Thursday, August 2, 2012

ക്ഷണികമീ ജീവിതം, പ്രണയവും പിന്നെ മരണവും!!

ഇന്ന് ഞാനീ കണ്ണുനീര്‍ കുതിര്‍ന്ന തലയിണയില്‍
മുഖമമര്‍ത്തി കിടക്കവേ, അകലെ  നിന്നേതോ സ്വരം
സാന്ത്വനമായി മൃദുസ്പര്‍ശം....

ആരെന്നറിയാന്‍ മിഴികളുയര്‍ത്തവേ
ചുറ്റുമെന്‍ മനം പോല്‍; മാറാല മാത്രം.
പിന്നെ ഞാനെന്‍ കരങ്ങളാല്‍ തിരയവേ
ആരുമരികിലില്ലെന്നു തിരിച്ചറിവൂ

എങ്കിലും ഞാനറിയുന്നാ  സ്വരം, സ്പര്‍ശ-
മെന്‍ സാന്ത്വനമെന്നു നിത്യമാം ആനന്ദമെന്നു.
ഇരുളിന്‍ നിറമുള്ളയവളെന്നെ തഴുകി,
അദൃശ്യമാം കരങ്ങളാല്‍ കണ്ണീരൊപ്പി,
പുണര്‍ന്നോരാ നിമിഷം ഞാനറിവൂ.....

ഇവളെന്‍ പ്രണയിനി, പ്രാണന്‍റെ പാതി!!
ആദ്യമായി കരഞ്ഞോരന്നു മുതലിന്നു വരെ
ഞാനറിയാതെന്നെ തലോടിത്തഴുകിയവള്‍!!
ഇന്നെന്‍റെ നെഞ്ചിലെ സ്നേഹം നുകരാന്‍,
മറ്റാര്‍ക്കും പങ്കിടാതെ ഒറ്റയ്ക്ക് മോന്താന്‍..
എവിടെനിന്നെത്തിയീ എന്‍റെയേകാന്തതയില്‍!

ദുഃഖത്തെ നൊമ്പരത്തെ വേദനയെ ജയിച്ച്,
മാനസം  കവര്‍ന്നു, ചിന്തകള്‍ മറന്നു,
ശൂന്യത, മൂകത, ഏകാന്തത വെടിഞ്ഞ്
യാത്രയാകുന്നു ഞാനുമവളോടൊപ്പം..

പിന്തിരിഞ്ഞു നോക്കീല.. ഞാനെന്‍ വഴികള്‍;
വിടപറഞ്ഞീലാരോടുമീ.. നിന്നോടു പോലുമേ..
നിന്‍ കണ്മുനകളെന്നെ മാടി വിളിച്ചേക്കാം,
വിരല്‍  സ്പര്‍ശമെന്നെയേറെ കൊതിപ്പിക്കാം!!
വേണ്ടിനി പാഴ്വാക്കുകള്‍ നീ സംഗീതമാക്കേണ്ട,
വ്യര്‍ത്ഥമാം പുഞ്ചിരി നീയെനിക്കേകിടേണ്ട!!

നിന്നെ, നിന്‍ ചിന്തയെ, പ്രണയത്തെ, നീയെന്ന-
സ്വപ്നത്തെ ഇവിടെയീ  വഴിയിലുപേക്ഷിക്കട്ടെ ഞാന്‍..
മറയുന്നു ഞാനീയേകാന്ത വീഥിയില്‍ മൂകമായി
ഒറ്റയ്ക്കല്ല; കൂട്ടിനിവളുമുണ്ടെന്‍ പ്രിയതമ..!
നിറയ്ക്കേണ്ട  നീ നിന്‍ മിഴിയിണകള്‍ വെറുതേ
അതെന്‍ പ്രണയിനിയെ നോവിക്കില്ലൊരിക്കലും!

പാഴ്വാക്കുകളെത്ര നീയെനിക്കേകിയെന്നാലും
പൊഴിവാക്കുകള്‍ നല്‍കില്ലൊരിക്കലും നിനക്ക് ഞാന്‍..
നിനക്കായി  ഞാനോതുന്നൊരീ വിടചൊല്ലലില്‍
വിരിയുന്ന പുഞ്ചിരിയിലിന്നും ഞാനേറെ ധന്യന്‍

20 comments:

  1. വിരഹത്തിന്റെ ,നിരാശയുടെ , നോവിന്റെ തീവ്രത .

