Thursday, November 22, 2012

ഇനി സന്യാസം..!

ഒരു ജന്മത്തിന്റെ ബാക്കി പത്രം പോലെ നീ ഇന്നുമെന്റെ ഓര്‍മ്മയില്‍, സ്വപ്നങ്ങളില്‍, മറക്കാനാവാതെ... ഏറെ നാളുകള്‍ക്കൊടുവില്‍ പ്രതീക്ഷിക്കാതെ നിന്റെ സ്വരം കേട്ടപ്പോള്‍, നിന്റെ മനസ്സ് അറിഞ്ഞപ്പോള്‍, നീയെന്റെ മനസ്സറിഞ്ഞപ്പോള്‍ ഇന്നൊരു മഴപെയ്തു മനസ്സില്‍ വെറുതെ.. എങ്ങിനെ നീയറിഞ്ഞു എന്ന് ചോദിക്കുന്നില്ല, എന്നും നീ എന്നെ അത്ഭുതപ്പെടുത്തിയിട്ടെയുള്ളൂ.. എന്റെ മനസ്സൊന്നു തേങ്ങുമ്പോള്‍ നീയതറിയും..! എങ്ങനെ എന്നത് എനിക്കും നിനക്കും ഇന്നും എന്നും അജ്ഞാതം! എടുക്കണോ വേണ്ടയോ എന്നോര്‍ത്ത നിമിഷങ്ങള്‍.. എടുക്കാമെന്ന് തീരുമാനിച്ചത് പറയാന്‍ ഏറെയുണ്ടായിരുന്നത് കൊണ്ട്.. പറയുന്നതിന് മുന്നേ പറയാനൊരുങ്ങിയത് നീ ചോദിച്ചതില്‍ അത്ഭുതം.. നീ പറഞ്ഞപോലെ, അന്ന് പറഞ്ഞത് പോലെ ഇന്ന് ഞാന്‍... ശരിയാണ് ചിന്തകള്‍ സമാന്തരമല്ലെങ്കില്‍ ഒരിക്കലും ഒരുമിക്കരുത്.. എന്നിട്ടും ഒഴുക്കിനെതിരെ നീന്തി ശീലിച്ചത് കൊണ്ട് ആ വഴി തന്നെ.. ചിന്തകള്‍ സമാന്തരമല്ലെങ്കില്‍ ഒരുമിക്കരുത് എന്ന് നീ വീണ്ടും പറഞ്ഞപ്പോള്‍ ഇന്നും ഞാനോര്‍ത്തു, എന്നിട്ടുമെന്തേ നമ്മള്‍ രണ്ടു ധ്രുവങ്ങളില്‍..! സമാനതകള്‍ക്കുമപ്പുറം പലതുമുണ്ട്.... ഒന്നിക്കാന്‍, ഒരുമിക്കാന്‍, ഒന്നായോഴുകാന്‍..

ജന്മങ്ങള്‍ക്കപ്പുറം നീ എന്റേതെന്നു കാലം..നിനക്കറിയാമോ നീയകന്ന ഓരോ നിമിഷവും ഉള്ളിലെ തേങ്ങല്‍.. നോവ്‌, നൊമ്പരം.... ഇതെല്ലാം മായ്ക്കാന്‍ കാലമൊരു വഴി പറഞ്ഞു തന്നു... ആ വഴികളില്‍ ഏറെ സഞ്ചരിച്ചു.. പക്ഷെ നീയില്ലാത്ത ഒരു നിമിഷം പോലും കാണാന്‍ എനിക്ക് കഴിഞ്ഞില്ല.. തെറ്റ് എന്റെതോ കാലത്തിന്റെതോ.. അറിയില്ല.. അറിയുന്നത് ഒന്ന് മാത്രം നിനക്ക് പകരം നീ മാത്രം.. പകരം വയ്ക്കാനാകാത്തത് പലതുമുണ്ട്.. സ്നേഹം, പ്രണയം, സൗഹൃദം, ഇഷ്ടം ഇതെല്ലാം പകരം വയ്ക്കാനാകാത്തതാണ്.. ഒരാള്‍ക്ക് പകരം അയാള്‍ മാത്രം... അറിയുമോ നിനക്ക്.. ഇന്നലെകളില്‍ എന്തിനോ വേണ്ടി മനസ്സുഴറി.. എവിടെയോ ഒരു തെറ്റിന്റെ നിഴല്‍ കണ്ട നിമിഷങ്ങള്‍.. നടന്ന വഴികള്‍ തെറ്റെന്നറിഞ്ഞിട്ടും, വീണ്ടും അതെ വഴി തന്നെ നടന്നു.. അന്നേ നീ പറഞ്ഞതാ, എനിക്കോര്‍മ്മയുണ്ട്... നീ എന്റെ മനസ്സാക്ഷി എന്നത് മനപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചത് കൊണ്ട് നിന്റെ വാക്കുകള്‍ കേട്ടില്ലന്ന്... അതെന്റെ തെറ്റോ ശരിയോ... നിനക്ക് തീരുമാനിക്കാം...

