Sunday, March 26, 2023

കാലം കുറെ ആയില്ലേ....

അതേയ്, പതിവില്ലാത്തതാണല്ലോ.... 


എന്താണൊരു ചിരി....? 


ആകെ തകർന്ന് പോയതിന്റേയാ.... 


ങേ....? 

നിനക്ക് മനസ്സിലാവുമോ എന്നറിയില്ല , ന്നാലും പറയാ.... നമുക്കേറെ പ്രിയപ്പെട്ട ചിലർക്ക് അവരാൽ നമ്മളാകെ തകർന്ന് കാണുന്നതാണ് സന്തോഷം. നമുക്കോ അവരുടെ സന്തോഷമാണ് നമ്മുടേതും.... 


 ഒന്നും മനസ്സിലായില്ല! 


 സാരമില്ല. കാലം കഴിയുമ്പോൾ മനസ്സിലാവും.... നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോരുത്തരും നമുക്ക് ഓരോ പാഠങ്ങളാണ്... എല്ലാം അറിഞ്ഞും പഠിച്ചും കഴിഞ്ഞാൽ പിന്നെ നമ്മുടെ ചുണ്ടിലെപ്പോഴും ഒരു ചിരി ബാക്കിയുണ്ടാവും.... ചിലരതിനെ ഭ്രാന്തെന്ന് പറയും. നമ്മളതിനെ ശാന്തിയെന്നും.. 


എന്നെങ്കിലും എനിക്കും മനസ്സിലാവുമായിരിക്കും അല്ലേ....? 



ഓരോരുത്തരും അവരവരനുഭവിക്കേണ്ട പാഠങ്ങളിലൂടെ കടന്നുപോവും. നമ്മളനുഭവിച്ച ചിലതൊക്കെ നമുക്ക് പ്രിയപ്പെട്ടവർക്ക് ഉണ്ടാവാതിരിക്കട്ടെ എന്നാണാഗ്രഹം... അത് കൊണ്ട് മനസ്സിലാക്കാനിടവരരുതേ എന്നാണ് ആഗ്രഹം... :)


Wednesday, July 24, 2019

കണ്ണേ ഞാൻ പറയുന്നത് നിനക്ക് കേൾക്കാമോ...


ഇന്നൊരുപാട് അകലത്തിലായത് പോലെ തോന്നുന്നെനിക്ക്..! ചിലപ്പോൾ നാം പറയുന്ന ഒരു വാക്ക് മതി അതുവരെ കാത്തു വച്ച സ്നേഹമൊക്കെ മുറിവായ്‌ മാറാൻ.. നീ അനുഭവിച്ചിട്ടുണ്ടോ അത്..! അതിൻ്റെ വേദനയെത്രയുണ്ടെന്നു നിനക്കറിയാമോ! 



കണ്ണാ, നിനക്കറിയുമോ നമ്മളെപ്പോഴാണ് നമ്മെ സ്നേഹിക്കുന്ന ഒരാളിൽ നിന്ന് നമ്മെ ഭാവിയിൽ എന്നെങ്കിലും ബാധിച്ചേക്കാം എന്ന് തോന്നുന്ന എന്തെങ്കിലും ഒരു നല്ല കാര്യം മറച്ചു വയ്ക്കുന്നതെന്ന്? ആ ഒരാളുടെ സ്നേഹത്തിൽ നമുക്ക് വിശ്വാസമില്ലാത്തപ്പോഴാണത്. സ്നേഹമെന്നത് വിശ്വാസം കൂടി കൂടിയതാണെന്ന് അറിയാല്ലോ പൊന്നേ നിനക്ക്, അപ്പോൾ ആ വിശ്വാസമില്ലാതെ സ്നേഹം നിലനിൽക്കില്ളെന്നും അറിയാലോ. 



നമ്മൾ പരീക്ഷിക്കപ്പെടുന്നതും, മുറിപ്പെടുന്നതും, നിസ്സഹായമാവുകയും ചെയ്യുന്ന ഒരുപാട് സന്ദർഭങ്ങളുണ്ടാവും നാം ഓരോരുത്തരുടെയും ജീവിതത്തിൽ. അങ്ങനെ കുറച്ചു അനുഭവങ്ങൾ സ്വന്തമായും, അതിലും വലിയ മുറിവുകളും, നോവുകളും കണ്മുന്നിൽ കടന്നു പോയ പല ജീവനുകളിലും കണ്ടും അറിഞ്ഞും പരുവപ്പെട്ടു പോയിരിക്കുന്നു മനസ്സ്. അത് കൊണ്ട് തന്നെ നീയെത്ര വേദനിപ്പിച്ചാലും മുറിപ്പെടുത്തിയാലും ഞാനതറിയില്ല കണ്ണേ! സ്നേഹിക്കുക എന്നാൽ മുറിപ്പെടുത്താനുള്ള അവകാശമല്ല എന്നൊരു സുഹൃത്ത് പറഞ്ഞിരുന്നു. എന്നാൽ എന്നിലേക്ക് കടന്നു വരുന്നവർക്കും, ഞാൻ തേടി ചെന്നവർക്കും എന്നോടുള്ള സ്നേഹത്തിൽ എന്നെ മുറിപ്പെടുത്താനുള്ള അവകാശം കൂടി നൽകിയിട്ടുണ്ട്. കടന്നു വരുന്ന ഓരോ ജീവനെയും സ്വാഗതം ചെയ്യുന്നത് അവിശ്വസിക്കാനുള്ള കാരണങ്ങൾ ഉണ്ടെന്ന മുൻവിധിയോടെ അല്ലാ എന്നുള്ളത് കൊണ്ടാണ്. 



സ്നേഹപൂർവ്വം ഞാൻ നിന്നോട് വിട പറയുകയാണ്.. നിന്നോട് എന്ന് പറഞ്ഞാൽ നിന്നോടുള്ള സ്നേഹത്തിൽ നിന്നെന്നല്ല. എന്നാണോ നിനക്ക് സ്വന്തമായി എന്നെ വിശ്വസിക്കാമെന്നു ബോധ്യം വരിക അന്ന് നിനക്ക് തിരിച്ചു വരാം.. പങ്കിടലുകളാണ്, മറച്ചു വയ്ക്കലല്ല സ്നേഹത്തിൻ്റെ ഭാഷ! നിനക്കറിയായ്കയല്ല എങ്കിലും ഓർമ്മിപ്പിച്ചെന്നു മാത്രം.



കാലങ്ങളായിരിക്കുന്നു ഒന്നെഴുതിയിട്ട്.. :) മുറിവുകളുണങ്ങുമ്പോഴാണ് അതെന്നുളളത് കൊണ്ടാണ്. എൻ്റെ നോവുകളിൽ നിന്നെ പങ്കാളിയാക്കരുത് എന്നുള്ളത് കൊണ്ട്. ഇന്ന് നീ കാണുന്നുണ്ടോ നിർത്താതെ പെയ്യുന്ന ചാറ്റൽ മഴ, താരാട്ടു പോലെ... ആരോ എവിടെയോ തനിച്ചിരുന്നു തേങ്ങുന്ന പോലെ... ആർത്തലച്ചു പെയ്തിരുന്ന ദിവസങ്ങളുണ്ടായിരുന്നു, എങ്കിലും മഴയല്ലേ, നമുക്ക് പ്രിയമുള്ളതല്ലേ... എന്ത് ഭംഗിയാണെന്നോ പ്രകൃതിക്കെന്ന്... ഇലകളിൽ നിന്നിറ്റു വീഴുന്ന മഴത്തുള്ളികൾ.. വഴിയരികിലൂടൊലിച്ചു പായുന്ന മഴവെള്ളം!  ഇന്നലത്തെ യാത്രയിൽ ഞാൻ നനഞ്ഞ മഴയിൽ ഉള്ളു കുളിർന്നത്.. മനസ്സ് നിറഞ്ഞത്.. നീയറിഞ്ഞോ.. നോക്കൂ നമ്മിലും പെയ്തൊഴിയുന്നില്ലേ ഒരു മഴക്കാലം... നീയാകാശം കാണുന്നില്ലേ, അതിലെ കറുത്ത മേഘങ്ങൾ മഴയായി മാറുന്നത് കാണുന്നില്ലേ.. പൊന്നേ നോക്ക്, നാമെത്ര വട്ടം പെയ്തിരിക്കുന്നൂ, നമ്മിലെ കാർമേഘങ്ങളെത്ര മഴയായ് നമ്മെ കുതിർത്തിരിക്കുന്നു. മുറിവുകൾ മാറി, സ്നേഹം മാത്രം നിറയുന്നത് നമ്മൾ അനുഭവിച്ചിട്ടില്ലേ.. അതിൻ്റെ നന്മകളിൽ മനസ്സിൽ ശാന്തി നിറയുന്നത്, സ്നേഹത്തെ പറ്റി നമ്മൾ പിന്നെയും തിരിച്ചറിയുന്നത്, നേടാനുള്ളതല്ല നൽകാൻ മാത്രമാണുള്ളതതെന്നു പിന്നെയും ബോധ്യപ്പെടുന്നത്, ചുണ്ടിൽ ചിരി വിരിയുന്നത്... 



നീയെനിക്ക് പകർന്നു തന്ന അനുഭവങ്ങൾക്ക് പൊന്നേ നിന്നോട് നന്ദി... സ്നേഹം.. 



നിർത്തട്ടെ..!

Saturday, January 20, 2018

നിങ്ങളോട്... എനിക്കറിയാത്ത നിങ്ങളോട്....

ഞാനറിയാത്ത നിങ്ങളോടാണ്‌ ഞാനിപ്പോള്‍ പറയാന്‍ പോകുന്നത്. വാക്കുകളിലൂടെ മാസ്മരികത തീര്‍ത്ത്‌, അടുത്ത വായനയ്ക്കായി കാത്തിരിപ്പുകള്‍ അവശേഷിപ്പിച്ചു കടന്നു പോകുന്ന നിങ്ങളെ കുറിച്ച്. ലോകത്തിന്‍റെ വിദൂരമായ ഏതോ കോണില്‍ നിന്നും ഏതൊക്കെയോ സമയങ്ങളില്‍ കഥയാണോ ജീവിതമാണോ അനുഭവമാണോ കാല്‍പനികതയാണോ എന്നറിയാത്ത എഴുത്തുകള്‍ കൊണ്ട് മനസ്സ് നിറയ്ക്കുന്ന നിങ്ങളെ കുറിച്ച്.

എഴുത്ത് കാലങ്ങളുടെ, കൂടുതല്‍ ശരിയായി പറഞ്ഞാല്‍ വായനക്കാലങ്ങളുടെ ഇടയിലെവിടെയോ ആണ് പരിചയപ്പെട്ടത്; നിങ്ങളെന്നല്ല ഞാന്‍ വായിച്ചിരുന്ന മിക്കവരെയും അറിഞ്ഞത് അങ്ങനെ ആയിരുന്നു. വായനയെന്നാല്‍ പ്രശസ്തമായ സാഹിത്യങ്ങളോ പ്രഗദ്ഭരായ എഴുത്തുകാരുടെ കൃതികളോ അല്ല. ഒരു പക്ഷേ അങ്ങനെയുള്ള സാഹിത്യങ്ങള്‍ ഏറെ കുറവ് വായിച്ചിട്ടുള്ളവരില്‍ ഒരാളായിരിക്കണം ഞാന്‍. പകരം അത്ര പ്രശസ്തരല്ലാത്ത എന്നാല്‍ എഴുത്തിനെ അത്രയധികം സ്നേഹിക്കുകയും അക്ഷരങ്ങളിലൂടെ സ്വയവും സമാനഹൃദയരെയും ആസ്വദിപ്പിക്കുകയും, സന്തോഷിപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തിരുന്ന കുറച്ചു പേരെ വായിച്ചിരുന്ന ഒരാള്‍; ഇന്നും ഞാന്‍ അങ്ങനെ തന്നെയാണ്, ആ വായനയും കുറഞ്ഞു എന്നല്ലാതെ മറ്റു മാറ്റങ്ങള്‍ ഒന്നുമില്ല.

നമ്മുടെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന, അല്ലെങ്കില്‍ പറയാനും എഴുതാനും അറിയാത്തത് കൊണ്ട് മാത്രം നമുക്ക് കണ്‍വേ ചെയ്യാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍ ഏറെ മനോഹരമായി മറ്റൊരാള്‍ പറയുമ്പോള്‍ അവരുടെ എഴുത്തിനോട് സ്വന്തമെന്നത് പോലെ വല്ലാത്ത ഇഷ്ടം തോന്നും. അങ്ങനെ ഇഷ്ടം തോന്നിയവരില്‍ ഒരാള്‍. നമുക്കിഷ്ടം തോന്നിയവരില്‍ ചിലരെ നമ്മള്‍ കൂടുതലായി അറിയാന്‍ ആഗ്രഹിക്കും, അങ്ങനൊരാഗ്രഹം എല്ലാവരോടും എനിക്കും ഉണ്ടായിരുന്നു, നിങ്ങളോടും. എന്നാല്‍ അതില്‍ കൂടുതലായി മറ്റൊരാളുടെ സ്വകാര്യതയില്‍ അതിര് കടന്നു ഇടപെടാനാഗ്രഹമില്ലാത്തതിനാലും, അടുത്തറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ അറിയാനുള്ള ആഗ്രഹം ഇല്ലാതാവുകയും, അകലാനുള്ള കാരണങ്ങള്‍ തിരയാനും, ഇഷ്ടങ്ങള്‍ അവസാനിച്ചു പോയേക്കാനുമുള്ള സാധ്യതയുള്ളതിനാലും, ഞാനറിയേണ്ട കാര്യങ്ങള്‍ അറിയേണ്ട കാലത്ത് എന്നെ തേടി എത്തുമെന്ന ഒരു വിശ്വാസം ഉള്ളതിനാലും ചോദ്യങ്ങള്‍ കൊണ്ടധികം നിങ്ങളെ ബുദ്ധിമുട്ടിക്കില്ല, നിങ്ങള്‍ക്കതില്‍ ബുദ്ധിമുട്ടില്ലെങ്കില്‍ കൂടി.

സ്നേഹത്തെ, പ്രണയത്തെ, ജീവിതങ്ങളെ കുറിച്ചൊക്കെയാണ് നിങ്ങളില്‍ നിന്നക്ഷരങ്ങള്‍ കവിതകളായതും ആവുന്നതും. ഒരാള്‍ കടന്നു പോകുന്ന, പോകാനിടയുള്ള വഴികളൊക്കെ നിങ്ങളുടെ എഴുത്തുകളില്‍ ഏറെ പ്രതിഫലിച്ചിരുന്നു. എങ്ങനെയൊക്കെയാണ് ഇങ്ങനെ എഴുതുന്നത് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട് പലവട്ടം. ഒരു പക്ഷേ ഇത് തന്നെ ആയിരുന്നില്ലേ ഞാന്‍ അനുഭവിച്ചത്, ഇതൊക്കെ തന്നെ ആയിരുന്നില്ലേ എനിക്കും പറയാനുണ്ടായിരുന്നത് എന്നൊക്കെ തോന്നിപ്പോയേക്കാം, തോന്നിപ്പോയിട്ടുണ്ട്‌, ഓരോ വായനയിലും. സ്നേഹത്തെ കുറിച്ചാണ് അവയൊക്കെയും എന്നുള്ളത് കൊണ്ട് നാമാഗ്രഹിക്കുന്ന ഒന്ന് തന്നെയാണ് വാക്കുകളില്‍ എപ്പോഴും. സ്നേഹമത്രമേല്‍ വൈവിധ്യം നിറഞ്ഞ ഒന്നായത് കൊണ്ടാവണം ആവര്‍ത്തനവിരസമില്ലാതെ ഓരോന്നും നിങ്ങള്‍ എഴുതുന്നതും എനിക്ക് വായിക്കാനാവുന്നതും.