    ReplyDelete
    Replies
    1. ആശ നഷ്ടപ്പെടുമ്പോഴല്ലേ നീലിമാ നിരാശ, കൈവിട്ടില്ലിന്നീ നിമിഷം വരെ, കൈവിട്ടാല്‍ പിന്നെ ഞാനില്ല, കൈവിടാനൊട്ടു സമ്മതിക്കയുമില്ലവളെന്‍ പ്രിയ സഖി...
      പിന്നെ വിരഹം, ഒരു മന്ദഹാസമായെന്നുമെന്‍ ചാരെ, സാന്ത്വനമായെന്‍ മനസ്സിലെന്നും, ഇളം കാറ്റായി തലോടാനെന്നും, അപ്പോഴെങ്ങനെ വിരഹം...?
      നോവില്‍ ഒരിക്കലും ദുഖിക്കാറില്ല, കാരണം എത്രയോ സന്തോഷങ്ങള്‍ക്കിടയിലാണവളെനിക്കൊരു കൊച്ചു ദുഃഖം തന്നത്.

      Delete
  2. പ്രിയപ്പെട്ട നിത്യഹരിത,

    പ്രണയം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നതിന്റെ വേദന ശരിക്കും അനുഭവിക്കുന്നു, ഈ വരികളില്‍....! എങ്കിലും, സ്നേഹത്തിന്റെ ആഴം ഊര്‍ജമാക്കി മാറ്റണം....ജീവിതത്തില്‍ മുന്നേറാന്‍,പവിഴമല്ലിയുടെ പരിശുദ്ധിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മ്മകള്‍ പ്രചോദനമാകട്ടെ !

    എന്തേ, ചിത്രങ്ങള്‍ ചേര്‍ക്കാത്തത്?

    മനോഹരമായ ഇന്നില്‍ ജീവിക്കാന്‍ ശ്രമിക്കണം....!ഇപ്പോള്‍ കണ്ണുനീരിനു വില കുറവാണ്.:)

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      ഓര്‍മ്മകള്‍... സുന്ദരം തന്നെ, സത്യം! ആ ഓര്‍മ്മകള്‍ തന്നെ ജീവിതം..

      പിടിച്ചടക്കുന്നതിനേക്കാള്‍ വിട്ടു കൊടുക്കുന്നതാണ് സ്നേഹം എന്നവളെന്നെ പഠിപ്പിച്ചു.
      ഒടുവിലാ സ്നേഹവും വിട്ടു തരണമെന്ന്!! വിട്ടുകൊടുത്തു പക്ഷെ നഷ്ടപ്പെടുത്തിയില്ല..

      ഇന്നിന്‍റെ ഈണം നാളെയുടെതാവില്ലെന്നു പറയാതെ പറഞ്ഞ് അനുവും പഠിപ്പിച്ചു! ഇന്നില്‍ തന്നെ ഞാനിന്നു ജീവിക്കുന്നു കൂട്ടുകാരീ...

      കണ്ണീരിനു വില കുറവ് തന്നെ.:) കരയാനേറെ ആഗ്രഹമുണ്ട്, പക്ഷെ സാധിക്കാറില്ല!!

      സ്നേഹപൂര്‍വ്വം....

      Delete
  3. പ്രിയപ്പെട്ട സ്നേഹിതാ,

    വിട്ടുകൊടുത്ത സ്നേഹം അമൂല്യമാണ്‌. ആ ത്യാഗം സ്നേഹത്തിന്റെ പൊന്‍തിളക്കം കൂടും.

    കരയാന്‍ തോന്നുമ്പോള്‍, ചുറ്റുമുള്ള ജീവിതം ഒന്ന് നിരീക്ഷിക്കണം. കണ്ണുനീര് ഉണങ്ങിയ നിര്‍വികാരതയുടെ മുഖങ്ങള്‍ കണ്ടിട്ടുണ്ടോ?കഴിഞ്ഞ ദിവസം ഒരു യാത്ര പോയി എന്ന് എഴുതിയിരുന്നില്ലേ?പ്രിയപ്പെട്ടവരുടെ കൂടെ ജീവിക്കാന്‍ കഴിയാത്ത കുറെ കുഞ്ഞുങ്ങളുടെ കൂടെയായിരുന്നു,ഉച്ചക്കലെ ഊണ്.വാക്കുകള്‍ക്കും അപ്പുറമാണ്, ആ അനുഭവങ്ങള്‍....!