കേട്ടിരുന്നില്ലേ നീ കണ്ടിരുന്നില്ലേ.. വാക്കുകളില്‍ കള്ളം കലര്‍ത്തി ഞാന്‍ തുനിഞ്ഞിറങ്ങിയ നിമിഷങ്ങള്‍.. അറിയാം നീ അറിയാതിരിക്കാന്‍ വഴിയില്ല... ഹൃദയതാളം തെറ്റുന്നത് ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും അറിയുമെന്നു  നീ പറഞ്ഞത് വെറുംവാക്കല്ലെന്നു ആദ്യമായല്ലല്ലോ നീ തെളിയിക്കുന്നത്... നല്‍കിയ സ്ഥാനങ്ങള്‍ അറിയാതെ ചിലര്‍.. ഒരിക്കല്‍ മുറിഞ്ഞ മുറിവില്‍ വീണ്ടും രക്തം കിനിയുമോ എന്നറിയാനോ എന്തോ.. വീണ്ടും വീണ്ടും നോവിച്ചു കൊണ്ടേയിരുന്നു.. ഇഷ്ടത്തിന്റെ പുറത്ത് ആ നോവറിയാതെ ഞാനും!!

പിന്നെ നീ പറഞ്ഞില്ലേ.. നിന്റെ നിമിഷങ്ങള്‍.. അരികില്‍ ഉണ്ടാകണമെന്ന് ഒരു നാള്‍ ഞാനും നീയും കൊതിച്ച നിമിഷങ്ങള്‍.. അകലെയായത്, അകന്നത് എല്ലാം നല്ലത് എന്നോതുന്നു മനസ്സ്..   ഓര്‍ക്കുക നിമിഷങ്ങളോരോന്നും സന്തോഷമായിരിക്കണം.. നിന്റെ ചിരിയില്‍ ഒരു പൂമൊട്ട് വിരിയണം അതിന്റെ സൌരഭ്യം എനിക്ക് കാണണം.. വിടരും നാളെയൊരു നാളില്‍ നിന്നിലൊരു നീ... എന്റെ സ്വപ്നം, സഫലമാകാതെ പോയ എന്റെ സ്വപ്നം, അല്ല നമ്മുടെ സ്വപ്നം!! അറിയുമോ ആ പുണ്യം.. കരച്ചില്‍ കേള്‍ക്കുമ്പോള്‍ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു, മനസ്സ് നിറഞ്ഞു നീ നിര്‍വൃതി കൊള്ളുന്ന നിമിഷങ്ങള്‍... കാണുന്നു ഞാന്‍ ഇന്ന് ഇവിടെ എന്റെ മനസ്സില്‍, അറിയുമോ നിനക്ക്, അരികിലണഞ്ഞില്ലെങ്കിലും മനസ്സ് നിന്നില്‍, ശേഷിച്ച നന്മ നിന്നിലെ നിനക്ക്.. ആരുടെയോ സ്വന്തം എന്നറിയുന്നു.. എന്നിട്ടും കുറ്റബോധമില്ലാതെ ഞാന്‍.. മനസ്സ്കൊണ്ടെന്നേ നമ്മള്‍ ഒന്നായി തീര്‍ന്നതെന്ന് കാലം.. എന്റെ മനസ്സിലെ നീയുണ്ടാകാവൂ... നിന്റെ മനസ്സില്‍ എന്റെ നിഴല്‍ കൊണ്ട് പോലും കളങ്കപ്പെടുത്താന്‍ വയ്യെനിക്ക്..