നിങ്ങളോട് ഇനിയുമൊരുപാട് പറയാനുണ്ടായിരുന്നു, പക്ഷേ പറഞ്ഞല്ലോ വാക്കുകള്‍ക്ക് അത്രമേല്‍ ക്ഷാമമാണ്.. എങ്കിലും ഇത്രയെങ്കിലും പറയാതെ വയ്യ; എനിക്ക് നിങ്ങളോട് വല്ലാതെ പ്രണയം തോന്നുന്നുണ്ട്. ഒരു പുരുഷന് സ്ത്രീയോട് അല്ലെങ്കില്‍ തിരിച്ചും തോന്നുന്ന പ്രണയമല്ല.. നിങ്ങള്‍ പറയാറുള്ളത് പോലെ ഒരു ശരീരത്തിന് മറ്റൊരു ശരീരത്തോട് തോന്നുന്ന വികാരവുമല്ല പ്രണയം. ഒരു വായനക്കാരന് എഴുത്തുകാരനോട് തോന്നുന്ന പ്രണയം. അക്ഷരങ്ങളെ സ്നേഹിക്കുന്നവരോടുള്ള പ്രണയം...

പിന്നീടൊരിക്കല്‍..

ഞാനെഴുതുന്നത് നിങ്ങള്‍ക്ക് വേണ്ടി മാത്രമായിപ്പോകുന്നോ എന്നാണു!! എഴുത്തുകാലങ്ങളെ മറന്നു ഞാനെങ്ങോ പോയതായിരുന്നു, അക്ഷരങ്ങളുടെ കൂടിച്ചേരലുകള്‍ കൊണ്ട് കവിതകള്‍ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ നാളുകളില്‍ ഞാനീ ലോകം ഉപേക്ഷിച്ചു പോയതാണ്.... പിന്നെയും പിന്നെയും എന്നെ തിരിച്ചു വിളിക്കുന്നതെന്തിനാണ്!! എന്നില്‍ വാക്കുകള്‍ കവിതകളാവില്ല, എന്തിനധികം അവയ്ക്കെപ്പോഴും ഒരു വിലാപത്തിന്റെ ധ്വനി മാത്രമായിരുന്നു. വേദനകളല്ലല്ലോ ഒരു വായന വായനക്കാരനു നല്‍കേണ്ടത്, വായനക്കാരനെ ഹൃദയം നിറയ്ക്കുന്ന സന്തോഷത്തില്‍, അവന്റെ മറ്റെല്ലാ ദുഃഖങ്ങളെയും മറന്നു ഒരു പുതു ചിന്ത, പുതിയ വഴി നല്കുന്നതായിരിക്കണം ഓരോ എഴുത്തും. അത് കൊണ്ടാണ് ഞാന്‍ നിങ്ങളെ വായിക്കുന്നത്; എന്ന് കരുതി അങ്ങനൊന്ന് എന്നില്‍ നിന്നുണ്ടാവില്ല എന്നെനിക്ക് ഉറപ്പായിരുന്നു. കാരണം ഞാനെന്‍റെ മനസ്സ് റിഫ്രെഷ് ചെയ്തെടുക്കാന്‍ വേണ്ടി മാത്രമായിരുന്നു എഴുതിയവയൊക്കെ. ഓരോ എഴുത്ത് കൊണ്ടും എന്‍റെ നോവുകളെ കടലാസില്‍ പകര്‍ത്തി മനസ്സിനെ കൂടുതല്‍ സന്തോഷത്തിലേക്ക് കൊണ്ടെത്തിക്കുക എന്ന്. എന്‍റെ നോവുകളെ നിങ്ങളോട് പങ്ക് വച്ചു നിങ്ങളെ നോവിക്കാന്‍ വിട്ടിട്ടു സന്തോഷം തേടി പോയ ഒരുവനായി നിങ്ങളെന്നെ വിശേഷിപ്പിച്ചാലും കുഴപ്പമൊന്നുമില്ല. നിങ്ങള്‍ക്കങ്ങനെ പറയാന്‍ കഴിയില്ലെന്ന്, പങ്ക് വയ്ക്കാന്‍ വേണ്ടി മാത്രമാണ് നിങ്ങള്‍ വന്നതെന്ന് എന്നേക്കാള്‍ അധികം നിങ്ങള്‍ക്കും അറിയാം. അത് കൊണ്ടാവണം എന്നെയെന്ന പോലെ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നത്, അത് നിങ്ങള്‍ അറിഞ്ഞാലും ഇല്ലെങ്കിലും ഞാന്‍ സ്നേഹിച്ചു കൊണ്ടേയിരിക്കും. 

Saturday, April 1, 2017

27-03-2017


“എന്ത് പറ്റി ....?” എന്നായിരുന്നു ചോദ്യം... 

‘ഒന്നുമില്ല’ എന്നുള്ള മറുപടിയില്‍ തൃപ്തിയാവാത്തത് കൊണ്ടാവണം പറഞ്ഞു തുടങ്ങിയത്! 

ബന്ധങ്ങളാണ് ബന്ധനങ്ങള്‍ ആയി പോവുന്നത്, അപ്പോഴാവണം നീ തനിച്ചാവുന്നതും.. സ്നേഹവും വിശ്വാസവും കൊണ്ട് പൂര്‍ണ്ണമാവുന്ന ബന്ധങ്ങളുണ്ട്, അവിടെ സന്തോഷവും സമാധാനവും താനേ വരും, മറിച്ചു ഒരു കുറ്റാന്വേഷകനെ പോലെ അവയെ സംശയത്തോടെ നോക്കാന്‍ തുടങ്ങുമ്പോള്‍ നീയറിയണം, അകലുവാനുള്ള സമയമായെന്ന്.. 

ഒന്നിനെ പറ്റി, അല്ലെങ്കില്‍ ഒരാളെ പറ്റി, അതല്ലെങ്കില്‍ സ്നേഹമെന്ന് പറഞ്ഞു പോയ എല്ലാവരെ പറ്റിയും അതിന്‍റെ, അയാളുടെ അല്ലെങ്കില്‍ അവരുടെ ഓരോ കൊച്ചു കാര്യങ്ങള്‍ പോലും ഓര്‍ത്തു വയ്ക്കുക, അവര്‍ ഓര്‍മ്മപ്പെടുത്തുന്നത് കൊണ്ടല്ല, നമുക്ക് അവരോടുള്ള സ്നേഹവും കരുതലും കൊണ്ടാവണം അത്. സ്നേഹമെന്നാല്‍ അതൊരു പ്രകടനമോ, വാചാലമായ ഒരു സംഗതിയോ ആവരുത് നിനക്ക്.. പരസ്പരമിങ്ങനെ അടുത്തടുത്തിരുന്നു, അസ്തമയം കാണുക, ചുറ്റുമുള്ള ഓരോന്നിലും സാമീപ്യം കൊണ്ട് സന്തോഷം കണ്ടെത്താന്‍ കഴിയണം.. 

ചതി, വഞ്ചന, വിശ്വാസക്കേട് ഇവയൊന്നും ഇല്ലായെന്നല്ല, ഇവയൊക്കെയുണ്ട് ചുറ്റിലും, എന്നാല്‍ അത് നമ്മെ കടന്നു പോയ ആള്‍ക്കാരും, ഇപ്പോഴുള്ള ആള്‍ക്കാരും, ഇനി വരാനിരിക്കുന്നവരും എല്ലാവരും അനുഭവിക്കുന്നുണ്ട്.. അതിനാല്‍ തന്നെ അതില്‍ നിന്നൊക്കെ അകന്നു പോവണം എന്നല്ല, അവയോടൊക്കെ സമരസപ്പെടാനാണ്‌ സാധിക്കേണ്ടത്. വഞ്ചിക്കപ്പെടുമ്പോഴും വിശ്വാസക്കേടുകളില്‍ ഉലയുമ്പോഴും തളര്‍ന്നു പോവുകയല്ല, അവയെ ഒരു പാഠമായി കാണുകയാണ് വേണ്ടത്, അവരോടു ക്ഷമിക്കുകയും അവരില്‍ നിന്നവരറിയാതെ വേദനിക്കപ്പെടാതിരിക്കാന്‍ ഒരകലം സൂക്ഷിക്കുകയുമാണ് വേണ്ടത്. നാമനുവദിക്കുന്ന ക്ഷമയൊക്കെ വിഡ്ഢിത്തമായി പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. 

ഒരു ബന്ധം തുടങ്ങുകയും തുടരുകയും ചെയ്യുകയെന്നാല്‍ അതില്‍ സത്യസന്ധതയും, വിശ്വാസ്യതയും കാത്തു സൂക്ഷിക്കുക എന്നാണു.. അങ്ങനെയല്ലാ എന്നുണ്ടെങ്കില്‍ തനിച്ചിരിക്കുന്നതാണ് നല്ലത്. 
എപ്പോഴും ഓര്‍ത്ത് വയ്ക്കേണ്ട മറ്റൊന്ന് എത്ര പ്രിയപ്പെട്ടതാണെങ്കിലും അപരിചിതരാകാന്‍ നിമിഷമാത്രകള്‍ മാത്രമാണ് വേണ്ടത്.. ഒരാള്‍ക്ക് അയാളുടെ എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുക്കുന്നിടത്താണ് അയാളോടുള്ള സ്നേഹം പൂര്‍ണ്ണമാവുന്നത്, അതിപ്പോ അയാള്‍ക്ക് അകലണം എന്ന് തോന്നിയാല്‍ അങ്ങനേയും...ഒരാളില്‍, ഒരു സ്നേഹത്തില്‍ തിരിച്ചു പ്രതീക്ഷിക്കുക എന്നൊന്നുണ്ടെങ്കില്‍ അത് നാം തന്നെ നമ്മുടെ ഹൃദയവേദനയ്‌ക്ക് കാരണങ്ങള്‍ ഉണ്ടാക്കുക എന്നാണു, പ്രതീക്ഷകള്‍ ഒക്കെയും, അതിപ്പോള്‍ സ്നേഹത്തിലായാലും, വിശ്വസത്തിലായാലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതിരിക്കുക. അല്ലായെങ്കില്‍ വേദനിക്കാനുള്ള മുന്‍കരുതല്‍ എടുക്കുക. 

ഒരാള്‍ മറ്റൊരാളെ സ്നേഹിക്കുക എന്നാല്‍ അതിങ്ങനെ എടുത്തെടുത്തു പറയേണ്ട ഒരു കാര്യമൊന്നുമല്ല, അവരുടെ കരുതലും പ്രവൃത്തിയും നമ്മേയത് ബോധ്യപ്പെടുത്തുക തന്നെ ചെയ്യും. ഒരാളെ സ്നേഹിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തേണ്ട സാഹചര്യം വന്നാല്‍ അയാളില്‍ നിന്നും അകലാനുള്ള സമയമായെന്നാണ്. വേദനിപ്പിക്കുന്ന വാക്കുകള്‍ പറയാതിരിക്കുക, ഒരു പക്ഷേ നമ്മള്‍ അത് മറന്നു കഴിഞ്ഞാലും കേട്ടയാള്‍ കാലങ്ങളോളം മനസ്സില്‍ വൃണമായി സൂക്ഷിക്കുമത്.. ഒരു പക്ഷേ ആ വാക്കുകള്‍ ആയിരിക്കാം നമ്മള്‍ അയാളോട് അവസാനമായി പറയുന്നത്! 

തെറ്റുകള്‍ ഇല്ലാതെ പൂര്‍ണ്ണമായും ഒരാള്‍ക്കും ശരിയാവാന്‍ കഴിയും എന്നൊന്നുമില്ല. നമ്മളില്‍ തെറ്റുകള്‍ ഉണ്ടാവാം, ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് നേരായ വഴി, അതില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത പടിയിലേക്ക് കടക്കുക. ജീവിതം എന്ന് പറയുന്നത് ഒരു ശുദ്ധീകരണ രീതിയാണ്.. നമ്മിലെ അഴുക്കുകള്‍ ഓരോന്നായി കഴുകിക്കളഞ്ഞു നമ്മെ പൂര്‍ണ്ണമാക്കുന്ന ഒരു യാത്ര, ഒഴുക്ക്!  നമ്മള്‍ അര്‍ഹിക്കാതിരുന്നിട്ടു കൂടി എത്രയോ വട്ടം പലരും നമ്മളോട് ക്ഷമിക്കുന്നില്ലേ, നമ്മെ അവരോടു ചേര്‍ത്തു നിര്‍ത്താന്‍ വേണ്ടി മാത്രം. അവരെയിനിയും വേദനിപ്പിക്കാതിരിക്കുക. 

എല്ലാത്തിലുമുപരി നീ നിന്നെ വിശ്വസിക്കുക, അതിജീവനത്തിന്‍റെ എത്രയോ മുള്ളുകള്‍ നീ കടന്നു കയറിയിരിക്കുന്നു! തളര്‍ന്നു പോവാമായിരുന്ന എത്രയോ ഇടങ്ങളില്‍ നിന്നും നീ മുന്നോട്ടു പോയിരിക്കുന്നു.. ഓരോ വഴികളിലും ദിശ കാണിച്ചു തരാന്‍ നിയോഗിക്കപ്പെട്ടവര്‍ ഉണ്ടാവും, അഥവാ ആരും തന്നെയില്ലാ എന്നുണ്ടെങ്കില്‍ നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മധൈര്യം അറിയാതെ പോവരുത്. തോല്‍ക്കുവനായി ആരും ഒരു യുദ്ധവും ചെയ്യുന്നില്ല. ജീവിതം ഒരു യുദ്ധം കൂടിയാണ്, മറ്റാരെയും ജയിക്കാനല്ല, ഒരുവന് അവനവനെ തന്നെ അല്ലെങ്കില്‍ അവന്‍റെ ഇന്നലെകളെ ജയിക്കാനുള്ള ഒരു യുദ്ധം മാത്രമാണ്, അതിലേക്ക് മറ്റുള്ളവരെ എതിരാളികള്‍ ആക്കുമ്പോഴാണ് നമ്മില്‍ അശാന്തി, അസൂയ, ദ്വേഷം, പക ഇവയൊക്കെ ഉണ്ടാവുന്നത്. ഒരിടത്തും ജയിക്കാതെ പോകുന്നതും അത് കൊണ്ടാണ്. നിരന്തരം തോറ്റ് പോയൊരാളായാതിനാലാവണം എനിക്കിതൊക്കെ നിന്നോട് പറയാന്‍ കഴിയുന്നത്. അവനവനെ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ എണ്ണമറിയാത്തത്ര വഴികളുണ്ട് ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍.

Monday, March 20, 2017

"ആര്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാം" എന്നായിരുന്നു ചോദ്യം...

നിനക്ക് വേണ്ടി എന്ന് പറഞ്ഞപ്പോള്‍, 'ഒരിക്കലുമല്ല, അവനവനു വേണ്ടിയല്ലാതെ മറ്റൊന്നിനും വേണ്ടിയല്ല ഇതൊന്നും, ഈ സ്നേഹം പോലും നിന്‍റെ സ്വാര്‍ത്ഥതയല്ലേ' എന്ന്!

ശരിയാണ്, അല്ലെന്നല്ല; അല്ലെങ്കിലും അവനവനെ സ്നേഹിക്കുന്നതല്ലാതെ മറ്റാരെയെങ്കിലും, ഒരാളെയെങ്കിലും സ്നേഹിക്കുന്നുണ്ടോ ഞാനും, നീയുമടക്കം ആരെങ്കിലും....?!

ഒരുവന് അവന്‍റെ സന്തോഷത്തിനു, അവന്‍റെ തനിച്ചാകാതിരിക്കലിനു വേണ്ടിയല്ലാതെ മറ്റെന്തിനാണ് ഒരു കൂട്ട്..

നിനക്ക് കൂട്ടായിരിക്കണം, നീ തനിച്ചാവാതിരിക്കണം എന്നൊക്കെ പറയുമ്പോള്‍ പോലും നിന്‍റെ സാന്നിധ്യം ഞാനെത്രമേല്‍ ആഗ്രഹിക്കുന്നു എന്നാണു... അതല്ലാതെ മറ്റെന്താണ്!

