Thursday, June 14, 2012

മനസ്സും മരണവും

കരയുവാനാവാതെ ഏകാന്ത രാവുകളില്‍ 
ഓര്‍മ്മകള്‍ നൊമ്പരങ്ങളായ് മാറുമ്പോള്‍,
സാന്ത്വനം നല്‍കുവാന്‍ ആശ്വാസമോതുവാന്‍ 
നീയെന്‍റെ ചാരത്തണഞ്ഞുവെങ്കില്‍,
ഇരുളിന്‍ കരാള ഹസ്തങ്ങളെന്നെ 
പുണരുവാന്‍ വെമ്പി നില്‍ക്കുമ്പോള്‍,
അറിയുന്നു ഞാന്‍ നിന്റെ സാമീപ്യമറിയുന്നു,
അറിയുന്നു ഞാന്‍ നിനക്കേറെ തണുപ്പെന്നു,
നീയെന്നെ പുണരുമ്പോള്‍ അറിയുന്നു ഞാന്‍ 
നീയെത്രയോ ശക്തയും ഞാനശക്തനുമെന്നു.
ഒടുവില്‍ നീയെന്‍റെ  മജ്ജയും മാംസവും 
സ്വന്തമാക്കിയകലുമ്പോഴും, നീയറിഞ്ഞില്ലെന്‍റെ-
മനസ്സ്, അതിനെ നീ മറന്നുവെന്നു.
ഇന്ന് ഞാനറിയുന്നു മനസ്സിനൊരു വിലയുമില്ലെന്നു 
അത് വെറുമൊരു സങ്കല്‍പ്പമെന്നു;
ആരുടെയോ സ്വപ്നങ്ങളില്‍ നിന്നടര്‍ന്നു വീണ 
ചിത്രശലഭത്തിന്‍റെ വെറുമൊരു ചിറകാണെന്നു.
പാവം മനുഷ്യരെന്തറിഞ്ഞൂ, മനസ്സാക്ഷിയില്ലാത്തവരെന്തറിഞ്ഞൂ
വെറുമൊരു കറുപ്പിലലിയുന്നതേ ജീവിതം 
അതിലില്ലാത്ത വെളുപ്പാണ് മനസ്സെന്നു...!!! 

No comments:

Post a Comment