Monday, October 1, 2012

എനിക്ക് നീ സ്വന്തം... നിനക്ക്...

നിന്നെ ഞാനിന്നറിയുന്നൂ...
നിന്നോടല്പം പറയുന്നൂ...
മനസ്സില്‍ നിറയും ദുഃഖങ്ങള്‍..
നിന്നോടായി ചൊല്ലുന്നൂ..
അരികില്‍ നീയിന്നണയുമ്പോള്‍..
എങ്ങോ ദുഃഖം മറയുന്നൂ..
അകലേ നീ മായുമ്പോള്‍...
വീണ്ടും മിഴിനീര്‍ പൊഴിയുന്നൂ...
നീയില്ലാതിന്നില്ലാ ഞാന്‍...
നീയെന്‍ നെഞ്ചില്‍ ജീവനായി...
എങ്ങും മറയാതെന്നുമെന്‍...
മനസ്സിന്‍ മടിയിലുറങ്ങൂ നീ...
നോവും നെഞ്ചിനു തണലേകാന്‍...
പൊഴിയാ മലരായി വിടരൂ നീ...
പൊഴിയും മിഴിനീരൊപ്പുവാന്‍...
സാന്ത്വനമായിന്നണയൂ നീ...
അകലേ നീ പോവാതെ ...
എങ്ങും പോയ്‌ മറയാതെ..
എന്നകതാരില്‍ നിറയൂ നീ...
മരണം വരെയും പിരിയാതെ....

37 comments:

 1. പ്രിയപ്പെട്ടവളെ,

  പതിനൊന്ന് അക്കങ്ങള്‍ക്കപ്പുറത്തും ഇപ്പുറത്തും...

  ജീവനില്ലാത്ത രണ്ടു ചില്ലുകൂടുകള്‍ക്കിരുവശം...

  നമ്മള്‍ പരസ്പരം കാണുന്നു... കേള്‍ക്കുന്നു.. അറിയുന്നു...

  എന്നിട്ടും കണ്ണുനീര്‍ മറയ്ക്കാനായി നിന്‍റെ നെറ്റിയിലേക്ക് ഊര്‍ന്നു വീഴുന്ന മുടിയിഴകളെ വകഞ്ഞു മാറ്റാന്‍ എനിക്കാവുന്നില്ലല്ലോ!!

  പറയുവാന്‍ ഏറെയുണ്ടായിരുന്നിട്ടും "സുഖല്ലേ...?" "ഉം..." പരസ്പരമുള്ള ഈ രണ്ടു വാക്കുകള്‍ക്ക് ശേഷം എത്ര നേരം ശ്വാസഗതികള്‍ കൊണ്ട് മാത്രം നാം സംസാരിച്ചു...!!

  കാതങ്ങള്‍ക്കപ്പുറം കണ്ണില്‍ കണ്ണില്‍ നോക്കി എത്ര നേരം!!!

  നിനക്ക് പകരം വയ്ക്കാന്‍ നീ മാത്രം എന്നറിഞ്ഞിട്ടും, നിനക്ക് പ്രിയമുള്ളതൊന്നും നഷ്ടപ്പെടുത്താനാവാതെ, നിന്നിലേക്കെത്താതെ ഞാന്‍....

  നിനക്ക് പ്രിയമുള്ളതൊന്നും നഷ്ടപ്പെടുത്തി എന്നിലണയരുതെന്നു നീ..

  നിന്‍റെ ഏകാന്തത, നീ കേള്‍ക്കുന്ന ശാപവാക്കുകള്‍.. എന്നെ എത്ര മാത്രം പൊള്ളിക്കുന്നെന്നറിയാമോ നിനക്ക്?

  സ്നേഹം ഇത്ര വലിയ തെറ്റെന്നറിഞ്ഞിരുന്നെങ്കില്‍ സ്നേഹിക്കില്ലായിരുന്നു നിന്നെ..

  ആരെ ഞാന്‍ പഴിക്കണം.. ആരോട് ഞാന്‍ മാപ്പ് പറയണം... ഏത് പുണ്യ നദിയില്‍ ഞാന്‍ മുങ്ങണം... നിന്‍റെ ഓരോ തുള്ളി കണ്ണുനീരിനും പകരമായി...!!!

