Saturday, August 3, 2013

നീയും ഗുല്‍മോഹറും....

പ്രണയത്തിന്‍റെ നിറമാണ് ഗുല്‍മോഹറിന് എന്ന് നീ പറയുമ്പോഴും ഗുല്‍മോഹര്‍ ഒരിക്കലും എന്നിലെ പ്രണയത്തെ ഉണര്‍ത്തിയിരുന്നില്ല.... അതിന്‍റെ ആ നരച്ച ചുവപ്പിനെക്കാള്‍ എനിക്കിഷ്ടം നിന്‍റെ കവിളിലെ ശോണിമയായിരുന്നു. പക്ഷേ പിന്നീടാണ് നീ പറഞ്ഞത് മനസ്സിലായത് ഒരു വേനലില്‍ പൂത്ത്, വസന്തം കഴിയുന്നതോടെ ഇലകള്‍ പൊഴിച്ച് കണ്ണിനു മാത്രം ആനന്ദം പകരുകയാണ് ഗുല്‍മോഹര്‍....

ഗുല്‍മോഹര്‍, നിന്‍റെ വേരുകള്‍ ഒരിക്കലും ഏറെ ആഴത്തില്‍ പോവുകില്ല.... എന്നിലേക്കുള്ള ഉയരങ്ങളോളം നീ വളരില്ല.... പടര്‍ന്നു പന്തലിക്കുക മാത്രമേ ചെയ്യൂ... ഗുല്‍മോഹര്‍ നിനക്കറിയുമോ നിന്‍റെ തടിക്കും ഉറപ്പ് കുറവാണത്രേ... ഇലകളില്‍ പോലും നീ പിശുക്ക് കാണിക്കുന്നു...! എന്നിട്ടും നിന്നെ പ്രണയത്തിന്‍റെ പ്രതീകമാക്കുന്നു എന്‍റെ പ്രിയപ്പെട്ടവള്‍... നേര്‍ത്തൊരു കാറ്റില്‍ നിന്‍റെ പൂക്കള്‍ കൊഴിഞ്ഞ് വീഴുന്നത് കൊണ്ടാകാം, അല്ലേ...?

എങ്കിലും ഗുല്‍മോഹര്‍ നീയെനിക്ക് പ്രിയപ്പെട്ടത് തന്നെ... എന്ത് കൊണ്ടെന്നറിയുമോ, ഒരു പക്ഷേ എന്നെക്കാളേറെ അവള്‍ നിന്നെ സ്നേഹിക്കുന്നു, നിന്നെ കാണുമ്പോള്‍ അവളുടെ കണ്ണിലെ തിളക്കം പതിവിലേറെ കൂടുന്നു.... ഗുല്‍മോഹര്‍, നിനക്ക് വേണ്ടി, അവളുടെ കണ്ണിലെ ആ തിളക്കത്തിന് വേണ്ടി, ഞാന്‍ വഴിമാറട്ടെ...

No comments:

Post a Comment