ഒരു കഥ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്; ഒരിക്കല്‍ പരസ്പരം അറിഞ്ഞും, പറഞ്ഞും നിമിഷം പോലും വേര്‍പെടാതെയും ജീവിച്ചിരുന്ന രണ്ടു പേര്‍. പെട്ടെന്നൊരുനാള്‍ അപരിചിതത്വത്തിന്‍റെ മേലങ്കിയണിഞ്ഞു രണ്ടു ധ്രുവങ്ങളില്‍ മറയേണ്ടി വന്ന സാഹചര്യത്തിന്‍റെ കഥ. കഥ മാത്രമാണ്, കേള്‍ക്കുമെങ്കില്‍ ഞാനത് പറയാം... വര്‍ഷങ്ങള്‍ക്കു മുന്‍പ്, അങ്ങനെയാണല്ലോ എല്ലാ കഥകളും അന്നും തുടങ്ങിയിരുന്നത് 'പണ്ട് പണ്ടെ'ന്നു, രണ്ടു ഹൃദയങ്ങള്‍ ഒരു യാത്ര പോവുകയായിരുന്നു. യാത്ര എന്ന് പറയുമ്പോള്‍ ബസ്സിലോ, ട്രെയിനിലോ, മറ്റു വാഹനങ്ങളിലോ ഒന്നുമല്ല, കാല്‍നടയായി.. പച്ച വിരിച്ച വയലിലൂടെ, കനാലില്‍ നിന്നും വരുന്ന വെള്ളം ഒഴുകുന്ന നീര്‍ച്ചാലുകളുടെ വശങ്ങളിലൂടെ കൈകള്‍ കോര്‍ത്ത്, കലപില സംസാരിച്ചു കൊണ്ട് ദൂരങ്ങളോളം.... രാവിലകളില്‍ തിരക്ക് പിടിച്ചും, സായാഹ്നങ്ങളില്‍ അസ്തമയം ആസ്വദിച്ചും, കിളികളുടെ ചേക്കേറാനുള്ള തിരക്ക് കണ്ടു പരസ്പരം കണ്ണെറിഞ്ഞും ആയിരുന്നു എല്ലാ യാത്രയും. എല്ലാ യാത്രകളെയും എന്ന പോലെ ഈ യാത്രകളും രണ്ടു ഹൃദയങ്ങളിലും ഒരുപാട് ഓര്‍മ്മകളും കാഴ്ചകളും അവശേഷിപ്പിച്ചു.. പക്ഷേ യാത്രകളല്ലേ, അവ നമ്മള്‍ ആഗ്രഹിച്ചാലും അവസാനിക്കാതിരിക്കില്ലല്ലോ...

കഥയങ്ങനേ തുടര്‍ന്ന് തുടര്‍ന്നേ പോവുമ്പോഴാണ് കിച്ചു ഉറങ്ങിയത്.. എടുത്തു കൊണ്ട് പോയി കിടത്തേണ്ടതൊന്നുമില്ല, അവള്‍ക്കരികില്‍ കിടന്നായിരുന്നു ഞാന്‍ കഥ പറഞ്ഞത്... മൂന്നു വര്‍ഷങ്ങളായി ഇവളെന്‍റെ ജീവിതത്തില്‍ കടന്നു വന്നിട്ട്. വരുമ്പോള്‍ ഇവളിത്ര കുട്ടിയായിരുന്നില്ല. എന്നെ ശാസിക്കാനും, തളര്‍ന്നു പോവുമ്പോള്‍ താങ്ങാവാനും, ഞാനെന്നെ മറന്നു പോവുമ്പോഴൊക്കെ എന്നെ എന്നെത്തന്നെ ഓര്‍മ്മപ്പെടുത്താനും കൂട്ടായി വന്നവള്‍. ഒന്നര വര്‍ഷത്തോളം എന്‍റെ പ്രാണന്‍റെ പാതിയായിരുന്നവള്‍. അവളാണ് ഇന്നൊരു കുഞ്ഞിനെ പോലെ.. എനിക്കരികെ!

ഒരു മഴക്കാലമായിരുന്നു, പതിവുകള്‍ തെറ്റിച്ചു അവളായിരുന്നു വണ്ടി ഓടിച്ചത്, യാത്ര വയനാട്ടിലേക്കായിരുന്നു. യാത്രയിലുടനീളം ഞങ്ങള്‍ ഞങ്ങള്‍ക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ചും, ഇപ്പോഴെയുള്ള കുസൃതികളെ കുറിച്ചും വാചാലരായിരുന്നു. മകളെന്നു ഞാനും മകനെന്നു അവളും വെറുതെ തര്‍ക്കിക്കുമായിരുന്നു, മകനായാലും മകളായാലും നമ്മുടേതല്ലേ, ഒന്നും ഒട്ടും കുറയാന്‍ പോവുന്നില്ലല്ലോ എന്ന് കുസൃതി പറഞ്ഞു അവളെന്‍റെ കണ്ണില്‍ നോക്കുമ്പോഴായിരുന്നു കനത്തു പെയ്യുന്ന മഴയില്‍ മുന്നിലെ കാഴ്ചകളൊന്നും കാണാന്‍ കഴിയാതിരുന്ന ആ വളവില്‍ നിന്നും നിയന്ത്രണം വിട്ട് താഴേക്ക്....

ഓര്‍മ്മ വീഴുമ്പോള്‍ ഏതോ ആശുപത്രിക്കിടക്കയിലായിരുന്നു, ശരീരം മുഴുക്കെ വേദന. കണ്ണ് തുറക്കുന്നത് കണ്ടു വന്ന നേഴ്സ് എങ്ങനുണ്ട് എന്ന് ചോദിക്കുന്നതിനു മുന്നേ കൂടെയുള്ള ആള്‍ എവിടെ എന്ന്; അടുത്ത മുറിയിലാണ് എന്ന പതിവുത്തരം, അവരുടെ മുഖത്ത് നിസ്സംഗത, എനിക്ക് ആകുലതയും. ഒരുപാട് വേദനകളും, പിടയലുകളും, മരണവും ജനനവും കണ്ടു ശീലിച്ചവരുടെ മുഖം നോക്കി കാര്യം അറിയാന്‍ സാധിക്കുമായിരുന്നില്ല. വേദന വകവയ്ക്കാതെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പറഞ്ഞു, കുറച്ചു സീരിയസ് ആണ്, അവര്‍ ഐ. സി. യു വില്‍ ആണ്, ഇപ്പോള്‍ കാണാന്‍ കഴിയില്ല എന്ന്. എഴുന്നേല്‍ക്കാനാവാത്ത വിധം തകര്‍ന്നു പോയി. പേടിക്കാനൊന്നുമില്ല എന്ന് സമാധാനിപ്പിച്ച്, ഉറങ്ങാനുള്ള ഇഞ്ചക്ഷനും തന്നു അവര്‍ മുറിവിട്ടിറങ്ങി, ഉറങ്ങാതിരിക്കാന്‍ പാടുപെട്ടിട്ടും എപ്പോഴോ ഉറങ്ങിപ്പോയിരുന്നു.

കണ്ണ് തുറന്നപ്പോള്‍ അഭിയുണ്ടായിരുന്നു അടുത്ത്. ആശുപത്രിയില്‍ നിന്നാരോ അവനെ വിളിച്ചു പറഞ്ഞിരുന്നു. എമര്‍ജന്‍സി ആവശ്യമുള്ളപ്പോള്‍ കോണ്ടാക്റ്റ് ചെയ്യാന്‍ അവന്‍റെ നമ്പര്‍ ആയിരുന്നു ഫോണില്‍ സെറ്റ് ചെയ്ത് വച്ചത്. ഇങ്ങനുള്ള സാഹചര്യങ്ങളില്‍ ഹൃദയത്തോട് ചേര്‍ന്ന് നില്‍കുന്ന സൗഹൃദങ്ങളാണ് ബന്ധങ്ങളെക്കാള്‍ നല്ലത് എന്ന് ഉറപ്പുള്ളതിനാലാണ്, അവന്‍ പറഞ്ഞു തന്ന അറിവ് വച്ച് ഫോണില്‍ അവന്‍റെ നമ്പര്‍ തന്നെ സെറ്റ് ചെയ്തത്. ആശുപത്രിയില്‍ എത്തിയിട്ടപ്പോള്‍ ആറു മണിക്കൂറെങ്കിലും ആയിക്കാണും, അല്ലാതെ അവനെങ്ങനെ ഇവിടെ! "കൃഷ്ണ എവിടെ അഭീ?!" എന്‍റെ ചോദ്യം കേട്ടിട്ടും ഒന്നും പറയാതിരുന്ന അവന്‍ എന്നെ താങ്ങി തലയണയില്‍ ചാരി ഇരുത്തി ചുമലില്‍ കൈവച്ചു ചേര്‍ത്തു നിര്‍ത്തി. പിന്നെയും നിര്‍ബന്ധിക്കുന്നതിന് മുന്നേ അവന്‍ പറഞ്ഞു 'ഓര്‍മ്മ വന്നിട്ടില്ല, അല്‍പം കോംപ്ലിക്കേറ്റഡ് ആണ്.' വീണുപോകാതിരിക്കാന്‍ അവനെന്നെ പിടിച്ച കരുത്തില്‍ നിന്നറിയാം അപകടത്തിന്‍റെ ആഴം.. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

"വീട്ടില്‍ അറിയിക്കേണ്ടേ?"

"കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും കൂടി താങ്ങാനുള്ള കരുത്തില്ല അഭി."

അവന്‍ മറുപടി ഒന്നും പറഞ്ഞില്ല, മൊബൈലും എടുത്തു പുറത്തു പോയി.

തിരിച്ചു വന്ന അവന്‍റെ മുഖത്തെ മ്ലാനത എല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു. "അനുഭവിക്കട്ടെ, എന്നൊരിക്കല്‍ കൂടി ശപിച്ചു കാണും, അല്ലെ?" വിഷാദം മുറ്റിയ പുഞ്ചിരിയോടെ അതേ അവനോടു ചോദിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. "ലീവ് ഇറ്റ്‌, ഞാനില്ലേ ഇവിടെ, പിന്നെന്താണ്"

അന്ന് വൈകീട്ടാണ് ഡോ. സിദ്ധാര്‍ത്ഥ് മുറിയിലേക്ക് വന്നത്. അപ്പോഴായിരുന്നു ഞാനാ മനുഷ്യനെ ആദ്യമായി കാണുന്നത്. അപകട നില തരണം ചെയ്യുന്നത് വരെ ഞങ്ങള്‍ക്ക് വേണ്ടി പ്രയത്നിച്ച മനുഷ്യന്‍. പുഞ്ചിരി നിറഞ്ഞ, സൗമ്യമായ മുഖവുമായ് നിറഞ്ഞ ചിരിയുമായി ഒരു ചെറുപ്പക്കാരന്‍. ഞങ്ങളുടെയൊക്കെ അത്ര തന്നെ പ്രായം വരും. "കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ശരീരത്തിന് വിശ്രമം മാത്രം മതി, കരുത്താര്‍ജ്ജിക്കേണ്ടത് മനസ്സാണ്" സിദ്ധാര്‍ത്ഥ് പറഞ്ഞു തുടങ്ങി. "അഭി നിങ്ങളുടെ കാര്യങ്ങളൊക്കെ പറഞ്ഞു. ഒറ്റയ്ക്കായി പോവാതെ പരസ്പരം താങ്ങും തണലുമായവര്‍, ഒരിക്കല്‍ പോലും പരസ്പരം കൈവിടില്ലെന്ന് ഉപാധികളില്ലാതെ സ്നേഹിച്ചവര്‍. അങ്ങനെയായിരുന്നു ഞാനും സ്വാതിയും. രണ്ടുപേരും ഡോക്ടര്‍മാര്‍, പ്രണയം, വിവാഹം....." സിദ്ധാര്‍ത്ഥ് അയാളുടെ കഥ പറയാന്‍ തുടങ്ങി. പലപ്പോഴും എന്നെയും കിച്ചുവിനെയും കാണാന്‍ കഴിഞ്ഞു. കഥ അവസാനിക്കുമ്പോള്‍ സിദ്ധാര്‍ത്ഥിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അപ്പോഴും അയാളുടെ മുഖം പ്രശാന്തമായിരുന്നു. ഞാന്‍ എന്നെ മറന്നു പോയിരുന്നു, എന്നെ മറന്നു പോവുമ്പോള്‍ എന്നെ ഓര്‍ത്തെടുക്കാന്‍ പറയുന്ന കിച്ചുവിനെ പെട്ടെന്നോര്‍മ്മ വന്നു. ഞെട്ടലോടെ സിദ്ധാര്‍ത്ഥിനെ നോക്കിയപ്പോള്‍ "നഷ്ടങ്ങളുണ്ട്, കൃഷ്ണയുടെ ജീവന്‍ മാത്രമേ തിരിച്ചു നേടിത്തരാന്‍ കഴിഞ്ഞുള്ളു.."

'ഞങ്ങളുടെ കുഞ്ഞ്, എന്‍റെ മകള്‍, അവളുടെ മകന്‍' പൊട്ടിക്കരയാതിരിക്കാനായില്ല. സിദ്ധാര്‍ത്ഥ് അഭിയെ നോക്കി മുറിവിട്ടിറങ്ങി, എവിടെയും ഒളിക്കാന്‍ കഴിയാത്തതിനാല്‍ അഭി എന്നെ സമാധാനിപ്പിച്ചു. നാളെ കൂടി കഴിഞ്ഞിട്ടേ അവളെ കാണാന്‍ കഴിയു! അത്രയും നേരം ഞാനെങ്ങനെ...!

വ്യാഴാഴ്ച ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തുമ്പോള്‍ ആരതിയും അവിടെ ഉണ്ടായിരുന്നു. അവള്‍ എന്നും രാവിലെ ഹോസ്പിറ്റലില്‍ ഭക്ഷണവും, അഭിക്ക് മാറാനുള്ള വസ്ത്രവുമായി എത്താറുണ്ടായിരുന്നു. കിച്ചുവിനെ റൂമിലേക്ക് മാറ്റിയപ്പോള്‍ അവള്‍ക്ക് കൂട്ടായി കുറച്ചു നേരം ആരതിയും ഉണ്ടാവാറുണ്ടായിരുന്നു.. കൃഷ്ണയുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ അവള്‍ക്ക് നന്നായറിയാം. അത് കൊണ്ട് തന്നെ രണ്ടാഴ്ച കൂടി ഞങ്ങളുടെ കൂടെ നില്‍ക്കാമെന്നു ആരതി അഭിയോടും അഭി എന്നോടും പറഞ്ഞു.

'ഇനിയുള്ള കാലം മുഴുവനും അവള്‍ക്ക് ഞാനും എനിക്കവളും മതി അഭി, ഞാനും ശീലിക്കെണ്ടേ ഇതൊക്കെ. ഇപ്പോഴേ തുടങ്ങണം.' എന്‍റെ വാശികളും തീരുമാനങ്ങളും അറിയുന്ന അവന്‍ സമ്മതിച്ചു. അടുത്ത ദിവസം തന്നെ വിളിച്ചാല്‍ കേള്‍ക്കാവുന്ന തൊട്ടടുത്തുള്ള വീട് വാടകയ്ക്ക് എടുത്ത് അഭിയും ആരതിയും അവിടേക്ക് താമസം മാറ്റി. അവനും അങ്ങനെയാണ് ചില തീരുമാനങ്ങളില്‍ നിന്ന് എനിക്ക് അവനെയും പിന്തിരിപ്പിക്കാന്‍ പറ്റില്ല.

