Saturday, January 7, 2017

അടയാളപ്പെടുത്തലുകള്‍... പൂക്കളായി...


ചിരി നഷ്ടപ്പെട്ട നാളുകളെ കുറിച്ചോര്‍ത്ത് വ്യഥ കൊണ്ടിരുന്ന നാളുകള്‍! പോയ്മറഞ്ഞ ദേശാടനപ്പക്ഷികളെ കാത്തിരുന്ന കാലം.. ഒരു ചിറകടി ശബ്ദത്തിനായി... കൊക്കുരുമ്മലുകള്‍ക്കായി... നിമിഷങ്ങളെണ്ണി കാലം കഴിച്ച ദിനങ്ങള്‍.... :) പോയ്‌മറഞ്ഞ വസന്തവും ദേശാടനക്കിളികളും.... എല്ലാമെല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്നു.... ഒടുവിലോര്‍മ്മകളും ദേശം താണ്ടുന്നു.


യാത്രയായിരുന്നു.. മണ്ണിലൂടെ, മഴയിലൂടെ, എത്ര ദേശങ്ങള്‍, കാലങ്ങള്‍ താണ്ടിയെന്നറിയാത്ത യാത്ര. നീ കൂടെയുണ്ടായിരുന്നു. അല്ലെങ്കിലും നീയില്ലാതെങ്ങനേ, ഓരോ ശ്വാസത്തിലും, ഓരോ നിമിഷത്തിലും. ജീവിതപ്പക്ഷിയ്ക്കായി പ്രാണനില്‍ കൂടൊരുക്കിയ നീ.. മരണത്തിനു വിട്ടുകൊടുക്കാതെന്തിനേ....


ആ ട്രെയിന്‍ യാത്രയിലായിരുന്നു പിന്നെയും നിന്നെ കണ്ടുമുട്ടിയത്, കാതടപ്പിക്കുന്ന ശബ്ദത്തോടെ മുന്നില്‍ വന്നു നിന്ന ആ വലിയ നീലവണ്ടി.. അതിന്റെ പന്ത്രണ്ടാമത്തെ ബോഗിയില്‍ ജനലരികിലുള്ള സീറ്റില്‍ അഭിമുഖമായായിരുന്നു നമ്മുടെ യാത്ര.. എവിടെ നിന്നാണ് നീ കയറിയതെന്ന് എനിക്കോ, എവിടെക്കാണ്‌ ഞാന്‍ പോകുന്നതെന്ന് നിനക്കോ ചോദിക്കേണ്ടാതുണ്ടായിരുന്നില്ല... :) എത്ര യാത്രകളിങ്ങനേ.. നമ്മള്‍ പോലുമറിയാതെ നമ്മളൊരുമിച്ച്.. ഏതൊക്കെ വാക്കുകളാണ് നമ്മള്‍ മറന്നു പോയത്..!! ഒന്നുമൊന്നും പറയാതെ, എന്നാലെല്ലാമെല്ലാം അറിഞ്ഞു കൊണ്ട് നിശ്ശബ്ദമായി രണ്ടു ലോകങ്ങളിലെന്ന പോലെ ഒരു കയ്യകലത്തില്‍ നമ്മള്‍..... 'നമ്മള്‍', എത്ര സുന്ദരമായ കള്ളമാണതല്ലേ.... എത്ര വട്ടം നമ്മള്‍ പിരിഞ്ഞിരിക്കുന്നൂ... ഞാനെന്നും നീയെന്നും... എന്നിട്ടും.. ഒരു ചിരി നമ്മള്‍ നമുക്കായി കാത്തു വച്ചിരുന്നു... :) വരും ജന്മത്തിലേക്കായായിരുന്നിരിക്കണം...


