Tuesday, March 4, 2014

എന്‍റെ മയില്‍‌പീലീ നിനക്കായി......

ഓരോ യാത്ര കഴിഞ്ഞു വന്നാലും അടച്ചു വച്ച പുസ്തകം തുറന്നു അതില്‍ സൂക്ഷിച്ചിരുന്ന മയില്‍‌പീലി അവിടെ തന്നെ ഉണ്ടോ എന്ന് നോക്കും, എവിടെയും പോവില്ല എന്നറിയാമെങ്കിലും വെറുതെ. ഈ യാത്ര കഴിഞ്ഞു വന്നപ്പോഴും ആദ്യം തിരഞ്ഞത് നിന്നെയായിരുന്നു. പറയുവാന്‍ ഏറെയുണ്ടല്ലോ എന്‍റെ മയില്‍‌പീലി, നിന്നോട്... എനിക്കറിയാം എവിടാണ് പോയത് എന്നറിയാതെ നീ വിഷമിച്ചിട്ടുണ്ടാകും, അല്ലേ......? അല്ലെങ്കില്‍ നിനക്കും എന്നോട് വെറുപ്പായി തുടങ്ങിയോ...? നിനക്ക് എന്നോട് എത്രമാത്രം സ്നേഹമുണ്ടെന്ന് അന്നേ അറിഞ്ഞതല്ലേ.... എന്നാലും നിന്നെയിങ്ങനെ ഒരു പുസ്തകത്താളുകള്‍ക്കിടയില്‍ അടച്ചിടുന്നതില്‍ എനിക്ക് വിഷമമുണ്ട്....
എങ്കിലും നീയറിയാറില്ലേ അടുത്തുള്ളപ്പോള്‍ ആ പുസ്തകം എന്‍റെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ മയങ്ങുന്ന നാളുകളില്‍ എന്‍റെ ഹൃദയം മന്ത്രിക്കാറുള്ളത് നീ കേള്‍ക്കാറില്ലേ.... എനിക്കും ആഗ്രഹമുണ്ട് ഇത് പോലെ ഒരു പുസ്തകത്താളുകള്‍ക്കിടയില്‍ എന്നെയുമടച്ച് ഒരു നാള്‍, ഒരു നാളെങ്കിലും നീ നിന്‍റെ നെഞ്ചോട്‌ എന്നെ ചേര്‍ത്തു വയ്ക്കണമെന്ന്... നിനക്കോര്‍മ്മയുണ്ടോ മയില്‍‌പീലി  ആ സന്ധ്യയില്‍ ഞാന്‍ നിന്നെ എന്‍റെ കൈവെള്ളയില്‍ വച്ചപ്പോള്‍ ഒരു മഴ വന്നു എന്നെയും നിന്നെയും പുണര്‍ന്നത്.. അന്ന് നമ്മള്‍ എത്രമാത്രം സന്തോഷിച്ചിരുന്നു, നീ പീലി നിവര്‍ത്തിയാടിയത് ഓര്‍ക്കാറുണ്ടോ... അന്ന് മുതലാണോ സന്ധ്യയോടും മഴയോടും ഇത്രമേല്‍ പ്രിയമായി മാറിയത്, ആയിരിക്കാം അല്ലേ... പക്ഷേ എന്നാണു ശലഭങ്ങളെ ഇത്രമേല്‍ പ്രിയമുള്ളതാക്കി നീ മാറ്റിയത്, എന്നോട് പറഞ്ഞില്ലല്ലോ നീ..... 