മൂന്നു മാസം കഴിഞ്ഞു വീട്ടിലെത്തിയിട്ട്‌. കിച്ചു എഴുന്നേല്‍ക്കുകയൊന്നും ഇല്ലെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. എങ്കിലും ഓര്‍മ്മ നഷ്ടപ്പെടുന്ന ചില നിമിഷങ്ങളില്‍ കുഞ്ഞുങ്ങളുടെ വാശിയാവും, അപ്പോഴവള്‍ക്ക് ഞാന്‍ കഥ പറഞ്ഞു കൊടുക്കണം. അവളെന്‍റെ മകളാവും..., കഥ കേട്ട് കേട്ട് അവള്‍ ഉറങ്ങും.. ചിലപ്പോള്‍ അവള്‍ കൃഷ്ണയാവും, ഞാനവളുടെ മകനാവും, എന്നെ ഉപദേശിക്കാന്‍ തുടങ്ങും. ജീവിതത്തിന്‍റെ പ്രായോഗികതയെ പറ്റി പറയും. മറ്റൊരു കൂട് തേടാന്‍ പറയും. അങ്ങനൊരു കുഞ്ഞല്ലാത്ത വാശിപ്പുറത്തായിരുന്നു അവള്‍ ചോദിച്ചത്, -

"ആര്‍ക്ക് വേണ്ടിയായിരുന്നു ഇതെല്ലാം..?"


'നീയെത്ര തന്നെ എന്നെ പ്രകോപിപ്പിച്ചാലും എനിക്ക് നീയില്ലാതാവുമോ കൃഷ്ണേ'

- കൃഷ്ണയുടെ ക്രിസ്റ്റി

Thursday, February 9, 2017

ഹൃദയം ആര്‍ദ്രമാണ്... ഈ രാവില്‍, നിശ്ശബ്ദമായ ഈ നിമിഷങ്ങളില്‍ എന്തിനോ മനസ്സിടറുന്നു... ഒരുപാട് തളര്‍ന്നു പോയേക്കാവുന്ന ദിനങ്ങളായിരുന്നു കടന്നു പോയത്.. പിന്നേയും തിരിച്ചു കയറുന്നു.. ഇതല്ലാതെ മറ്റെന്താണ് ജീവിതം! ഇങ്ങനെയൊക്കെയല്ലാതെ മറ്റെങ്ങനെയാണ് കാലം കടന്നു പോകേണ്ടത്! ചേര്‍ത്തു പിടിക്കുന്ന കുറച്ചു ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സ്നേഹങ്ങള്‍, ഇഷ്ടം.... ഇത്രയും ചെറിയ ഈ ലോകത്ത് നിന്നും എന്തിനെന്നറിയാതെ വിടപറയാന്‍ എത്രയോ വട്ടം ഒരുങ്ങിയിട്ടും പിന്നെയും പിടിച്ചു നിര്‍ത്തുന്നത് മനസ്സില്‍ നന്മ സൂക്ഷിക്കുന്നവരുടെ സാന്നിധ്യം മാത്രമായിരുന്നു... ബന്ധങ്ങള്‍ക്ക് നിര്‍വചനം ചോദിച്ചാല്‍ നിര്‍വചനങ്ങള്‍ക്കും അപ്പുറം ചിലതുണ്ട് എന്നേ പറയാനുള്ളൂ... അസാനിധ്യം അത്രമേല്‍ മുറിവാകുമ്പോള്‍ മറവി കൊണ്ടുണക്കണം എന്ന് പറഞ്ഞത് നീയായിരുന്നു.... മറക്കുവാന്‍ നല്ലത് യാത്രകളാണെന്നും നീ പറഞ്ഞു... ഒരു യാത്ര പോവണം, നീയില്ലാതെ, തനിച്ച്... ഹരിതാഭ നിറഞ്ഞു പടര്‍ന്ന വയലോരങ്ങളിലൂടെ, കരിയിലവീണു മറഞ്ഞ ചെമ്മണ്‍പാതകളിലൂടെ... പെയ്താല്‍ മണ്ണിന്‍റെ മണം വാസനിക്കാവുന്ന, അപ്പൂപ്പന്‍താടികള്‍ പാറി നടക്കുന്ന, മഞ്ചാടി മണികള്‍ ചുവപ്പിച്ച വഴികള്‍... നിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ വഴികള്‍.... മനസ്സ് ശാന്തമാണ്.... ഓര്‍മ്മകള്‍ കൊണ്ട് മനസ്സിന്നും ശാന്തമാണ്... ഓരോ ഇടര്‍ച്ചയിലും എന്നെ പിടിച്ചു നിര്‍ത്തുന്ന ഓര്‍മ്മകള്‍.. ലോകത്തിന്‍റെ ഏതു കോണിലായാലും നീ തിരഞ്ഞെത്തുന്ന നിമിഷങ്ങള്‍.. തനിച്ചാക്കാതിരിക്കാന്‍ നീയെത്രമാത്രം കരുതലെടുക്കുന്നു! ഒരു പക്ഷേ കണ്ടുമുട്ടുന്ന ഓരോ ജീവനിലും എനിക്കിന്ന് നിന്നെ കാണാന്‍ കഴിയുന്നുണ്ട്.. അത് കൊണ്ടാവണം നിന്നോടെന്ന പോലെ അവരോടോക്കെയും ഞാനിന്നു സംസാരിച്ച് പോകുന്നത്!! പലരാലും ഓരോ തവണ വേര്‍പെടുമ്പോഴും, വേര്‍പെടുത്തുമ്പോഴും നീയാണ് പിന്നെയും യാത്രയാവുന്നത്.. മറ്റൊന്നിലൂടെ പിന്നെയും തിരിച്ചു വരാനായ്‌ മാത്രം... മനസ്സിന്ന് അചഞ്ചലമാണ്... ചോദ്യങ്ങള്‍, ആകുലതകള്‍, പ്രതീക്ഷകള്‍, മോഹങ്ങള്‍.. ഇവയൊക്കെ എവിടെ പോയീ എന്നാണ്...!! അല്ലെങ്കിലും അത്രയും വ്യക്തമായി ഹൃദയത്തില്‍ മുദ്ര പതിപ്പിച്ചവര്‍ ഏതകലങ്ങളില്‍ മറഞ്ഞാലും നമ്മുടെ ഉള്ളിലെ വെളിച്ചമായി എന്നുമുണ്ടാവും എന്ന് പറഞ്ഞതും നീയായിരുന്നു... ഓരോരോ കാലങ്ങളില്‍ ഓരോരോ കാര്യങ്ങളുമായി നീയെത്തും.... നീ എന്ന ഒറ്റ വാക്കിനെയാവണം ഒരുപാടൊരുപാട് മുഖങ്ങളായി, ചേര്‍ത്തു നിര്‍ത്തലുകളായി ഞാനിന്നും കൊണ്ട് നടക്കുന്നത്... നിന്‍റെ അസാനിധ്യമെന്നാല്‍ എന്നില്‍ ഞാനില്ലാതാവുക എന്ന് മാത്രമാണ്....

Sunday, January 15, 2017

ഒരു തണുപ്പ് കാലം കൂടി വിടപറയുന്നു.. കുറെ ഓര്‍മ്മകളും! അതിനു മുന്‍പേ നിന്നോടൊത്തുള്ള ഒരു യാത്രയാണ് മറവിമലയ്ക്കുള്ളില്‍ മറച്ചുവയ്ക്കേണ്ടത്... ദൂരദൂരങ്ങള്‍ താണ്ടി നീയെത്തിയതും, കൈകോര്‍ത്ത് വീണ്ടും നടന്നതും ഇനി വരും വേനലില്‍ എന്റെ ഓര്‍മ്മകളില്‍ മഞ്ഞു പെയ്യിക്കും! ഒരിക്കലുമൊരിക്കലും ആഗ്രഹിക്കാതിരുന്ന ഒരു കാലത്തിലാണ് നീ വീണ്ടും എത്തിയത്.. നീയെന്നും അങ്ങനെ ആയിരുന്നു, പ്രതീക്ഷിക്കാത്ത, നിനച്ചിരിക്കാത്ത നിമിഷങ്ങളിലായിരുന്നു നീയെന്നും എത്തിയത്.. നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു നീളന്‍ വസ്ത്രത്തില്‍ നീയത്രയേറെ മനോഹരിയായിരുന്നു.. കാലം നിനക്ക് വരുത്തിയ മാറ്റങ്ങളെ ഞാന്‍ കണ്ടിട്ടില്ല, എനിക്ക് കാണുകയും വേണ്ട. എന്നുമെന്നും നീയന്നത്തെയെന്ന പോലെ......... മായ്ക്കാനും, മറക്കാനും പിന്നെയും മുറിപ്പെടുത്താനും കാരണങ്ങള്‍ കണ്ടുപിടിക്കുകയാണ് കാലം!! എത്രെത്ര മുഖങ്ങളായി, എത്രെത്ര പേരുകളായി ഇതിനിടയില്‍ നീയെന്നിലേക്ക് എത്തിയിട്ടുണ്ട്, ഞാനറിയായ്കയല്ല, എങ്കിലും...! നിനക്ക് പകരമാവുമോ മറ്റെന്തും എന്നാണു.. സ്നേഹത്തിലെവിടെയാണ് പകരംവയ്ക്കലുകള്‍! നീയെത്തും വരേയ്ക്കും എനിക്കോര്‍ക്കാന്‍ നീ നല്‍കിയ നിമിഷങ്ങള്‍.. എന്നിലെ മരണം വരെയും നീ മാത്രമെന്നയോര്‍മ്മപ്പെടുത്തലുകള്‍.. ഇന്ന് ഞാന്‍ എന്നെ പോലും മറന്നു പോവാറുണ്ട്!, എന്നാണു, ഏതു വഴിയിലാണ് വീണു പോവുക എന്നറിയാത്ത യാത്ര... കൈപിടിക്കാന്‍ നീ കൂടെയില്ലാത്ത യാത്രകള്‍ അത്രമേല്‍ വിരസമാവുന്നുണ്ട്, എങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ വയ്യല്ലോ... തനിച്ചായ് പോയെന്നൊരിക്കലും നിനക്ക് തോന്നരുതല്ലോ.. തനിച്ചാക്കിയെന്നെനിക്കും! മാറുന്നുണ്ട് ചുറ്റുമുള്ളതെല്ലാം, കാലമതിന്റെ കലാവിരുതുകള്‍ കാട്ടുന്നുമുണ്ട്! എങ്കിലും ചലനം നഷ്ടപ്പെട്ട ചിലരുണ്ടെന്നു കാലം മറന്നു പോവുന്നു! നിരന്തരമായ ചാക്രികമായ പ്രക്രിയകളുടെ ആവര്‍ത്തനങ്ങള്‍ കൊണ്ട് പാകപ്പെടുന്ന, പരുവപ്പെടുന്ന ഒന്നിന്, അതല്ലാത്ത മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്ത ഒന്നിന്, ഭയപ്പെടേണ്ടാതായി ഒന്നുമൊന്നുമില്ലെന്നു ചുറ്റുമുള്ള മറ്റെല്ലാം അറിയുന്ന കാലം എന്നാണു. മരണത്തോടായാല്‍ പോലും അത്രയും സ്വീകാര്യതയോടെ വരവേല്‍ക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് മറ്റെന്തിനാലാണ് നിരാകരിക്കപ്പെടാനുള്ളത്. മറ്റെന്താണ് അസ്വീകാര്യമായിട്ടുള്ളത്.

Saturday, January 7, 2017

അടയാളപ്പെടുത്തലുകള്‍... പൂക്കളായി...


ചിരി നഷ്ടപ്പെട്ട നാളുകളെ കുറിച്ചോര്‍ത്ത് വ്യഥ കൊണ്ടിരുന്ന നാളുകള്‍! പോയ്മറഞ്ഞ ദേശാടനപ്പക്ഷികളെ കാത്തിരുന്ന കാലം.. ഒരു ചിറകടി ശബ്ദത്തിനായി... കൊക്കുരുമ്മലുകള്‍ക്കായി... നിമിഷങ്ങളെണ്ണി കാലം കഴിച്ച ദിനങ്ങള്‍.... :) പോയ്‌മറഞ്ഞ വസന്തവും ദേശാടനക്കിളികളും.... എല്ലാമെല്ലാം ഓര്‍മ്മകള്‍ മാത്രമാവുന്നു.... ഒടുവിലോര്‍മ്മകളും ദേശം താണ്ടുന്നു.


യാത്രയായിരുന്നു.. മണ്ണിലൂടെ, മഴയിലൂടെ, എത്ര ദേശങ്ങള്‍, കാലങ്ങള്‍ താണ്ടിയെന്നറിയാത്ത യാത്ര. നീ കൂടെയുണ്ടായിരുന്നു. അല്ലെങ്കിലും നീയില്ലാതെങ്ങനേ, ഓരോ ശ്വാസത്തിലും, ഓരോ നിമിഷത്തിലും. ജീവിതപ്പക്ഷിയ്ക്കായി പ്രാണനില്‍ കൂടൊരുക്കിയ നീ.. മരണത്തിനു വിട്ടുകൊടുക്കാതെന്തിനേ....


ആ ട്രെയിന്‍ യാത്രയിലായിരുന്നു പിന്നെയും നിന്നെ കണ്ടുമുട്ടിയത്, കാതടപ്പിക്കുന്ന ശബ്ദത്തോടെ മുന്നില്‍ വന്നു നിന്ന ആ വലിയ നീലവണ്ടി.. അതിന്റെ പന്ത്രണ്ടാമത്തെ ബോഗിയില്‍ ജനലരികിലുള്ള സീറ്റില്‍ അഭിമുഖമായായിരുന്നു നമ്മുടെ യാത്ര.. എവിടെ നിന്നാണ് നീ കയറിയതെന്ന് എനിക്കോ, എവിടെക്കാണ്‌ ഞാന്‍ പോകുന്നതെന്ന് നിനക്കോ ചോദിക്കേണ്ടാതുണ്ടായിരുന്നില്ല... :) എത്ര യാത്രകളിങ്ങനേ.. നമ്മള്‍ പോലുമറിയാതെ നമ്മളൊരുമിച്ച്.. ഏതൊക്കെ വാക്കുകളാണ് നമ്മള്‍ മറന്നു പോയത്..!! ഒന്നുമൊന്നും പറയാതെ, എന്നാലെല്ലാമെല്ലാം അറിഞ്ഞു കൊണ്ട് നിശ്ശബ്ദമായി രണ്ടു ലോകങ്ങളിലെന്ന പോലെ ഒരു കയ്യകലത്തില്‍ നമ്മള്‍..... 'നമ്മള്‍', എത്ര സുന്ദരമായ കള്ളമാണതല്ലേ.... എത്ര വട്ടം നമ്മള്‍ പിരിഞ്ഞിരിക്കുന്നൂ... ഞാനെന്നും നീയെന്നും... എന്നിട്ടും.. ഒരു ചിരി നമ്മള്‍ നമുക്കായി കാത്തു വച്ചിരുന്നു... :) വരും ജന്മത്തിലേക്കായായിരുന്നിരിക്കണം...


മൗനം ഭേദിച്ചത് നീയായിരുന്നു... മാനത്തെ മഴവില്ല് കണ്ടപ്പോഴായിരുന്നത്... "നമ്മില്‍ നഷ്ടപ്പെട്ട നമ്മുടെ നിറങ്ങള്‍... നമ്മുടെയൂഞ്ഞാല്"... മഴവില്ലും മയില്‍പ്പീലിയും, ഉവ്വ് ഏതൊരു ബാല്യകൗമാരത്തിനുമെന്ന പോലെ കൗതുകത്തിന്റെ കണ്‍വിടരലുകളായി നിനക്കും.. കടലാഴമുള്ള നിന്റെ കണ്ണുകള്‍ അത്ഭുതമായി എനിക്കും... പെണ്ണെ, കണ്ണുകളിലിപ്പോഴും കൗതുകം സൂക്ഷിക്കാന്‍ കഴിയുകയെന്നതെന്തൊരു ഭാഗ്യമാണെന്നോ...!