  ReplyDelete
  Replies
  1. കവിതയെക്കാള്‍ സ്പര്‍ശിച്ചത് നിന്റെയീ വാക്കുകള്‍..
   നിന്‍റെ തലോടലെല്‍ക്കാത്ത മുടിയിഴകള്‍... കണ്ണ്നീരേറ്റു സ്നിഗ്ധത നഷ്ടപ്പെട്ട്. കയ്യിലും മനസ്സിലും ഒതുങ്ങാതെ..

   Delete
  2. എങ്ങിനെ ഞാന്‍ പറയാതിരിക്കും, അത്രമേലിഷ്ടമല്ലേ എനിക്കവളോട്.. മനസ്സ് മറയ്ക്കാന്‍ മുടിയിഴകള്‍ കൊണ്ട് കണ്ണിനു മറ തീര്‍ക്കുമ്പോള്‍ ഒതുക്കാനാവാതെ എത്രമേല്‍ നിസ്സഹായനാണ് ഞാന്‍!

   മലയാളമായിരുന്നു keeyakkutty നല്ലത്, അതിനൊരു ഓമനത്തമുണ്ടായിരുന്നു:)

   Delete
 2. പ്രിയപ്പെട്ട സുഹൃത്തെ,

  സുപ്രഭാതം,

  അരികില്‍ നീയിന്നണയുമ്പോള്‍..
  എങ്ങോ ദുഃഖം മറയുന്നൂ..
  അകലേ നീ മായുമ്പോള്‍...
  വീണ്ടും മിഴിനീര്‍ പൊഴിയുന്നൂ...

  എങ്ങും മറയുന്നില്ല നിന്റെ ഹൃദയത്തില്‍ ഞങ്ങളും ഞങ്ങളുടെ ഹൃദയങ്ങളില്‍ നീയും എപ്പോളും ഉണ്ടല്ലോ?

  വരികള്‍ വളരെ മനോഹരമാണ്.

  നല്ലൊരു ദിനം ആശംസിക്കുന്നു.

  സ്നേഹത്തോടെ,
  ഗിരീഷ്

  ReplyDelete
  Replies
  1. അരികിലണഞ്ഞാലും, അകലെ മാഞ്ഞാലും അവളെന്‍ പ്രിയതോഴി എന്നുമെന്‍ മനസ്സില്‍, ഏറെയടുത്ത്, ഓമനിക്കാന്‍, കിന്നാരം പറയാന്‍ എന്നുമവളെത്തും... ദൂരെ നിലാവിന്‍റെ വെട്ടത്തില്‍...

   Delete
 3. പ്രിയപ്പെട്ട സ്നേഹിതാ,

  സുപ്രഭാതം !

  സമുദ്രം ശാന്തമാണ്. കിളികള്‍ ഉണര്‍ന്നു കലപില കൂട്ടുന്നു.

  ഇന്നു ലോക വൃദ്ധദിനം.സ്വപ്നങ്ങളും മോഹങ്ങളും ചിരിയും നഷ്ട്ടപ്പെട്ടവര്‍...............!

  അവര്‍ക്ക് സ്നേഹവും സ്വാന്തനവും പകര്‍ന്നു നല്‍കാം.

  ആരും ആര്‍ക്കും സ്വന്തമല്ല എന്ന് ഓര്‍മിപ്പിക്കട്ടെ ............!

  ഈശ്വരന്‍ അറിയാതെ, ആരും ആര്‍ക്കും സ്വന്തമാകുന്നില്ല.

  വിശാലമായി ചിന്തിക്കുക. അര്‍ഹിക്കുന്ന ആയിരങ്ങള്‍ക്ക് സ്നേഹം നല്‍കുക.

  ഒരു തുള്ളി സ്നേഹം,ഒരു പുഞ്ചിരി,കാരുണ്യത്തോടെ ഒരു നോട്ടം, അല്പം സമയം ചുറ്റുമുള്ള ഹതഭാഗ്യര്‍ക്ക്‌ നല്‍കുക. പ്രണയത്തേക്കാള്‍ എത്രയോ മഹത്തരമാണ്,ഈ ചെയ്തികള്‍.

  അനുഗ്രഹവും പുണ്യവും ലഭിക്കാന്‍ ഇത്രേം ചെയ്‌താല്‍ മതി .

  മനോഹരമായ ഒക്ടോബര്‍ മാസം ആശംസിക്കുന്നു.