നീയറിയുമോ പാടാത്ത പാട്ട് പാടുന്ന പക്ഷിയെ.. അറിയാമല്ലേ.. ഇന്നലെ ഒരു പാട്ട് പാടി ഇന്ന് മറ്റൊന്ന്... രണ്ടിന്റെയും ഈണങ്ങള്‍ ഒരുപോലെ.. പക്ഷെ അര്‍ത്ഥം നാല് വഴികളില്‍... അഞ്ചാമത്തെ വഴിയിലേക്ക് ഞാന്‍ യാത്ര പറയുന്നു... അവിടെ നീയുണ്ട്, നിന്നോര്‍മ്മകള്‍ ഉണ്ട്.. നിന്റെ സ്നേഹമുണ്ട്, എന്റെ ജീവന്റെ താളമുണ്ട്.. മുറിപ്പാടുകള്‍ തീവ്രമെങ്കിലും വേദനിക്കാന്‍ ഞാന്‍ മറന്നിരിക്കുന്നു.. വേദന അറിയാതിരിക്കാന്‍ കാലം പഠിപ്പിച്ചിരിക്കുന്നു...

നീയറിയും.. നിലാവിന് തെളിച്ചമേറെ... നക്ഷത്രങ്ങള്‍ക്ക് തിളക്കമേറെ... (കാണുന്നുണ്ടോ നീ ഒരു കുഞ്ഞു നക്ഷത്രത്തെ...); രാവിനിന്നു മയക്കം പുലരിയെ തിരഞ്ഞു മടുത്തു പോലും! ജന്മപുണ്യം നിനക്ക് സ്വന്തം ഇനി വരും നാളുകളില്‍... മനസ്സ് നിറയുന്നു.. എന്റെ ജീവിതത്തിന്റെ ലക്‌ഷ്യം കണ്ടത് പോലെ.. ഇനിയൊരു യാത്ര പോകണം.. പോകാതിരുന്നിടത്തോക്കെ.. കൈകള്‍ കൂപ്പണം, മനസ്സുരുക്കണം.. അറിയുമോ നിനക്ക്.. എന്റെ ഗാര്‍ഹസ്ഥ്യം കഴിഞ്ഞിരിക്കുന്നു, ഇനി സന്യാസം.. സര്‍വ്വം ത്യജിച്ച്,  ഒരു പലായനം..

20 comments:

  1. മനസ്സില്‍ സ്നേഹം തോന്നുന്നവരോട് ക്ഷമ ചോദിക്കരുതെന്ന് നീ...
    തെറ്റെന്നു അറിഞ്ഞത് കൊണ്ട് ക്ഷമ ചോദിക്കാതിരിക്കാന്‍ വയ്യാതെ ഞാന്‍...
    തെറ്റ് ചെയ്തില്ല, വേദനിപ്പിച്ചില്ല, സുഖമെന്ന് പറഞ്ഞതാരോ...
    വേദനിച്ചു കൊണ്ട് സുഖം എന്ന് പറയുന്നതെന്തിന് എന്നറിയാതെ ഞാന്‍..
    എന്റെ സന്തോഷത്തിനു നീ വിഷമിക്കുന്നത് കാണാന്‍ വയ്യ..
    നിന്നെ നോവിക്കാത്ത ഒരു വാക്ക് പോലും എന്നില്‍ നിന്നുതിരില്ലെന്നറിയുന്നു ഇന്ന്...
    അത് നീയും അറിയുക.. സ്വയം വേദന ഏറ്റുവാങ്ങല്ലേ നീ..
    എന്നെ അവഗണിക്കുക...

