Thursday, March 27, 2014

ഇനി എത്ര നാള്‍ കൂടിയാണെന്നറിയില്ല... 
എത്ര പെട്ടെന്നാണ് ചില ബന്ധങ്ങള്‍ മറഞ്ഞു പോകുന്നത്... 
ഒരു നിമിഷത്തിന്‍റെ വേഗതയില്‍...
ഒന്ന് കണ്ണ് ചിമ്മിത്തുറക്കുന്ന മാത്രയില്‍ കൊഴിഞ്ഞു പോകുന്ന ബന്ധങ്ങള്‍... 
അറിയില്ല എന്തിനാണെന്ന്... ഇപ്പോള്‍ അറിയാന്‍ ശ്രമിക്കാറുമില്ല....
ജീവിതത്തില്‍ കണ്ടുമുട്ടുന്ന മുഖങ്ങള്‍ മറക്കാന്‍ ആവില്ല എന്നത് എത്ര വേദനാജനകമായ സത്യമാണ്...
മറക്കുന്തോറും ഓര്‍മ്മയില്‍ തെളിയുന്ന മുഖങ്ങള്‍....
ഒരു കൊച്ചു നോവുണ്ട് ഹൃദയത്തില്‍...
അത് കുറ്റബോധത്തിന്റെയോ അവഗണിക്കപ്പെട്ടതിന്റെയോ എന്നറിയില്ല...
വാശികള്‍ ബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കുന്നു... മൗനം തീവ്രതയും.....
എന്നോ അറിഞ്ഞോ  അറിയാതെയോ സ്നേഹത്തിന്‍റെ ചില്ലുപാത്രം ഉടഞ്ഞു പോയിരുന്നു...
പിന്നീടത് കൂട്ടിച്ചേര്‍ത്തപ്പോഴെല്ലാം എവിടൊക്കെയോ ഒരിക്കലും ചേരാത്ത വിധം വിള്ളല്‍ വന്നിരിക്കുന്നു...
ചേര്‍ക്കാന്‍ ശ്രമിച്ച മനസ്സിന്‍റെ മുറിവില്‍ നിന്നൂര്‍ന്ന രക്തം വികൃതമാക്കിയ 
ഗ്ലാസ്സിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുമ്പോള്‍ അറിയുന്നു...
ഒരിക്കല്‍ തകര്‍ന്നാല്‍ വീണ്ടും കെട്ടിപ്പടുക്കാന്‍ ആവുന്നതല്ല സ്നേഹം.... സൗഹൃദവും....
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മനസ്സുകളാണ് എങ്കില്‍ അടുക്കാനും അകലാനും ആവാതെ നിസ്സഹായമായി നിന്ന് പോകും...

നിന്‍റെ ചുണ്ടിലെ പുഞ്ചിരി മായാന്‍, ഹൃദയമിടിപ്പുകളുടെ താളം തെറ്റാന്‍ ഞാന്‍ കാരണമാവുകയാണെങ്കില്‍ 
യാത്രയാവുക..... എന്നില്‍ നിന്നും........ ദൂരേക്ക്... ദൂരേക്ക്.... 
വിണ്ണിലെ താരകങ്ങള്‍ക്ക് മണ്ണിനോട് പറയാന്‍ ഒരുപാട് കഥകള്‍ ഉള്ള ഈ രാവില്‍ 
എനിക്ക് നിന്നോട് പറയാനുള്ളത് ഇത്രമാത്രം..... 
സ്നേഹിച്ചിരുന്നു ഒരുപാട്... ഇന്നും സ്നേഹിക്കുന്നു അതിലേറെ.... 
എങ്കിലും സ്നേഹം ബാധ്യതയായി തോന്നുമ്പോള്‍ പോവുക...
വെറുക്കണം എന്ന് തോന്നുമ്പോള്‍ വെറുക്കുക... മറക്കണം എന്ന് തോന്നുമ്പോള്‍ മറക്കുക....
ജീവിതം ഒന്നേയുള്ളൂ.... മനസ്സിലെ വ്യഥകള്‍ വെടിഞ്ഞു സന്തോഷമായി ജീവിക്കുക....
എന്‍റെ നോവുകളെയും വേദനകളേയും കുറിച്ചോര്‍ത്ത് നീ വേവലാതിപ്പെടാതിരിക്കുക...
അത് തീര്‍ത്തും താത്കാലികമാണ്.... എങ്ങോ മറന്നുപോയ മനസ്സാണ് എന്റേത്....
വഴികളില്‍ എവിടെയോ, പ്രിയമുള്ളത് പലതും ഉപേക്ഷിച്ച കൂട്ടത്തില്‍ കൈവിട്ടു പോയ ഒരു പാവം മനസ്സ്....
സ്വപ്നങ്ങളുടെ ലോകത്ത് ജീവിച്ചു തളര്‍ന്ന സങ്കല്‍പ്പങ്ങള്‍ കൊണ്ട് നിര്‍മ്മിതമായ ഒരു മനസ്സ്....
നിറയെ വര്‍ണ്ണങ്ങള്‍ ഉണ്ടായിരുന്നു.... ഈ പ്രപഞ്ചം മുഴുവനും സഞ്ചരിച്ചിരുന്നു.....
ഏറെ തളര്‍ന്ന്‍, വഴിതെറ്റി ഇന്നെവിടെയോ........

No comments:

Post a Comment