  വീണ്ടും പറയുന്നു.............!ഒരു പുലരിയില്‍ വായനക്കാര്‍ക്ക് സമ്മാനിക്കേണ്ടത് സന്തോഷവും ഉന്മേഷവുമാണ്.

  മനോഹരമായ ഒരു പ്രഭാതം ആശംസിച്ചു കൊണ്ടു,

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. അനൂ,
   പലരും മറക്കുന്ന.. മറന്നെന്നു നടിക്കുന്ന, ഒരിക്കല്‍ ചൊരിഞ്ഞു തന്ന സ്നേഹത്തിനു പകരം തീര്‍ത്താല്‍ തീരാത്ത അവഗണനയെന്ന നോവ്‌ നല്‍കി എവിടൊക്കെയോ തള്ളുമ്പോഴും, ശാപവാക്കുകള്‍ പറയാതെ എല്ലാം സഹിച്ചും, നാളെ എന്നെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ വഴിയോരക്കണ്ണുമായി കാത്തുനില്‍ക്കുന്ന നിസ്സഹായത... കണ്ടിട്ടുണ്ട് പലയിടത്തും... അല്‍പം സാന്ത്വനം നല്‍കാന്‍ ശ്രമിക്കാറുമുണ്ട്... പക്ഷെ പകരം വയ്ക്കാന്‍ കഴിയില്ല അവര്‍ക്കും.. അനുഗ്രഹത്തിനോ പുണ്യത്തിനോ വേണ്ടിയല്ല... ഒരിക്കല്‍ നമ്മളും ഇതുപോലെ...

   എന്ത് ചെയ്യാനാ അനുവേ, ഉപബോധ മനസ്സും അവബോധ മനസ്സും തമ്മിലുള്ള പിടിവലിയില്‍ പലപ്പോഴും ജയിക്കുന്നത്...
   പക്ഷെ ഒരു കാര്യമുണ്ട് ആര്‍ദ്രമായ ഈ അവസ്ഥയില്‍ മാത്രമേ മാനുഷികതയ്ക്ക് പ്രാധാന്യം നല്‍കാറുള്ളൂ... അല്ലാതെ തീര്‍ത്തും സ്വാര്‍ത്ഥനായ എന്നെ എനിക്കിഷ്ടമല്ല, ചിലപ്പോഴൊക്കെ അങ്ങിനെയാണ്.. ഞാന്‍, എന്‍റെ ജോലി, എന്‍റെ അധ്വാനം; ആ ലോകത്തില്‍ മാത്രം ഒതുങ്ങാറുണ്ട്.. പക്ഷെ അന്നൊന്നും മുന്നില്‍ വരുന്നവരെ ഞാന്‍ കാണാറില്ല, അവരെ അറിയാറില്ല... നിഷ്കരുണം തള്ളിപ്പോകും അപ്പോള്‍, അറിഞ്ഞു കൊണ്ടല്ല.. എന്‍റെ ചിന്തകള്‍ അപ്പോള്‍ ഒരിക്കലും അവരുടെ മനസ്സിനോടോപ്പമാകില്ല...! അത് കൊണ്ട് ഈ അവസ്ഥ തന്നെ നല്ലത്.. ഇതാവുമ്പോള്‍ എന്നെ അറിയുന്ന കുറച്ചു പേരെയല്ലേ വേദനിപ്പിക്കെണ്ടൂ, അവരെന്നോട് ക്ഷമിക്കില്ലേ...?

   മഴമേഘങ്ങള്‍ നിറഞ്ഞ ഈ സായാഹ്നം ആ വയോജനങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ...

   സ്നേഹപൂര്‍വ്വം...

   Delete
  2. പ്രിയപ്പെട്ട സ്നേഹിതാ,

   തണുത്ത കാറ്റും മഴത്തുള്ളികളും മഴയില്‍ നനഞ്ഞ പൂക്കളും...!

   പുറത്തിറങ്ങി,മഴത്തുള്ളികള്‍ കയ്യില്‍ പിടിച്ചു,മുഖത്ത് ആ തണുപ്പ് ഏറ്റു വാങ്ങുമ്പോള്‍,

   ഞാന്‍ അറിയുന്നു, ഏതോ ഒരു തളിര്കാറ്റായി.........ഒരു കുളിര്‍മയായി...,
   മഴത്തുള്ളികിലുക്കമായി നീ എന്റെ അരുകിലേക്ക്‌ നടന്നടുക്കുന്നത്,ഞാന്‍ കാണുന്നു.

