങ്ങളെ കാണാന്‍, ആ  സന്തോഷത്താല്‍
നിനക്കനുഗ്രഹവര്‍ഷം ചൊരിയുമെങ്കില്‍ അതിനായി പ്രാര്‍ഥിച്ചു കൊണ്ട്....

ഓര്‍മകളും മനസ്സും ഒരിക്കലും മുഴുവനായും പങ്കുവയ്ക്കാനാകില്ലെങ്കിലും...
ഐശ്വര്യത്തിന്‍റെ, സമൃദ്ധിയുടെ, നന്മയുടെ, ഒരു ഓണത്തെ വരവേല്‍ക്കാന്‍....
ഏവര്‍ക്കും ഹൃദ്യമായ ഓണം ആശംസകള്‍...

11 comments:

  1. ഓണാശംസകള്‍, നിത്യഹരിതേ

    ReplyDelete
    Replies
    1. തിരിച്ചും ഹൃദ്യമായ ഓണാശംസകള്‍, അജിത്തേട്ടാ

      Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

    മനോഹരമായ തൃക്കേട്ട ആശംസകള്‍ !

    എത്ര മനോഹരം,ഈ പൂക്കളം !പ്രകൃതി തന്നെ പൂക്കളം തീര്‍ക്കുന്ന ഈ ചിങ്ങമാസത്തില്‍,നമ്മള്‍ എല്ലാവര്ക്കും സുന്ദരമായ ബാല്യകാല സ്മരണകള്‍ അയവിറക്കാം.

    വര്‍ണങ്ങള്‍ നിറഞ്ഞ ഈ പൂക്കളം തന്നെ നിത്യഹരിതയുടെ ആദ്യ ചിത്രമായതില് ഒത്തിരി സന്തോഷമുണ്ട്.

    ആഘോഷിക്കാന്‍ ഓണം ഇല്ലാതാകുമ്പോള്‍, ആഘോഷിച്ചു തീര്‍ത്ത ഓണങ്ങള്‍ നമുക്ക് പ്രിയപ്പെട്ടതാകുന്നു.

    മനസ്സില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രവും വരികളും !

    സന്തോഷങ്ങള്‍ പങ്കിടുക.........!സങ്കടങ്ങള്‍ ഇല്ലാതിരിക്കട്ടെ !

    ഓരോ പൂവിനും,പൂവിന്റെ ഓരോ ഇതളിനും ഒരായിരം കഥകള്‍ പറയാന്‍ ഉണ്ട്. കേള്‍ക്കുമോ ആ കഥകള്‍?പുതിയ ഓണപ്പാട്ടുകള്‍ പതിയെ പാടുന്നത് കേള്‍ക്കുന്നുണ്ടോ?
    ഓണാശംസകള്‍!

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. ഈ ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ ഞാനും എന്റെ കുട്ടിക്കാലം ഓര്‍ത്ത്‌ നോക്കി..

      പൂ പറിച്ചു നടപ്പും ,ആപൂക്കള്‍ കൊണ്ട് പൂക്കളം ഇടലും എന്ത് രസ്സായിരുന്നു. അന്നത്തെ ആ കുട്ടിമനസിന്റെ സന്തോഷവും ,ത്രില്ലും .

      ഇപ്പൊ ഒരു ചടങ്ങ് പോലെ ചെയ്യുന്നുന്നെയുള്ളൂ...പൈസ്സ കൊടുത്ത് പൂ വാങ്ങും..ഇന്റര്‍നെറ്റ്‌ നോക്കി ഡിസൈന്‍ വരക്കും ,പിന്നെ അത് പോലൊക്കെ അങ്ങ് ഒപ്പിക്കും..

      നിത്യക്കും സന്തോഷം നന്മകളും നിറഞ്ഞ ഓണം ആവട്ടേന്നു ആശംസിക്കുന്നു..

      Delete
    2. അനൂ,

      ഹൃദ്യമായ ഓണാശംസകള്‍...

      ആഘോഷിച്ചു തീര്‍ത്ത ഓണം നമുക്ക് പ്രിയമുള്ളതാകുമ്പോള്‍, ആഘോഷിക്കപ്പെടാതെ പോകുന്ന ഇന്നുകള്‍ നാളെയുടെ നഷ്ടം തന്നെ... ഇന്നത്തെ ബാല്യങ്ങള്‍ക്ക്‌ വേണ്ടി, നാളെ അവര്‍ക്കും ഓര്‍ക്കാന്‍ വേണ്ടി, നമുക്ക് ഇന്നും ആഘോഷിക്കാം....

      പൂക്കളുടെ കിന്നാരം പറച്ചിലും മൂളിപ്പാട്ടും കാറ്റ് വന്നു കാതില്‍ സ്വകാര്യമോതാറുണ്ട്...

      സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നല്ലനാളെകള്‍...

      ശുഭരാത്രി...

      Delete
    3. നീലിമാ,
      ഹൃദ്യമായ ഓണം ആശംസകള്‍...

      ആഘോഷങ്ങള്‍ ഏറ്റവും മനോഹരമാകുന്നത് കുട്ടിക്കാലത്താണ്...
      ഒരിക്കലും തിരിച്ചുകിട്ടാത്തതാണെങ്കിലും, നമുക്കത് നല്‍കാന്‍ ശ്രമിക്കാമല്ലേ...

      വേഗതയുടെ ഈ കാലഘട്ടത്തില്‍ ആചാരങ്ങളും ആഘോഷങ്ങളും വെറുമൊരു ചടങ്ങ് മാത്രമായിപ്പോകുന്നു... കഷ്ടം തന്നല്ലേ?

      സമ്പത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകള്‍ ഒരിക്കല്‍ക്കൂടി...

      ശുഭരാത്രി...

      Delete
  3. "എന്‍ ഹൃദയ പൂത്താലം , നിറയേ നിറയേ
    മലര്‍ വാരി നിറച്ചൂ .. വരുമോ രാജാവേ പൂക്കണി കാണാന്‍ എന്‍ മുന്നില്‍ "
    കാലം തന്നു പൊയ സമൃദ്ധമായ ബാല്യകാല ഓണത്തിന്റെ ഓര്‍മകളില്‍
    മനസ്സിപ്പൊഴും കുരുങ്ങി കിടപ്പുണ്ട് , ഇനിയൊരിക്കലും കിട്ടാതെ
    പൊകുന്ന നന്മകളില്‍ ചിലത് , നമ്മുക്ക് വാക്കുകളിലൂടെ മാത്രം
    നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ കഴിയുന്ന ചിലത് ...
    മനുഷ്യനും പ്രകൃതിയും ഒക്കെ എത്ര മാറി പൊയല്ലേ ...
    ദിവസങ്ങള്‍ക്ക് പൊലും വല്ലാത്തൊരു വേഗത .. കുത്തി നോവിക്കുന്ന
    ചിലത് ഓണക്കാലം കൊണ്ട് തരും , അമ്മയുടെ മടിയിലേക്ക് -
    ഓടിചെല്ലാന്‍ ഒരൊ ഓണക്കാലവും കൊതിക്കും ,
    എന്റെ പ്രീയ മിത്രത്തിന് ഹൃദയത്തില്‍ നിന്നും നേരുന്നു ഓണാശംസ്കള്‍ ..
    ( ന്റെ നിത്യ , പുതിയ പൊസ്റ്റ് വരുമ്പൊള്‍ ഒന്നു മെയില്‍ അയ്ക്കന്നേ , അറിയുന്നില്ല സഖേ )

    ReplyDelete
  4. പ്രിയപ്പെട്ട റിനീ..

    എത്തട്ടെ മുന്നില്‍ എന്നാശംസിക്കുന്നു...

    ബാല്യം ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടം തന്നെ..
    നാളത്തെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ആ നഷ്ടം പോലുമില്ലല്ലോ...
    എത്ര കൊതിച്ചിട്ടും കാലം ഒരിക്കല്‍ പോലും കാത്തു നില്‍ക്കാറില്ലല്ലോ സഖേ..
    ഓണം സ്നേഹം തന്നെ.... അമ്മയുടെ മറ്റൊരു രൂപം...

    പ്രിയ കൂട്ടുകാരന് ഹാര്‍ദ്ദവമായ ഓണം ആശംസകള്‍...

    [ന്‍റെ റിനിയെ, ഞാന്‍ വല്ലാത്തൊരു മടിയനാന്ന്...]

    ReplyDelete
    Replies
    1. ഇനി മടി വേണ്ടേട്ടൊ ...
      അയക്കൂന്നേ ......
      ദേ സ്നേഹിക്കുന്നവര്‍ പറഞ്ഞാല്‍ ചെയ്യണം :)

      Delete
  5. എല്ലാം ഓര്‍മ്മകള്‍ മാത്രം. ഓര്‍മകളെ നിറം ചാലിച്ചു വച്ചതിനു നന്ദി ഒപ്പം ഓണശംസയും.

    ReplyDelete
    Replies
    1. ഓര്‍മ്മകളെല്ലാം ഒന്ന് കൂടി വിരിയിച്ചെടുക്കാന്‍ ഒരോണം കൂടി...

      ഹാര്‍ദ്ദവമായ തിരുവോണാശംസകള്‍...

      Delete