    കരയാന്‍ തോന്നുമ്പോള്‍, അവരെ ഓര്‍ക്കണം.....!അപ്പോള്‍, ആ കുഞ്ഞു മുഖങ്ങളില്‍ ചിരി വരുത്താന്‍ നമ്മുടെ കണ്ണുനീര്‍ ഒരിക്കലും പുറത്തേക്ക് ഒഴുകില്ല.ഒഴുക്കാന്‍ കഴിയില്ല. :)

    പിന്നെ, കണ്ണുനീര്‍ എല്ലാം പാര്‍സല്‍ ആയി അനുവിന്റെ അടുത്തേക്ക്‌ വിട്ടോള്............ഇവിടെ തൊട്ടു മുന്‍പില്‍ നീലസമുദ്രം ഉണ്ട്....സങ്കടം മുഴുവന്‍ ഏറ്റു വാങ്ങാന്‍,ആ ആഴം മതി !

    മനോഹരമായ ഒരു രാത്രിമഴ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനൂ,

      യാത്രകള്‍ക്കിടയില്‍ ബസ്സിലും ട്രെയിനിലും പിന്നെ വഴിയോരങ്ങളിലും കണ്ടിട്ടുണ്ട് ആ നിര്‍വികാരത... ജീവിച്ചു തുടങ്ങുന്ന കൊച്ചു കുഞ്ഞുങ്ങളെ കാണുമ്പോഴാണ് ഏറെ കഷ്ടം.. വല്ലാത്ത നൊമ്പരം തോന്നും..

      നല്ലത് തന്നെ ആ കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിയോടൊപ്പമുള്ള ഊണിനോളം മധുരം വരില്ല മറ്റേതൊരു വിഭവവും. ജോലിസംബന്ധമായി ഇത് പോലെ കുഞ്ഞുങ്ങളോടൊപ്പം കുറച്ചേറെ ദിനങ്ങള്‍ ചിലവഴിച്ചിരുന്നു രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്.. കൊച്ചുകുഞ്ഞുങ്ങളുടെ മനോഹരമായ പുഞ്ചിരി (അവിടുത്തെ ആയമാരുടെയും അധികൃതരുടെയും സ്നേഹവാത്സല്യം തന്നെ)സന്തോഷം നല്‍കിയെങ്കിലും തിരിച്ചറിവ് നേടിയ ഒരല്‍പം വലിയ കുട്ടികളുമുണ്ടായിരുന്നു, അവരുടെ കണ്ണിലെ അനാഥത്വം, കാത്തിരുപ്പ് വലിയൊരു നൊമ്പരം തന്നെയായിരുന്നു.

      കരച്ചില്‍ വന്നില്ലെങ്കിലും മനസ്സേറെ കരയാന്‍ കൊതിക്കുമ്പോള്‍ കണ്ണീരിനെ അങ്ങോട്ട്‌ വിടുന്നില്ല കേട്ടോ (അത്യാവശ്യം അവിടെത്തന്നെ അതുണ്ടെന്നു തോന്നുന്നു). തനിച്ച് ചില യാത്രകള്‍ പോകാറുണ്ട്, കടലോരങ്ങളും പുഴവക്കും ഏറെയിഷ്ടമായതിനാല്‍ അവയില്‍ ചിലത് അങ്ങോട്ട് തന്നെ.. ആ ഏകാന്തതയില്‍ വേദന തിരകള്‍ക്ക്, ഓളങ്ങള്‍ക്ക് നല്‍കി ആശ്വാസം കൊള്ളാറുമുണ്ട്..

      വൈകീട്ട് കാറും കോളുമായി വന്നിരുന്നു, പക്ഷെ പറ്റിച്ചു കളഞ്ഞു... പിന്നൊരല്പം കഴിഞ്ഞപ്പോള്‍ കുടയില്ലാതെ പുറത്തിറങ്ങി, എന്താ ചെയ്യാ വീണ്ടും പറ്റിച്ചു!! കുറുമ്പി തന്നെ ഈ മഴ.. നന്നായി നനഞ്ഞു.. മണ്ണും മനസ്സും ഒരു പോലെ ആര്‍ദ്രമായി..

      ശുഭരാത്രി നേര്‍ന്നുകൊണ്ട്....

      സ്നേഹപൂര്‍വ്വം....

      Delete
  4. എല്ലാം നിനക്കായി, ഈ വിട ചൊല്ലലും....
    നൊമ്പരം തുളുമ്പുന്ന വാക്കുകൾ.

    ReplyDelete
    Replies
    1. സന്തോഷം തരുന്നു വിജയേട്ടാ ഈ വരവും അഭിപ്രായവും...