   ഈ സായാഹ്നം എത്ര മനോഹരം !


   അപ്പോള്‍ ഇങ്ങിനെയൊക്കെ അങ്ങിനെ പോകട്ടെ......!

   എല്ലാറ്റിനും കാരണങ്ങളും ഉത്തരങ്ങളും ഉള്ളപ്പോള്‍,

   ഉപദേശങ്ങളും നിര്‍ദേശങ്ങളും നിര്‍ത്താം അല്ലെ? :)
   മനോഹരമായ രാത്രിമഴ !

   ശുഭരാത്രി !

   സസ്നേഹം,

   അനു

   Delete
  3. അനൂ,

   വേദനിപ്പിച്ചൂല്ലേ ഞാനും.................? ക്ഷമിക്കൂട്ടോ..............

   ഞാനിങ്ങനൊക്കെ എഴുതിയില്ലെങ്കില്‍ ഇങ്ങനൊക്കെ മറുപടി തരാന്‍ വേറാരുണ്ട്...? എങ്ങിനെ ഇതൊക്കെ മറ്റുള്ളവര്‍ അറിയും! (ഇതിനും ഒരു കാരണം!)

   ആദ്യത്തെ ശാസന ഞാനറിഞ്ഞതാണ്.... മനസ്സാ അംഗീകരിച്ചതാണ്.... സത്യം..

   തെറ്റ് ചെയ്താലും ന്യായീകരിക്കുക! കാരണങ്ങള്‍ തിരഞ്ഞു പിടിക്കുക.. ന്‍റെ ചീത്ത സ്വഭാവങ്ങളിലൊന്ന്!!

   ഉദിച്ചുയരുന്ന സൂര്യനെ നീ കാണുമ്പോള്‍.... അസ്തമിച്ചു മറയുന്ന സൂര്യനെ ഞാന്‍ കാണുന്നത് എന്‍റെ തെറ്റ്....!

   വിടരുന്ന പൂക്കളില്‍ നീ സന്തോഷം തേടുമ്പോള്‍... കൊഴിഞ്ഞ പൂക്കളില്‍ വേദന കാണുന്നതെന്‍റെ തെറ്റ്...!

   കിളികളുടെ കലപില ശബ്ദത്തില്‍ സൗഹൃദങ്ങള്‍ നീ മെനയുമ്പോള്‍... രാക്കിളിയുടെ താരാട്ട് മാത്രം കേള്‍ക്കുന്നതെന്‍റെ തെറ്റ്...!

   പുഴയുടെ കളകള നാദത്തില്‍ നീ സംഗീതം കേള്‍ക്കുമ്പോള്‍... ചുഴികളില്‍ പിടഞ്ഞ രോദനം കേള്‍ക്കുന്നതെന്‍റെ തെറ്റ്...!

   മഴത്തുള്ളികള്‍ കൊണ്ട് നീ മഴവില്ല് തീര്‍ക്കുമ്പോള്‍... അതിനെ കണ്ണീരോട് ഉപമിക്കുന്നത് ഞാന്‍ ചെയ്ത തെറ്റ്...!

   പലപല ദുഃഖങ്ങള്‍ക്ക് നീ സാന്ത്വനം നല്‍കുമ്പോള്‍.... ഒരു ദുഃഖം മാത്രം ഞാന്‍ കാണുന്നത് എന്‍റെ തെറ്റ്...!

   പുഞ്ചിരിയും, കാരുണ്യവും നീ നല്‍കുമ്പോള്‍.... പ്രണയത്തിന്‍റെ കയ്പ് നുകരുന്നത് ഞാന്‍ ചെയ്ത തെറ്റ്..!

   സത്യം തന്നെ തെറ്റുകള്‍ മാത്രം.................................!!! ആ

   തെറ്റുകള്‍ക്കിടയില്‍ നിന്ന് ശരികളെ വേര്‍പെടുത്തിഎടുക്കാന്‍ കഴിഞ്ഞാല്‍.....(മറ്റൊരു കാരണം!)

   പക്ഷേ.......