ആദ്യമിറങ്ങിയത് നീയായിരുന്നു.. നിറയെ മരങ്ങളുള്ള, വശങ്ങളില്‍ നിറയെ വിടര്‍ന്ന പൂക്കളുള്ള ചെടികള്‍ നിറഞ്ഞ ഏതോ ഒരിടം.. കുന്നിന്‍പുറത്തോ താഴ്വാരത്തോ ആണ്.. പേര് മറന്നു പോയിരിക്കുന്നു.. അല്ലെങ്കിലും എല്ലായിടങ്ങളും താത്കാലികമായൊരാള്‍ക്ക് യാത്രകള്‍ മാത്രമാണ് മുഖ്യം.. ജാലകത്തിനപ്പുറം നിന്റെ മുഖം വീണ്ടും.. വിടര്‍ന്ന നിന്റെ കണ്ണുകളില്‍ പിന്നെയും കൗതുകം.... എന്റെ കണ്ണുകളില്‍ അത്ഭുതം.. :) മഴത്തുള്ളി ഭൂമിയില്‍ പതിക്കുന്ന പോലെ നിന്റെ കൈപത്തികള്‍ക്കുള്ളില്‍ നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകള്‍... ജനലിനപ്പുറവുമിപ്പുറവും നമ്മള്‍.. നീയെന്ന മഴയും ഞാനെന്ന വെയിലും നാമെന്ന മഴവില്ലും... വര്‍ണ്ണങ്ങള്‍.. പെണ്ണെ നിറക്കൂട്ടുകള്‍ വീണ്ടും!

എനിക്കിറങ്ങേണ്ടത് തൊട്ടടുത്തയിടത്തില്‍... നീലവണ്ടി നിമിഷങ്ങള്‍ കൊണ്ടവിടെ... ഞാനെന്റെ ജാലകം ഉപേക്ഷിച്ചു.... നീ ചേര്‍ത്തു പിടിച്ച എന്റെ വിരലുകളാദ്യം വണ്ടിയിറങ്ങി, പിന്നാലെ ഞാനും.. പേരറിയാത്ത ഏതോ പുഴയുടെ തീരമായിരുന്നത്... പൂഴിമണല്‍.. അങ്ങിങ്ങായി ചിറകടിച്ചുയരാന്‍ വെമ്പുന്ന പറവകള്‍... സായംസന്ധ്യ... ചുവന്ന സൂര്യന്‍ പുഴയിലേക്ക് താഴുന്നു.... ഞാനെന്റെ വിരലുകള്‍ പുഴയ്ക്ക് കൊടുത്തു.. പിന്നാലെ എന്നെയും....

Friday, January 6, 2017

കാലങ്ങളായത് പോലെ തോന്നുന്നു... അപരിചിതത്വങ്ങളുടെ ലോകത്തേക്ക് പിന്നെയും വന്നത് പോലേ! മനസ്സുകള്‍ അകന്നു പോകുന്നത് എവിടെ വച്ചായിരിക്കണം? രണ്ടു നിശ്ശബ്ദമായ നിമിഷങ്ങള്‍ക്കിടയില്‍ ഞാനെന്നും നീയെന്നും പിരിയുന്നതിന്റെ ആവശ്യകത എന്താണ്? ഒരു പക്ഷേ എല്ലാ കാലത്തും ഞാന്‍ അങ്ങനെ ആയിരിക്കണം.. ഒന്നിനെ പോലും, ഒരാളെ പോലും അയാളായി ഉള്‍ക്കൊള്ളാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല.. ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്നതിനെ വേറൊരാളായി കാണേണ്ടതിന്റെ ആവശ്യമെന്താണ്! ഓരോ വ്യക്തിയും അവനവന്റെ സ്വാതന്ത്ര്യങ്ങളില്‍ സന്തോഷിക്കണം എന്ന് പറയുമ്പോഴും ഞാന്‍ നിന്നെ എന്റെ ഹൃദയത്തില്‍, എന്റെ ഇഷ്ടങ്ങളില്‍ തടവിലാക്കുന്നതിലെ യുക്തിയില്ലായ്മ എന്നെ ചിന്താക്കുഴപ്പത്തിലാക്കുന്നുണ്ട്. അങ്ങനൊരു ചിന്ത വരുമ്പോഴായിരിക്കണം ഞാന്‍ നിന്നോട് യാത്ര പറയാനൊരുങ്ങുന്നത്. അങ്ങനൊരു യാത്രയിലായിരിക്കണം ഞാന്‍ നിന്നെ കുറിച്ച് വീണ്ടും ചിന്തിച്ചു തുടങ്ങുന്നത്.. പിന്നെയും തിരിച്ചു വരുന്നത്.. എത്ര കാലമിങ്ങനേ... നമ്മള്‍ പരസ്പരം കണ്ടിരുന്നു, അറിഞ്ഞിരുന്നു, ഒരുമിച്ചിരുന്നിരുന്നു പിന്നെ നമ്മള്‍ വിട പറഞ്ഞിരുന്നു.. എത്ര പെട്ടെന്നാണ് ചില ബന്ധങ്ങള്‍ അവസാനിക്കുന്നത്, ചിലത് അവസാനിപ്പിക്കുന്നത്! എത്ര മുറിവുകളാണ് അവയോരോന്നും നല്‍കുന്നത്! എന്നിലെ മുറിവുകള്‍ക്ക് നീ കാവലിരിക്കുമെന്നിരിക്കേ ഞാന്‍ നല്‍കുന്ന മുറിവുകള്‍ക്കാരുണ്ട് കൂട്ടിരിക്കാന്‍! 

Sunday, December 18, 2016

പ്രിയപ്പെട്ടവള്‍ക്ക്...

വര്‍ണ്ണങ്ങള്‍  മങ്ങിപ്പോയപ്പോഴും ചേര്‍ത്തു നിര്‍ത്തിയവള്‍ക്ക്...

നിറക്കൂട്ടുകള്‍ ജീവിതത്തില്‍ നിറച്ചവള്‍ക്ക്....

അക്ഷരങ്ങള്‍ കൊണ്ട് ആത്മാവിനെ സ്പര്‍ശിച്ചവള്‍ക്ക്....

സ്നേഹത്തിന്റെ വിവിധഭാവങ്ങളില്‍ തളച്ചിട്ടവള്‍ക്ക്...

ഇങ്ങകലെ നിന്നും നിനക്കായ് മാത്രം എഴുതുവാനായി ഈ രാവിനെ ഞാന്‍ കടംകൊള്ളട്ടെ....

ഇഷ്ടഗാനങ്ങളുടെ കേള്‍വിക്ക് നടുവില്‍.. 

ഓര്‍മ്മകളുടെ തിരയിളക്കത്തില്‍..., നിനക്കായ്‌...

ഒരു ഭ്രാന്തന്‍ ജല്‍പ്പനമെന്ന പോലെ നീയിത് കേള്‍ക്കുമെന്ന വിശ്വാസത്തില്‍...

എനിക്ക് നിന്നോടുള്ള സ്നേഹത്തിനെ എന്ത് പേരിട്ടു വിളിക്കണം എന്നറിയാതെ....

പ്രണയം അല്ലെന്ന തീര്‍ച്ചയില്‍....... 

നിന്റെ ചിരിയൊച്ചയില്‍ നിറഞ്ഞു പോവുന്ന മനസ്സ്....

നിന്റെ വാക്കുകളില്‍ നിറയുന്ന എന്‍റെ കാതുകള്‍...

നീ നിറയുന്ന നിമിഷങ്ങളില്‍ ധന്യമാവുന്ന ഹൃദയം...

എന്നിട്ടും...

ഒരിക്കലുമൊരിക്കലും സ്നേഹിക്കാന്‍ അറിയാത്തൊരാളാണ്‌ ഞാന്‍...

അല്ലെങ്കിലതിനെയിങ്ങനെ തിരുത്തിയെഴുതട്ടെ... 

സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തൊരാളെന്നു...

പ്രകടനം മാത്രമായി പോവുമോ എന്ന പേടികൊണ്ടാവണമത്....

എനിക്ക് സ്നേഹമെന്നാല്‍  നിന്നോട് പറഞ്ഞു നിന്നെ അറിയിച്ചു അതിന്‍റെ തീവ്രത തീര്‍ക്കേണ്ട ഒന്നല്ല..

എനിക്കത് എന്റെ മനസ്സില്‍ അത്രയും കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ്.. 

കാലങ്ങളോളം... കടലാഴങ്ങളോളം... നീയറിയാതെ നിന്നെ സ്നേഹിക്കുന്നതാണ് എന്റെ ആനന്ദം...

ഇതിനിടയില്‍ പലപ്പോഴും നിന്നെ നോവിച്ചിട്ടുണ്ടാവാം... വേദനിപ്പിച്ചിട്ടുണ്ടാവാം... നീയെന്നെയും!

അതൊന്നും ഇഷ്ടം കുറയാനോ പറഞ്ഞറിയിക്കാനോ ഉള്ള കാരണങ്ങള്‍ അല്ല...

ഇതിനിടയില്‍ പലപ്പോഴും ഞാന്‍ നിന്നെ മറവിയിലേക്ക് തള്ളിയിട്ടെന്നു വരാം..

എന്നാലതൊന്നും നിന്നോട് സ്നേഹമില്ലാതിരുന്നിട്ടല്ല...

ഇതിനിടയില്‍ പലപ്പോഴും നിന്നെ ദൂരെ ദൂരേക്ക് അകറ്റിയെന്നും വരാം...

എന്നാലതൊന്നും നിന്നോടുള്ള സ്നേഹഭംഗത്തിനു കാരണമാകുന്നുമില്ല...

എത്ര തന്നെ നീയെന്നെ മറന്നാലും എന്നില്‍ നിന്നകന്നാലുംഎത്ര തന്നെ ഞാനകന്നാലും... 

തനിച്ചാകലുകളില്‍ സ്വസ്ഥത തിരഞ്ഞാലും..

നീയുള്ളിലുണ്ടെന്ന വിശ്വാസത്തിലാണത്.....

ഇലയനക്കങ്ങള്‍ക്ക് കാറ്റ് കൂട്ടുണ്ടെന്ന പോലെ....

ജലം തേടിപ്പോകുന്ന വേരുകളെ പോലെ നിന്റെ ഓര്‍മ്മകള്‍ എന്നിലാഴങ്ങളില്‍....

അതിനാല്‍ എത്രയൊക്കെ നഷ്ടപ്പെട്ടെന്നു ഞാന്‍ കരുതിയാല്‍ പോലും....

എന്നിലതൊന്നും നഷ്ടങ്ങള്‍ ആവുന്നില്ലെന്ന ഉറപ്പുണ്ട്...

അതിനാല്‍ എത്ര തന്നെ വ്യഥയുടെ മുള്‍പ്പടര്‍പ്പില്‍ കുരുങ്ങിയാലും..

എന്നിലതൊക്കെ മുല്ലവള്ളിയുടെ നറുഗന്ധം നല്‍കുമെന്നറിവില്‍....

എനിക്കൊരിക്കലും നിന്നെയോര്‍ത്ത് കണ്ണുനീര്‍ പൊഴിക്കേണ്ടി വരില്ലാ...

അതിപ്പോള്‍ വേര്‍പാടിലായാല്‍ പോലും.....

നിനക്കുമങ്ങനെയായിരിക്കട്ടെയെന്നോര്‍ക്കാന്‍ കഴിയുന്നില്ല....

ഒരിക്കലുമൊരിക്കലും മനസ്സില്‍ നീയെന്നെ കൊണ്ട് നടക്കരുതെന്നയാഗ്രഹം അദമ്യമായിരിക്കേ...

ഒരോര്‍മ്മഭാരം കൊണ്ടൊരിക്കല്‍ പോലും നിന്നെ വേദനിപ്പിക്കാന്‍ വയ്യെന്നിരിക്കേ....

സ്നേഹിക്കാതിരിക്കുക...

സ്നേഹത്തിന്‍റെ നോവുകളില്‍ പോലും നിന്റെ കണ്ണുകള്‍ നിറയുന്നത് കാണാന്‍ വയ്യെന്നിരിക്കേ....

സ്നേഹിക്കാതിരിക്കുക.......

Wednesday, December 14, 2016

ആരാണ് പറഞ്ഞത് നീ അകലെയാണെന്നു...

കാലം നിന്നോട് കള്ളം പറഞ്ഞതല്ലേ..

അന്നും എന്തും വിശ്വസിക്കാന്‍ പോവുന്ന നീയും..

എങ്കിലും..

നിന്നെ സ്നേഹിക്കുമ്പോഴെല്ലാം ഞാന്‍ ഭയപ്പെടുകയായിരുന്നു..

എത്രമേല്‍ നിന്നെ നോവിക്കേണ്ടി വരുമെന്നോര്‍ത്ത്....

എന്റെ തനിച്ചാകലുകളില്‍ ഞാന്‍ ശാന്തമാവുമ്പോഴെല്ലാം പാവം നീ..,

നീ മുറിപ്പെടുകയാണ്, ഞാന്‍ അറിയായ്കയല്ല... 

എന്നിട്ടും..!

സഖീ വരൂ നമുക്കൊരു സ്വപ്നത്തിന്റെ ചിറകേറാം...

മഴവില്ല് തൊട്ടുകൊണ്ട്.. 

മേഘങ്ങളേ തഴുകിക്കൊണ്ട് നമുക്ക് പറക്കാം..

നക്ഷത്രങ്ങള്‍ കൊണ്ടമ്മാനമാടാം.. 

അമ്പിളിക്കലയില്‍ ഊഞ്ഞാലിടാം...

ഒരു കണ്‍ചിമ്മലില്‍ കടലേഴും കരയേഴും പോയി വരാം...

ഈണവും താളവും മറന്നു നമുക്ക് പാടാം... 

നൃത്തം ചെയ്യാം...

വിരല്‍ത്തുമ്പില്‍ സ്നേഹമുണ്ടെന്ന് നമുക്കനുഭവിക്കാം...

നെറുകയില്‍ കരുതലോടുമ്മ വയ്ക്കാം.. 

താരാട്ട് പാടാം..

വിളുകള്‍ കയ്യിലെടുത്ത് സ്നേഹവും..

ചുമലോട് ചുമല്‍ ചേര്‍ന്ന് പരിഗണനയും അറിയിക്കാം..

മിഴിനീര്‍ത്തുള്ളികളെ മോതിരവിരലുകള്‍ കൊണ്ട് തൂത്തു കളയാം..

നിശ്ശബ്ദതയെ നമുക്ക് മൗനം കൊണ്ട് തോല്‍പ്പിക്കാം..

കണ്ണോടു കണ്ണ് നോക്കിയിരിക്കാം..

വളപ്പൊട്ടുകള്‍ എണ്ണി തീര്‍ക്കാം..

ഇപ്പോഴും നിനക്ക് തോന്നുന്നുണ്ടോ നീ അകലെയാണെന്നു..

നീയടുത്തല്ലേ.. ഇവിടല്ലേ..

മഴത്തുള്ളികള്‍ പെയ്തൊഴിയുന്ന വാക്കുകളുമായി നീയും

നിന്നില്‍ പെയ്യാന്‍ മറന്ന ഞാനും.

കാലത്തിന്റെ പേമാരിയില്‍ കടപുഴകി വീണ മരങ്ങള്‍, 

ഞാനും നീയും.

നമുക്കിടയില്‍ ദൂരം കുറയുന്നു. 

മഴത്തുള്ളികളുടെ ശബ്ദം എനിക്കിപ്പോള്‍ നന്നായി കേള്‍ക്കാം.

മേഘങ്ങളെ വിരലുകള്‍ കൊണ്ട് തൊടാം; 

നക്ഷത്രങ്ങളെയും, പിന്നെ നിന്നെയും!

സ്നേഹത്തിന്റെ, കരുതലിന്റെ മുഖങ്ങള്‍ വേദനായാവുന്നുണ്ട്, 

എങ്കിലും പെയ്തു തോരാത്ത മഴയുണ്ടോ!

വായിച്ചു തീരാത്ത പുസ്തകങ്ങളുണ്ടോ!

ഓര്‍ക്കുകയാണ്, 

ആദ്യമായി നമ്മള്‍ നനഞ്ഞ മഴയും, ഒന്നിച്ചു ചൂടിയ വാഴയിലക്കുടയും.