മൗനം ഭേദിച്ചത് നീയായിരുന്നു... മാനത്തെ മഴവില്ല് കണ്ടപ്പോഴായിരുന്നത്... "നമ്മില്‍ നഷ്ടപ്പെട്ട നമ്മുടെ നിറങ്ങള്‍... നമ്മുടെയൂഞ്ഞാല്"... മഴവില്ലും മയില്‍പ്പീലിയും, ഉവ്വ് ഏതൊരു ബാല്യകൗമാരത്തിനുമെന്ന പോലെ കൗതുകത്തിന്റെ കണ്‍വിടരലുകളായി നിനക്കും.. കടലാഴമുള്ള നിന്റെ കണ്ണുകള്‍ അത്ഭുതമായി എനിക്കും... പെണ്ണെ, കണ്ണുകളിലിപ്പോഴും കൗതുകം സൂക്ഷിക്കാന്‍ കഴിയുകയെന്നതെന്തൊരു ഭാഗ്യമാണെന്നോ...!


ആദ്യമിറങ്ങിയത് നീയായിരുന്നു.. നിറയെ മരങ്ങളുള്ള, വശങ്ങളില്‍ നിറയെ വിടര്‍ന്ന പൂക്കളുള്ള ചെടികള്‍ നിറഞ്ഞ ഏതോ ഒരിടം.. കുന്നിന്‍പുറത്തോ താഴ്വാരത്തോ ആണ്.. പേര് മറന്നു പോയിരിക്കുന്നു.. അല്ലെങ്കിലും എല്ലായിടങ്ങളും താത്കാലികമായൊരാള്‍ക്ക് യാത്രകള്‍ മാത്രമാണ് മുഖ്യം.. ജാലകത്തിനപ്പുറം നിന്റെ മുഖം വീണ്ടും.. വിടര്‍ന്ന നിന്റെ കണ്ണുകളില്‍ പിന്നെയും കൗതുകം.... എന്റെ കണ്ണുകളില്‍ അത്ഭുതം.. :) മഴത്തുള്ളി ഭൂമിയില്‍ പതിക്കുന്ന പോലെ നിന്റെ കൈപത്തികള്‍ക്കുള്ളില്‍ നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകള്‍... ജനലിനപ്പുറവുമിപ്പുറവും നമ്മള്‍.. നീയെന്ന മഴയും ഞാനെന്ന വെയിലും നാമെന്ന മഴവില്ലും... വര്‍ണ്ണങ്ങള്‍.. പെണ്ണെ നിറക്കൂട്ടുകള്‍ വീണ്ടും!

എനിക്കിറങ്ങേണ്ടത് തൊട്ടടുത്തയിടത്തില്‍... നീലവണ്ടി നിമിഷങ്ങള്‍ കൊണ്ടവിടെ... ഞാനെന്റെ ജാലകം ഉപേക്ഷിച്ചു.... നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകളാദ്യം വണ്ടിയിറങ്ങി, പിന്നാലെ ഞാനും.. പേരറിയാത്ത ഏതോ പുഴയുടെ തീരമായിരുന്നത്... പൂഴിമണല്‍.. അങ്ങിങ്ങായി ചിറകടിച്ചുയരാന്‍ വെമ്പുന്ന പറവകള്‍... സായംസന്ധ്യ... ചുവന്ന സൂര്യന്‍ പുഴയിലേക്ക് താഴുന്നു.... ഞാനെന്റെ വിരലുകള്‍ പുഴയ്ക്ക് കൊടുത്തു.. പിന്നാലെ എന്നെയും....

6 comments:

 1. നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ ചേട്ടാ...

   Delete
 2. നിങ്ങളിൽ ഏതു മന്ത്രവാദിനിയാണു
  ഇത്രയും പ്രണയം നിറച്ചതു .?
  എന്നാണു എനിയൊരു മോചനം . ?

  ReplyDelete
  Replies
  1. അവള്‍ മൗനവാദിനിയായിരുന്നു... നിലാവിന്റെ നാട്ടില്‍ ഞങ്ങളിനിയും കാണുമെന്നു പറഞ്ഞിട്ടുണ്ട്, അന്നായിരിക്കണം മോചനം!

   നന്ദി..

   Delete
 3. കണ്ണുകളിലിപ്പോഴും കൗതുകം സൂക്ഷിക്കാന്‍ കഴിയുകയെന്നതെന്തൊരു ഭാഗ്യമാണെന്നോ...!

  ReplyDelete
  Replies
  1. ഏതു കാലത്തിലും, ഏതു പ്രായത്തിലും കണ്ണുകളില്‍ കൗതുകം സൂക്ഷിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്‍മാര്‍....

   Delete