   ജീവിതത്തില്‍ ഞാനൊരിക്കലും ദുഃഖിച്ചിട്ടില്ല..
   കാരണം എനിക്ക് ചുറ്റും സ്നേഹിക്കാനറിയാവുന്ന മനസ്സുകളുണ്ട്..
   എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍...
   എന്‍റെ സന്തോഷങ്ങളില്‍ എനിക്കൊപ്പം സന്തോഷിക്കുന്നവര്‍, ദുഃഖങ്ങളില്‍ എനിക്ക് സാന്ത്വനം പകരുന്നവര്‍...
   അപ്പൊ പിന്നെ ഞാനെന്തിനു ദുഃഖിക്കണം!
   ഒരിക്കല്‍ പോലും എന്‍റെ കണ്ണുകള്‍ നിറയാന്‍ അനുവദിക്കാത്തവര്‍..
   എന്‍റെ നന്മ കാംക്ഷിക്കുന്നവര്‍...
   അപ്പോള്‍ പിന്നെ ഞാനെന്തിനു പരിതപിക്കണം!
   ഇല്ല എനിക്ക് ദുഃഖങ്ങളില്ല... സത്യം!
   വെറുതെയാണെങ്കില്‍ പോലും ഇന്നുവരെ എന്‍റെ കണ്ണുകള്‍ നിറഞ്ഞിട്ടില്ല...!! പ്രണയത്തിനു വേണ്ടി ഒട്ടും...
   കാരണം എന്‍റെ കണ്ണുകള്‍ നിറയരുതെന്നു ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട്...
   ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്‍റെ പ്രണയം തന്നെ...
   സ്നേഹം അത് പിടിച്ചടക്കേണ്ടതല്ല.. അറിഞ്ഞു നല്‍കേണ്ടതാണ്... നല്കിക്കൊണ്ടെയിരുന്നാല്‍ തീര്‍ച്ചയായും ഒരുനാള്‍ അത് തിരിച്ചു കിട്ടും..
   പ്രകൃതി നിയമമാണ്... എന്നവള്‍ പഠിപ്പിച്ചു...
   ധര്‍മസങ്കടത്തിന്‍റെ ചുഴിയില്‍ പെട്ടപ്പോള്‍ ത്യാഗമെന്താണ് എന്നവള്‍ അറിയിച്ചു തന്നു...
   അവളെ മറക്കാന്‍ കഴിയില്ല...
   അത് കൊണ്ട് മറ്റാരെയും അറിയാതെ പോകുമോ ഞാന്‍, അതിനു കഴിയുമോ...
   സത്യം ഇല്ല എന്ന് തന്നെ...
   പ്രകൃതി നല്‍കിയ വരദാനമാണ് മറവി, പക്ഷേ മറക്കാന്‍ കഴിയാത്തപ്പോഴോ.... ശരിയായ വഴികള്‍ തന്നെയാണത്...................,
   ഉദിച്ചുയരുന്ന സൂര്യനെ കാണുക...
   കലപില കൂട്ടുന്ന കിളികളെ കേള്‍ക്കുക.....,
   കളകളമൊഴുകുന്ന അരുവിയോട് കിന്നാരം പറയുക........,
   വിരിഞ്ഞു നില്‍ക്കുന്ന പൂക്കളുടെ സൗന്ദര്യം കാണുക.....,
   മഴത്തുള്ളികളുടെ സംഗീതം കേള്‍ക്കുക.......
   ഇതെല്ലാം നിന്നിലൂടെ ഞാനറിയുന്നു.....
   വാക്കുകളിലെ ആത്മാര്‍ത്ഥതയറിയുന്നു...

   ഒരിളം കാറ്റായി, കുളിര്‍മയായി, മഴത്തുള്ളിക്കിലുക്കമായി ആ വഴികളിലെവിടെയോ ഒരു പക്ഷെ ഞാനുമുണ്ടാകാം....

   അപ്പൊ ഇനി തീരുമാനിക്കാം നിര്‍ത്തണോ വേണ്ടയോന്നു:)   ഒരു നോവിന്‍റെ രാത്രിമഴ പെയ്തൊഴിഞ്ഞു....

   ഗാന്ധി ജയന്തി ദിനം മനോഹരമാക്കാന്‍.....

   ശുഭരാത്രി!

   സ്നേഹപൂര്‍വ്വം.....

   Delete
  4. പ്രിയപ്പെട്ട സ്നേഹിതാ,

   സുപ്രഭാതം !

   ഗാന്ധിജയന്തി ആശംസകള്‍ !