ഓര്‍മ്മകള്‍ക്ക് എന്നും പുതുമണ്ണിന്റെ ഗന്ധമാണ്, 

മഴ നനഞ്ഞ മണ്ണിന്റെ!

വാക്കുകള്‍ തീരുകയാണ്, 

അല്ലെങ്കിലും തീരാത്തവയായി എന്താണ് ഉള്ളത്?!

അല്ലെങ്കിലും സ്ഥായിയായി എന്താണ് എന്നും ഇവിടങ്ങളില്‍ കാണാനുള്ളത്!

എല്ലാം മാറ്റത്തിന് വിധേയമാണ്.

ഒരിക്കല്‍ ഒരു സഞ്ചാരി നിന്നോട് പറഞ്ഞത് 

നീയെന്നോട്‌ പറഞ്ഞത് ഇങ്ങനെയായിരുന്നു - 

"ജീവിതം ഒരു യാത്രയാണ്. ഒരിക്കലും തുടങ്ങാത്തതും അവസാനിക്കാത്തതും."

ഞാന്‍ വസന്തം തേടുന്നു. 

നിന്റെ തത്ത്വങ്ങള്‍ നീയിനി കാലത്തിന്റെ കാതിലോതുക. 

കാലമതെന്നില്‍ എത്തിക്കും വരേയ്ക്കും 

എനിക്കും നിനക്കുമിടയില്‍ മൗനം പറയും.

എനിക്ക് നിന്നോട് പറയാന്‍ വാക്കുകളുടെ ആവശ്യവുമില്ലെന്നറിയുക.

എല്ലാം പറഞ്ഞു കഴിഞ്ഞവരാണ് നാം.

പറയാമൊഴികള്‍ ഹൃദയത്തില്‍ ഒരു മേഘമായി, പിന്നെ മഴയായി.

ജീവിതം ഒരു യാത്രയാണ്.. 

പ്രശാന്തസുന്ദരമായ വഴികളിലൂടെ.

യാത്രയിലെ കാഴ്ചകള്‍ മനോഹരമാകും.

ചില കാഴ്ചകള്‍ കണ്ണില്‍ നിന്ന് മറയും.

മറയുന്ന കാഴ്ചകള്‍ മറവിയില്‍ സൂക്ഷിക്കുക. 

ചിലപ്പോഴെങ്കിലും ഓര്‍ത്തെടുക്കാന്‍!

Monday, December 12, 2016

വരണ്ടുണങ്ങിയ മണ്ണില്‍ പൊടുന്നനേ ഒരു മഴ പെയ്ത പോലെ... 

മണ്ണിനടിയില്‍ ഏതോ പുരാതനകാലത്ത് 

എവിടെനിന്നോ പാറിവന്നു ഉറങ്ങിപ്പോയ ഒരു വിത്ത്‌, 

ജീവന്റെ അംശം ഇനിയും നഷ്ടപ്പെടാത്ത അതിനെ ചുംബിച്ചുണര്‍ത്താന്‍ മഴത്തുള്ളികള്‍... 

പ്രണയവും അത് പോലെയായിരിക്കണം.. 

എന്നോ ഉറങ്ങിപ്പോയ മണ്‍മനസ്സിനെ 

ഏതോ അകലങ്ങളില്‍ നിന്നും വന്ന മറ്റൊരു മഴമനസ്സ് നനയിച്ചു കടന്നു പോകുന്ന പോലെ.... 

നിരന്തരം നിരന്തരം സംസാരിച്ചു കൊണ്ടേ.... 

മഴ പോലെ പെയ്തു കൊണ്ടേ.. 

വാക്കുകളില്‍ ഒന്ന് കൊണ്ട് പോലും നോവിക്കാതെ അത്രയേറെ കരുതലോടെ.... 

ഓരോ വാക്ക് കൊണ്ടും മനസ്സിലെ ഓരോ നോവിനേയും കളഞ്ഞു കൊണ്ട്..

മൗനവാത്മീകത്തില്‍ നിന്നും വാക്കുകളുടെ ഹര്‍ഷഘോഷങ്ങളിലേക്ക് പതിയെ കൈപിടിച്ച് നടത്തിക്കൊണ്ട്... 

ഇന്നലെ മഴയായിരുന്നു... 

ഇനിയും നിര്‍ത്താതെ പെയ്തു കൊണ്ടേയിരിക്കുന്ന മഴ.....

കണ്ടിരിക്കേ... കേട്ട് കേട്ടിരിക്കേ... മഴയുടെ താളം, മനസ്സിന്റെ താളമായി... മനസ്സും പെയ്ത്...

പ്രണയത്തിലായിരിക്കുമ്പോള്‍ നാമൊരു മഴ നനയുകയാണ്‌.... :)

ഏറെ നിശ്ശബ്ദമായി...അത്രയാഴത്തില്‍ എന്നിലെ നിന്നോട്....... ഒരിക്കല്‍ക്കൂടി.

ഒരു മനസ്സുണ്ടായിരുന്നു നീ നിറഞ്ഞ, 

നന്മകള്‍ നിറഞ്ഞ ഒരു മനസ്സ്...!

എല്ലാത്തിനെയും സന്തോഷത്തോടെ സ്വീകരിച്ചിരുന്ന...

ഏതൊന്നിനെയും ഉള്ളിന്റെയുള്ളില്‍ കൊണ്ട് നടന്ന...

നിര്‍മ്മലമായൊരു മനസ്സ്....!പലപലപ്പോഴായി ഓര്‍മ്മകള്‍ മഴയായി പെയ്യാറുണ്ടായിരുന്ന....

ഒരു വാക്കിലെ പോലും സ്നേഹത്തെ ഏറെ വിലമതിക്കുന്ന...

എപ്പോഴുമെപ്പോഴും സ്വന്തമായതിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന..

പളുങ്ക് പോലെ തെളിഞ്ഞൊരു മനസ്സ്.......

കാലം എന്നും ഒരുപോലെയല്ലല്ലോ....

ഓരോ നിമിഷവും, ഓരോ നിമിഷവും കടന്നു പോകുമ്പോള്‍ പതിയെ പതിയെ മറയുന്ന പലതും...

സ്വന്തങ്ങള്‍, ബന്ധങ്ങള്‍, സ്നേഹങ്ങള്‍, ഇഷ്ടങ്ങള്‍, ഓര്‍മ്മകള്‍....

അങ്ങനെയങ്ങനെ ഓരോന്നായി ഓരോന്നായി മറയുന്ന കാലത്തില്‍.....

നിറം നഷ്ടപ്പെട്ട, നന്മകള്‍ നഷ്ടപ്പെട്ട മനസ്സ്....

നീ ഇല്ലാതാവുക എന്നാല്‍ നന്മകളും ഇല്ലാതാവുക എന്നല്ലേ..

മറക്കാന്‍ പറയുമ്പോള്‍ എന്തെ നീ ഓര്‍ത്തില്ല..

മറവിയും മരണമാണെന്ന്..

Sunday, December 11, 2016

ഒരു തിരിച്ചുവരവ് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.പക്ഷേ വീണ്ടും എന്റേത് മാത്രമായ ഈ ലോകത്തില്‍ ഒതുങ്ങിക്കൂടാന്‍ വല്ലാത്ത ആഗ്രഹം.. ഞാന്‍ മാത്രമായിരുന്ന കാലത്തിലേക്ക് വീണ്ടും.. എന്തിനായിരുന്നു ഇടയ്ക്കുള്ള പ്രഹസനങ്ങള്‍ (ഇപ്പോഴങ്ങനെ തോന്നുന്നു, ക്ഷമിക്കുക) എന്നോര്‍ത്തു പോകുന്നു! ഉവ്വ്, ഒരുപക്ഷേ നീ പറഞ്ഞ പോലെയായിരിക്കാം... കൂടിച്ചേരാനൊരു കാലം വിടപറയാന്‍ മറ്റൊന്നും.. അങ്ങനെയായിരിക്കണം, സ്നേഹം എപ്പോഴും അങ്ങനെയായിരിക്കണം..! ഒരിക്കല്‍ എന്നെ നോവിച്ചത് നിന്റെ മൗനം മാത്രമായിരുന്നു, അത്രമേല്‍ സംവേദിച്ചിട്ടു പോലും..! അഭാവങ്ങളെ അവഗണിക്കാന്‍ നീ പഠിപ്പിച്ചിരുന്നു, ഞാന്‍ മറന്നിരുന്നു അതും, വീണ്ടും ശീലിക്കേണ്ടിയിരിക്കുന്നു.. ആരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല, എന്റേത് മാത്രമാണ്; എന്റേത് മാത്രമാണ് തെറ്റുകളൊക്കെയും... നിന്നില്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഒരു വശത്ത്‌ നീയും നീ നല്‍കിയ സന്തോഷങ്ങളും നോവുകളും വിരഹങ്ങളും മറുവശത്ത്‌ ഇന്നിന്റെ ലോകവും ആയിരുന്നു.. പക്ഷേ സ്നേഹത്തിന്റെ പേരില്‍ പിന്നെയും ആരെയൊക്കെയോ കൂടെ കൂട്ടിയപ്പോള്‍ വേര്‍പാടുകളുടെ ഭാരം കൂടുന്നല്ലോ... 


ഞാന്‍ മറന്നു പോകുന്നു, പ്രിയപ്പെട്ടവരേ ഞാന്‍ നിങ്ങളെയൊക്കെ മറന്നേ പോവുന്നു.. കാലം വല്ലാതെ മാറ്റുന്നുണ്ട്... എവിടെയോ എത്തിക്കുന്നുണ്ട്, അപരിചിതമായ ഏതോ ലോകത്തില്‍.. അവിടെ എനിക്ക് നിങ്ങളെ ഓര്‍ക്കാന്‍ ആവുന്നില്ല.. എന്നാല്‍ ആ സ്നേഹത്തിന്നാഴവും ആര്‍ദ്രതയും എന്റെ മനസ്സില്‍ അത്രയും അഭാവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്, ഒരിക്കലും നികത്താനാവാത്ത ചിലതുകള്‍... ഒരു പക്ഷേ സ്നേഹത്തിന്റെ സ്വഭാവം ആയിരിക്കാം, പകരം വയ്ക്കാനൊന്നില്ലാത്ത പോലെ ആയിടങ്ങള്‍ മനസ്സില്‍ അങ്ങനേ അവശേഷിപ്പിക്കും.... ഇനിയൊരിക്കല്‍ നാം തമ്മില്‍ കാണുമ്പോള്‍ എനിക്ക് നീ തന്ന മൗനത്തിന്റെ ഭാഷയ്ക്ക് ഞാനില്ലെങ്കില്‍ കൂടിയും എന്റെ സ്നേഹം പകരം വയ്ക്കുന്നു.. വേര്‍പാടുകള്‍, വിടപറയലുകള്‍ എന്നൊന്നില്ല ഇന്നുകളില്‍..... ഓരോ ജീവിതവും ഓരോ കഥയാണ്, കേട്ട് കേട്ടിരിക്കേ തീര്‍ന്നു പോയേക്കാവുന്ന കഥ...


നമ്മള്‍ എന്നതില്‍ നിന്നും ഞാനെന്നും നീയെന്നും ആവുന്ന അവസ്ഥ! മറവികള്‍ കൊണ്ട് മരണം തീര്‍ക്കുന്നവര്‍. സ്നേഹത്തിനു, ഇഷ്ടങ്ങള്‍ക്ക് അതിരുവയ്ക്കുമ്പോള്‍ ഇന്ന് ഞാന്‍ അറിയുന്നു അതിരുകള്‍ക്കിടയില്‍ ഒരിക്കലും സ്നേഹമുണ്ടാകുന്നില്ല, തീര്‍ത്തും സ്വതന്ത്രമാവുമ്പോള്‍ മാത്രമേ സ്നേഹം പൂര്‍ണ്ണമാവുകയുള്ളൂ.. നീ മറന്നതും അതായിരുന്നു! പലപ്പോഴും ഞാനും! എന്നിട്ടും ഞാനെന്ന നാല് ചുവരുകള്‍ക്കപ്പുറം ഇനിയെന്റെ സ്നേഹമില്ല; സ്വാര്‍ത്ഥനാവുന്നു അത്രമേല്‍! ഇനിയൊരിക്കല്‍ പോലും എന്നില്‍ നിന്നും ആത്മാര്‍ത്ഥത പ്രതീക്ഷിക്കാതിരിക്കുക. ദൂഷ്യമായ ഒന്നാണെങ്കില്‍ കൂടിയും നീ പഠിപ്പിക്കുന്നു അങ്ങനെയാവാന്‍.. അവനവനോടുള്ളതിനപ്പുറം രണ്ടാമതൊരാളോട്, അത് നിന്നോടായാല്‍ പോലും, വേണ്ടെന്നു നീ പഠിപ്പിക്കുന്നു. ഇനിയും കടന്നു വരാതിരിക്കുക, സ്നേഹം നിഷേധിക്കുന്നതിനേക്കാള്‍ നിര്‍ഭാഗ്യകരമായി മറ്റെന്തുണ്ട് എന്നാണെങ്കില്‍ കൂടിയും, വരികയാണെങ്കില്‍ നിന്നെ വേദനിപ്പിക്കേണ്ടി വന്നേക്കാം എന്നുള്ളതിനാല്‍ വരാതിരിക്കുക.

Sunday, December 4, 2016

കൂട്!

സായാഹ്നം.. ചുവന്ന മേഘങ്ങള്‍ നിറഞ്ഞ വാനം.. മേഘങ്ങളിലേക്ക്, കൂടുകളിലേക്ക്, വിട വാങ്ങുന്ന പറവകള്‍... ഒരു ദിനാന്ത്യത്തിന്റെ ഹര്‍ഷാരവങ്ങളോടെ പലവഴികളില്‍ പിരിഞ്ഞവര്‍ ഒരു കൂടിലേക്ക്... ഒരുമയുടെ നിമിഷങ്ങളിലേക്ക്.. സന്തോഷങ്ങളിലേക്ക്.. കൂടുകള്‍, കൂടിച്ചേരലുകള്‍ക്ക് ഇടമൊരുക്കുന്ന കൂടുകള്‍! പറവകള്‍ എത്രമേല്‍ ഭാഗ്യവാന്‍മാരാണല്ലേ.. അവയ്ക്ക് കൂടുകളാണ്.. നമുക്കോ... നമുക്ക് വീടുകള്‍...! വിടപറയലുകള്‍ക്കവസരമൊരുക്കുന്ന വെറും വീടുകള്‍!! പറവകളെ പോലെ സ്വതന്ത്രരാവണം.. ആകാശത്തിലേക്ക് മാത്രമല്ല... സ്വന്തം സമ്മര്‍ദ്ദങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും... ഓരോ വീടുകളും കൂടുകളാകുന്ന കാലമുണ്ട്.. പലയിടങ്ങളിലാണ് നാമെങ്കിലും ഒന്ന് പിടയുമ്പോള്‍ ലോകത്തിന്റെ ഏതു കോണിലായാലും പരസ്പരമറിയുന്ന മനസ്സുകള്‍ ഒന്ന് ചേരുന്നിടങ്ങള്‍.. എനിക്കറിയാം ഒരു പക്ഷേ നാമിരുധ്രുവങ്ങളില്‍ ആയിരിക്കാം.. എങ്കിലും മനസ്സൊന്നു തളരുമ്പോള്‍, വഴികളറിയാതെ പകച്ചു നില്‍ക്കുമ്പോള്‍ പരസ്പരമൊരു താങ്ങാവാന്‍ ഒരു വാക്കിന്റെയെങ്കിലും കരുത്തു നാം പങ്കു വയ്ക്കുമെന്ന്... ഉയിര്‍പ്പിലേക്ക്, വീണ്ടും ഉണര്‍വ്വിലേക്ക്... പരസ്പരമിങ്ങനേ തളര്‍ന്നും താങ്ങിയും നാം കൂടൊരുക്കുന്നതെവിടെയാണ്... നമുക്കായി മാത്രമെന്നെങ്ങനെ പറയും... നമ്മിലുറ്റു നോക്കുന്ന മറ്റൊരു ലോകമുണ്ടെന്നിരിക്കേ നമുക്കായി മാത്രമെന്നെങ്ങനെ പറയും.. അത്രമേല്‍ നിസ്വാര്‍ത്ഥരാവാന്‍ പഠിക്കേണ്ടിയിരിക്കുന്നു നാം.. കൂടുകളിലേക്ക് ചേക്കേറുമ്പോള്‍ അത്രമേല്‍ നിസ്വാര്‍ത്ഥരാവേണ്ടിയിരിക്കുന്നു നാം.. വരൂ, നമുക്ക് വീടുകള്‍ ഉപേക്ഷിക്കാം....