    ReplyDelete
  2. ഓരോ രാവിന്‍റെ അന്ത്യ യാമം വരെയും ഞാന്‍ തിരയും ആ കുഞ്ഞു നക്ഷത്രത്തെ എനിക്ക് വേണ്ടിയല്ല നിന്‍റെ ജീവിത പാതയിലെന്നും ഒരു വിളക്കായി നിനക്ക് സമ്മാനിക്കാന്‍ അന്ന് നീ പറഞ്ഞത് പോലെ നിലാവിനും തെളിച്ച മേറും....
    നോവുകളെ മറന്നു നീ പുഞ്ചിരിക്കും ആ പുഞ്ചിരി ഈ പ്രഭഞ്ചം ഏറ്റു വാങ്ങും എങ്ങും നന്മ്മയുടെ തിരി തെളിയും.....

    ReplyDelete
    Replies
    1. ഇനിയൊരു നാള്‍ എന്റെ ചിരിക്ക് വേണ്ടിയല്ല, എനിക്കൊരു വിളക്കായല്ല, എനിക്ക് സമ്മാനമായ്‌ നല്‍കാനല്ല.. ആ കൊച്ചു നക്ഷത്രം ഒരു തിരിവെട്ടം പോലെ എന്നും നെഞ്ചോട്‌ ചേര്‍ത്തു താലോലിക്കാന്‍, ആ നക്ഷത്ര തിളക്കത്തില്‍ ആ ജന്മം സഫലമാകാന്‍ വേണ്ടി മാത്രം.. ആ ജന്മത്തിന്റെ സാഫല്യം!!

      Delete
  3. ഇരു ധ്രുവങ്ങളിലാണ് നാംഎങ്കിലുംഒരു ദു:സ്വപ്നത്തിന്റെ
    ചരിവില്‍ വച്ച് നമ്മള്‍ കണ്ടുമുട്ടും .......

    ReplyDelete
    Replies
    1. കേവലമൊരു ദുഃസ്വപ്നത്തിന്റെ ചെരിവില്‍ വച്ച്; എന്നോ നമ്മള്‍ കണ്ടുമുട്ടിയതല്ലേ!!!

      Delete
  4. സന്യാസത്തിനു സമയമായോ , ഗൃഹസ്ഥാശ്രമവും വാനപ്രസ്ഥവും എല്ലാം ഇത്ര വേഗം കഴിഞ്ഞെന്നോ ..പുരുഷാര്‍ത്ഥങ്ങളില്‍ ബാക്കി മൂന്നും നേടിയിട്ടു പോരെ നാലാമത്തെ തിരഞ്ഞു പോകല്‍ ...സര്‍വ്വവും ത്യജിച്ചു ഒരു പലായനം നടത്തുന്നതില്‍ എന്തര്‍ത്ഥം ,ഒരിക്കല്‍ വീണ്ടും തിരിച്ചറിയും ഒന്നില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്ന് ...ആ തിരിച്ചറിവ് ഭയാനകമായിരിക്കും .

    ReplyDelete
    Replies
    1. ഒരു പലായനം... വിവാഹം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെല്ലാം വെടിഞ്ഞു.. കര്‍മ്മങ്ങളില്‍ നിന്നും ഒരു ഒളിച്ചോട്ടം.. അന്ത്യേഷ്ടിക്ക് മുന്നേ സന്യാസം.. ഒരിക്കല്‍ തിരിച്ചറിയുമായിരിക്കണം.. അത് ഭയാനകവും ആയിരിക്കാം... ഒരു പക്ഷെ ആ തിരിച്ചറിവ് നേടാന്‍ വേണ്ടിയാവാം ഈ പലായനം....

      Delete
  5. പ്രിയപ്പെട്ട സ്നേഹിതാ,

    ഇന്ന് മുപ്പെട്ടു വ്യാഴാഴ്ച !കണ്ണന് ഏറെ വിശേഷം !

    മനോഹരമായ സുപ്രഭാതം !

    ക്ഷണികമായ ഈ ജീവിതത്തില്‍, പഠിച്ച പാഠം ,ആരെയും അവഗണിക്കരുത്. സ്നേഹിക്കുക..........പരിധികളില്ലാതെ.........,പരിമിതികള്‍ ഇല്ലാതെ !

    മനസ്സ് പതറുമ്പോള്‍, കൃഷ്ണപാദങ്ങളില്‍ മനസ്സ് സമര്‍പ്പിക്കുക.

    എല്ലാ സങ്കടങ്ങളും, കണ്ണന്റെ തിരുപാദങ്ങളില്‍ അലിയുന്നു.