   പ്രഭാഷണം കേട്ടു, ഇപ്പോള്‍ ഭക്തിഗാനങ്ങളില്‍ അലിയുന്ന, ഈ തണുത്ത പുലരിയില്‍,മറുപടി കണ്ണു നനയിച്ചു.ഹൃദയത്തില്‍ നിന്നും വാക്കുകള്‍ പ്രവാഹമായല്ലോ.

   ഇവിടെ പിന്നെ ചിരിക്കാനും കണ്ണു നിറയാനും വലിയ കാരണങ്ങള്‍ ഒന്നും വേണ്ട,കേട്ടോ.

   അസ്തമിക്കുന്ന സൂര്യന്‍ മോഹങ്ങളും പ്രതീക്ഷകളും നല്‍കുന്നു....വീണ്ടുമൊരു സൂര്യോദയത്തിനു....!

   കൊഴിഞ്ഞ പൂക്കള്‍ ഓര്‍മപ്പെടുത്തലാണ്.....അഹങ്കരിക്കല്ലേ........നിന്റെ ജീവിതവും ഇങ്ങിനെ തന്നെ ............!
   രാക്കിളിയുടെ താരാട്ട് സ്നേഹതണലാണ്‌......... നീ ഉറങ്ങുന്നത് വരെ,ഞാന്‍ ഉണര്‍ന്നിരിക്കാം..............!

   ചുഴികളില്‍ പിടയുന്ന രോദനം കേള്‍ക്കുന്നുന്ടെങ്കില്‍, നിന്റെ ഹൃദയത്തില്‍ ഇപ്പോഴും കരുണയുണ്ട്...............!

   മഴവില്ലില്‍ കണ്ണുനീര് കാണാന്‍ സാധിക്കുന്നെങ്കില്‍, സത്യം അറിയുന്നു....മഴവില്ല് മായുമ്പോള്‍, ജീവിതം ഇനിയും ബാക്കിയുണ്ട്....!

   പ്രണയം ജീവിതത്തിന്റെ അവസാന വാക്കല്ല...........! ജീവിതയാത്രയില്‍ അപൂര്‍വമായി ലഭിക്കുന്ന പുണ്യമാണ്‌.

   [ഇന്നു രാവിലെയും എന്നെ തേടിയെത്തിയത്,സ്നേഹിച്ചു,പ്രണയിച്ചു,വിവാഹിതരായവര്‍ വഴി പിരിയുന്നു എന്ന സങ്കടകരമായ സത്യം. വളരെ കുറച്ചു നാളുകള്‍ക്കു മുന്‍പ്, അച്ഛനും അമ്മയും സന്തോഷത്തോടെ ഉദ്യാനനഗരിയില്‍ നടത്തികൊടുത്ത വിവാഹം.......! ആ സന്തോഷം ഇതാ...........ഇങ്ങിനെയായി.....].

   സ്നേഹിക്കാന്‍, ശ്രദ്ധിക്കാന്‍, സങ്കടപ്പെടല്ലേ എന്ന് പറയാന്‍ കുറെ സുമനസ്സുകള്‍ കൂടെയുണ്ട് എന്ന അറിവ് സന്തോഷവും സമാധാനവും നല്‍കുന്നു.

   ആരുടേയും സങ്കടം കാണാന്‍ പറ്റില്ല. അതാണ് സത്യം. അങ്ങിനെ കുരിശുകള്‍ കുറെ ചുമക്കുന്നു. :)

   ഉറപ്പില്ലാത്ത 'പക്ഷെ' ഉണ്ടെങ്കില്‍, ഒരിക്കലും പ്രതീക്ഷ നല്‍കാതിരിക്കുക.

   ഇനിയിപ്പോള്‍, ഈ ശുഭദിനം അനു,ബാപ്പുജിയുടെ കൂടെ.............! ഒരുപാട് ഇഷ്ടാണ്.....!

   മനോഹരമായ ഒരു ദിനം ആശംസിച്ചു കൊണ്ടു,

   സസ്നേഹം,

   അനു

   Delete
  5. അനൂ,
   പ്രണയത്തെ നെഞ്ചോട് ചേര്‍ക്കുമ്പോഴും, ജീവിതത്തിന്‍റെ അവസാന വാക്ക് പ്രണയമല്ല..
   സത്യം തന്നെ....
   കഷ്ടായല്ലോ...:(
   അനുവിന്‍റെ മനസ്സറിയുന്നു....
   മനോഹരമായ ദിനം അനുവിനും...
   സ്നേഹപൂര്‍വ്വം...