Thursday, November 10, 2016

ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം......

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ....
സൗന്ദര്യതീര്‍ത്ഥക്കടവില്‍...
നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ...
നാം വന്നൂ.....



-- വേര്‍പാടുകള്‍ അവയെത്രമേല്‍ തീവ്രമായാലും സ്നേഹത്തിന്റെ ഒരു വിളിയില്‍, ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും സ്നേഹപൂര്‍വ്വമുള്ള  ഒരു വിളിയില്‍ നോവുകള്‍ അലിഞ്ഞില്ലാതാവണമെങ്കില്‍, എങ്കില്‍ നീയത്രമാത്രമാഴത്തില്‍ പതിഞ്ഞു പോയിരിക്കുന്നു... നീ അറിയുന്നുണ്ടോ അകലങ്ങള്‍ ഒന്നുമല്ല, ഒന്നുമേയല്ല.. അത്രമേലടുത്തു കഴിഞ്ഞാല്‍ പിന്നെ ഏതകലങ്ങളില്‍ മറഞ്ഞാലും അതിലേറെയടുത്താണ് നീയിപ്പോഴും... പ്രണയത്തിന്റെയോ, സ്നേഹത്തിന്റെയോ ചപലതയല്ല... അതിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു! ഈ രാവില്‍ എനിക്കത്രമേല്‍ തകരണം എന്ന് തോന്നുന്നു.. മുറിപ്പാടുകളെ മാത്രം ഓര്‍ത്തോര്‍ത്തെടുത്തു, ഓര്‍ക്കാന്‍ നല്ലതൊന്നും ഇല്ലാഞ്ഞിട്ടുമല്ല, പക്ഷേ ഈ  രാവില്‍ അത്രയും തകര്‍ന്നു പോവണം... --


ഒന്നു പിണങ്ങിയിണങ്ങും 
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും...
പൂം പുലര്‍ക്കണി പോലെയേതോ
പേരറിയാ പൂക്കള്‍...
നമ്മേ തിരിച്ചറിഞ്ഞെന്നോ....
ചിരബന്ധുരമീ സ്നേഹബന്ധം.....


-- അത്രയും തകര്‍ന്നു, ഒന്നുമൊന്നുമല്ലാതായി പിന്നെയും ആദ്യം മുതലേ തുടങ്ങണം.. ജീവിതം ചിലപ്പോള്‍ ഒന്ന് നിര്‍ത്തി വീണ്ടും ആദ്യം മുതലേ വീണ്ടും.. അന്ന് കണ്ട വഴികളിലൂടെ ഒന്നുകൂടി കടന്നു വരണം.. ഇതൊരു പരീക്ഷണമാണ്.. ഒരിക്കല്‍ തോറ്റുപോയിടങ്ങളില്‍, തോല്‍വിയും ജയവും എന്നൊന്നുമില്ലെങ്കില്‍ പോലും, ജയിക്കാനാവുമോ എന്ന പരീക്ഷണം... ഒരു പക്ഷേ മരണത്തിനു പകരം.. സ്നേഹം, പ്രണയവും, പരീക്ഷിക്കപ്പെടുന്നില്ല എന്ന് കൂടി പറയട്ടെ... -- 


തീരത്തടിയും ശംഖില്‍ 
നിന്‍ പേര് കോറി വരച്ചൂ ഞാന്‍..
ശംഖ് കോര്‍ത്തൊരു മാല നിന്നെ
ഞാനണിയിക്കുമ്പോള്‍...
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചമ്പകം പൂക്കും സുഗന്ധം......


-- അന്ന് കടന്നു വന്ന വഴികളില്‍ ഒരിക്കല്‍ കൂടി, അന്നത്തെ ആകുലതകള്‍ ഒഴിവാക്കി, അല്ലെങ്കിലവയെ അറിഞ്ഞു കൊണ്ട്, ഇന്നതൊക്കെ ഇന്നയിടത്തൊക്കെ സംഭവിക്കും എന്ന മുന്‍ധാരണകളോട് കൂടി, പതറിപ്പോവാതിരിക്കാനുള്ള മുന്‍കരുതലുകളോടെ ഇത്രയും സുഗമമായ വഴി വേറെയില്ല എന്നറിഞ്ഞു കൊണ്ട്... നടന്ന വഴികള്‍ വീണ്ടും നടക്കുമ്പോള്‍ പരിചിതമാകുന്നത് പോലെ, നടക്കാത്ത വഴികളെ നടന്നവയോളം പരിചിതമാക്കാനുള്ള അനുഭവം നേടിക്കൊണ്ടിങ്ങനേ. അല്ലെങ്കിലും വഴികള്‍, അതെവിടെ ആയാലും ദുര്‍ഘടം തന്നെയാണ്, പക്ഷേ പിന്നെയും പിന്നെയും നടക്കുമ്പോള്‍ വഴികളില്ലാതാവുന്ന കാലമുണ്ട്, അവിടെ യാത്ര സുഗമമാണ്.. വഴികള്‍ ഇല്ലാതാവുന്നത് കൊണ്ടല്ല, യാത്രമാത്രമായി നമ്മള്‍ മാറുന്നത്  നമ്മളറിയാതെ പോകുന്നത് കൊണ്ടാണ്. ഏതെങ്കിലും ഒരു കാലത്ത്  ആരിലേക്കെങ്കിലും എത്താനുള്ള വഴികള്‍ അവിടെയുണ്ട്, എത്തുന്നിടങ്ങളെ നിന്നോളം പരിചിതമായ വീടായി കാണാനുള്ള അനുഭവങ്ങള്‍ നീ നല്‍കുക..--


പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ....
സൗന്ദര്യതീര്‍ത്ഥക്കടവില്‍...
നഷ്ടസ്മൃതികളാം മാരിവില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ...
നാം വന്നൂ.....

Monday, October 31, 2016

മഴ പെയ്യുന്നുണ്ട് ഇവിടെ. എന്തേ ഇന്ന് പ്രതീക്ഷിക്കാതെ പെയ്തതെന്നോര്‍ത്തു. എത്രയോ കാലത്തിനൊടുവിലായിട്ടു പോലും അന്നെന്ന പോലെ മഴയെന്നെ നിന്നെയിന്നോര്‍മ്മപ്പെടുത്തുന്നില്ലയെന്നു വിഷമത്തോടെ പറയട്ടെ. ജാലകവാതിലുകള്‍ തുറന്നിട്ടും, പുറത്തെ ഇരുളില്‍ പോയിരുന്നിട്ടും ഓര്‍മ്മകളെങ്ങാണ് മറഞ്ഞു പോയത്! അറിയുന്നുണ്ട്, മനസ്സ് ശൂന്യമാണ്. നിന്നോട് പറയാന്‍ ഒന്നുമില്ലാതാവുകയെന്നാല്‍ ഞാനില്ലാതാവുകയെന്നു തന്നെയല്ലേ! ആയിരിക്കണം എനിക്കെന്നെ തന്നെ മറക്കാന്‍ തോന്നുന്നു. ജീവിതത്തിന്റെ നിസ്സാരത എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അത്രയും ചഞ്ചലമായ മനസ്സ് പോലും ഇന്നെത്രയോ നിസ്സംഗമായി പോയിരിക്കുന്നു. വേണമെങ്കിലെനിക്ക് തിരക്കുകള്‍ എന്ന് കള്ളം പറഞ്ഞെന്റെ മനസ്സിനെയും കബളിപ്പിക്കാമായിരുന്നു. പക്ഷേ എത്ര കാലം? എന്തിനു വേണ്ടി?! ഈ നിസ്സംഗത എന്നെ പൊതിയാതെ പോകാനുള്ളതല്ല. ഈ അവസ്ഥ ഏതെന്ന് നിനക്കറിയുമോ? അത്രയും സ്വതന്ത്രമായ, മരണത്തിന്റെയത്രയും സ്വതന്ത്രമായ വഴികളാണ്. എന്റെ ചുറ്റിലും നടക്കുന്നത്, അത്രയും ശബ്ദങ്ങള്‍, അത്രയും കാഴ്ചകള്‍, അത്രയും സ്പര്‍ശങ്ങള്‍ പോലും ഞാനറിയുന്നില്ല!! ഏതൊരാള്‍ക്കൂട്ടത്തിനിടയിലും അവനവനോട് തന്നെ സൗഹൃദത്തിലാവുക, അവനെയും മറന്നു മറന്നേ പോവുക! ഹാ!! എത്ര സമാധാനമാണ്. അത്രമേല്‍ ഒറ്റപ്പെട്ടു പോയെന്നു നീ പറഞ്ഞേക്കാം, പക്ഷേ ഏറ്റവും ആനന്ദം ഇവിടെയാണ്‌; ഒരുപക്ഷേ നിനക്കതിപ്പോള്‍ മനസ്സിലാവില്ലായിരിക്കാം, മനസ്സിലാവാതിരിക്കട്ടെ!! ഈയൊരാനന്ദത്തിലെത്തുവാന്‍, ഇത്രയും സമാധാനം ഞാനറിയുവാന്‍ കടന്നുവന്ന കഠിന വഴികള്‍ താണ്ടിയത് അവിടെ നീയുണ്ടല്ലോയെന്ന പ്രതീക്ഷയാലാണ്; ഇല്ലെങ്കിലെന്നേ!! അതിനാലിന്നു തിരിച്ചറിയുന്നുണ്ട്, ഏതൊരു ദുഃഖവും ദുഃഖമല്ലെന്നും, ഏതൊരു മുറിവും വേദനയല്ലെന്നും, ഏതൊരു നോവും ഒന്നുമല്ലെന്നും. ജീവിതമിങ്ങനെത്തന്നെയാണ്, ഇങ്ങനെയല്ലാതെ മറ്റൊരുതരത്തിലാവാനതിനു കഴിയില്ലയെന്നും അറിയുക. നോവുകളോര്‍ത്തു തളര്‍ന്നിരിരിക്കുന്നതും സന്തോഷങ്ങളില്‍ അതിയായാഹ്ലാദിക്കുന്നതും ഒരുപോലെ വിഡ്ഢിത്തമാണ്. ഓരോ നിമിഷവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് മാറ്റത്തിനൊപ്പം മാറാതെ മോചിക്കപ്പെട്ടിട്ടും ഏതൊന്നിലാണോ ബന്ധിക്കപ്പെട്ടത് ആ ബന്ധനത്തെ തന്നെ അഗാധമായി സ്നേഹിച്ചു കൊണ്ടൊരു കാലം, മാറുവാന്‍ മറ്റൊരു കാലം. മാറ്റത്തിനൊടുവില്‍ എന്തായിരുന്നോ ഞാന്‍ അതല്ലാതെയായി പോയല്ലോയെന്നോര്‍ത്തു ആധികൊള്ളാന്‍ പിന്നെയും. പാകപ്പെടുകയാവണം മനസ്സ്, സാഹചര്യങ്ങളെ അതായി സ്വീകരിക്കാന്‍ ജീവിതത്തിന്റെ പ്രായോഗികത പഠിപ്പിക്കുകയാവണം. പക്ഷേ നീ എന്നെങ്കിലും ഓര്‍ത്തിട്ടുണ്ടോ എല്ലാ പാഠങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, ശേഷം നാം നേടുന്നതെന്താണ്. അനിവാര്യമായ മരണമല്ലാതെ മറ്റെന്താണ്!

Thursday, October 27, 2016

ഇന്ന് ഞാനറിയുന്നുണ്ട്, എനിക്ക് നിന്നെ വല്ലാതെ നഷ്ടപ്പെടുന്നുണ്ട്. ഒരുപക്ഷേ ഈ നഷ്ടപ്പെടല്‍ തന്നെയാണ് വേണ്ടിയിരുന്നത്. അതാണ്‌ അനിവാര്യമായതും ഞാന്‍ അര്‍ഹിക്കുന്നതും. എനിക്കതില്‍ ദുഃഖമൊട്ടും തന്നെയില്ല. ഇങ്ങനെയൊക്കെയല്ലാതെ മറ്റെങ്ങനെയാണ് നമുക്കുള്ളിലെ സ്നേഹം  പരുവപ്പെടുക. കൂടെ നീയുണ്ടായിരുന്ന നാളുകളില്‍ ഞാന്‍ നിന്നെ ആലോസരപ്പെടുത്തിയത്തിന്റെ നൂറിലൊന്നു പോലുമാകില്ല എന്റെ നഷ്ടപ്പെടലില്‍ ഞാനനുഭവിക്കുന്നത്. അഭാവം കൊണ്ട് നീ നല്‍കുന്ന വേദന സാന്നിധ്യം കൊണ്ട് ഞാന്‍ നിനക്കേകുന്ന നോവിന്റെ അത്രയുമില്ലല്ലോ എന്നാണു സമാധാനം. പ്രിയപ്പെട്ടവളെ, ഇന്നൊരു വിദൂരയാത്ര കഴിഞ്ഞെത്തിയ വേളയില്‍ എന്റെ മുറിക്കുള്ളില്‍ വാരിവലിച്ചിട്ടയെല്ലാത്തിനും മുകളിലായി അന്നത്തെ ദിനക്കുറിപ്പുകളടങ്ങിയ പുസ്തകം. ആമുഖമായി ജീവിതം എന്നെഴുതിയ പുസ്തകം! അതിലെ താളുകളൊക്കെ ഇന്നത്തെ എന്റെ ജീവിതം പോലെ നരച്ചിരിക്കുന്നു. നനവാര്‍ന്നതായത് കൊണ്ടായിരിക്കണം അവസാനതാളുകളില്‍ കുറെയൊക്കെ ചിതലരിച്ചിട്ടുമുണ്ട്! പ്രണയം എന്നെഴുതിയ താള്‍ മുഴുവനായി ചിതലുകള്‍ തീര്‍ത്തിരിക്കുന്നു. നമ്മുടെ സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ ആദ്യത്തെ താളുകള്‍ ഇന്നും അതേപടിയുണ്ട്. കാണാനാഗ്രഹിച്ച സ്ഥലങ്ങള്‍, ഒന്നിച്ചു പോകാനാഗ്രഹിച്ചയിടങ്ങള്‍, വായിക്കാനാഗ്രഹിച്ച പുസ്തകങ്ങള്‍, കേള്‍ക്കാനാഗ്രഹിച്ച പാട്ടുകള്‍, അങ്ങനെയങ്ങനെ അവയൊക്കെയും ഇന്നും പച്ചയായി നില്‍ക്കുന്നു! പക്ഷേ എല്ലാ  ആഗ്രഹങ്ങളും തീര്‍ന്നു പോയിരിക്കുന്നു, നീയില്ലാതാവുമ്പോള്‍ പിന്നെ ആഗ്രഹങ്ങള്‍ ഉണ്ടായാലെന്ത്‌ ഇല്ലെങ്കിലെന്ത്‌! വിരഹം അത്രമേല്‍ തീവ്രമാണ്, അത്രത്ര മേല്‍ നമ്മെ പൊള്ളിക്കും എന്നൊക്കെ അറിയുന്നുണ്ട്, അനുഭവിച്ചിട്ടുമുണ്ട്, പക്ഷേ എല്ലാ നോവിനും അപ്പുറം പിന്നെയും ജീവന്‍ നിലനിന്നാലെന്തു ചെയ്യാനാണ്! ഉരുകിത്തീരുമെന്നൊക്കെയെത്ര പറഞ്ഞാലും ചിലപ്പോഴൊക്കെ കരിന്തിരിപോലെരിയും ജീവിതം. മരണമെന്നെത്ര തിരുത്തിയാലും എരിഞ്ഞുകൊണ്ടേയിരിക്കും, ഓരോ താളുകളും എരിയിച്ചു കളയട്ടെ. ജീവിതം കൊണ്ട് നിന്റെ ഓര്‍മ്മകള്‍ക്ക് തിരി കൊളുത്തട്ടെ, ആളിക്കത്തുമ്പോള്‍ എന്റെ ചേതന നിശ്ചലമായെങ്കില്‍!!

