Sunday, May 11, 2014

ഇന്നലെ.....

ഇന്നലെ പ്രഭാതം... ഉണര്‍ന്നത് പ്രതീക്ഷയിലേക്കായിരുന്നു.. വെറുതെയാണ് എന്നറിഞ്ഞത് പിന്നെയാണ്! തിരക്കുകള്‍ നിറഞ്ഞ നിമിഷങ്ങളിലും മനസ്സില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. പക്ഷേ ആ തിരക്കുകളില്‍ മറ്റെല്ലാം അവഗണിക്കുക പതിവായിരുന്നു, നിന്നെ പോലും!!! എങ്കിലും മനസ്സ് വെറുതെ വ്യാകുലപ്പെടുന്നുണ്ടായിരുന്നു. മനസ്സിനറിയില്ലല്ലോ മസ്തിഷ്കത്തിനറിയേണ്ടത്.....

മദ്ധ്യാഹ്നം ഏറെ നേരം നിന്നെയും കാത്ത് നില്‍പായിരുന്നു... വരുമെന്ന് പ്രതീക്ഷിച്ചു.. ഇല്ലെന്നുറപ്പായപ്പോള്‍ പണ്ടത്തെ ഗാനങ്ങളില്‍ ഒന്ന് കാതില്‍ ആവര്‍ത്തിക്കപ്പെട്ടു... പകലുറക്കം പതിവില്ലെങ്കിലും പതിയെ മയക്കം കണ്ണുകളെ കീഴ്പ്പെടുത്തി... നിന്നെ മറന്നു കൊണ്ട് മനസ്സിനെയും!!

സായാഹ്നം കുറെ നേരം കടല്‍ക്കരയിലായിരുന്നു... ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും കണ്ടപ്പോള്‍ ഒരു പ്രണയിനിയെ പോലെ ഓടി വന്ന തിരകള്‍ പതിയെ കാലിലുരുമ്മി അതേ പ്രണയിനിയെ പോല്‍ തിരിച്ചു പോയി... പരിഭവങ്ങളവള്‍ പാറക്കെട്ടുകളെ ശക്തിയായി മര്‍ദ്ദിച്ചു കൊണ്ട് പറഞ്ഞു തീര്‍ത്തു... പാറിയകലുന്ന പറവകള്‍, അവയുടെ വിവിധ ശബ്ദങ്ങള്‍ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി. സന്ധ്യയുടെ ചുവപ്പ് രാശി മനസ്സിന് പകര്‍ന്നു കൊണ്ട് അര്‍ക്കനും ആഴിയും ആലിംഗനത്തില്‍ മുഴുകുന്നത് അകലേ നിന്ന് നോക്കി കണ്ടു... പതിയേ തിരിച്ചു നടന്നു....

കണ്ടിട്ടുണ്ടോ ഒരു നിലാപക്ഷിയെ....?
ആരോടും ഒന്നും പറയാതെ.. പകല്‍സൂര്യനെയോ മഞ്ഞവെയിലിനെയോ കാണാതെ സ്വന്തം നോവുകള്‍ രാവിന്‍റെ ഏകാന്തതയില്‍ തനിച്ചിരുന്നു പാടി തീര്‍ക്കുന്ന ഒരു നിലാപക്ഷിയെ... ഉറക്കമില്ലാതെ തനിച്ചിരിക്കുന്ന രാവുകളില്‍ ചിലപ്പോഴൊക്കെ കൂടെ പാടാറില്ലെങ്കിലും വെറുതെ കേട്ടിരിക്കും... ആരോ എന്നോ പറഞ്ഞിട്ടുണ്ട് ആരുടെയോ ശാപം കാരണമാണ് ചില നിലാപക്ഷികള്‍ക്ക് പകല്‍വെട്ടം കാണാന്‍ കഴിയാതെ പോയതെന്ന്! ശബ്ദങ്ങളിലൂടെ മാത്രമേ അവയ്ക്ക് തങ്ങളുടെ ഇണയുമായി സമ്പര്‍ക്കം പുലര്‍ത്താനാവൂ എന്ന്.... എന്തിനായിരിക്കാം എന്നാലോചിച്ചിട്ട് ഒരിക്കലും ഒരുത്തരം കിട്ടിയില്ല... ഇത്രയും സൗമ്യമായി പാടുന്ന ഈ പക്ഷിയെ ആരാണ് ശപിക്കേണ്ടത്????!!

ചോദ്യങ്ങള്‍ അവശേഷിക്കപ്പെടുന്നു... ഉത്തരങ്ങള്‍ തിരഞ്ഞു തിരഞ്ഞു മനസ്സും പതിയെ ക്ഷീണിക്കും..... മയക്കം ഇപ്പോള്‍ മസ്തിഷ്ക്കത്തേക്കാള്‍ മനസ്സിനാണാവശ്യം.....!!

6 comments:

  1. ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ.. ഇഷ്ടമായി..

    ReplyDelete
    Replies
    1. എന്നും അങ്ങനെയാവും എന്ന് കരുതിയ നാളുകള്‍ ഉണ്ടായിരുന്നു... ഇന്ന് വാക്കുകള്‍ ആ നിമിഷത്തിനു മാത്രം സ്വന്തം... ഓഹ്... നിമിഷങ്ങള്‍ എന്നും ഹൃദയത്തില്‍ നിന്ന് തന്നെ...

      നല്ല നിമിഷങ്ങള്‍ എന്നേക്കുമായി ആശംസിച്ചു കൊണ്ട്.... നന്മകള്‍ നേര്‍ന്നു കൊണ്ട്..... :)

      Delete
  2. Replies
    1. :) ശ്രീ... എനിക്കിപ്പോള്‍ നീര്‍മിഴിപ്പൂക്കളിലെ ആദ്യത്തെ പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു....
      ഹൃദയം ചേര്‍ന്ന് നില്‍ക്കുന്നതിനെ കൂടുതല്‍ ഇഷ്ടപ്പെട്ടു പോകുമല്ലോ..

      Delete
  3. കഥയാണോ എന്താണ് എന്നൊന്നും അത്രക്ക് മനസ്സിലായില്ല എങ്കിലും ഒരു സുഖമുണ്ട് വായിക്കാന്‍..ഒരു പ്രത്യേക സുഖം..!

    ReplyDelete
    Replies
    1. കഴിഞ്ഞു പോയോരു ദിനത്തിലെ പത്തൊന്‍പതു മണിക്കൂറുകള്‍.. അല്ലാതൊന്നുമല്ല...
      ആദ്യത്തെ വരവിനു പ്രത്യേക സ്വാഗതം അനശ്വരയ്ക്ക്..

      Delete