   Delete
  6. Dear Friend,
   ''We are very good lawyers for our mistakes.........
   Very good judges for others' mistakes.''
   സത്യം, അല്ലെ?

   മഴ പെയ്തു തോര്‍ന്ന ഈ രാവില്‍,

   മനസ്സറിയാന്‍ ,അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്ന ഒരു സൗഹൃദം ,

   ശാന്തിയും സന്തോഷവും സമാധാനവും നല്‍കുന്നു.

   ശുഭരാത്രി !

   സസ്നേഹം,

   അനു
   sasneham,

   Delete
  7. Dear Anu,
   You z it well, im a good lawyer for my mistakes! and a good judge for others:)

   എനിക്കൊരിക്കലും മുഴുവനായും മനസ്സിലാകില്ലാട്ടോ!!

   good night...........!!
   snehapoorvam.

   Delete
  8. പ്രിയപ്പെട്ട സ്നേഹിതാ,

   ഒരിക്കലും ആര്‍ക്കും ആരെയും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല.

   അറിയുവാന്‍ ശ്രമിക്കുമ്പോള്‍, അലകള്‍ പോലെ അകലുന്ന വ്യക്തിത്വം !

   ശുഭരാത്രി !

   സസ്നേഹം,

   anu

   Delete
  9. അനു,
   അറിയാതിരിക്കുന്നതല്ലേ അനു നല്ലത്...
   കൂടുതലറിയുമ്പോള്‍ പലരും വേദന നല്‍കും... ചിലത് സ്നേഹം കൊണ്ട്, മറ്റ് ചിലത് ആത്മാര്‍ത്ഥതകൊണ്ട്... വേറെയും ചിലത് മൂടിവച്ച ദുഃഖങ്ങള്‍ കൊണ്ട്...
   സ്നേഹപൂര്‍വ്വം..

   Delete
  10. പ്രിയപ്പെട്ട സ്നേഹിതാ,

   അത് തന്നെയാണ് ഞാനും പറഞ്ഞത്......പറയുന്നത്........പറഞ്ഞു കൊണ്ടിരിക്കുന്നത്.

   അറിയേണ്ട....!ഒരു പക്ഷെ, അപരിചിതരാകാം.

   ഒരു യാത്ര പറച്ചില്‍ ഉണ്ടാകില്ല.

   ആശംസകള്‍............!

   സസ്നേഹം,

   അനു

   Delete
 4. മരണത്തോടെ എല്ലാം പിരിഞ്ഞു പോകും....എന്നാലും കാത്തിരിക്കാം ല്ലേ..
  “എങ്ങും പോയ്‌ മറയാതെ..
  എന്നകതാരില്‍ നിറയൂ നീ...
  മരണം വരെയും പിരിയാതെ....“

  ReplyDelete
  Replies
  1. മരണാനന്തരം മറ്റൊരു ലോകമുണ്ടെങ്കില്‍ അവിടെ അതിര്‍വരമ്പുകളില്ലാത്ത മനസ്സുകള്‍ മാത്രമാണുണ്ടാവുക എന്ന് ആശ്വസിക്കാം...!!

   Delete
 5. നീലയില്‍ പച്ച നിറം മാച്ച് ചെയ്യുന്നില്ല...എന്റെ അഭിപ്രായം മാത്രമാണ്...മാച് ചെയ്യുന്നില്ല എന്നു മാത്രമല്ല...വായിക്കാന്‍ തന്നെ ബുദ്ധിമുട്ട് കാണാന്‍ പറ്റുന്നില്ല!!

  ReplyDelete
  Replies
  1. പടന്നക്കാരാ.. പ്രിയ സ്നേഹിതാ... ആദ്യവരവിനും കൂടെ കൂടിയതിനും ഏറെ നന്ദി...
   മാറ്റം ആവശ്യമാണെന്ന് തോന്നുന്നു... അപ്പൊ മാറ്റാമല്ലേ..

   Delete
 6. രാത്രി നിലാവിനോട് പറയുമ്പോലെ...