മയില്‍പീലീ നിനക്കറിയോ ഇന്നലെകളില്‍ നിന്നെ നീലാകാശം കാണിക്കാതെ വയ്ക്കുമ്പോഴും നിനക്ക് വേണ്ടി ഞാന്‍ കണ്ടു ആ നീലാകാശത്തെ, ഏറെ നേരം കയ്യില്‍ തല വച്ചു കിടന്നു വാനത്ത് നോക്കി നില്‍ക്കുമ്പോള്‍ എന്‍റെ മനസ്സ് നിറയെ നീയായിരുന്നു... അടുത്ത യാത്രയില്‍ ഞാന്‍ നിന്നെയും കൂടെ കൂട്ടും, മതി പുസ്തകത്താളുകള്‍ക്കിടയിലെ ഇരുട്ടില്‍ നീ തനിച്ചിരുന്നത്... ആ നീലാകാശത്തിന്‍റെ സൗന്ദര്യം നീയുമറിയണം, നീയും കാണണം... അന്നത്തെ പോലെ വീണ്ടും ഒരു മഴ പെയ്താലോ... നമുക്ക് ഒരുമിച്ചു ഒരിക്കല്‍ കൂടി മഴ നനയാലോ.... 
വല്ലാതെ, വളരെ വല്ലാതെ, ആര്‍ദ്രമാകുന്നു മയില്‍പീലി എന്‍റെ ഹൃദയം... നിന്നോടുള്ള സ്നേഹം, നിന്നെ പിരിഞ്ഞിരിക്കുമ്പോള്‍ ഹൃദയത്തില്‍ നീ നിറയുന്ന നിമിഷങ്ങള്‍.... നീ നല്‍കിയ തലോടലുകള്‍, നീ നല്‍കിയ സാന്ത്വനം... ഇടയ്ക്ക് പിണങ്ങിയത്, പിന്നെ ഇണങ്ങിയത്... വര്‍ണ്ണാഭമായ ഒരു മഴവില്ല് വിരിയുന്നു മയില്‍‌പീലി...
മയില്‍പീലീ നമുക്ക് നാളെ തന്നെ പോകാം... ഒരിക്കല്‍ കൂടി അപ്പൂപ്പന്‍താടികള്‍ പാറിനടക്കുന്ന ആ വീഥികളിലൂടെ, മഞ്ചാടി മണികള്‍ വീണു കിടക്കുന്ന വഴികളിലൂടെ.... മഞ്ഞു വീഴുന്ന പ്രഭാതങ്ങളില്‍...., ഇളംകാറ്റ് വീശുന്ന പുലരികളില്‍.. കയ്യോടു കയ്യ് ചേര്‍ത്ത്.... വീണു കിടക്കുന്ന പൂക്കളെ ചവിട്ടാതെ.... ഒരുറുമ്പിനെ പോലും നോവിക്കാതെ.... ഒരുപാട് പറഞ്ഞും ചിരിച്ചും... വല്ലാതെ ആഗ്രഹിച്ചു പോകുന്നു.... നിന്നോട് പറയേണ്ടതെല്ലാം ആ യാത്രയില്‍ നിന്‍റെ കാതില്‍ പതിയെ പറയണം... പറഞ്ഞു തീരുമ്പോഴേക്കും മഴ പെയ്യണം.... മുഴുവനായി നനയണം... നമ്മുടെ കണ്ണുനീര്‍ത്തുള്ളികള്‍ ആരും കാണരുത്.... മഴവെള്ളത്തോടൊപ്പം എല്ലാം ഒലിച്ചുപോകണം.. ദൂരെ ദൂരേക്ക്...
മയില്‍പീലീ അപ്പോഴെപ്പോഴാ....? സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ നീയെന്നോട്‌ ഒരുപാട് പറഞ്ഞേനെ, അല്ലേ.... എനിക്കറിയാം മയില്‍പീലി... ഒന്നും പറയാനാകാതെ നീ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് അല്ലേ... സാരമില്ല ഒന്നും പറഞ്ഞില്ലെങ്കിലും ഇന്നും എന്നോട് ചേര്‍ന്ന് നില്‍ക്കുന്നില്ലേ നീ...... അപ്പോള്‍ നമുക്ക് നാളെ യാത്രയാകാം അല്ലേ....??????????

No comments:

Post a Comment