    ചിരിച്ചും ചിരിപ്പിച്ചും, ജീവിതത്തിനു അര്‍ത്ഥങ്ങള്‍ നല്‍കുക.

    മറ്റുള്ളവരുടെ പ്രാര്‍ഥനകളില്‍ നിറയുമ്പോള്‍,നന്ദി പറയുക...........!

    ഓരോ ചുവടും, പ്രകാശത്തിലേക്ക് !

    ശുഭദിനം !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനൂ,
      പറഞ്ഞ അറിവുകളില്‍ നാളെയും കണ്ണന് പ്രിയ ദിനം..
      ഗുരുവായൂര്‍ ഏകാദശി...
      കണ്ണന്റെ അനുഗ്രഹത്തില്‍ ജീവിതം സാര്‍ത്ഥകമാക്കാന്‍ ഹൃദയം കൊണ്ട് പ്രാര്‍ഥിക്കട്ടെ..
      എല്ലാ സങ്കടങ്ങളും കണ്ണന്റെ തൃപ്പാദങ്ങളില്‍ നല്‍കുക.. വേദനകള്‍ മറക്കുക.. വേദന നല്കുന്നവരെയും...
      സ്നേഹപൂര്‍വ്വം..

      Delete
  6. പ്രിയ കൂട്ടുകാരാ,

    വരികള്‍ മുമ്പത്തെ പോസ്റ്റിലെ പോലെ മനോഹരം തന്നെ.
    ഒരു നേട്ടവും പ്രതീക്ഷിക്കാതെ ചെയ്യുന്ന ഓരോ കര്‍മവും ഈശ്വരാര്‍പ്പണമായി ചെയ്യാന്‍ കഴിഞ്ഞാല്‍ അത് സന്യാസം ആയി. അതിനു എങ്ങും പാലായനം ചെയ്യേണ്ട കാര്യമില്ല. ഇപ്പോള്‍ ചെയിതുകൊണ്ടിരിക്കുന്ന ഓരോ കര്‍മവും അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാല്‍ മാത്രം മതി. അതിലെ നിത്യമായ ആനന്തം ഉള്ളു. അല്ലാതെ ചെയ്യുന്നതെല്ലാം ക്ഷണികമായ സന്തോഷം തരുമെങ്കിലും അവസാനം ദുഖമായിരിക്കും. ഓരോരുത്തര്‍ക്കും ഓരോ തരം ദുഖങ്ങള്‍ ഓരോരുത്തരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പലതരത്തില്‍ ആകും എന്ന് മാത്രം. ഒന്നും പ്രതീക്ഷിക്കാത്തവര്‍ക്ക് ഒരു ദുഖവും ഇല്ല.

    ഇത്രയും മുഷിപ്പിച്ചതിനു എന്നെ ഓടിച്ചിട്ട്‌ പിടിച്ചു മുള്ള് മുരുക്ക് കൊണ്ട് തല്ലില്ലാ എന്ന് വിശ്വസിക്കുന്നു..:)

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. പ്രിയ ഗിരീഷ്‌..
      വരികള്‍ മനോഹരമോ എന്നറിയില്ല, ഒരിക്കലും അങ്ങനെ തോന്നാറില്ല...
      ഈശ്വരന് സമര്‍പ്പിക്കാറൂണ്ടോ എന്നും അറിയില്ല.. ഈശ്വരന് നമ്മുടെ കര്‍മ്മം ആവശ്യമുണ്ടോ? ആ സൃഷ്ടിയില്‍ വിരിഞ്ഞ ജീവജാലങ്ങള്‍ക്കാന് ആ കര്‍മ്മങ്ങളുടെ ആവശ്യം..
      നിത്യമായ ആനന്ദം എന്ന് പറയുന്നത്.. ഒരു പക്ഷെ മരണമാവാം.. എനിക്കങ്ങനെ തോന്നുന്നു.. ഒരു പക്ഷെ എല്ലാവര്ക്കും തോന്നണമെന്നില്ല, തോന്നാന്‍ പാടില്ല..