  ReplyDelete
  Replies
  1. ഒരുമിച്ചുണ്ടായിട്ടും നീ ദൂരെയാണെന്നു!! നന്ദി മുഹമ്മദിക്ക, ഈ വരവിനും അഭിപ്രായത്തിനും....

   Delete
 7. കവിത ഇഷ്ടമായി. അതുപോലെ പ്രിയയോടുള്ള നിന്റെ വാക്കുകളും. ഇതൊന്നും കവിയുടെ ദുഖമല്ല എന്ന് കരുതട്ടെ.

  ReplyDelete
  Replies
  1. കവിത!!! ഇഷ്ടായത് ഏറെയിഷ്ടായി...:) കവി!!!!യുടെ ദുഃഖം പ്രസക്തമല്ല... ഇതുപോലുള്ള ജീവിതങ്ങളും ഉണ്ടാകാം, അതിലൊരു പക്ഷെ കവി!!!യും!! വാക്കുകള്‍ ആത്മാര്‍ത്ഥമാണെന്നെ പറയാനാവൂ...

   Delete
 8. അകതാരിൽ നിറയാൻ അനുവാദം വേണ്ടല്ലോ...
  വരികൾ കൊള്ളാം

  ReplyDelete
  Replies
  1. അറിയാതെ, പറയാതെ.. ഒരിളം തെന്നല്‍ പോലെ... മനസ്സില്‍.. ഓര്‍മ്മയില്‍... പിന്നെ ഒരു പക്ഷെ നഷ്ടങ്ങളിലും...!

   Delete
 9. 'മരണം വരെ പിരിയാതെ

  നിന്നില്‍നിന്നു മിഴി അടരാതെ...'

  അങ്ങനെ ഒക്കെ ആഗ്രഹിക്കാം അല്ലെ ?

  ആശംസകള്‍

  ReplyDelete
  Replies
  1. മിഴിയടരാതെ...
   ആഗ്രഹിക്കാം... ആഗ്രഹങ്ങളുടെ പൂര്‍ണ്ണതയ്ക്കുള്ള കാത്തിരിപ്പെന്ന പ്രതീക്ഷയല്ലേ ജീവിതം..
   അപ്പൊ പിന്നെ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല തന്നെ..

   Delete
 10. Replies
  1. നന്ദി അമ്മാച്ചു..:-)

   Delete
 11. കവിത ഇഷ്ടമായി നല്ല താളത്തില്‍ ഒഴുക്കില്‍ ...ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി കാത്തി, വരവിനും അഭിപ്രായത്തിനും ഏറെ നന്ദി...

   Delete

 12. നിത്യഹരിത ,

  ഇവിടെ ഈ വരികള്‍ക്കിടയിലൂടെ വന്നു പോയവരുടെ കൂട്ടത്തില്‍ ഞാനും.....
  വിരഹമോ...? വേതനയോ...? അറിയില്ല എന്നാലും രണ്ടു വരി
  കുറിക്കയാണ്,

  നേട്ടങ്ങളെ നെഞ്ചിലേറ്റി എന്നും ഓമനിക്കാന്‍ പഠിച്ച മനസ്സേ....
  എന്തെ കോട്ടങ്ങളില്‍ തളരുന്നു....

  ഈ മനോരമായ പ്രകൃതിക്ക് വെയിലും, മഴയും, എന്ന പോലെ..
  സന്തോഷവും സന്താപവും ജീവിതത്തില്‍ വന്നു പോകുന്ന സന്ദര്‍ശകരല്ലേ.....
  നന്മകള്‍ നേരുന്നു....

  ReplyDelete
  Replies
  1. ഋതു,
   വാക്കുകള്‍ സുന്ദരമാണല്ലോ സുഹൃത്തെ....
   നേട്ടങ്ങളെയും കോട്ടങ്ങളെയും ഒരുപോലെ താലോലിക്കുന്നു...
   തിഥി അറിയാതെ വരുന്നവരല്ലേ അതിഥികള്‍... അത് കൊണ്ട് സന്ദര്‍ശകര്‍ ആരായാലും ഒരുപോലെ സ്വീകരിക്കാം....
   നന്മകള്‍ക്ക് പകരം നല്‍കാന്‍ നിറഞ്ഞ സ്നേഹം മാത്രം...

   Delete
 13. Replies
  1. ആശംസകള്‍ക്ക് നന്ദി കലാവല്ലഭന്‍....

   Delete