Wednesday, December 14, 2016

മഴത്തുള്ളികള്‍ പെയ്തൊഴിയുന്ന വാക്കുകളുമായി നീയും

നിന്നില്‍ പെയ്യാന്‍ മറന്ന ഞാനും.

കാലത്തിന്റെ പേമാരിയില്‍ കടപുഴകി വീണ മരങ്ങള്‍, 

ഞാനും നീയും.

നമുക്കിടയില്‍ ദൂരം കുറയുന്നു. 

മഴത്തുള്ളികളുടെ ശബ്ദം എനിക്കിപ്പോള്‍ നന്നായി കേള്‍ക്കാം.

മേഘങ്ങളെ വിരലുകള്‍ കൊണ്ട് തൊടാം; 

നക്ഷത്രങ്ങളെയും, പിന്നെ നിന്നെയും!

സ്നേഹത്തിന്റെ, കരുതലിന്റെ മുഖങ്ങള്‍ വേദനായാവുന്നുണ്ട്, 

എങ്കിലും പെയ്തു തോരാത്ത മഴയുണ്ടോ!

വായിച്ചു തീരാത്ത പുസ്തകങ്ങളുണ്ടോ!

ഓര്‍ക്കുകയാണ്, 

ആദ്യമായി നമ്മള്‍ നനഞ്ഞ മഴയും, ഒന്നിച്ചു ചൂടിയ വാഴയിലക്കുടയും.

ഓര്‍മ്മകള്‍ക്ക് എന്നും പുതുമണ്ണിന്റെ ഗന്ധമാണ്, 

മഴ നനഞ്ഞ മണ്ണിന്റെ!

വാക്കുകള്‍ തീരുകയാണ്, 

അല്ലെങ്കിലും തീരാത്തവയായി എന്താണ് ഉള്ളത്?!

അല്ലെങ്കിലും സ്ഥായിയായി എന്താണ് എന്നും ഇവിടങ്ങളില്‍ കാണാനുള്ളത്!

എല്ലാം മാറ്റത്തിന് വിധേയമാണ്.

ഒരിക്കല്‍ ഒരു സഞ്ചാരി നിന്നോട് പറഞ്ഞത് 

നീയെന്നോട്‌ പറഞ്ഞത് ഇങ്ങനെയായിരുന്നു - 

"ജീവിതം ഒരു യാത്രയാണ്. ഒരിക്കലും തുടങ്ങാത്തതും അവസാനിക്കാത്തതും."

ഞാന്‍ വസന്തം തേടുന്നു. 

നിന്റെ തത്ത്വങ്ങള്‍ നീയിനി കാലത്തിന്റെ കാതിലോതുക. 

കാലമതെന്നില്‍ എത്തിക്കും വരേയ്ക്കും 

എനിക്കും നിനക്കുമിടയില്‍ മൗനം പറയും.

എനിക്ക് നിന്നോട് പറയാന്‍ വാക്കുകളുടെ ആവശ്യവുമില്ലെന്നറിയുക.

എല്ലാം പറഞ്ഞു കഴിഞ്ഞവരാണ് നാം.

പറയാമൊഴികള്‍ ഹൃദയത്തില്‍ ഒരു മേഘമായി, പിന്നെ മഴയായി.

ജീവിതം ഒരു യാത്രയാണ്.. 

പ്രശാന്തസുന്ദരമായ വഴികളിലൂടെ.

യാത്രയിലെ കാഴ്ചകള്‍ മനോഹരമാകും.

ചില കാഴ്ചകള്‍ കണ്ണില്‍ നിന്ന് മറയും.

മറയുന്ന കാഴ്ചകള്‍ മറവിയില്‍ സൂക്ഷിക്കുക. 

ചിലപ്പോഴെങ്കിലും ഓര്‍ത്തെടുക്കാന്‍!

4 comments:

  1. ജീവിതം ഒരുയാത്രയാണ്...
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. എത്രയെത്ര യാത്രകളാണ് നമുക്ക് മുന്നിലൂടെ... നിരന്തരം.....
      നന്ദി തങ്കപ്പന്‍ചേട്ടാ...

      Delete
  2. ജീവിതം ഒരു യാത്രയാണ്..
    പ്രശാന്തസുന്ദരമായ വഴികളിലൂടെ.
    യാത്രയിലെ കാഴ്ചകള്‍ മനോഹരമാകും.
    ചില കാഴ്ചകള്‍ കണ്ണില്‍ നിന്ന് മറയും.
    മറയുന്ന കാഴ്ചകള്‍ മറവിയില്‍ സൂക്ഷിക്കുക.
    ചിലപ്പോഴെങ്കിലും ഓര്‍ത്തെടുക്കാന്‍..

    നല്ല ഒഴുക്കുള്ള വരികൾ .. വർത്തമാനകാലമല്ല ഓർമ്മകളാണ് സുന്ദരം സുഹൃത്തേ...ആശംസകൾ

    ReplyDelete
    Replies
    1. ഓര്‍മ്മകള്‍.... ഉവ്വ് ഓര്‍മ്മകളാണ് സുന്ദരം പുനലൂരാന്‍.. സ്വാഗതം....
      നന്ദി..

      Delete