      സൌഹൃദങ്ങളെ വേദനിപ്പിക്കാന്‍ ഇഷ്ടമല്ല.. എന്നിട്ടും പലപ്പോഴും മുരിക്കിനെക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് പലരെയും വേദനിപ്പിക്കുന്നു.. അതില്‍ വേദനയുണ്ട്..

      നിന്നിലേറെ പ്രിയമോടെ...

      Delete
    2. പ്രിയ കൂട്ടുകാരാ,
      അയ്യോ കൂട്ടുകാരാ മുഷിപ്പിച്ചത് ഞാനല്ലേ. ഇങ്ങനെയൊക്കെ പറയുന്നത് മുഷിയുമെന്ന് വിചാരിച്ചു അതാണ്‌ അവസാനം അങ്ങനെ പറഞ്ഞത്.

      ശരിയാണ് ഈശ്വരന് നമ്മുടെ കര്‍മം ആവശ്യമില്ല. പക്ഷെ നമുക്ക് കര്‍മങ്ങള്‍ ആചരിക്കാതെ ഒരുനിമിഷം പോലും നിലനില്‍ക്കാനുമാവില്ല. അപ്പോള്‍ കര്‍മങ്ങള്‍ എങ്ങിനെ നല്ലരീതിയില്‍ ചെയ്യാം എന്നതിന് ഒരു മാര്‍ഗം ആണ് അതെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക എന്നത്. നമ്മള്‍ ചെയ്യുന്ന ഓരോ കര്‍മവും ഭഗവാനുള്ള അര്‍ച്ചനയായി കരുതിയാല്‍ ആ കര്‍മങ്ങള്‍ നമുക്കുതരുന്ന ഫലങ്ങള്‍ ഭഗവാന്റെ പ്രസാദമായി കരുതാന്‍ കഴിഞ്ഞാല്‍ മനസ്സില്‍ ആനന്ദം നിറയും. ഫലത്തെ അതിന്റെ വഴിക്കുവിടുക അത് ചിലപ്പോള്‍ ദുഖമാകാം ചിലപ്പോള്‍ സന്തോഷമാകാം പക്ഷെ ഭഗവാന്റെ പ്രസാദമായി കരുതാന്‍ കഴിഞ്ഞാല്‍ ദുഖവുമില്ല സന്തോഷവും ഇല്ല ആനന്ദം മാത്രം. വേറൊന്നും ചിന്തിക്കാതെ ഭഗവാനുള്ള അര്‍ച്ചനയില്‍ മാത്രം നമ്മുടെ കര്‍മത്തില്‍ മാത്രം മനസ്സൂന്നി ഭഗവാന്‍ തെളിച്ചുതരുന്ന വഴിയിലൂടെ ഭഗവാന്റെ കൈയില്‍ മുറുകെ പിടിച്ചിട്ടുണ്ട് എന്ന് അടിയുറച്ച് വിശ്വസിച്ച് മുന്നോട്ടു മുന്നോട്ടു മുന്നേറുന്ന നിമിഷങ്ങള്‍ എത്ര സുന്ദരം ആനന്ദം തന്നെ.

      മരണം അത് ഒരു മാറ്റം മാത്രമല്ലേ
      ആത്മാവ് മരിക്കുന്നുമില്ല ജനിക്കുന്നുമില്ല
      കളിമണ്ണ് കൊണ്ട് ഒരു കുടമുണ്ടാക്കി അപ്പോള്‍ നമുക്ക് കരുതാം കുടം ജനിച്ചെന്നു.
      പിന്നെ ഒരു ദിവസം അത് നിലത്തുവീണ് ഉടഞ്ഞു അപ്പോള്‍ കുടം മരിച്ചു
      പിന്നെ അതിന്റെ കഷ്ണങ്ങള്‍ പറുക്കിയെടുത് പൊടിച്ചാല്‍ കളിമാണ്ണാകും
      സത്യത്തില്‍ ആരും ജനിച്ചുമില്ല മരിച്ചുമില്ല എല്ലാം മായ :)
      സ്നേഹത്തോടെ,
      ഗിരീഷ്‌

      Delete
    3. പ്രിയ ഗിരീഷ്‌,
      പറഞ്ഞത് ശരിയാണ്.. നിഷ്കാമകര്‍മ്മം.. ഫലേച്ഛകൂടാതെ പ്രവര്‍ത്തിക്കുക..
      കര്‍മ്മഫലങ്ങള്‍ ഭഗവാന്റെ പ്രസാദമാകാം.. സന്തോഷമായാലും ദുഃഖമായാലും ഒരുപോലെ സ്വീകരിക്കാം...