Thursday, September 8, 2016

അപ്പോള്‍, അപ്പോള്‍മാത്രമാണ് നീയറിയുക.. ചില നിമിഷങ്ങള്‍ കടന്നു പോകാന്‍ ഒരുപാട് കാലമെടുക്കുമെന്ന്!! തിരിഞ്ഞു നടക്കാന്‍.. മറഞ്ഞു പോയ വന്ന വഴികള്‍ പോലും തിരഞ്ഞു നീ ഇടറുമെന്ന്... ഒടുവില്‍ ഏവരെയും പോലെ നീയും ഒറ്റയാണെന്ന്... മുന്നോട്ട്... മുന്നോട്ടു മാത്രം നീളുന്ന ഒറ്റയിടവഴികള്‍ മാത്രമാണ് നിനക്കെന്നു... പോകെ പോകേ വഴികളില്‍, യാത്രകളില്‍ സ്വന്തം ഹൃദയമിടിപ്പുകള്‍ മാത്രം മുഴങ്ങുന്നത് നിനക്ക് കേള്‍ക്കാനാവും..


പക്ഷേ...! പക്ഷേ അപ്പോഴും നീയറിയില്ല ഒരായിരം മുഖങ്ങള്‍ക്കിടയില്‍ ഒറ്റയായിപോവുന്നതിന്റെ നോവുകള്‍.. ഒരായിരം ശബ്ദങ്ങള്‍ക്കിടയില്‍ ആരാലും കേള്‍ക്കാതെ പോയ നിന്റെ മൗനവാചാലതയുടെ തേങ്ങലുകള്‍...


പ്രിയമുള്ളവളേ, നിന്റെ ഹൃദയത്തുടിപ്പുകളില്‍ നിന്റെ സംഗീതം കേള്‍കാന്‍ നിനക്കാവണം.. വരാനിരിക്കുന്ന നല്ല നാളെകളെ, പ്രതീക്ഷകളെ, അതെന്ത് തന്നെയായാലും ശുഭപര്യവസായിയായ ഒരു നാടകാന്ത്യം പോലെ ചുണ്ടിലൊരു നേര്‍ത്ത പുഞ്ചിരിയും നിറഞ്ഞ മനസ്സുമായി സ്വീകരിക്കാന്‍ നിനക്കാവുമെന്നു നീയറിയണം.. എത്രമേല്‍ തകര്‍ന്നു പോയേക്കാവുന്ന നിമിഷങ്ങളിലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ നീ പ്രാപ്തയെന്നു, ഇതിനേക്കാള്‍ കഠിനമായ വഴികളിലൂടെ നീ നടന്നിരുന്നെന്നു മറക്കാതെ..


പെണ്ണേ, വേദനകളെ വേദനകള്‍ കൊണ്ട് മാത്രമുണക്കി ശീലിച്ചവനോട് നീയിനിയും ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക.. ഉത്തരങ്ങളെങ്കിലും പ്രതീക്ഷിക്കാതിരിക്കുക..! ഒന്നുമാത്രമറിയുക.., തകര്‍ന്നു പോവുക എന്നൊന്നില്ല.. ജീവന്റെ അവസാന കണികയും, അവസാനകോശവും നിര്‍ജ്ജീവമാവുന്നത് വരെ നമ്മള്‍ ജയിച്ചു കൊണ്ടേയിരിക്കുകയാണ്..! ഓരോ നിമിഷവും അതിജീവനങ്ങളുടെ പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്.. ജീവിതം...., ജീവിതം അതെത്രമേല്‍ സങ്കീര്‍ണ്ണവും സരളവുമാണെന്നോ... ഒരു കടല്‍ പോലെ അതെത്രമാത്രം നിഗൂഢതകള്‍ നിറഞ്ഞതാണെന്നോ.. പെണ്ണെ, ഒരായിരമായിരം നോവുകള്‍ക്കിടയിലാണ് നാം തിരയുന്ന നമ്മുടെ സന്തോഷം ഒളിഞ്ഞിരിക്കുന്നുണ്ടാവുക.. നിരാശപ്പെടാതെ...!!

Tuesday, August 2, 2016

മറന്നു  മറന്നേ പോയ വഴികളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിനാണ്?!! ഓരോ യാത്രയും ഒരുപാട് മുഖങ്ങളെ മുന്നിലെത്തിക്കും... യാത്ര പിന്നെയും തുടരുമ്പോള്‍ വഴികള്‍ പലതും പിന്നില്‍ മറയും.. യാത്രികരും, സഹയാത്രികരും... നമ്മള്‍ സഞ്ചാരികളല്ലേ.. നമുക്കെവിടെയാണ് വീട്.., എത്തുന്നിടങ്ങളല്ലാതെ... അങ്ങനെയൊരിടത്തു ഏതെങ്കിലും ഒരു കാലത്ത് എല്ലാ യാത്രക്കാരെയും പിന്നിലാക്കി നമ്മുടേത് മാത്രമായ വഴികളിലാവും നമ്മുടെ യാത്രയത്രയും, ഒരാള്‍ക്ക് പോലും കടന്നു വരാനാവാതെ... ഒരാളെ പോലും തേടിചെല്ലാനാവാത്ത പാതകള്‍... 


ഒരു പുഴ കടലിലെത്തുന്നത് പോലെയാവണം ഓരോ യാത്രയും... അത്രയും നിസ്സംഗമായ്.. ലക്ഷ്യമോര്‍ത്ത് ഒരു വേവലാതിയുമില്ലാതെ.. ഇതല്ലാതെ മറ്റൊന്നും തന്റേതല്ല എന്നുറപ്പില്‍ ഓരോ പുഴയും എത്ര ശാന്തമായാണ് ഒഴുകുന്നത്.....

Sunday, July 3, 2016

ഒരുപക്ഷേ പരസ്പരമറിഞ്ഞു തുടങ്ങിയാല്‍ പിന്നെ അകലാനുള്ള കാരണങ്ങള്‍ തിരയുന്നൊരാളായതിനാലാവാം നമ്മളൊരിക്കലും അടുക്കാതിരുന്നത്... അതിലെനിക്കത്രമേല്‍ സന്തോഷമുണ്ട്... നിന്നോട് നന്ദിയും....
ഏതകലങ്ങളില്‍  നിന്നാണോ നമ്മള്‍ വന്നത്.. ഏതകലങ്ങളിലേക്കാണോ നമ്മള്‍ പോകേണ്ടത്...
അറിയാത്ത വഴികളില്‍ സഹായാത്രികരായതും.. വഴിമാറി സഞ്ചരിച്ചതും.. മറ്റൊരു വഴിയില്‍ വീണ്ടും കണ്ടതും.. കണ്ടും കാണാതെയും, അറിഞ്ഞും അറിയാതെയും ഈ യാത്രയിങ്ങനേ.. പലവുരു പോവുമ്പോഴും, ഏതെങ്കിലും ഒരുകാലത്തില്‍ വച്ചൊരാള്‍ എന്നേക്കുമായി യാത്ര പറയുമ്പോഴും, ഓര്‍മ്മക്കാടുകളില്‍ പുതിയൊരു തളിര്‍ നാമ്പിടുന്നതും, മനസ്സ് പെയ്യുന്നതും, ഹൃദയം ആര്‍ദ്രമാകുന്നതും ഞാന്‍ അല്ലെങ്കില്‍ നീയറിയുന്നുണ്ട്... ആരും കൂടെയില്ലാത്ത വഴികളില്‍, ചില യാത്രകളില്‍ അനുവാദമില്ലാതെ നീ കടന്നു വരുന്നത് കൊണ്ടാവണം ഈ വഴികളുപേക്ഷിക്കാന്‍ എനിക്ക് മനസ്സ് വരാത്തത്...

Sunday, December 13, 2015

വേര്‍പാടുകള്‍.... 
ഇനിയൊരിക്കല്‍  കൂടി  കാണാതാവുന്ന  മുഖങ്ങള്‍..
ഓര്‍മ്മകളില്‍  സ്നേഹവും  വാത്സല്യവും കരുതലും..
നിശ്ശബ്ദമായ്‌ പോയയിടങ്ങള്‍.. ഒറ്റമുറികള്‍.. ഒരു കട്ടില്‍..
മരണത്തിനപ്പുറം മറ്റൊരു ലോകത്തിരുന്നു അവര്‍ നമ്മെ കാണുന്നുണ്ടാകുമോ..
അവരെയോര്‍ത്തുള്ള നമ്മുടെ ഓര്‍മ്മകളില്‍, നോവുകളില്‍ നാമറിയാതെ അവര്‍ കൂടെ  പങ്ക് ചേരുന്നുണ്ടാവുമോ...!
വെറുതെയെങ്കിലും ഇനിയൊരിക്കല്‍ കൂടി കാണാനാവുമോയെന്നു മനസ്സ്..
ഇല്ലെന്നു മറുപടി!

Tuesday, December 1, 2015

നിന്റെ അസാനിധ്യം എന്നെ നോവിക്കുന്നുണ്ട്! എങ്കിലും ശീലമായിരിക്കുന്നു. എന്ത്കൊണ്ടെന്ന ചോദ്യങ്ങള്‍.. ഇഷ്ടങ്ങളും സ്നേഹവും തനതായിരിക്കണം, ഒരു നദി പര്‍വ്വതങ്ങളില്‍ തുടങ്ങി കടലില്‍ എത്തുന്നത് വരെ സ്വന്തം വഴികള്‍ സ്വയം തിരഞ്ഞു കണ്ടുപിടിക്കും എന്ന് പറയുന്നവര്‍ക്കിടയില്‍ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ഞാനെന്നെ തന്നെ സ്നേഹിക്കാന്‍ തുടങ്ങുകയാണ്.....! അത്രമേല്‍ നീയെന്നില്‍ നിറഞ്ഞതു കൊണ്ടായിരിക്കണമത്... അങ്ങനെയങ്ങനെ എന്നിലെ നിന്നെ.. നിന്നിലൂടെ എന്നെത്തന്നെ സ്നേഹിച്ചു ഒരു കാലത്ത് ഞാന്‍ നിന്നെ, എന്തിന് എന്നെ പോലും, മറന്നു പോയെന്നു വരാം.... ആ കാലത്ത്, ഒരു പക്ഷേ അതിനുമാത്രം കാലം ഇനിയുമെന്നില്‍ അവശേഷിച്ചിരിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, നീയെത്തിയാല്‍ ആരായിരുന്നു എന്ന ചോദ്യം നിന്നെ നോവിക്കാതിരിക്കാനായി; നോവിക്കാതിരിക്കനായി മാത്രം ഇന്നെനിക്ക് എഴുതേണ്ടി വരുന്നു....!

Sunday, November 22, 2015

എത്രമാത്രം സ്നേഹങ്ങള്‍ക്കിടയിലാണ് നാമെന്നു.. 
എന്നിട്ടുമെന്തേ നാമതറിയാതെ പോകുന്നതെന്ന് ആശ്ച്ചര്യപ്പെടുകയായിരുന്നു! 
അങ്ങനെയുള്ള ഇഷ്ടങ്ങള്‍, സ്നേഹങ്ങള്‍, പ്രണയങ്ങള്‍..., 
ഋതുക്കളില്‍ ചിലത് കാലം തെറ്റി വരുന്നതും 
ചില ഋതുക്കള്‍ തന്നെ നാമറിയാതെ പോകുന്നതും അത് കൊണ്ടായിരിക്കണം. 
ഇന്നലെ വസന്തമായിരുന്നു, ഇന്ന് ശിശിരവും, 
ഇലകളൊക്കെ പൊഴിച്ച മരങ്ങള്‍, 
സ്നേഹത്തില്‍ നിന്ന് വിടുതല്‍ നേടിയ മനസ്സുകള്‍, 
അതിജീവനത്തിനായി അല്ലെങ്കില്‍ അതിജീവിപ്പിക്കാനായി മാത്രം. 
അതിജീവനം.., അതേതു വിധേനയും സാധ്യമാകുന്നില്ലെങ്കില്‍ 
ജീവിതത്തിനെന്താണ് പ്രസക്തി എന്നല്ല, 
ഏതു പ്രതികൂല സാഹചര്യത്തിലും 
അതിനായുള്ള സാധ്യതകള്‍ തിരയുകയായിരിക്കണം 
ഓരോ ജീവിയും 
സ്നേഹത്തിലൂടെ, സഹനത്തിലൂടെ. 
വാക്കുകള്‍ മുള്ളുകളാകുമ്പോള്‍ വാക്കിനെയും 
മൗനം നോവിക്കുമ്പോള്‍ അതിനെയും മറന്നുകളയാന്‍ പഠിക്കണം. 
ഉണങ്ങിയ ചില്ലകള്‍ കൊണ്ട് ചില മരങ്ങളിന്നും വേനലിനെ പ്രതിരോധിക്കുന്നു. 
എങ്ങനെയാണ് സ്നേഹിക്കേണ്ടതെന്നു, 
എങ്ങനെയൊക്കെയാണ് സ്നേഹിക്കപ്പെടേണ്ടതെന്നു 
ഒരാളും മറ്റൊരാളെ പഠിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ്‌. 
സ്നേഹത്തിന്റെ വൈവിധ്യതകളിലും 
നാമതറിയാതെ പോകുന്നല്ലോയെന്നോര്‍ത്തേ വ്യഥയുള്ളൂ.. 
നിറം മാറുന്നു, നിറം മാത്രം മാറുന്നു, ആകാശത്തിന്റെ; 
നീലിമയില്‍ നിന്നും കാളിമയിലേക്ക്, 
മണ്ണിനോടുള്ള സ്നേഹം പങ്കിടാന്‍. 
എന്നിട്ടും ഒന്ന് പെയ്തെങ്കിലെന്നു ഭൂമിയും, 
പെയ്യാന്‍ വയ്യെന്ന് വാനവും പരസ്പരം. 
എല്ലാം മറന്നു ഭൂമിയതിന്റെ വിണ്ട പാടിനെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ 
ആര്‍ത്തലച്ചു പെയ്യുന്ന വാനവും. 
സ്നേഹം അവശ്യമായ സമയത്ത് 
ആവശ്യമായ അനുപാതത്തില്‍ പെയ്യേണ്ടതെന്നു വാനമിന്നു മറന്നു പോകുന്നു. 
ഇന്നലെകളിലെ സ്നേഹത്തെയോര്‍ത്ത് ഭൂമി നെടുവീര്‍പ്പിടുന്നു. 
സ്നേഹം ഒരൊഴുക്കാണ്, 
നീയാഗ്രഹിക്കുമ്പോള്‍ എന്നല്ല, 
നീ മറന്നെന്നു തോന്നുമ്പോഴെന്നു വാനവും. 
സ്നേഹമങ്ങനെയാണ്, 
അല്ലെങ്കില്‍ അങ്ങനെത്തന്നെ മാത്രമാണ്, 
കാത്ത് കാത്തിരിക്കേ അത് നമ്മളിലേക്കെത്തി എന്ന് വരില്ല; 
ഒരു തിരിച്ചുപോക്കില്‍ 
അല്ലെങ്കിലൊരു മറവിയില്‍ അത് നമ്മെ തേടിയെത്തുന്നു. 
ചിലപ്പോള്‍ നാമതറിയാതെ പോകുന്നു. 
എത്രമാത്രം സ്നേഹങ്ങള്‍ക്കിടയിലാണ് നാമെന്നു, 
എന്നിട്ടുമതെന്തേ നാമറിയാതെ പോകുന്നതെന്നു...!!!