Friday, January 9, 2015

അതൊരുപക്ഷേ ഏറ്റവുമൊടുവിലത്തേതായിരുന്നേനെ. ഒരു പുലര്‍കാല സ്വപ്നത്തിന്റെ മഞ്ഞുതുള്ളിയില്‍ പതിച്ച സൂര്യകണം പോലെ അത്രയുമകെലെ നിന്നിത്രയുമടുത്തേക്ക് ഇനിയൊരിക്കലുമീ വഴി വീണ്ടുമില്ലെന്നു പറഞ്ഞു കൊണ്ട്, പിന്തിരിഞ്ഞൊരുനോക്ക് പോലും നോക്കില്ലെന്നറിയിച്ചു കൊണ്ട്, പുല്‍നാമ്പിലൊരു മഴവില്ല് വിരിയിച്ചു കൊണ്ട് കടന്നു പോയേക്കാവുന്ന നിമിഷങ്ങളെ നെഞ്ചിലൊരോര്‍മ്മമാത്രമായവശേഷിപ്പിച്ചു പോയ പ്രകാശരശ്മി. ഇരുളിലും തിളങ്ങുന്നയോര്‍മ്മകള്‍ കണ്ണുനീര്‍ത്തുള്ളികളായി പുനര്‍ജ്ജനിക്കുന്ന നിമിഷങ്ങളില്‍ അദൃശ്യമായി നിറസാന്നിധ്യമറിയിക്കും സ്വപ്നമായി, ഓര്‍മ്മയായി, ഉണര്‍വ്വായി, ജീവിതമായി, പിന്നെ....! നിറംമങ്ങിത്തുടങ്ങുന്നയോര്‍മ്മകള്‍ക്ക് ചായം കൊടുക്കാനിരിക്കുന്ന ചിത്രം വരയ്ക്കാനറിയാത്ത കൊച്ചു കുട്ടിയെ പോലെ പകച്ചു നില്‍ക്കുന്നു; വഴികളില്‍ വഴിക്കണ്ണുമായി കാത്തു നില്‍ക്കുന്ന കാലത്തിന്റെ മടിയില്‍ തലചായ്ക്കാന്‍ വെമ്പുന്ന മനസ്സുമായി പായുന്ന ദേഹം കൂടണയാനൊരുങ്ങുന്ന പക്ഷിയുടെ ശരവേഗതയില്‍ പറക്കുന്നു, മുന്നില്‍ ചൂളം വിളിച്ചു പായുന്ന വണ്ടിയും പിന്നില്‍ ഉപേക്ഷിക്കപ്പെട്ട സ്നേഹവും പ്രണയവും.. പലപല യുദ്ധങ്ങള്‍ കഴിഞ്ഞ മനസ്സില്‍ നിന്റെ മുഖമെവിടെയെന്നാംഗ്യഭാഷയില്‍ ചോദിക്കുന്നു കബന്ധങ്ങള്‍ പരസ്പരം! പ്രഹേളികയായി മാറുന്ന ജീവിതത്തെക്കാള്‍ മധുരം മരണമെന്നോതി പറക്കുന്നു എന്റെ പ്രിയപ്പെട്ട പക്ഷി, നിന്റെ ചിറകില്‍ ഞാനും..

3 comments:

  1. ശരവേഗത്തില്‍ പറക്കുകയാണല്ലോ!
    ആശംസകള്‍

    ReplyDelete
    Replies
    1. എങ്ങോട്ടെന്നറിയാതെ, എന്തിനെന്നറിയാതെ..!!
      ശുഭസായാഹ്നം തങ്കപ്പന്‍ചേട്ടാ..

      Delete
  2. ജീവിതം ഒരു പ്രഹേളിക എന്നൊക്കെ സാഹിത്യത്തിൽ പറയുന്നു എന്ന് മാത്രം. അത് പോലെ മരണം മധുരതരം എന്നും. ജീവിച്ചു നോക്കൂ പ്രണയം മനസ്സിൽ എക്കാലവും സൂക്ഷിച്ച്.മധുരം തന്നെയാകും.

    ReplyDelete