      Delete
  5. നീയും ഞാനും നമ്മുടെ പ്രണയവും...
    വേറൊന്നും വേണ്ട ഉലകത്തിലിനി.

    ReplyDelete
    Replies
    1. ഹ ഹ ഹ അത് കലക്കി, എന്‍റെ സ്വാര്‍ത്ഥത തന്നെ..:)

      Delete
  6. പ്രണയം ,വിരഹം പിന്നെ മരണവും
    അപ്പോള്‍ ഈ ജീവിതം എന്തൂട്ട് സാധനാണ്

    ആശംസകള്‍ നന്നായി എഴുതി

    ReplyDelete
  7. ജീവിതം ഇനിയുമേറെ പഠിക്കാനിരിക്കുന്നു ഗോപാ....
    അനുഭവിച്ചേറെ പഠിച്ചവരെ കണ്ടിരിക്കുന്നു ചിലയിടങ്ങളില്‍...
    ചിലര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു മനോഹരമെന്നു,
    മറ്റു ചിലര്‍ കരഞ്ഞു കൊണ്ടും പറഞ്ഞു മനോഹരമെന്നു,
    ചിലര്‍ നിസ്സംഗമായി പറഞ്ഞു ജനിച്ചു പോയതുകൊണ്ട് മാത്രമെന്ന്,
    പിന്നെയും ചിലര്‍ പറഞ്ഞു മരണമാണ് ഭേദമെന്ന്...
    ഞാനെന്തു പറയണം ഗോപാ...
    ജനനം മുതല്‍ മരണം വരെയുള്ള സുഖദുഃഖങ്ങളുടെ
    സ്നേഹവിരഹങ്ങളുടെ, ജയാപജയങ്ങളുടെ, ശത്രുതാമിത്രതയുടെ
    ചാക്രിക സംക്രമണമെന്നോ.... അല്ല ആവര്‍ത്തന വിരസതയെന്നോ...
    അറിയില്ല.. പഠിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സ് നീറിപ്പിടയുന്നു..
    എന്തുകൊണ്ടതെന്നും അറിയില്ല...
    അല്ലിനി പഠിക്കാന്‍ കഴിയില്ലേ??
    പൂര്‍ണ്ണമായി പഠിച്ചവര്‍ ആരെങ്കിലുമുണ്ടോ ഈ ഭൂവില്‍??!!
    കണ്ടുപിടിക്കണം....!!!!

    ReplyDelete
  8. നിത്യ ഹരിത,

    ഇവിടെ വന്നൊന്നു പോയെങ്കിലും ഈ ക്ലാസ്സിക്‌ templete പ്രശനമ കേട്ടോ

    ബ്ലോഗു തുറന്നാല്‍ എല്ലാം അതായത് followers കമന്റുകള്‍, അങ്ങനെ എല്ലാം

    അത് classic templeteil ഇതെല്ലാം ഒളിച്ചു വെക്കുന്നു മിക്കവാറും ആരും അത് മിനക്കെട്ടു തപ്പിയെടുക്കാന്‍ ശ്രമിക്കില്ല പകരം അത് ഒരു പേജില്‍ കാണുന്നെങ്കില്‍ ആരും ഒന്ന് നോക്കും വായിക്കും പ്രതികരിക്കും

    എന്റെ ഒരു അഭിപ്രായം മാത്രം

    ഈ കവിത വളരെ ഹൃദ്യമായി തോന്നി

    പ്രത്യേകിച്ചും ആ ഒടുവിലത്തെ വരികള്‍, ആ വിട ചൊല്ലിന്‍ വാക്കുകള്‍

    പാഴ്വാക്കുകളെത്ര നീയെനിക്കേകിയെന്നാലും
    പൊഴിവാക്കുകള്‍ നല്‍കില്ലൊരിക്കലും നിനക്ക് ഞാന്‍..
    നിനക്കായി ഞാനോതുന്നൊരീ വിടചൊല്ലലില്‍
    വിരിയുന്ന പുഞ്ചിരിയിലിന്നും ഞാനേറെ ധന്യന്‍
    എഴുതുക അറിയിക്കുക ഫോല്ലോവേര്സ് ബട്ടണ്‍ കാണുന്നില്ല
    ബ്ലോഗില്‍ ചേരാന്‍
    എന്റെ ബ്ലോഗില്‍ വന്നതിലും ചെര്ന്നതിലും നന്ദി
    വീണ്ടും കാണാം വീണ്ടും പറയട്ടെ ഈ ക്ലാസ്സിക്‌ പരിപാടി ശരിയല്ല :-)