      മരണം അതൊരു ഉറക്കമാണ്, മറ്റൊരു ഉണര്‍വ്വിന് മുന്നേയുള്ള ചെറു മയക്കം... ക്ഷയിക്കുന്ന ശരീരത്തില്‍ നിന്നും പുതുശരീരം തേടി ആത്മാവ് കറങ്ങുന്ന സമയത്തേക്കുള്ള ഒരു ചെറു മയക്കം.. മനസ്സ് ഒരിക്കലും മരിക്കുന്നില്ല.. അത് അതിന്റെ യാത്ര തുടരുകയാണ്..ഓരോനിമിഷവും...

      Delete
  7. സന്യാസം.... ഭാവനയില്‍ എല്ലാം കൊണ്ടുവരാന്‍ കഴിയും എന്നത് കവികള്‍ക്ക് കിട്ടിയ വരം!!!!നന്നായി എഴുതി

    ReplyDelete
    Replies
    1. ഭാവനയില്‍ മാത്രം എഴുതുക ഇത്തരം ചിന്തകള്‍..
      എന്റെ ഭാവന എന്റെ ചിന്തകള്‍ക്കും അതീതം!!

      Delete
  8. അപ്പൊ സന്യാസിക്ക ണില്ലേ ? വെറുതെ കൊതിപ്പിച്ചു ;P
    എന്റെ കമന്റിനുള്ള റിപ്ലേ വായിക്കാന്‍ വന്നതാ അപ്പോഴ മനസ്സിലായെ എന്റെ കമന്റെ വന്നിട്ടില്ലന്നു...:(

    ReplyDelete
    Replies
    1. ഹിമാലയ സാനുക്കളില്‍ തണുപ്പ് കുറവാ.. സന്യസിക്കാന്‍ ഒറ്റയ്ക്ക് പോണില്ല.. ആരെങ്കിലും കൂടെ വേണം.... കീയ വരുന്നോ...? :p

      ങേ.. ഇല്ലാത്ത കമന്റ്‌ വായിക്കാനോ..........?!!!!!!!!!!!!! :):)

      Delete
  9. വരികളില്‍ എപ്പോഴും ദുഖമാണല്ലോ..എങ്കിലും വരികള്‍ മനോഹരം ....ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ ...ദൈവം അനുഗ്രഹിക്കട്ടെ ...:-)

    ReplyDelete
    Replies
    1. ദുഃഖങ്ങളില്ലാത്ത മനുഷ്യരുണ്ടോ അമ്മാച്ചൂ.. ഇല്ലതന്നെ...
      വരികളിലെ ദുഃഖങ്ങള്‍ വരികള്‍ക്ക് മാത്രം, വരികളെഴുതുന്ന നിമിഷങ്ങള്‍ക്ക് മാത്രം സ്വന്തം....
      മനോഹരമാകുന്നത് ഒരിക്കലും എന്റെ കഴിവല്ല, വായിക്കുന്നയാള്‍ എഴുത്തിനോട് താദാത്മ്യം പ്രാപിക്കുന്നുവെങ്കില്‍ മനോഹരമാകും.. [എഴുതുന്ന നിമിഷം കഴിഞ്ഞാല്‍, രണ്ടാമതൊന്നു വായിക്കുമ്പോള്‍, പിന്നെ എനിക്കൊട്ടു വിശ്വാസവുമില്ല മനോഹരമെന്നു.. എന്നാലും അമ്മാച്ചു പറഞ്ഞത് കൊണ്ട് വിശ്വസിക്കട്ടെ മനോഹരമെന്നു..:)]
      ജീവിതം എന്നും നിറനിലാവ് പോലെ സുന്ദരം... അനുഗ്രഹങ്ങള്‍ എന്നും നേരിട്ടും അല്ലാതെയും...

      നന്മകള്‍ നേരട്ടെ അമ്മാച്ചുവിനും...

      Delete