    ReplyDelete
  9. ഫിലിപ്പേട്ടാ,

    DYNAMIC TEMPLATE - ല്‍ FLIP CARD OPTION ആയിരുന്നിതുവരെ, അതിനും മുന്‍പ് PICTURE TEMPLATE ആയിരുന്നു ഉപയോഗിച്ചത്, അവിടുന്നാണ് DYNAMIC - ലേക്ക് മാറിയത്.. അത് കൊണ്ട് ഇനിയും കുറച്ചു കാലം ഇതില്‍ തന്നെ (ഇപ്പോള്‍ DYNAMIC TEMPLATE - ലെ തന്നെ CLASSIC OPTION - ലേക്ക് മാറ്റി കേട്ടോ, ഈ ശ്രദ്ധപ്പെടുത്തലിനു നന്ദി ഫിലിപ്പേട്ടാ)ഇനിയും വരണം കേട്ടോ, FOLLOWER OPTION ഏതായാലും ഇല്ല!! ഗൂഗിള്‍ അത് ഈ ബ്ലോഗിന് പരീക്ഷണാര്‍ത്ഥം എന്നാ GADGET ADD ചെയ്യുമ്പോള്‍ കാണിക്കുന്നത്..

    കവിതയെന്നൊന്നും പറഞ്ഞേക്കല്ലേ... അടുക്കും ചിട്ടയുമില്ലാതെ കുത്തിക്കുറിച്ചിട്ടതാ..

    അവളുടെ പുഞ്ചിരി എന്‍റെ വേദനയെങ്കിലും അതായിരുന്നു സന്തോഷം, ഇന്നവളേറെ ചിരിക്കുന്നു, പക്ഷെ ഉള്ളിലെ കരച്ചില്‍ ഞാനറിയുന്നു...

    ഇനിയും ഈ വഴിയുണ്ടാകുമെന്നു കരുതുന്നു... കാണാം....

    ReplyDelete
  10. നല്ല എഴുത്ത് വായിച്ചതില്‍ സന്തോഷമുണ്ട്.
    --- നീയെത്രയുരുകുന്നുവെന്നറിവീല ഞാന്‍
    നീയെത്ര തപം തപിപ്പതറിവീല ഞാന്‍---

    ഇനിയും വരാം..

    മനു..

    ReplyDelete
    Replies
    1. മനൂ,

      ഏറെ സന്തോഷം സഖേ ഈ വഴി വന്നതില്‍..
      മനുവിന് കവിത നന്നായി വഴങ്ങുമെന്ന് തോന്നുന്നു..
      നല്ല വരികള്‍ കേട്ടോ..
      ഇവിടെയുള്ള കമന്റ്‌ മാത്രമല്ല മനുവിന്‍റെ പോസ്റ്റുകളും..
      വായിച്ചിരിക്കുന്നവിടെ, ഏറെയിഷ്ടം തന്നെ...
      സ്വാഗതം തന്നെ കൂട്ടുകാരനിവിടേക്ക് എന്നും എപ്പോഴും...

      സ്നേഹപൂര്‍വ്വം...

      Delete
  11. ഓരോ വരിയും മനസ്സില്‍തൊട്ടു വീണ്ടുംവരാം

    ReplyDelete
  12. "പിന്നെ ഞാനെന്‍ കരങ്ങളാല്‍ തിരയവേ
    ആരുമരികിലില്ലെന്നു തിരിച്ചറിവൂ"

    ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നവളുടെ/നില്‍ക്കുന്നവന്റെ സാമീപ്യം ഏറ്റവും കൊതിക്കുന്ന ഘട്ടങ്ങളില്‍ ഏകാന്തത അനുഭവിക്കേണ്ടി വരുന്നത് വല്ലാത്ത നോവാണ് . അക്ഷരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ആ വേദനയെ ഈ കവിത വല്ലാതെ ഏറ്റുവാങ്ങിയിട്ടുണ്ട് ..അക്ഷരങ്ങളെ പ്രണയിക്കു ..അവള്‍ ഒരിക്കലും ഏകാന്തതയിലേക്ക് തള്ളി വിടില്ല .

    ReplyDelete
    Replies
    1. അതെ വിനീതാ.. പറഞ്ഞറിയിക്കാന്‍ പറ്റാത്ത നൊമ്പരം തന്നെയത്...

      അക്ഷരങ്ങള്‍ നല്ല കൂട്ട് തന്നെ...

      ആദ്യവരവിനു നന്ദി...

      Delete